പുഴ.കോം > കുട്ടികളുടെ പുഴ > നോവല്‍‌ > ചെല്ലക്കിളി ചെമ്മാനക്കിളി > കൃതി

ചെല്ലക്കിളി ചെമ്മാനക്കിളി- 9

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നൂറനാട് ഹനീഫ്

പരമുവേട്ടന്റെ കച്ചവടം പിന്നെയും പിന്നെയും വളര്‍ന്നു. കവലയുടെ കണ്ണായ ഭാഗത്ത് സ്വന്തമായി നാലു സെന്റ് സ്ഥലം വാങ്ങി. അവിടെ മൂന്നു മുറികളുള്ള ഒരു കട പണിയിച്ചു.

ഒരു മുറിയില്‍ പലചരക്ക്, മൊത്തമായും ചില്ലറയായും വില്‍പ്പന. ഒരു മുറിയില്‍ ഒറ്റനോട്ടത്തില്‍ ആരും ഇഷ്ടപ്പെട്ടു പോകുന്ന തെരഞ്ഞെടുത്ത തുണിത്തരങ്ങള്‍.. ഒരു മുറിയില്‍ സ്‌കൂള്‍-കോളെജ് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ നോട്ടുബുക്കുകള്‍, പേനകള്‍, ഗൈഡുകള്‍, ഇന്‍ട്രുമെന്റ് ബോക്‌സുകള്‍ മുതലായവ... എല്ലാം മിതമായ വിലയ്ക്ക്..

മൂന്നു കടകളിലും തന്നോടൊപ്പം തൊഴിലെടുത്ത, ഇന്നും കഷ്ടപ്പെടുന്ന കൂട്ടുകാരുടെ മക്കളെയാണ് ജോലിക്കാരാക്കിയത്.. ലക്ഷക്കണക്കിന് രൂപയുടെ വിറ്റുവരവുള്ള കടകളിലെ ശമ്പളത്തേക്കാള്‍ ഇരട്ടി...

മൊത്തലാഭത്തില്‍ നിന്നും ഒരു പ്രത്യേക ശതമാനം തുക അതിനായി നീക്കിവച്ചു... അതുകൊണ്ടു സാമാന്യം ജീവിച്ചുപോകണം.. എല്ലാവരും സംതൃപ്തിയോടെ പണിയെടുത്തു..

ഒരിക്കല്‍ മുതലാളി എന്ന വിശേഷണം ചേര്‍ത്തു വിളിച്ചപ്പോള്‍ പരമുവേട്ടന്‍ പറഞ്ഞു- ' ഇപ്പോള്‍ വിളിച്ചതിരിക്കട്ടെ... ഇനി എന്നെ അങ്ങനെ വിളിക്കരുത്.. ഞാനിവിടെ ചെയ്യുന്നതെന്തെല്ലാം ജോലികളാണെന്നു നിങ്ങള്‍ കാണുന്നുണ്ടല്ലോ... നിങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ ഒട്ടും കുറവല്ലെന്നും അറിയാമല്ലോ.. ഈ പറയുന്നതിന്റെ അര്‍ഥം ഞാന്‍ മുതലാളിയല്ല.. തൊഴിലാളിയാണ് എന്നല്ലേ..'

അതു കേട്ടപ്പോള്‍ എല്ലാവരും പുഞ്ചിരിച്ചു.

ഒരു കാര്യത്തില്‍ പരമുവേട്ടന് നിര്‍ബന്ധമുണ്ടായിരുന്നു. എന്തുചെയ്താലും ആത്മാര്‍ഥത കൈവിടരുത്... വെറുതെ കളയുന്ന ഓരോ നിമിഷവും ആയുസ് പാഴാക്കുകയാണ്.. കഠിന പ്രയത്‌നം കൊണ്ട് ആരോഗ്യം നശിക്കുകയില്ല.. വെറുതെ ഇരിക്കുന്നത് രോഗങ്ങള്‍ക്കു വാതില്‍ തുറന്നുകൊടുക്കുന്നതു പോലെയാണ്... ഓരോ പൈസയുടെയും പാഴാക്കല്‍ തനിക്കു മാത്രമല്ല, രാജ്യത്തിനു തീരാനഷ്ടമാണ്.. ഒരിക്കലും വീണ്ടെടുക്കാനാവാത്ത നഷ്ടം..

