പുഴ.കോം > കുട്ടികളുടെ പുഴ > കാട്ടുകഥ > കൃതി

മൃഗങ്ങളുടെ സിനിമാഷൂട്ടിംഗ്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിപ്പി പളളിപ്പുറം

കുമ്പളക്കാട്ടിലെ മൃഗങ്ങളെല്ലാം അനിമല്‍സ് പാര്‍ക്കില്‍ ഒത്തുകൂടിയിരിക്കുകയാണ്. സിംഹവും പുലിയും കടുവയും എന്നു വേണ്ട കാട്ടിലെ സകലമാന വിരുതന്മാരും അവിടെയുണ്ട്. ഈയിടെ ചെന്നെയില്‍ പോയി തിരിച്ചെത്തിയ ലല്ലുക്കുരങ്ങന്‍ അവരോട് സംസാരിക്കുകയാണ്.

‘നമുക്കും ഒരു സിനിമാ പിടിച്ചാലെന്താ? നന്നായി അഭിനയിക്കുവാന്‍ കഴിവുള്ള നടീനടന്മാര്‍ ഇവിടെത്തന്നെ ധാരാളമുണ്ടല്ലോ തമിഴിലെ കന്തസ്വാമി പോലെ ഒരു സിനിമ! അതാണെന്റെ സ്വപ്നം’

‘ഉഗ്രന്‍ ഐഡിയ!’ - എല്ലാ മൃഗങ്ങള്‍ക്കും അതിഷ്ടമായി.

സിനിമ പിടിക്കാന്‍ പണം മുടക്കാന്‍ തയ്യാറാണെന്ന് മണിയന്‍ കാട്ടുപോത്ത് അറിയിച്ചു. സിനിമയുടെ തിരക്കഥ തയ്യാറാക്കുന്ന ജോലിയും സംവിധാനത്തിന്റെ ചുമതലയും ശിങ്കാരന്‍ സിംഹം ഏറ്റെടുത്തു. പാട്ടുകളെഴുതാമെന്ന് യുവകപി കുരങ്ങേശനുണ്ണി ഏറ്റു. സംഗീതസംവിധായകനായി ഗാനശിരോമണി കഴുതേന്ദ്രഭാഗവതരും രംഗത്തു വന്നു.

താമസിയാതെ സിനിമയ്ക്കുള്ള തിരക്കഥ തയ്യാറായി. ആനപ്പാറയില്‍ ഒരു പോരാട്ടം എന്ന പേരിലുള്ള കഥവായിച്ചു കേട്ടപ്പോള്‍ തന്നെ ഷൂട്ടിംഗില്‍ പങ്കെടുക്കാന്‍ വന്ന മൃഗങ്ങള്‍ കിടുങ്ങിപ്പോയി! അത്രക്കും വീറും വാശിയും സസ്പെന്‍സും സ്റ്റ്ണ്ടും നിറഞ്ഞതായിരുന്നു ആ കഥ!

‘ഉഗ്രന്‍! അത്യുഗ്രന്‍! ഇക്കണക്കിനു പോയാല്‍ മനുഷ്യരുടെ സിനിമാപിടിത്തം പൊളിഞ്ഞു പാളീസാകും’ ഏഭ്യന്‍ കുരങ്ങന്‍ അഭിപ്രായപ്പെട്ടു.

പെട്ടന്ന് അവിടെയൊരു കരകരശബ്ദം പൊങ്ങി. ‘നായകവേഷം എനിക്കു തരണം അല്ലെങ്കില്‍ എല്ലാത്തിനേയും ഞാന്‍ വെട്ടിക്കൊല്ലും- വെട്ടന്‍ കാട്ടുപോത്തായിരുന്നു അത്.

വെട്ടനെ കടത്തിവെട്ടാന്‍ ആരുമില്ലാത്തതുകൊണ്ട് നായകവേഷം അവനുതന്നെ ഉറപ്പായി .നായികയാകാനുള്ള ഭഗ്യം ആനപ്പാറുവിനാണ് വന്നു ചേര്‍ന്നത്. ചട്ടുകാലന്‍ കുട്ടന്‍ കരടി, കുറുക്കത്തി കുങ്കിയമ്മ, ചിന്നങ്ങത്തെ കുന്നന്‍ പന്നി പുലിക്കാട്ടില്‍ പുലിയമ്മിണി, ഹാസ്യനടന്‍ വേലുക്കുരങ്ങന്‍ തുടങ്ങിയവര്‍ക്കും പ്രധാനറോളുകള്‍ കിട്ടി.

