പുഴ.കോം > കുട്ടികളുടെ പുഴ > ഉപന്യാസം > കൃതി

മഴവരുന്നു, കുടയും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രമോദ്‌ പി.സെബാൻ

ലേഖനം

ഒരു മഴക്കാലം കൂടി. തുറന്നിട്ട ജനാലയിലൂടെ പുറത്ത്‌ തകർത്തു പെയ്യുന്ന മഴ. പുതിയ ബാഗിനും ചെരിപ്പിനും പുസ്‌തകങ്ങൾക്കുമൊപ്പം ഗമയിൽ ചൂടിനടക്കാൻ ഒരു പുത്തൻ കുടയും കിട്ടിക്കാണുമല്ലോ, കൂട്ടുകാർക്ക്‌?

പക്ഷെ, ഇന്നു നിങ്ങൾ ചൂടിനടക്കുന്ന കുടകളുടെ പൂർവ്വികരെക്കുറിച്ച്‌ എത്രപേർക്കറിയാം? ഞെക്കുമ്പോൾ തുറക്കുന്നതും ലൈറ്റ്‌ തെളിയുന്നതും പാട്ടുപാടുന്നതും വെളളം ചീറ്റുന്നതുമൊക്കെയായ പുത്തൻ കുടകൾക്കും ഏറെ മുമ്പ്‌ ആളുകൾ എങ്ങനെയുളള കുടകളായിരുന്നു ഉപയോഗിച്ചിരുന്നത്‌ എന്നറിയാൻ ആകാംക്ഷയില്ലേ?

കൂമ്പൻ തൊപ്പിക്കുട

പാടത്തും മറ്റും പണിയെടുക്കുന്നവർ സൗകര്യാർത്ഥം ഉപയോഗിച്ചിരുന്ന ഒരു പഴയ തൊപ്പിക്കുടയാണിത്‌. കവുങ്ങിന്റെ പാള മുറിച്ചെടുത്ത്‌ പ്രത്യേകരീതിയിൽ മടക്കി നാരുകൾ കെട്ടിയാണ്‌ കൂമ്പൻ തൊപ്പികൾ നിർമ്മിച്ചിരിക്കുന്നത്‌.

പനയോലക്കുട

വീതിയുളള പനയോലകൾ പരസ്‌പരം തയ്‌ച്ചു ചേർത്ത്‌ വലിയ മുറംപോലെ വൃത്താകൃതിയിൽ നിർമ്മിച്ച്‌ തലയിൽ ഉറപ്പിക്കാൻ പാകത്തിന്‌ ഒരു ബെൽട്ടും വെച്ചാണ്‌ പനയോലക്കുട തയ്യാറാക്കുന്നത്‌. സാധാരണ കുടകൾപോലെ പിടിയുളള പനയോലക്കുടകളും ഉണ്ട്‌. പണ്ടുകാലത്ത്‌ സ്‌ത്രീകൾ ‘മറക്കുട’കളായി ഉപയോഗിച്ചിരുന്നതും പനയോലക്കുടകളായിരുന്നു.

ചൂടി

ഞാറ്‌ നടീൽ, കളപറിക്കൽ മുതലായ ജോലികളിൽ ഏർപ്പെടുന്നവർ മഴക്കാലത്‌ ഉപയോഗിച്ചിരുന്ന പ്രത്യേകതരം കുടയാണിത്‌. കുനിഞ്ഞുനിന്ന്‌ ജോലി ചെയ്യുമ്പോൾ ശരീരം മുഴുവനും മഴയിൽ നിന്നും രക്ഷിക്കുന്ന തരത്തിലാണ്‌ ചൂടികൾ രൂപകൽപന ചെയ്തിട്ടുളളത്‌. ആദ്യകാലത്ത്‌ പനയോലയിലും പിന്നീട്‌ പ്ലാസ്‌റ്റിക്കിലും ഇറങ്ങിയ ചൂടികൾ ഇന്നും ഉപയോഗിച്ചുവരുന്നു.

കാലൻകുട

ഒരറ്റം കുന്തംപോലെ കൂർത്തതും എതിർഭാഗം വളഞ്ഞ പിടിയും ഉളള ശീലക്കുടകളാണിത്‌. നീളമേറിയ കാലും അറ്റത്തെ വളവുമാണ്‌ കാലൻ കുടയെന്ന ചെല്ലപ്പേരിനു കാരണം. ചൂരലിലും സ്‌റ്റീലിലും നിർമ്മിക്കുന്ന ഇവയുടെ കാലുകൾ, കുട മടക്കിയാൽ ഒന്നാന്തരം വാക്കിങ്ങ്‌ സ്‌റ്റിക്കുമായി! മറ്റ്‌ കുടകളെ അപേക്ഷിച്ച്‌ താരതമ്യേന വലിപ്പമേറിയവരാണ്‌ ഇക്കൂട്ടർ.

