പുഴ.കോം > കുട്ടികളുടെ പുഴ > ഉണ്ണിക്കഥ > കൃതി

സാമ്പാർ പ്രളയം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിപ്പി പളളിപ്പുറം

ഉണ്ണിക്കഥ

നന്മ ചെയ്യുന്നവരേയും തിന്മ ചെയ്യുന്നവരേയും നേരിൽ കണ്ടു പിടിക്കാനായി ഒരിക്കൽ സ്വർഗ്ഗത്തിലെ ഒരു ദേവനും ദേവിയും ഭൂലോകത്തിലേക്കു യാത്രയായി.

ദേവൻ അവശനായ ഒരു പിച്ചക്കാരന്റെ വേഷത്തിലും ദേവി പിച്ചക്കാരിയുടെ വേഷത്തിലുമാണു ഭൂമിയിൽ വന്നിറങ്ങിയത്‌. നേരം സന്ധ്യ മയങ്ങിയിരുന്നു.....നല്ല മഴയങ്ങനെ തിമിർത്തു പെയ്യുകയാണ്‌. പിച്ചക്കാരനും പിച്ചക്കാരിയും മഴയത്തു നനഞ്ഞൊലിച്ചു തൊട്ടടുത്തു കണ്ട ഒരു വലിയ ജന്മിത്തമ്പുരാന്റെ പടിക്കൽ ചെന്നു മുട്ടി. പിച്ചക്കാരൻ ഉറക്കെ വിളിച്ചുപറഞ്ഞുഃ

“പണമുളള ഗുണമുളള വീട്ടുകാരേ

പിച്ചതന്നീടണേ വീട്ടുകാരേ

വയറു വിശന്നിട്ടു വന്നതാണേ

കനിവോടെ വല്ലതും തന്നിടേണേ!”

ഇതുകേട്ടു പത്തായപ്പുറത്തിരുന്ന ജന്മിത്തമ്പുരാൻ കോപത്തോടെ അറിയിച്ചുഃ

“പടികടന്നിങ്ങോട്ടു കേറിയെന്നാൽ

മുട്ടുകാൽ തല്ലിയൊടിച്ചിടും ഞാൻ

വന്നവഴിക്കു തിരിച്ചു പോവിൻ

വല്ലയിടത്തും കിടന്നു ചാവിൻ.”

ജന്മിത്തമ്പുരാന്റെ കോപം കണ്ടു പിച്ചക്കാരനും പിച്ചക്കാരിയും അവിടെനിന്നും സങ്കടത്തോടെ മടങ്ങി. അവർ കുറച്ചു ദൂരം നടന്നു കൂലിപ്പണിക്കാരൻ കുഞ്ഞിക്കോരന്റെ കുടിലിനു സമീപമെത്തി. കുടിലിന്റെ വാതിൽക്കൽ മുട്ടിയിട്ടു പിച്ചക്കാരൻ ഉറക്കെ വിളിച്ചു പറഞ്ഞുഃ

“കുടിലിനകത്തുളള വീട്ടുകാരെ

പിച്ചതന്നീടണേ കൂട്ടുകാരെ

മഴയിൽ കുതിർന്നു വരുന്നതാണേ

കേറിക്കിടപ്പാനിടം തരണേ”

ഇതുകേട്ട്‌ കുഞ്ഞിക്കോരൻ വേഗം ചെറ്റവാതിൽ തുറന്ന്‌ അവരെ അകത്തേക്കു കയറ്റി. തലതോർത്താൻ തോർത്തുമുണ്ടു കൊടുത്തു. എന്നിട്ടു കുഞ്ഞിക്കോരനും ഭാര്യ കുഞ്ഞിക്കാളിയും കൂടി അവർക്ക്‌ അത്താഴത്തിനു കരുതി വച്ചിരുന്ന ഒരു പാത്രം ചോറും സാമ്പാറുമെടുത്ത്‌ രണ്ടു പാത്രങ്ങളിൽ വിളമ്പിക്കൊടുത്തു.

