പുഴ.കോം > കുട്ടികളുടെ പുഴ > ഉണ്ണിക്കഥ > കൃതി

കൊച്ചുനീലാണ്ടനും ചങ്ങാതിമാരും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിപ്പി പളളിപ്പുറം

കാട്ടുകഥ

കൊച്ചുനീലാണ്ടൻ എന്ന ആനക്കുട്ടിക്കു വലിയ സന്തോഷം! അവൻ രാവിലെ ഉണർന്ന്‌ കാട്ടാറിൽ പോയി മുങ്ങിക്കുളിച്ചു. ഭംഗിയായി ഉടുത്തൊരുങ്ങി നെറ്റിയിൽ ചന്ദനം കൊണ്ടു കുറി വരച്ചു. പിന്നെ തുമ്പിക്കയ്യിൽ ഒരു വലിയ പൂങ്കുലയും ഉയർത്തിപ്പിടിച്ചുകൊണ്ട്‌ മുന്നോട്ടു നടന്നു. ഈ സന്തോഷത്തിനൊക്കെ എന്താ കാരണമെന്നോ? പുലിയന്നൂർക്കാട്ടിലെ പുലിയമ്മപ്പെണ്ണിന്റെ ആദ്യത്തെ പിറന്നാളാണ്‌! അതിനു കൊച്ചു നീലാണ്ടനെ നേരത്തെതന്നെ ക്ഷണിച്ചിരുന്നു.

കൊച്ചുനീലാണ്ടൻ ഉത്സാഹത്തോടെ പാട്ടുംപാടി അടിവെച്ചു നീങ്ങി.

“താതിന്നം തകതിന്നം തിന്തില്ലം താരാ

പുലിയന്നൂർക്കാട്ടിലിന്നുത്സവമേളം!

പുലിയമ്മപ്പെണ്ണിൻ പിറന്നാളു മേളം;

പോരുന്നോ പോരുന്നോ ചങ്ങാതിമാരേ?”

കുറച്ചുദൂരം ചെന്നപ്പോൾ അതാ ചിങ്ങവനത്തെ ചിങ്ങൻ കരടി ഒരു കുടം തേനുമായി വഴിവക്കത്ത്‌ ഒരുങ്ങിനില്‌ക്കുന്നത്‌ കൊച്ചുനീലാണ്ടൻ കണ്ടു. ചിങ്ങൻ കരടിയും പിറന്നാളിനു പോകാനുളള തിടുക്കത്തിലായിരുന്നു. അവർ രണ്ടുപേരുംകൂടി പാട്ടുംപാടി യാത്രയായി.

“താതിന്നം തകതിന്നം തിന്തില്ലം താരാ

പുലിയന്നൂർക്കാട്ടിലിന്നുത്സവമേളം!

പുലിയമ്മപ്പെണ്ണിൻ പിറന്നാളു മേളം;

പോരുന്നോ പോരുന്നോ ചങ്ങാതിമാരേ?

”നടന്നു നടന്ന്‌ അവർ കിങ്ങിണിമലയുടെ താഴ്‌വരയിലെത്തി. അപ്പോൾ മണിയൻ ചെമ്മരിയാട്‌ മിനുങ്ങുന്ന കമ്പളിയുടുപ്പും തൂക്കിപ്പിടിച്ചു നില്‌ക്കുന്നതു കണ്ടു. മണിയൻ ചെമ്മരിയാടും പിറന്നാൾസദ്യയ്‌ക്കു പോകാനുളള ഒരുക്കത്തിലായിരുന്നു. അവർ മൂന്നുപേരും കൂടി പാട്ടുംപാടി യാത്രയായി.

“താതിന്നം തകതിന്നം തിന്തില്ലം താരാ

പുലിയന്നൂർക്കാട്ടിലിന്നുത്സവമേളം!

പുലിയമ്മപ്പെണ്ണിൻ പിറന്നാളു മേളം;

പോരുന്നോ പോരുന്നോ ചങ്ങാതിമാരേ?”

കുറച്ചുദൂരം ചെന്നപ്പോൾ കുരങ്ങന്തറയിലെ കുഞ്ചാതിക്കുരങ്ങൻ ഒരു വലിയ കളിപ്പാവയേയും ഒക്കത്തുവച്ചു നില്‌ക്കുന്നതു കണ്ടു. കുഞ്ചാതിക്കുരങ്ങനും പിറന്നാളു കൂടാൻ ഒരുങ്ങി നില്‌ക്കുകയായിരുന്നു. അവർ നാലുപേരും കൂടി പാട്ടുംപാടി യാത്രയായി...

