പുഴ.കോം > കുട്ടികളുടെ പുഴ > ഉണ്ണിക്കഥ > കൃതി

ആന മദിച്ചേ.... ആന മദിച്ചേ....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രാജൻ മൂത്തകുന്നം

കഥ

കറുകശ്ശേരി മനയ്‌ക്കലെ കണ്ണപ്പൻ തലയെടുപ്പുളള ആനയായിരുന്നു. കാണാൻ നല്ല ചന്തം. നെറ്റിപ്പട്ടവും കോലവും കുടയുമെല്ലാം ഏറ്റിയാൽ അവൻ അതിസുന്ദരൻ തന്നെ. അതുകൊണ്ട്‌ നാട്ടിലും അകലേയുമുളള ഉത്സവങ്ങൾക്ക്‌ കണ്ണപ്പൻ ആനയെ വേണമെന്ന്‌ ഉത്സവഭാരവാഹികൾക്ക്‌ നിർബന്ധമാണ്‌. കണ്ണപ്പനാനയുണ്ടെങ്കിൽ പൂരത്തിന്‌ ആളും കൂടും; കെങ്കേമവുമാകും.

അമ്പലമുറ്റത്തെ ആനപ്പന്തലിൽ തിടമ്പേറ്റി നില്‌ക്കുന്ന കൊമ്പൻ പഞ്ചവാദ്യ വേളയിലും പാണ്ടിമേളം മുറുകുമ്പോഴും മസ്തകം കൊണ്ട്‌, സൂക്ഷിച്ചാൽ കാണാവുന്നവിധം താളംപിടിച്ചു കൊണ്ടിരിക്കും. നാട്ടിലുളള ആനകളെല്ലാം ഉത്സവത്തിനുകൂടിയാലും തിടമ്പ്‌ കണ്ണപ്പനു തന്നെയായിരിക്കും. അതുകൊണ്ട്‌ അവന്റെ പ്രശസ്തി ഉത്സവമുളളിടത്തൊക്കെ പ്രചരിച്ചിരുന്നു.

പേരെടുത്ത ഗജരാജാവായതുകൊണ്ട്‌ അവന്‌ വിശ്രമമുണ്ടായിരുന്നില്ല. ഉത്സവക്കാലങ്ങളിൽ ഒരു ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞാൽ അടുത്ത ദേവാലയത്തിലേയ്‌ക്ക്‌ പാപ്പാന്മാരുടെ അകമ്പടിയോടെ നടക്കുകയായി. ഉത്സവം കഴിഞ്ഞ്‌ തളക്കുമ്പോഴും കണ്ണപ്പനെ കാണാൻ കുട്ടികളും മുതിർന്നവരും ചുറ്റുമുണ്ടാകും.

കണ്ണപ്പൻ ശാന്തശീലനാണ്‌. അവൻ ആരെയും ഉപദ്രവിച്ചിട്ടില്ല. കറുകശ്ശേരി മനയ്‌ക്കലെ കാരണവർ ശംഭുനമ്പൂതിരിക്ക്‌ അവൻ മകനെപ്പോലെയാണ്‌. കണ്ണപ്പൻ മനയ്‌ക്കലുളളപ്പോൾ അവന്റെ ഭക്ഷണം കഴിയാതെ ശംഭുനമ്പൂതിരി ഭക്ഷണം കഴിക്കാറില്ല.

ഉത്സവത്തിന്‌ തന്റെ വശങ്ങളിലായി അണിയിച്ചൊരുക്കി നിറുത്തിയിരിക്കുന്ന ആനകളോട്‌ കണ്ണപ്പന്‌ ദേഷ്യമോ പുച്ഛമോ ഉണ്ടാകാറില്ല. അവൻ അവരെ നോക്കുന്നത്‌ സ്നേഹഭാവത്തോടെയായിരുന്നു. വനത്തിൽ സ്വച്ഛന്ദം വിഹരിച്ചിരുന്ന ആനകളെയാണ്‌ മനുഷ്യർ അടിമകളാക്കി ഉത്സവത്തിനായി നിരത്തിനിറുത്തിയിരിക്കുന്നത്‌. അവരുടെ ഐശ്വര്യത്തിനും ആഹ്ലാദത്തിനുമായി കരയിലെ വലിയ ജീവിയായ ആനകളെ കൂച്ചുവിലങ്ങിട്ടിരിക്കയാണ്‌. ഇനി കാടുകാണാൻ കഴിയുമെന്നു തോന്നുന്നില്ല. ചുറ്റും മനുഷ്യരാണ്‌. അവരിൽ നിന്ന്‌ രക്ഷപ്പെടാൻ നിവർത്തിയില്ല.

