പുഴ.കോം > കുട്ടികളുടെ പുഴ > കാട്ടുകഥ > കൃതി

കുരങ്ങന്റെ ദന്താശുപത്രി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിപ്പി പളളിപ്പുറം

ജന്തുസ്ഥാനിലെ കുരങ്ങന്തറ ദേശത്ത്‌ ഒരു തട്ടിപ്പുകാരൻ കുരങ്ങുണ്ണിയാശാനുണ്ടായിരുന്നു. കുരങ്ങുണ്ണിയാശാൻ പല തട്ടിപ്പുവേലകളും ചെയ്‌ത്‌ ഒടുവിൽ കുറുക്കൻ മൂലയിലെത്തിച്ചേർന്നു.

കുറുക്കൻമൂലയിലെ നാലുംകൂടിയ വഴിയിൽ കുരങ്ങുണ്ണിയാശാൻ ഒരു ദന്താശുപത്രി തുടങ്ങി. പന്തളത്തുകാരൻ ചന്തുണ്ണിക്കുറുക്കൻ മഞ്ചലിൽ കയറിവന്നാണ്‌ ദന്താശുപത്രി ഉൽഘാടനം ചെയ്‌തത്‌.

പല്ലുവേദനകൊണ്ട്‌ നട്ടംതിരിയുന്ന മൃഗങ്ങളെയെല്ലാം ഒറ്റദിവസത്തെ ചികിത്സകൊണ്ട്‌ ഭേദമാക്കുന്നതാണെന്ന്‌ കുരങ്ങുണ്ണിയാശാൻ ചെണ്ടകൊട്ടി നാടുതോറും അറിയിച്ചു.

പിറ്റേ ദിവസം രാവിലെ മുതൽ പല്ലുവേദനക്കാരായ മൃഗങ്ങൾ ഓരോന്നായി അവിടെവരാൻ തുടങ്ങി.

കോട്ടപ്പടിയിലെ വിറകു ചുമട്ടുകാരൻ കുട്ടപ്പനൊട്ടകമാണ്‌ വലിയ വായിൽ കരഞ്ഞുകൊണ്ട്‌ ആദ്യം അവിടെ എത്തിച്ചേർന്നത്‌.

കുട്ടപ്പനൊട്ടകം വളരെ പണിപെട്ട്‌ ദന്തവൈദ്യൻ കുരങ്ങുണ്ണിയാശാനോടു ചോദിച്ചു.

“വൈദ്യാ വൈദ്യാ മുറിവൈദ്യാ

പല്ലിനു വേദന വല്ലാതെ

മിണ്ടാൻപോലും വയ്യല്ലോ

വല്ല മരുന്നും ചെയ്യാമോ?”

ഇതു കേട്ടയുടനെ കുരങ്ങുണ്ണിയാശാൻ കുട്ടപ്പനൊട്ടകത്തിന്റെ വായ തുറന്ന്‌ പരിശോധിക്കാൻ തുടങ്ങി. പരിശോധന കഴിഞ്ഞപ്പോൾ കുരങ്ങുണ്ണിയാശാൻ പറഞ്ഞു.

“ഒട്ടകമേ വൻ പെട്ടകമേ

നിന്നുടെ പല്ലിന്‌ കേടുണ്ട്‌

പല്ലുകൾ രണ്ടു പറിച്ചെന്നാൽ

വേദന പമ്പ കടന്നീടും!”

പല്ല്‌ പറിക്കണമെന്ന്‌ കേട്ടപ്പോൾ കുട്ടപ്പനൊട്ടകം ആദ്യമൊന്ന്‌ ഞെട്ടി. എങ്കിലും അവൻ മടികൂടാതെ അറിയിച്ചു.

