പുഴ.കോം > കുട്ടികളുടെ പുഴ > ഉണ്ണിക്കഥ > കൃതി

പീപ്പിക്കാരൻ കുഞ്ഞിപ്പാപ്പി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിപ്പി പളളിപ്പുറം

ഉണ്ണിക്കഥ

മയ്യഴിപ്പുഴയുടെ തീരത്ത്‌ ഒരു അയ്യപ്പിളളയാശാനും ആശാട്ടിയമ്മയും ഉണ്ടായിരുന്നു. നെയ്യപ്പക്കച്ചവടം ചെയ്‌താണ്‌ അവർ ജീവിച്ചിരുന്നത്‌.

ആശാട്ടിയമ്മ നെയ്യപ്പം ചുടും. അയ്യപ്പിളളയാശാൻ നെയ്യപ്പം കൊണ്ടുപോയി മയ്യഴിച്ചന്തയിൽ വില്‌ക്കും.

നെയ്യപ്പം വിറ്റ്‌ അയ്യപ്പിളളയാശാനും ആശാട്ടിയമ്മയും പണക്കാരായിത്തീർന്നു. എന്നാൽ അവർക്ക്‌ ഓമനിക്കാൻ ഒരു കുഞ്ഞുമോനോ കുഞ്ഞുമോളോ ഉണ്ടായിരുന്നില്ല.

അയ്യപ്പിളളയാശാൻ പയ്യന്നൂർ ഭഗവതിക്കും അയ്യപ്പസ്വാമിക്കും നേർച്ചകൾ നേർന്നു. ആശാട്ടിയമ്മ അമ്മാടത്തമ്മയ്‌ക്കും അമ്മാഞ്ചേരിമുത്തിക്കും നിറമാല കഴിച്ചു. എന്നിട്ടും അവർക്കു കുഞ്ഞുങ്ങളുണ്ടായില്ല.

ഒരു ദിവസം പട്ടുപോലെ നരച്ച ഒരു ചട്ടുകാലനപ്പൂപ്പൻ അവരുടെ വീട്ടിൽ പിച്ചതെണ്ടാൻ വന്നു. ആശാട്ടിയമ്മ ആവിപറക്കുന്ന ആറു നെയ്യപ്പം ചുട്ടെടുത്ത്‌ ചട്ടുകാലനപ്പൂപ്പന്‌ തിന്നാൻ കൊടുത്തു. നെയ്യപ്പം തിന്നുകഴിഞ്ഞ്‌ ചട്ടുകാലനപ്പൂപ്പൻ ആശാട്ടിയമ്മയോടു പറഞ്ഞുഃ

“ആശാട്ടിയമ്മേ, ആശാട്ടിയമ്മേ - നിന്റെ സങ്കടം എന്താണെന്ന്‌ എനിക്കറിയാം. ഒട്ടും താമസിയാതെ നിനക്ക്‌ ഒരു പൊന്നുണ്ണി പിറക്കും. അവൻ അത്ഭുതശക്തിയുളളവനായിരിക്കും. നീ അവനെ കണ്ണിലെ കൃഷ്‌ണമണിപോലെ സൂക്ഷിക്കണം!”

ആശാട്ടിയമ്മയുടെ തലയിൽ കൈവച്ച്‌ അനുഗ്രഹിച്ചിട്ട്‌ ചട്ടുകാലനപ്പൂപ്പൻ മുട്ടൻവടിയും കുത്തി എങ്ങോട്ടോ നടന്നു മറഞ്ഞു.

ചട്ടുകാലനപ്പൂപ്പൻ പറഞ്ഞതുപോലെ ആശാട്ടിയമ്മ അരുമയായ ഒരു ആനന്ദക്കുട്ടിയെ പ്രസവിച്ചു. അത്‌ ഒരത്ഭുതശിശുവായിരുന്നു. ഒരു പൂവമ്പഴത്തിന്റെ വലിപ്പമേ ആ ശിശുവിന്‌ ഉണ്ടായിരുന്നുളളു.

പിറന്നുവീണപ്പോൾതന്നെ അവന്റെ കുഞ്ഞിക്കൈയിൽ ഒരു ഓലപ്പീപ്പിയുണ്ടായിരുന്നു.

ഓലപ്പീപ്പിയും വിളിച്ചുകൊണ്ട്‌ അവൻ അവിടേയും ഇവിടേയും ഓടിച്ചാടി നടന്നു.