പക്ഷെ ഒരു കുഴപ്പം; വില്ലന്‍ വേഷം കെട്ടാന്‍ പറ്റിയ ഒരാളേയും അവര്‍ക്കു കണ്ടെത്താനായില്ല

‘ നമ്മുടെ ഇടയില്‍ വില്ലനാകാന്‍ പറ്റിയ ഒരുത്തനേ ഉണ്ടായിരുന്നുള്ളു. - വെട്ടന്‍ കാട്ടുപോത്ത് അവന്‍ നായക വേഷം തട്ടിയെടുത്ത നിലക്ക് ഇനി മറ്റൊരു വില്ലനെ കണ്ടത്തേണ്ടി വരും’ - ലല്ലുക്കുരങ്ങന്‍ പറഞ്ഞു. അങ്ങനെ വില്ലനെ അന്വേഷിച്ച് പ്രൊഡ്യൂസര്‍ മണിയന്‍ കാട്ടുപോത്തും സൂപ്പര്‍സ്റ്റാര്‍ വെട്ടന്‍കാട്ടുപോത്തുംകൂടി ആസ്സാമിലേക്കു യാത്രയായി. അവിടെയെത്തി മല്ലയുദ്ധവീരനായ ധില്ലന്‍ കാണ്ടാമൃഗത്തെ കണ്ടു കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ‘കാള്‍ഷീറ്റില്‍ ‘ഒപ്പുവെപ്പിച്ചു.

ഇതിനിടയില്‍ സിനിമയ്ക്കുവേണ്ടിയുള്ള പത്തുപാട്ടുകളുടെ റെക്കാര്‍ഡിംഗ് ആനപ്പാറയിലെ ഡോങ്കി സ്റ്റുഡിയോയില്‍ നടന്നു കഴിഞ്ഞിരുന്നു. ജാസ് സംഗീതവും റോക് സംഗീതവുമെല്ലാം മേളിപ്പിച്ചുകൊണ്ടുള്ള കഴുതേന്ദ്രഭാഗവതരുടെ കമ്പോസിംഗ് അടിപൊളിയായിട്ടുണ്ടെന്നാണ് മൃഗസംസാരം! ഡിങ്കിക്കുറുക്കനും പിങ്കിക്കഴുതയും ചേര്‍ന്നു പാടുന്ന,

ബാബാ കാട്ടിപ്പോത്തേ , ബീബീ ചൂട്ടിപ്പോത്തേ...

ഭുംഭും പോടാ പോടാ തെമ്മാടിപ്പോത്തേ..

എന്ന ഗാനം ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ഗാനമാകുമെന്ന് കാട്ടില്‍ വാര്‍ത്ത പരന്നു.

ഷൂട്ടിംഗിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. കാട്ടിലെ മുതലക്കുളം മൈതാനത്തിലേക്ക് നേരം പരപരാ വെളുത്തപ്പോഴേക്കും നടീനടന്മാരും മറ്റു സാങ്കേതിക വിദഗ്ദരും എത്തിച്ചേര്‍ന്നു.

താമസിയാതെ ഷൂട്ടിംഗ് ആരംഭിച്ചു. പതിഞ്ചു കോവര്‍ക്കഴുതകള്‍ പങ്കെടുക്കുന്ന ഒരു സിനിമാറ്റിക് ഡാന്‍സോടു’ കൂടിയാണ് കഥ ആരംഭിക്കുന്നത്.

ഡാന്‍സ് പൊടിപൊടിക്കുന്നതിനിടയില്‍ സുന്ദരികളായ കോവര്‍കഴുതകളുടെ നടുവിലേക്ക് വില്ലനായ ധില്ലന്‍ കണ്ടാമൃഗം ചാടിവീണ് അവരെ ഉപദ്രവിക്കാനൊരുങ്ങുന്നു. ഈ സമയത്താണ് നായകനായ വെട്ടങ്കാട്ടുപോത്തിന്റെ വരവ്! പിന്നെ അത്യുഗ്രമായ ഒരു പോരാട്ടമാണവിടെ നടക്കുന്നത്. ക്യാമറാമാനായ ബര്‍മന്‍ കുരങ്ങന്‍ ഓരോ ഷോട്ടും വളരെ ഭംഗിയായി ക്യാമറയില്‍‍ പകര്‍ത്തി. സംഘട്ടനത്തിന്റെ അവസാനം വില്ലനായ ധില്ലന്‍, നായകന്റെ മുന്നില്‍ നിന്ന് തോറ്റോടുന്നതുവരെയുള്ള രംഗം ചിത്രീകരിച്ചു നിര്‍ത്തി.