“പല്ല്‌ പറിക്കണമെന്നാകിൽ

വേഗം തന്നെ പറിച്ചോളൂ

വേദന കൊണ്ട്‌ വലഞ്ഞൂ ഞാൻ

വേഗം തന്നെ പറിച്ചോളൂ”

കുരങ്ങുണ്ണിയാശാൻ വേഗം അകത്തുപോയി ഒരു വലിയ ചവണയുമെടുത്തു കൊണ്ട്‌ പുറത്തു വന്നു.

കുട്ടപ്പനൊട്ടകം വായ്‌തുറന്ന്‌ പിടിച്ചു. കുരങ്ങുണ്ണിയാശാൻ കുട്ടപ്പനൊട്ടകത്തിന്റെ വായക്കുളളിൽ തലകടത്തി വീണ്ടും പല്ലുകളെല്ലാം പരിശോധിച്ചു. ഏതു പല്ലിനാണ്‌ കേടുളളതെന്ന്‌ കണ്ടുപിടിക്കാൻ കുരങ്ങുണ്ണിയാശാന്‌ കഴിഞ്ഞില്ല.

എങ്കിലും കുരങ്ങുണ്ണിയാശാൻ ചവണകൊണ്ട്‌ കുട്ടപ്പനൊട്ടകത്തിന്റെ പറിക്കാനെളുപ്പമുളള ഒരു ചെറുപല്ല്‌ ഇളക്കിപ്പറിച്ച്‌ പുറത്തേയ്‌ക്കിട്ടു.

ഇതുകണ്ട്‌ കുട്ടപ്പനൊട്ടകം ദേഷ്യത്തോടെ പറഞ്ഞുഃ

“മണ്ടാ തൊണ്ടാ മരമണ്ടാ

പല്ല്‌ പറിച്ചത്‌ മാറിപ്പോയ്‌!

കേടില്ലാത്തൊരു പല്ലല്ലോ

കുത്തിയിളക്കിയെടുത്തത്‌ നീ.”

കുട്ടപ്പനൊട്ടകത്തിന്റെ ദേഷ്യം കണ്ട്‌ കുരങ്ങുണ്ണിയാശാൻ ഒന്നു പരുങ്ങി. ഈ വിവരം മറ്റു മൃഗങ്ങൾ കേട്ടാൽ തനിക്ക്‌ നാണക്കേടാകുമെന്ന്‌ മൂപ്പിലാനു തോന്നി.

കുരങ്ങുണ്ണിയാശാൻ പതിഞ്ഞ സ്വരത്തിൽ കുട്ടപ്പനൊട്ടകത്തിന്റെ ചെവിയിൽ മന്ത്രിച്ചു.

“ഈ മട്ടിൽ നീ ചൊന്നെന്നാൽ

രോഗികൾ പലരും പൊയ്‌ക്കളയും

വല്ലൊരു കൈപ്പിഴ വന്നെങ്കിൽ

വേഗം ഞാനതു ശരിയാക്കാം.”

കുരങ്ങുണ്ണിയാശാൻ പിന്നെയും കുട്ടപ്പനൊട്ടകത്തിന്റെ വായ്‌ തുറന്ന്‌ പരിശോധിക്കാൻ തുടങ്ങി. പരിശോധന കഴിഞ്ഞപ്പോൾ കുരങ്ങുണ്ണിയാശാൻ പറഞ്ഞു.

“വേദനയുളെളാരു പല്ലിപ്പോൾ

കണ്ടുപിടിച്ചു ചങ്ങാതീ

ഇപ്പോൾത്തന്നെ പറിച്ചേക്കാം

വിഷമിക്കരുതേ നീയൊട്ടും”

കുരങ്ങുണ്ണിയാശാൻ ചവണ വീ​‍്‌ണ്ടും കൈയിലെടുത്ത്‌ കുട്ടപ്പനൊട്ടകത്തിന്റെ പല്ലിൽ പിടികൂടി.

