പുഴ.കോം > കുട്ടികളുടെ പുഴ > കോളങ്ങള്‍ > ഒരിടത്ത്‌ ഒരിടത്ത്‌ ഒരു കുഞ്ഞുണ്ണി > കൃതി

കുഞ്ഞുണ്ണി പൂരപ്പറമ്പിൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിപ്പി പളളിപ്പുറം

കുഞ്ഞുണ്ണിയെ ആദ്യമായി തൃശൂർ പൂരം കാണിക്കാൻ കൊണ്ടുപോയത്‌ ഇളയമ്മാവനായിരുന്നു. അന്ന്‌ ഹൈസ്‌കൂളിൽ പഠിക്കുകയാണ്‌. ആനയും ആലവട്ടവും പൂരവും പൂരപ്പൊലിമയുമൊക്കെ അതിനുമുമ്പ്‌ തന്നെ ഈ കുട്ടിയുടെ ഇളം മനസ്സിൽ കയറിപ്പറ്റിയിരുന്നു.

ഇളയമ്മാമൻ ജോലി ചെയ്‌തിരുന്നത്‌ തൃശൂരിലാണ്‌. ജോലി അവിടെയായതുകൊണ്ട്‌ തല്‌ക്കാലം താമസവും അങ്ങോട്ട്‌ മാറ്റി. പൂരം കാണിക്കാനായി അദ്ദേഹം വലപ്പാട്ടു വന്ന്‌ കുഞ്ഞുണ്ണിയെ തൃശൂരിലുളള വീട്ടിലേക്ക്‌ കൊണ്ടുപോയി.

അമ്മാവൻ ജോലിചെയ്യുന്ന ഇമ്മട്ടി പാവു ജോസഫിന്റെ ഔഷധശാലയിലേക്കാണ്‌ കൊണ്ടുപോയത്‌. മുൻസിപ്പൽ ഓഫീസും ബസ്സ്‌സ്‌റ്റാൻഡും കൊച്ചീമഹാരാജാവിന്റെ പ്രതിമയുമൊക്കെയുളള മുൻസിപ്പൽ റോഡിലായിരുന്നു ആ വൈദ്യശാല. അമ്മാവൻ വാങ്ങിത്തന്ന ചായയും പഴംപൊരിയുമൊക്കെ കഴിച്ച്‌ സന്തോഷത്തോടെ കുഞ്ഞുണ്ണി വൈദ്യശാലയിലെ ചാരുബെഞ്ചിലിരുന്നു.

“കുറച്ചവിടെ ഇരുന്നോളൂ. പൂരം തെക്കേനടയിലെത്തുമ്പോൾ നമുക്ക്‌ അങ്ങോട്ട്‌ പൂവ്വാം” - അമ്മാവൻ അറിയിച്ചു.

കുഞ്ഞുണ്ണി ആകാംക്ഷയോടെ ചെവി വട്ടം പിടിച്ച്‌ കാത്തിരുന്നു. അധികം വൈകാതെ കാതുകുളിർപ്പിക്കുന്ന മേളം അടുത്തടുത്ത്‌ വരുന്നതായി തോന്നി.

“കുട്ടാ വരൂ, ഇനി നമുക്ക്‌ പൂരപറമ്പിലേക്ക്‌ പൂവ്വാം”- അമ്മാവൻ കുഞ്ഞുണ്ണിയെ കൈപിടിച്ച്‌ പുറത്തേക്കിറക്കി. പിന്നെ റോഡിലൂടെ അല്‌പം വടക്കോട്ട്‌ പോയി. അധികം തിരക്കില്ലാത്ത ഒരിടത്ത്‌ നിറുത്തി. എന്നിട്ട്‌ പറഞ്ഞു.