ആശാട്ടിയമ്മ അവനെ വാരിയെടുത്ത്‌ താരാട്ടു പാടി. അയ്യപ്പിളളയാശാൻ തോളത്തിരുത്തി നൃത്തം ചവുട്ടി.

അയ്യപ്പിളളയാശാനും ആശാട്ടിയമ്മയും കൂടി ഒരു ദിവസം ഉണ്ണിയേയുംകൊണ്ട്‌ പയ്യന്നൂർക്കാവിലെത്തി. കാവിലെ നടയ്‌ക്കൽവെച്ച്‌ ഉണ്ണിക്ക്‌ ‘പീപ്പിക്കാരൻ കുഞ്ഞിപ്പാപ്പി’ എന്ന്‌ പേരിട്ടു.

പീപ്പിക്കാരൻ കുഞ്ഞിപ്പാപ്പി തന്റെ ഓലപ്പീപ്പിയും വിളിച്ചു കൊണ്ടു സന്തോഷത്തോടെ വീടിനു ചുറ്റും നടന്നു.

പീപ്പിയൂതി തളർന്നു വരുമ്പോൾ ആശാട്ടിയമ്മ കുഞ്ഞിപ്പാപ്പിക്ക്‌ തിന്നാൻ കൈനിറയെ നെയ്യപ്പം കൊടുക്കും. എത്ര നെയ്യപ്പം തിന്നാലും കുഞ്ഞിപ്പാപ്പിക്ക്‌ മതിയാവുകയില്ല.

നെയ്യപ്പം തിന്നുകഴിഞ്ഞാൽ കുഞ്ഞിപ്പാപ്പി ആശാട്ടിയമ്മയുടെ കൈത്തണ്ടയിലും തോളത്തും തലയിലുമെല്ലാം ചാടിമറിഞ്ഞു കളിക്കും.

ഒരു ദിവസം കുഞ്ഞിപ്പാപ്പി ഉറങ്ങിക്കിടക്കുമ്പോൾ ഒരു ചുണ്ടെലി അവനെ വലിച്ചിഴച്ച്‌ പുരയുടെ മോന്തായത്തിൽ കൊണ്ടുപോയി വച്ചു.

എന്നാൽ ഒറ്റച്ചാട്ടത്തിന്‌ കുഞ്ഞിപ്പാപ്പി ആശാട്ടിയമ്മയുടെ തലയിൽ വന്നുനിന്നു.

മറ്റൊരു ദിവസം കുഞ്ഞിപ്പാപ്പി ഓലപ്പീപ്പിയും വിളിച്ചുകൊണ്ട്‌ മുറ്റത്തിരിക്കുമ്പോൾ ഒരു ചക്കിപ്പരുന്ത്‌ അവനെ റാഞ്ചിയെടുത്ത്‌ ഒരു പേരാൽ മരത്തിന്റെ ഒന്നാനാംകൊമ്പത്തു കൊണ്ടുപോയി വച്ചു.

എന്നാൽ ഒരൊറ്റച്ചാട്ടത്തിന്‌ കുഞ്ഞിപ്പാപ്പി പുരയുടെ മോന്തായത്തു വന്നുനിന്നു.

പീപ്പിക്കാരൻ കുഞ്ഞിപ്പാപ്പിയെ എല്ലാവർക്കും വലിയ ഇഷ്‌ടമായിരുന്നു. എന്നാൽ കുറേ ദിവസം കഴിഞ്ഞപ്പോൾ അയ്യപ്പിളളയാശാന്‌ കുഞ്ഞിപ്പാപ്പിയെ ഇഷ്‌ടമല്ലാതായി.

കുഞ്ഞിപ്പാപ്പി നിത്യവും രാവിലെ അയ്യപ്പിളളയാശാന്റെ നെയ്യപ്പക്കൊട്ടയിൽ കയറി പതുങ്ങിയിരിക്കും.

ചന്തയിലെത്തുമ്പോഴേയ്‌ക്കും നെയ്യപ്പം മുഴുവൻ കുഞ്ഞിപ്പാപ്പി തിന്നു തീർത്തിട്ടുണ്ടാവും. ഇത്‌ അയ്യപ്പിളളയാശാന്‌ സഹിക്കാൻ കഴിഞ്ഞില്ല.

