പുഴ.കോം > കുട്ടികളുടെ പുഴ > കാട്ടുകഥ > കൃതി

വീ വില്ലീ വിങ്കീ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
റുഡ്‌യാർഡ്‌ കിപ്ലിങ്ങ്‌

പരിഭാഷ - സുരേഷ്‌ എം.ജി

അയാളുടെ ശരിയായ പേര്‌ പെർസിവൽ വില്ല്യം വില്ല്യംസ്‌ എന്നായിരുന്നു. എന്നാൽ ഒരു നഴ്സറി പാട്ടിൽ നിന്നും അയാൾ ഈ പേര്‌ കണ്ടെടുത്തു. അതോടെ പള്ളിയിലിട്ട അയാളുടെ പേര്‌ മരിച്ചും പോയി. അയാളുടെ അമ്മയുടെ ആയ അയാളെ വില്ലീ ബാബ എന്നാണു വിളിച്ചിരുന്നത്‌. എന്നാൽ അതുകൊണ്ട്‌ പ്രത്യേകാൽ ഒന്നും സംഭവിച്ചില്ല, അയാൾ ഒരിക്കലും അവരുടെ വാക്കുകൾക്ക്‌ വില കല്പിച്ചിരുന്നില്ലല്ലോ.

അയാളുടെ അച്ഛൻ 195 ലെ ഒരു കേണലായിരുന്നു. അതുകൊണ്ടു തന്നെ വീ വില്ലീ വിങ്കിയ്‌ക്ക്‌ പട്ടാള ചിട്ട എന്തെന്ന്‌ അറിയുവാനുള്ള പ്രായമായ ഉടൻ കേണൽ വില്ല്യംസ്‌ അയാളെ ആ ചിട്ടയിലേക്ക്‌ സ്വാഗതം ചെയ്തു. അല്ലാതെ ഈ കുട്ടിയെ മേയ്‌ക്കുവാൻ മറ്റൊരു മാർഗ്ഗവുമില്ലായിരുന്നു. ഒരാഴ്‌ച പട്ടാളചിട്ടകളിൽ അയാൾ മര്യാദ പാലിച്ചുവെങ്കിൽ അതിന്നൊരു പ്രതിഫലമെന്ന നിലയ്‌ക്ക്‌ ഒരു ചെറിയ സ്റ്റൈപൻഡ്‌ ലഭിച്ചു. നല്ല നടത്തിന്നുള്ള പ്രതിഫലം. അല്ലെങ്കിൽ അത്‌ നിഷേധിക്കപ്പെടുകയും ചെയ്തു. പൊതുവേ അവന്നത്‌ നിഷേധിക്കപ്പെട്ട ആഴ്ചകളായിരുന്നു അധികവും. ഒരാറുവയസ്സുകാരന്ന്‌ തെറ്റുകൾ ചെയ്യുവാൻ ഇന്ത്യയിൽ എന്ത്‌ ബുദ്ധിമുട്ടാണുള്ളത്‌? അപരിചിതരോട്‌ കുട്ടികൾ സാധാരണയായി കുറച്ചകലം കാണിക്കും, എന്നാൽ വീ വില്ലീ വിങ്കി ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നു. ഒരടുപ്പം അവൻ ഒരിക്കൽ അംഗീകരിച്ചാൽ അതവനെ പിന്നെ വല്ലാതെ ആകർഷിക്കും. അവൻ 195 എന്ന ബറ്റാലിയനിലെ ഒരു വെറും കീഴുദ്യോഗസ്ഥനായ ബ്രാൻഡിസിനെ അംഗികരിച്ചു, അതും ആദ്യ നോട്ടത്തിൽ തന്നെ. വീ വില്ലി വിങ്കി വീടിനു ചുറ്റിലും വന്ന കോഴികളെ ഓടിക്കാതിരുന്നു എന്ന നല്ല സ്വഭാവത്തിനുള്ള അഭിനന്ദനവും വാങ്ങിച്ച്‌ അകത്തു വന്നപ്പോൾ ബ്രാൻഡിസ്‌ ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവൻ ഒന്ന്‌ മാറിനിന്ന്‌ ഒരു പത്തുമിനിട്ട്‌ ബ്രാൻഡിസിനെ സാകൂതം വീക്ഷിച്ചു. അതിനു ശേഷം തന്റെ അഭിപ്രയം പുറത്തു വിട്ടു. വളരെ മെല്ലെ പറഞ്ഞു “എനിക്ക്‌ നിങ്ങളെ ഇഷ്ടമായി” അത്രയും പറയുക മാത്രമല്ല, പറഞ്ഞും കൊണ്ട്‌ അവൻ ബ്രാൻഡിസിന്റെ അടുത്തേക്ക്‌ വരികയും ചെയ്തു. അടുത്തെത്തിയപ്പോൾ അവൻ വീണ്ടും പറഞ്ഞു. “എനിക്ക്‌ നിങ്ങളെ ഇഷ്ടമായി. ഞാൻ നിങ്ങളെ കോപ്പി എന്നു വിളിക്കും. അതിനു കാരണം നിങ്ങളുടെ മുടിയുടെ ആക്യതിയാണ്‌. താങ്കൾക്ക്‌ അങ്ങിനെ വിളിക്കുന്നതിനോട്‌ എതിർപ്പൊന്നുമില്ലല്ലോ? മുടികണ്ടിട്ടാണ്‌, അല്ലാതൊന്നുമല്ല.”

വില്ലീ വിങ്കിയുടെ ഏറ്റവും പ്രത്യേകമായ പ്രത്യേകതകളിൽ ഒന്നിതാണ്‌. അവൻ ഒരപരിചിതനെ കണ്ടാൽ കുറച്ചു നേരം നിരീക്ഷിക്കും. പിന്നെ ഒരു മുന്നറിയിപ്പോ കാരണമോ ഇല്ലാതെ ആ അപരിചിതന്‌ ഒരു പേരു നൽകും. ആ പേരങ്ങിനെ ഉറയ്‌ക്കും. അവന്റെ ഈ സ്വഭാവത്തിന്ന്‌ അവന്ന്‌ പട്ടാളമുറയിലുള്ള ശിക്ഷകൾ അനവധി ലഭിച്ചിട്ടുണ്ട്‌. എന്നാൽ ശിക്ഷകൾ പരാജയപ്പെടുകയല്ലാതെ സ്വഭാവത്തിൽ മാറ്റമുണ്ടായില്ല. കുറച്ചു നാളത്തേക്ക്‌ അവന്ന്‌ നല്ല കുട്ടിയെന്ന നാമധേയം ലഭിച്ചതായിരുന്നു, എന്നാൽ കമ്മീഷണരുടെ ഭാര്യയ്‌ക്ക്‌ എന്നവൻ “പോബ്സ്‌” എന്ന്‌ പേരു നൽകിയോ അന്നത്‌ പിൻവലിക്കപ്പെട്ടു. കേണൽ ഒട്ടൊന്ന്‌ പരിശ്രമിച്ചിട്ടും അവനിട്ട ആ പേര്‌ പട്ടാളക്കാരിൽ നിന്നും മായ്‌ച്ചുകളയുവാനുമായില്ല. കമ്മീഷണർ അവിടെ നിന്നും മാറിപ്പോകുന്നതുവരേയ്‌ക്കും മിസിസ്‌ കോളൻ മിസിസ്‌ പോബ്സ്‌ ആയി നിലനിന്നു. അതുപോലെ തന്നെ ഇതാ ഇപ്പോൾ ബ്രാൻഡിസ്‌ “കോപ്പി”യായിരിക്കുന്നു.

വീ വില്ലീ വിങ്കിയ്‌ക്ക്‌ ആരോടെങ്കിലും താത്പര്യം തോന്നിയാൽ, ആ ഭാഗ്യവാനെ പിന്നെ എല്ലാവരും അസൂയയാൽ പൊതിയും. ആ അസൂയയിൽ സ്വാർത്ഥ താത്പര്യങ്ങൾ ഒട്ടുമില്ലതാനും. “കേണലിന്റെ മകൻ” അങ്ങിനെ അദ്ദേഹത്തിന്റെ മാത്രം കഴിവിനാൽ ദൈവതുല്യനാകുകയായിരുന്നു. അതുകൊണ്ടാരും വീ വില്ലീ വിങ്കി സുന്ദരനെന്ന്‌ കരുതരുത്‌. അവന്റെ മുഖത്ത്‌ മുഴുക്കെ കറുത്ത പാടുകളുണ്ടായിരുന്നു, കാലാകെ ചൊറിഞ്ഞു വിണ്ടിരുന്നു. അവന്റെ അമ്മയുടെ രോദനങ്ങൾക്ക്‌ ചെവി കൊടുക്കാതെ അവൻ അവന്റെ തവിട്ടു നിറം നല്ലവണ്ണമുള്ള നീളൻ മുടി വെട്ടി പട്ടാള ചിട്ടയിൽ ചെറുതാക്കിയിരുനു. “എനിക്കെന്റെ മുടി സർജന്റ്‌ ടമ്മിലിനെപോലെയാക്കണം” എന്നാണവൻ അതിനു കണ്ടെത്തിയ ന്യായം. അതിനാകട്ടെ അവന്ന്‌ അവന്റെ അച്ഛന്റെ പൂർണ്ണ പ്രോത്സാഹനവുമുണ്ടായിരുന്നു.

