പുഴ.കോം > കുട്ടികളുടെ പുഴ > കാട്ടുകഥ > കൃതി

ചെങ്കീരിയമ്മയും പുന്നാരമക്കളും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിപ്പി പളളിപ്പുറം

കാട്ടുക്കഥ

കീരിക്കാട്ടില്ലത്ത്‌ ഒരു ചെങ്കീരിയപ്പനും ചെങ്കീരിയമ്മയും പാർത്തിരുന്നു. അവർക്കു മക്കളൊന്നുമുണ്ടായിരുന്നില്ല. ഒരു കുഞ്ഞിനെ താലോലിക്കാൻ ചെങ്കീരിയമ്മയ്‌ക്കു വലിയ ആശ തോന്നി. ചെങ്കീരിയമ്മ മുപ്പതുദിവസം കീരിക്കാട്ടു ഭഗവതിയെ തൊഴുതു പ്രാർത്ഥിച്ചു.

“കീരിയമ്മയ്‌ക്കൊരു കുഞ്ഞുവേണം

കീരിക്കാട്ടമ്മേ! കനിഞ്ഞിടേണം

ശക്തനായുളെളാരു കുഞ്ഞുവേണം

ചാരുതയാർന്നൊരു കുഞ്ഞുവേണം.”

പ്രാർത്ഥന ഫലിച്ചു. ചെങ്കീരിയമ്മ കുറച്ചു കാലത്തിനുളളിൽ ഒരു കുഞ്ഞിനെ പ്രസവിച്ചു. അവൾ പ്രാർത്ഥിച്ചതുപോലെതന്നെ അതൊരു ശക്തനായ കുഞ്ഞായിരുന്നു. ഒരു വരയൻ പുലിക്കുഞ്ഞ്‌! ചെങ്കീരിയമ്മ വളരെ സ്നേഹത്തോടെ പുലിക്കുഞ്ഞിനെ താലോലിച്ചു വളർത്തി. അല്പം വളർന്നപ്പോൾ പുലിക്കുഞ്ഞ്‌ പറഞ്ഞുഃ

“ചെങ്കീരിയമ്മേ, ചെറിയൊരമ്മേ

കാട്ടിലേയ്‌ക്കൊന്നെന്നെ വിട്ടയയ്‌ക്കൂ

കാട്ടിൽ ഞാൻ, നന്നായ്‌ വസിച്ചുകൊളളാം

വേണ്ടപ്പോൾ വന്നു തുണച്ചു കൊളളാം.”

ഇതുകേട്ടു ചെങ്കീരിയമ്മ അവനു കാട്ടിൽപ്പോകാൻ അനുവാദം കൊടുത്തു. പോകുമ്പോൾ അവൻ ഓർമപ്പെടുത്തിഃ

“ആവശ്യം വല്ലതും വന്നുപോയാൽ

എന്നെ വിളിക്കാൻ മറക്കരുതേ

‘ചഡുഗുഡു ചാടിവാ പൊൻപുലിയേ’

എന്നു വിളിച്ചാൽ ഞാൻ വന്നുകൊളളാം.”

പുലിക്കുഞ്ഞു കാട്ടിലേക്കു പോയതോടെ ചെങ്കീരിയമ്മയ്‌ക്കു പിന്നെയും സങ്കടമായി. ഒരു കുഞ്ഞിനെ താരാട്ടുവാൻ ചെങ്കീരിയമ്മ വല്ലാതെ മോഹിച്ചു. ചെങ്കീരിയമ്മ അമ്പത്തിയാറുദിവസം ഊണും ഉറക്കവുമില്ലാതെ കീരിക്കാട്ടു മുത്തപ്പനെ വിളിച്ചു പ്രാർത്ഥിച്ചു.

“കീരിയമ്മയ്‌ക്കൊരു കുഞ്ഞുവേണം

കീരിക്കാട്ടപ്പാ! കനിഞ്ഞിടേണം

ഏഴഴകുളെളാരു കുഞ്ഞുവേണം

ഏറെ മിടുക്കുളള കുഞ്ഞുവേണം.”