അയ്യപ്പിളളയാശാൻ ആശാട്ടിയമ്മയോടു പറഞ്ഞുഃ

“ആശാട്ടിയമ്മേ, ആശാട്ടിയമ്മേ, പീപ്പിക്കാരൻ കുഞ്ഞിപ്പാപ്പിയെ തീറ്റിപ്പോറ്റാൻ ഞാനില്ല. അവൻ നമ്മുടെ സമ്പാദ്യമെല്ലാം തിന്നു മുടിക്കും. ഒന്നുകിൽ അവനെ നാടുകടത്തണം. അല്ലെങ്കിൽ കൊന്നു തുലയ്‌ക്കണം.”

ഇതു കേട്ട്‌ ആശാട്ടിയമ്മയ്‌ക്ക്‌ സങ്കടമായി. ആശാട്ടിയമ്മ പറഞ്ഞുഃ

“എന്റാശാനേ, പൊന്നാശാനേ, പീപ്പിക്കാരൻ കുഞ്ഞിപ്പാപ്പിയെ നാടുകടത്തുകയോ കൊല്ലുകയോ ചെയ്യരുത്‌. അവനെ ഞാൻ ഉപദേശിച്ചു നേരെയാക്കാം.........”

ഇതുകേട്ട്‌ അയ്യപ്പിളളയാശാൻ തൽക്കാലം ക്ഷമിച്ചു. എങ്കിലും കുഞ്ഞിപ്പാപ്പിയുടെ നെയ്യപ്പം തീറ്റയ്‌ക്ക്‌ ഒരു കുറവുമുണ്ടായില്ല. അവൻ നെയ്യപ്പം തിന്ന്‌ ഓലപ്പീപ്പിയുമൂതി ഓടിച്ചാടി രസിച്ചു.

ശല്യം സഹിക്കാതായപ്പോൾ അയ്യപ്പിളളയാശാൻ പിന്നെയും കോപിച്ചു. അയ്യപ്പിളളയാശാൻ ആശാട്ടിയമ്മയോടു പറഞ്ഞുഃ

“ആശാട്ടിയമ്മേ, ആശാട്ടിയമ്മേ, പീപ്പിക്കാരൻ കുഞ്ഞിപ്പാപ്പിയെക്കൊണ്ട്‌ പൊറുതി മുട്ടി. ഞാനവനെ കൊല്ലാൻ പോകയാണ്‌. ഇനി എന്നെ തടയരുത്‌.”

ഇതുകേട്ട്‌ ആശാട്ടിയമ്മയ്‌ക്ക്‌ സങ്കടമായി. ആശാട്ടിയമ്മ പറഞ്ഞുഃ

“എന്റാശാനേ, പൊന്നാശാനേ, നിർബന്ധമാണെങ്കിൽ പീപ്പിക്കാരൻ കുഞ്ഞിപ്പാപ്പിയെ കൊന്നോളൂ. പക്ഷേ, നിങ്ങൾ അറിഞ്ഞുകൊണ്ട്‌ കൊന്നതാണെന്ന്‌ കുഞ്ഞിപ്പാപ്പിക്ക്‌ തോന്നരുത്‌.”

“ശരി, ശരി. അക്കാര്യം ഞാനേറ്റു. ഒട്ടും അറിയാത്തവിധം ഞാനവനെ തട്ടിയേക്കാം.” അയ്യപ്പിളളയാശാൻ സന്തോഷം കൊണ്ട്‌ തുളളിച്ചാടി.

“പക്ഷേ, ഒരപേക്ഷകൂടി ആശാൻ കേൾക്കണം. മൂന്നു പ്രാവശ്യം കൊല്ലാൻ ശ്രമിച്ചിട്ടും ചാവാതെ വന്നാൽ പിന്നീടവനെ കൊല്ലരുത്‌.” ആശാട്ടിയമ്മ അറിയിച്ചു.

“ശരി, ശരി. അക്കാര്യവും ഞാനേറ്റു. ഒന്നാംപ്രാവശ്യം തന്നെ ഞാനവനെ തട്ടിയേക്കാം.”

പീപ്പിക്കാരൻ കുഞ്ഞിപ്പാപ്പിയെ കൊല്ലാൻ തിരുമാനിച്ചതിൽ ആശാട്ടിയമ്മയ്‌ക്ക്‌ വലിയ സങ്കടം തോന്നി.

അയ്യപ്പിളളയാശാൻ പിറ്റേന്ന്‌ രാവിലെ പീപ്പിക്കാരൻ കുഞ്ഞിപ്പാപ്പിയെ വിളിച്ചുണർത്തി.