ലഫ്‌റ്റനന്റ്‌ ബ്രാൻഡിസിന്നു മുകളിൽ - ഇനി മുതൽ നമുക്കയാളെ “കോപ്പി” എന്നു വിളിക്കാം - വീ വില്ലി വിങ്കി അവന്നു തന്നെ ധാരണാശക്തിയുള്ളതിൽ കൂടുതൽ അപരിചിത വസ്തുക്കളെ ശ്രദ്ധിക്കുവാൻ തുടങ്ങി.

കോപ്പിയാകട്ടെ വളരെ താത്പര്യത്തോടെ ആ ഇഷ്ടം തിരിച്ചു കൊടുത്തു. അതിന്റെ ഭാഗമായി ഒരിക്കൽ കോപ്പി വീ വില്ലി വിങ്കിയ്‌ക്ക്‌ തന്റെ വാൾ അഞ്ചു മിനിട്ട്‌ നേരം അണിഞ്ഞു നിൽക്കുവാൻ ഒരവസരം നൽകി. വീ വില്ലി വിങ്കിയ്‌ക്കും വാളിനും അപ്പോൾ ഒരേ നീളമായിരുന്നു എന്നത്‌ എടുത്ത്‌ പറയട്ടെ. അതിലുമുപരിയായി, കോപ്പി അവന്ന്‌ ഒരു പട്ടിക്കുട്ടിയെ നൽകാമെന്ന്‌ വാഗ്ദാനം ചെയ്തു. അതുമാത്രമോ ഏറ്റവും വലിയത്‌ എടുത്ത്‌ പറയട്ടെ, ഷേവിങ്ങ്‌ എന്ന മഹത്തായ പ്രക്രിയ എങ്ങിനെയാണ്‌ ചെയ്യുന്നത്‌ എന്ന്‌ നേരിട്ട്‌ കാണുവാൻ ഒരവസരവും അദ്ദേഹം വീ വില്ലി വിങ്കിയ്‌ക്ക്‌ വാഗ്ദാനം ചെയ്തു. അതിന്നു പുറകിലായി അദ്ദേഹം വീ വില്ലി വിങ്കിയ്‌ക്ക്‌ ഒരു പുതിയ അറിവും നൽകി. ഒരു നാൾ വീ വില്ലി വിങ്കിയും വലുതാകും. അപ്പോൾ അവനും തിളങ്ങുന്ന ഷേവിങ്ങ്‌ കത്തിയും, സോപ്പിട്ടുവയ്‌ക്കുവാനുള്ള വെള്ളിനിറമുള്ള ഒരു പെട്ടിയും വെള്ളിയുടെ പിടിയുള്ള വീ വില്ലി വിങ്കിയുടെ ഭാഷയിൽ പറഞ്ഞാൽ “വെള്ളത്തിന്റെ തുള്ളി തെറിപ്പിക്കുന്ന ബ്രഷും” സ്വന്തമായി ഉണ്ടാകും. നല്ല കുട്ടിയാകുന്നതിന്ന്‌ പാരിതോഷികങ്ങൾ നൽകുവാൻ അല്ലെങ്കിൽ അത്‌ തിരിച്ചെടുക്കുവാൻ തന്റെ അച്ഛനല്ലാതെ ആർക്കും അധികാരമില്ലെന്ന്‌ വില്ലിക്കുറപ്പ്‌. കോപ്പിയുടെ നെഞ്ചിൽ കയറിയിരിക്കുന്ന അഫ്ഗാൻ ഈജിപ്‌ഷ്യൻ മെഡലുകളും വന്നത്‌ അവിടെ നിന്നും തന്നെയായിരിക്കണം. അതുകൊണ്ടു തന്നെ കോപ്പി “ഇത്തിരി വലിയ ഒരു പെൺകുട്ടി” യായ മിൽ ആളർഡൈസിനെ ഒന്ന്‌ കെട്ടിപ്പിടിച്ച്‌ ചുംബിച്ചതിൽ തെറ്റൊന്നുമുണ്ടായിരിക്കയില്ല, അല്ലേ? അതൊരു മാനുഷികമായ വികാരം മാത്രമാണല്ലോ. കോപ്പി അത്‌ ചെയ്യുന്നത്‌ ഒരിക്കൽ തന്റെ പ്രഭാത സവാരിക്കിടയിൽ വീ വില്ലി വിങ്കി കാണുകയുണ്ടായി. എന്നാൽ അവനുമൊരു മാന്യനാണല്ലോ. അതുകൊണ്ടു തന്നെ അതുകണ്ടമാത്രയിൽ അവൻ തിരിഞ്ഞ്‌ തന്റെ കുതിരക്കാരന്നടുത്തെത്തി. അല്ലെങ്കിൽ ഒരു പക്ഷേ അയാളും അതേ കാഴ്‌ച കാണുമായിരുന്നു.

സാധാരണയായി അവൻ ഈ കാര്യം ആദ്യം ചർച്ച ചെയ്യുന്നത്‌ അവന്റെ അച്ഛനോടാകുമായിരുന്നു. എന്നാൽ ഇത്തവണ ആ പതിവൊന്ന്‌ തെറ്റിച്ച്‌ ഈ കാര്യം ആദ്യം കോപ്പിയോടു തന്നെ ചർച്ച ചെയ്യുവാൻ അവൻ തീരുമാനിച്ചു.

അവൻ ഉടൻ കീഴുദ്യോഗസ്ഥർ താമസിക്കുന്ന ബംഗ്ലാവുകളുടെ അടുത്തെത്തി. “കോപ്പി...” അവൻ ഉറക്കെ വിളിച്ചു. “എനിക്ക്‌ താങ്കളെ കാണണം കോപ്പീ.”

“അകത്തേക്ക്‌ കയറി വരൂ ചെറുപ്പക്കാരാ..” കോപ്പിയുടെ മറുപടി ഉടൻ വന്നു. കോപ്പിയപ്പോൾ പ്രഭാതഭക്ഷണവുമായി മല്ലടിക്കുകയായിരുന്നു. “ഇത്ര കാലത്തേ നീയെന്ത്‌ വിക്യതിയാണൊപ്പിച്ചിരിക്കുന്നത്‌?”

വീ വില്ലി വിങ്കി കഴിഞ്ഞ മൂന്നു ദിവസമായി കാര്യമായ കേടുപാടുകൾ വരുത്തുന്ന വികൃതികളിൽ ഒന്നും ഉൾപെട്ടിട്ടില്ല. അതുകൊണ്ടു തന്നെ അവൻ അവന്റെ തലയൂയർത്തിപ്പിടിച്ചു തന്നെ നിന്നു.

“ഞാനൊന്നും ചെയ്തില്ല.” അവൻ പറഞ്ഞു. ദീർഘമായ ഒരു പരേഡ്‌ കഴിഞ്ഞ ശേഷം ക്ഷീണിതനായ ഒരു കേണലിനെ പോലെ അവൻ അടുത്തുകണ്ട ഒരു നീളൻ കസേരയിൽ ചുരുണ്ടു. പിന്നെ ഒരു കപ്പു ചായയിൽ നിന്നും ഉയർന്നു പൊങ്ങിയിരുന്ന ആവിയിൽ അവൻ അവന്റെ മുഖമൊളിപ്പിച്ചു. എന്നിട്ട്‌ തലയൊന്നുയർത്തി, കോപ്പിയെ ചായക്കപ്പിനു മുകളിലൂടെ എത്തിവലിഞ്ഞു നോക്കി ചോദിച്ചു. “എനിക്കൊന്നറിയണം കോപ്പീ, വലിയ ഒരു പെൺകുട്ടിയെ ഉമ്മവയ്‌ക്കുന്നത്‌ ശരിയോ തെറ്റോ?”

“നീയ്യിത്‌ ഇത്ര നേരത്തെ തുടങ്ങിയോ? ദൈവമേ!! നിനക്കാരെയാണുമ്മവയ്‌ക്കേണ്ടത്‌?”

“എനിക്കാരെയും ഉമ്മ വയ്‌ക്കേണ്ട. ഞാൻ എത്ര എതിർത്താലും അമ്മ എപ്പോഴും എന്നെ ഉമ്മവയ്‌ക്കും. അല്ല, അതു പോകട്ടെ, ഞാൻ ചോദിച്ച കാര്യം ശരിയല്ലെങ്കിൽ പിന്നെ നീ എന്തിനാണിന്നലെ ആ കനാലിന്റെ കരയ്‌ക്കു വച്ച്‌ മേജർ ആളർഡൈസിന്റെ മുതിർന്ന മകളെ ചുംബിച്ചത്‌?”

കോപ്പിയുടെ പുരികമൊന്ന്‌ ചുളിഞ്ഞു. മിസ്സ്‌ ആളർഡൈസും അവനും ചേർന്ന്‌ അവരുടെ ഈ ബന്ധം കഴിഞ്ഞ രണ്ടാഴ്‌ചയായി രഹസ്യമാക്കി വയ്‌ക്കുവാൻ പാടുപെടുകയായിരുന്നു. ആ ബന്ധം അവർക്ക്‌ ഇനിയും ഒരു മാസം കൂടി രഹസ്യമാക്കി വയ്‌ക്കുകയും വേണം. അതിന്ന്‌ അവർക്ക്‌ അവരുടേതായ കാരണങ്ങളുണ്ട്‌. പ്രത്യേകിച്ചും മേജർ ആളർഡൈസ്‌ ഈ വിവരം ഇപ്പോൾ അറിയുവാൻ പാടില്ല. എന്നാൽ ഈ വാൽമാക്രി അറിയേണ്ടുന്നതിലും അധികം അറിഞ്ഞിരിക്കുന്നു.