കീരിയമ്മയുടെ വിളി കീരിക്കാട്ടു മുത്തപ്പൻ കേട്ടു. കുറച്ചുകാലത്തിനുളളിൽ ചെങ്കീരിയമ്മ വീണ്ടും പ്രസവിച്ചു. അവൾ പ്രാർത്ഥിച്ചതുപോലെ തന്നെ അത്‌ ഏഴഴകുളള ഒരു മിടുക്കൻ കുഞ്ഞായിരുന്നു. ഒരു മയിൽക്കിടാവ്‌! ചെങ്കീരിയമ്മ താഴത്തും തലയിലും വയ്‌ക്കാതെ മയിൽക്കിടാവിനെ താരാട്ടിവളർത്തി. എങ്കിലും പറക്കമുറ്റാറായപ്പോൾ മയിൽക്കിടാവു പറഞ്ഞുഃ

“ചെങ്കീരിയമ്മേ, മിടുക്കിയമ്മേ

താഴ്‌വരതേടി ഞാൻ പോയിടട്ടെ

കായ്‌കനീ കൊത്തിപ്പറന്നിടട്ടെ

വേണ്ടപ്പോൾ വന്നു തുണച്ചുകൊളളാം.”

ഇതുകേട്ടു ചെങ്കീരിയമ്മ മയിൽക്കിടാവിനു താഴ്‌വരയിലേക്കു പോകാൻ അനുവാദം കൊടുത്തു. പോകുമ്പോൾ മയിൽക്കിടാവ്‌ ഓർമപ്പെടുത്തി.

“ആവശ്യം വല്ലതും വന്നുപോയാൽ

എന്നെ വിളിക്കാൻ മറക്കരുതേ

‘അടിമുടി ആടി വാ പൊൻമയിലേ’

എന്നു വിളിച്ചാൽ ഞാൻ വന്നുകൊളളാം.”

മയിൽക്കിടാവു താഴ്‌വരയിലേക്കു പറന്നുപോയതോടെ ചെങ്കീരിയമ്മയ്‌ക്കു പിന്നെയും സങ്കടമായി. ഒരു കുഞ്ഞിനെ ചാഞ്ചാട്ടുവാൻ ചെങ്കീരിയമ്മ പിന്നെയും വല്ലാതെ കൊതിച്ചു. ചെങ്കീരിയമ്മ മുന്നൂറ്റിയറുപത്തഞ്ചു ദിവസം മുട്ടുമ്മേൽ നിന്നു വയനാട്ടു കുലവനെ വിളിച്ചു പ്രാർത്ഥിച്ചു.

“കീരിയമ്മയ്‌ക്കൊരു കുഞ്ഞുവേണം

വയനാട്ടുകുലവാ! കനിഞ്ഞിടേണം

ബുദ്ധിമാനായൊരു കുഞ്ഞുവേണം

ഉത്തമനായൊരു കുഞ്ഞുവേണം.”

കീരിയമ്മയുടെ പ്രാർത്ഥന കുലവൻ കേട്ടു. കുറെനാൾ കഴിഞ്ഞപ്പോൾ ചെങ്കീരിയമ്മ പിന്നെയും പ്രസവിച്ചു. അവൾ പ്രാർത്ഥിച്ചതുപോലെ അത്‌ ബുദ്ധിമാനും ഉത്തമനുമായ ഒരു കുഞ്ഞായിരുന്നു. തലയിൽ പൊൻകിരീടമുളള ഒരു മനുഷ്യക്കുഞ്ഞ്‌! ചെങ്കീരിയമ്മ താരാട്ടി പാലൂട്ടി മനുഷ്യക്കുഞ്ഞിനെ വളർത്താൻ തുടങ്ങി.

ഒരു ദിവസം രാജകൊട്ടാരത്തിലെ തൂപ്പുകാരൻ അതുവഴി കടന്നുപോയി. അപ്പോൾ തലയിൽ കിരീടമുളള മിടുമിടുക്കനായ ഒരു മനുഷ്യക്കുഞ്ഞ്‌ കാടിന്റെ നടുവിലിരുന്നു കളിച്ചുല്ലസിക്കുന്നത്‌ അയാൾ കണ്ടു. തൂപ്പുകാരൻ ഓടിച്ചെന്നു വിവരം രാജാവിനെ അറിയിച്ചു. കുഞ്ഞിനെ ഉടനെ കണ്ടുപിടിച്ചു കൊട്ടാരത്തിലേക്കു കൊണ്ടുവരാൻ രാജാവു കല്പിച്ചു.