“താതിന്നം തകതിന്നം തിന്തില്ലം താരാ

പുലിയന്നൂർക്കാട്ടിലിന്നുത്സവമേളം!

പുലിയമ്മപ്പെണ്ണിൻ പിറന്നാളു മേളം;

പോരുന്നോ പോരുന്നോ ചങ്ങാതിമാരേ?”

കൊച്ചുനീലാണ്ടനും ചിങ്ങൻ കരടിയും മണിയൻ ചെമ്മരിയാടും കുഞ്ചാതിക്കുരങ്ങനും കൂടി ഉച്ചനേരമായപ്പോഴേക്കും പുലിയന്നൂർക്കാട്ടിലെ പുലിയമ്മപ്പെണ്ണിന്റെ വീട്ടിലെത്തി. അപ്പോൾ അവിടെ പിറന്നാളിന്റെ തിക്കും തിരക്കുമായിരുന്നു. പുലിയമ്മപ്പെണ്ണിന്റെ ഉറ്റചങ്ങാതിയായ പൊണ്ണച്ചൻ നീർക്കുതിര ഒരു വലിയ ‘കേക്കു’മായി ഇറയത്തുതന്നെ ഇരിക്കുന്നുണ്ടായിരുന്നു. കൊച്ചുനീലാണ്ടൻ പൂങ്കുലയും ഉയർത്തിപ്പിടിച്ചു മോടിയിൽ അണിഞ്ഞൊരുങ്ങി വരുന്നതു കണ്ടു പൊണ്ണച്ചൻ നീർക്കുതിരയ്‌ക്ക്‌ അസൂയ തോന്നി.

പൊണ്ണച്ചൻ നീർക്കുതിര സദ്യയ്‌ക്കു വിളമ്പാൻ ഒരുക്കിവച്ചിരുന്ന പായസപ്പാത്രമെടുത്തു കൊച്ചുനീലാണ്ടന്റെ മുഖത്തേക്ക്‌ ഒറ്റയേറ്‌! പാവം കൊച്ചുനീലാണ്ടൻ! അവന്റെ മുഖവും തുമ്പിക്കയ്യും ഉടുപ്പുമെല്ലാം പായസത്തിൽ മുങ്ങി.

പിറന്നാളു കൂടാൻ വന്നിരുന്ന കൂട്ടുകാരെല്ലാം കൊച്ചുനീലാണ്ടനെ കളിയാക്കിച്ചിരിച്ചു. അവനു സങ്കടംസഹിക്കാൻ കഴിഞ്ഞില്ല. അവന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. അവൻ പറഞ്ഞുഃ

“പൊണ്ണച്ചൻ കാട്ടിയ വിക്രിയ കണ്ടോ!

നാണക്കേടായല്ലോ ചങ്ങാതിമാരേ;

പുലിയമ്മപ്പെണ്ണിൻ പിറന്നാളു കൂടാൻ

ഞാനില്ല ഞാനില്ല ചങ്ങാതിമാരേ!”

കൊച്ചുനീലാണ്ടൻ അവിടെനിന്നും ഇറങ്ങി നടന്നു. അവൻ കുറച്ചകലെയുളള തെങ്ങിൻതോപ്പിൽ ചെന്ന്‌ ഒരു ചെന്തെങ്ങിന്മേൽ ചാരിയിരുന്നു. കൊച്ചുനീലാണ്ടൻ അറിയാതെ ഒന്നു മയങ്ങിപ്പോയി. പെട്ടെന്നാണ്‌ ഉറക്കെയുളള ഒരു കരച്ചിൽ കേട്ടത്‌ഃ

“പുലിയന്നൂർക്കാടിനു തീപിടിച്ചയ്യോ

കാട്ടുതീ കേറിപ്പടരുന്നിതയ്യോ!

വേവുന്നേ ചാവുന്നേ ചങ്ങാതിമാരേ!......”

കൊച്ചുനീലാണ്ടൻ ഞെട്ടി ഉണർന്ന്‌ ചെവിയോർത്തുഃ തന്റെ പ്രിയപ്പെട്ട ചങ്ങാതിമാരുടെ കരച്ചിലാണു കേൾക്കുന്നതെന്ന്‌ അവനു മനസ്സിലായി.