‘നമ്മുടെ പടം അടിപൊളിയാകും!’ മൃഗങ്ങള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

അടുത്തതായി നടക്കേണ്ടത് നായകനും നായികയും ചേര്‍ന്നു പാടുന്ന ഒരു യുഗ്മഗാനത്തിന്റെ ചിത്രീകരണമാണ്. വെട്ടന്‍പോത്ത് പുതിയ കോട്ടും സൂട്ടുമണിഞ്ഞ് രംഗത്ത് തയ്യാറായി നിന്നു. പക്ഷെ, നായിക എവിടെ?

‘ആനപ്പാറു എവിടെപ്പോയി?’ - സംവിധായകനായ ശിങ്കാരന്‍ സിംഹം ചുറ്റും നിന്നവരോടായി അന്വേഷിച്ചു. ‘അവള്‍ വെള്ളം കൂടിക്കാന്‍ പോയതാണ് പക്ഷെ പോയിട്ട് നേരം കുറേയായി ‘- കുറുക്കത്തികുങ്കിയമ്മ അറിയിച്ചു

‘എവിടെയാ അവള്‍ വെള്ളം കുടിക്കാന്‍ പോയത്?ശിങ്കാരന്‍ സിംഹത്തിന് വെപ്രാളമായി.

‘കുളത്തിലേക്കാണെന്നാ പറഞ്ഞത്’‘- കുങ്കിയമ്മ തെക്കോട്ടു തല നീട്ടിക്കാണിച്ചു.

ഇതു കേട്ടതോടെ ശിങ്കാരന്‍ , മുതലക്കുളത്തിനടുത്തേക്കു പാഞ്ഞു. അപ്പോള്‍ കണ്ടതോ ഒരു വങ്കന്‍ മുതല ആനപ്പാറുവിനെ പിടികൂടിയിരിക്കുന്നു. ആനപ്പാറു തുമ്പികൈകൊണ്ട് മുതലയെ അടിക്കുന്നുണ്ട്.അവളുടെ കാല്‍ മുഴുവനായും മുതലയുടെ വായില്‍ പെട്ടിരിക്കുകയാണ്.

‘അയ്യോ! എല്ലാവരും ഓടിവായോ, നമ്മുടെ ഹീറോയിനെ ഒരു മുതല പിടിച്ചേ ! - ശിങ്കാരന്‍ സിംഹം വലിയ വായില്‍ നിലവിളിച്ചു.

ഇതുകേട്ടതും ഷൂട്ടിംഗില്‍ പങ്കെടുക്കാനെത്തിയ മൃഗങ്ങളെല്ലാം പാഞ്ഞെത്തി. അവര്‍ കയ്യില്‍ കിട്ടിയ കല്ലുകളും വടികളും മരകഷണങ്ങളും കൊണ്ട് മുതലയെ ആക്രമിച്ചു. ഏറും അടിയും കൊണ്ട് പൊറുതി മുട്ടിയ മുതലച്ചാര്‍ ഒടുവില്‍ കടിവിട്ട് വെള്ളത്തിലേക്കു താണു.

എല്ലാവരും ചേര്‍ന്ന് കുറേ സമയം കൊണ്ട് ആനപ്പാറുവിനെ കരയ്ക്കു കയറ്റി. അപ്പോഴോ? അവളുടെ കാലിന്റെ പകുതിയും മുതല കടിച്ചെടുത്തു കഴിഞ്ഞിരുന്നു. !

ഈ കാഴ്ച കണ്ട് അവിടെ കൂടിയിരുന്ന മൃഗങ്ങളുടെയെല്ലാം കണ്ണു നിറഞ്ഞു. അവര്‍ ഒട്ടു താമസിക്കാതെ അവളെ പൊക്കിയെടുത്ത് ആനപ്പാറയിലെ അനിമല്‍സ് മെഡിക്കല്‍ കേളേജിലേക്ക് കൊണ്ടുപോയി. അതോടെ വളരെ വീറോടും വാശിയോടും കൂടി ആരംഭിച്ച മൃഗങ്ങളുടെ സിനിമാ ഷൂട്ടിംഗ് പൊളിഞ്ഞു.

സിപ്പി പളളിപ്പുറം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.