പുഴ.കോം > കുട്ടികളുടെ പുഴ > കാട്ടുകഥ > കൃതി

തിമിംഗലത്തിന്റെ തൊണ്ടയിൽ കുരുക്കിട്ട കഥ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
റുഡ്‌യാർഡ്‌ കിപ്ലിങ്ങ്‌

ആശയാനുവാദം; സുരേഷ്‌ എം.ജി

പണ്ട്‌ പണ്ട്‌ ഒരു തിമിംഗലമുണ്ടായിരുന്നു. കടലിൽ നല്ല മുഴുത്ത മീനിനേയും തിന്ന്‌ സുഖമായി ജീവിച്ചിരുന്ന ഒരു തിമിംഗലം. കൂട്ടം കൂട്ടമായി പോയിരുന്ന ചാളക്കൂട്ടത്തേയും, അയല, കൊച്ച്‌ കൊച്ച്‌ സ്രാവുകൾ, നീളമുള്ള വാലുള്ള തിരണ്ടി, പാമ്പിനെപ്പോലെ നീണ്ട വാള, പിന്നെ കണ്ണും വട്ടം പിടിച്ച്‌ പരതി പരതിയോടുന്ന ഞണ്ട്‌, നല്ല സ്വാദുള്ള കൊഞ്ചും ചെമ്മീനും എല്ലാമെല്ലാം അവൻ വെട്ടിവിഴുങ്ങി, ഏമ്പക്കമിട്ട്‌ കടലിൽ വിലസി നടന്നു. അവനങ്ങിനെ വായും തുറന്നു പിടിച്ച്‌ കണ്ണിൽ കണ്ട കടൽ ജീവികളെയെല്ലാം തിന്ന്‌ തിന്ന്‌ കടലിൽ ഒരു കൊച്ച്‌ മീനല്ലാതെ മറ്റ്‌ ഒരൊറ്റ ജീവിയും ബാക്കിയില്ലാതെയായി. ഈ കൊച്ചു മീനാകട്ടെ നല്ല സൂത്രശാലിയായിരുന്നു. അവനെപ്പോഴും തിമിംഗലത്തിന്റെ കൺവെട്ടത്തു വരാതെ, അവന്റെ വലത്തെ ചെവിയുടെ ഭാഗത്തായി തിമിംഗലത്തിനോടൊട്ടിയൊട്ടി നീന്തി. കടലിലെ ജീവികളെയെല്ലാം തിന്നു തീർത്ത്‌ കുറേകഴിഞ്ഞപ്പോൾ തിമിംഗലത്തിനു വിശപ്പു തുടങ്ങി. അവൻ ചുറ്റിലും നോക്കി. കടൽ മുഴുക്കെ നീന്തി നോക്കി. തിന്നാനൊന്നുമില്ല. അവന്‌ വിശപ്പ്‌ സഹിക്കവയ്യാതെയായി. അവൻ അവന്റെ വാല്‌ കടലിന്നടിയിൽ നിലത്ത്‌ കുത്തി നിവർന്ന്‌ നിന്നു. എന്നിട്ട്‌ വലിയ വായിൽ നിലവിളിച്ചു “എനിക്ക്‌ വിശക്കുന്നു...” നമ്മുടെ കൊച്ചുകുഞ്ഞൻ മീൻ അപ്പോൾ തിമിംഗലത്തിന്റെ പുറകിൽ പോയി അവന്റെ കുഞ്ഞ്‌ ശബ്ദത്തിൽ പറഞ്ഞു. “അല്ലയോ മഹാനായ കടൽ ഭീമാ, താങ്കളിതുവരേക്കും മനുഷ്യനെ രുചിച്ചിട്ടില്ലെന്നോ...?”

“ഇല്ല” തിമിംഗലം പറഞ്ഞു. “അതെന്ത്‌ സാധനമാണ്‌? എങ്ങിനെയിരിക്കും?”

