പുഴ.കോം > കുട്ടികളുടെ പുഴ > കാട്ടുകഥ > കൃതി

കുഴിയാനകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുബ്രഹ്‌മണ്യൻ കുറ്റിക്കോൽ

കൈയിൽ നിന്നും അടർന്നു വീണ ബിസ്‌ക്കറ്റുപൊട്ട്‌ ഉയർത്തിപ്പിടിച്ചുകൊണ്ട്‌ നടന്നുപോകുന്ന ഒരു ചോണനുറുമ്പിനെ പിൻതുടർന്ന്‌ കുഞ്ഞികുട്ടൻ വീടിനു പുറകുവശത്തെത്തി. പുറകിലെ ഞാലിക്കുകീഴെ പൊടിമണ്ണിൽ നിറയെ കോൺ ആകൃതിയുള്ള കൊച്ചുകുഴികളായിരുന്നു. ഉറുമ്പ്‌ കുഴിവക്കിലൂടെ യാത്ര തുടർന്നപ്പോൾ കുഴിക്കുള്ളിൽ നിന്നും വെടിയുണ്ടകൾപോലെ മൺതരികൾ ചീറിവന്നു. മൺതരികളേറ്റ്‌ ഉറുമ്പ്‌ കാൽവഴുതി കുഴിയിലേക്ക്‌ വീണുപോയി.

അതാ! സിംഹത്തിന്റെ വായിലകപ്പെട്ട മാനിനെപ്പോലെ ഉറുമ്പ്‌ പിടയുന്നു! അല്‌പസമയത്തിനുള്ളിൽ കുഴിക്കകത്തേയ്‌ക്ക്‌ ആരോ അതിനെ വലിച്ചുകൊണ്ടുപോയി. മണ്ണിനുള്ളിൽ മറയുന്നതിനുമുമ്പ്‌ ആനക്കൊമ്പുകളുടെ ആകൃതിയുള്ള രണ്ടു കറുത്ത കൊമ്പുകൾ മാത്രമേ കുഞ്ഞിക്കുട്ടനു കാണുവാൻ കഴിഞ്ഞുള്ളൂ.

ആരെടാ ഈ പാതാളരാക്ഷസൻ?!... കുഞ്ഞിക്കുട്ടൻ കുഴിയിലേക്കുനോക്കി കുത്തിയിരുന്നു. കുറേക്കഴിഞ്ഞപ്പോൾ കുഴിക്കുള്ളിൽ നിന്നും എന്തോ പുറത്തേക്കു തെറിച്ചുവീണു. ചാറൂറ്റിയെടുക്കപ്പെട്ട ചോണനുറുമ്പിന്റെ ശവം!.... പാവം ചോണനുറുമ്പ്‌! കുഴിയിൽ പതിയിരിക്കുന്ന ഭീകരൻ ആരാണെന്നറിയണമല്ലോ... കുഞ്ഞിക്കുട്ടൻ ഒരു ബിസ്‌ക്കറ്റുതരി കുഴിക്കകത്തേയ്‌ക്കിട്ടുകൊടുത്തു. ഞൊടിയിടയിൽ അതു പുറത്തേയ്‌ക്കുതന്നെ തെറിച്ചുവന്നു.

അപ്പോൾ ഈ രാക്ഷസനു ബിസ്‌ക്കറ്റുവേണ്ട!.... കുഞ്ഞിക്കുട്ടൻ കൈകൾ നിലത്തൂന്നി കുഴിയിലേയ്‌ക്കൂതിയപ്പോൾ വെടിച്ചില്ലുകൾപോലെ മൺതരികൾ കണ്ണിൽ തെറിച്ചു. കണ്ണുകളിൽ വെള്ളം നിറഞ്ഞു. കൺപോളകൾ ചിമ്മിത്തുറന്ന്‌ അവൻ വാശിയോടെ വീണ്ടും വീണ്ടും ഊതി. മണ്ണു നീങ്ങിയപ്പോൾ അതാ പിന്നോട്ടുപിന്നോട്ടു നീങ്ങിപ്പോകുന്ന ഒരു കറുത്ത ജീവി!... ആനയുടെ ഒരു കൊച്ചുപതിപ്പുതന്നെ!....