“ഞാൻ നിങ്ങളെ കണ്ടു. എന്നാൽ ആ കുതിരക്കാരൻ കണ്ടിട്ടില്ല. ഞാൻ അവനോട്‌ ”ഹട്ട്‌ ജാവൊ“ (മാറിപ്പോക്‌) എന്ന്‌ പറഞ്ഞു.” വീ വില്ലി വിങ്കി അറിയിച്ചു.

“മിടുക്കൻ. നിനക്കത്രയെങ്കിലും ബുദ്ധിതോന്നിയല്ലോ.” കോപ്പിയ്‌ക്ക്‌ വന്നത്‌ പാതി തമാശനിറഞ്ഞ അത്ഭുതവും മറുപാതി ദേഷ്യവും. “അതിനു ശേഷം ഈ വിശേഷം നീ എത്ര പേരുടെ കാതിലെത്തിച്ചു?”

“ആരോടുമില്ല. നിനക്കതിഷ്ടപ്പെട്ടില്ലെങ്കിലോ എന്നു കരുതി. അതിന്ന്‌ കാരണവുമുണ്ട്‌. എന്റെ കുതിര അന്ന്‌ മുടന്തുവാൻ തുടങ്ങിയപ്പോൾ ഞാൻ ആ പോത്തിന്റെ പുറത്തു കയറിയത്‌ നീ ആരോടും പറഞ്ഞില്ലല്ലോ?”

“വിങ്കീ...” കോപ്പിയ്‌ക്ക്‌ ആവേശമായി. അവൻ കൈകൾ വായുവിലൊന്ന്‌ വീശി. “നീ സത്യമായും നല്ല കുട്ടി തന്നെ. ഞാൻ പറയുന്നത്‌ കേൾക്ക്‌, ഈ വക കാര്യങ്ങളൊന്നും നിനക്ക്‌ ശരിക്ക്‌ മനസ്സിലാവാനുള്ള പ്രായമായിട്ടില്ല. നോക്ക്‌, അതെങ്ങിനെയാണ്‌ നിന്നോട്‌ ഞാൻ പറഞ്ഞു തരിക - ഇപ്പോൾ ഇത്‌​‍്‌ മനസ്സിലാക്ക്‌, ഞാൻ കുറച്ച്‌ ദിവസം കഴിഞ്ഞാൽ മിസ്സ്‌ ആളർഡൈസിനെ കല്യാണം കഴിക്കുവാൻ പോകുന്നു. അത്‌ കഴിഞ്ഞാൽ അവൾ നിന്റെ ഭാഷയിൽ പറഞ്ഞാൽ മിസ്സിസ്‌ കോപ്പിയാകും. അല്ല ഇനിയും നിനക്ക്‌ വലിയ പെൺകുട്ടികളെ ഉമ്മയവക്കുന്നതിലെ ശരി മനസ്സിലായില്ലെങ്കിൽ പോയി നിന്റെ അച്ഛനോട്‌ പറഞ്ഞുകൊടുക്ക്‌.”

“അപ്പോൾ എന്തുണ്ടാകും?” അവന്റെ അച്ഛൻ സർവ്വശക്തനാണെന്നു തന്നെയാണ്‌ വീ വില്ലി വിങ്കിയുടെ മനസിൽ. “പിന്നെ ബുദ്ധിമുട്ട്‌ എന്നെ തേടി വരും. എനിക്ക്‌ കുഴപ്പം പിടിച്ച്‌ നാളുകളാകും.” അതു പറയുമ്പോൾ കോപ്പിയുടെ മുഖം ദയനീയ ഭാവം പൂണ്ടു. അവൻ തുരുപ്പുചീട്ടിറക്കുകയായിരുന്നു.

“അങ്ങിനെയെങ്കിൽ ഞാൻ പറയില്ല. പക്ഷേ എന്റെ അച്ഛൻ പറയുന്നത്‌ എപ്പോഴും ഇങ്ങിനെ ഉമ്മവയ്‌ക്കുന്നത്‌ ആൺകുട്ടികൾക്ക്‌ പറ്റിയതല്ലെന്നാണ്‌. അതാ ഞാൻ പറഞ്ഞത്‌, നീയങ്ങിനെ ചെയ്യുന്നത്‌ എനിക്ക്‌ ഇഷ്ടപ്പെടുന്നില്ല കോപ്പീ.”

“ഞാനതിന്‌ എപ്പോഴുമൊന്നും ചെയ്യുന്നില്ലല്ലോ? വല്ലപ്പോഴുമൊരിക്കൽ. പിന്നെ, നീയൊന്നു വലുതായാൽ നീയ്യും ഇതൊക്കെ ചെയ്യും. നിന്റെ അച്ഛൻ ഉദ്ദേശിച്ചത്‌ ചെറിയ കുട്ടികൾ ഇത്‌ ചെയ്യരുത്‌ എന്നുമാത്രമാണ്‌.”

“അത്‌ ശരി.” വീ വില്ലി വിങ്കിയുടെ ബുദ്ധിയുദിച്ചു. “ആ തുള്ളി തെറിപ്പിക്കുന്ന ബ്രഷുപോലെ.”

“സത്യമായും അതുപോലെ തന്നെ.”

“എന്തൊക്കെയായാലും ഈ വലിയ പെൺകുട്ടികളെ ഉമ്മവയ്‌ക്കുവാൻ എനിക്കത്ര താത്പര്യമില്ല, എന്റെ അമ്മയെ ഒഴിച്ച്‌, അതെനിക്ക്‌ പറയാതിരിക്കാൻ വയ്യ.”

പിന്നെ ഒരു നീണ്ട ഇടവേളയായിരുന്നു. ആ ഇടവേളയ്‌ക്ക്‌ വിരാമമിട്ടതും വീ വില്ലി വിങ്കി തന്നെ.

“വലിയ പെൺകുട്ടികളെ ഉമ്മവയക്കുന്നത്‌ നിനക്ക്‌ ഇഷ്ടമാണോ കോപ്പീ?”

“അതെ, നല്ല ഇഷ്ടമാണ്‌.” കോപ്പി പറഞ്ഞു.

“നീയ്യും ഞാനും തമ്മിലുള്ള വ്യത്യാസവും നീ മനസിലാക്കണം വില്ലീ. ഏതാനും ദിവസം കഴിഞ്ഞാൽ മിസ്‌ ആളർഡൈസ്‌ എന്റേതാകും. കുറേ ദിവസം കഴിയുമ്പോൾ നീ വലുതായി ഏതെങ്കിലും ഒരു റജിമെന്റിന്റെ ക്യാപ്‌റ്റനോ അങ്ങിനെയെന്തിങ്കിലുമാകും. വ്യത്യാസം മനസ്സിലാക്കണം വില്ലീ.” കോപ്പി പറഞ്ഞുകൊണ്ടേയിരുന്നു.

“ശരി ശരി, നിനക്ക്‌ ഈ വലിയ പെൺകുട്ടികളെ ഇഷ്ടമാണെങ്കിൽ ആയിക്കോട്ടെ. ഞാനാരോടും പറയുവാൻ പോകുന്നില്ല. ഞാൻ പോകുന്നു.” അവൻ എഴുന്നേറ്റു.

കോപ്പി അവനെ വാതിൽ വരെ പിന്തുടർന്നു. “നിന്നെപ്പോലെ ഒരു നല്ല സുഹൃത്തുണ്ടാകില്ല വില്ലീ, അതും ഇത്ര ചെറിയ കുട്ടികളിൽ. സത്യമായും വില്ലീ. നീ ഒന്നുകൂടി അറിയണം. ഇന്നേക്ക്‌ മുപ്പതു ദിവസം കഴിഞ്ഞാൽ പിന്നെ നീ ഈ വിവരം ആരോടു വേണമെങ്കിലും പറഞ്ഞോളൂ.”

അങ്ങിനെ ആ വിവാഹക്കരാറിന്റെ രഹസ്യം ഒരു കൊച്ചു കുഞ്ഞിന്റെ വാക്കുകളെ ആശ്രയിച്ചാകുമെന്നായി. എന്നാൽ കോപ്പിയ്‌ക്ക്‌ ഭയമില്ലായിരുന്നു. കാരണം വീ വില്ലീ വിങ്കി സത്യം പാലിക്കുമെന്ന്‌ അവന്നുറപ്പായിരുന്നു. വീ വില്ലീ വിങ്കിയ്‌ക്കാകട്ടെ അതുമുതൽ മിസ്‌ ആളർഡൈസിനോട്‌ ഒരു പ്രത്യേക താത്പര്യം തോന്നിത്തുടങ്ങി. അവൻ അവൾക്കു ചുറ്റിലും വട്ടമിട്ടു പറക്കുവാനും ഇമവെട്ടാതെ നോക്കിക്കാണുവാനും തുടങ്ങി. ഈ കോപ്പി ഇവളെ ഉമ്മവയ്‌ക്കുവാൻ എന്തായിരിക്കും കാരണമെന്നതായിരുന്നു അപ്പോഴൊക്കെ അവന്റെ ചിന്ത. ഇവൾ എന്റെ അമ്മയെപ്പോലെ അത്ര സുന്ദരിയൊന്നുമല്ല. എന്നാൽ ഇവളെ ബഹുമാനിക്കേണ്ടത്‌ ആവശ്യമാണ്‌. കാരണം ഇവൾ കോപ്പിയുടെ വസ്തുവാണ്‌. കോപ്പിയുടെ വലിയ വാളും തിളങ്ങുന്ന തോക്കും പോലെ, കോപ്പിയ്‌ക്ക്‌ സ്വന്തം.