“രുചികരം” നമ്മുടെ കുഞ്ഞൻ മീൻ പറഞ്ഞു. “വളരെ രുചികരം.... എന്നാൽ പുറം കുറച്ച്‌ പരുപരുത്തതാണ്‌ .. എന്നുവച്ചാൽ തീരെ മിനുസമില്ലാത്തത്‌.”

“എങ്കിൽ എനിക്കു വേണ്ടി ഒന്നിനെ പിടിച്ചുകൊണ്ടുവാ” തിമിംഗലത്തിനു ക്ഷമനശിച്ചു. അവൻ അവന്റെ വലിയ വാലിട്ടൊന്നടിച്ചു. കടൽ വെള്ളം ദൂരെ ദൂരേയ്‌ക്ക്‌ തെറിച്ചു.

“മനുഷ്യനെ കിട്ടിയാൽ മറ്റൊരു ഗുണം കൂടിയുണ്ട്‌” നമ്മുടെ കുഞ്ഞൻ മീൻ വിടാനുള്ള ഭാവമില്ല. “ഒരു നേരത്തേക്ക്‌ ഒന്നിനെ കിട്ടിയാൽ മതി. കുശാലാകും. അതിനെ കിട്ടണമെങ്കിൽ നിങ്ങൾ കുറച്ച്‌ ദൂരം പോകണം. വടക്ക്‌ അമ്പതാം അക്ഷാംശത്തിലും, പടിഞ്ഞാറ്‌ അമ്പതാം രേഖാംശത്തിലുമെത്തണം (ഇതൊരു വലിയ കണക്കു തന്നെ അല്ലേ?). അവിടെയെത്തിയാൽ ഒരു ചങ്ങാടത്തിൽ ഒരുത്തനിരിക്കുന്നുണ്ടാകും. കടലിന്റെ ഒത്ത നടുക്ക്‌. കാൻവാസ്‌ കൊണ്ടുണ്ടാക്കിയ ഒരു മുറിക്കാലൻ ട്രൗസറായിരിക്കും വേഷം. പിന്നെ അവന്റെ കയ്യിൽ ഒരു ജോടി വലിയ ചരടുകളുണ്ടാകും. (നിങ്ങളീ ചരടുകളുടെ കാര്യം മറക്കരുതേ). അവന്റെ ട്രൗസറിന്റെ വള്ളികാണിത്‌. അവന്റെ കയ്യിൽ ഒരു കത്തിയുണ്ടാകും. കപ്പൽ തകർന്നതിനാൽ കടലിൽ അകപ്പെട്ട ഒരു യാത്രക്കാരനാണയാൾ. കൂട്ടത്തിൽ ഞാൻ ഒരു സത്യം കൂടി പറയട്ടെ, അയാളുടെ കയ്യിൽ വളരെയധികം കാര്യങ്ങൾ ചെയ്യുവാൻ വേണ്ട കഴിവുണ്ട്‌​‍്‌​‍്‌, പിന്നെ ബുദ്ധിയും അയാൾക്ക്‌ ഇത്തിരി കൂടുതലാണ്‌”.

തിമിംഗലം പിന്നെ ഒട്ടും താമസിപ്പിച്ചില്ല. അവൻ അമ്പത്‌ അക്ഷാംശം വടക്കും നാല്പത്‌ രേഖാംശം പടിഞ്ഞാറും ലക്ഷ്യമാക്കി നീന്തിത്തുടങ്ങി. ചിറകുകൾ എത്ര വേഗത്തിൽ ചലിപ്പിക്കാമോ അത്രയും വേഗത്തിൽ ചലിപ്പിച്ചു. കുഞ്ഞൻ മീൻ പറഞ്ഞ സ്ഥലമെത്താറായപ്പോൾ അവനാ അത്ഭുത കാഴ്‌ച കണ്ടു. അവിടെ, കടലിന്റെ നടുക്ക്‌ ഒരു കാൻവാസ്‌ മുറിക്കാലൻ ട്രൗസറുമിട്ട്‌, ഒരു ജോടി ചരടുകളും (ഈ ചരടുകളെ നിങ്ങൾ മറന്നിട്ടില്ലല്ലോ, മറക്കരുതേ) ഒരു കത്തിയും കയ്യിൽ വച്ച്‌, ചങ്ങാടത്തിൽ നിന്നും കാൽ വെള്ളത്തിലിട്ട്‌ ആ ഏകനായ കടൽ യാത്രക്കാരനിരിക്കുന്നു. (അവന്റെയത്ര കഴിവ്‌ മറ്റൊരുവനുമില്ല, ബുദ്ധിയും, എന്നിട്ടെന്തേ അവനിവിടെ എന്നല്ലേ, അവനന്ന്‌ കടലിൽ നീന്തുവാൻ അവന്റെ അമ്മയുടെ അനുവാദം കിട്ടി. അല്ലെങ്കിൽ അവൻ കടലിലേക്ക്‌ വരികയേ ചെയ്യില്ലായിരുന്നു.)