കുറേ കുഴിയാനകളെ ഒരു തീപ്പെട്ടിക്കൂടിൽ ശേഖരിച്ച്‌ കുഞ്ഞിക്കുട്ടൻ കോണിപ്പടി കയറി വലിയച്ഛന്റെ മുറിയിലെത്തി. വലിയച്ഛൻ എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു.

“വല്ല്യച്ഛാ... ഇതുകണ്ടോ?!... ”കുഞ്ഞികുട്ടൻ തീപ്പെട്ടിക്കൂടു കമഴ്‌ത്തി കുഴിയാനകളെ എഴുത്തുപലകയിലേയ്‌ക്ക്‌ കുടഞ്ഞിട്ടു കടലാസിൽ മണ്ണുപുരണ്ടപ്പോൾ വലിയച്ഛന്‌ ദേഷ്യം വന്നു.

“എന്താടാ ഇത്‌?”... ശകാരിക്കാനായി വലിയച്ഛൻ മുഖമുയർത്തി. അവന്റെ ആകാംക്ഷഭരിതങ്ങളായ കൊച്ചുകണ്ണുകളിലേയ്‌ക്കുനോക്കിയപ്പോൾ ദേഷ്യമെല്ലാം അലിഞ്ഞുപോയി.

“ഹഹഹ! രാവിലെത്തന്നെ നീ എന്താ ഒപ്പിച്ചിരിക്കുന്നത്‌?!

”വല്ല്യച്ഛാ... നമ്മുടെ ഞാലീന്ന്‌ പിടിച്ചതാ... ഇവൻ ഒരുറുമ്പിനെ കുഴിയിലേക്കുവലിച്ചിട്ടു കൊന്ന്‌ ചോരകുടിച്ചു!.. എന്താ ഇതിന്റെ പേര്‌?“

”എന്തിനാ നീ ഈ പാവം ജീവികളെ പിടിച്ചത്‌?“

”വല്ല്യച്ഛനെ കാണിക്കാനാ... ഇത്‌ ആമക്കുഞ്ഞുങ്ങളാണോ?“

”അല്ലല്ല... ഇത്‌ കുഴിയാനകളാണ്‌...“

”ഹഹഹ കുയ്യാന.... കുയ്യാന.. നല്ല പേരുതന്നെ. ഇതു വളർന്ന്‌ വല്ല്യ ആനയാകുമോ?“

”ഇല്ലില്ല.. ഇവ വളരുമ്പോൾ ചിറകുമുളച്ച്‌ പറന്നുപോകും..“

”പറന്നുപോവ്വോ?!... ഹായ്‌... ഹായ്‌.... എങ്ങന്യാ ഇതിന്‌ ചിറകുമുളക്വാ?“ കുഞ്ഞിക്കുട്ടന്‌ അത്ഭുതവും ആഹ്‌ളാദവും അടക്കാനായില്ല. പിന്നോട്ടിഴയുന്ന കുഴിയാനകളെ അവൻ സൂക്ഷിച്ചുനോക്കി.

”നീ ഓണത്തുമ്പികളെ കണ്ടിട്ടില്ലേ... അതുപോലെ ഒരിനം കണിയാംപാറ്റകളുടെ ലാർവകളാണ്‌ ഈ കുഴിയാനകൾ...“

വിശ്വസിക്കാനാവുന്നില്ല. കറുത്തുരുണ്ട്‌ മുട്ടകളുടെ ആകൃതിയുള്ള ഈ ജീവികൾ ചുവന്ന വാലും ചില്ലുചിറകുകളുമുള്ള ഓണത്തുമ്പികളാവുന്നതെങ്ങനെ?! ഈ വല്ല്യച്ഛൻ അലമാര തുറന്ന്‌ തടിച്ച ഒരു പുസ്‌തകമെടുത്തു. ഷഡ്‌പദങ്ങളുടെ ജീവിതഘട്ടങ്ങൾ ചിത്രസഹിതം വിവരിച്ചിരിക്കുന്ന ഒരു പേജ്‌ കുഞ്ഞിക്കുട്ടനു കാണിച്ചുകൊടുത്തു.