കോപ്പിയോടൊപ്പം ഒരു വലിയ രഹസ്യത്തിന്നുടമയാണു താനെന്നത്‌ വീ വില്ലി വിങ്കിയെ ഒരു മൂന്നാഴ്‌ചത്തേക്ക്‌ സദാചാര സദ്ഗുണ സമ്പന്നനാക്കി. എന്നാൽ അപ്പോഴേക്കും ഉള്ളിലെ ചെകുത്താന്ന്‌ ഇരിക്കപ്പൊറുതി നഷ്ടപ്പെട്ടു തുടങ്ങി. ഒരു ദിവസം അവൻ ഒരു “കാമ്പ്‌ ഫയർ” (ഇതവന്റെ തന്നെ വാക്കുകളാണ്‌) ഉണ്ടാക്കി. അതിന്നവൻ തിരഞ്ഞെടുത്ത സ്ഥലം തോട്ടത്തിന്റെ ഏറ്റവും അറ്റത്ത്‌. അവിടെ കാമ്പ്‌ ഫയർ നിർമ്മിച്ചാൽ അതിൽ നിന്നും തീപ്പൊരി വീണ്‌ കുതിരകൾക്കുള്ള ഉണങ്ങിയ പുല്ല്‌ ശേഖരിച്ചിരിക്കുന്നതിൽ പിടിക്കുമെന്നും അതൊക്കെ കത്തി നശിക്കുമെന്നും അവനെങ്ങിനെ അറിയുവാനാണ്‌? ഒരാഴ്‌ചത്തേക്കുള്ള ഉണക്കപ്പുല്ല്‌ നഷ്ടപ്പെട്ടുവത്രെ. ശിക്ഷ വിധിച്ചു കിട്ടുവാൻ ഒട്ടും താമസമുണ്ടായില്ല. നല്ല കുട്ടിയുടെ ബാഡ്‌ജ്‌ ഉടൻ തന്നെ അഴിച്ചെടുത്തു. അതിലും കഷ്ടം രണ്ടു ദിവസം അവനെ അവന്റെ ബാരക്കിൽ തന്നെ - അതായത്‌ വീട്ടിന്നകത്തു തന്നെ - തളച്ചിടുവാനുള്ള തീരുമാനമായിരുന്നു. ഇതിലുമുപരിയായി അച്ഛന്റെ പ്രോത്സാഹനം എന്നത്‌ അത്രയും കാലത്തേക്ക്‌ നിഷേധിക്കപ്പെടുകയും ചെയ്തു.

അവൻ ആണുങ്ങളെപ്പോലെ ശിക്ഷയേറ്റു വാങ്ങി. നീണ്ടു നിവർന്ന്‌ ഒരു സല്യൂട്ട്‌ കൊടുത്തു. ചുണ്ടെന്ന ആവനാഴിയിൽ നിന്നും ഒരു ശരം പോലും പുറത്തിറക്കിയില്ല. പിന്നെ മുറിയിൽ നിന്നും പുറത്തു കടന്നതും അവന്റെ സ്വന്തം മുറിയിലേക്ക്‌ - അതിനെ അവൻ അവന്റെ ബാരക്ക്‌ എന്നു വിളിക്കുന്നു - കരയുവാനായി ഓടിപ്പോയി. വിവരമറിഞ്ഞ്‌ അന്നുച്ചയ്‌ക്ക്‌ കോപ്പി വന്നു. കുറ്റവാളിയെ സമാശ്വസിപ്പിക്കുവാനുള്ള ഒരു ശ്രമം അവൻ നടത്തി.

“എനിക്കിപ്പോൾ താങ്കളോട്‌ സംസാരിക്കുവാൻ കഴിയില്ല. ഞാനത്രയ്‌ക്ക്‌ ദുഃഖിതനാണ്‌.” വീ വില്ലീ വിങ്കി അദ്ദേഹത്തെ അറിയിച്ചു.

പിറ്റേന്ന്‌ കാലത്ത്‌ അവൻ വീടിന്റെ മുകളിലേക്ക്‌ വലിഞ്ഞു കയറി. അതിന്ന്‌ വിലക്കില്ലായിരുന്നു. വീടിന്‌ വെളിയിൽ പോകുവാനല്ലേ വിലക്കുള്ളു. അവിടെ നിന്നും അവൻ പുറത്തേക്കു നോക്കി. അപ്പോൾ മിസ്‌ ആളർഡൈസ്‌ കുതിരസവാരിക്കൊരുങ്ങി പോകുന്നത്‌ അവൻ കണ്ടു.

“താങ്കൾ എവിടേയ്‌ക്ക്‌ പോകുന്നു?” അവൻ വിളിച്ചു ചോദിച്ചു.

“ആ നദിയ്‌ക്കപ്പുറത്തേക്ക്‌” യാത്രയിൽ തന്നെ അവൾ മറുപടിയും പറഞ്ഞു.

195 ഉൾപ്പെട്ടിരുന്ന കന്റോൺമന്റ്‌ സ്ഥിതിചെയ്തിരുന്ന ഭൂവിഭാഗത്തിന്ന്‌ വടക്കുഭാഗം അതിരായി നിന്നിരുന്നത്‌ തണുപ്പുകാലങ്ങളിൽ ഉണങ്ങിപ്പോകുന്ന ഒരു നദിയായിരുന്നു. വളരെ കുട്ടിയായിരിക്കുന്ന കാലം തൊട്ടേ വീ വില്ലീ വിങ്കിയ്‌ക്ക്‌ ആ നദിയ്‌ക്കു കുറുകെ പോകുന്നതിന്ന്‌ വിലക്കുണ്ട്‌. അതുമാത്രമല്ല, അതിധീരനായ കോപ്പി പോലും ഒരിക്കലും നദിയ്‌ക്കു കുറുകെ മറുപുറത്തേയ്‌ക്ക്‌ പോകുന്നത്‌ അവൻ ഇതുവരേയ്‌ക്കും കണ്ടിട്ടുമില്ല. ഒരിക്കലാരോ അവന്ന്‌ ഒരു കഥാപുസ്തകത്തിൽ നിന്നും ഒരു കഥ വായിച്ചു കൊടുത്തിട്ടുണ്ട്‌. അത്‌ ഒരു രാജകുമാരിയുടേയും ഒരു കുട്ടിച്ചാത്തന്റേയും കഥയായിരുന്നു. നല്ല രസമുള്ള ഒരു കഥ. ആ കഥയിലെ കുട്ടിച്ചാത്തൻ എപ്പോഴും മനുഷ്യരോട്‌ യുദ്ധം ചെയ്തുകൊണ്ടേയിരുന്നു. അവസാനം അവനെ തോല്‌പ്പിച്ചത്‌ ഒരു കുർദിസ്ഥാൻകാരനായിരുന്നു. അതിന്നു ശേഷം നന്ദിയ്‌ക്കക്കരെയുള്ള ആ കറുത്ത അല്ലെങ്കിൽ മഞ്ഞളിച്ച കുന്നുകൾ കാണുമ്പോഴൊക്കെ അവന്ന്‌ കുട്ടിച്ചാത്തനെ ഓർമ്മവരും. അതിന്ന്‌ മേമ്പൊടിയേകുവാനായി നദിയ്‌ക്കപ്പുറത്ത്‌ താമസിക്കുന്നതൊക്കെ ചീത്ത മനുഷ്യരാണെന്ന അറിവ്‌ എല്ലാവരും അവനുമൊത്ത്‌ പങ്കുവച്ചു.

വില്ലിയുടെ വീടിന്റെ ജനലിന്റെ താഴ്‌ഭാഗത്തെ വാതിലുകൾ പോലും പച്ച നിറമുള്ള കടലാസുകൾ വച്ചടച്ചിരുന്നു. അത്‌ മുറിക്കകത്ത്‌ എന്തു നടക്കുന്നുവെന്ന്‌ വ്യക്തമായി മനസ്സില്ലായാൽ ഒരു പക്ഷേ ഈ ചീത്തയാളുകൾ എന്തെങ്കിലും കുഴപ്പം കാണിച്ചെങ്കിലോ എന്നു ഭയന്നാണ്‌. എന്തൊക്കെയാണെങ്കിലും ഈ പുഴ ഈ ഭൂമിയുടെ അവസാനമാണെന്നും അതിനപ്പുറം എല്ലാം ചീത്തയാളുകൾ വസിക്കുന്നിടമാണെന്നതും ഉറപ്പ്‌. അവിടേക്കാണ്‌ കോപ്പിയുടെ സ്വന്തം വസ്തുവും കൂടിയായ മേജർ ആളഡൈസിന്റെ മകൾ എന്ന ഈ വലിയ പെൺകുട്ടി യാത്രയാകുന്നത്‌. അവൾക്ക്‌ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ കോപ്പിയുടെ സ്ഥിതിയെന്താകും? കുട്ടിച്ചാത്തൻമാർ കുർദിയുടെ രാജകുമാരിയെ കൊണ്ടുപോയതുപോലെ ഇവളേയും കുട്ടിച്ചാത്തൻമാർ പിടിച്ചുകൊണ്ടുപോയാലോ? ഇവളെ എന്തുവിലകൊടുത്തും പിൻതിരിപ്പിക്കുക തന്നെ വേണം.