“കുഞ്ഞിപ്പാപ്പീ, കുഞ്ഞിപ്പാപ്പീ, നമ്മുടെ വിറകു മുഴുവൻ തീർന്നു. നമുക്ക്‌ കാട്ടിൽപോയി കുറച്ചു വിറക്‌ മുറിച്ചിട്ടു വരാം.”

കുഞ്ഞിപ്പാപ്പി വേഗം ഓലപ്പീപ്പിയും വിളിച്ചുകൊണ്ട്‌ അയ്യപ്പിളളയാശാന്റെ പിന്നാലെ ചെന്നു.

കാട്ടിലെത്തിയ ഉടനെ അയ്യപ്പിളളയാശാൻ കൈയിലിരുന്ന കോടാലികൊണ്ട്‌ ഒരു തമ്പകമരം മുറിക്കാൻ തുടങ്ങി.

തമ്പകമരം വീഴാറായപ്പോൾ അയ്യപ്പിളളയാശാൻ കുഞ്ഞിപ്പാപ്പിയോടു പറഞ്ഞുഃ

“കുഞ്ഞിപ്പാപ്പീ, കുഞ്ഞിപ്പാപ്പീ, മരം ഇപ്പോൾ വീഴും നീ ഇതൊന്ന്‌ താങ്ങിക്കോളൂ.”

കുഞ്ഞിപ്പാപ്പി വേഗം തന്റെ കുഞ്ഞിക്കൈകൊണ്ട്‌ തമ്പകമരം താങ്ങിപ്പിടിച്ചു.

ഈ തക്കം നോക്കി മരം മുറിച്ചിട്ട്‌ അയ്യപ്പിളളയാശാൻ ഓടിക്കളഞ്ഞു.

പീപ്പിക്കാരൻ കുഞ്ഞിപ്പാപ്പി തമ്പക മരത്തിന്റെ അടിയിൽപ്പെട്ട്‌ ചതഞ്ഞരഞ്ഞ്‌ ചത്തിരിക്കുമെന്ന്‌ അയ്യപ്പിളളയാശാൻ വിശ്വസിച്ചു.

“ആശാട്ടിയമ്മേ, ആശാട്ടിയമ്മേ, പീപ്പിക്കാരൻ കുഞ്ഞിപ്പാപ്പിയുടെ കഥ കഴിഞ്ഞു. ഇനി നമുക്ക്‌ പേടിക്കാതെ നെയ്യപ്പക്കച്ചവടം ചെയ്യാം.”

ഇതു കേട്ട്‌ ആശാട്ടിയമ്മ നെഞ്ചുപൊട്ടിക്കരഞ്ഞു. അയ്യപ്പിളളയാശാൻ പൂത്തിരിയും ലാത്തിരിയും കത്തിച്ചു രസിച്ചു.

ഈ സമയത്ത്‌ ദൂരെനിന്ന്‌ ഒരു പീപ്പിവിളി കേട്ടു. നോക്കിയപ്പോൾ തമ്പകമരവും തോളിൽവെച്ച്‌ ഓലപ്പീപ്പിയുമൂതിക്കൊണ്ട്‌ പീപ്പിക്കാരൻ കുഞ്ഞിപ്പാപ്പി സന്തോഷത്തോടെ നടന്നുവരുന്നതാണ്‌ കണ്ടത്‌.

ആശാട്ടിയമ്മ ഓടിച്ചെന്ന്‌ കുഞ്ഞിപ്പാപ്പിയെ വാരിയെടുത്തു. അയ്യപ്പിളളയാശാനു കലികയറി. ആശാൻ പറഞ്ഞുഃ

“എടാ മാരണമേ, നീ ചത്തില്ലേ? നീ മരത്തിനടിയിൽപ്പെട്ട്‌ ചത്തെന്നു കരുതിയല്ലേ ഞാൻ ഓടിക്കളഞ്ഞത്‌. നിന്റെ ഒരു തല പൊളിഞ്ഞ ഭാഗ്യം!”

അയ്യപ്പിളളയാശാൻ പിറ്റേന്ന്‌ രാവിലെ പീപ്പിക്കാരൻ കുഞ്ഞിപ്പാപ്പിയെ വിളിച്ചുണർത്തി.

“കുഞ്ഞിപ്പാപ്പീ, കുഞ്ഞിപ്പാപ്പീ, നമ്മുക്ക്‌ ഉച്ചയ്‌ക്ക്‌ കറിവെയ്‌ക്കാൻ മീനില്ല. മയ്യഴിപ്പുഴയിൽ പോയി കുറച്ചു മീൻ പിടിച്ചിട്ടു വരാം.”

