പുഴ.കോം > കുട്ടികളുടെ പുഴ > നോവല്‍‌ > കുമിളകൾകൊണ്ടൊരു കൊട്ടാരം > കൃതി

ഭാഗം ഃ മൂന്ന്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കൃഷ്ണകുമാർ മാരാർ

കുമിളകൾകൊണ്ടൊരു കൊട്ടാരം

“എന്നിട്ടവനെങ്ങടാ പോയത്‌.” നാണിയമ്മയ്‌ക്ക്‌ ആകാംക്ഷ കൂടി. ഇന്നലെ കണ്ട ആ പാവം ചെക്കന്റെ മുഖം അവർക്ക്‌ ഏറെ ഇഷ്‌ടമായിരുന്നു. അവന്റെ പേരാണ്‌ നാണിയമ്മയ്‌ക്ക്‌ കൂടുതൽ ഇഷ്‌ടമായത്‌; ഈശ്വരൻ. അവൻ വല്യ മാജിക്കുകാരനാണെന്നറിഞ്ഞപ്പോൾ അവനെ കാണാൻ നാണിയമ്മയ്‌ക്ക്‌ തിടുക്കംകൂടി.

“നല്ല രസമാ. നാണിയമ്മേ അവൻ സ്‌റ്റേജിൽ നില്‌ക്കുന്നതു കാണാൻ. സ്വർണ്ണനിറമാ അവന്റെ ഉടുപ്പിനൊക്കെ. കൈയിലൊരു വടീം തലയിലൊരു തൊപ്പീം.” നിഷ പറഞ്ഞു. കുഞ്ഞുമോളും രാജേഷും ശ്രീനാഥും അത്‌ ശരിവച്ചപ്പോൾ നാണിയമ്മ ആ രംഗം ഭാവനയിൽ കണ്ടു.

“നിങ്ങളവനെങ്ങോട്ടാ പോയതെന്ന്‌ പറ.” നാണിയമ്മ ധൃതിയിൽ ചോദിച്ചു.

“ആ തെക്കേൽക്കാരുടെ ഇടിഞ്ഞുപൊളിഞ്ഞ വീടില്ലേ കവലേൽ. അവിടെയാന്നാ പറഞ്ഞേ അവന്റെ കിടപ്പും താമസോമെല്ലാം.”

“അയ്യോ...” നാണിയമ്മ പറഞ്ഞു. “അവന്‌ പേടിയാവില്ലേ. കൊച്ചു കുട്ടിയല്ലേ. നിങ്ങക്കവനെ ഇങ്ങോട്ട്‌ വിളിക്കാമായിരുന്നില്ലേ. ഈ ഇറയത്ത്‌ കിടന്നോണ്ടേനെ അവൻ.”

“ഞങ്ങൾ നാളെ അവിടെ നോക്കാം. ഇങ്ങോട്ട്‌ വരാൻ പറയാം.” കൂട്ടുകാരെല്ലാവരും പിരിഞ്ഞു. അന്ന്‌ നേരം വൈകിയതുകൊണ്ട്‌ കളിയൊന്നും വേണ്ടെന്നുവെച്ചു. നാണിയമ്മ കാലും മുഖവും കഴുകി ഇറയത്തേക്കു കയറി ഭസ്‌മത്തട്ടിൽനിന്ന്‌ ഭസ്‌മമെടുത്ത്‌ തൊട്ട്‌ വിളക്കു കത്തിച്ചുവെച്ചു.

പിറ്റേദിവസം എല്ലാവരും അവിടെപ്പോയി നോക്കി. ഈശ്വരൻ അവിടെയെങ്ങുമുണ്ടായിരുന്നതേയില്ല. അവനെവിടെപ്പോയി. എല്ലാവരും പരസ്‌പരം നോക്കി. പിന്നെ നിരാശരായി സ്‌കൂളിലേക്ക്‌ നടന്നു. അന്ന്‌ സ്‌കൂളിൽ മുഴുവൻ തലേന്നു കണ്ട മാജിക്കിനെക്കുറിച്ചായിരുന്നു സംസാരം.

നാണിയമ്മ മുണ്ടും നേരിയതുമുടുത്ത്‌ കവലയിലേക്കിറങ്ങി. തെക്കേൽക്കാരുടെ കെട്ടിടത്തിൽ പോയി നോക്കി. ഈശ്വരനെ അവരും അവിടെ കണ്ടില്ല. അവർ പലരോടും അന്വേഷിച്ചു. “ഇന്നലെ സ്‌കൂളിൽ മാജിക്‌ കാണിച്ച ചെക്കനെ നിങ്ങളാരെങ്കിലും കണ്ടോ?”

ആരും അങ്ങനെയൊരു സംഭവം നടന്നതായിട്ടുകൂടി അറിഞ്ഞിട്ടില്ല. “എന്താ നാണിയമ്മേ ഈ വയസ്സുകാലത്ത്‌ നിങ്ങൾക്ക്‌ മാജിക്ക്‌ കാണാൻ കൊതീണ്ടോ...?” ആരോ കളിയാക്കി.

നാണിയമ്മ വല്ലാത്ത വിഷമത്തോടെ വീട്ടിലേക്കു മടങ്ങി. ഇനി രാത്രിയവനെ ആരെങ്കിലും പിടിച്ചോണ്ട്‌ പോയിരിക്ക്വോ. ഓർത്തപ്പോൾ അവർക്ക്‌ സങ്കടം വന്നു.