ഈ സമയത്താണ്‌ കുട്ടമത്തെ കുട്ടൻപന്നിയും വാഴക്കുളത്തെ അഴകൻകഴുതയും പോത്തന്നൂരിലെ പൊന്നൻപോത്തും അവിടെ എത്തിച്ചേർന്നത്‌. ശക്തിയായ പല്ലുവേദനമൂലമാണ്‌ അവരെല്ലാം അവിടെ ചികിത്സക്കായി വന്നത്‌.

കുരങ്ങുണ്ണിയാശാൻ കുട്ടപ്പനൊട്ടകത്തിന്റെ പല്ലിൽ ചവണയിട്ടു വലിക്കുന്നത്‌ അവർ കൗതുകത്തോടെ നോക്കിനിന്നു.

ഒറ്റയ്‌ക്കു വലിച്ചാൽ ഈ പല്ലുപറിയില്ലെന്നു കണ്ടപ്പോൾ കുരങ്ങുണ്ണിയാശാൻ കുട്ടമത്തെ കുട്ടൻപന്നിയെ കൂട്ടിനു വിളിച്ചു.

“ഇപ്പല്ലൊന്നു പറിച്ചീടാൻ

കുട്ടൻപന്നി വന്നാട്ടെ

ഒത്തുപിടിച്ചാൽ മലപോലും

ഇളകിപ്പോരും കട്ടായം!”

കുരങ്ങുണ്ണിയാശാനും കുട്ടൻപന്നിയും ഒത്തുവലിച്ചിട്ടും കുട്ടപ്പനൊട്ടകത്തിന്റെ പല്ലു പറഞ്ഞില്ല.

കുരങ്ങുണ്ണിയാശാനും കുട്ടൻപന്നിയും ഒത്തുവലിച്ചിട്ടും പല്ലു പറിയുന്നില്ലെന്നു കണ്ടപ്പോൾ അഴുകൻ കഴുത ഓടിവന്ന്‌ കുട്ടൻ പന്നിയുടെ വാലിൽ കടിച്ചു പിടിച്ചു. മൂന്നുപേരും ചേർന്ന്‌ ഒത്തു വലിച്ചു.

മൂന്നുപേരും ചേർന്ന്‌ ഒത്തുവലിച്ചിട്ടും പല്ല്‌ ഇളകുന്നില്ലെന്നു കണ്ടപ്പോൾ പൊന്നൻപോത്ത്‌ ഓടിവന്ന്‌അഴുകൻ കഴുതയുടെ വാലിൽ കടിച്ചുപിടിച്ചു. അങ്ങനെ നാലുവീരന്മാരും ഒത്തുചേർന്ന്‌ ഏലമിട്ട്‌ വലിക്കാൻ തുടങ്ങി.

“ഏലയ്യാ പിടി ഏലയ്യാ

ഏലേലയ്യാ ഏലയ്യാ!....

പല്ലുകളെല്ലാം പറിയട്ടെ

വെക്കംവെക്കം പറിയട്ടെ!.....

വൈദ്യൻ നീണാൾ വാഴട്ടെ

വേദനയെല്ലാം മാറട്ടെ!......

ഏലയ്യാ പിടി ഏലയ്യാ

ഏലേലയ്യാ ഏലയ്യാ!.....

വലിയുടെ ശക്തികൊണ്ട്‌ കുട്ടപ്പനൊട്ടകം തലയും തല്ലി പിന്നിലേയ്‌ക്കു മറിഞ്ഞു. മുന്നിൽനിന്ന്‌ വലിച്ചിരുന്ന കുരങ്ങുണ്ണി വൈദ്യനും കുട്ടൻ പന്നിയും അഴകൻ കഴുതയും പൊന്നൻ പോത്തുമെല്ലാം ‘ധടുപടു’വെന്ന്‌ മീതെയ്‌ക്കുമീതെ ചെന്നു വീണു.