വീട്ടിലപ്പോൾ ആളനക്കമില്ല. ആജ്ഞ ലംഘിച്ചാൽ അച്ഛനിൽ നിന്നും വരുന്ന പ്രതികരണത്തെക്കുറിച്ച്‌ വീ വില്ലി വിങ്കി ഒരു നിമിഷം നന്നായി തന്നെയോർത്തു. ആജ്ഞ അഥവാ ശിക്ഷാവിധിയിൽ, ലംഘനമുണ്ടാകുന്നത്‌ വളരെവലിയ ഒരു കുറ്റക്യത്യമാണ്‌. എന്തുവേണമെങ്കിലും വരട്ടെ. ഇപ്പോൾ താൻ ചെയ്യേണ്ടുന്ന ഒരു കർത്തവ്യമുണ്ട്‌. അവൻ ലായത്തെ ലക്ഷ്യമാക്കി നടന്നു. സൂര്യൻ മേലോട്ടെത്തിനോക്കുവാൻ വെമ്പുന്നേയുള്ളൂ. ഇരുട്ട്‌ പൂർണ്ണമായും വിട്ടുപോയി എന്നു പറയുവാനായിട്ടില്ല. വീ വില്ലീ വിങ്കി ചെയ്യുന്ന മാപ്പർഹിക്കാത്ത തെറ്റുകണ്ട്‌ നിശ്ചലം നിൽക്കുകയാണുലകം എന്ന്‌ അവനപ്പോൾ തോന്നി. അവൻ ലായത്തിലെത്തി തന്റെ കുതിരയെ ആവശ്യപ്പെട്ടു. കുതിരക്കാരൻ എതിർത്തില്ല. കുതിരയെ അഴിച്ചുകൊടുത്തു. കടിഞ്ഞാണും കെട്ടിക്കൊടുത്തു. ഗൗരവമേറിയ ഒരു തെറ്റു ചെയ്തു കഴിഞ്ഞതിനാൽ ഇനി എന്തുണ്ടായാലും അവയെല്ലാം നിസ്സാരങ്ങളാണെന്ന്‌ വില്ലിയ്‌ക്ക്‌ ഉറപ്പായിരുന്നു. അതുകൊണ്ടു തന്നെ താൻ കോപ്പി സാബിനെ കാണുവാൻ പോകുകയാണെന്ന്‌ അവൻ കുതിരക്കാരനോട്‌ വിളംബരം ചെയ്ത്‌ പൂക്കൾ അതിരിട്ടിരുന്ന മാർഗ്ഗത്തിലൂടെ കുതിരയെ ഓടിച്ചു.

അവന്റേത്‌ ഒരു പെൺകുതിരയായിരുന്നു. അതിനെ ആകാവുന്ന വേഗത്തിൽ അവൻ ഓടിച്ചു. അവൻ നദിയെ ലക്ഷ്യം വയ്‌ക്കുകയായിരുന്നു. എന്നാൽ ഒരു ചെറിയ പെൺകുതിരയുടെ വേഗതയ്‌ക്ക്‌ പരിമിതികളുണ്ട്‌. മിസ്‌ ആളർഡൈസ്‌ വളരെ ദൂരം താണ്ടിക്കഴിഞ്ഞിരിക്കുന്നു. വയലും പോലീസുകാരുടെ കാവലും കടന്ന്‌ (കാവലിന്നേർപ്പെടുത്തിയ പോലീസുകാർ ഉറങ്ങുകയായിരുന്നു എന്നു പറയേണ്ടതില്ലല്ലോ) അവളുടെ കുതിര നദിയിലെ ചരൽക്കല്ലുകൾ തെറിപ്പിക്കുവാൻ തുടങ്ങിയിരുന്നു. വീ വില്ലി വിങ്കി കന്റോൺമന്റ്‌ വിട്ടു. അതായത്‌ അവൻ ബ്രിട്ടീഷ്‌ ഇന്ത്യയ്‌ക്ക്‌ പുറത്തെത്തിയെന്നർത്ഥം. അവൻ അവന്റെ കുതിരയെ വേഗതകൂട്ടുവാൻ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. അവനിപ്പോൾ അഫ്ഗാൻ അതിർത്തിയിലാണ്‌. ദൂരെ മിസ്‌ ആളർഡൈസിന്റെ കുതിര പാഞ്ഞു പോകുന്നത്‌ ഒരു കറുത്ത പൊട്ടുപോലെ അവൻ കണ്ടു. അവൾ അങ്ങിനെയൊരു തീരുമാനമെടുക്കുവാനും നദിയ്‌ക്കക്കരെയ്‌ക്ക്‌ കുതിരസവാരി നടത്തുവാനും ഒരു കാരണമുണ്ട്‌. കഴിഞ്ഞ രാത്രിയിൽ ഒട്ടൊരു അധികാരത്തോടെ തന്നെ കോപ്പി അവളോട്‌ നദിയ്‌ക്കു കുറുകെ പോകരുതെന്ന്‌ വിലക്കിയിരുന്നു. അതവളുടെ ആത്മാഭിമാനത്തെ വേദനിപ്പിച്ചു. അവൾക്ക്‌ നല്ല ധൈര്യമുണ്ടെന്ന്‌ കോപ്പിയെ കാണിക്കുവാനും കോപ്പിയെ ഒരു പാഠം പഠിപ്പിക്കുവാനും അവൾ തീരുമാനിക്കുകയും ചെയ്തു.

കുതിരസവാരിക്കെന്നല്ല കാൽ നടയ്‌ക്കുപോലും ദുഷ്‌കരമായ അപ്പുറത്തെ കുന്നിൻ ചരുവിലൊന്നിൽ മിസ്‌ ആളർഡൈസിന്റെ കുതിര ചാഞ്ചാടുന്നത്‌ വീ വില്ലീ വിങ്കി കണ്ടു. അവൻ ചെരിഞ്ഞു വീഴുന്നതും. മിസ്‌ ആളർഡൈസ്‌ എഴുന്നേറ്റ്‌ നിൽക്കുവാൻ ഒരു ശ്രമം നടത്തി. എന്നാൽ കണങ്കാലിൽ തന്നെ നല്ലൊരു ഉളുക്ക്‌ അവൾക്കേറ്റിരിക്കുന്നു. അവൾക്ക്‌ നേരെ നിൽക്കുവാനാകുന്നില്ല. ധൈര്യം കാണിച്ച്‌ കോപ്പിയെ പരാജയപ്പെടുത്തിയ അവൾ തേങ്ങിക്കരയുവാൻ തുടങ്ങി. ഒരു തേങ്ങലിന്റെ ഇടയ്‌ക്ക്‌ ഒന്ന്‌ മുഖമുയർത്തിയപ്പോൾ കാക്കി ട്രൗസറിട്ട ഒരു വെളുത്ത തൊലിക്കാരൻ കുഞ്ഞ്‌, ജീവിത കാലാവധി അവസാനിക്കാറായ ഒരു പെൺ കുതിരയുമൊത്ത്‌ അവളുടെ മുന്നിലേക്ക്‌ വരുന്നതു കണ്ട്‌ അവൾ അത്ഭുതപ്പെട്ടു.

അവൾക്ക്‌ കേൾക്കാനാകുന്ന ദൂരത്തിലാണെന്ന്‌ ഉറപ്പായപ്പോൾ അവൻ വിളിച്ചു ചോദിച്ചു. “വല്ലാതെ പറ്റിയിട്ടുണ്ടോ, നിങ്ങളിവിടേക്ക്‌ വരാൻ പാടില്ലായിരുന്നു.”

“എനിക്കിറിയില്ല.” അവളുടെ സ്വരം ശോകാർദ്രമായിരുന്നു. “നീ എന്തു ചെയ്യുകയാണിവിടെ മകനേ” അവൾ അവന്റെ താക്കീതിലുള്ള വേദന അവഗണിച്ച്‌ സ്നേഹം കാണിച്ചു.

“നീ തന്നെയാണ്‌ എന്നോട്‌ നീ നദിയ്‌ക്ക്‌ കുറുകെ പോകുകയാണെന്ന്‌ പറഞ്ഞത്‌. അങ്ങിനെ ആരും ചെയ്യുവാൻ പാടില്ല. കോപ്പി പോലും.? അവൻ അവന്റെ കുതിരയുടെ മുകളിൽ നിന്നും ചാടിയിറങ്ങി. ”നിങ്ങളെ തടയുവാനാണ്‌ ഞാൻ വന്നത്‌. എന്നാൽ നിങ്ങളുണ്ടോ കേൾക്കുന്നു. ഇതാ ഇപ്പോൾ നിങ്ങൾക്ക്‌ അപകടവും പറ്റിയിരിക്കുന്നു. ഇതറിഞ്ഞാൽ കോപ്പി എന്നോടാണ്‌ ദേഷ്യപ്പെടുക. അതുമാത്രമോ, ഞാൻ എനിക്കു തന്നിരിക്കുന്ന ശിക്ഷ ലംഘിച്ചാണിവിടേക്ക്‌ വന്നിരിക്കുന്നത്‌.“

195 ന്റെ ഭാവി കേണൽ നിലത്തിരുന്ന്‌ കരയുവാൻ തുടങ്ങി. ഉളുക്കിന്റെ വേദന അസഹ്യമായിരുന്നെങ്കിലും ആ വലിയ പെൺകുട്ടിയ്‌ക്ക്‌ അവന്റെ കരച്ചിൽ കണ്ട്‌ വിഷമം തോന്നി.

