പുഴ.കോം > കുട്ടികളുടെ പുഴ > കാട്ടുകഥ > കൃതി

വിശപ്പ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എ.എൻ.ചന്ദ്രൻ

കുട്ടിക്കഥ

നിലാവുളള ഒരു രാത്രി. ജില്ലൻ കുറുക്കനും ഭാര്യ നില്ലുവും കൂടി ഇര തേടാനിറങ്ങി. അവർ നടന്നുനടന്ന്‌ ഒരു കൊടുംകാട്ടിലെത്തി. പക്ഷേ, ഭക്ഷണമൊന്നും അവർക്ക്‌ കിട്ടിയില്ല. അപ്പോഴാണ്‌ കുറച്ചകലെ നിലാവിൽ അനങ്ങുന്ന ഒരു കൊച്ചു ജീവിയെ അവർ കണ്ടത്‌. വർദ്ധിച്ച സന്തോഷത്തോടെ ജില്ലനും ഭാര്യയും അങ്ങോട്ടു കുതിച്ചു.

തനിക്കു നേരെ പാഞ്ഞു വരുന്ന ജില്ലനേയും ഭാര്യയേയും കണ്ടിട്ടും ആ കൊച്ചുജീവി ഭയന്നില്ല! അതിന്റെ ധൈര്യം കണ്ട്‌ ജില്ലൻ കുറുക്കന്‌ സംശയമായി. അവനൊന്നു നിന്നു.

“അതേതോ സിംഹക്കുഞ്ഞോ പുലിക്കുഞ്ഞോ ആയിരിക്കണം തീർച്ച. നമുക്കതിനെ പിടിക്കേണ്ട.” ജില്ലൻ ഭാര്യയോട്‌ രഹസ്യമായി പറഞ്ഞു.

“വിശന്നിട്ടു തീരെ വയ്യ; എനിക്കിപ്പോൾ തന്നെ വല്ലതും തിന്നേ ഒക്കൂ...നോക്കി നില്‌ക്കാതെ കിട്ടിയ ഇരയെ വേഗം പിടിക്കൂ! നമുക്ക്‌ ഒരുമിച്ച്‌ തിന്നാം!” ജില്ലപത്നി തിരക്കു കൂട്ടി.

തന്റെ പത്നിയുടെ നിർബ്ബന്ധം കൂടിക്കൂടി വന്നപ്പോൾ ജില്ലൻകുറുക്കൻ മനസ്സില്ലാമനസ്സോടെ അതിനെ പിടിക്കാൻ തന്നെ ഉറച്ചു. ജില്ലൻ ആ ജീവിയുടെ അടുത്തെത്തിയതും അടുത്തുളള പൊന്തക്കാട്ടിൽ നിന്നും ഒരു മുരൾച്ച കേട്ടതും ഒന്നിച്ചായിരുന്നു. കരിയിലകൾ ഞെരിഞ്ഞമരുന്ന ഒച്ച! ജില്ലൻ ഒന്നു ഞെട്ടി തിരിഞ്ഞു നോക്കി. അപ്പോൾ തിളങ്ങുന്ന രണ്ടു വലിയ കണ്ണുകൾ! ആ ഭയങ്കരൻ അവനടുത്തേക്ക്‌ നടന്നടുക്കുകയാണ്‌! ഇതിനകം നില്ലവും അതുകണ്ടു കഴിഞ്ഞിരുന്നു- തന്റെ കുഞ്ഞിന്നടുത്തേയ്‌ക്കുളള അതിന്റെ വരവ്‌! പിന്നൊട്ടും താമസിച്ചില്ല ജില്ലനും പത്നിയും തങ്ങളുടെ ജീവനും കൊണ്ടോടി!. എത്രദൂരം അവരങ്ങനെ ഓടിയെന്ന്‌ ഓർമ്മയില്ല. കിതപ്പുമൂലം അവരൊന്നു നിന്നു.

“നമുക്കല്പം വിശ്രമിക്കാം” ജില്ലൻ പത്നിയോടു പറഞ്ഞു. അവർ ഇരുവരും ഒരു മരച്ചുവട്ടിലിരുന്നു.

“ഇപ്പോൾ വിശപ്പ്‌ എങ്ങനെയുണ്ട്‌?” അല്പം കിതപ്പു മാറിയ ജില്ലൻ കുറുക്കൻ പത്നിയോടു തിരക്കി.

“ഇപ്പോൾ വിശപ്പൊട്ടും തോന്നുന്നില്ല; നമുക്കുടനെ മാളത്തിലേക്ക്‌ പോകാം...!” നില്ലു ഭയത്തോടെ പറഞ്ഞു.

എ.എൻ.ചന്ദ്രൻ

വിലാസം

ആർട്ടിസ്‌റ്റ്‌

ബാലഭൂമി, മാതൃഭൂമി

എസ്‌.എച്ച്‌ മൗണ്ട്‌

കോട്ടയം - 6.

ഫോൺ - 568055.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.