അവനെ കണ്ടതും നമ്മുടെ തിമിംഗലം വായ്‌ തുറക്കുവാൻ തുടങ്ങി. വായ്‌ എത്ര വലുതാക്കാമോ അത്രയും വലുതാക്കി. വലുതാക്കി വലുതാക്കി വായുടെ പിൻഭാഗം അവന്റെ വാലിൽ മുട്ടുന്നതുവരെ വലുതാക്കി. എന്നിട്ട്‌ ഒറ്റപ്പെട്ടുപോയ ആ കടൽ യാത്രക്കാരനേയും, അവന്റെ ചങ്ങാടത്തേയും അവന്റെ കയ്യിലുണ്ടായിരുന്ന ചരടുകളും (മറന്നിട്ടില്ലല്ലോ അല്ലേ) കത്തിയും എല്ലാം എല്ലാം കൂടി ഒന്നിച്ച്‌ ആ തിമിംഗലം വിഴുങ്ങി. അവൻ വിഴുങ്ങിയതൊക്കെ മെല്ലെ മെല്ലെ വായിലൂടെ, തൊണ്ടയിലൂടെ, അവന്റെ വലിയ വയറ്റിലെത്തി. വയറിനുള്ളിൽ ചെറിയ ചൂടുണ്ടായിരുന്നു, നല്ല ഇരുട്ടും. അവൻ വായടച്ച്‌ ചുണ്ടു തുടച്ചു. സന്തോഷം സഹിക്കവയ്യാതെ വാലുകൊണ്ട്‌ വെള്ളത്തിൽ മൂന്നുതവണയടിച്ചു. വട്ടം ചുറ്റി ന്യത്തം ചെയ്തു.

തിമിംഗലത്തിന്റെ വയറിനുള്ളിലെ ഇരുട്ടിൽ പെട്ടത്‌ നമ്മുടെ മനുഷ്യന്‌ ഒട്ടും സന്തോഷം നൽകിയില്ല. അവന്റെയത്ര കഴിവും ബുദ്ധിയും ആരുടേയും കയ്യിലില്ലല്ലോ. അവന്‌ ദേഷ്യം വന്നു. അവൻ വയറിന്നകത്ത്‌ കിടന്ന്‌ ചാടുവാൻ തുടങ്ങി. പിന്നെ വയറിന്നകത്തു കിടന്ന്‌ ഉറക്കെ ശബ്ദമുണ്ടാക്കി. വയറിന്റെ ഉള്ളിൽ കൈകളിട്ട്‌ കുത്തുവാൻ തുടങ്ങി. ന്യത്തം ചെയ്യുവാനും ഇടിക്കുവാനും തുടങ്ങി. വയറിന്റെ നാലതിരിലും മാന്തുവാനും പിച്ചുവാനും തുടങ്ങി. വയറിൽ കിടന്നിഴയുവാൻ തുടങ്ങി. ഉറക്കെ കരയുവാനും തേങ്ങുവാനും തുടങ്ങി. ഇതൊക്കെകൂടിയായപ്പോൾ തിമിംഗലത്തിന്‌ സഹിക്കാതെയായി. അവന്റെ വയറ്റിൽ കിടന്ന്‌ ആ മനുഷ്യൻ എന്തൊക്കെയാണീ ചെയ്യുന്നത്‌? തിമിംഗലത്തിന്‌ ഒരിടത്ത്‌ അനങ്ങാതിരിക്കുവാൻ വയ്യ. നീന്തുവാൻ വയ്യ. ആകെ ഒരു വിമ്മിഷ്ടം. (നിങ്ങളാ ചരടുകളുടെ കാര്യം മറന്നിട്ടില്ലല്ലോ?)

