പുഴ.കോം > കുട്ടികളുടെ പുഴ > നോവല്‍‌ > പുള്ളിച്ചക്കു > കൃതി

അദ്ധ്യായം നാല്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ. കവിത

പുള്ളിച്ചക്കു

അവധിദിനങ്ങളിൽ നടക്കാനിറങ്ങുമ്പോൾ അച്ഛന്റേയും ചക്കുവിന്റേയുമൊപ്പം മുത്തുമണിയും കൂടും. അവൻ ഓടി കുറേ ചെല്ലുമ്പോൾ തിരിഞ്ഞു നില്‌ക്കും.

രാവിലെ അഞ്ചുമണി ആവുമ്പോഴേക്കും അവൻ ചെറിയ രീതിയിൽ ശബ്‌ദമുണ്ടാക്കും. അല്‌പം വൈകിപ്പോയാൽ അവൻ വാതിലിൽ മാന്തുകയും തല്ലുകയും ചെയ്യും.

“മനുഷ്യനെ ഇവൻ കിടത്തിപ്പൊറുപ്പിക്കുന്നില്ലല്ലോ” അച്ഛൻ എഴുന്നേല്‌ക്കാൻ നിർബന്ധിതനാവും. അച്ഛന്‌ അവനെ പ്രാണനാണെന്ന കാര്യം അമ്മയാണ്‌ സ്വകാര്യമായി മുത്തുമണിയോട്‌ പറഞ്ഞത്‌. രാത്രി മൂത്രമൊഴിച്ച്‌ അവൻ ബെഡ്‌ഡിലേക്ക്‌ കറയുമ്പോൾ അച്ഛൻ ചെറിയ ശബ്‌ദത്തിൽ അവനെ തലോലിക്കാറുണ്ടത്രെ. വൃത്തിയുടെ കാര്യത്തിൽ അവൻ ഒന്നാമനാണ്‌. മൂത്രമൊഴിക്കാനും അപ്പിയിടാനും അവന്‌ പ്രത്യേക സ്‌ഥലം വേണം. മൂന്നോ നാലോ പ്രാവശ്യം വട്ടം കറങ്ങുകയും വേണം. അപ്പിയിടാൻ വീടിന്റെയോ കൂടിന്റെയോ പരിസരത്തൊന്നും അവനില്ല.

അവന്‌ കുഞ്ഞുകിടക്കയും തലയണയും അമ്മ ഉണ്ടാക്കിയതാണ്‌. ചെറിയ ബോളുകളും കുഞ്ഞു തലയണയും ആരും തൊടുന്നത്‌ അവനിഷ്‌ടമല്ല. അവനതെല്ലാം അരികിലേക്ക്‌ അടുപ്പിച്ച്‌ ഒരു കിടത്തമുണ്ട്‌. അതുപോലെ അവൻ ചിന്താധീനനെന്നപോലെ കിടക്കുന്ന നേരത്ത്‌ ആര്‌ ലാളിക്കാൻ ചെന്നാലും അവൻ മുരളും. കുളി അവന്‌ വലിയ ഇഷ്‌ടമാണ്‌. ഞായറാഴ്‌ചയാണ്‌ അവന്റെ നീരാട്ട്‌ ഷാമ്പുവിട്ട്‌ കുളിച്ചുതോർത്തി വെയിലത്തു വിരി വിരിച്ച്‌ കുറച്ചുനേരം അവനെ നിർബന്ധമായി അതിൽ നിറുത്തും. അന്നേരം അവന്‌ അമ്മ, കടിച്ചുചവക്കാനുള്ളത്‌ കൊടുത്തിരിക്കും.

ചക്കു വന്നതിനുശേഷം ആരോരും ഇല്ലാത്ത നായ്‌ക്കളുടെ എണ്ണം വീടിന്റെ പരിസരത്ത്‌ കൂടി. അച്ഛൻ ബേക്കറിസാധനങ്ങൾ വാങ്ങി വിതരണം തുടങ്ങിയതോടെയാണിത്‌. പരിസരത്തുള്ള ചിലർക്ക്‌ പരാതിയുമുണ്ട്‌.

നടക്കാൻ പോവുമ്പോൾ അച്ഛന്റെ പരിചയക്കാരെ കണ്ടാൽ ഒന്നുരണ്ടു മിനിട്ട്‌ കുശലാന്വേഷണമുണ്ട്‌. അങ്ങനെ ആരോടോ സംസാരിക്കുമ്പോഴാണ്‌ ചക്കു മുന്നോട്ടു പോയതും കാണാതായതും.

എല്ലാ ക്രോസിലേക്കും പോയി തിരിച്ചുവരുന്ന സ്വഭാവം അവനുണ്ട്‌. ഇടയ്‌ക്കുള്ള വലിയ പറമ്പിന്റെ തകിടു ഗെയിറ്റിന്റെ ഇടയിലൂടെ ഇടയ്‌ക്കിടെ അവൻ പോകാറുണ്ട്‌. ആ പറമ്പിന്റെ ഏറ്റവും അറ്റത്ത്‌ നാലഞ്ചു കുടിലുകളുണ്ട്‌. നിർമ്മാണത്തൊഴിലാളികൾ താമസിച്ചിരുന്ന കുടിലുകളിൽ ഒന്നിൽ മുരുകനും താമസിക്കുന്നുണ്ട്‌. ബാക്കിയുള്ളവരെല്ലാം ഒഴിഞ്ഞുപോയി. മുരുകന്റെ അച്ഛന്‌ ആക്രി പെറുക്കലാണ്‌ പണി. ഭാര്യ മരിച്ചുപോയി. മുരുകന്റെ അമ്മയുണ്ടായിരുന്നെങ്കിൽ, അവരുടെ സ്‌നേഹം മുരുകന്‌ കിട്ടിയിരുന്നെങ്കിൽ അവൻ ഇങ്ങനെ കക്കാൻ പോകുമായിരുന്നില്ലെന്ന്‌ ഒരിക്കൽ മുത്തുമണിയുടെ അമ്മ പറഞ്ഞിരുന്നു.