ഒരു സംഗതി പ്രത്യേകം ഓര്‍മിപ്പിച്ചു.

സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരോട് മര്യാദയോടു കൂടി പെരുമാറണം. അവര്‍ എത്ര ചൂടായാലും അവരോട് കയര്‍ത്തു സംസാരിക്കരുത്.. സാവകാശം കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കണം. തൂക്കത്തില്‍ കുറവ് വരുത്തരുത്. നഷ്ടം വന്നാലും ഉപയോഗ ശൂന്യമായ സാധനങ്ങള്‍ കൊടുക്കരുത്. കൊച്ചുകുട്ടികള്‍ വന്നാലും ന്യായവിലയ്ക്കു സാധനങ്ങള്‍ കിട്ടുമെന്ന സല്‍പ്പേരുണ്ടാകണം. കൃത്യമായി കണക്കു സൂക്ഷിക്കണം...

കടകളിലെ ജീവനക്കാരെ വിളിച്ചു കൂട്ടി ഇത്രയും കൂടി അറിയിച്ചു..' എന്റേതു വളരെ കൊച്ചുകുടുംബം. ഒരു കടയിലെ കച്ചവടം കൊണ്ടുതന്നെ അല്ലലില്ലാതെ കഴിയാം. പിന്നെ മൂന്നു കടകള്‍ തുടങ്ങിയതോ! ലാഭം മോഹിച്ചു തന്നെയാണ്. എന്നാല്‍ കൊള്ളലാഭമെടുത്തു പണം വാരിക്കൂട്ടാനല്ല. ഒപ്പം ഒരു ആഗ്രഹം കൂടിയുണ്ട്. എന്റെ ഇന്നലെകളാണ് അതിനു പ്രേരണ തന്നത്. .. കഷ്ടപ്പെട്ടു പട്ടിണി കിടന്ന നാളുകള്‍.. അതുപോലെയോ അതിനേക്കാളോ കഷ്ടപ്പെടുന്ന എത്രയോ ആളുകള്‍! അവരില്‍ ചിലരുടെയെങ്കിലും കഷ്ടപ്പാടുകള്‍ക്ക് തെല്ലെങ്കിലും ആശ്വാസം നല്‍കുക! അതിനായി അവര്‍ക്ക് ഒരു തൊഴില്‍ നല്‍കുക. അതുകൊണ്ട് ആ വലിയ പ്രശ്‌നത്തിന് ഒരു പരിഹാരമാകുകയില്ല എന്നറിയാം.. അതിന് എന്നെക്കൊണ്ട് കഴിയാവുന്നതിന്റെ പരമാവധി... അതിലൂടെയുണ്ടാകുന്ന ആത്മസംതൃപ്തിയേക്കാള്‍ വിലയേറിയതായി ലോകത്ത് വേറെ ഏതെങ്കിലും ഉണ്ടോ? ഇല്ല എന്ന വിശ്വാസത്തില്‍ ഞാന്‍ എന്തൊക്കെയോ ചെയ്തു.. ചെയ്യുന്നു..'

എല്ലാവര്‍ക്കും അതിന്റെ അര്‍ഥം മനസിലായി.. അതനുസരിച്ച് കടകള്‍ നടത്തി...

പെട്ടെന്ന് വളരെ അപ്രതീക്ഷിതമായി അതു സംഭവിച്ചു... .പലചരക്കു കട താങ്ങാനാവാത്ത നഷ്ടത്തിലായി...

എന്താണു കാരണം? പെട്ടെന്നു ഏതെങ്കിലും സാധനങ്ങള്‍ക്കു വില ഇടിഞ്ഞതു കൊണ്ടല്ല.. സത്യത്തില്‍ പലതിനും വില കൂട്ടകയായിരുന്നു.

