പുഴ.കോം > കുട്ടികളുടെ പുഴ > കാട്ടുകഥ > കൃതി

ആലിൻകൊമ്പത്തെ യക്ഷി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിപ്പി പളളിപ്പുറം

കഥ

ആട്ടക്കാരൻ മണിമയിലും ആലേവാലൻ സിംഹത്തപ്പനും പെരുവയറൻ മലമ്പാമ്പും

ചങ്ങാതിമാരായിരുന്നു. ജന്തുസ്ഥാൻ കാട്ടിലെ ഒരു വലിയ അരയാലിന്റെ മുകളിലും

താഴേയുമായിട്ടാണ്‌ അവർ പാർത്തിരുന്നത്‌.

ആട്ടക്കാരൻ മണിമയിൽ ഏഴരവെളിപ്പിനുണർന്ന്‌ ഏഴുവട്ടം കൂവും. അതുകേട്ടാണ്‌

ആലേവാലൻ സിംഹത്തപ്പനും പെരുവയറൻ മലമ്പാമ്പും ഉറക്കമുണരുന്നത്‌.

ഉറക്കമുണർന്നാൽ മൂന്നു ചങ്ങാതിമാരും കൂടി കാട്ടിലെ വെളളാരം പൊയ്‌കയിൽ

വെളളം കുടിക്കാൻ പോകും. അതു കഴിഞ്ഞാൽ അവർ പാട്ടുപാടിയും ആട്ടമാടിയും

ഊഞ്ഞാലാടിയും രസിക്കും. അതായിരുന്നു പതിവ്‌.

ഒരു ദിവസം പതിവുപോലെ ആട്ടക്കാരൻ മണിമയിലും ആലേവാലൻ സിംഹത്തപ്പനും

പെരുവയറൻ മലമ്പാമ്പും കൂടി വെളളാരം പൊയ്‌കയിൽ വെളളം കുടിക്കാൻ പോയി.

വെളളംകുടി കഴിഞ്ഞപ്പോൾ ആട്ടക്കാരൻ മണിമയിൽ തന്റെ പീലിവിരുത്തി മിനുക്കാൻ

തുടങ്ങി. കണ്ണാടിപോലെ തെളിഞ്ഞ വെളളത്തിൽ പീലികളെല്ലാം അതേപടി നിഴലിച്ചുകണ്ടു.

പെട്ടെന്നാണ്‌ ആട്ടക്കാരൻ മണിമയിൽ ഞെട്ടിപ്പോയത്‌. മണിമയിൽ ഉറക്കെ നിലവിളിച്ചു.

മണിമയിലിന്റെ നിലവിളികേട്ട്‌ ആലേവാലൻ സിംഹത്തപ്പനും പെരുവയറൻ മലമ്പാമ്പും

കൂടി ഒപ്പം ചോദിച്ചുഃ

“ആട്ടക്കാരാ പൊന്നാശാനേ, എന്താണിങ്ങനെ വലിയവായിൽ കരയുന്നത്‌? എന്തുപറ്റി?”

മണിമയിൽ കരഞ്ഞുകൊണ്ട്‌ പറഞ്ഞു.

“അയ്യോ, നിങ്ങളെന്റെ വാലിലേയ്‌ക്കു നോക്കൂ. വിശറിപോലെ വിടർന്നു നിൽക്കുന്ന

പീലികളിൽ ഒന്നു കാണുന്നില്ല. ഏതോ കളളൻ കട്ടുകൊണ്ടുപോയി!

ഇതുകേട്ട്‌ ആലേവാലൻ സിംഹത്തപ്പൻ വാലുകുലുക്കി മീശ വിറപ്പിച്ച്‌ ഉറക്കെ അലറി.

പെരുവയറൻ മലമ്പാമ്പ്‌ പെരുവായ്‌ തുറന്നു ഉറക്കെ ചീറി.

സിംഹത്തപ്പൻ ചോദിച്ചു.