”നീ കന്റോൺമെന്റിൽ നിന്നും ഇതുവരേയ്‌ക്കും കുതിരയോടിച്ചുവന്നുവെന്നോ? കുഞ്ഞുമനുഷ്യാ എന്തായിരുന്നു കാരണം?“

”താങ്കൾ കോപ്പിയുടേതാണെന്ന്‌ കോപ്പി എന്നോട്‌ പറഞ്ഞിട്ടുണ്ട്‌.“ വീ വില്ലീ വിങ്കി അലറി. ”നിന്നെ അവൻ ഉമ്മവയ്‌ക്കുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌. അവന്ന്‌ ഈ ലോകത്തിൽ ഏറ്റവും ഇഷ്ട്മ്‌ നിന്നോടാണെന്നും അവൻ എന്നോട്‌ പറഞ്ഞിട്ടുണ്ട്‌. അതും എന്നേക്കാൾ കൂടുതൽ. അതാണ്‌ ഞാനിങ്ങോട്ട്‌ വരാൻ കാരണം. എഴുന്നേല്‌ക്ക്‌, നമുക്ക്‌ തിരിച്ചു പോകാം. നീ ഇവിടേയ്‌ക്ക്‌ വരാൻ പാടില്ലായിരുന്നു. ഇത്‌ ഒരു ചീത്ത സ്ഥലമാണ്‌. അതുമാത്രമോ, ഞാൻ എന്റെ സത്യസന്ധതയാണ്‌ ലംഘിച്ചിരിക്കുന്നത്‌.“

”എനിക്ക്‌ എഴുന്നേൽക്കാൻ വയ്യ വിങ്കീ.“ മിസ്സ്‌ ആളർഡൈസ്‌ കരയുകയായിരുന്നു. ”എന്റെ കാൽ വല്ലാതെ വേദനിക്കുന്നു. ഞാൻ എന്തു ചെയ്യും?“

അവൾ വീണ്ടും കരയുവാൻ തയ്യാറായി. എന്നാൽ ആണുങ്ങൾ കരയില്ലെന്ന്‌ വീ വില്ലി വിങ്കിയെ പഠിപ്പിച്ചിട്ടുണ്ട്‌. കരയുന്നത്‌ ആണത്തമല്ല. അതുകൊണ്ടു തന്നെ അവൻ കരച്ചിൽ നിറുത്തി. എങ്കിലും അവന്റെ മനസ്സിൽ നിന്നും ആ കരച്ചിൽ പോകുന്നില്ല. അവൻ അവന്റെ സത്യസന്ധത ലംഘിച്ചിരിക്കുന്നു. ചെയ്യരുതാത്ത ഒരു പാപമാണവൻ ചെയ്തിരിക്കുന്നത്‌. ഒരു പക്ഷേ ഇങ്ങിനെയുള്ള അവസരങ്ങളിൽ ആണുങ്ങൾക്കും കരയുവാൻ അനുവാദമുണ്ടയിരുന്നിരിക്കാം.

”നീ കുറച്ച്‌ വിശ്രമിച്ച്‌, തിരിച്ചു പോയി എന്നെ കൊണ്ടുപോകുവാൻ എന്തെങ്കിലുമായി വരുവാൻ അവരോടൊന്ന്‌ പറയാമോ വിങ്കീ. എനിക്കിത്‌ വല്ലാതെ വേദനിക്കുന്നു. “ മിസ്‌ ആളർഡൈസ്‌ ചോദിച്ചു.

അവൻ കുറച്ചു നേരം അനങ്ങാതിരുന്നു. മിസ്‌ ആളർഡൈസ്‌ കണ്ണുകളടച്ചിരുന്നു. വേദന മൂലം അവൾക്ക്‌ അവളുടെ ഓർമ്മപോലും നഷ്ടപ്പെടുമെന്നു തോന്നി. വീ വില്ലി വിങ്കി അവന്റെ കുതിരയെ അഴിച്ച്‌ ഓടിച്ചു വിടുന്ന ശബ്ദം കേട്ടാണവൾ വർത്തമാനകാലത്തിലേക്ക്‌ തിരിച്ചു വന്നത്‌. അവൾ കണ്ണു തുറന്നു നോക്കുമ്പോൾ അവന്റെ കുതിര കന്റോൺമെന്റിനെ ലക്ഷ്യമാക്കി പായുകയായിരുന്നു.

”വില്ലീ.. നീ എന്താണു ചെയ്തത്‌?“

”ശബ്ദിക്കരുത്‌.“ വീ വില്ലി വിങ്കി ഒരാണായി. ”ഒരു ചീത്തയാൾ എപ്പോൾ വേണമെങ്കിലും ഇവിടെയെത്താം. അതുകൊണ്ടു തന്നെ നിങ്ങളെ തനിച്ചാക്കി ഞാൻ പോകാൻ പാടില്ല. എന്റെ അച്ഛൻ എനിക്ക്‌ പറഞ്ഞു തന്നിട്ടുണ്ട്‌, ഒരാൺകുട്ടി എപ്പോഴും പെൺകുട്ടികളെ സഹായിക്കുകയും സംരക്ഷിക്കുകയും വേണം. ജാക്ക്‌ തിരിച്ച്‌ വീട്ടിലെത്തിയാൽ അവർ നമ്മെ അന്വേഷിച്ചിവിടെ വരും. അതിനാണ്‌ ഞാനതിനെ അഴിച്ചു വിട്ടത്‌.“

പുറകിൽ പാറക്കൂട്ടങ്ങൾക്കിടയിൽ രണ്ടോ മൂന്നോ തലകൾ ഒരുമിച്ച്‌ പ്രത്യക്ഷപ്പെട്ടു. വീ വില്ലി വിങ്കിയുടെ ധൈര്യം ചോർന്നു പോയി. ഇതുപോലെ തന്നെയാണ്‌ കുട്ടിച്ചാത്തൻമാർ വന്ന്‌ കുർദിയുടെ ആത്മാവിനെ പിടികൂടിയത്‌. അവർ കുർദിയുടെ തോട്ടത്തിൽ കളിച്ചു, അവനത്‌ ചിത്രത്തിൽ കണ്ടിട്ടുണ്ട്‌. പിന്നെ രാജകുമാരിയുടെ തോഴിയെ ഭയപ്പെടുത്തി ഓടിച്ചു. അവൻ ശ്രദ്ധിച്ചു. അവർ പരസ്പരം എന്തൊക്കെയോ സംസാരിക്കുന്നുണ്ട്‌. പെട്ടെന്ന്‌ അവന്റെ മനസ്സിൽ ഒരു സന്തോഷം സ്‌ഫുരിച്ചു. അവർ സംസാരിക്കുന്നത്‌ പുഷ്തൊ ഭാഷയിലാണ്‌. അവനത്‌ അച്ഛന്റെ ഈയിടെ പിരിച്ചുവിടപ്പെട്ട കുതിരക്കാരനിൽ നിന്നും കേട്ടിട്ടുണ്ട്‌. ഈ ഭാഷ സംസാരിക്കുന്നവർ എന്തായാലും കുട്ടിച്ചാത്തന്മാരാകില്ല. അവർ ഈ നാട്ടുവാസികൾ തന്നെ. ആദിവാസികൾ.

അവർ മിസ്‌ ആളർഡൈസ്‌ തലകുത്തിവീണു കിടന്നിരുന്ന ആ വലിയ പാറക്കല്ലിന്റെ അരികിലെത്തി.

അപ്പോൾ ഉന്നതകുലജാതനായ വീ വില്ലി വിങ്കി എന്ന ആറുവയസ്സും ഒമ്പതുമാസവും പ്രായമുള്ള അദ്ദേഹം പാറമേൽ നിന്നെഴുന്നേറ്റു. എന്നിട്ട്‌ നല്ല ഉറച്ച സ്വരത്തിൽ പറഞ്ഞു ”ജാവോ!“ (പോകൂ!). അവൻ തിരിഞ്ഞുനോക്കിയപ്പോൾ അവന്റെ കുതിര പുഴയുടെ മറുഭാഗത്തേക്ക്‌ എത്തിക്കഴിഞ്ഞിരുന്നു.