”തുമ്പിയുടെതുപോലെ നീണ്ട വാലും സുതാര്യമായ ചിറകുകളുമുള്ള ഒരു തരം ഷഡ്‌പദങ്ങളാണിവ. തലയിൽ ഗദപോലുള്ള ഒരു ജോഡി സ്‌പർശിനികളും കാണും. ഇവ പൊടിമണ്ണിൽ മുട്ടകളിടുന്നു. മുട്ടവിരിഞ്ഞുണ്ടാകുന്ന ലാർവകളാണ്‌ കുഴിയാനകൾ;“

”ഇതെങ്ങനെ വീണ്ടും തുമ്പിയാവും?“ കുഞ്ഞിക്കുട്ടൻ ആകാംക്ഷയോടെ ചോദിച്ചു.

”ശരീരത്തിൽനിന്നും ഊറിവരുന്ന പശനൂലുകൾകൊണ്ട്‌ മൺതരികൾ ഒട്ടിച്ചുചേർത്തുണ്ടാക്കുന്ന കൂടിനുള്ളിൽ ഇവ സമാധിഘട്ടം കഴിച്ചുകൂട്ടും. വളർച്ച പൂർത്തിയാവുമ്പോൾ കൂടുപൊട്ടിച്ച്‌ തുമ്പികൾ പുറത്തുവരും.“

വിരൂപികളായ കുഴയാനകൾ ഭംഗിയുള്ള തുമ്പികളായി മാറുന്നതോർത്തപ്പോൾ കുഞ്ഞിക്കുട്ടനു സന്തോഷം തോന്നി. അവൻ കുഴിയാനകളെ പൊടിമണ്ണിൽത്തന്നെ കൊണ്ടുവിട്ടു. അവ മണ്ണുകുഴിച്ചുകുഴിച്ച്‌ പിന്നോട്ടുനീങ്ങി മൺതരികൾ കൊമ്പുകൾകൊണ്ടു തെറിപ്പിച്ച്‌ വീണ്ടും കുഴികൾ നിർമ്മിക്കാൻ തുടങ്ങി.

കുഴിയാനകൾ തുമ്പികളായിമാറുന്നു ഇന്ദ്രജാലം കുഞ്ഞിക്കുട്ടൻ മനസ്സിൽ സങ്കല്‌പിച്ചു. കാർട്ടൂൺചാനലുകളിലെ മോർഫിങ്ങ്‌പോലെ ലാർവകൾ പ്യൂപ്പകളാകുന്നതും പ്യൂപ്പയ്‌ക്കുള്ളിൽ പുഴുക്കൾക്ക്‌ ചിറകുകൾ മുളയ്‌ക്കുന്നതും കൂടുതുറന്ന്‌ തുമ്പികൾ കൂട്ടത്തോടെ പറന്നുയരുന്നതും കുഞ്ഞിക്കുട്ടൻ ഭാവനയിൽ കണ്ടു.

”കുഞ്ഞിക്കുട്ടാ... കുഞ്ഞിക്കുട്ടാ...!!“

സ്‌നേഹപൂർവമുള്ള വിളികേട്ട്‌ കുഞ്ഞികുട്ടൻ ഞെട്ടിയുണർന്നു. ആരാണ്‌ വിളിക്കുന്നത്‌...?! അവൻ പുറത്തേക്കോടിവന്ന്‌ ആകാശത്തേയ്‌ക്കുനോക്കി. അത്ഭുതം! ആകാശത്തിൽ മേഘങ്ങൾ ചുവന്നുതുടുത്തിരിക്കുന്നു. മഞ്ഞവെയിലിൽ നീന്തിക്കളിച്ചുകൊണ്ട്‌ നൂറുകണക്കിന്‌ കണിയാമ്പറ്റകൾ പറന്നുനടക്കുന്നു! പൊടിപാറിയ പൂരക്കളിതന്നെ!