കുഞ്ഞിപ്പാപ്പി വേഗം ഓലപ്പീപ്പിയും വിളിച്ചുകൊണ്ട്‌ അയ്യപ്പിളളയാശാന്റെ പിന്നാലെ ചെന്നു.

അയ്യപ്പിളളയാശാൻ കുഞ്ഞിപ്പാപ്പിയെ എടുത്ത്‌ വഞ്ചിയിലിരുത്തിയിട്ട്‌ മയ്യഴിപ്പുഴയിലൂടെ തുഴഞ്ഞുനീങ്ങി.

പുഴയുടെ നടുവിലെത്തിയപ്പോൾ അയ്യപ്പിളളയാശാൻ കുഞ്ഞിപ്പാപ്പിയെ കഴുത്തിനു പിടിച്ചു പൊക്കിയെടുത്ത്‌ വെളളത്തിലേയ്‌ക്കെറിഞ്ഞു.

കുഞ്ഞിപ്പാപ്പി വെളളത്തിലേയ്‌ക്ക്‌ താണ ഉടനെ അയ്യപ്പിളളയാശാൻ വഞ്ചിയും തുഴഞ്ഞ്‌ കരയ്‌ക്കലെത്തി.

പീപ്പിക്കാരൻ കുഞ്ഞിപ്പാപ്പി പുഴയുടെ ആഴത്തിൽ മുങ്ങിച്ചത്തുവെന്ന്‌ അയ്യപ്പിളളയാശാൻ വിശ്വസിച്ചു.

അയ്യപ്പിളളയാശാൻ സന്തോഷത്തോടെ വീട്ടിലെത്തി ആശാട്ടിയമ്മയോടു പറഞ്ഞുഃ

“ആശാട്ടിയമ്മേ, ആശാട്ടിയമ്മേ, പീപ്പിക്കാരൻ കുഞ്ഞിപ്പാപ്പി മയ്യഴിയിൽ മുങ്ങിച്ചത്തു. ഇനി നമുക്ക്‌ സുഖമായി നെയ്യപ്പക്കച്ചവടം ചെയ്യാം.”

ഇതു കേട്ട്‌ ആശാട്ടിയമ്മ നെഞ്ചത്തടിച്ചു കരഞ്ഞു. അയ്യപ്പിളളയാശാൻ കുമ്മിയടിച്ചു രസിച്ചു.

ഈ സമയത്ത്‌ പെട്ടെന്ന്‌ ദൂരെനിന്ന്‌ ഒരു പീപ്പിവിളി കേട്ടു. നോക്കിയപ്പോൾ ഒരു വലിയ ആമയുടെ പുറത്തിരുന്ന്‌ ഓലപ്പീപ്പിയുമൂതിക്കൊണ്ട്‌ പീപ്പിക്കാരൻ കുഞ്ഞിപ്പാപ്പി സന്തോഷത്തോടെ വരുന്നതാണ്‌ കണ്ടത്‌.

ആശാട്ടിയമ്മ ഓടിച്ചെന്ന്‌ കുഞ്ഞിപ്പാപ്പിയെ വാരിയെടുത്തു. അയ്യപ്പിളളയാശാനു കലികയറി.

ആശാൻ പറഞ്ഞുഃ

“എടാ മാരണമേ, നീ ചത്തില്ലേ? പുഴയിൽ വീണു നീ ചത്തെന്നു കരുതിയല്ലേ ഞാൻ കരയിലോട്ടു പോന്നത്‌! നിന്റെ ഒരു തല പൊളിഞ്ഞ ഭാഗ്യം!”

അയ്യപ്പിളളയാശാൻ പിറ്റേന്ന്‌ രാവിലെ പീപ്പിക്കാരൻ കുഞ്ഞിപ്പാപ്പിയെ വിളിച്ചുണർത്തി.

“കുഞ്ഞിപ്പാപ്പീ, കുഞ്ഞിപ്പാപ്പീ, പുലിപ്പാലു കൂട്ടി ചായ കുടിച്ചാൽ നിനക്കു പൊക്കം വെയ്‌ക്കും. നമുക്ക്‌ പുലിമടയിൽ പോയി കുറച്ചു പുലിപ്പാലു കറന്നുകൊണ്ടുവരാം.”

കുഞ്ഞിപ്പാപ്പി വേഗം പീപ്പിയും വിളിച്ചുകൊണ്ട്‌ അയ്യപ്പിളളയാശാന്റെ പിന്നാലെ ചെന്നു.

