പുഴ.കോം > കുട്ടികളുടെ പുഴ > കാട്ടുകഥ > കൃതി

കറുമ്പൻ കാക്കയും നീലൻ പൊന്മാനും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുത്തൻവേലിക്കര സുകുമാരൻ

കാട്ടിലെ കഥ

കറുമ്പൻകാക്കയും നീലൻപൊന്മാനും അയൽക്കാരാണ്‌. കറുമ്പൻകാക്ക മിടുക്കനാണ്‌. നീലൻപൊന്മാനാകട്ടെ കുഴിമടിയനും. തക്കം കിട്ടിയാൽ ആരെയും പറ്റിക്കാൻ അവന്‌ മടിയില്ല.

ഒരുദിവസം കറുമ്പൻ പൊക്കാളിപ്പാടത്തുനിന്ന്‌ ഒരു പൂളാനെ കൊത്തിയെടുത്തുകൊണ്ട്‌ കൂട്ടിലേക്ക്‌ മടങ്ങുകയായിരുന്നു. അപ്പോഴാണ്‌ എങ്ങുനിന്നോ നീലൻ അതുവഴി വന്നത്‌. കറുമ്പന്റെ കൊക്കിലിരുന്ന്‌ പൂളാൻ പിടയ്‌ക്കുന്നതു കണ്ടപ്പോൾ നീലന്റെ വായിൽ വെളളം നിറഞ്ഞു.

‘ഹയ്യട! എന്തു രസികൻ മീൻ! ഇത്‌ എങ്ങനെയെങ്കിലും തട്ടിയെടുക്കണം.’ നീലൻ വിചാരിച്ചു. അവൻ സ്നേഹഭാവത്തിൽ കറുമ്പന്റെ അടുത്തെത്തി. എന്നിട്ട്‌ പറഞ്ഞുഃ

“കറുമ്പൻചേട്ടാ, ഈ മീൻ എനിക്കു തരുമോ? രണ്ടു ദിവസമായി ഞാൻ അറുംപട്ടിണിയാ. നാളെ ഞാനൊരു പൂമീനെ പിടിച്ചുകൊണ്ടുവന്ന്‌ ചേട്ടനുതരാം. ഇന്നെനിക്ക്‌ ക്ഷീണം കൊണ്ട്‌ തീരെ വയ്യ!”

ഇതു നീലന്റെ സൂത്രമാണെന്ന്‌ കറുമ്പനു മനസ്സിലായി. എങ്കിലും അവൻ പൂളാനെ നീലനു കൊടുത്തു.

പിറ്റേന്നു രാവിലെ കറുമ്പൻ മീൻ പിടിക്കാൻ പൊക്കാളിപ്പാടത്തിറങ്ങി. അപ്പോൾ നീലൻ ചൂളമരത്തിന്റെ കൊമ്പത്തിരുന്ന്‌ ഒരു മീനിനെ തിന്നാനൊരുങ്ങുകയായിരുന്നു. കറുമ്പൻ അതിവേഗം നീലന്റെ അടുത്തേക്ക്‌ പറന്നു. കറുമ്പൻ വരുന്നതുകണ്ടപ്പോൾ നീലൻ തന്റെ കൊക്കിലിരുന്ന മീനിനെ താഴെയിട്ടു. അത്‌ മീൻ പിടിത്തക്കാരുടെ വലയിലാണ്‌ ചെന്നു വീണത്‌.

നീലൻ ഒന്നുമറിയാത്തഭാവത്തിൽ കറുമ്പനോട്‌ സംസാരിക്കാൻ തുടങ്ങിഃ “എന്തുപറയാനാ ചേട്ടാ, ഒരു പരൽമീൻ പോലും കാണുന്നില്ല. ഇതൊക്കെ എവിടെയാണോ പതുങ്ങിയിരിക്കുന്നത്‌! വിശന്നിട്ടാണെങ്കിൽ സഹിക്കാൻ വയ്യ!”

നീലൻ തന്നെ പറ്റിക്കാനാണ്‌ ഇങ്ങനെയൊക്കെ പറയുന്നതെന്ന്‌ കറുമ്പനു മനസ്സിലായി. പക്ഷേ, ഒന്നും അറിയാത്ത ഭാവത്തിൽ പറന്നകന്നു.

കറുമ്പൻ പറന്നുപോയതും നീലൻ മീനെടുക്കാനായി വലയിലേക്കുചാടിയതും പെട്ടെന്നായിരുന്നു. മീൻ കൊത്തിയെടുത്ത്‌ തിരിച്ചുപറക്കാൻ ശ്രമിച്ചപ്പോഴാണ്‌ അവനു തന്റെ വിഡ്‌ഢിത്തം പിടികിട്ടിയത്‌. കാൽ വലയിൽ കുടുങ്ങിപ്പോയി. അനങ്ങാൻ കഴിയുന്നില്ല.

ആ സമയത്താണ്‌ മീൻപിടിത്തക്കാർ അവിടെ എത്തിയത്‌. വലയിൽ കുടുങ്ങിയ നീലനെ അവർ പിടിച്ചുകൊണ്ടുപോയി. അതോടെ നീലന്റെ കഥയും കഴിഞ്ഞു.

പുത്തൻവേലിക്കര സുകുമാരൻ

1937 ഡിസംബർ 27-ന്‌ വടക്കൻ പറവൂരിലെ പുത്തൻവേലിക്കരയിൽ ജനിച്ചു. ബി.എ .ബി.എഡ്‌ പാസ്സായിട്ടുണ്ട്‌. രണ്ടരവർഷക്കാലം പോലീസ്‌ ഡിപ്പാർട്ട്‌മെന്റിൽ ക്ലാർക്കായും 29 വർഷക്കാലം അദ്ധ്യാപകനായും ജോലി ചെയ്‌തു. 1993 മാർച്ചിൽ റിട്ടയർ ചെയ്‌തു. വിദ്യാർത്ഥിയായിരുന്നക്കാലം മുതൽ കവിതകൾ എഴുതുമായിരുന്നു. കഴിഞ്ഞ പത്തുവർഷക്കാലമായി ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ കൊടുങ്ങല്ലൂർ ആസ്ഥാനമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബാലസാഹിത്യസമിതിയുടെ പ്രസിഡന്റാണ്‌. പന്ത്രണ്ടോളം ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മണിച്ചെപ്പ്‌, പൂത്താലം, വെളളിക്കിണ്ണം, കാട്ടിലെകഥകൾ, കുറുക്കന്റെ സ്‌നേഹം, കഴുതയുടെ തലച്ചോറ്‌ മുതലായവയാണ്‌ മുഖ്യ കൃതികൾ.

ആരോഗ്യവകുപ്പിൽ ട്രീറ്റുമെന്റ്‌ ഓർഗനൈസറായിരുന്ന എ.രത്നാഭായിയാണ്‌ ഭാര്യ.

വിലാസം

“സൗരഭം”, പുത്തൻവേലിക്കര.പി.ഒ., എറണാകുളം

683 594
Phone: 0484 487014




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.