പുഴ.കോം > കുട്ടികളുടെ പുഴ > കാട്ടുകഥ > കൃതി

കൂനനുണ്ണിയും കൂട്ടുകാരും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിപ്പി പളളിപ്പുറം

ജന്തുക്കളും മൃഗങ്ങളും മാത്രം പാർക്കുന്ന ഒരുരാജ്യമായിരുന്നു ജന്തുസ്ഥാൻ. കാടുകളും മലകളും കുന്നുകളും താഴ്‌വരകളും നിറഞ്ഞ ജന്തുസ്ഥാനിൽ മനുഷ്യരാരും താമസിച്ചിരുന്നില്ല. മൃഗങ്ങളെ വേട്ടയാടാൻ വല്ലപ്പോഴുമൊക്കെ ചില മനുഷ്യർ പാത്തും പതുങ്ങിയും അവിടെ എത്താറുണ്ടായിരുന്നു.

ജന്തുസ്ഥാനിലെ കോലൻജിറാഫിന്റെ മകനായിരുന്നു കൂനനുണ്ണി. ജനിച്ചപ്പോൾ തന്നെ അവന്റെ പുറത്ത്‌ ഒരു വലിയ കൂനുണ്ടായിരുന്നു. അതുകൊണ്ടാണ്‌ എല്ലാവരും അവനെ കൂനനുണ്ണി എന്നു വിളിച്ചു വന്നത്‌.

കൂനനുണ്ണിയുടെ അച്ഛനെ ഒരു ദിവസം രണ്ടു സിംഹങ്ങൾ പതിയിരുന്നു ആക്രമിച്ചു. വിശന്നുവലഞ്ഞ സിംഹങ്ങൾ അദ്ദേഹത്തെ കൊന്ന്‌ തിന്ന്‌ സ്ഥലംവിടുകയും ചെയ്‌തു.

അന്നുമുതൽ കൂനനുണ്ണിയെ തീറ്റിപ്പോറ്റിയത്‌ അവന്റെ അമ്മയായ കോലുനാരായണിയാണ്‌. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ കോലുനാരായണിക്കും ഒരാപത്തു വന്നുകൂടി.

കോലുനാരായണിയും കൂനനുണ്ണിയും കൂടി ഒരു ദിവസം കറുകക്കാട്ടിൽ ഉലാത്തുകയായിരുന്നു. പെട്ടെന്നാണ്‌ ഒരു കൂട്ടം വേട്ടക്കാർ അതുവഴി പാഞ്ഞുവന്നത്‌.

വേട്ടക്കാരുടെ കെണിയിൽ നിന്നു രക്ഷപ്പെടാൻ കോലുനാരായണിയും കൂനനുണ്ണിയും ആവുന്നത്ര വേഗത്തിൽ ഓടി. പക്ഷേ അവർ കോലുനാരായണിയെ കുരുക്കെറിഞ്ഞു കുടുക്കിലാക്കി. പിന്നെ കൈകാലുകൾ കെട്ടി ഒരു വണ്ടിയിൽ കയറ്റി ദൂരെയുളള മൃഗശാലയിലേയ്‌ക്ക്‌ കൊണ്ടുപോയി.

കൂനനുണ്ണി വേട്ടക്കാരുടെ കണ്ണുവെട്ടിച്ച്‌ എങ്ങിനെയോ രക്ഷപ്പെട്ടു. എങ്കിലും തന്റെ സ്‌നേഹമുളള അമ്മയെ ഇനി ഒരിക്കലും കാണില്ലല്ലോ എന്നോർത്ത്‌ അവന്റെ ഹൃദയം വേദനിച്ചു.

അച്ഛനും അമ്മയും നഷ്‌ടപ്പെട്ട പാവം കൂനനുണ്ണി അകന്ന ബന്ധത്തിൽ അമ്മാവനായ പോത്തൻജിറാഫിന്റെ കൂടെ താമസമാക്കി. പോത്തൻജിറാഫ്‌ മഹാപിശുക്കനും വെറിയനുമായിരുന്നു. സ്വന്തം വയറു മത്തങ്ങപോലെ വീർപ്പിക്കണമെന്ന ഒറ്റ വിചാരമേ പോത്തനുണ്ടായിരുന്നുളളൂ. അവൻ കൂനനുണ്ണിയ്‌ക്ക്‌ വിശപ്പുതീരെ ഒന്നും കൊടുത്തില്ല. തൊട്ടതിനൊക്കെ കൂനനുണ്ണിയെ ഉപദ്രവിക്കാനും അവൻ മടിച്ചില്ല.