പിന്നെ ഒന്നും ചിന്തിക്കാൻ നിന്നില്ല. കൊച്ചുനീലാണ്ടൻ അങ്ങോട്ടേക്കു കുതിച്ചു. പോകുന്നതിനിടയിൽ അവൻ ഒരു കാട്ടാറിലിറങ്ങി തന്റെ തുമ്പിക്കൈ നിറയെ വെളളമെടുത്തു.

കൊച്ചുനീലാണ്ടൻ ഉറക്കെ വിളിച്ചുപറഞ്ഞുഃ

“കരയേണ്ട കരയേണ്ട ചങ്ങാതിമാരേ

നിങ്ങളെ രക്ഷിക്കാൻ ഞാനിതാ വന്നേ!”

കത്തിപ്പടരുന്ന തീയിലേക്ക്‌ അവൻ തന്റെ തുമ്പിക്കൈ നീട്ടിഃ “ധ്‌ഫൂ!.....ധ്‌ഫൂ!..... ധ്‌ഫൂ!.....”

തുമ്പിക്കൈക്കുളളിൽ നിറച്ചുവച്ചിരുന്ന വെളളം തീ കെടുത്താൻ തുടങ്ങി. അല്‌പസമയംകൊണ്ട്‌ തീയുടെ ശക്തി ഒരു വിധം കുറഞ്ഞു.

കൊച്ചുനീലാണ്ടൻ തന്റെ ചങ്ങാതിമാരെ ഒന്നാകെ തുമ്പിക്കൈയ്യിൽ പൊക്കിയെടുത്തു. പുറവും വയറും പൊളളിപ്പോയ പൊണ്ണച്ചൻ നീർക്കുതിരയെയാണ്‌ അവൻ ആദ്യം പൊക്കിയെടുത്തത്‌. അവനെ പൊക്കിയെടുക്കാൻ കൊച്ചുനീലാണ്ടനു വളരെ പണിപ്പെടേണ്ടതായി വന്നു.

പിന്നെയാണ്‌ പുലിയമ്മപ്പെണ്ണിനെ രക്ഷപ്പെടുത്തിയത്‌. താമസിയാതെ ചിങ്ങൻ കരടിയെയും മണിയൻ ചെമ്മരിയാടിനെയും കുഞ്ചാതിക്കുരങ്ങനെയുമെല്ലാം ഒന്നൊന്നായി പൊക്കിയെടുത്തു.

ഓരോരുത്തരെയും രക്ഷപ്പെടുത്തുന്നതിനിടയിൽ കൊച്ചുനീലാണ്ടന്റെ തുമ്പിക്കൈയ്‌ക്കും ഒരല്‌പം പൊളളലേറ്റിരുന്നു.

നല്ലവനായ കൊച്ചുനീലാണ്ടന്റെ പ്രവൃത്തി എല്ലാവരെയും വിസ്‌മയിപ്പിച്ചു. കൊച്ചുനീലാണ്ടൻ തക്കസമയത്ത്‌ അവിടെ എത്തിയിരുന്നില്ലെങ്കിൽ തങ്ങളെല്ലാം വെന്തുചാകുമായിരുന്നു എന്ന്‌ അവർക്ക്‌ അറിയാമായിരുന്നു.

അവർ കൊച്ചുനീലാണ്ടന്റെ മുന്നിൽ കണ്ണീരോടെ നിന്നു. പൊണ്ണച്ചൻ നീർക്കുതിര പറഞ്ഞുഃ

“മാപ്പെനിക്കേകണേ കൊച്ചുനീലാണ്ടാ

തെറ്റു പൊറുക്കണേ കൊച്ചുനീലാണ്ടാ !.....

പാവമാം നിന്നെ ഞാൻ ദ്രോഹിച്ചു പോയീ

എങ്കിലും നീയെന്റെ രക്ഷയ്‌ക്കു വന്നൂ!”

കൊച്ചുനീലാണ്ടൻ തന്റെ തുമ്പക്കൈകൊണ്ടു പൊണ്ണച്ചനെ തഴുകി. അവൻ പറഞ്ഞുഃ

“ആപത്തു വന്നീടും നേരത്തു നമ്മൾ

ശത്രുക്കളാകിലും രക്ഷിച്ചിടേണം!

നമ്മളീ കാടിന്റെ പുന്നാര മക്കൾ

ഒന്നിച്ചു കൈകോർത്തു ജീവിച്ചിടേണം.”

എല്ലാവർക്കും സന്തോഷമായി. പുലിയമ്മപ്പെണ്ണിനായിരുന്നു ഏറ്റവും സന്തോഷം!

സിപ്പി പളളിപ്പുറം

1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ.

ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌.

വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.