അത്രയുമായപ്പോൾ തിമിംഗലം വീണ്ടും നമ്മുടെ കുഞ്ഞൻ മീനിനെ തിരഞ്ഞു. “നീ പറഞ്ഞത്‌ തീർത്തും ശരിയാണ്‌ കുഞ്ഞാ.. ഇയാൾ വളരെ പരുപരുത്തതു തന്നെ. അയാൾ എനിക്ക്‌ എക്കിൾ വരുത്തുന്നു. ഞാനിനി എന്തു ചെയ്യും?”

“അയാളോട്‌ പുറത്തു വരാൻ പറയ്‌” കുഞ്ഞൻ മീൻ ഉപദേശിച്ചു.

അതല്ലാതെ മറ്റ്‌ വഴികളില്ലെന്ന്‌ തിമിംഗലത്തിനും തോന്നി. അവൻ ഉറക്കെ അവന്റെ വയറ്റിൽ കിടക്കുന്ന മനുഷ്യനെ വിളിച്ചു. “പുറത്തു വാ മനുഷ്യാ.. എന്നിട്ട്‌ മര്യാദയ്‌ക്ക്‌ പെരുമാറ്‌.. എനിക്ക്‌ എക്കിൾ സഹിക്കാനാകുന്നില്ല.”

“നിന്റെ വേല കയ്യിലിരിക്കട്ടെ.” മനുഷ്യന്‌ പെട്ടെന്ന്‌ ബുദ്ധി തെളിഞ്ഞു. “ഞാനിറങ്ങി വരില്ല. എന്നെ നീ ഞാൻ ജനിച്ചു വളർന്ന ആൽബിയോൺ കുന്നുകൾക്കരികെയുള്ള കടൽക്കരയിലെത്തിക്കണം. അവിടെയെത്തിച്ചാൽ ഇറങ്ങിവരേണമോ വേണ്ടയോ എന്ന്‌ ഞാനാലോചിക്കാം.” അയാൾ പിന്നേയും വയറിന്നകത്തുകിടന്ന്‌ ചാടുവാനും മറിയുവാനും തുടങ്ങി.

അപ്പോൾ കുഞ്ഞൻ മീൻ തിമിംഗലത്തിന്റെ ചെവിയിൽ മന്ത്രിച്ചു. “എത്രയും പെട്ടെന്ന്‌ അയാളെ അയാൾ പറഞ്ഞിടത്തേക്ക്‌ കൊണ്ടുപോകുന്നതാണ്‌ നല്ലത്‌... ഞാൻ പറഞ്ഞില്ലേ അയാളുടെ കയ്യിൽ അയാൾക്ക്‌ എന്തു ചെയ്യണമെന്നു തോന്നുന്നുവോ അതിനൊക്കെയുള്ള കഴിവും ബുദ്ധിയുമുണ്ട്‌.”