”ആരെടാ വിരുതാ, വീരാ ശൂരാ ആട്ടക്കാരൻ പൊന്നാശാനുടെ വാലിൽനിന്നും

പീലിയെടുത്തവരാരാണെന്നു പറഞ്ഞോ വേഗം?

“ഞാനല്ല, ഞാനല്ല,” പക്ഷികളും മൃഗങ്ങളും പേടിച്ചു വിറച്ച്‌ പലവഴിക്കു പമ്പ കടന്നു.

കുറച്ചു കഴിഞ്ഞപ്പോൾ പെരുവയറൻ മലമ്പാമ്പ്‌ ഉറക്കെ നിലവിളിക്കാൻ തുടങ്ങി.

ഇതുകേട്ട്‌ ആലേവാലൻ സിംഹത്തപ്പനും ആട്ടക്കാരൻ മണിമയിലും കൂടി ഒപ്പം ചോദിച്ചു.

“വളയാ പുളയാ പെരുവയറാ, എന്താണിങ്ങനെ അലമുറയിട്ടു കരയുന്നത്‌?”

“അയ്യോ നിങ്ങളെന്റെ ഉടലിലേയ്‌ക്കൊന്നു നോക്കൂ. രത്‌നംപോലെ തിളങ്ങുന്ന എന്റെ

മേലുറ കാണുന്നില്ല. അതാരോ കട്ടുകൊണ്ടുപോയി!”

ഇതുകേട്ട്‌ ആലേവാലൻ സിംഹത്തപ്പൻ സട കുടഞ്ഞ്‌ നാടുപാടും ഓടി. ആട്ടക്കാരൻ

മണിമയിൽ കൊക്കുവിടർത്തി സ്വരമുണ്ടാക്കി.

സിംഹത്തപ്പൻ ചോദിച്ചു.

“ആരെടാ മുരടാ കുരുടാ തിരുടാ പെരിയൊരു പാമ്പിൻ മേലുറ കട്ടത്‌ നീയോ ഞാനോ

മുക്കാപ്പിരിയോ, മുക്കണ്ണുളെളാരു യക്ഷിപ്പെണ്ണോ?”

“അയ്യോ ഞാനല്ല; ഞാനല്ല” പക്ഷികളും മൃഗങ്ങളും വാലും നിവർത്തിപ്പിടിച്ച്‌ കണ്ട

വഴിയേ ഓടി.

കുറച്ചു കഴിഞ്ഞപ്പോൾ ആലേവാലൻ സിംഹത്തപ്പനും ഉറക്കെ കരയാൻ തുടങ്ങി.

ഇതുകേട്ട്‌ ആട്ടക്കാരൻ മണിമയിലും പെരുവയറൻ മലമ്പാമ്പും കൂടി ഒപ്പം ചോദിച്ചു.

“സിംഹത്തപ്പാ കാര്യക്കാരാ എന്താണിങ്ങനെ അന്തംവിട്ട മാതിരി കരയുന്നത്‌?”

സിംഹത്തപ്പൻ കരഞ്ഞുകൊണ്ട്‌ പറഞ്ഞുഃ

“അയ്യോ നിങ്ങളെന്റെ വാലിൻ തുമ്പത്തേയ്‌ക്കൊന്നു നോക്കൂ. വാലറ്റത്തെ രോമമൊന്നും

കാണുന്നില്ല. എന്റെ രോമം കട്ടവൻ വെറും കളളനാവില്ല. വല്ല യക്ഷിയോ, അറുകൊലയോ

ചാത്തനോ ചാമുണ്‌ഡിയോ ആയിരിക്കും.”

“ശരിയാണ്‌, ശരിയാണ്‌” ആട്ടക്കാരൻ മണിമയിലും പെരുവയറൻ മലമ്പാമ്പും

സിംഹത്തപ്പന്റെ അഭിപ്രായത്തെ പിന്താങ്ങി.

