പുഴ.കോം > കുട്ടികളുടെ പുഴ > നോവല്‍‌ > കുമിളകൾകൊണ്ടൊരു കൊട്ടാരം > കൃതി

ഭാഗം -അഞ്ച്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കൃഷ്ണകുമാർ മാരാർ

ഈശ്വർദാസിന്റെ ഫുട്‌ബോൾ കളിയെ അസൂയക്കണ്ണുകളോടെ വീക്ഷിച്ച ഒരാളുണ്ടായിരുന്നു അവരുടെ കൂട്ടത്തിൽ. പാളച്ചെവിയൻ നാരായണൻ. മറ്റുളളവരുടേതിനേക്കാൾ വലിപ്പമുണ്ടവന്റെ ചെവിക്ക്‌. അതുകൊണ്ടവനെ പാളച്ചെവിയൻ എന്നാണെല്ലാവരും വിളിക്കുന്നത്‌. ഒൻപതാം ക്ലാസിൽ മഹത്തായ മൂന്നാംവർഷവും തോറ്റു പഠിക്കുന്ന മിടുക്കൻ. ഒളിച്ചുനിന്ന്‌ ബീഡി വലിക്കും. ഫുട്‌ബോൾ കളിക്കുമ്പോൾ അവൻ കാണിക്കുന്ന ഫൗളിന്‌ കണക്കില്ല. എല്ലാ നിയമങ്ങളും തെറ്റിച്ച്‌ ഇടങ്കാലിട്ട്‌ വീഴിക്കുക, മറ്റുളളവരെ ഉന്തിത്തെറിപ്പിച്ച്‌ പന്ത്‌ കൈക്കലാക്കുക, ഇങ്ങനെയുളള പൊറുതിക്കേടുകൾ പാളച്ചെവിയനെക്കൊണ്ടുണ്ട്‌. ഒരിക്കൽ അവൻ ഒളിച്ചുനിന്ന്‌ ബീഡി വലിക്കുന്നത്‌ നാണിയമ്മ കണ്ടുപിടിച്ചു. അവരവന്റെ ചെവിക്കു പിടിച്ച്‌ ബീഡി വാങ്ങി ദൂരെ കളഞ്ഞു. അന്നവൻ നാണിയമ്മയുടെ കൈ തട്ടിമാറ്റി പറഞ്ഞു. “നാണിയമ്മേ, നിങ്ങള്‌ നിങ്ങളെ പാട്‌ നോക്ക്‌. ഞാനെന്റെ കാശുകൊടുത്താ ബീഡി വലിക്കുന്നത്‌?”

എല്ലാവർക്കും അമർഷമുണ്ട്‌ പാളച്ചെവിയനോട്‌. പക്ഷേ, ആരും ഒന്നും പറയില്ല. കളിക്കാൻ കൂട്ടിയില്ലെങ്കിൽ അവൻ ഇടിച്ചുകേറും. ക്രിക്കറ്റുകളിക്കുമ്പോൾ ഔട്ടായാൽ അവൻ സമ്മതിക്കില്ല. അന്ന്‌ കളി തുടങ്ങിയപ്പോൾ തന്നെ ഈശ്വർദാസിന്‌ പാളച്ചെവിയന്റെ അടവുകൾ മനസ്സിലായി. ഒന്നുരണ്ടു തവണ അവന്റെ തൊഴിയേൽക്കുകയും ചെയ്‌തു. പിന്നെ ഈശ്വരൻ അത്‌ നോക്കിനിന്നു ശ്രദ്ധയോടെ ഒഴിഞ്ഞുമാറി. പാളച്ചെവിയൻ മൂക്കും കുത്തി വീണു. അതുകണ്ട്‌ മറ്റുളളവർ ആർത്തുചിരിച്ചു. പാളച്ചെവിയന്‌ ഈശ്വരനോട്‌ പക തോന്നി. ഒടുക്കം ഈശ്വരൻ അവന്റെ ടീമിൽ കളിച്ചപ്പോൾ ആ പക കൂടി. ഈശ്വരനത്‌ മനസ്സിലായെങ്കിലും കാര്യമായെടുത്തില്ല.

