പുഴ.കോം > കുട്ടികളുടെ പുഴ > കാട്ടുകഥ > കൃതി

കീരൻ ജേതാവ്‌....!

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മനു പ്രതാപ്‌

കുറച്ചു നാളുകൾക്കുശേഷമാണ്‌ വീണ്ടും കാടുണർന്നത്‌. കാട്ടിൽ കായികമാമാങ്കം നടക്കാൻ പോകുന്നു. മത്സരത്തിനുള്ളവരെല്ലാം പേരുകൾ നൽകി. ചാട്ടത്തിന്‌ തൊപ്പൻ കംഗാരുവും ജമ്പൻ ജിറാഫുമാണ്‌ പേരു നല്‌കിയിരിക്കുന്നത്‌. ഓട്ടത്തിൽ കീരൻ മുയലും ഗമ്പനാമയും പേരു നൽകിയിട്ടുണ്ട്‌. ഷോട്ട്‌പുട്ട്‌ മത്സരത്തിൽ ബർമ്മനാനയുടെ പേരുമാത്രമേ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളൂ...!

പക്ഷേ എല്ലാവർക്കും അറിയേണ്ടത്‌ ഓട്ടമത്സരത്തിൽ ആരു ജയിക്കും എന്നതാണ്‌. പണ്ട്‌ കീരൻമുയലിന്റെ വല്യപ്പനെ ഗമ്പനാമയുടെ ചെറ്യപ്പൻ തോല്‌പിച്ചതാണ്‌. അതിൽ പിന്നീട്‌ കാട്ടിലൊരു മത്സരവും നടന്നിട്ടില്ല...! അതിനാൽ ഇക്കുറി ആരായിരിക്കും ജയിക്കുക എന്നറിയാൻ എല്ലാവർക്കും ആകാംക്ഷയാണ്‌.

“എടോ... അതിലെന്തോന്നാ അറിയാൻ.... ഞാൻ ജയിക്കും. ഗമ്പനേക്കാൾ വലിയ ഓട്ടക്കാരൻ ഞാൻ തന്ന്യാ. വേണമെങ്കിൽ കണ്ടോ.”

കാട്ടിലുള്ളവരോടെല്ലാം വീമ്പടിച്ചു നടക്കുകയാണ്‌ കീരൻ. ‘ഇക്കുറി കീരനെ തോല്‌പ്പിച്ചില്ലെങ്കിൽ സംഗതി നാണക്കേടാവും. എങ്ങനെയും അതിനുള്ള മാർഗം കണ്ടെത്തണം.’ ഗമ്പനാമയുടെ കുഞ്ഞിത്തല പ്രവർത്തിച്ചു തുടങ്ങി.

അങ്ങനെയിരിക്കെയാണ്‌ അവന്‌ ഒരാശയം ‘ഠപ്പേ’ന്ന്‌ വീണു കിട്ടിയത്‌. കീരൻ കരുത്തുകൂട്ടാൻ ചിലമരുന്നുകൾക്കായി തുമ്പാക്കി കുരങ്ങുവൈദ്യരെ കാണാറുണ്ട്‌. തുമ്പാക്കി ഒരു കൈക്കൂലിക്കാരനാണ്‌. അവനെ കുപ്പിയിലാക്കാം. ഒരു കൊട്ടപഴവുമായി ഗമ്പൻ തുമ്പാക്കിയുടെ അടുത്തെത്തി.