തീറ്റ കഴിഞ്ഞപ്പോൾ ആകെയുളള ഒരു നല്ല പുല്ലുപായ്‌ അവർക്കു കിടക്കാൻ കൊടുത്തു. കുഞ്ഞിക്കോരനും കുഞ്ഞിക്കാളിക്കും ഒന്നും തിന്നാനുണ്ടായിരുന്നില്ല. എങ്കിലും അവർ സന്തോഷത്തോടെ ഒരു പഴമ്പായിൽ കിടന്നുറങ്ങി. വിരുന്നുകാരെ സൽക്കരിക്കാൻ കഴിഞ്ഞല്ലോ!

പിറ്റേന്നു നേരം പുലർന്നപ്പോൾ പിച്ചക്കാരനും പിച്ചക്കാരിയും ഉണർന്നു യാത്ര പുറപ്പെടാനൊരുങ്ങി. അപ്പോൾ കുഞ്ഞിക്കാളി തലേദിവസത്തെ സാമ്പാർക്കലം തേച്ചുകഴുകുകയായിരുന്നു. ഇതു കണ്ട്‌ പിച്ചക്കാരൻ അവളെ അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞുഃ

“അലിവുളള പുന്നാര വീട്ടുകാരീ

നന്മയെഴുന്നോരു കൂട്ടുകാരീ

ഇക്കാണും സാമ്പാർക്കലത്തിൽനിന്നും

നിങ്ങൾക്കു വേണ്ടതു ലഭ്യമാകും!”

ഇത്രയും പറഞ്ഞിട്ടു പിച്ചക്കാരനും പിച്ചക്കാരിയും വേഗത്തിൽ എവിടേക്കോ പോയ്‌മറഞ്ഞു.

കുഞ്ഞിക്കാളി ഒന്നും മനസ്സിലാകാതെ പിന്നെയും സാമ്പാർക്കലം തേച്ചുകഴുകിക്കൊണ്ടിരുന്നു. പെട്ടെന്നു കലത്തിനകത്തു സാമ്പാർക്കഷണങ്ങളുടെ ആകൃതിയിൽ സ്വർണ്ണം നിറയാൻ തുടങ്ങി. കലം നിറയെ സ്വർണ്ണമായപ്പോൾ കുഞ്ഞിക്കാളി അത്ഭുതത്തോടെ കുടിലിനകത്തേക്കോടി. കുഞ്ഞിക്കോരനും ഈ കാഴ്‌ച കണ്ട്‌ അമ്പരന്നു നിന്നു.

ഈ വാർത്ത പെട്ടെന്ന്‌ നാടൊട്ടുക്കും പരന്നു. മഴയിൽ കുതിർന്ന്‌ തന്റെ വീട്ടിൽ വന്ന പിച്ചക്കാരനും പിച്ചക്കാരിയും ഏതോ ദേവതമാരായിരുന്നുവെന്ന്‌ കുഞ്ഞിക്കോരനു മനസ്സിലായി.

ഒട്ടും താമസിയാതെ വിവരം അത്യാഗ്രഹിയും അറുപിശുക്കനുമായ ജന്മിത്തമ്പുരാന്റെ ചെവിയിലുമെത്തി. അപ്പോഴാണു തനിക്കു പറ്റിയ അമളി അദ്ദേഹത്തിനു ബോധ്യമായത്‌. ദേവിയും ദേവനും ആദ്യം വന്നതു തന്റെ പടിവാതിൽക്കലായിരുന്നിട്ടും ആ ഭാഗ്യം തട്ടിക്കളഞ്ഞതോർത്തു ജന്മിത്തമ്പുരാനും ഭാര്യയും വല്ലാതെ സങ്കടപ്പെട്ടു. എങ്കിലും ഇനിയും അവർ വരുമെന്നും അപ്പോൾ കുഞ്ഞിക്കോരനു കിട്ടിയതിന്റെ ഇരട്ടി സ്വർണ്ണം കൈക്കലാക്കാമെന്നും അദ്ദേഹം മോഹിച്ചു.