കുറേദിവസം കൊണ്ട്‌ കൂനനുണ്ണി ക്ഷീണിച്ച്‌ എല്ലും തോലുമായി. കൂനനുണ്ണിയെ എങ്ങിനെയെങ്കിലും തന്റെ വീട്ടിൽ നിന്ന്‌ ഇറക്കിവിടാൻ പോത്തൻജിറാഫ്‌ തക്കം നോക്കിക്കൊണ്ടിരുന്നു.

ഒരു ദിവസം സന്ധ്യയ്‌ക്ക്‌ പോത്തൻ കൂനനുണ്ണിയോട്‌ പറഞ്ഞു.

“എടാ കൂനാ, നിന്നെയിങ്ങനെ തീറ്റിപ്പോറ്റാൻ എനിക്കു പറ്റില്യ. നീ എവിടേങ്കിലും പോയി തുലയ്‌”

ഇതുകേട്ട്‌ കൂനനുണ്ണി സങ്കടപ്പെട്ടു. അവൻ പോത്തൻജിറാഫിനോടു പറഞ്ഞു.

“അമ്മാവാ എന്നെ ഇവിടുന്ന്‌ ആട്ടിയോടിക്കരുത്‌. അമ്മാവനല്ലാതെ ആരും ഈ ലോകത്തിൽ എനിക്കു കൂട്ടിനില്ല.”

“നീ ഒന്നും പറയണ്ട. വേഗം ഇവിടുന്നു ഇറങ്ങിയാട്ടെ.”- പോത്തൻ ജിറാഫ്‌ കൂനനുണ്ണിയെ കഴുത്തിനു പിടിച്ച്‌ തളളി പുറത്താക്കി.

സാധുമൃഗങ്ങൾ പുറത്തിറങ്ങാൻ ഭയപ്പെടുന്ന ആ രാത്രിയിൽ കൂനനുണ്ണി കാട്ടിലൂടെ അലഞ്ഞുതിരിഞ്ഞു. കുറേദൂരം നടന്നുതളർന്നപ്പോൾ അവൻ ഒരു കാട്ടുപൊന്തയിൽ കിടന്നുറങ്ങി.

പിറ്റേന്നു രാവിലെ കൂനനുണ്ണി താൻ ജനിച്ചുവളർന്ന കാട്ടിൽനിന്നും മറ്റൊരു കാട്ടിലേയ്‌ക്ക്‌ യാത്രയായി. വൈകുന്നേരമായപ്പോൾ അവൻ ജന്തുസ്ഥാന്റെ തെക്കേ അറ്റത്തുളള സുന്ദരവനത്തിൽ എത്തിച്ചേർന്നു.

സുന്ദരവനത്തിൽ ജിറാഫുകൾ ഉണ്ടായിരുന്നില്ല. അവിടത്തെ മൃഗങ്ങൾ ഇതിനു മുമ്പ്‌ ജിറാഫിനെ കണ്ടിട്ടുപോലുമില്ല. നീളൻകാലുകളും നീണ്ട കഴുത്തുമുളള കൂനനുണ്ണിയെ കണ്ട്‌ മൃഗങ്ങളെല്ലാം ഓടികൂടി.

വന്നവർ വന്നവർ കൂനനുണ്ണിയെ കളിയാക്കാൻ തുടങ്ങി. സീബ്രാകളും മാനുകളും മുയലുകളും പന്നികളും എന്നുവേണ്ട എല്ലാ മൃഗങ്ങളും കൂനനുണ്ണിയെ പരിഹസിച്ചു.

