പുഴ.കോം > കുട്ടികളുടെ പുഴ > ഉണ്ണിക്കഥ > കൃതി

തത്തയുടെ ധർമ്മബോധം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രാമദേവൻ.പി. മൊറയൂർ.

കഥ

കുയിൽ കാക്കയുടെ കൂട്ടിൽ മുട്ടയിട്ടു. കുയിലിന്റെ കളളം കാക്ക കണ്ടുപിടിച്ചു. “കുയിലേ, നീ ചെയ്യുന്നത്‌ ധർമ്മമാണോ?” കാക്ക ചോദിച്ചു. മറുപടിയായി കുയിൽ ഒരു പാട്ടുപാടി. ‘ഒരു കൂട്‌ ഉണ്ടാക്കിയെടുക്കുന്നതിന്റെ പ്രയാസമായിരുന്നു’ ആ പാട്ടിന്റെ ഉളളടക്കം.

പാട്ടിൽ കാക്ക മയങ്ങി. കണ്ണുതുറന്നപ്പോൾ കുയിൽ അപ്രത്യക്ഷനായിരിക്കുന്നു. തന്റെ മുട്ടയേത്‌, കുയിലിന്റേതേത്‌ എന്നു പകച്ച കാക്ക ധർമ്മാധർമ്മങ്ങളെ കുറിച്ച്‌ ഒരു പ്രഭാഷണം നടത്തി. ഉച്ചത്തിലായിരുന്നു അത്‌. വളരെ നേരത്തേക്ക്‌ അതങ്ങനെ നീണ്ടുപോയി.

തൊട്ടടുത്ത അത്തിമരത്തിൽ താമസിച്ചിരുന്ന തത്ത കാക്കയെ അന്നേരം സഹതാപപൂർവ്വം വീക്ഷിച്ചു. അതിന്റെ കണ്ണുകൾ ചുകന്നിരുന്നു. കഴിയുംപ്രകാരം ചെവി രണ്ടും മൂടിവെക്കാൻ അത്‌ യത്നിച്ചു.

അങ്ങനെയിരിക്കെ, കാക്കയില്ലാത്ത ഒരു ദിവസം കുയിൽ വീണ്ടും കാക്കക്കൂട്ടിൽ മുട്ടയിടാനെത്തി. തത്ത കുയിലിനെ കണ്ടു. അത്‌ കുയിലിനെ ആക്രമിച്ചോടിച്ചു. “എനിക്കിവിടെ സ്വൈര്യം വേണം.” അമ്പരന്നോടുന്ന കുയിലിനെ നോക്കി അത്‌ പിറുപിറുത്തു.

തത്ത കുയിലിനെ തുരത്തിവിട്ട വിവരം കാക്കയറിഞ്ഞു. കുയിലിന്റെ ഏതാനും തൂവലുകൾ മരച്ചുവട്ടിൽ വീണുകിടപ്പുണ്ടായിരുന്നു.

ആക്രമിക്കപ്പെട്ടപ്പോൾ കുയിലിനനുഭവപ്പെട്ട ശാരീരികവേദനയെക്കുറിച്ച്‌ കാക്ക ചിന്തിച്ചു. കുയിൽ അത്ര വലിയ കുറ്റമൊന്നും ചെയ്‌തിട്ടില്ല. സ്വന്തമായി കൂടില്ലാത്തതിനാൽ തന്റെ കൂട്ടിൽ വന്ന്‌ മുട്ടയിടാൻ തീരുമാനിച്ചു. അത്രമാത്രം. അതിനു കിട്ടിയ ശിക്ഷ!

മരച്ചുവട്ടിൽ വീണുകിടക്കുന്ന, കുയിലിന്റെ തൂവലുകൾ കാക്ക ശ്രദ്ധാപൂർവ്വം പരിശോധിച്ചു. അതിൻമേൽ രക്തത്തുളളികൾ തെളിഞ്ഞു കണ്ടു. അവൾ ഞെട്ടിവിറച്ചു.

പിന്നെപ്പിന്നെ തത്തയെ കാണുമ്പോഴെല്ലാം, തന്റെ ശബ്‌ദം വല്ലാതെ ഉയർന്നുപോയോ എന്നൊരു സന്ദേഹം കാക്കയെ അലട്ടി. ധർമ്മാധർമ്മങ്ങളെ വിലയിരുത്താൻ അവൾ പിന്നെ ശ്രമിച്ചിട്ടേയില്ല. മാത്രമല്ല, തത്തയുടെ കണ്ണുകൾ ചുകന്നിട്ടുണ്ടോ എന്ന്‌ ഇടക്കിടെ സ്വകാര്യമായി നിരീക്ഷിക്കാനും ആരംഭിച്ചു.

കുയിലാകട്ടെ, തത്തയെ ഭയന്ന്‌ പിന്നെ മുട്ടയിടാൻ തന്നെ മറന്നുപോയി എന്നാണ്‌ കേട്ടത്‌.

രാമദേവൻ.പി. മൊറയൂർ.

വിലാസം

പറമ്പിൽതൊടി ഹൗസ്‌,

മൊറയൂർ പി.ഓ.

മലപ്പുറം - 673 649.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.