നഷ്ടത്തിലായതു കാരണം ആ കട വേണ്ടെന്നു വച്ചാല്‍ കുറഞ്ഞത് അഞ്ചു കുടുംബങ്ങളുടെ വരുമാനം നിലച്ചു എന്നാണ് അര്‍ഥം. ഒരു ദിവസത്തെ കാര്യമല്ല, എന്നത്തേയ്ക്കുമായുള്ള ജീവിതത്തെയാണ് അതു ബാധിക്കുന്നത്..

എന്താണ് ഇതിനൊരു പരിഹാരം..?

പരമുവേട്ടന്‍ പെട്ടെന്നൊരു തീരുമാനവും എടുത്തിട്ടില്ല.. അതിനുവേണ്ടി നിര്‍ബന്ധിച്ചവരോടെല്ലാം അദ്ദേഹം പറഞ്ഞു..

' പെട്ടെന്നു ഒരു പരിഹാരം കാണേണ്ടത് എന്റെ ആവശ്യമല്ല. എന്നെ ഒരു വിധത്തിലും ഇതു ബാധിക്കുകയില്ലെന്നു ഞാന്‍ പറയുന്നില്ല. ഏറ്റവും കൂടുതലായി ബാധിക്കുന്നത് അവിടെ പണി എടുക്കുന്നവരെയാണ്.. അവരുടെ ഭാവിയെയാണ്.. അതു കൊണ്ട് അവര്‍ തന്നെ ഒരു പരിഹാരം കണ്ടുപിടിച്ച് എന്നെ ഉപദേശിക്കട്ടെ.. അതനുസരിച്ച് ഞാന്‍ ചെയ്യാം....'

അതൊരു ഉണര്‍ത്തുപാട്ടുപോലെ ഓരോ ജീവനക്കാരിലും അലകളിളക്കി..

ശരിയല്ലേ? ഒരുത്തനായി ഉണ്ടാക്കിയ വിന.. അതു കാരണം പല കുടുംബങ്ങള്‍ പട്ടിണിയിലായാല്‍.. ഇപ്പോള്‍ ഒരു കടയെ ബാധിച്ചു. അഴിമതി പകര്‍ച്ചവ്യാധിപോലെയാണ്.. അത് മറ്റു കടകളെയും ബാധിച്ചാല്‍..

തൊഴില്‍ നഷ്ടപ്പെടുന്നത് എത്ര പേര്‍ക്ക്! കഷ്ടത സഹിക്കേണ്ടി വരുന്നത് എത്രപേര്‍...

ആകെക്കൂടിയുള്ള മുടക്കുമുതല്‍ ഏതാനും ലക്ഷം രുപ.. അതില്‍ നിന്നും ഉണ്ടാക്കുന്ന ആദായം ദിവസേന മുതലാളിയെവരെ ജീവിപ്പിക്കുന്നു. .. വര്‍ഷാവസാനം തുക കണക്കാക്കിയാല്‍ പല കോടികള്‍.. അതു സംഭവിക്കരുത്... അതൊഴിവാക്കാന്‍ എന്തെങ്കിലും ചെയ്‌തേ പറ്റൂ..

ഒരു പ്രത്യേക കട എന്ന ചിന്ത വെടിഞ്ഞു മൂന്നു കടകളിലെയും തൊഴിലാളികള്‍ ഒന്നിച്ചു കൂടി ആലോചിച്ചു. തക്കതായ കാരണമില്ലാതെയുണ്ടായ നഷ്ടത്തിന്റെ പഴുതുകള്‍ എന്തെല്ലാം? ഏതെല്ലാം?

അവസാനം കണ്ടെത്തി. കള്ളന്‍ കപ്പലില്‍ തന്നെ ഉണ്ടായിരുന്നു-- ആ കടയിലെ മാനേജര്‍.

ജോലിക്കാര്‍ പരമുവേട്ടനെ വിവരം ധരിപ്പിച്ചു. അതിനു കാരണക്കാരനായ യുവാവിനെ പിരിച്ചുവിടാന്‍ നിര്‍ദേശിച്ചു.