രാജസേവകന്മാർ കാടുവെട്ടിത്തെളിച്ചു മനുഷ്യക്കുഞ്ഞിനെ പിടിച്ചു രാജാവിന്റെ മുന്നിൽ ഹാജരാക്കി. തലയിൽ സ്വർണക്കിരീടമുളള കുട്ടിയെ കണ്ടു രാജാവു പരിഭ്രമിച്ചു. ഈ കുട്ടി വളർന്നുവന്നാൽ അവൻ ആ നാട്ടിലെ രാജാവായിത്തീരുമെന്ന്‌ അദ്ദേഹം ഭയപ്പെട്ടു. അതുകൊണ്ട്‌ ഏതെങ്കിലും പ്രകാരത്തിൽ അവന്റെ കഥകഴിക്കണമെന്നു രാജാവ്‌ നിശ്ചയിച്ചു. രാജാവ്‌ അതിനുപറ്റിയ ഒരു തന്ത്രം പ്രയോഗിച്ചു. അദ്ദേഹം അവനോടു കല്പിച്ചു.

“കാട്ടിലൊളിച്ചു കഴിഞ്ഞ നിന്നെ

കാട്ടുകഴുകനു തീറ്റിയാക്കും

രണ്ടു പുലികളെ കൊണ്ടുവന്നാൽ

കൊല്ലാതെ നിന്നെ ഞാൻ വിട്ടയയ്‌ക്കാം”

ഇതുകേട്ടു മനുഷ്യക്കുഞ്ഞിനു പേടിയായി. അവൻ ഓടിച്ചെന്നു ചെങ്കീരിയമ്മയോടു വിവരംപറഞ്ഞു. ചെങ്കീരിയമ്മ അവനെ സമാധാനിപ്പിച്ചു.

“ഒട്ടും ഭയക്കേണ്ട പൊന്നുമോനേ

ഒട്ടും വിറയ്‌ക്കേണ്ട കുഞ്ഞുമോനേ

”ചഡുഗുഡു ചാടിവാ പൊൻപുലിയേ“

എന്നു നീ വേഗം വിളിച്ചുകൊളളൂ.”

ഇതുകേട്ട്‌ അവൻ ചെങ്കീരിയമ്മ പറഞ്ഞ പ്രകാരം ഉറക്കെ വിളിച്ചു. പെട്ടെന്ന്‌ ഉഗ്രനായ ഒരു വരയൻപുലി അവിടെ പാഞ്ഞെത്തി, പുലി വന്നപാടെ ചെങ്കീരിയമ്മയുടെ പാദങ്ങൾ നക്കാൻ തുടങ്ങി. ചെങ്കീരിയമ്മ വിവരമെല്ലാം പുലിയോടു പറഞ്ഞു.

അവൾ വേഗം കാട്ടിൽച്ചെന്നു രണ്ടു പെരുംപുലികളെ കൂട്ടിക്കൊണ്ടുവന്നു.

മനുഷ്യക്കുഞ്ഞൻ പെരുംപുലികളെയും കൂട്ടി രാജകൊട്ടാരത്തിലേക്കു ചെന്നു. രാജാവ്‌ പേടിച്ചുവിറച്ചു. എങ്കിലും അദ്ദേഹം അവനെ കുടുക്കാനായി മറ്റൊരു തന്ത്രം പ്രയോഗിച്ചു.

“പുലികളെ വേഗത്തിൽ വിട്ടുകൊളളൂ

പുലിമണം കേട്ടാൽ തലകറങ്ങും

പത്തുമയിലിനെ കൊണ്ടുവന്നാൽ

കൊല്ലാതെ നിന്നെ വിട്ടയയ്‌ക്കാം.”

ഇതുകേട്ട്‌ അവൻ പുലികളെ വിട്ടയച്ചു. എന്നിട്ട്‌ ഓടിച്ചെന്ന്‌ ചെങ്കീരിയമ്മയോടു വിവരം പറഞ്ഞു. ചെങ്കീരിയമ്മ അവനെ സമാധാനിപ്പിച്ചു.

“മാനമില്ലാത്തൊരു തമ്പുരാന്റെ

മാനം കെടുത്തിടാം കുഞ്ഞുമോനേ!

‘അടിമുടി ആടി വാ പൊൻമയിലേ”

എന്നു നീ വേഗം വിളിച്ചുകൊളളൂ.“

ഇതുകേട്ട്‌ അവൻ ചെങ്കീരിയമ്മ പറഞ്ഞപ്രകാരം ഉറക്കെ വിളിച്ചു. പെട്ടെന്നു സുന്ദരനായ ഒരു മയിൽ അവിടെ പറന്നെത്തി. മയിൽ വന്നപാടെ ചെങ്കീരിയമ്മയെ പീലികൾ കൊണ്ടു തഴുകി. ചെങ്കീരിയമ്മ മയിലിനോടു വിവരമെല്ലാം പറഞ്ഞു. അവൻ വേഗം താഴ്‌വരയിൽച്ചെന്ന്‌ പത്തു മയിലുകളെ കൂട്ടിക്കൊണ്ടുവന്നു.

