പുഴ.കോം > കുട്ടികളുടെ പുഴ > നോവല്‍‌ > ചിന്നുവും കൂട്ടുകാരും > കൃതി

മാല

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുരളീധരൻ ആനാപ്പുഴ

രണ്ട് ദിവസമായി ഞങ്ങളെല്ലാവരും തറവാട്ടിലാ ജലജ എളേമ്മക്കു പാടില്ല ശര്‍ദ്ദീം തലവേദനേം.

സ്കൂളിനു മൂന്നു ദിവസം ഒഴിവ് . അമ്മ അടുക്കളേല്‍ നല്ല പണീലാണ്. ഞാനും കിങ്ങിണീം നേരം വെളുത്തെണീറ്റപ്പോള്‍ തുടങ്ങീതാണ് കളി. ഇന്നലെ മാമന്‍ വന്നപ്പോള്‍ ചേച്ചി കൂടെപ്പോയി.

കളിക്കിടയില്‍ പല്ലു തേപ്പും ചായകുടീം ഞങ്ങള്‍ നടത്തിയിരുന്നു.

അമ്മ കുളികഴിഞ്ഞെത്തിയപ്പോള്‍ നേരം ഉച്ചയായി. മേശ തുറന്ന് മാലയെടുക്കാന്‍ നോക്കി . അത് മേശമേലില്ല . മേശപ്പുറത്തും മുറിയിലുമൊക്കെ എല്ലാരും നോക്കി അച്ഛമ്മ കുളിമുറിയില്‍ നോക്കി.

'' ഇന്നലെ ഞാന്‍ മാല മുറീല്‍‍ ഊരിവെച്ചതാണമ്മേ എനിക്ക് നല്ല ഓര്‍മേണ്ട്''അമ്മ പറഞ്ഞു .

'' ആരും പുറമെ നിന്ന് ഇവിടെ വന്നില്ലല്ലോ'' അച്ചമ്മ . അമ്മ കരയുന്ന മട്ടായി എല്ലാരും കൂടി മുറീലും മുറ്റത്തും പറമ്പിലും നോട്ടം തുടങ്ങി.

അച്ചച്ചന്‍ വന്നപ്പോള്‍ പെണങ്ങിക്കൊണ്ടു പറഞ്ഞു .

'' മാലയിട്ടു നടക്കുന്നവര്‍ക്ക് അതെവിടെ ഊരിവെക്കണമെന്ന വിവരം വേണം ''

പിന്നെ ഞങ്ങളോടായി '' നിങ്ങളെങ്ങാനുമെടുത്തോടി?''

വലിയ ദേഷ്യത്തിലാണ് ചോദിച്ചത് ഞങ്ങളൊന്നും മിണ്ടിയില്ല.

രാജെളെച്ചന്‍ ഞങ്ങളെ വിളിച്ചു നിര്‍ത്തി വടിയെടുത്തായി ചോദ്യം . കിങ്ങിണി കരച്ചിലായി ഞാനും കരയുമെന്ന മട്ടായി.

'' കുട്ട്യോളെന്തിനെടുക്കുന്നു? നീ അവരെ പേടിപ്പിക്കണ്ട'' അച്ചമ്മ വന്നില്ലെങ്കില്‍ തല്ലുകൊണ്ടേനെ.

'' മക്കളിങ്ങുവാ . നമുക്കു പുറത്തു പോയി ഒന്നൂടെ നോക്കാം'' ഞങ്ങളെയും കൊണ്ട് അച്ചമ്മ പുറത്തിറങ്ങി.

'' മാല നിങ്ങളെടുക്കില്ലെന്നു അച്ചമ്മക്കറിയാം . നിങ്ങളെവിടേങ്കിലും മാല കണ്ടോ? അച്ചമ്മയോട് പറയ്''

'' കണ്ടോന്നോ? വല്യമ്മച്ചീടെ മാലേല്ലേ ? അതൊരു കവറിനുള്ളി കണ്ടു '' കിങ്ങിണിയാണതു പറഞ്ഞത്.

'' കവറിലോ! കുഞ്ഞുമോളേ എവിടെയാണീ കവറ്?''

'' കട്ടിലിനടീല്‍''

'' എന്റീശ്വരാ! അതൊക്കെ അടിച്ചുവാരി പുഴേക്കളഞ്ഞോ, ആവോ ?'' അച്ചമ്മ വേഗം മുറിക്കകത്തേക്കോടി .കട്ടിലിനടിയില്‍ കിടന്നിരുന്ന കവറുകള്‍ എടുത്തു നോക്കി. അപ്പോഴേക്കും എല്ലാവരും ആ മുറിയിലെത്തി. കൂടിക്കിടന്ന കവറുകളോരോന്ന് തുറന്നു നോക്കാന്‍ തുടങ്ങി.

ഒരു സോപ്പ് കൂടിനുള്ളീന്ന് അച്ചമ്മയ്ക്കു മാല കിട്ടി.

'' ഹോ!! ആശ്വാസമായി '' അച്ചച്ചന്‍.

അമ്മയുടെ മുഖത്ത് ചിരിയും കണ്ണീരും.

'' ഇത്രേംനേരം മക്കളെന്തേ പറഞ്ഞില്ല ''? അച്ചച്ചമ്മ കിങ്ങിണിയോടു ചോദിച്ചു.

'' മാലയെടുത്തോന്നു ചോദിച്ചു ഞാന്‍ മാലയെടുത്തിട്ടില്ലല്ലോ''

'' കവറിനുള്ളിലിട്ടതാരാ?''

'' അത് ഞാനാണ്''

'' ആരാ മോള്‍ക്കിതു തന്നത്?''

'' ചിന്നു '' എല്ലാവരുടേയും നോട്ടം എന്റെ നേരെ .

'' ഹമ്പടി ! ഈ വായാടി മിണ്ടാതിരുന്നപ്പോള്‍ നേരത്തെ എനിക്കു സംശയം തോന്നീരുന്നു '' എളേച്ചന്‍.

കിട്ടുന്നതൊക്കെ കൂട്ടിവയ്ക്കും കിങ്ങിണി. മേശപ്പുറത്തുന്ന് കടലാസും കവറുമൊക്കെ എടുത്തുകൊടുത്തത് ഞാന. അതില്‍ മാലേണ്ടാര്‍ന്നെന്ന് ഞാനറിഞ്ഞോ മാലയെടുത്ത് കൊടുത്തതായിട്ടോര്‍മ്മേം വരണില്ല.

'' സാരമില്ല അറിഞ്ഞോണ്ടായിരിക്കില്ല കുട്യോള് ചെയ്തത്'' അച്ചമ്മ അങ്ങനെ പറഞ്ഞ കാരണം തല്ല് കിട്ടിയില്ല.

Previous Next

മുരളീധരൻ ആനാപ്പുഴ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.