പെരുവാരം ക്ഷേത്രത്തിലെ ഉത്സവം. അടുത്തുനിന്ന ഗംഗാധരനാനയോട്‌ കണ്ണപ്പൻ ചോദിച്ചു.

“തന്റെ വനമേതാ?”

“നൂൽപ്പുഴ”

“താനെങ്ങനെ നാട്ടിലെത്തിയെടോ?”

എന്തോ ഓർത്ത്‌ ഒരു നിമിഷം നിന്നിട്ട്‌ ഗംഗാധരനാന പറഞ്ഞു.

“വയനാടൻ കാടുകളിൽ ഞാൻ കുടുംബസമേതം തീറ്റ തേടി ഇറങ്ങിയതായിരുന്നു. ഞാൻ കുഴിയിൽ വീണുപോയി.” ഗംഗാധരന്റെ കണ്ണുകൾ നിറഞ്ഞു.

“ഛേ! കരയല്ലേ ഗംഗാധരാ- പറയ്‌.”

“പിടിയും കൊമ്പനും കുഴിയുടെ അരികെ നിന്നു കണ്ണീരൊഴുക്കി.” ഗംഗാധരന്റെ ശബ്‌ദം ഇടറി.

“നീങ്ങി നില്‌ക്കൂ മോനേ. കുഴിയുടെ വക്കിടിഞ്ഞാൽ കുഴിയിൽ വീഴും. പിന്നെ അച്ഛന്റെ ഗതിയാകും നിനക്കും.” ഞാൻ പിടിയോടും മകനോടും പറഞ്ഞു.

പിടി പറഞ്ഞു. “ഞങ്ങളേയും കൊണ്ടു പോകട്ടെ ആ ദുഷ്‌ടന്മാർ. കൊമ്പനില്ലാത്ത ജീവിതം എനിക്കുവേണ്ട.”

തുടർന്നു പറയാനാവാതെ ഗംഗാധരൻ അല്പനേരം നിശ്ചലനായി നിന്നു.

“ഞാൻ പിടിയോട്‌ പറഞ്ഞു. കുട്ടിക്കൊമ്പനെ വളർത്തണം. അവന്‌ നല്ലൊരു ജീവിതം കൊടുക്കാൻ നിനക്കേ കഴിയൂ. പോകൂ. വനപാലകർ വരുംമുമ്പേ സ്ഥലം വിടൂ. എന്റെ നിർബന്ധം കൂടിയപ്പോൾ കരഞ്ഞുകൊണ്ട്‌ പിടിയും കുട്ടിക്കൊമ്പനും കുഴിക്കരികെനിന്നു പോയി. എന്നെ ചട്ടം പഠിപ്പിച്ചത്‌ മുത്തങ്ങയിലാണ്‌.”

ഉത്സവപ്പറമ്പാണെന്ന ചിന്തയില്ലാതെ ഗംഗാധരൻ കരഞ്ഞു. കണ്ണപ്പൻ ഉപദേശിച്ചു.

“ഗംഗാധരാ, ശാന്തമാവൂ. രക്ഷപ്പെടാൻ എന്തെങ്കിലും മാർഗ്ഗം കണ്ടുപിടിക്കാം.”

