പുഴ.കോം > കുട്ടികളുടെ പുഴ > കാട്ടുകഥ > കൃതി

കരിവർണ്ണനാനയും പോക്കാൻ കടുവയും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മനു പ്രതാപ്‌

കാണാനഴകുള്ള കുട്ടിയാനയാണ്‌ കരിവർണ്ണൻ. അവൻ രാവിലെ ഉണർന്നു. കുളിച്ചു കുറിതൊട്ടു. കാട്ടുപൂകൊണ്ടൊരു മാല കോർത്തു. എന്നിട്ട്‌ നേരെ പൂങ്കുളം കാട്ടിലേക്കു നടന്നു. അവിടെ പൂവർണി കടുവയുടെ കല്യാണമാണ്‌. പോകുന്ന വഴി നീലിമയിലിനെ കണ്ടു.

“കരിവർണ്ണാ.... നീയീ മാലയുമായി എങ്ങോട്ടോ?” നീലി മയിൽ തിരക്കി.

“ഞാൻ പൂങ്കുളം കാട്ടിലെ പൂവർണി കടുവയുടെ കല്യാണം കൂടാൻ പോവുന്നു.” കരിവർണ്ണൻ പറഞ്ഞു. അതുകേട്ട്‌ നീലിമ ആർത്തുചിരിച്ചു.

“എന്റെ കരിവർണ്ണാ കരിമ്പാറക്കെട്ടുപോലിരിക്കുന്ന നിന്നെ കണ്ടാൽ കല്യാണത്തിനു വന്നവരെല്ലാം പേടിച്ചോടും. അതു കൊണ്ട്‌ നീ കല്യാണത്തിനു വരണ്ട....” എന്നു പറഞ്ഞ്‌ മുഖവും വീർപ്പിച്ച്‌ നീലി പോയി. കരിവർണ്ണനാന അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടുനടന്നു. കുറച്ചുദൂരം ചെന്നപ്പോഴാണ്‌ കോലോത്തുപാടത്തെ പുള്ളിമാനും കൂട്ടരും എതിരെ വരുന്നത്‌.

“ഹായ്‌.... ഇവരോടൊപ്പം പോകാം.” കരിവർണ്ണൻ വേഗം കൂട്ടി. അതുകൊണ്ട്‌ പുള്ളിമാനും കൂട്ടരും അവനെ കളിയാക്കി.

“നീ ഞങ്ങളുടെ പുറകെ വരണ്ട. ആരെങ്കിലും കണ്ടാൽ ഞങ്ങൾക്കുകൂടി കുറച്ചിലാ. വേറെ വഴി നോക്ക്‌.” ഇത്രയും പറഞ്ഞ്‌ മുഖം തിരിച്ച്‌ അവരും പോയി.

കരിവർണ്ണന്‌ സങ്കടമായി. എങ്കിലും എല്ലാവരും കൂടുന്ന കല്യാണമല്ലേ. പോകാതെങ്ങനെയാ? അവൻ കുണുങ്ങിക്കുണുങ്ങി മുന്നോട്ടുനടന്നു. അപ്പോഴാണ്‌ പുഞ്ചകപ്പാടത്തെ കൊച്ചുതത്തയും മക്കളും കല്യാണം കൂടാൻ പോകുന്നത്‌ കണ്ടത്‌.

“തത്തപ്പെണ്ണേ.... നില്ല്‌..... ഞാനുമുണ്ട്‌. എനിക്ക്‌ പൂങ്കുളത്തേയ്‌ക്കുള്ള വഴി അറിയാൻ വയ്യാതെ നടക്കുവാ.” അതുകേട്ട്‌ കൊച്ചുതത്തയും മക്കളും കരിവർണ്ണനെ കളിയാക്കി.

“എടാ കരിമല പോലിരിക്കുന്ന നിന്റെയൊപ്പം കല്യാണത്തിന്‌ പോകാൻ ആരെങ്കിലും തയ്യാറാകുമോ. വേണ്ട..... വേണ്ട.... നിന്റെയൊപ്പം ഞങ്ങളില്ല.”