കുറച്ചുനാൾ കഴിഞ്ഞപ്പോൾ ദേവനും ദേവിയും വീണ്ടും വേഷം മാറി ഭൂമിയിലേക്കു യാത്ര തിരിച്ചു. അവർ പഴയപടി ആദ്യം ചെന്നതു ജന്മിത്തമ്പുരാന്റെ പടിവാതിൽക്കലാണ്‌. പിച്ചക്കാരന്റെ വേഷത്തിൽ വന്ന ദേവൻ ഉറക്കെ പറഞ്ഞുഃ

“പടി തുറ നട തുറ വീട്ടുകാരേ

നന്മ ചെയ്യാത്തൊരു വീട്ടുകാരേ

അഷ്‌ടിക്കു വല്ലതും തന്നിടേണേ!”

ഇതു കേൾക്കേണ്ട താമസം ജന്മിത്തമ്പുരാനും ഭാര്യ തടിച്ചിപ്പാറുവും കൂടി ഓടിച്ചെന്നു പിച്ചക്കാരിയെയും പിച്ചക്കാരനെയും എതിരേറ്റു മാളിക വീട്ടിനകത്തേക്കു കൂട്ടിക്കൊണ്ടുപോയി. പിച്ചക്കാരനെയും പിച്ചക്കാരിയെയും അവിടത്തെ ഏറ്റവും മോശമായ ഒരു മുറിയിൽ കൊണ്ടുപോയി ഒരു ഒടിഞ്ഞ കട്ടിലിൽ ഇരുത്തി. എന്നിട്ടു രാവിലെ വച്ച കുറെ വളിച്ച ചോറും സാമ്പാറും കൊണ്ടുവന്ന്‌ അവർക്കു വിളമ്പിക്കൊടുത്തു.

ഊണുകഴിഞ്ഞപ്പോൾ വളരെ സ്‌നേഹം നടിച്ചുകൊണ്ട്‌ ഒരു പഴമ്പായ്‌ വിരിച്ച്‌ അവരെ കിടത്തിയുറക്കി.

പിച്ചക്കാരനും പിച്ചക്കാരിയും ഉറക്കമായെന്നു കണ്ടപ്പോൾ ജന്മിത്തമ്പുരാനും തടിച്ചിപ്പാറുവുംകൂടി നല്ല മുറിയിൽ ഊൺമേശയിൽ ചെന്നിരുന്ന്‌ പൊരിച്ചമീനും മുട്ടക്കറിയും കൂട്ടി ചൂടുപറക്കുന്ന ചോറുണ്ടു. പിന്നെ പട്ടുമെത്തയിൽ കയറിക്കിടന്നു സുഖമായുറങ്ങി.

പിറ്റേന്നു നേരം പുലർന്നപ്പോൾ പിച്ചക്കാരനും പിച്ചക്കാരിയും ഉണർന്നു യാത്രപുറപ്പെടാൻ ഒരുങ്ങി. അപ്പോൾ കൈനിറയെ വളയിട്ട തമ്പുരാന്റെ ഭാര്യ തടിച്ചിപ്പാറു സൂത്രത്തിൽ അവരെ കാണിക്കാനായി സാമ്പാർക്കലം തേച്ചു കഴുകുകയായിരുന്നു. ഇതുകണ്ടു പിച്ചക്കാരൻ അവളെ നോക്കി പല്ലുഞ്ഞെരിച്ചുകൊണ്ടു പറഞ്ഞുഃ

“നന്മനടിക്കുന്ന വീട്ടുകാരീ

തിന്മയെ ലാളിക്കും കൂട്ടുകാരീ

ഇക്കാണും സാമ്പാർക്കലത്തിൽനിന്നും

നിങ്ങൾക്കു വേണ്ടതു ലഭ്യമാകും.”