സീബ്രാകൾ അവനെ മാനത്തുകണ്ണൻ എന്നു വിളിച്ചു ആക്ഷേപിച്ചു. ആനകൾ പെരുംകാലൻ എന്ന്‌ അവന്‌ പേരിട്ടു. കുരങ്ങൻമാർ കൂട്ടംചേർന്ന്‌ കോക്കിരി കാണിച്ചു. കുറുക്കൻമാർ പിന്നാലെ നടന്ന്‌ കൂക്കിവിളിച്ചു.

ചില മൃഗങ്ങൾ കൂനനുണ്ണിയെ കയ്യേറ്റം ചെയ്യാനും തുനിഞ്ഞു. ശങ്കരനാന തുമ്പിക്കയ്യിൽ ചെളിവെളളം നിറച്ച്‌ അവന്റെമേൽ ചൊരിഞ്ഞു. കിട്ടൻ കരടി കൂനനുണ്ണി കിടക്കുന്ന സ്ഥലത്ത്‌ മുളളുകൾ കൊണ്ടുവന്നു നിരത്തി. കൂനനുണ്ണിയുടെ ശരീരം മുളളുകൾ കൊണ്ടു കീറി. കുട്ടൻ പന്നി തേറ്റകൊണ്ട്‌ അവന്റെ വയറിനു കുത്തി.

ഇത്രയൊക്കെ ഉപദ്രവങ്ങളുണ്ടായിട്ടും സാധുവായ കൂനനുണ്ണി ആരോടും വഴക്കടിക്കാൻ പോയില്ല. അവൻ എല്ലാം സഹിച്ചുകൊണ്ട്‌ സുന്ദരവനത്തിൽ തന്നെ കഴിഞ്ഞുകൂടി.

നാളുകൾ കടന്നുപോയി. കുറേ നാളത്തേക്ക്‌ ജന്തുസ്ഥാനിൽ മഴയില്ലാതായി.

എങ്ങും ചുട്ടുപൊളളുന്ന വെയിൽ. പുല്ലുകളും വളളികളും കുറ്റിച്ചെടികളും കരിയാൻ തുടങ്ങി. ചെറിയ മരങ്ങൾപോലും നശിക്കുമെന്ന മട്ടായി.

സസ്യഭുക്കുകളായ മൃഗങ്ങളെല്ലാം അമ്പരന്നു. നീണ്ട തുമ്പിക്കൈയുളള ആനയ്‌ക്കുപോലും പച്ചിലകൾ കിട്ടാൻ വിഷമമായി.

എന്നാൽ ഒരു മൃഗം മാത്രം യാതൊരു ക്ലേശവും കൂടാതെ തലയും നിവർത്തിപ്പിടിച്ച്‌ അവിടെ നടക്കുന്നുണ്ടായിരുന്നു. ആർക്കും ഇഷ്‌ടപ്പെടാത്ത കൂനനുണ്ണിയായിരുന്നു അത്‌.

കൂനനുണ്ണിയുടെ നീണ്ട കാലുകളും നീണ്ട കഴുത്തും അവന്‌ വലിയ അനുഗ്രഹമായിത്തീർന്നു. ഇരുപതടിവരെ ഉയരത്തിലുളള പച്ചിലകൾ കടിച്ചുതിന്നാൻ അവന്‌ കഴിഞ്ഞു.

പല മൃഗങ്ങളും പട്ടിണികൊണ്ട്‌ നട്ടംതിരിഞ്ഞു. ഒരു നേരത്തെ ആഹാരത്തിനുവേണ്ടി അവർ കാട്ടിലാകെ പരക്കം പാഞ്ഞു.

ഒരു ദിവസം സസ്യഭുക്കുകളായ മൃഗങ്ങളെല്ലാം സുന്ദരവനത്തിൽ ഒരു യോഗം ചേർന്നു. ഈ വരൾച്ചയെ അതിജീവിക്കാൻ പോംവഴിയെന്തെന്ന്‌ അവർ ആലോചിച്ചു. ഒരു വയസ്സൻ മുയൽ പറഞ്ഞു.

“ചങ്ങാതികളേ, നമുക്ക്‌ കൂനനുണ്ണിയുടെ അടുക്കൽ ചെല്ലാം. അവന്‌ നീണ്ട കാലും നീണ്ട കഴുത്തുമുണ്ട്‌. ഉയരത്തിൽനിന്ന്‌ അവൻ നമുക്ക്‌ പച്ചിലകൾ പറിച്ചു തരും.”