പകൽപ്പൂരം കഴിഞ്ഞ്‌ വൈകീട്ട്‌ വെളിമ്പറമ്പിൽ ആനകളെ തളച്ചു. ഗംഗാധരന്റെയും കണ്ണപ്പന്റെയും പാപ്പാന്മാർ കൂട്ടുകാരായതുകൊണ്ട്‌ ആ രണ്ട്‌ ആനകളെയും അടുത്തടുത്താണ്‌ തളച്ചത്‌. ആനകളെ തളച്ച പറമ്പ്‌ വൈദ്യുതി വിളക്കുകളുടെ പ്രഭയിൽ പകൽപോലെ തോന്നിയിരുന്നു. ആനക്കൂട്ടത്തെ കാണാൻ വന്ന ആനക്കമ്പക്കാർ ചുറ്റും നിന്ന്‌ അവയെപ്പറ്റി വർണ്ണിച്ചുകൊണ്ടിരുന്നു. രാവേറെയായപ്പോൾ കാണികൾ ഓരോരുത്തരായി പിരിഞ്ഞുപോയി. പാപ്പാന്മാരും അർദ്ധനിദ്രയിലാണ്ടു.

കണ്ണപ്പന്‌ ഉറക്കം വന്നില്ല. അവൻ ആലോചിച്ചു, ഈ ലോകം എല്ലാവർക്കും വേണ്ടിയുളളതാണ്‌. എന്നിട്ടും മനുഷ്യർ ഭൂമിയിലുളള എല്ലാ ജീവികളേയും അടിമകളാക്കി വയ്‌ക്കുന്നു; കരയിലെ വലിയ ജീവികളായ ആനകളെപ്പോഴും. അവയെല്ലാം മനുഷ്യർ പറയുന്നത്‌ പേടിയോടെ അനുസരിക്കുന്നു. വലിപ്പമല്ല, ബുദ്ധിയാണ്‌ വേണ്ടത്‌. എല്ലാം നയിക്കുന്നത്‌ ബുദ്ധിയും വിവേകവുമാണ്‌ എന്ന്‌ അമ്മ പറഞ്ഞു തന്നിട്ടുണ്ട്‌. അമ്മയും അച്ഛനും ഇപ്പോൾ എവിടെയായിരിക്കും? ഒരു ദുഃഖശബ്‌ദം അവനിൽ നിന്നുണ്ടായി.

“ചേട്ടനുറങ്ങിയില്ലേ?” ഗംഗാധരൻ ചോദിച്ചു.

എല്ലാവരും നല്ല ഉറക്കത്തിലാണെന്നാണ്‌ കണ്ണപ്പൻ കരുതിയത്‌. തന്നെപ്പോലെ സങ്കടത്തോടെ മുൻകാല ജീവിതത്തിലെ നല്ല ഏടുകൾ അയവിറക്കുന്നവരായിരിക്കും ഈ ആനക്കൂട്ടത്തിലെ അധികം പേരും.

കണ്ണപ്പൻ ഒന്നും മിണ്ടാതിരുന്നപ്പോൾ ഗംഗാധരൻ വീണ്ടും ചോദിച്ചു. “ചേട്ടനും ദുഃഖമുണ്ടെന്നറിയാം. നമ്മുടെ കാലുകളിലെ ചങ്ങല എന്നു പൊട്ടിപ്പോകും ചേട്ടാ..”

“നമുക്ക്‌ ശക്‌തിയും ധൈര്യവുമുണ്ടാകുമ്പോൾ...”

നിമിഷങ്ങൾക്കുശേഷം കണ്ണപ്പൻ വിളിച്ചു.

“ഗംഗാധരാ, നമ്മുടെ കൂട്ടുകാരോടെല്ലാം പറഞ്ഞേക്ക്‌, ഉത്സവപറമ്പിൽ നാം ഇനിയും കണ്ടുമുട്ടുമെന്ന്‌. അന്ന്‌ ഞാൻ പറയുന്നത്‌ മറുത്ത്‌ ചിന്തിക്കാതെ പ്രവൃത്തിക്കണമെന്ന്‌. അപ്പോൾ നാം രക്ഷപ്പെടും. സ്വതന്ത്രരാവും.”