അവിടെ അപ്പോൾ വന്നവർ ചിരിച്ചു. ഈ ആദിവാസികളുടെ ചിരി വീ വില്ലി വിങ്കിയ്‌ക്ക്‌ സഹിക്കുവാനാകുന്നില്ല. അവർക്ക്‌ എന്താണു വേണ്ടതെന്നും എന്തുകൊണ്ടാണ്‌ അവർ പോകാത്തതെന്നും അവൻ അന്വേഷിച്ചു. അപ്പോഴേക്കും ദുർമുഖം മാത്രം കാണിച്ചിരുന്ന ഒരു കൂട്ടം പേർ കൈകളിൽ തോക്കുമായി അവിടെയെത്തി. ഒന്ന്‌ കണ്ണു ചിമ്മി തുറക്കുമ്പോഴേക്കും വീ വില്ലി വിങ്കിയ്‌ക്ക്‌ ഇരുപതിൽ പരം പേരുടെ ഒരു സഭയെ അഭിമുഖീകരിക്കേണ്ടി വന്ന അവസ്ഥയിലായിരുന്നു. മിസ്‌ അളർഡൈസ്‌ ഉറക്കെ നിലവിളിച്ചു.

”നിങ്ങൾ ആരാണ്‌?“ അവരിൽ ഒരാൾ ചോദിച്ചു.

”ഞാൻ കേണൽ സാഹിബിന്റെ മകനാണ്‌. അതുകൊണ്ടു തന്നെ ഞാൻ ഉത്തരവിടുന്നു. നിങ്ങൾ ഇവിടെ നിന്നും ഉടൻ പോകണം. നിങ്ങൾ, കറുത്തവർഗ്ഗക്കാർ ഈ മിസ്‌ സാഹിബിനെ പേടിപ്പെടുത്തുന്നു. നിങ്ങളിലൊരാൾ കന്റോൺമെറ്റിലേക്ക്‌ ഓടിച്ചെന്ന്‌ മിസ്‌ സാഹിബിന്ന്‌ പരിക്കു പറ്റിയിരിക്കുന്നുവെന്നും കേണലിന്റെ മകൻ അവരോടൊപ്പം ഇവിടെയുണ്ടെന്നും അറിയിക്കണം“.

”എന്നുവച്ചാൽ കെണിയിലേക്ക്‌ ചെന്നു ചാടണമെന്ന്‌. ഈ കുഞ്ഞ്‌ പറയുന്നത്‌ ഒന്ന്‌ കേൾക്കണേ?“ എന്നായിരുന്നു മറുപടി.

”അവരോട്‌ നിങ്ങളെ ഞാൻ അയച്ചതാണെന്ന്‌ പറഞ്ഞാൽ മതി. ഞാൻ, എന്നുവച്ചാൽ കേണലിന്റെ മകൻ. നിങ്ങൾക്ക്‌ വേണ്ട പണം ഞാൻ തരാം.“

”സംസാരിച്ച്‌ സമയം കളയണ്ട. ഈ കുഞ്ഞിനേയും പെണ്ണിനേയും പിടിച്ചു കെട്ട്‌. ഒന്നുമില്ലെങ്കിൽ എന്തെങ്കിലും പണമെങ്കിലും ആവശ്യപ്പെടാം. ഞങ്ങളുടെ ഗ്രാമം ഇതാ ആ കുന്നിൻ മുകളിലാണ്‌.“ പുറകിൽ നിന്ന്‌ ആരോ വിളിച്ചു പറഞ്ഞു.

ഇവരാണ്‌ ചീത്ത മനുഷ്യർ, കുട്ടിച്ചാത്തൻമാരേക്കാൾ ചീത്ത മനുഷ്യർ. വീ വില്ലി വിങ്കി കരയാതിരിക്കുവാൻ അവനിതുവരേയ്‌ക്കും ലഭിച്ചിട്ടുള്ള എല്ലാ പരിശീലനങ്ങളും ഇവിടെ ആവശ്യമായി വരും. മാത്രമല്ല ഈ ആദിവാസികളുടെ മുന്നിൽ പൊട്ടിക്കരയുന്നത്‌ ശിപായി ലഹളയേക്കാൾ വലിയ നാണക്കേടാകുമെന്ന്‌ അവന്റെ അമ്മയുടെ ആയയൊഴിച്ച്‌ എല്ലാവരും സമ്മതിക്കുകയും ചെയ്യും. 195 ന്റെ ഭാവി കേണലാണവൻ. ഒരു റെജിമെന്റിനെ മുഴുക്കെ നയിക്കേണ്ടവൻ. ”നിങ്ങൾ ഞങ്ങളെ പിടിച്ചുകൊണ്ടുപോകുകയാണോ?“ വീ വില്ലി വിങ്കി അവന്റെ അസഹിഷ്‌ണുത പ്രകടിപ്പിച്ചു.

”അതെ എന്റെ പ്രിയപ്പെട്ട സാഹിബ്‌ ബഹാദൂർ“ അവരിൽ ഒരാൾ പറഞ്ഞു. ”പിന്നെ ഞങ്ങളാവശ്യപ്പെടുന്ന പണം കിട്ടിക്കഴിഞ്ഞാൽ നിന്നെ ഞങ്ങൾ പുഴുങ്ങി തിന്നും.“

”നിങ്ങൾ കുട്ടികളെപ്പോലെ സംസാരിക്കുന്നു. മനുഷ്യർ മനുഷ്യരെ തിന്നാറില്ല.“ വീ വില്ലി വിങ്കി പറഞ്ഞു.

അവനു പറയുവാനുള്ളത്‌ പറഞ്ഞു മുഴുവനാക്കുവാൻ അവരുടെ കൂട്ടച്ചിരി അനുവദിച്ചില്ല. എങ്കിലും അവൻ തുടർന്നു. ”നിങ്ങൾ ഞങ്ങളെ പിടിച്ചു കൊണ്ടുപൊയാൽ, ഞങ്ങളുടെ റെജിമന്റ്‌ മുഴുക്കെ ഇവിടെയെത്തും. ഒരു ദിവസം മുഴുക്കെ വേണ്ടി വരില്ല അവർക്ക്‌ നിങ്ങളെയൊക്കെ കൊന്നൊടുക്കാൻ. എന്റെ സന്ദേശം കേണൽ സാഹിബിന്റെ അടുത്തെത്തിക്കുന്നതാരാണ്‌?“

നാട്ടുഭാഷ വീ വില്ലി വിങ്കിയ്‌ക്ക്‌ വഴങ്ങായ്‌കയില്ല. അവൻ അവർ പറയുന്നതൊക്കെ ശ്രദ്ധിക്കുന്നുമുണ്ട്‌.

മറ്റൊരാൾ സംഭാഷണത്തിൽ പങ്കുചേർന്നു. ”വിഡ്‌ഢികളേ! ഈ കുഞ്ഞ്‌ പറഞ്ഞത്‌ ശരിയാണ്‌. ഈ കുഞ്ഞ്‌ ആ റെജിമെന്റിന്റെ അരുമയാണ്‌. അവരുമായി സമാധാനത്തിലിരിക്കാനെങ്കിലും ഇവരെ രണ്ടുപേരേയും വിട്ടയച്ചേക്ക്‌. അല്ല ഈ കുഞ്ഞിനെ നിങ്ങൾ പിടിച്ചു വച്ചാൽ പിന്നെ ആ റെജിമന്റ്‌ ഇവിടെ കയറി നിരങ്ങും. നമ്മുടെ ഗ്രാമത്തിലെ ഒരാളും രക്ഷപ്പെടില്ല. ആ റെജിമെന്റിലുള്ളവർ ചെകുത്താന്മാരാണ്‌. ഒരു തോക്കെടുക്കുവാൻ ശ്രമിച്ചു എന്ന കുറ്റത്തിനാണവർ ഖോദയുടെ വാരിയെല്ല്‌ തല്ലി തകർത്തത്‌. ഇനി ഈ കുഞ്ഞിനെയെങ്ങാൻ നമ്മൾ പിടിച്ചുവച്ചാൽ ഒരുമാസം മുഴുക്കെ അവർ ഇവിടെ മേയും. അമ്മപെങ്ങന്മാരെയൊക്കെ അവർ ബലാത്സംഗം ചെയ്യും. ആരേയും ഒന്നും അവർ ബാക്കി വയ്‌ക്കില്ല. അതിലും നല്ലത്‌ ആരെയെങ്കിലും അവിടേക്ക്‌ ഇവൻ പറയുന്ന വിവരമറിയിക്കുവാൻ അയച്ച്‌ അതിനെന്തെങ്കിലും സമ്മാനം വാങ്ങിച്ചു വയ്‌ക്കുന്നതാണ്‌. ഞാൻ ഒന്നു കൂടി പറയാം. ഈ കുഞ്ഞിനോട്‌ അവർക്ക്‌ ദൈവതുല്യമായ സ്നേഹമാണ്‌. ഇവനെ ഉപദ്രവിച്ചാൽ നമ്മുടെ കാര്യം പിന്നെ കഷ്ടം തന്നെയാകും. പെണ്ണുങ്ങളെപ്പോലും അവർ വെറുതെ വിടില്ല.“

ഇത്‌ പറഞ്ഞത്‌ കേണലിന്റെ പിരിച്ചുവിടപ്പെട്ട കുതിരക്കാരൻ ദിൻ മുഹമ്മദായിരുന്നു. ചർച്ച പിന്നെ പൊടിപൊടിച്ചു. പലർക്കും ദേഷ്യം വന്നു. വീ വില്ലി വിങ്കി മിസ്‌ ആളർഡൈസിന്റെ ഓരം ചാരി കാഴ്‌ച കണ്ടു. അവന്‌ ഒന്നുറപ്പുണ്ടായിരുന്നു. അവന്റെ ഈ അപകടാവസ്ഥയറിഞ്ഞാൽ റജിമെന്റ്‌ അവന്ന്‌ വേണ്ട സഹായങ്ങളൊക്കെ ചെയ്യും.