”കുഞ്ഞിക്കുട്ടാ... ഞങ്ങളെ മനസ്സിലായില്ലേ..? നീ രക്ഷപ്പെടുത്തിയ കുഴയാനകൾ ഞങ്ങളായിരുന്നു.“ തുമ്പികൾ കുഞ്ഞിക്കുട്ടനോടു പറഞ്ഞു. ”വരൂ കുഞ്ഞിക്കുട്ടാ... ഞങ്ങളോടൊപ്പം പൂരക്കളി കളിക്കാം.“

ഈ വർണ്ണത്തുമ്പികൾ കുഴിയാനകളോ...! കുഞ്ഞിക്കുട്ടനു വിശ്വസിക്കാനായില്ല. തനിക്കു ചിറകുകളില്ലല്ലോ... തുമ്പികൾക്കിടയിലൂടെ ഓടിനടന്ന്‌ കുഞ്ഞിക്കുട്ടൻ സങ്കടപ്പെട്ടു. ഒരു തുമ്പി പറന്നുവന്ന്‌ അവന്റെ ശരീരത്തിൽ എന്തോ തളിച്ചു.. അത്ഭുതം! ശരീരഭാരം കുറഞ്ഞുകുറഞ്ഞ്‌ തൂവൽപോലെയാകുന്നതായി കുഞ്ഞിക്കുട്ടന്‌ അനുഭവപ്പെട്ടു. പുറത്ത്‌ തുമ്പികളെപ്പോലെ സുതാര്യമായ ചിറകുകൾ മുളച്ചുവന്നു. ചിറകുകൾ വീശിയപ്പോൾ കാലുകൾ നിലംതൊടാതെ ഉയർന്നുപൊങ്ങി. അവൻ തുമ്പികളോടൊപ്പം ആകാശത്തേയ്‌ക്കു പറന്നുയർന്നു.

ഹായ്‌...!! ആകാശത്തിൽ പറന്നുനടക്കാൻ എന്തുരസം! താഴെ വൃക്ഷത്തലപ്പുകൾ. പച്ചപുതച്ച പുൽമേടുകൾ. പൊന്നണിഞ്ഞ നെൽപ്പാടങ്ങൾ. സ്‌ഫടികജലമൊഴുകുന്ന പുഴ. വളഞ്ഞുപുളഞ്ഞ്‌ കറുത്ത പെരുമ്പാമ്പിനെപ്പോലെ കാണപ്പെട്ട റോഡിലൂടെ ഉറുമ്പുകളെപ്പോലെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്നു.!

”ഹേയ്‌... കുഞ്ഞിക്കുട്ടാ... അത്ര ഉയരത്തിൽ പറക്കരുത്‌. കാറ്റിൽപ്പെട്ടുപോകും.“

തുമ്പികൾ കുഞ്ഞിക്കുട്ടനെ വലിക്കി. അവൻ താണുപറന്ന്‌ തുമ്പികൾക്കൊപ്പം വായുവിൽ നീന്തിത്തുടിച്ചു. കണിയാമ്പാറ്റകളുടെ പൂരക്കളിയും അട്ടാച്ചൊട്ടകളിയും കുഞ്ഞിക്കുട്ടനെ രസിപ്പിച്ചു. മുട്ടിയുരുമ്മിയും അകന്നുമാറിയും തുമ്പികൾ അവനെ ഇക്കിളികൂട്ടി. അവൻ വായുവിൽ കമഴ്‌ന്നു മലർന്നു നീന്തിപ്പറന്നു. മുകളിൽനിന്നും താഴോട്ട്‌ ഊളിയിട്ട്‌ ശരംപോലെ ഉയർന്നുപൊങ്ങി. കുഞ്ഞിക്കുട്ടന്റെ വികൃതികൾ കണ്ട്‌ തുമ്പികൾ ചിറകുകൾകൊട്ടിച്ചിരിച്ചു.