“തെരക്കിലേക്ക്‌ പോവണ്ട. ഇവടെ നിന്നാ എല്ലാം കാണ്വേം കേൾക്ക്വേം ചെയ്യാം” - അമ്മാവന്റെ കൈകളിൽ തൂങ്ങിനിന്ന്‌ കുഞ്ഞുണ്ണി അങ്ങനെ ആദ്യമായി തൃശൂർപൂരം കണ്ടു. ആലവട്ടങ്ങൾ താളത്തിലാടുന്നതും വെഞ്ചാമരങ്ങൾ ഉയർന്നുതാഴുന്നതും വർണ്ണക്കുടകൾ നിവർന്നു ചുരുങ്ങുന്നതുമെല്ലാം കുട്ടിക്കുഞ്ഞുണ്ണി കൗതുകത്തോടെ നോക്കിനിന്നുഃ പഞ്ചാരിമേളത്തിന്റേയും പാണ്ടിമേളത്തിന്റെയും സ്വരമാധുരി ആ കുഞ്ഞുമനസ്സിനെ ആനന്ദത്തിലാറാടിച്ചു.

തിരിച്ചുപോരാൻ നേരമായപ്പോൾ അമ്മാവൻ ഒരു കളിച്ചെണ്ട വാങ്ങി കുഞ്ഞുണ്ണിയുടെ കയ്യിൽ കൊടുത്തു. എന്നിട്ടു പറഞ്ഞുഃ “നമുക്കിപ്പോ വൈദ്യശാലയിലേക്ക്‌ തന്നെ തിരിച്ചു പോവാം. സന്ധ്യയോടെ വൈദ്യശാല പൂട്ടും. അപ്പോ വീട്ടിലേക്ക്‌ മടങ്ങാം.”

അനുസരണയുളള ഒരാട്ടിൻകുട്ടിയെപ്പോലെ കുഞ്ഞുണ്ണി, അമ്മാവന്റെ പിന്നാലെ വൈദ്യശാലയിലേക്ക്‌ മടങ്ങി. രാത്രി കടപൂട്ടിയ ശേഷം രണ്ടുപേരും പൂരത്തിരക്കിനിടയിലൂടെ വീട്ടിലേക്ക്‌ മടങ്ങി. എങ്കിലും ആ പൂരമേളവും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും കുടമാറ്റവുമെല്ലാം കുഞ്ഞുണ്ണിയുടെ മനസ്സിൽ നിറഞ്ഞു നിന്നു.

“മാനം നോക്കി നിൽക്കുക, കടലു കണ്ടു നിൽക്കുക, കൊയ്‌ത്തു കഴിഞ്ഞുകിടക്കുന്ന വയൽകണ്ടു കൺനിറയ്‌ക്കുക, ഞാറോലയിൽ കാറ്റു തട്ടുമ്പോഴുണ്ടാകുന്ന ഓളങ്ങളും നുകർന്ന്‌ കണ്ടങ്ങളുടെ നടുവിലുളള വരമ്പുകളിലൂടെ നടക്കുക തുടങ്ങി ഒരുപാട്‌ വിനോദങ്ങൾ”- കുട്ടിപ്രായത്തിൽ കുഞ്ഞുണ്ണിക്കുണ്ടായിരുന്നു.

കുഞ്ഞുണ്ണിയുടെ കുട്ടിക്കാലത്ത്‌ വീട്ടിൽ കൗതുകമേറിയ നിരവധി വീട്ടുപകരണങ്ങൾ ഉണ്ടായിരുന്നു. “ചെമ്പുകലം, ഓട്ടുഗ്ലാസ്‌, ലോട്ട, ഓട്ടുകിണ്ണം, സേവകനാഴി, ഇഡ്‌ഢലിപ്പാത്രം, പലവലിപ്പത്തിലുളള കിണ്ടികൾ, താമ്പാളം, കോളാമ്പി, പലവലിപ്പത്തിലുളള നിലവിളക്കുകൾ, കോൽവിളക്ക്‌, ഓട്ടുചിമ്മിനിവിളക്ക്‌, മാടമ്പി വിളക്കുതട്ട്‌, പലവലിപ്പത്തിലുളള ഉരുളികൾ എന്നിവയെല്ലാമുണ്ടായിരുന്നു.” കുസൃതിക്കുടുക്കയായ കുഞ്ഞുണ്ണി ഇവയെല്ലാം അത്ഭുതം കൂറുന്ന കണ്ണുകളോടെയാണ്‌ നോക്കിക്കണ്ടിരുന്നത്‌.

Previous Next

സിപ്പി പളളിപ്പുറം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.