അന്ന്‌ വൈകുന്നേരവും പിറ്റേന്നും അവിടെയൊക്കെ അന്വേഷിച്ചെങ്കിലും ആരും ഈശ്വരനെ കണ്ടില്ല. നാണിയമ്മ എന്നും അവനെക്കുറിച്ചന്വേഷിച്ചു.

ഒരു വൈകുന്നേരം സ്‌കൂൾ വിട്ടുവന്നപ്പോൾ ഈശ്വരൻ അവിടെയിരിക്കുന്നുണ്ടായിരുന്നു. അവന്റെ കീറിയ ബാഗിൽ തല ചായ്‌ച്ചുവെച്ച്‌ മയങ്ങുകയായിരുന്നു അവൻ. എല്ലാവരും അവന്റെയടുത്തേക്ക്‌ നടന്നു.

“ഉറങ്ങ്വാണോ...” നാസർ ചോദിച്ചു. അവൻ മെല്ലെ കണ്ണു തുറന്നു. ചുറ്റും ചൂടിയവരെക്കണ്ട്‌ ആദ്യമൊന്ന്‌ പരിശ്രമിച്ചെങ്കിലും അവൻ അവരെ നോക്കി ചിരിച്ചു.

‘എന്താ ഈ സമയത്തൊറങ്ങുന്നത്‌....“ അവർ ചോദിച്ചു.

”ഇന്നലെ ഒരു ഉൽസവപ്പറമ്പിലായിരുന്നു മാജിക്‌. ഒട്ടും ഉറങ്ങിയില്ല...“ അവൻ പറഞ്ഞു.

”പോരുന്നോ ഞങ്ങളുടെ കൂടെ...“ അവർ ചോദിച്ചു.

”എങ്ങോട്ട്‌?“

”നാണിയമ്മയുടെ വീട്ടിലേക്ക്‌.“ അവർ പറഞ്ഞു.

”എന്തിനാ?“

”വിളിച്ചോണ്ടു ചെല്ലാൻ പറഞ്ഞു നാണിയമ്മ.“

അവൻ മറുപടി പറഞ്ഞില്ല. അപ്പോഴേക്കും ”എന്താ അവിടെ, ആരടാ അവിടെ...“ എന്ന്‌ ചോദിച്ചുകൊണ്ട്‌ ഒരു കളളുകുടിയൻ വേച്ചുവേച്ച്‌ അങ്ങോട്ടു വന്നു. അയാളുടെ കണ്ണുകൾ ചുവന്നിരുന്നു.

”നീ ആരെടാ...“ അയാൾ ചോദിച്ചു.

”കൊറെ ദൂരെളളതാ.“ അവൻ പറഞ്ഞു.

”മാജിക്ക്‌കാരനാ...“ കുട്ടികളിൽ ഒരാൾ പറഞ്ഞു. ”ഞങ്ങടെ സ്‌കൂളിൽ മാജിക്‌ കാണിച്ചയാളാ...“

”ആഹാ...എന്നാ നീ എന്നേം കാണിച്ചേ ഒരു മാജിക്‌.“

”എനിക്കറിയില്ല.“ അവൻ പറഞ്ഞു.

”നിനക്കറിയാമ്മേലെ.... കാണിക്കടാ മാജിക്‌..“ അയാൾ കൈയോങ്ങി അവന്റെയടുത്തേക്ക്‌ ചെന്നു. അവൻ ബാഗും പിടിച്ച്‌ ചുരുങ്ങിക്കൂടി പേടിച്ച്‌ ഇരുന്നു.

”ആ.... എന്നാ വേണ്ട. ഒരു പത്തു രൂപായിങ്ങെട്‌..“ അവൻ ദയനീയതയോടെ അയാളെ നോക്കി. ”എടുക്കെടാ കാശ്‌.“

അവൻ പോക്കറ്റിൽ തപ്പി പത്തു രൂപയെടുത്ത്‌ കൊടുത്തു. അയാളത്‌ വാങ്ങി. ”ഇവിടെ ചുറ്റിക്കറങ്ങുവൊന്നും വേണ്ട പൊക്കോണം.“ അയാളവന്റെ ബാഗിനിട്ടൊരു തട്ട്‌ തട്ടി. പിന്നെ വേച്ചു വേച്ച്‌ നടന്നു പോയി.

”എന്തിനാ കാശയാൾക്ക്‌ കൊടുത്തത്‌. ദുഷ്‌ടനാ അയാൾ....“ ശ്രീനാഥ്‌ ചോദിച്ചു.

”എനിക്കയാളെ പേടിയാ.... അയാളുപദ്രവിച്ചാലോ.“

”അപ്പോ ആരേം പേടീലാന്ന്‌ പറഞ്ഞിട്ട്‌.... പേടിപ്പിക്കാൻ വരുന്നവരെയൊക്കെ മാജിക്‌ കാണിച്ചുകൊടുക്കുമെന്ന്‌ പറഞ്ഞതോ...“

”അയാളു കളളുകുടിയനാ.... അയാൾക്കെന്റെ മാജിക്‌ മനസ്സിലാവില്ല.“

”വാ, എന്നാ ഞങ്ങൾ നാണിയമ്മയുടെ വീട്ടിൽ കൊണ്ടുവിടാം.“

”എവിടെയാ നാണിയമ്മയുടെ വീട്‌...?“

”ഇവിടെ അടുത്താ...“

ഈശ്വരൻ ബാഗുമെടുത്ത്‌ അവരുടെ കൂടെ നടന്നു.

Previous Next

കൃഷ്ണകുമാർ മാരാർ

രേണുകാഭവൻ, കീഴില്ലം പി.ഒ, എറണാകുളം ജില്ല-683541


Phone: 0484-2654794




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.