ഹൊ!... എത്രനേരമായി പറന്നുകളിക്കുന്നു...! കുഞ്ഞിക്കുട്ടനു വിശക്കാൻ തുടങ്ങി. ഈ തുമ്പികൾ വിശപ്പും ദാഹവുമില്ലേ...? ശ്രദ്ധിച്ചുനോക്കിയപ്പോഴാണ്‌ ഒരു കാര്യം മനസ്സിലായത്‌. തുമ്പികൾ വെറുതെ പറന്നുകളിക്കുകയല്ല. അവ എതിരേവരുന്ന ചെറുപ്രാണികളെ പിടിച്ചു തിന്നുകൊണ്ടിരിക്കുകയാണ്‌. പ്രാണികളെ പിടിക്കാനാണ്‌ ഈ പൂരക്കളിയൊക്കെ.!

”എനിക്കു വിശക്കുന്നുണ്ട്‌“... കുഞ്ഞിക്കുട്ടൻ തുമ്പികളോട്‌ വിളിച്ചുപറഞ്ഞു. തുമ്പികൾ കുഞ്ഞിക്കുട്ടനരികിലേക്ക്‌ പറന്നുവന്നു. അവന്‌ പ്രാണികളെ തിന്നാൻ ഇഷ്‌ടമല്ലെന്ന്‌ തുമ്പികൾക്കു മനസ്സിലായി.

”ഞങ്ങളോടൊപ്പം വരൂ.“.. തുമ്പികൾ പറഞ്ഞു.

കുഞ്ഞിക്കുട്ടൻ തുമ്പികളോടൊപം പറന്നു. പാടങ്ങളും മേടുകളും കടന്ന്‌ പുഴകളും മലകളും പിന്നിട്ട്‌ അവർ കാടിനു മുകളിലൂടെ പറക്കാൻ തുടങ്ങി. കുറേ ചെന്നപ്പോൾ കാടിനുനടുവിൽ നീലജലം നിറഞ്ഞ ഒരു തടാകം ദൃശ്യമായി. അവർ ജലാശയത്തിലേയ്‌ക്ക്‌ താണിറങ്ങി. ജലാശയത്തിൽ നിറയെ താമരപ്പൂക്കൾ വിടർന്നുനിന്നിരുന്നു. വർണ്ണഭംഗിയുള്ള ചിത്രശലഭങ്ങൾ താമരപ്പൂക്കളിൽനിന്നും തേൻ കുടിക്കുന്നുണ്ടായിരുന്നു.

”ഇതാ... ഈ പൂവിൽ നിന്നും തേൻ കുടിച്ചുകൊള്ളൂ“ പൂമ്പാറ്റകൾ കുഞ്ഞിക്കുട്ടനെ ക്ഷണിച്ചു.

കുഞ്ഞിക്കുട്ടൻ ഒരു പുൽത്തണ്ടുപറിച്ചെടുത്ത്‌ താമരപ്പൂവിൽനിന്നും തേൻ വലിച്ചുകുടിച്ചു. ഹായ്‌... എന്തുരസം! ഇത്രയും രുചികരമായ തേൻ ജീവിതത്തിൽ കഴിച്ചിട്ടില്ല.... തേൻകുടിച്ച്‌ കുഞ്ഞിക്കുട്ടന്റെ വയറുനിറഞ്ഞു. മതിയായില്ലെങ്കിലും മതിയാക്കുകതന്നെ. കുഞ്ഞുവയറായിപ്പോയില്ലേ...

”മതി... ഇതി പോകാം.... അധികമായാൽ പറക്കാൻ വിഷമമാണ്‌... പൂവമ്മയ്‌ക്കു നന്ദിപറയൂ“... തുമ്പികൾ പറഞ്ഞു. കുഞ്ഞിക്കുട്ടൻ നന്ദിപറഞ്ഞപ്പോൾ പൂവ്‌ ഇതളുകൾകൊണ്ട്‌ അവനെ തഴുകി. അവന്റെ ദേഹംനിറയെ സുഗന്ധം പുരണ്ടു.

തുമ്പികളും കുഞ്ഞിക്കുട്ടനും പറന്നുയർന്നു. കാനനഭംഗി ആസ്വദിച്ചുകൊണ്ട്‌ അവർ കാടിനുമുകളിൽ കുറേനേരം കൂടി പറന്നുകളിച്ചു. സൂര്യൻ അസ്‌തമിച്ചുകഴിഞ്ഞിരുന്നു. കുഞ്ഞിക്കുട്ടന്‌ ഉറക്കം വരാൻ തുടങ്ങി.