സവാരിക്കാരനില്ലാത്ത പെൺകുതിര വാർത്ത 195 ലെത്തിച്ചു. ഒരു മണിക്കൂറായി കേണലിന്റെ വീട്ടിൽ ദുഃഖം തളം കെട്ടിനിൽക്കയായിരുന്നു. അപ്പോഴാണ്‌ ആളില്ലാത്ത കുതിര നേരം പോക്കാൻ ചീട്ടുകളിയുമായിരുന്നിരുന്ന വിശാലമായ മൈതാനത്തിലേക്ക്‌ കടന്നുവരുന്നത്‌. അതാദ്യം കണ്ടത്‌ സർജന്റ്‌ ഡെവ്ലിനാണ്‌. കണ്ടതും അവനോടി. പോകുന്നവഴിക്ക്‌ കണ്ടതൊക്കെയും വഴിയിലിരുന്നവരെയൊക്കെയും അവൻ തട്ടിമാറ്റി. അല്ലെങ്കിൽ ചവുട്ടി മെതിച്ചു. അവൻ ഉറക്കെ വിളിച്ചു കൂവുന്നുണ്ടയിരുന്നു. ”എല്ലാവരും വേഗം റെഡിയാക്‌. തെണ്ടികളേ, വേഗം.... കേണലിന്റെ മകന്‌ എന്തോ സംഭവിച്ചിരിക്കുന്നു.“

”അവൻ വീണതാകാൻ നിവൃത്തിയില്ല. ഒരിക്കലുമില്ല. എല്ലാവരും വേഗം. പുഴയ്‌ക്കക്കരെ പോയി നോക്ക്‌. എല്ലായിടത്തും നോക്ക്‌. ഒരു പക്ഷേ ആ പഠാണികൾ അവനെ പിടിച്ചുകൊണ്ടുപോയിക്കാണും. ദൈവത്തെയോർത്ത്‌ അവരെ വെള്ളച്ചാലുകളിൽ നോക്കരുതേ. അതുണ്ടാകില്ല. ദൈവം സാക്ഷി. നമുക്ക്‌ പുഴയുടെ അക്കരയ്‌ക്ക്‌ പോകാം.“

”അതിൽ എന്തോ വാസ്തവമുള്ളതുപോലെ തോന്നുന്നു.“ ഡെവ്ലിനു തോന്നി. അയാൾ അയാളുടെ കമ്പനിയ്‌ക്ക്‌ നേരെ തിരിഞ്ഞു. ”കമ്പനി മുഴുക്കെ നദിയ്‌ക്കു നേരെ തിരിയട്ടെ.“

അയാളുടെ കമ്പനി കുപ്പായം പോലും മാറ്റാതെ പുഴയെലക്ഷ്യമാക്കി ഓടുവാൻ തുടങ്ങി. വിയർപ്പ്‌ നാലുഭാഗത്തുനിന്നും ഒഴുകിയിരുന്ന സർജന്റ്‌ വേഗതകൂട്ടുവാൻ അവരോട്‌ ആക്രോശിച്ചുകൊണ്ടിരുന്നു. പെട്ടെന്ന്‌ മുഴുവൻ കന്റോൺമെന്റും ഉണർന്നു. എല്ലാവരും വീ വില്ലി വിങ്കിയ്‌ക്കായുള്ള തിരച്ചിലിലായി. കേണൽ സർജന്റ്‌ ഡെവ്ലിന്റെ കമ്പനിയ്‌ക്കും മുന്നിലെത്തി. അദ്ദേഹം തീരെ ക്ഷീണിതനായിരുന്നു. ചരൽക്കല്ലുകളിൽ അദ്ദേഹത്തിന്റെ കാലുകൾ വഴുക്കുന്നുണ്ടായിരുന്നു. അവർ പുഴ കടക്കുകയായിരുന്നു.

അപ്പുറത്ത്‌ വീ വില്ലി വിങ്കിയേയും ആ പെൺകുട്ടിയേയും തടവിൽ വയ്‌ക്കുന്നതിലെ ബുദ്ധിയേയും ബുദ്ധിശൂന്യതയേയും കുറിച്ച്‌ ഗൗരവമായ ചർച്ച കുന്നിൻ ചെരുവിൽ പൊടിപൊടിയ്‌ക്കുകയായിരുന്നു. പെട്ടെന്ന്‌ അവർക്ക്‌ കുന്നിൻ മുകളിൽ കാവലിരുന്ന ഒരു ശിപായി ആകാശത്തേക്ക്‌ രണ്ട്‌ വെടി വച്ചു.

”ഞാൻ പറഞ്ഞപ്പോൾ നിങ്ങൾ കേട്ടില്ലല്ലോ?“ ദിൻ മുഹമ്മദ്‌ വിളിച്ചു കൂവി. ”ഇത്‌ ഒരു സൂചനയാണ്‌. അപകട സൂചന. അവരിതാ പുഴയ്‌ക്കു കുറുകെ വരുന്നു. നമുക്കിവിടെനിന്നും പോകാം. ഈ കുഞ്ഞിന്റെ അടുത്ത്‌ അവർ നമ്മെ കാണണ്ട“ കൂടിനിന്നവർ ഒരു നിമഷം കാത്തു. അതിന്നു ശേഷം ആരോ ആകാശത്തേക്ക്‌ വെടിവെച്ചു. നൊടിയിടയിൽ അവർ പ്രത്യക്ഷപ്പെട്ടപോലെ തന്നെ അപ്രത്യക്ഷരുമായി.

”ദാ... റെജിമന്റ്‌ വരുന്നുണ്ട്‌.“ വീ വില്ലി വിങ്കി മിസ്‌ ആളർഡൈസിനോടു പറഞ്ഞു. അവൻ പറഞ്ഞതിനെക്കുറിച്ച്‌ അവന്‌ ഉറപ്പുണ്ടായിരുന്നു. ”ഇനി കുഴപ്പമില്ല. കരയണ്ട.“

എന്നാൽ ആ ഉപദേശം അവനു തന്നെയാണു വേണ്ടിയിരുന്നത്‌. കാരണം പത്തു മിനിട്ടിനു ശേഷം അവന്റെ അച്ഛൻ അവന്റെ അടുത്തെത്തിയപ്പോൾ അവൻ മിസ്‌ ആളർഡൈസിന്റെ മടിയിൽ മുഖമൊളിപ്പിച്ച്‌ തേങ്ങി തേങ്ങിക്കരയുകയായിരുന്നു.

195 ലെ എല്ലാവരും ചേർന്ന്‌ അവനെ പൊക്കിയെടുത്ത്‌ തോളിലേറ്റി നടന്നു. അവർ അവനെ തോളിലേറ്റി തന്നെ വീട്ടിലേക്കു നടന്നു. കോപ്പി കുതിരപ്പുറത്തായിരുന്നു. അവന്റെ കുതിരയുടെ വായിൽ നിന്നും നുരയും പതയും വരുന്നുണ്ടായിരുന്നു. കോപ്പി അവന്റെ അടുത്തെത്തിയതും അവനെ കെട്ടിപ്പിടിച്ച്‌ ഒരുമ്മ കൊടുത്തു. അതവന്ന്‌ ഒട്ടും ഇഷ്ടപ്പെട്ടില്ല. എല്ലാവരുടേയും മുന്നിൽ വച്ച്‌ ഇങ്ങിനെ ഉമ്മവയ്‌ക്കാമോ.

മിസ്‌ ആളർഡൈസ്‌ കേണലിനോട്‌ കഥകൾ പറഞ്ഞു. അത്‌ അദ്ദേഹത്തിന്ന്‌ അവനിൽ മതിപ്പുണ്ടാക്കുവാങ്കാരണമാക്കി. അതുകൊണ്ടായിരിക്കണം അവന്റെ കുറ്റത്തിൽ നിന്നും അവന്ന്‌ മാപ്പു നൽകിയിരിക്കുന്നതായി കേണൽ അവനെ അറിയിച്ചു. മാത്രമല്ല നല്ല കുട്ടി എന്നതിന്റെ ബാഡ്‌ജ്‌ അവന്ന്‌ തിരിച്ചു നൽകുന്നതായും അദ്ദേഹം അവനെ അറിയിച്ചു. അവന്റെ അമ്മ അവന്റെ കുപ്പായത്തിന്റെ പൊട്ടിപ്പോയ കുടുക്കുകൾ തുന്നിക്കൊടുത്തു.

”നീ ഒരു ഹീറോ തന്നെ വിങ്കി.“ കോപ്പി പറഞ്ഞു. ”പക്കാ ഹീറോ“

”അതിന്റെ അർത്ഥം എന്തെന്ന്‌ എനിക്കറിയില്ല“ വീ വില്ലീ വിങ്കി പറഞ്ഞു. ”എന്നാൽ എനിക്കൊരു കാര്യം പറയുവാനുണ്ട്‌. ഇനിമുതൽ എന്നെ പെർസീവൽ വില്ല്യം വില്ല്യംസ്‌ എന്നു വിളിക്കണം. വില്ലീ എന്നല്ല.“

അങ്ങിനെ അവൻ യൗവ്വനത്തിലേക്ക്‌ പ്രവേശിച്ചു.

റുഡ്‌യാർഡ്‌ കിപ്ലിങ്ങ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.