പുഴ.കോം > കുട്ടികളുടെ പുഴ > കാട്ടുകഥ > കൃതി

ചിത്രശലഭങ്ങളുടെ പൂമരം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുബ്രഹ്‌മണ്യൻ കുറ്റിക്കോൽ

നിറയെ ചുകന്ന പൂക്കൾ വിരിയിച്ചുകൊണ്ട്‌ കുന്നിനു മുകളിൽ മരം നിന്നു. ചില്ലകൾതോറും തുള്ളിത്തുളുമ്പുന്ന വസന്തം സുഗന്ധമായി ചുറ്റും പരന്നൊഴുകി.

പൂക്കളുടെ ഗന്ധം പൂമ്പാറ്റകളെ മത്തുപിടിപ്പിച്ചു പീലി വിടർത്തിയാടുന്ന മരത്തിനരികിലേക്ക്‌ വർണ്ണച്ചിറകുകളുള്ള ഒരു ചിത്രശലഭം പറന്നുവന്നു.

“വരൂ ചിത്രശലഭമേ...... നിനക്ക്‌ സ്വാഗതം......! ”

മരം പറഞ്ഞു.

“പൂകുമ്പിളുകളിൽ തേൻ നിറച്ചുകൊണ്ട്‌ എത്രനാളായി ഞാൻ കാത്തിരിക്കുന്നു.....! ”

“ഞാനല്‌പം തേൻ നുകർന്നോട്ടെ......”?

ചിത്രശലഭം ചോദിച്ചു.

“കൊതിതീരെ കുടിച്ചുകൊള്ളു. എന്റെ പൂക്കളിലെ തേൻ മുഴുവൻ നിങ്ങൾക്കുള്ളതാണ്‌.”

പൂമ്പാറ്റ പൂവുകളിൽ മാറിമാറിയിരുന്ന്‌ തേൻ തുകർന്നു. പൂമ്പൊടികൾ പൂവുകളിൽ നിന്നും പൂവുകളിലേക്കു കൈമാറി. പൂഞ്ചിറകുകളിൽ സുഗന്ധം പുരട്ടി. തളിരിലകളിൽ ഒളിഞ്ഞും തെളിഞ്ഞും കണ്ണാടിനോക്കി മുഖം മിനുക്കി.

“പൂമരമേ..... ഞാൻ നിന്റെ ഇലകളിൽ മുട്ടയിടട്ടേ....?”തേൻ കുടിച്ചു മതിവന്നപ്പോൾ പൂമ്പാറ്റ ചോദിച്ചു.

“ഇട്ടുകൊള്ളൂ - മരം സമ്മതം മൂളി.

പൂമ്പാറ്റ തളിരിലകളുടെ അടിഭാഗത്ത്‌ ആയിരം മുട്ടകൾ നിക്ഷേപിച്ചു. മുട്ടകൾ വീണുപോകാതിരിക്കാൻ ശരീരത്തിൽ നിന്നുള്ള പശയുപയോഗിച്ച്‌ ഇലകളിൽ ഭദ്രമായി ഒട്ടിച്ചുവെച്ചു. ഇലകൾ ചുരുട്ടി കൂടുപോലെയാക്കി മുട്ടകൾക്കു സംരക്ഷണം ഉറപ്പുവരുത്തി. ജോലി പൂർത്തിയാക്കിയപ്പോൾ ചിത്രശലഭം പറഞ്ഞു.

”പൂമരമേ....... എന്റെ മക്കളെ നീ നന്നായി സംരക്ഷിക്കണം. ആഹാരമായി തളിരിലകൾ നല്‌കണം കിളികളിൽ നിന്നും അവരെ രക്ഷിക്കണം. ഞാൻ പോവുകയാണ്‌. നിനക്കു നന്മവരട്ടെ........! “

”ശരി ചിത്രശലഭമേ..... എല്ലാം ഞാൻ ചെയ്‌തുകൊള്ളാം. നീ സമാധാനമായി പൊയ്‌ക്കൊള്ളൂ.....“ മരം പറഞ്ഞു.

ചിത്രശലഭം ചിറകുകൾ വീശിവിടവാങ്ങി പറന്നുപോയി.

വസന്തം നീങ്ങി വേനൽ കടുത്തപ്പോൾ മരച്ചില്ലകളിൽ പൂക്കൾ കൊഴിഞ്ഞു കുലകളിൽ കായ്‌കൾ പൊട്ടിവിരിഞ്ഞു. ചില്ലകളിൽ തളിരിലകൾ തഴച്ചു.