തിമിംഗലത്തിന്‌ മറ്റ്‌ വഴിയില്ലായിരുന്നു. അവൻ വാലും തലയുമിട്ടടിച്ച്‌ വേഗം വേഗം നീന്തുവാൻ തുടങ്ങി. അവന്‌ എക്കിൾ കാരണം നിൽക്കള്ളിയില്ലായിരുന്നു. നീന്തി നീന്തി അവൻ അവന്റെ ഉദരത്തിൽ കിടക്കുന്ന മനുഷ്യൻ പറഞ്ഞ ആൽബിയോൺ കുന്നുകളും അതിന്നടുത്തെ കടൽതീരവും കണ്ടു. തിമിംഗലം കരയിലേക്ക്‌ പകുതിയിലധികവും നീന്തിക്കയറി വായ്‌ പിളർത്തി. എത്രയും പിളർത്താമോ അത്രയും പിളർത്തി പറഞ്ഞു, “എടോ മനുഷ്യാ... ഒന്ന്‌ വേഗമാകട്ടെ.. എന്താ നിന്റെ പേര്‌.... ഒന്ന്‌ വേഗം വേണം... ഇന്താ നീ പറഞ്ഞ നിന്റെ കടൽ തീരമെത്തി... ഇതാ നീ പറഞ്ഞ നിന്റെ വീട്ടിലേക്കുള്ള വഴി... നിയെന്താണതിനു പേര്‌ പറഞ്ഞത്‌ ഫിച്ച്‌ ബർഗ്‌ റോഡോ...”

“ഫിച്ച്‌” എന്നു കേട്ടുതീരും മുമ്പേ നമ്മുടെ മനുഷ്യൻ തിമിംഗലത്തിന്റെ ഉദരത്തിൽ നിന്നും പുറത്തേക്കു കടന്നു. എന്നാൽ അതിനു മുമ്പ്‌ അവനൊരു കാര്യം ചെയ്തു വച്ചിരുന്നു. തിമിംഗലം തന്റെ സർവ്വശക്തിയുമെടുത്ത്‌ ആൽബിയോൺ കുന്നുകളെ ലക്ഷ്യമാക്കി നീന്തിയിരുന്ന സമയത്ത്‌ അതിന്റെ ഉദരത്തിലിരുന്ന്‌ നമ്മുടെ മനുഷ്യൻ - അവന്‌ എന്തുവേണമോ അതെല്ലാം ചെയ്യുവാനുള്ള കഴിവും ബുദ്ധിയുമുള്ള നമ്മുടെ മനുഷ്യൻ - അവന്റെ കത്തിയെടുത്ത്‌ തിമിംഗലത്തിന്റെ ഉദരത്തിൽ അവനോടൊപ്പം എത്തിയിരുന്ന അവന്റെ ചങ്ങാടം തുണ്ടു തുണ്ടാക്കി ചതുരാകൃതിയിൽ ചേർത്തുകെട്ടി വലപോലാക്കിയിരുന്നു. തലങ്ങനേയും വിലങ്ങനേയും അവൻ ചങ്ങാടത്തിന്റെ മരത്തുണ്ടുകൾ ചേർത്തുകെട്ടി. വലിയ വസ്തുക്കളൊന്നും അതിലൂടെ അപ്പുറത്തേക്ക്‌ പോകാത്ത വിധത്തിലാണത്‌ അവൻ കെട്ടിയുണ്ടാക്കിയത്‌. അതായത്‌ മരക്കഷണങ്ങൾകൊണ്ടുണ്ടാക്കിയ ഒരു വലപോലെ. അത്‌ കെട്ടാനായി അവനുപയോഗിച്ചതോ, അവന്റെ ട്രൗസറിൽ നിന്നും അവനഴിച്ചെടുത്ത്‌ കയ്യിൽ വച്ചിരുന്ന ആ ചരടുകളും!) ഇപ്പോൾ മനസിലായോ ആ ചരടിന്റെ കാര്യം മറക്കരുത്‌ എന്ന്‌ ഞാൻ കൂടെക്കൂടെ പറഞ്ഞതെന്തിനാണെന്ന്‌?) തിമിംഗലത്തിന്റെ ഉദരത്തിൽ നിന്നും പുറത്തുകടക്കുമ്പോൾ അവൻ കെട്ടിയുണ്ടാക്കിയ ആ മരത്തിന്റെ വല വലിച്ചിഴച്ച്‌ കൊണ്ടുവന്നു. എന്നിട്ട്‌ അത്‌ തിമിംഗലത്തിന്റെ തൊണ്ടയിൽ സ്ഥാപിച്ചു. അതവിടെ ഉടക്കിക്കിടന്നു. അകത്തേക്കും പുറത്തേക്കുമില്ലാത്ത വിധത്തിൽ. അപ്പോൾ അയാൾ ഒരു കവിതാശകലം ഉറക്കെ ചൊല്ലി.. നിങ്ങളാ കവിത ഇതിനു മുമ്പ്‌ കേട്ടിരിക്കില്ല. അതിനാൽ ഞാനതൊന്ന്‌ ഇവിടെ ചൊല്ലിക്കേൾപ്പിക്കാം.