“വൈദ്യരെ... രക്ഷിക്കണം...” ഗമ്പൻ തുമ്പാക്കിയുടെ കാലിൽ വീണു. എനിക്ക്‌ എങ്ങനെയും കീരനെ കുടുക്കാനുള്ള വിദ്യ പറഞ്ഞുതരണം.‘ കോഴ കിട്ടിയാൽ കീരനെന്നല്ല ആരെയും കുടുക്കുന്നവനാണ്‌ തുമ്പാക്കി. ഗമ്പനെയും സഹായിക്കാമെന്ന്‌ തുമ്പാക്കി സമ്മതിച്ചു. പിറ്റേന്ന്‌ മരുന്നുവാങ്ങാനെത്തിയ കീരനെ ഒരുകെട്ടുമരുന്നു നൽകിയാണ്‌ തുമ്പാക്കി യാത്രയാക്കിയത്‌. എന്താണെന്നറിയില്ല, ആ മരുന്ന്‌ കഴിച്ചതിൽ പിന്നെ കീരന്‌ ’വല്യ‘ വിശപ്പാണ്‌. മാത്രവുമല്ല, വീട്ടിൽ നിന്നും ഇറങ്ങാൻ മടീം!

അങ്ങനെ വീട്ടിലിരുന്ന്‌ കീരൻ ചീർത്തു. മാളത്തിൽനിന്നും മത്സരസ്‌ഥലത്തേക്ക്‌ ഒരു ദിവസമെടുത്താണ്‌ നടന്നെത്തിയത്‌. നടക്കുമ്പോൾ ’ഭിം ഭോം‘ ന്ന്‌ ശരീരം രണ്ടുവശത്തേക്കും ആടിത്തൂങ്ങി. കീരനെ കണ്ടിട്ട്‌ ആർക്കും മനസ്സിലായില്ല. അത്രയ്‌ക്കങ്ങു തടിച്ചു. എന്തായാലും മത്സരസ്‌ഥലത്തെത്തിയപ്പോൾ കീരനും ഉത്സാഹമായി.

മത്സരം ആരംഭിച്ചു. ആദ്യയിനം ഓട്ടമത്സരം തന്നെയായിരുന്നു. കീരൻമുയലും ഗമ്പനാമയും സ്യൂട്ട്‌ ധരിച്ച്‌ ട്രാക്കിലെത്തി. ജോങ്കൻ കുരങ്ങന്റെ വിസിൽ മുഴങ്ങിയതും കീരൻ കുതിച്ചു. ഗമ്പനും പിന്നാലെയുണ്ട്‌. കുറച്ചുദൂരം ഓടിക്കഴിഞ്ഞപ്പോഴേക്കും കീരൻ കിതച്ചു.... തളർന്നു. തിരിഞ്ഞുനോക്കിയപ്പോൾ ഗമ്പനെ കാണാൻ പോലുമില്ല. “ഹി... ഹി.... ഇനി ഇത്തിരി വിശ്രമിക്കാം. അവൻ ഇഴഞ്ഞുവരാൻ മണിക്കൂറുകളെടുക്കും. കീരൻ ഒരു പാറക്കൂട്ടത്തിൽ കയറിക്കിടന്നു.

കുറച്ചുസമയം കഴിഞ്ഞ്‌ ആർപ്പും ബഹളവും കേട്ടാണ്‌ കീരൻ കണ്ണുതുറന്നത്‌. ഗമ്പനെ ചുമലിലേറ്റി നൃത്തം ചെയ്യുകയാണ്‌ കൂട്ടുകാർ.

”ഗമ്പൻ കീരനെ ഓടി തോല്‌പ്പിച്ചേ....“

കീരൻ തല താഴ്‌ത്തി തൊട്ടടുത്ത മാളത്തിലേക്കു കയറി. ’ഹും... ഇനിയും ഒരവസരം വരട്ടെ കാണിച്ചു കൊടുക്കാം.‘ മാളത്തിലിരുന്ന്‌ കീരൻ ആശ്വസിച്ചു. അപ്പോൾ വിജയഭേരി മുഴക്കി ഗമ്പനും സംഘവും മുന്നോട്ടു നീങ്ങി.

മനു പ്രതാപ്‌

വിലാസംഃ മനു പ്രതാപ്‌ (മനോജ്‌ പി. നായർ),

പാറയിൽ,

വെമ്പളളി പി.ഒ,




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.