മനുഷ്യക്കുഞ്ഞൻ മയിലുകളെയും കൂട്ടി കൊട്ടാരത്തിലേക്കു ചെന്നു. രാജാവ്‌ പരിഭ്രാന്തനായി. എങ്കിലും അദ്ദേഹം അവനോടു പറഞ്ഞു.

”കോട്ടവളപ്പിലെ കൊമ്പനോട്‌

മല്ലിട്ടുവേഗം ജയിച്ചുവന്നാൽ

കൊല്ലാതെ നിന്നെ ഞാൻ വിട്ടുകൊളളാം

രാജസിംഹാസനം തന്നുകൊളളാം.“

ഇതുകേട്ട്‌ അവൻ സങ്കടത്തോടെ ചെങ്കീരിയമ്മയുടെ അടുക്കൽചെന്നു വിവരം പറഞ്ഞു. ചെങ്കീരിയമ്മ അവനെ സമാധാനിപ്പിച്ചു.

”കൊമ്പനെ വെല്ലാനും വിദ്യയുണ്ട്‌

അമ്പരക്കാതെ നീ കുഞ്ഞുമോനേ!

മയിലുകൾ നിന്നെ തുണച്ചുകൊളളും

പോരിനൊരുങ്ങി നീ ചെന്നുകൊളളൂ....“

മനുഷ്യക്കുഞ്ഞൻ കോട്ടവളപ്പിലെ കൊമ്പനുമായി ഏറ്റുമുട്ടാൻ പോകുന്ന വിവരമറിഞ്ഞു ധാരാളം പേർ ചുറ്റും കൂടി.

ഒരു വലിയ അരയാലിന്റെ ചുവട്ടിൽ വെച്ചായിരുന്നു പോരാട്ടം. ചെങ്കീരിയമ്മയുടെ ഉപദേശപ്രകാരം മയിലുകൾ നേരത്തെതന്നെ ആലിലകൾക്കിടയിൽ മറഞ്ഞിരുന്നു.

മനുഷ്യക്കുഞ്ഞൻ കൊമ്പനാനയുടെ മുന്നിലേക്കു ചെന്നു. അവനെ ആന തുമ്പിക്കൈകൊണ്ടു വാരിയെടുക്കാൻ പലവട്ടം തുനിഞ്ഞു. എങ്കിലും അവൻ തന്ത്രപൂർവം ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു. ഒടുവിൽ ആന അവനെ കടന്നുപിടിച്ചു.

ഈ തക്കം നോക്കി മയിലുകൾ ഒരു എറുമ്പിൻകൂട്‌ കൊത്തിയെടുത്ത്‌ താഴേയ്‌ക്കിട്ടു. എറുമ്പുകൾ തുമ്പിക്കയ്യിലൂടെ മേലോട്ടു കയറി. ഗത്യന്തരമില്ലാതായ കൊമ്പനാന മനുഷ്യക്കുഞ്ഞനെ താഴെയിട്ടിട്ടു വാലും ചുരുട്ടി ഓടി.

തോറ്റോടുന്ന ആനയെക്കണ്ട്‌ സന്തോഷം പൂണ്ട കാണികൾ ഉറക്കെ ആർപ്പുവിളിച്ചു. മനുഷ്യക്കുഞ്ഞൻ വീണ്ടും ആനയുടെ പിന്നാലെ പാഞ്ഞു. അവനെക്കണ്ട ആന പേടിച്ചു പുഴനീന്തി അക്കരെക്കടന്നു രക്ഷപ്പെട്ടു.

ആന അവനെ കൊല്ലുമെന്ന ഉറപ്പിലാണ്‌ തന്റെ സിംഹാസനം വിട്ടുകൊടുക്കാമെന്നു രാജാവ്‌ വാക്കുപറഞ്ഞത്‌ പക്ഷേ അതോടെ രാജാവിന്‌ തോൽവി സമ്മതിക്കേണ്ടിവന്നു. അദ്ദേഹം തന്റെ സിംഹാസനം മനുഷ്യക്കുഞ്ഞനു വിട്ടുകൊടുത്തു.

അന്നുമുതൽ മനുഷ്യക്കുഞ്ഞൻ ആ നാട്ടിലെ രാജാവായിത്തീർന്നു.

സിപ്പി പളളിപ്പുറം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.