അവധിദിനങ്ങളിൽ വൈകിട്ട്‌ മുത്തുമണിയും അച്ഛനും ചക്കുവിനെയും കൊണ്ട്‌ മൈതാനംവരെ പോകും. ഒരിക്കൽ ഒരബദ്ധം പറ്റി. മൈതാനത്തു പ്രവേശിച്ചതും ഒരറ്റത്തു കുറേ കുട്ടികൾ ബോൾ കളിക്കുന്നതാണ്‌ കണ്ടത്‌. വീട്ടിൽ അച്ഛന്റെയും മുത്തുമണിയുടെയും കൂടെ ബോൾ കളിച്ചിരുന്ന ചക്കുവിന്‌ കുട്ടികൾ ബോൾ എറിയുന്നതു കണ്ടപ്പോൾ ഹാലിളകി. അച്ഛനും മുത്തുമണിയും വിളിക്കുന്നത്‌ അവൻ ശ്രദ്ധിച്ചില്ല. ഉരുണ്ടുപോകുന്ന പന്തിനു നേരേ പാഞ്ഞുവരുന്ന ചക്കുവിനെ കണ്ട്‌ കുട്ടികൾ നാലുപാടു ചിതറിയോടി. വലിയ ബോൾ. അവൻ തന്റെ ഇരുകാലുകൾക്കിടയിൽ വച്ച്‌ ആരെയും അടുപ്പിക്കാതെ മുരണ്ടുനിന്നു. അവസാനം അവന്‌ രണ്ടടി കൊടുക്കേണ്ടിവന്നു. ആ കുട്ടികളുടെ കൂട്ടത്തിൽ നിന്നാണ്‌ മുരുകൻ വന്നത്‌. പിന്നീട്‌ എപ്പോഴും ചക്കു അവന്റെ നോട്ടപ്പുള്ളിയായി.

മുത്തുമണി തളർച്ചയോടെ കണ്ണുകൾ തുറന്നു.

“അമ്മേ.... അച്ഛൻ?”

“അച്ഛൻ ഇപ്പോൾ വരും. അവർ മുരുകന്റെ വീട്ടിൽ പോകും. മുരുകനറിയാതെ ചക്കു എങ്ങും പോവില്ല.” അവൾ വീണ്ടും കണ്ണുകളടച്ചു. ചക്കുവിനെ മുരുകൻ ഉപദ്രിവിക്കുമോ? അതോ കോപംകൊണ്ട്‌ ചക്കു മുരുകനെ കടിച്ചാലോ അപ്പോൾ തീർച്ചയായും മുരുകൻ ചക്കുവിനെ ഉപദ്രവിക്കും.

പാവം ചക്കു! എന്തു സ്‌നേഹമാണ്‌ അവന്‌ സ്‌നേഹം മാത്രമല്ല. അധികാരവും! അതിരാവിലെ ഗേറ്റിനുള്ളിലേക്കു വീഴുന്ന പത്രങ്ങൾ രണ്ടാണ്‌. ഒന്ന്‌ അച്ഛനെടുക്കും. ഒന്ന്‌ മുത്തുമണിയും. ചക്കുവിനോ? എന്താ, അവനും വേണ്ടേ ഒരു പത്രം? വായിക്കേണ്ടേ? ലോകകാര്യങ്ങൾ അറിയണ്ടേ?

അതിനുള്ള വെപ്രാളമാണ്‌ അപ്പോൾ. എന്തെങ്കിലും പഴയൊരു നോട്ട്‌ബുക്കോ വലിയൊരു നോട്ടീസോ ഇട്ടു കൊടുക്കണം. അതുവരെ ആൾ പരവേശത്തിൽത്തന്നെ. വാർത്ത അൽപ്പം പഴയതായാലും കുഴപ്പമില്ല.

അവളുടെ മുന്നിൽ മുരുകന്റെ അടികൊണ്ട്‌ പുളയുന്ന ചക്കുവിന്റെ രൂപം. അവൾ പൊട്ടിക്കരഞ്ഞു. മുരുകനെ ഒന്നു കാണാൻ കഴിഞ്ഞെങ്കിൽ. അവൻ പേരയ്‌ക്കായും മാങ്ങയും ഒക്കെ പറിച്ചോട്ടെ. തനിക്ക്‌ തന്റെ ചക്കുവിനെ കിട്ടിയാൽ മതി. ഇനി അവനെങ്ങാനും ചക്കുവിനെ സ്വന്തം നാട്ടിലേക്ക്‌ കൊണ്ടുപോകുമോ? സേലത്താണ്‌ അവന്റെ വീട്‌. പക്ഷേ അങ്ങോട്ടൊന്നും അവൻ പോവാറില്ലെന്നാണ്‌ പറഞ്ഞുകേട്ടത്‌.

“മോള്‌ ഭയപ്പെടേണ്ട. മുരുകനെ കണ്ടതിനുശേഷം പോലീസിൽ കംപ്ലെയിന്റ്‌ കൊടുക്കാൻ അച്ഛൻ അപേക്ഷ തയ്യാറാക്കിയിട്ടുണ്ട്‌.” അമ്മ മുത്തുമണിയെ ആശ്വസിപ്പിച്ചു.

Previous Next

കെ. കവിത

330, 6th Cross,

Brindavan Layout, Shettihalli,

Bangalore - 560 015.


Phone: 09448928446




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.