“എങ്കിൽ നമുക്ക്‌ ഉടനെ മൂങ്ങാ മുത്തപ്പന്റെ അടുക്കലേയ്‌ക്കു പോകാം. അദ്ദേഹം

ഉറക്കമിളച്ചിരുന്ന്‌ സാക്ഷാൽ യക്ഷിയെ കയ്യോടെ പിടിച്ചു തരും.” സിംഹത്തപ്പൻ അറിയിച്ചു.

അവർ മൂന്നുപേരും കൂടി മൂങ്ങാമുത്തപ്പന്റെ അടുക്കലേയ്‌ക്കു പുറപ്പെട്ടു.

അവർ ചെല്ലുമ്പോൾ മൂങ്ങാമുത്തപ്പൻ ഒരു ഉറക്കം തൂങ്ങിമരത്തിന്റെ മേലെയിരുന്ന്‌

ഉറക്കം തൂങ്ങുകയായിരുന്നു.

ആട്ടക്കാരൻ മണിമയിലും ആലേവാലൻ സിംഹത്തപ്പനും പെരുവയറൻ മലമ്പാമ്പും

കൂടി മൂങ്ങാമുത്തപ്പനെ വിളിച്ചുണർത്തി.

“തേങ്ങാക്കണ്ണാ” മൂങ്ങച്ചാരേ എന്റെ വാലിൻ തുമ്പത്തെ രോമവും മണിമയിലിന്റെ

വാലിലെ പീലിയും മലമ്പാമ്പിന്റെ മേലുറയും കളവുപോയി. ഏതോ യക്ഷി ഇന്നലെ

രാത്രി കട്ടതാണ്‌. താങ്കൾ ഇന്ന്‌ ഉറക്കമിളച്ചിരുന്ന്‌ യക്ഷിയെ കണ്ടുപിടിച്ച്‌ ഞങ്ങളെ

രക്ഷിക്കണം.

മൂങ്ങാമുത്തപ്പൻ തേങ്ങാക്കണ്ണുരുട്ടി എല്ലാവരെയും മാറിമാറി നോക്കി ഒന്നുചിരിച്ചു.

എന്നിട്ടു പറഞ്ഞു.

“ശരി ഇന്നു നിങ്ങൾ അരയാലിന്നടുത്തേയ്‌ക്കു പോകേണ്ട. മറ്റെവിടെയെങ്കിലും

താമസിച്ചോളൂ. ഞാൻ പോയി അരയാലിൽ കാവലിരുന്ന്‌ യക്ഷിയെ കണ്ടുപിടിക്കാം.

”ശരി ശരി, മൂങ്ങാമുത്തപ്പൻ നീണാൾ വാഴട്ടെ“ അവർ സന്തോഷത്തോടെ മടങ്ങിപ്പോയി.

അന്നുരാത്രി ആലേവാലൻ സിംഹത്തപ്പൻ ഒരു മലവാകമരത്തിന്റെ കീഴെയുളള

പൊത്തിലാണ്‌ ഉറങ്ങാൻ പോയത്‌. ആട്ടക്കാരൻ മണിമയിൽ ഒരു മുളളിലവു മരത്തിന്റെ

മുകളിലും പെരുവയറൻ മലമ്പാമ്പ്‌ ഒരു കാട്ടുമുളയുടെ മുകളിലും കയറിപ്പറ്റി.

ആലേവാലൻ സിംഹത്തപ്പനെ പൊത്തിനകത്തുളള തേനീച്ചകൾ കുത്തിയും കടിച്ചും

വേദനിപ്പിച്ചത്‌ കൊണ്ട്‌ കണ്ണൊന്ന്‌ പൂട്ടാൻ കഴിഞ്ഞില്ല. മുളളിലവ്‌ മരത്തിന്റെ മുളളുകൾ

ദേഹത്തെല്ലാം തറച്ചതുകൊണ്ട്‌ ആട്ടക്കാരൻ മണിമയിലിനും ഇരിക്കപ്പൊറുതി കിട്ടിയില്ല.