”എനിക്ക്‌ വീട്ടിൽ പോകണം.“. അവൻ പറഞ്ഞു.

തുമ്പികൾ അവനെയും കൂട്ടിക്കൊണ്ട്‌ വീട്ടിലേക്കു പറന്നു. അവർക്കു വഴി തെറ്റിയില്ല. അതാ വീട്‌ കുഞ്ഞിക്കുട്ടൻ മുറ്റത്തേയ്‌ക്ക്‌ മെല്ലെ പറന്നിറങ്ങി. റാണിത്തുമ്പി പറന്നുവന്ന്‌ അവന്റെ ശരീരത്തിൽ എന്തോ ദ്രാവകം തളിച്ചപ്പോൾ ചിറകുകൾ ചുരുങ്ങി അപ്രത്യക്ഷമായി. ശരീരം വളരന്ന്‌ സാധാരണനിലയിലായി.

”തുമ്പികളേ.. നിങ്ങൾക്കു വിട“.. കൈ വീശിക്കൊണ്ട്‌ കുഞ്ഞിക്കുട്ടൻ പറഞ്ഞു.

”കുഞ്ഞുക്കുട്ടാ... ഞാലിയിലെ പൊടിമണ്ണിൽ മുട്ടയിട്ടോട്ടെ“... തുമ്പി ചോദിച്ച. ”മുട്ടവിരിഞ്ഞ്‌ കുഴിയാനകളുണ്ടാവും. കുഞ്ഞുങ്ങളെ നിങ്ങൾ ഉപദ്രവിക്കരുത്‌.“

”ഇല്ല. ഇനിയൊരിക്കും കുഴയാനകളെ ഞങ്ങൾ ഉപദ്രവിക്കില്ല. ശല്ല്യക്കാരായ എത്രമാത്രം കീടങ്ങളെയാണ്‌ നിങ്ങൾ തിന്നു നശിപ്പിക്കുന്നത്‌ ഞങ്ങൾക്കു നിങ്ങളോട്‌ നന്ദിയുണ്ട്‌.“ കുഞ്ഞിക്കുട്ടൻ തുമ്പികളെ യാത്രയാക്കി. തുമ്പികൾ കൂട്ടത്തോടെ ആകാശത്തേക്കു പറന്നുയർന്നു...

ഗാഢനിദ്രയിൽനിന്നും ഞെട്ടിയുയർന്നപ്പോൾ ചിഞ്ചുമോൾ തന്നെനോക്കി മോണകാട്ടിച്ചിരിക്കുന്നതാണ്‌ കുഞ്ഞികുട്ടൻ കണ്ടത്‌.

”കുഞ്ഞേട്ടൻ ഉറക്കത്തിലെന്തിനാ കൂയ്യാനാ കുയ്യാനാന്ന്‌ പറേന്നേ?“... അവൾ കൊഞ്ചിക്കൊണ്ട്‌ ചോദിച്ചു.

കണ്ണുകൾ തിരുമ്മി പുറത്തേയ്‌ക്കു നോക്കിയപ്പോൾ ജനാലയിലൂടെ സൂര്യൻ കണ്ണിൽ കുത്തി. ചക്രവാളത്തിൽ ഒരു തുമ്പിയെപ്പോലെ കണ്ടില്ല. ശരീരത്തിൽനിന്നും അപ്പോഴും താമരപ്പൂവിന്റെ ഗന്ധം ഉയരുന്നുണ്ടെന്ന്‌ കുഞ്ഞിക്കുട്ടനു തോന്നി. അവൻ ചിഞ്ചുമോളെ അരുകിൽ ചേർത്തുകിടത്തി തുമ്പികളുടെ കഥ പറയാൻ തുടങ്ങി.

സുബ്രഹ്‌മണ്യൻ കുറ്റിക്കോൽ

പി.ഒ കുറ്റിക്കോൽ, തളിപ്പറമ്പ്‌ - 670141, കണ്ണൂർ ജില്ല.


Phone: 9495723832
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.