ഗംഗാധരനാന സമ്മതിച്ചു. അവൻ സന്ദർഭം കിട്ടിയപ്പോഴൊക്കെ മറ്റ്‌ ആനകളുടെ ചെവിയിൽ പറഞ്ഞു. സംശയം ചോദിച്ചവരെ ഉപദേശിക്കുകയും ചെയ്‌തു.

“പറയുന്നതുപോലെ ചെയ്‌താൽ ഈ ജന്മം പാഴാവുകയില്ല. ഒരു നേതാവിന്റെ നിയന്ത്രണത്തിൽ നീങ്ങിയാൽ വിജയിക്കും. പല നേതാക്കൾ പല അഭിപ്രായങ്ങൾ പ്രവൃത്തിയിലാക്കാൻ നോക്കിയാൽ വിജയം ചിതറിപ്പോകും; നാം എന്നും അടിമകൾ തന്നെയാവും.”

ആനകൾ സമ്മതിച്ചു. കണ്ണപ്പൻ ആനക്കൂട്ടത്തെ ഓർമ്മിപ്പിച്ചു. “രക്ഷപ്പെടാൻ വേണ്ടി ചെയ്യണം. നമ്മെ കെണിയിൽപ്പെടുത്തി തടവിലാക്കിയവരോട്‌ ദയവേണ്ട.”

എല്ലാ ആനകളും ഉത്സവം കഴിഞ്ഞ്‌ പിരിഞ്ഞത്‌ വളരെ സന്തോഷത്തോടെയാണ്‌; വരാൻ പോകുന്ന നല്ല കാലത്തെപ്പറ്റി സ്വപ്നം കണ്ടുകൊണ്ട്‌.

കിളിയരുവിക്കരയിൽ ശിരസ്സുയർത്തി നില്‌ക്കുന്ന ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവത്തിന്‌ ആനകൾ വന്നുതുടങ്ങി. അവിടേയും തിടമ്പ്‌ കറുകശ്ശേരി മനയ്‌ക്കലെ കണ്ണപ്പൻ ആനയ്‌ക്കുതന്നെയായിരുന്നു. ഗംഗാധരനും കൂട്ടുകാരായ മറ്റു ആനകളും ഉത്സവത്തിനെത്തി. അരുവിക്കരയിലാണ്‌ ആനകളെയെല്ലാം തളച്ചിരുന്നത്‌. കളിയരുവിക്കരയ്‌ക്ക്‌ അക്കരെ നിബിഡമായ കാടും മാനാഞ്ചേരി മലയുമാണ്‌. ആനകൾ കൂട്ടത്തോടെ വെളളം കുടിക്കാൻ വരുന്നത്‌ കിളിയരുവിയിലാണ്‌. ഇക്കരെ നിന്നു നോക്കിയാൽ കൊമ്പനും പിടിയും കുട്ടികളും വെളളം കുടിച്ചു മടങ്ങുന്നതു കാണാം. ആനകളെ കാണാൻ ആളുകൾ അരുവിക്കരയിൽ കാത്തുനില്‌ക്കാറുണ്ട്‌.

ഭദ്രകാളിക്കാവിലെ ഉത്സവത്തിന്‌ ഇരുപത്തഞ്ച്‌ ആനകളാണ്‌ നിരക്കാറ്‌. തെറ്റിപ്പട്ടവും തിടമ്പും കുടയും ആലവട്ടവും വെൺചാമരവുമായി നടുവിൽ കണ്ണപ്പനാന. ഇരുവശവും ചമയങ്ങളോടെ മറ്റു ഗജവീരന്മാർ. ആനകളുടെ മുന്നിൽ പഞ്ചവാദ്യവും തായമ്പകയും പാണ്ടിമേളവും. കൊടികളും കുത്തുവിളക്കുകളും പിടിച്ച്‌ കുട്ടികളും മുന്നിലുണ്ട്‌. അഷ്‌ടഗന്ധം ഇടയ്‌ക്കിടെ പുകയ്‌ക്കുന്നു. മേളം ഉച്ചസ്ഥായിയിലാകുമ്പോൾ കതിനവെടികൾ മുഴങ്ങുന്നു.