പുലിമടയുടെ അടുക്കലെത്തിയപ്പോൾ ഒരു പുളളിപ്പുലി വായും പിളർന്നുകോണ്ടോടി വന്നു.

ഈ തക്കംനോക്കി കുഞ്ഞിപ്പാപ്പിയെ അവിടെ നിർത്തിയിട്ട്‌ അയ്യപ്പിളളയാശാൻ ഓടി മറഞ്ഞു.

പുളളിപ്പുലി അടുത്തെത്തിയപ്പോൾ കുഞ്ഞിപ്പാപ്പി ചാടി കയറിയിരുന്ന്‌ അതിന്റെ ചെവിയിൽ ഓലപ്പീപ്പി ഊതാൻ തുടങ്ങി. പുലി കുടഞ്ഞിട്ടും കുടഞ്ഞിട്ടും അവൻ പിടിവിട്ടില്ല.

പുളളിപ്പുലി പേടിച്ച്‌ നെട്ടോട്ടം വട്ടോട്ടം ഓടാൻ തുടങ്ങി. ഇതു കണ്ടു കുഞ്ഞിപ്പാപ്പി പറഞ്ഞു.

‘പുലിയമ്മാവാ, പുലിയമ്മാവാ, ജീവൻ വേണമെങ്കിൽ നീ ഞാൻ പറയുംപോലെ എന്റെ വീട്ടിലേയ്‌ക്കു നടന്നോളൂ!.......’

പുളളിപ്പുലി പേടിച്ച്‌ കുഞ്ഞിപ്പാപ്പി പറഞ്ഞ വഴിയിലൂടെ വീട്ടിലേക്കു നടന്നു.

കുഞ്ഞിപ്പാപ്പിയെ പുള്ളിപ്പുലി പിടിച്ചു തിന്നെന്നു കരുതി അയ്യപ്പിളളയാശാൻ സ്വന്തക്കാരെയും ബന്ധുക്കാരെയും വിളിച്ച്‌ പുലകുളിയടിയന്തിരം നടത്താൻ പന്തലിടുകയായിരുന്നു.

ഈ സമയത്ത്‌ പെട്ടെന്ന്‌ ദൂരെനിന്ന്‌ ഒരു പീപ്പിവിളി കേട്ടു. നോക്കിയപ്പോൾ ഒരു വലിയ പുലിയുടെ പുറത്തിരുന്ന്‌ ഓലപ്പീപ്പിയുമൂതിക്കൊണ്ട്‌ പീപ്പിക്കാരൻ കുഞ്ഞിപ്പാപ്പി സന്തോഷത്തോടെ വരുന്നതാണ്‌ കണ്ടത്‌. കുഞ്ഞിപ്പാപ്പിയെ വീട്ടുമുറ്റത്തിറക്കിയിട്ട്‌ പുലി ഓടി മറഞ്ഞു.

ആശാട്ടിയമ്മ ഓടിച്ചെന്ന്‌ കുഞ്ഞിപ്പാപ്പിയെ വാരിയെടുത്തു. പുലകുളി കൂടാൻ വന്ന സ്വന്തക്കാരും ബന്ധുക്കാരും ഓടിക്കൂടി.

അയ്യപ്പിളളയാശാന്‌ ഇത്തവണ കലികയറിയില്ല.

അയ്യപ്പിളളയാശാൻ കുഞ്ഞിപ്പാപ്പിയോടു പറഞ്ഞുഃ

“കുഞ്ഞിപ്പാപ്പീ, പുന്നാരമുത്തേ, നിന്റെ മുന്നിൽ ഞാൻ തോറ്റിരിക്കുന്നു. നീ അത്ഭുതശക്തിയുളളവനാണ്‌. നിന്നെ ഇനി ഒരിക്കലും ഞാൻ ഉപദ്രവിക്കുകയില്ല.”

അയ്യപ്പിളളയാശാൻ ആശാട്ടിയമ്മയുടെ കൈയിൽനിന്ന്‌ കുഞ്ഞിപ്പാപ്പിയെ വാങ്ങി തോളത്തിരുത്തി പാട്ടുപാടി നൃത്തം വെച്ചു. ആശാട്ടിയമ്മയും മറ്റുളളവരും അതിനൊപ്പം ചുവടു വെച്ചു കളിച്ചു.

സിപ്പി പളളിപ്പുറം

1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ.

ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌.

വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.