പുഴ.കോം > കുട്ടികളുടെ പുഴ > ഉണ്ണിക്കഥ > കൃതി

മുത്തശ്ശിപ്ലാവും പുളിയുറുമ്പുകളും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശങ്കു ചേർത്തല

ഉണ്ണിക്കഥ

മുത്തശ്ശിപ്ലാവിൽ ഇലകളും കൊമ്പുകളും കുറവായിരുന്നു. താഴത്തെ ശിഖരത്തിലെ ഏതാനും ഇലകൾ കൂട്ടിച്ചേർത്ത്‌ എവിടെ നിന്നോ വന്ന കുറെ പുളിയുറുമ്പുകൾ കൂടു തീർത്തു. താമസം തുടങ്ങിക്കഴിഞ്ഞപ്പോഴാണ്‌ പ്ലാവിന്റെ പ്രായാധിക്യവും അവശതയും അവരുടെ ശ്രദ്ധയിൽപ്പെട്ടത്‌. നല്ലൊരു കാറ്റോ മഴയോ ഉണ്ടായാൽ നിലംപൊത്താവുന്നതേയുളളൂ.

പുളിയുറുമ്പുകൾ വരുന്നതും കൂടുപണിയുന്നതും മുത്തശ്ശിപ്ലാവ്‌ കണ്ടിരുന്നു. അവരെ അതിൽനിന്നും പിൻതിരിപ്പിക്കണമെന്നുണ്ടായിരുന്നു. പക്ഷെ, ഏറെ നാളായി താൻ അനുഭവിച്ചുകൊണ്ടിരുന്ന ഏകാന്തതയും ഒറ്റപ്പെടലും അസഹ്യമായി തുടങ്ങിയിരുന്നു. അതിനൊരു പരിഹാരമാകുമല്ലോ എന്നു കരുതി.

കാക്കയും മൈനയും തത്തയുമൊക്കെയായി എത്രയോ പക്ഷികൾ പ്ലാവിൽ കൂടുവച്ചു. മക്കളെ വിരിയിച്ചു. ചക്കപ്പഴം ഭക്ഷിച്ചു വിശപ്പടക്കി. അവരാരും ഇപ്പോൾ തിരിഞ്ഞു നോക്കാറേയില്ല. കൊമ്പും ഇലകളും ഉണങ്ങിക്കഴിഞ്ഞ തന്നെ ഇന്ന്‌ ആർക്കും വേണ്ട. കായ്‌ക്കാത്ത പ്ലാവ്‌, വീഴാറായ മരം. ആരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഇതൊക്കെ ലോകസ്വഭാവമാണ്‌. അങ്ങനെ സമാധാനിച്ചിരിക്കെയാണ്‌ പുളിയുറുമ്പുകളുടെ വരവ്‌.

നിസ്സാരരെങ്കിലും അവരുടെ സാന്നിദ്ധ്യം മുത്തശ്ശിക്ക്‌ സന്തോഷമേകി. എങ്കിലും അറിഞ്ഞുകൊണ്ട്‌ അവരെ അപായപ്പെടുത്താൻ മനസ്സനുവദിക്കുന്നില്ല. തുറന്നുപറയാം.

സന്ധ്യയായി. ഇരുട്ടു പരന്നു. ഇര തേടിപ്പോയിരുന്ന ഉറുമ്പുകളെല്ലാം തിരിച്ചെത്തി. എല്ലാവരും കൂടിയിരുന്ന്‌ അന്നത്തെ അനുഭവങ്ങൾ പറയുന്നതും ഭക്ഷണം പങ്കുവയ്‌ക്കുന്നതും മുത്തശ്ശിപ്ലാവ്‌, കൗതുകപൂർവ്വം നോക്കിയിരുന്നു. എന്തൊരൈക്യം, ഒരുമ, സ്‌നേഹം, മുത്തശ്ശിക്ക്‌ അസൂയ തോന്നി. മറ്റു ജീവികളിൽ അപൂർവ്വമായി മാത്രം കാണുന്ന ഒന്നാണ്‌ ഉറുമ്പുകളുടെ ഐക്യവും ആത്മാർത്ഥതയും.

“മക്കളേ...!” വാത്സല്യം തുളുമ്പുന്ന സ്വരത്തിൽ മുത്തശ്ശി വിളിച്ചു. സംസാരം പെട്ടെന്നു നിലച്ചു. തലതിരിച്ചും മറിച്ചും വിളിക്കുന്നത്‌ ആരാണെന്ന്‌ അവർ നോക്കി.

“ഞാൻ തന്നെ. മുത്തശ്ശിപ്ലാവ്‌..”

“ഓ.. എന്താണ്‌ മുത്തശ്ശി വിശേഷം, ഉറങ്ങാറായില്ലേ?”

ഉറുമ്പുകളുടെ നേതാവ്‌ കുശലം ചോദിച്ചു.

“നിങ്ങളുടെ കളിയും ചിരിയും വർത്തമാനവും കണ്ടിട്ട്‌ ഉറങ്ങാൻ തോന്നുന്നേയില്ല.”

“ആട്ടെ, ഇത്രയും കാലം നിങ്ങൾ എവിടെയായിരുന്നു.” മുത്തശ്ശി കാര്യത്തിലേയ്‌ക്കു കടന്നു.