മേളം മുറുകി. ഉത്സവം കൊഴുത്തു. അപ്പോഴാണ്‌ കണ്ണപ്പൻ തുമ്പിക്കൈ ഉയർത്തി ചിന്നം വിളിച്ചത്‌. അതോടൊപ്പം മറ്റു ആനകളും ചിന്നം വിളിച്ചു. അമ്പലപ്പറമ്പ്‌ തിങ്ങിനിന്ന ആൾക്കൂട്ടം ചിന്നിച്ചിതറി ഓടി.

“ആന മദിച്ചേ... ആന മദിച്ചേ... ” എന്ന്‌ വിളിച്ചു കൂവിക്കൊണ്ട്‌ പുരുഷന്മാരും, കുട്ടികളെ ഒക്കത്തുവച്ചുകൊണ്ട്‌ സ്‌ത്രീകളും ഓടി. പലരും തട്ടിമറിഞ്ഞു വീണു. അവരെ ചവിട്ടിമെതിച്ചുകൊണ്ട്‌ പിന്നാലെ വന്നവർ കടന്നുപോയി. ആനകളെല്ലാം ഓട്ടമായി. കുടകൾ നിലത്തുവീണു. കോലങ്ങൾ തെറിച്ചുപോയി. ആലവട്ടക്കാരും വെൺചാമരക്കാരും ആനപ്പുറത്തുനിന്നു ചാടി. ചിലരുടെ കാലൊടിഞ്ഞു. പാപ്പാന്മാർ ആനകളെ തളയ്‌ക്കാൻ തീവ്രശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല. അവർക്കും രക്ഷപ്പെടാനായി ഓടേണ്ടിവന്നു.

അല്പനേരം കൊണ്ട്‌ കാവ്‌ ആളൊഴിഞ്ഞ അങ്ങാടിപോലെയായി. പരിക്കേറ്റവർ അവിടവിടെക്കിടന്ന്‌ ഞരങ്ങി. അവരെ പരിചരിക്കാൻ ആരുമുണ്ടായില്ല. അതൊന്നും ശ്രദ്ധിക്കാതെ കണ്ണപ്പനും ചങ്ങാതിമാരും ക്ഷേത്രത്തിൽ വലംവച്ച്‌ നെറ്റിപ്പട്ടം വലിച്ചെടുത്ത്‌ നടയിൽ വെച്ചു. അപ്പോഴേക്കും ഓടിപ്പോയ പാപ്പാന്മാർ ആനകളെ തളക്കാനായി കൂട്ടത്തോടെ കുന്തവും കത്തിയുമായി പാഞ്ഞെത്തി. അടുത്തുവന്ന പാപ്പാന്മാരെ എല്ലാ ആനകളും കൂടി വളഞ്ഞു. പാപ്പാന്മാരുടെ നേരെ ആനകളുടെ തുമ്പിക്കൈ നീണ്ടു. ഗംഗാധരനാന ഒരു പാപ്പാനെ ചുറ്റിയെടുത്തു ഉയർത്തിപ്പിടിച്ചു. പാപ്പാൻ ഉച്ചത്തിൽ നിലവിളിച്ചു. മറ്റു പാപ്പാന്മാർ ആനക്കൂട്ടത്തിന്റെ മധ്യത്തിൽ നിന്ന്‌ പേടിച്ചുവിറച്ചു. മരണം ഉറപ്പായെന്ന്‌ അവർക്കുതോന്നി.