ഇത്രയും പറഞ്ഞിട്ടു പിച്ചക്കാരനും പിച്ചക്കാരിയും വേഗത്തിൽ എവിടേക്കോ പോയ്‌മറഞ്ഞു.

തടിച്ചിപ്പാറു അതിമോഹത്തോടെ പിന്നെയും സാമ്പാർക്കലം തേച്ചുകഴുകിക്കൊണ്ടിരുന്നു. പെട്ടെന്ന്‌ കലത്തിനകത്തു പഴകി നാറുന്ന സാമ്പാർ നിറയാൻ തുടങ്ങി. കലം നിറഞ്ഞെന്നു കണ്ടപ്പോൾ തടിച്ചിപ്പാറു വെപ്രാളത്തോടെ വീട്ടിനകത്തേക്കോടി. ജന്‌മിത്തമ്പുരാനും ഈ കാഴ്‌ച കണ്ട്‌ അന്തംവിട്ടു നിന്നു.

എത്ര ശ്രമിച്ചിട്ടും സാമ്പാർവരവു നിന്നില്ല. പഴകിയ സാമ്പാർ പെരുകി മുറിയാകെ നിറഞ്ഞു. മുറി നിറഞ്ഞിട്ടും സാമ്പാർ ഉയർന്നുകൊണ്ടിരുന്നു. സാമ്പാറിന്റെ ദുർഗന്ധം സഹിക്കാനാവാതെ അയൽക്കാരും നാട്ടുകാരും മൂക്കുംപൊത്തി നെട്ടോട്ടമോടി.

സാമ്പാർ ഉയർന്നുയർന്നു മലവെളളംപോലെ പൊങ്ങി. ജന്മിത്തമ്പുരാനും തടിച്ചിപ്പാറുവും പേടിച്ചു വിറച്ചു വീടിന്റെ മേൽക്കൂരയിൽ കയറിയിരുന്നു. എന്നിട്ടും സാമ്പാർപ്രളയം അവസാനിച്ചില്ല. അവർ നിലയില്ലാത്ത സാമ്പാറിനകത്തു നീന്തിത്തുടിക്കുവാൻ തുടങ്ങി.

സാമ്പാറിൽ മുങ്ങിച്ചാകുമെന്നു കണ്ടപ്പോൾ അവർ കൈകൾ കൂപ്പി ദൈവത്തെ വിളിച്ചു കരഞ്ഞു.

പെട്ടെന്ന്‌ പഴയ ദേവനും ദേവിയും അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ജന്മിത്തമ്പുരാനും തടിച്ചിപ്പാറുവും അവരുടെ കാല്‌ക്കൽ വീണിട്ടു പറഞ്ഞു.

“അടിയങ്ങളോടു പൊറുത്തിടേണം

തെറ്റുകളെല്ലാം ക്ഷമിച്ചിടേണം

ചീത്തപ്രവൃത്തികൾ ചെയ്തിടാതെ

ശേഷിച്ച കാലം കഴിച്ചുകൊളളാം.”

ഇതുകേട്ടു ദേവനും ദേവിയും പുഞ്ചിരിച്ചു. സാമ്പാർ പ്രളയം പെട്ടെന്നു നിന്നു. ദേവൻ പറഞ്ഞു.

“നന്മ ചെയ്യുന്നോർക്കു നന്മ കൊയ്യാം

തിന്മ ചെയ്യുന്നോർക്കു തിന്മ കൊയ്യാം

ദാനവും ധർമ്മവും ചെയ്തിടേണം

സാധുജനങ്ങളെയോർത്തിടേണം!”

സിപ്പി പളളിപ്പുറം

1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ.

ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌.

വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.