നിന്റെ തൊണ്ടയിലൊരു പടിവച്ചു ഞാൻ

നിന്റെ ദുരാഗ്രഹവും തീർത്തു

അതും പാടി അയാൾ മണ്ണിൽ കാലു കുത്തി. അയാൾ അയാളുടെ അമ്മയെ കാണുവാൻ പോയി. അമ്മയാണല്ലോ അയാൾക്ക്‌ കടൽ വെള്ളത്തിൽ നീന്തുവാൻ അനുവാദം നൽകിയത്‌. അതിനാലല്ലേ അയാളീ ദുരിതമെല്ലാം അനുഭവിച്ചത്‌. അതിനു ശേഷം അയാൾ അമ്മയോടൊത്ത്‌ സന്തോഷത്തോടെ ജീവിച്ചു. ഒരു കല്യാണവും കഴിച്ചു.

അതിനുശേഷം നമ്മുടെ തിമിംഗലത്തിനും സന്തോഷമായിരുന്നു. അവന്റെ തൊണ്ടയിൽ അന്നു കുടുങ്ങിയതാണീ പടിവാതിൽ. വിഴുങ്ങുവാനും വയ്യ തുപ്പിയോ ചുമച്ചോ കളയുവാനും വയ്യ. അതങ്ങിനെ കുടുങ്ങിക്കിടക്കുകയാണ്‌. അതിലൂടെ ഇപ്പോഴതിന്‌ വലിയ മീനിനെ ഒന്നും തിന്നുവാനാകുന്നില്ല. അതുകൊണ്ട്‌ അതിനു ശേഷം തിമിംഗലം ചെറിയ മീനുകളെ മാത്രം തിന്നു. അതും ആവശ്യത്തിനു മാത്രം. വെറുതെയങ്ങിനെ ആരെയെങ്കിലും പിടിച്ചു തിന്നും സ്വഭാവം അവൻ നിറുത്തി. അപ്പോൾ എല്ലാവരും അവനോട്‌ ചങ്ങാത്തം കൂടുവാനും തുടങ്ങി. അതിനാലാണത്രെ അതിനുശേഷം തിമിംഗലം ചെറിയ കുട്ടികളെ പിടിച്ചു തിന്നുവാനും ശ്രമിക്കത്തത്‌.

നമ്മുടെ കുഞ്ഞൻ മീനോ. അതിനു ഭയമായി. അത്‌ കടലിന്നടിയിൽ ചെളിയിൽ പോയൊളിച്ചു. അല്ലെങ്കിൽ തിമിംഗലം അവനെത്തേടിപ്പിടിച്ച്‌ തിന്നു കളഞ്ഞാലോ. അവൻ പിന്നെ ആ ചെളിയിൽ നിന്നും പുറത്തു വന്നിട്ടില്ല.

അങ്ങിനെ ഈ കഥകഴിയുന്നു. നമ്മുടെ മനുഷ്യൻ അന്നുണ്ടായിരുന്ന ആ വള്ളിപോയ ട്രൗസറുമിട്ട്‌ ഇപ്പോഴും കടൽക്കരയിലൂടെ നടക്കുന്നു. ട്രൗസറിന്റെ വള്ളിയയാൾ തിമിംഗലത്തിന്റെ തൊണ്ടയിൽ പടികെട്ടുവാനുപയോഗിച്ചില്ലേ. എന്നാൽ ഇപ്പോഴും അയാൾ കടലിലേക്കിറങ്ങുമ്പോൾ ആ കത്തി കൊണ്ടുപോകുവാൻ മറക്കാറില്ല.

റുഡ്‌യാർഡ്‌ കിപ്ലിങ്ങ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.