“ഇവിടെ അടുത്തുതന്നെ ഒരു മരത്തിൽ. പക്ഷെ അവിടത്തെ ജീവിതം സുഖകരമായി തോന്നിയില്ല.”

“ഇവിടെ എങ്ങനെ ഇഷ്‌ടപ്പെട്ടോ?” അവരുടെ മനസ്സറിയാൻ തിടുക്കമായി.

“ഇഷ്‌ടപ്പെട്ടു. പക്ഷെ...”

“എപ്പൊഴാ പ്ലാവു വീഴുക എന്നു നിശ്ചയമില്ല അല്ലേ?” മുത്തശ്ശി ചിരിച്ചു.

ആ ചിരിയിലെ ദൈന്യം ഉറുമ്പുകളുടെ മനസ്സിൽ കൊണ്ടു. എങ്കിലും മടിക്കാതെ പറഞ്ഞു.

“മറ്റെങ്ങോട്ടെങ്കിലും മാറുന്ന കാര്യം ഞങ്ങൾ ആലോചിക്കുന്നുണ്ട്‌.”

കുറച്ചു നേരത്തേക്ക്‌ മുത്തശ്ശി ഒന്നും മിണ്ടിയില്ല. ഒരു നെടുവീർപ്പിനുശേഷം തുടർന്നു.

“നിങ്ങൾ കൂടുകെട്ടുന്നതു കണ്ടപ്പോൾ വിലക്കണമെന്നുണ്ടായിരുന്നു. ഞാൻ ഇനി അധികകാലം ജീവിച്ചിരിക്കില്ല. ചുവട്‌ ഉറഞ്ഞു തുടങ്ങി. കൊമ്പുകൾ പലതും ഉണങ്ങി. അവസാന കാലത്ത്‌ ഒന്നു മിണ്ടാനും പറയാനും ആരുമില്ലാതെ മരിക്കേണ്ടിവരുമല്ലോ എന്ന സങ്കടമുണ്ടായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ്‌ നിങ്ങൾ എത്തിയത്‌. എങ്കിലും എന്റെ സന്തോഷമല്ലല്ലോ നിങ്ങളുടെ സുരക്ഷിതത്ത്വമല്ലേ പ്രധാനം. പൊയ്‌ക്കൊളളൂ.”

മുത്തശ്ശി കരയുകയാണോ.

മുത്തശ്ശിപ്ലാവിന്റെ കണ്ണു നിറഞ്ഞിരിക്കുന്നത്‌ അവർ കണ്ടുപിടിച്ചു. ഉറുമ്പിൻ കൂട്ടിലാകെ ഒരിളക്കം. അവിടെയുമിവിടെയുമെല്ലാം തങ്ങിനിന്നിരുന്ന ഉറുമ്പുകൾ നേതാവിന്റെ ചുറ്റും കൂടുന്നു. എന്തോ ഗൗരവമായ ആലോചന. ഈ സ്‌നേഹത്തെ, വാർദ്ധക്യത്തെ നമുക്കെങ്ങനെ ഉപേക്ഷിക്കാനാകും? നേതാവിന്റെ ചോദ്യങ്ങൾക്കു മുമ്പിൽ മറ്റുറുമ്പുകൾ ശിരസ്സു കുനിക്കുന്നു. നമ്മൾ എങ്ങും പോകുന്നില്ല. നേതാവിന്റെ ഉറച്ച തീരുമാനം.

നമ്മൾ എങ്ങും പോകുന്നില്ല!

നമ്മൾ എങ്ങും പോകുന്നില്ല!

മറ്റുളളവർ ഒരു മുദ്രാവാക്യംപോലെ അതേറ്റു പറഞ്ഞു.

“മാത്രമല്ല, മുത്തശ്ശിപ്ലാവിന്റെ ആയുസ്സു കുറച്ചുകൊണ്ടിരിക്കുന്ന ചിതൽകൂട്ടത്തെ നശിപ്പിക്കണം. നമ്മൾ അവരെ ഇരയാക്കുമ്പോൾ രക്ഷപ്പെടുന്നത്‌ മുത്തശ്ശിയും കൂടെ നമ്മളും..”

നേതാവിന്റെ ആ തീരുമാനം ഏകകണ്‌ഠമായി അംഗീകരിക്കപ്പെട്ടു.

“മുത്തശ്ശി ഉറങ്ങിയോ?” നേതാവുറുമ്പ്‌ ഉറക്കെ വിളിച്ചു ചോദിച്ചു.

“ഇല്ല മക്കളെ.”

“എന്നാൽ കേട്ടോളൂ... മുത്തശ്ശിയെ ഉപേക്ഷിച്ച്‌ പോകാനുളള തീരുമാനം ഞങ്ങൾ പിൻവലിച്ചു.”

“നന്നായി മക്കളെ. വാർദ്ധക്യം ഉപേക്ഷിക്കാനുളളതല്ല. ഉപയോഗപ്പെടുത്താനുളളതാണെന്ന്‌ നിങ്ങൾക്കെങ്കിലും തോന്നിയല്ലോ.”

മുത്തശ്ശിപ്ലാവിന്റെ വരണ്ട കണ്ണുകളിൽ അഭിമാനത്തിന്റെ തിളക്കം.

ശങ്കു ചേർത്തല

വിലാസം

ശങ്കു ചേർത്തല,

മാണിക്യം, നെടുമ്പ്രക്കാട്‌,

ചേർത്തല പി.ഒ.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.