ശങ്കരനാനയ്‌ക്ക്‌ ഈ അഭിപ്രായം ഒട്ടും ഇഷ്‌ടപ്പെട്ടില്ല. ശങ്കരനാന കൊമ്പ്‌ കുലുക്കിക്കൊണ്ട്‌ പറഞ്ഞുഃ

“ആ പെരുങ്കാലന്റെ അടുക്കൽ നാം ഭിക്ഷയ്‌ക്ക്‌ ചെല്ലുകയോ? മൃഗലോകത്തിന്‌ മുഴുവൻ നാണക്കേടാണത്‌!”

“പിന്നെന്താ പോംവഴി?” മണിയൻ കാട്ടാട്‌ ചോദിച്ചു.

“ഒരു വഴിയുണ്ട്‌.” കുട്ടൻ പന്നി പറഞ്ഞു.

“എന്താണത്‌?” എല്ലാവരും കുട്ടൻ പന്നിയെ നോക്കി.

“കിഴക്ക്‌ കിഴക്ക്‌ ഒരു പുഴയുണ്ട്‌. പുഴയുടെ തീരത്ത്‌ നല്ല കറുകപ്പുല്ല്‌ ധാരാളം വളരുന്നുണ്ട്‌. നമുക്ക്‌ കൂട്ടമായി അങ്ങോട്ടു പോകാം.” കുട്ടൻപന്നി അറിയിച്ചു.

കുട്ടൻപന്നിയുടെ അഭി​‍്രപ്രായം എല്ലാവർക്കും ഇഷ്‌ടമായി. പിറ്റേന്ന്‌ രാവിലെ അവർ കൂട്ടമായി കിഴക്കോട്ട്‌ യാത്ര തിരിച്ചു.

ഉച്ചയോടെ അവർ പുഴക്കരയിലെത്തി. പച്ചപ്പട്ടുവിരിച്ചതുപോലെ അവിടെ ഇളംപുല്ല്‌ തിങ്ങി നിന്നിരുന്നു. ചുറ്റിലും കുറ്റിച്ചെടികൾ ഇടതിങ്ങിവളരുന്നു.......

മൃഗങ്ങളെല്ലാം സന്തോഷം കൊണ്ട്‌ തുളളിച്ചാടി. തെണ്ടിയും വികൃതനുമായ കൂനനുണ്ണിയുടെ അടുക്കൽ പോകാതിരുന്നത്‌ ഭാഗ്യമായി എന്നവർ ആശ്വസിച്ചു.

വിശന്നു വലഞ്ഞ മൃഗങ്ങൾ ആർത്തിയോടെ പുല്ലും ഇലകളും കാർന്നു നിന്നാൻ തുടങ്ങി. പെട്ടെന്ന്‌ ഒരലർച്ചകേട്ട്‌ അവർ നടുങ്ങി.

ചിലർ പേടിച്ചോടി അവിടെയും ഇവിടെയും ഒളിച്ചു. ബാക്കിയുളളവരെ കാട്ടുപോത്ത്‌ കണക്കിന്‌ തൊഴിച്ചു.

പോത്ത്‌ പറഞ്ഞുഃ

“തെമ്മാടികളെ എന്തിനിവിടെ വന്നു? ഇത്‌ എന്റെ പുൽത്തകിടിയാണ്‌. പോത്തുകൾക്ക്‌ മാത്രം മേയാനുളളതാണ്‌ ഈ സ്ഥലം! മേലിൽ ഇവിടെയെങ്ങാനും കണ്ടാൽ എല്ലാത്തിന്റേയും കഥ ഞാൻ കഴിക്കും. ഓടിയ്‌ക്കോ!”

കാട്ടുപോത്ത്‌ ഉറക്കെ അമറിക്കൊണ്ട്‌ പിന്നെയും കൊമ്പു കുലുക്കി. മൃഗങ്ങൾ പ്രാണനും കൊണ്ട്‌ തിരിഞ്ഞു നോക്കാതെ ഓടി.

വിശന്ന്‌ വലഞ്ഞ്‌ വീണ്ടും അവർ തങ്ങളുടെ താവളത്തിൽ തന്നെ തിരിച്ചെത്തി.