കുറേ മുട്ടകൾ വെയിലേറ്റു കരിഞ്ഞുപോയി. ചില മുട്ടകൾ മഞ്ഞത്ത്‌ ഉറഞ്ഞുപോയി. ചിലവ പറന്നുപോയി. അവശേഷിച്ച മുട്ടകൾ പതുക്കെ വിരിയാൻ തുടങ്ങി.

തലയിൽ നീണ്ട കൊമ്പുകൾ. കണ്ണുകൾക്കുചുറ്റും മഞ്ഞവരകൾ. ദേഹം നിറയെ മഞ്ഞയും കറുപ്പും ഇടകലർന്ന വളയങ്ങൾ. മുട്ടവിരിഞ്ഞു പുറത്തുവന്ന പൂമ്പാറ്റപ്പുഴുക്കൾ ഇലകളിലാകെ ഇഴഞ്ഞു നടന്നു.

പുഴുക്കൾ തളിരിലകൾ കരണ്ടുതിന്നപ്പോൾ പൂമരം പുളകമണിഞ്ഞു. പുളകം പുതുമുളകളായി തളിരണിഞ്ഞു. തളിരുകൾ തിന്ന്‌ പുഴുക്കൾ തടിച്ചുകൊഴുത്തു. മരം തളിരിലകളിലെ പച്ചനിറം നല്‌കി പൂമ്പാറ്റകുഞ്ഞുങ്ങളെ ശത്രുക്കളിൽ നിന്നും മറച്ചുവെച്ചു.

മരത്തിൽ പറന്നെത്തിയ കിളികൾ ഇലകൾക്കിടയിൽ പുഴുക്കളെത്തേടിത്തളർന്നു. ഇലപച്ചനിറമണിഞ്ഞ്‌ ഇലകൾക്കിടയിൽ ഒളിച്ചുനിൽക്കുന്ന പൂമ്പാറ്റപ്പുഴുക്കളെ കണ്ടുപിടിക്കാൻ കിളികൾക്കു കഴിഞ്ഞില്ല. ഒടുവിൽ കിളികൾ മരത്തോടു ചോദിച്ചു.

”മരമേ! ഒരു പൂമ്പാറ്റപ്പുഴുവിനെ ഞങ്ങൾക്കു തരുമോ.....?“

”ഇവിടെ പൂമ്പാറ്റപ്പുഴുക്കളൊന്നും ഇല്ലല്ലോ കിളികളേ.... നിങ്ങൾക്കു ഞാൻ മധുരമുള്ള പഴങ്ങൾ തരാം.

മരം നല്‌കിയ മധുരഫലങ്ങളുമായി കിളികൾ മടങ്ങി. പ്രത്യുപകാരമായി വിത്തുകൾ വളമണ്ണിലേക്കെറിയുവാൻ കിളികൾ മറന്നില്ല. വിത്തുകൾക്കുള്ളിൽ കുഞ്ഞുമരങ്ങൾ മഴകാത്തു മയങ്ങിക്കിടന്നു.

പച്ചിലകൾ കാർന്നുതിന്ന്‌ പൂമ്പാറ്റകൾ വളർന്നു. വളരുന്തോറും പുഴുക്കളുടെ വിശപ്പും ആർത്തിയും വർദ്ധിച്ചുവന്നു. മരച്ചില്ലകൾ തോറും ഇഴഞ്ഞുചെന്ന്‌ പുഴുക്കൾ പച്ചിലകൾ മുഴുവൻ തിന്നുതീർത്തു.

മഴക്കാലമായി. ഇലകൾ തീർന്നപ്പോൾ മരം പുഴുക്കൾക്ക്‌ മരച്ചില്ലകളുടെ തവിട്ടുനിറം പകർന്നുനല്‌കി. ഇലപ്പച്ചകളില്ലാത്ത മരം മാനത്തേക്ക്‌ ചില്ലകൾ നീട്ടി പൂമ്പാറ്റകളുടെ രക്ഷയ്‌ക്കുവേണ്ടി പ്രാർത്ഥിച്ചു. പ്രാർത്ഥനയുടെ ഫലമെന്നപോലെ പുഴുക്കളുടെ ദേഹത്തുനിന്നും പട്ടുനൂലുകൾ പുറത്തുവന്നു. പട്ടുനൂൽകെണ്ട്‌ ദേഹത്തിനുചുറ്റും കൂടുണ്ടാക്കി പൂമ്പാറ്റകൾ സമാധിയിൽ മുഴുകി.