വലിയുടെ ശക്തികൊണ്ട്‌ കുട്ടപ്പനൊട്ടകത്തിന്റെ ഒരു പല്ലല്ല മുൻവശത്തെ എല്ലാ പല്ലുകളും ഇളകി പറിഞ്ഞു താഴെ വീണു കഴിഞ്ഞിരുന്നു.

കുട്ടപ്പനൊട്ടകം തപ്പിത്തടഞ്ഞെഴുന്നേറ്റ്‌ വേദനകൊണ്ട്‌ ഉറക്കെ മോങ്ങാൻ തുടങ്ങി. അപ്പോൾ കുരങ്ങുണ്ണിയാശാൻ ചോദിച്ചു.

”നിന്നുടെ വേദന പോയില്ലെ

എല്ലാം സുഖമായ്‌ തീർന്നില്ലേ?

പിന്നെയുമെന്തിനു കരയുന്നു.

പൊന്നാരോമൽ ചങ്ങാതീ“

ഇതുകേട്ട്‌ കുട്ടപ്പനൊട്ടകത്തിന്‌ വല്ലാത്ത ദേഷ്യം വന്നു. ഒട്ടകം ഉറക്കെ അമറിക്കൊണ്ട്‌ പറഞ്ഞു.

”ചതിയാ കൊതിയാ മുറിവൈദ്യാ

കൊല്ലാക്കൊല നീ ചെയ്‌തെന്നെ!

തലവേദനയാൽ ഞാനിപ്പോൾ

തലതല്ലുന്നതു കണ്ടില്ലേ?“

കുട്ടപ്പനൊട്ടകത്തിന്റെ ദേഷ്യം കണ്ട്‌ കുരങ്ങുണ്ണി വൈദ്യൻ വൂല്ലാതെ വിയർത്തു.എങ്കിലും തന്ത്രപൂർവ്വം അറിയിച്ചു.

”തലയ്‌ക്കു വേദന വന്നാലും

പല്ലിൻ വേദന പോയില്ലേ!

തലയുടെ വേദന മാറ്റീടാൻ

മറ്റൊരു വൈദ്യനെ നോക്കിക്കോ!“

ഇത്രയും പറഞ്ഞിട്ട്‌ ദന്തവൈദ്യൻ കുരങ്ങുണ്ണിയാശാൻ മറ്റു രോഗികളെ പരിശോധനയ്‌ക്കായി വിളിച്ചു.

എന്നാൽ അവിടെ നടന്ന രംഗം കണ്ട്‌ പേടിച്ചു വിറച്ചു നിന്നിരുന്ന കുട്ടൻപന്നിയും അഴകൻകഴുതയും പൊന്നൻപോത്തുമെല്ലാം വാലും നിവർത്തിപ്പിടിച്ച്‌ പ്രാണനും കൊണ്ടോടി.

പല്ല്‌ മുഴുവൻ കൊഴിഞ്ഞു പല്ലുവേദനയും തലവേദനയും കൊണ്ട്‌ നട്ടംതിരിഞ്ഞ കുട്ടപ്പനൊട്ടകം ഉറക്കെ അമറിക്കൊണ്ട്‌ കുരങ്ങുണ്ണിവൈദ്യന്റെ നേരെ പാഞ്ഞുചെന്നു. കുരങ്ങുണ്ണിയാശാന്റെ മുതുകിന്‌ നോക്കി ഒട്ടകം കാലുകൊണ്ട്‌ ഒരു നല്ല തൊഴി തൊഴിച്ചു.

പേടിച്ചുവിറച്ച ദന്തവൈദ്യൻ കുരങ്ങുണ്ണിയാശാൻ പെട്ടിയും മരുന്നുമായി ഓടിച്ചാടി ഏതോ കാട്ടുമരത്തിന്റെ പൊത്തിൽ കയറി രക്ഷപ്പെട്ടു. പിന്നെ ഇതുവരെയും ദന്താശുപത്രി തുറന്നിട്ടില്ല.

സിപ്പി പളളിപ്പുറം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.