കൂമ്പൻ തൊപ്പിക്കുടകളിൽ നിന്നും പനയോലക്കുടകളിൽനിന്നും ആധുനിക കുടകളെ വേർതിരിക്കുന്ന പ്രധാന സവിശേഷത പുത്തൻകുടകൾ മടക്കിവെയ്‌ക്കാൻ സാധിക്കുന്നു എന്നതാണ്‌. എത്രവരെ മടക്കാം എന്ന ചിന്തയാണ്‌ കീശയിൽ നിക്ഷേപിക്കാവുന്ന ഫോൾഡ്‌ കുഞ്ഞന്മാരുടെ ജനനത്തിന്‌ വഴിവെച്ചത്‌.

മനുഷ്യന്‌ മാത്രമല്ല കുടയുടെ ഉപയോഗം. വലിയ കൂണുകൾ കുടയാക്കി ഞെളിഞ്ഞിരിക്കുന്ന തവളക്കുട്ടന്മാരെ കണ്ടിട്ടില്ലേ? ചെരിഞ്ഞ പാറയിടുക്കുകളിൽ മഴപെയ്യുമ്പോൾ കയറിയിരിക്കുന്ന ഓന്തുകൾ, ചെറുജീവികൾ....മഴനാരുകൾ ഭൂമിയിലേക്ക്‌ പെയ്‌തിറങ്ങുമ്പോൾ മാളത്തിലേക്ക്‌ തല വലിക്കുന്ന പാമ്പുകൾ...ചാഞ്ഞുപെയ്യുന്ന മഴയ്‌ക്കെതിരെ നിവർത്തിപ്പിടിച്ച ഇലക്കുടകൾ-പ്രകൃതി നൽകുന്ന എത്രയെത്ര കുടകൾ!

ഇനി ഒരു രഹസ്യം പറയട്ടെ, ഒരു ദിവസം കുടയെടുക്കാൻ നമുക്കൊന്നു മറന്നാലോ കൂട്ടുകാരേ? കുട മറന്നാൽ പിന്നെന്തുവഴി? മഴ നനയുക തന്നെ! അങ്ങനെ നനഞ്ഞു നടക്കുമ്പോൾ മഴയെ അറിയുകയുമാവാം. ചാറ്റൽമഴ, പെരുമഴ, കുഞ്ഞുമഴ, കോന്തൻ മഴ, ചറപറ മഴ, ധും ധും മഴ...ഓരോ മഴയ്‌ക്കും പേരിട്ടുകഴിഞ്ഞാൽ വെയിൽമഴപോലെ ചിരിക്കാം; വീട്ടിൽ കാത്തിരിക്കുന്ന ചൂരൽ കഷായം മറന്നുകൊണ്ട്‌.

പ്രമോദ്‌ പി.സെബാൻ

1975 ഏപ്രിൽ 4-ന്‌ കണ്ണൂർജില്ലയിൽ ആറളത്ത്‌ പി.ജി.സെബാസ്‌റ്റ്യന്റെയും ലീലാമ്മ ജോണിന്റെയും മകനായി ജനിച്ചു. ആറളം ഗവ.ഹൈസ്‌കൂൾ, എടൂർ സെന്റ്‌ മേരീസ്‌ ഹൈസ്‌കൂൾ, കൂത്തുപറമ്പ്‌ നിർമ്മലഗിരി കോളേജ്‌, കാലിക്കറ്റ്‌ സർവ്വകലാശാല ചരിത്രവിഭാഗം, കേരള സർവ്വകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്റർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചരിത്രത്തിൽ എം.എ.യും ബി.എഡ്‌ ബിരുദവും.

ആനുകാലികങ്ങളിൽ എഴുതാറുണ്ട്‌. കാലിക്കറ്റ്‌ സർവ്വകലാശാല എ സോണിൽ ചെറുകഥയ്‌ക്ക്‌ ഒന്നാംസ്ഥാനം. ‘നിളയിലെ മത്സ്യങ്ങൾ’ എന്ന കവിത കാലിക്കറ്റ്‌ സർവകലാശാല കാമ്പസ്‌ യൂണിയൻ 2001ൽ സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ ഒന്നാം സമ്മാനാർഹമായി. കണ്ണൂർ ആകാശവാണിനിലയം, ഏഷ്യാനെറ്റ്‌ എന്നിവിടങ്ങളിൽ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്‌. പാരലൽ കോളേജ്‌ അധ്യാപകനായി ജോലി നോക്കുന്നു.

വിലാസം

പ്രതിഭ, ആറളം പി.ഒ., കണ്ണൂർ

670 704
Phone: 0490 2450964
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.