കണ്ണപ്പനാന ചങ്ങലയുടെ അറ്റം തുമ്പിക്കൈയ്‌ കൊണ്ട്‌ എടുത്തു കിലുക്കി. അതുകേട്ട്‌ മറ്റ്‌ ആനകളും ചങ്ങലയുടെ അഗ്രമെടുത്തു പിടിച്ചു. ഗംഗാധരൻ ആനപ്പാപ്പാനെ നിലത്തിട്ടു. ചങ്ങല പാപ്പാന്മാരുടെ നേരെ നീട്ടിയിട്ട്‌ കണ്ണപ്പനാന ചിന്നം വിളിച്ചു. മറ്റ്‌ ആനകളും കൂട്ടത്തോടെ ചിന്നം വിളിച്ചു. അതുകേട്ട്‌ നാട്‌ നടുങ്ങി. പാപ്പാന്മാർ ആലിലപോലെ വിറച്ചു. അവർ എന്തു ചെയ്യണമെന്നറിയാതെ നിന്നപ്പോൾ കണ്ണപ്പൻ ചങ്ങല പാപ്പാന്റെ കൈയിൽ കൊടുത്തിട്ട്‌ തുമ്പിക്കൈ ഉയർത്തി ചങ്ങലക്കൊളുത്തിൽ തൊട്ടു. പാപ്പാൻ ഭയത്തോടെ ചങ്ങല അഴിച്ചുമാറ്റി. മറ്റു പാപ്പാന്മാരും ആനകളുടെ ചങ്ങല അഴിച്ചു.

പാപ്പാന്മാർ മരവിച്ചു നിൽക്കേ, ആനക്കൂട്ടം ഓടി അരുവിയിലേക്കിറങ്ങി. ആഴം കുറഞ്ഞ കിളിയരുവി നീന്തിക്കയറി വനത്തിലൂടെ അവ മാനാഞ്ചേരി മലയിലേക്ക്‌ കയറി.

രാജൻ മൂത്തകുന്നം

രാജൻ മൂത്തകുന്നം,

വാഴേപറമ്പിൽ, കച്ചേരിപ്പടി,

നോർത്ത്‌ പറവൂർ - 683 513

മൂത്തകുന്നത്ത്‌ വാഴേപറമ്പിൽ സുബ്രമണ്യന്റേയും പണിക്കശ്ശേരി ഭവാനിയുടെയും മൂത്തമകൻ. വിദ്യാഭ്യാസം മൂത്തകുന്നത്തും ചാലക്കുടിയിലും. റവന്യൂ ഡിപ്പാർട്ടുമെന്റിൽ നിന്ന്‌ തഹസിൽദാരായി റിട്ടയർ ചെയ്‌തു. ഓളങ്ങളിൽ പ്രശാന്തം (നോവൽ), ഉയരങ്ങളിൽ ആഴം (കഥകൾ), കാട്ടിലെ കഥകൾ (ബാലകഥകൾ) പ്രകാശം പരത്തുന്ന പൂക്കൾ (ബാലസാഹിത്യം) തുമ്പപ്പൂക്കൾ (ബാലനാടകങ്ങൾ) പാടുന്ന മയിൽ (ബാലകഥകൾ) ആമയുടെ അഹങ്കാരം (ബാലകഥകൾ) കുട്ടിപ്പട്ടാളം (ബാലകവിതകൾ) ഭൂമികുലുക്കവും കാട്ടുതീയും (വിവർത്തനം) തുടങ്ങിയവയാണ്‌ കൃതികൾ.

യുവകലാസാഹിതി പറവൂർ താലൂക്ക്‌ കമ്മിറ്റി, ബാലസാഹിത്യസമിതി, കേരള സ്‌റ്റേറ്റ്‌ സർവ്വീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ചക്രവാളം ദ്വൈവാരികയുടെ പത്രാധിപരും വാർത്തകൾ ചുരുക്കത്തിൽ മാസികയുടെ സഹപത്രാധിപരുമാണ്‌. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ആകാശവാണി നിലയങ്ങളിൽ നിന്നും കഥ, നാടകം, പ്രഭാഷണം തുടങ്ങിയവ പ്രക്ഷേപണം ചെയ്യാറുണ്ട്‌.

ഭാര്യഃ ലീല. റിട്ട. വില്ലേജ്‌ ആഫീസർ. ഇപ്പോൾ പറവൂർ തൊഴിലാളി സഹകരണസംഘം പ്രസിഡന്റ്‌.

മക്കൾഃ ലേന, അനിഷ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.