കാട്ടുമുളകൾ കാറ്റത്ത്‌ ആടിയുലഞ്ഞ്‌ ‘കലപില’ ശബ്‌ദമുണ്ടാക്കിയതുകൊണ്ട്‌ പെരുവയറൻ

മലമ്പാമ്പിനും ഉറക്കം വന്നില്ല.

എന്നാൽ മൂങ്ങാമുത്തപ്പൻ അരയാൽ മരത്തിൻ മുകളിൽ കയറി കണ്ണുപോലും

പൂട്ടാതെ കാവലിരുന്നു. മൂങ്ങാമുത്തപ്പന്റെ കണ്ണുകൾ ഇരുട്ടിൽ പന്തംപോലെ തിളങ്ങുന്നത്‌

അവർ അകലെയിരുന്ന്‌ നോക്കിക്കണ്ടു.

നേരം വെളുത്തെന്നു കണ്ടപ്പോൾ മൂന്നുപേരും കൂടി അരയാലിന്റെ അടുക്കലേയ്‌ക്ക്‌

പാഞ്ഞുചെന്നു. മൂന്നുപേരും ഒപ്പം ചോദിച്ചു.

”തേങ്ങാക്കണ്ണാ‘ മൂങ്ങച്ചാരേ’ കണ്ടോ കണ്ടോ യക്ഷിയെ കണ്ടോ?“

”കണ്ടേ കണ്ടു. പക്ഷേ അവളെ പിടികൂടാൻ എനിക്കു കഴിഞ്ഞില്ല. അതിനുമുമ്പേ

കടന്നുകളഞ്ഞു.“ മൂങ്ങാമുത്തപ്പൻ അറിയിച്ചു.

”ഇനി എന്താ ചെയ്‌ക?“ മൂന്നുപേരും മൂങ്ങാമുത്തപ്പനെ നോക്കി.

മൂങ്ങാമുത്തപ്പൻ പറഞ്ഞു.

”ഇന്നു രാത്രി നിങ്ങൾ തന്നെ അരയാലിനു മുകളിൽ കാവലിരിക്കണം. അപ്പോൾ

അവളെ നേരിൽ കാണാം. പേടിയുണ്ടോ?“

”എനിക്കൊട്ടും പേടിയില്ല.“ സിംഹത്തപ്പൻ വാലു വീശി.

”എനിക്ക്‌ ആരേയും പേടിയില്ല.“മണിമയിൽ ചിറക്‌ കുടഞ്ഞു.

”എനിക്കും പേടിയില്ല.“ മലമ്പാമ്പ്‌ വായ്‌ പിളർന്ന്‌ പല്ലുഞ്ഞെരിച്ചു.

നേരം സന്ധ്യയായപ്പോൾ മൂന്നു ചങ്ങാതിമാരും കൂടി അരയാലിന്റെ കൊമ്പത്തും

താഴത്തുമായി സ്ഥലം പിടിച്ചു. അവർ യക്ഷിയേയും കാത്ത്‌ കണ്ണും മിഴിച്ചിരുന്നു.

പാതിരായ്‌ക്ക്‌ മുമ്പായി അവൾ വന്നു! പക്ഷേ അതൊരു യക്ഷിയായിരുന്നില്ല.

ചാത്തനോ ചാമുണ്ഡിയോ ആയിരുന്നില്ല. സുന്ദരിയും സുശീലയുമായ ഒരു

കിളിയമ്മച്ചിയായിരുന്നു അത്‌.

കിളിയമ്മച്ചി വന്നപാടെ അവരോടു പറഞ്ഞു.

”ചങ്ങാതിമാരെ എന്നോട്‌ ക്ഷമിക്കണം. ഞാൻ നിങ്ങളുടെ പീലിയും രോമവും

മേലുറയും മറ്റും എടുത്തപ്പോൾ പറഞ്ഞില്ല. എന്റെ കുഞ്ഞുങ്ങൾക്ക്‌ കൂടുണ്ടാക്കാനാണ്‌

ഞാൻ അവയെല്ലാം എടുത്തത്‌“.