കൂട്ടുകാരെല്ലാവരും പറഞ്ഞു പറഞ്ഞ്‌ ഈശ്വർദാസിന്റെ ഖ്യാതി നാടുമുഴുവൻ പരന്നു. ചില ആൾക്കാർ അവനെ കാണാൻ വന്നുതുടങ്ങി. എപ്പോൾ വന്നാലും അവൻ നാണിയമ്മയുടെ പറമ്പിൽ എന്തെങ്കിലും പണിയെടുത്തുകൊണ്ടിരിക്കുകയായിരിക്കും.

“ഞങ്ങളേം കുറച്ച്‌ മാജിക്‌ കാണിച്ചുതാടോ...” അവർ പറയും. എനിക്കറിയില്ലാന്ന്‌ പറഞ്ഞ്‌ അവൻ ഒഴിഞ്ഞുമാറും.

‘വയസ്സുകാലത്ത്‌ നാണിയമ്മയ്‌ക്കൊരു കൂട്ടായി...“ ചിലർ പറയും. ”കക്കാണ്ടും മോഷ്‌ടിക്കാണ്ടും നോക്കിക്കൊളളണേ നാണിയമ്മേ...“ ചിലർ രഹസ്യം പറയും.

”അവനങ്ങനെയൊന്നും ചെയ്യില്ല. അവൻ നല്ലവനാ..“ നാണിയമ്മ പറയും.

”ആ, സൂക്ഷിച്ചാൽ നിങ്ങക്ക്‌ കൊളളാം...“

മുറ്റം കുറച്ച്‌ ചെറുതായെങ്കിലും ഈശ്വരൻ അവിടെ മനോഹരമായൊരു പൂന്തോട്ടം നിർമ്മിച്ചു. അങ്ങാടിയിൽ പോയി ചെടിച്ചട്ടികൾ വാങ്ങിക്കൊണ്ടുവന്നു. അതിനൊന്നും അവൻ നാണിയമ്മയെ ബുദ്ധിമുട്ടിച്ചില്ല. ഇതിനിടയിൽ ഒന്നുരണ്ട്‌ ഉത്സവപ്പറമ്പിൽ പോയി അവൻ ഷോ നടത്തിയിരുന്നു. ആ ചെറിയ സമ്പാദ്യത്തിൽനിന്നാണ്‌ ചെടിച്ചട്ടികൾ വാങ്ങിയത്‌.

”എന്റെ ഈശ്വരാ, ഇതൊക്കെ ആര്‌ കാണാനാ...“ നാണിയമ്മ ചോദിക്കും.

”ആവശ്യം വരും നാണിയമ്മേ... പൂക്കൾ നില്‌ക്കുന്നത്‌ കാണാൻ നല്ല രസമല്ലേ..“ അവൻ ചോദിക്കും.

”ആ നീയെന്തെങ്കിലും കാണിക്ക്‌..“ നാണിയമ്മ സമ്മതം കൊടുക്കും.

നിഷയും കുഞ്ഞുമോളും കൂട്ടുകാരികളുമാണ്‌ ചെടികൾ കൊണ്ടുവന്നത്‌. റോസ്‌, കടലാസുപൂവിന്റെ ചെടി, ജമന്തി, സീനിയ, ചെയ്‌ഞ്ചിംഗ്‌ റോസ്‌, ഉഷമലരി, തുളസി, ചെത്തി എന്നുവേണ്ട സകലചെടികളും അവർ അവിടെ നട്ടുനനച്ചു. നാണിയമ്മ ചിരട്ടയിൽ വെളളം മുക്കി ഓരോന്നും നനച്ചു.