ഇനിയെന്താണ്‌ മാർഗ്ഗം? വിശപ്പ്‌ കൂടിക്കൂടി വരികയാണ്‌. രണ്ടുമൂന്ന്‌ ദിവസം കൂടി ഈ നില തുടർന്നാൽ എവിടെയെങ്കിലും ചത്തുവീണെന്ന്‌ വരും.

അവർ വീണ്ടും ഒരു യോഗം കൂടി. പട്ടിണികൊണ്ട്‌ എല്ലും തോലുമായിത്തീർന്ന കണ്ടൻ കഴുത പറഞ്ഞു.

“ചങ്ങാതിമാരെ, നാം മരിക്കാറായിക്കഴിഞ്ഞു. എവിടെയും നമുക്ക്‌ രക്ഷയില്ലാത്ത മട്ടാണ്‌. അതുകൊണ്ട്‌ നമുക്ക്‌ കൂനനുണ്ണിയെത്തന്നെ സമീപിക്കാം.”

മനസ്സില്ലാമനസ്സോടെയാണെങ്കിലും കണ്ടൻ കഴുതയുടെ അഭിപ്രായം എല്ലാവരും ശരിവെച്ചു. അവർ നിരനിരയായി കൂനനുണ്ണിയുടെ അടുക്കലേയ്‌ക്ക്‌ യാത്രയായി.

കൂനനുണ്ണി എല്ലാവരേയും സസന്തോഷം എതിരേറ്റു.

തലയും താഴ്‌ത്തി നിന്ന കുട്ടൻ പന്നി പറഞ്ഞു.

“കൂനനുണ്ണി, നീ ഞങ്ങളോട്‌ ക്ഷമിക്കണം. വിശപ്പുകൊണ്ട്‌ ഞങ്ങൾ മരിക്കാറായി. എന്നാൽ നീണ്ട കഴുത്തും നീണ്ടകാലുകളുമുളള നീ എത്ര ഭാഗ്യവാനാണ്‌! നല്ലവനായ നീ ഞങ്ങളെ സഹായിക്കണം.”

കൂനനുണ്ണി അഭിമാനത്തോടെ പറഞ്ഞുഃ

“നിങ്ങൾ എന്റെ അയൽക്കാരും സ്‌നേഹിതൻമാരുമാണ്‌. നിങ്ങൾക്ക്‌ വേണ്ടി എന്തുചെയ്യാനും ഞാൻ തയ്യാറാണ്‌.”

“എങ്കിൽ നീ ഞങ്ങൾക്ക്‌ വിശപ്പടക്കാൻ കുറെ പച്ചില പറിച്ചു തരണം.”

കുട്ടൻപന്നി അപേക്ഷിച്ചു.

കൂനനുണ്ണി അപ്പോൾത്തന്നെ അവരെയെല്ലാം വിളിച്ച്‌ വലിയ ഒരു മരച്ചുവട്ടിലേയ്‌ക്ക്‌ കൊണ്ടുപോയി. എല്ലാ മൃഗങ്ങൾക്കും കൊതി തീരെ അവൻ പച്ചിലകൾ പറിച്ചു കൊടുത്തു.

അവർ പറഞ്ഞു. “കാട്ടിൽ പുല്ലും ഇലകളും ഉണ്ടാകുവോളം നീ തന്നെ ഞങ്ങളെ സഹായിക്കണം.”

കൂനനുണ്ണി അവരുടെ അഭിപ്രായം സ്വീകരിച്ചു. അന്നുമുതൽ അവർക്ക്‌ പട്ടിണി കിടക്കേണ്ടി വന്നില്ല. കൂനനുണ്ണി നിത്യവും അവർക്ക്‌ വയറുനിറയെ ആഹാരം കൊടുത്തുകൊണ്ടിരുന്നു.

അവർ കൂനനുണ്ണിയെ നോക്കി തമ്മിൽതമ്മിൽ പറഞ്ഞുഃ “എന്നാലും ഈ ജിറാഫ്‌ എത്ര നല്ലവൻ!”

------------

സിപ്പി പളളിപ്പുറം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.