എല്ലാം പരമുവേട്ടന്‍ ശ്രദ്ധയോടെ കേട്ടു. തെല്ലുനേരത്തെ ആലോചനയ്ക്കു ശേഷം പറഞ്ഞു.. ' നിങ്ങളുടെ തീരുമാനം ഞാന്‍ അംഗീകരിക്കുന്നു... അവനെ പിരിച്ചുവിടുക തന്നെ വേണം... എല്ലാവര്‍ക്കും അതൊരു പാഠമായിരിക്കണം. മറ്റുകടകളെ രക്ഷിക്കാന്‍ ഇതല്ലാതെ ഞാനൊരു വഴിയും കാണുന്നില്ല.'

വിളറിയ മുഖവുമായി നിന്ന യുവാവിന്റെ കണ്ണുകള്‍ നിറഞ്ഞു.. ചുണ്ടുകള്‍ വിറച്ചു. ഒരക്ഷരം പുറത്തു വന്നില്ല.. കടയുടെ മാനെജരായതോടെ അയാള്‍ ആളാകെ മാറി. ഒത്തിരി രൂപ അപഹരിച്ചു. എല്ലാം ധൂര്‍ത്തടിച്ചു.. പിരിച്ചുവിട്ടതായി എഴുതി കൊടുത്തപ്പോള്‍ അവനതു വാങ്ങി... അതും കൊണ്ടു റോഡറികിലേക്കിറങ്ങിയപ്പോള്‍ കാലുകള്‍ ഇടറി..

ആര്‍ക്കും അവനോടു സഹതാപം തോന്നിയില്ല.

പരമുവേട്ടന്‍ ഉടന്‍തന്നെ അവന്റെ അച്ഛന് ആളയച്ചു....

പാവം മനുഷ്യന്‍! മകനു ജോലികിട്ടയതോടെ ദുരിതത്തിന് ഒരറുതിയായെന്നു കരുതിയതാണ്... പക്ഷെ..

കുറ്റവാളികളെപ്പോലെ മുമ്പില്‍ നിന്നു ആ വൃദ്ധനെ ഇരിക്കാന്‍ പറഞ്ഞ ശേഷം മുതലാളി ഒരു കടലാസു പൊതി കൊടുത്തിട്ടു നടന്നതെല്ലാം അറിയിച്ചു... പിന്നെ പറഞ്ഞു..

'നിങ്ങളുടെ കൈയില്‍ ഞാന്‍ തന്നത് മകന്റെ കഴിഞ്ഞ മാസത്തെ ശമ്പളമാണ്.. ഈ കാര്യം പരമരഹസ്യമായി മനസില്‍ സൂക്ഷിക്കുക. നമ്മള്‍ രണ്ടുപേര്‍ മാത്രം അറിഞ്ഞാല്‍ മതി..'

ആകാംക്ഷ മുറ്റി നിന്ന അദ്ദേഹത്തോട് പരമുവേട്ടന്‍ ആ രഹസ്യം വെളിപ്പെടുത്തി.

' മോഷണം എന്നും എവിടെയും ശിക്ഷാര്‍ഹമാണ്. അതിന്റെ ശിക്ഷ അവന്‍ അനുഭവിക്കണം. എന്നുവച്ചു ഞാനവനെ പിരിച്ചുവിട്ടതല്ല. അക്കാര്യം അവനറിയേണ്ട.. പണമില്ലാതാകുമ്പോള്‍ എന്താകുമെന്നു അവന്‍ അനുഭവത്തിലൂടെ കുറെ പഠിക്കട്ടെ. ആ പാഠം അവനെ നന്നാക്കണേ എന്നാണ് എന്റെ പ്രാര്‍ഥന.. നിങ്ങള്‍ എല്ലാ മാസവും അഞ്ചാം തീയതിക്കു മുമ്പ് ഇവിടെ എത്തി അവന്റെ ശമ്പളം വാങ്ങിക്കൊള്ളണം.. ഇതേവരെയുള്ള അനുഭവം വച്ചു നോക്കുമ്പോള്‍ ജോലി ചെയ്യാതെ അവനു ശമ്പളം കൊടുക്കുന്നതാണു കമ്പനിക്കു ലാഭം..'

Previous Next

നൂറനാട് ഹനീഫ്

സൗഹൃദം

തിരുമുല്ല വാരം

കൊല്ലം - 691 012

ഫോണ്‍ - 0474 - 2792977

mob - 9447072979
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.