അവിടെയും പാളച്ചെവിയൻ പ്രശ്‌നമുണ്ടാക്കി. കളിക്കുമ്പോൾ അവൻ പന്ത്‌ മനഃപൂർവം പൂന്തോട്ടത്തിലേക്കടിച്ചു. പന്ത്‌ വന്നുവീഴുമ്പോൾ പൂച്ചെടികൾ ചതയും. അവ മറഞ്ഞുവീഴും. പക്ഷേ, ഈശ്വരൻ ക്ഷമയോടെ ചെന്ന്‌ ഓരോന്നും നേരെ നടും.

ഒരു പ്രാവശ്യം അങ്ങോട്ടടിച്ച പന്ത്‌ എടുക്കാൻ പോയത്‌ പാളച്ചെവിയൻ തന്നെയാണ്‌. അത്തവണ അവൻ കുറെയധികം ചെടികൾ ചവിട്ടി നശിപ്പിച്ചു. ഈശ്വരൻ കളി നിർത്തി. പൂന്തോട്ടത്തിൽ ചെന്ന്‌ ഓരോ ചെടിയും വീണ്ടും നേരെ നട്ടുപിടിപ്പിക്കാൻ തുടങ്ങി. മറ്റുളളവരും കളി നിർത്തി ഈശ്വരന്റൊപ്പം ചെന്നു. കളി മുടങ്ങിയെങ്കിലും പാളച്ചെവിയൻ നശിപ്പിച്ച പൂന്തോട്ടം അവർ പുനർനിർമ്മിച്ചു.

അക്കൊല്ലം വായനശാല വാർഷികത്തിന്‌ ഈശ്വർദാസിന്റെ മാജിക്‌ ഷോ വേണമെന്ന്‌ കമ്മിറ്റി തീരുമാനിച്ചു. അവർ ഈശ്വർദാസിനെ ക്ഷണിക്കാൻ വന്നു.

”ഞാനത്ര വല്യ മാജിക്കുകാരനൊന്നുമല്ല...“ അവൻ വിനയപൂർവ്വം പറഞ്ഞു.

”വല്യ മാജിക്കുകാരനെ വേണ്ട. ചെറിയ മാജിക്കുകാരനെ മതി ഞങ്ങൾക്ക്‌.“ വായനശാല കമ്മിറ്റി പ്രസിഡണ്ട്‌ പറഞ്ഞു. ”താൻ വന്ന്‌ പരിപാടി അവതരിപ്പിക്കണം.“

”ചെല്ല്‌ മോനെ..“ നാണിയമ്മ പ്രോത്സാഹിപ്പിച്ചു.

”ഞാനും വരുന്നുണ്ട്‌ നിന്റെ മാജിക്‌ കാണാൻ. ഞാൻ കണ്ടിട്ടില്ലല്ലോ..“

അവൻ സമ്മതിച്ചു. അവന്റെ പേര്‌ വാർഷികനോട്ടീസിൽ അച്ചടച്ചുവന്നു.

ഗ്രാമോദ്ധാരണ വായനശാലയുടെ 12-​‍ാം വാർഷികത്തോടനുബന്ധിച്ച്‌ ഈശ്വർദാസ്‌ അവതരിപ്പിക്കുന്ന മാജിക്‌ ഷോ ഉണ്ടായിരിക്കുന്നതാണ്‌.

ഈ നോട്ടീസ്‌ രാജേഷും കൂട്ടുകാരും സ്‌കൂളിൽ കൊണ്ടുപോയി പ്രചരിപ്പിച്ചു. ഈശ്വർദാസ്‌ ഞങ്ങളെ സുഹൃത്താണ്‌ എന്നു പറഞ്ഞു നടക്കുവാൻ അവർക്കഭിമാനം തോന്നി.

പാളച്ചെവിയൻ മാത്രം പറഞ്ഞു. ”ഞാനവന്റെ മാജിക്‌ കലക്കും..“

Previous Next

കൃഷ്ണകുമാർ മാരാർ

രേണുകാഭവൻ, കീഴില്ലം പി.ഒ, എറണാകുളം ജില്ല-683541


Phone: 0484-2654794




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.