ഇതുകേട്ട്‌ ആട്ടക്കാരൻ മണിമയിലും ആലേവാലൻ സിംഹത്തപ്പനും പെരുവയറൻ

മലമ്പാമ്പുമെല്ലാം മിഴിച്ചിരുന്നു.

കിളിയമ്മച്ചി അവരെ മൂന്നുപേരെയും തന്റെ കൂടു കാണാനായി ക്ഷണിച്ചു.

പിറ്റേന്നു രാവിലെ ആട്ടക്കാരൻ മണിമയിലും ആലേവാലൻ സിംഹത്തപ്പനും

പെരുവയറൻ പെരുമ്പാമ്പും കൂടി കിളിയമ്മച്ചിയുടെ കൂടു കാണാൻ പോയി.

”ഹായ്‌ എന്ത്‌ നല്ല കൂട്‌! എന്റെ പീലിക്ക്‌ ഇത്ര ഭംഗിയുണ്ടോ?“ ആട്ടക്കാരൻ

മണിമയിൽ അതിശയിച്ചു.

”ഹായ്‌ എന്തൊരു മാർദ്ദവം! എന്റെ രോമംകൊണ്ട്‌ ഇത്ര നന്നായി തുന്നൽപണി

ചെയ്യാമോ?“ ആലേവാലൻ സിംഹത്തപ്പൻ മിഴിച്ചുനിന്നു.

”അയ്യോ എന്റെ പുറംചട്ടകൊണ്ട്‌ ഇത്രയ്‌ക്ക്‌ അഴകുളള പട്ടുവിരിപ്പുണ്ടാക്കാമോ?“

പെരുവയറൻ മലമ്പാമ്പ്‌ തലനിവർത്തി നിന്നു.

ഇതിനിടയിൽ മൂങ്ങാമുത്തപ്പൻ ഒന്നുമറിയാത്തുപോലെ മൂളിപ്പാട്ടുംപാടി അതു

വഴിക്കു വന്നു. മൂങ്ങാമുത്തപ്പൻ അവരോടു ചോദിച്ചു.

”കണ്ടോ മക്കളെ? യക്ഷിയെ കണ്ടോ?“

”കണ്ടു മുത്തപ്പാ. പക്ഷെ ഇവളൊരു യക്ഷിയല്ല. പക്ഷിയാണ്‌. തളളപ്പക്ഷി!“

ആലേവാലൻ സിംഹത്തപ്പൻ അറിയിച്ചു.

”എന്നിട്ട്‌ നിങ്ങൾ പിടികൂടാത്തതെന്ത്‌?“ മൂങ്ങാമുത്തപ്പൻ അന്വേഷിച്ചു.

”ഇല്ല. ഇവളെ ഞങ്ങൾ പിടികൂടുകയില്ല. ഞങ്ങളുടെ പീലിയും രോമവും

മേലുറയും കൊണ്ട്‌ ഇവൾ ഒരു കൂടുകെട്ടിയിരിക്കുന്നു. ചന്തമുളള കൂട്‌! അതിൽ ഇവളുടെ

കുഞ്ഞുങ്ങൾ വളരട്ടെ. അതാണ്‌ ഞങ്ങളുടെ ആഗ്രഹം. ഞങ്ങൾ കാടിന്റെ മക്കളാണ്‌.

കാടിന്റെ മക്കൾക്ക്‌ കലഹമില്ല.

“കൊളളാം മക്കളേ കൊളളാം. തമ്മിൽ തമ്മിൽ സ്‌നേഹിക്കുന്നവർക്കു എന്നും

നന്മ വരും.” മൂങ്ങാമുത്തപ്പൻ അവരെ അനുഗ്രഹിച്ചുകൊണ്ട്‌ അകലേയ്‌ക്കു പറന്നുപോയി.

സിപ്പി പളളിപ്പുറം

1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ.

ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌.

വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.