കരിവർണ്ണൻ പൊട്ടിക്കരഞ്ഞുകൊണ്ട്‌ മുന്നോട്ടു നടന്നു. കുറച്ചുദൂരം നടന്നപ്പോൾ കല്യാണത്തിന്റെ കൊട്ടും മേളവും കേട്ടു. കരിവർണ്ണന്‌ സന്തോഷമായി. അവൻ കല്യാണപന്തലിലേക്കു നടന്നുകയറി. പെട്ടെന്നാണ്‌ ഒരു അലർച്ച. “നില്‌ക്കെടാ അവിടെ.. ആരു പറഞ്ഞിട്ടാണ്‌ നീ എന്റെ മകളുടെ വിവാഹത്തിനു വന്നത്‌. ഇവരെല്ലാം ഞാൻ ക്ഷണിച്ചിട്ടുവന്നതാണ്‌. കറുകറുത്ത നിന്നെ കണ്ടാൽ അവരെല്ലാം കല്യാണം കൂടാതെ മടങ്ങും. അതുകൊണ്ട്‌ വേഗം സ്‌ഥലംവിട്‌....” പൂവർണി കടുവയുടെ അച്ഛൻ പോക്രൻ കടുവ ഗർജ്ജിച്ചു. അതുകേട്ട്‌ മറ്റുള്ളവരും പറഞ്ഞു.

“കരിവർണ്ണൻ പോയില്ലെങ്കിൽ ഞങ്ങൾ പോകും.”

അതുകേട്ടപ്പോൾ കരിവർണ്ണൻ പറഞ്ഞു. “വേണ്ട ചങ്ങാതിമാരെ... നിങ്ങൾ കല്യാണം കൂടിക്കോ.... ഞാൻ പോയേക്കാം.” കരിവർണ്ണൻ വീട്ടിലേക്കു തിരിച്ചുനടന്നു.

പെട്ടെന്നാണ്‌ പൂവർണിയുടെ വീട്ടിൽ നിന്നും ഒരു കൂട്ടക്കരച്ചിൽ കേട്ടത്‌.

“രക്ഷിക്കണേ..... ഞങ്ങളെ രക്ഷിക്കണേ.....” കരിവർണൻ തിരിഞ്ഞുനോക്കി. പൂവർണിയുടെ വീട്ടിലും പരിസരത്തും തീ പടർന്നിരിക്കുന്നു.

“യ്യാ.... വേഗം എന്തെങ്കിലും ചെയ്‌തില്ലെങ്കിൽ കാടാകെ കത്തിനശിക്കും.

കരിവർണ്ണൻ തൊട്ടടുത്ത പുഴയിൽ നിന്നും തുമ്പിക്കൈ നിറയെ വെള്ളമെടുത്തു. എന്നിട്ട്‌ പൂവർണിയുടെ വീട്ടിലേക്കു കുതിച്ചു. ”ഭ്‌ർർ....... ഭ്‌ർർ....“ തുമ്പിക്കൈയിൽ നിന്നും വെള്ളം ചീറ്റിച്ചു. അതോടെ തീയണഞ്ഞു. പോക്രൻ കടുവയും നീലിമയിലും കൊച്ചുതത്തയുമെല്ലാം കരിവർണ്ണന്‌ നന്ദി പറഞ്ഞു. അങ്ങനെ കരിവർണ്ണന്റെ നേതൃത്വത്തിൽ പൂവർണി കടുവയുടെ കല്യാണം പൊടിപൂരമായി നടത്തുകയും ചെയ്‌തു.

മനു പ്രതാപ്‌

വിലാസംഃ മനു പ്രതാപ്‌ (മനോജ്‌ പി. നായർ),

പാറയിൽ,

വെമ്പളളി പി.ഒ,
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.