വെളുത്ത നൂലുണ്ടകൾ പോലെ കൊക്കൂണുകൾ മരച്ചില്ലകളിൽ തൂങ്ങിക്കിടന്നു. ഒരു പച്ചിലപോലുമില്ലാതെ കുന്നിനുമുകളിൽ ചില്ലുകൾ വിടർത്തി മരം മരവിച്ചുനിന്നു. ഉണങ്ങിയ മരംപോലെ ഉയർന്നു നില്‌ക്കുന്ന മരത്തിലേയ്‌ക്ക്‌ പറവകൾപോലും പറന്നെത്തിയില്ല.

“നോക്കൂ........ആ പൂമരം ഉണങ്ങിത്തുടങ്ങി.”

മറ്റു മരങ്ങൾ പിറുപിറുത്തു ഇലച്ചില്ലകൾ ഇലച്ചില്ലകളുലച്ച്‌ പരിഹാസത്തോടെ പൊട്ടിച്ചിരിച്ചു.

“അവൾക്കതുതന്നെവേണം. പുഴുക്കളെ കിളികൾക്കു കാണിച്ചുകൊടുത്തിരുന്നെങ്കിൽ ഇങ്ങനെ വരുമായിരുന്നോ?”

അമ്മച്ചിപ്ലാവ്‌ അടക്കം പറഞ്ഞു.

ചുറ്റുപാടും നടക്കുന്ന കോലാഹലങ്ങൾ ശ്രദ്ധിക്കാതെ പൂമരം ധ്യാനത്തിൽ മുഴുകി കുന്നിൽമുകളിൽ നിശ്‌ചലം നിന്നു. ദിവസങ്ങൾ കടന്നുപോയി. ഒരു നാൾ പുഴുക്കൂടുകൾ പൊട്ടിത്തുറന്ന്‌ വർണ്ണച്ചിറകുകളുള്ള ചിത്രശലഭങ്ങൾ പുറത്തുവന്നു.

“അമ്മേ.........!, അമ്മേ...............!! ”

പൂമ്പാറ്റകൾ മരത്തെ മുട്ടിവിളിച്ചു. മരം ധ്യാനത്തിൽ നിന്നുണർന്നു നോക്കിയപ്പോൾ മഴവിൽച്ചന്തത്തോടെ ചില്ലകൾതോറും പാറിക്കളിക്കുന്ന പൂമ്പാറ്റകളെയാണ്‌ കണ്ടത്‌. മരത്തിന്റെ ഉടലാകെ കോരിത്തരിച്ചു. ചില്ലകളിൽ പുതുനാമ്പുകൾ പൊട്ടിമുളച്ചു.

“മക്കളേ.........! എന്റെ മക്കളേ........!!”

മരം വാത്സല്യത്തോടെ വിളിച്ചു. ശലഭങ്ങൾ മരത്തെ ഉമ്മകൾകൊണ്ടുമൂടി.

“അമ്മേ..........‘ അമ്മേ..........” ശലഭങ്ങൾ മരത്തെ ആലിംഗനം ചെയ്‌തുകൊണ്ട്‌ പിറുപിറുത്തു.

“മക്കളേ..... നിങ്ങൾക്കുതരാൻ ഒന്നുമില്ലല്ലോ.......”

“ഒന്നും വേണ്ടമ്മേ..... വിശക്കാൻ തുടങ്ങിയിട്ടില്ല...... ഞങ്ങൾ പൂവുകൾ തേടി പോവുകയാണ്‌. ഞങ്ങളെ യാത്രയാക്കിയാലും”

“ആരുതുമക്കളേ......എന്നെവിട്ടുപോകരുത്‌......”

“ഇല്ലമ്മേ......... അടുത്ത വസന്തത്തിൽ ഞങ്ങൾ തിരിച്ചുവരും. പൂക്കിണ്ണങ്ങളിൽ തേൻ നിറച്ച്‌ അമ്മ കാത്തിരിക്കണം.”

ചിത്രശലഭങ്ങൾ ചിറകുവീശി അകന്നകന്നു പോകുമ്പോൾ വേർപാടിന്റെ വേദനയോടെ മുകുളങ്ങൾ തളിർക്കുന്ന ചില്ലകൾ വീശി മരം കുഞ്ഞുങ്ങളെ യാത്രയാക്കി. പൂമ്പാറ്റകൾ ചക്രവാളത്തിൽ മറഞ്ഞിട്ടും പൂമ്പാറ്റച്ചിറകിന്റെ നിറങ്ങൾ കവർന്ന്‌ ഒരു മഴവില്ല്‌ ആകാശത്തിൽ തങ്ങിനിന്നു.

സുബ്രഹ്‌മണ്യൻ കുറ്റിക്കോൽ

പി.ഒ കുറ്റിക്കോൽ, തളിപ്പറമ്പ്‌ - 670141, കണ്ണൂർ ജില്ല.


Phone: 9495723832
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.