പുഴ.കോം > കുട്ടികളുടെ പുഴ > നോവല്‍‌ > ചെല്ലക്കിളി ചെമ്മാനക്കിളി > കൃതി

ചെല്ലക്കിളി ചെമ്മാനക്കിളി- 8

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നൂറനാട് ഹനീഫ്

വൈകിട്ടു വിട്ടപ്പോള്‍ സുനിമോന്‍ സ്‌കൂള്‍ ബസിനടുത്തു ചെന്നു ഡ്രൈവറോട് പറഞ്ഞു.

'ഇനി എന്നും എനിക്കു എക്‌സ്ട്രാ ക്ലാസൊണ്ട്. അതു കഴിഞ്ഞു നടന്നു വന്നോളാം.. രാവിലെ ബസില്‍ വരാം..'

ബസ് പോയിക്കഴിഞ്ഞപ്പോള്‍ മണിക്കുട്ടന്‍ കാത്തുനില്‍ക്കാമെന്നു പറഞ്ഞ ഭാഗത്തേയ്ക്കവന്‍ നടന്നു. കൂട്ടുകാര്‍ ആരെങ്കിലും അറിഞ്ഞാല്‍ അച്ഛന്റെ കാതിലെത്തിക്കില്ലേ എന്നു സുനിമോന്‍ ഭയന്നു.

സാരമില്ല. പണ്ടത്തേപ്പോലെല്ലല്ലോ ഇപ്പോള്‍ അച്ഛന്‍. ഇതൊക്കെ ആലോചിക്കാന്‍ സമയമെവിടെ? ചിട്ടിയിലും വിസാക്കച്ചവടത്തിലും ബ്ലേഡു കമ്പനിയിലുമാണ് ശ്രദ്ധയെല്ലാം. കച്ചവടത്തിന്റെ കാര്യത്തില്‍പ്പോലും വലിയ നോട്ടമില്ല. ചുമതല രണ്ടുമൂന്നുപേരെ ഏല്‍പ്പിച്ചിരിക്കുകയാണ്.

'അനുഗ്രഹാ ഫൈനാന്‍സിയേഴ്‌സ്' എന്ന സ്ഥാപനം ആരംഭിച്ചതോടെ എല്ലാം അവിടെ കേന്ദ്രീകരിച്ചിരിക്കുന്നു. പത്തു പന്ത്രണ്ടു ഉദ്യോഗസ്ഥര്‍. എപ്പോഴും വലിയ തിരക്ക്.!

കൊള്ളപ്പലിശയ്ക്കു അവിടെ പണം കടം കൊടുക്കുന്നു! ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും നേതാക്കന്മാരും വരാത്ത നാളുകളില്ല. ഒന്നു രണ്ടു മന്ത്രിമാരും ഇടയ്ക്കിടെ വരും.

മാസത്തില്‍ ഒന്നോ രണ്ടോ തവണ ബോംബയിലേക്കു പറക്കും. വിസാക്കച്ചവടത്തിന്. തിരുവനന്തപുരത്തോ കൊച്ചിലോ പോകുന്നതു പോലെയാണ് അച്ഛന് ആ യാത്രകള്‍. ഒന്നോ രണ്ടോ ദിവസത്തിനകം മടങ്ങിവരും. അടുത്ത ദിവസം വന്ന അനുഭവവും തീരെ കുറവല്ല.

മുടങ്ങാതെ പൊന്നുമോന്‍ സ്‌കൂളില്‍ പോകുന്നുണ്ടോ, നല്ലതുപോലെ പഠിക്കുന്നുണ്ടോ എന്ന അന്വേഷണമേ ഇല്ല. മുമ്പും അതില്ലായിരുന്നു. മണിക്കുട്ടനുമായി കൂട്ടുകൂടി നടക്കുന്നോ, അവന്റെ കൂടെയിരുന്നു ശാപ്പാട് കഴിക്കുന്നോ - അത്രയും അറിഞ്ഞാല്‍ മതി.

ഇനി പേടിക്കേണ്ടാ.

മണിക്കുട്ടനോട് കൂട്ടുകൂടാം. കളിക്കാം. വൈകീട്ടു നടന്നുവീട്ടില്‍ വരാം..

ഹാ! എന്തു രസമാണ് മണിക്കുട്ടനുമായുള്ള നടപ്പ്!

അവന്‍ പറയുന്ന തമാശകള്‍ക്കു കണക്കില്ല. മുത്തശി പറഞ്ഞുകൊടുത്ത പഴങ്കഥകളെല്ലാം പൊടിപ്പും തൊങ്ങലും വച്ചു തട്ടിവിടും. കടുവയെ പിടിച്ച കിടുവ, മുക്കുവനും ഭൂതവും, ഏഴു രാക്ഷസന്മാരെ വിഴുങ്ങിയ പാമ്പ്, ഏഴാകാശത്തിനു മുകളില്‍ നിന്നു കുതിച്ചു ചാടി ഭൂമിയില്‍ ഒരു പോറലും ഏല്‍ക്കാതെ എത്തിയ മാന്ത്രികന്‍, ആലിപ്പഴം വിഴുങ്ങി അപകടത്തിലായ സിംഹം. .. ഇങ്ങനെ എന്തെല്ലാം എന്തെല്ലാം! ചിലപ്പോള്‍ പറയുന്നത് അമ്മയും അച്ഛനും തമ്മിലുള്ള കൊച്ചുകൊച്ചു വഴക്കുകളെപ്പറ്റി ആയിരിക്കും..

ഉണ്ണിക്കുട്ടന്റെ അച്ഛന്റെ കച്ചവടം ഓരോനാള്‍ കഴിയുന്തോറും വലുതായി വലുതായി വരുന്നെന്ന വിശേഷം കേള്‍ക്കുമ്പോഴാണ് സുനിമോന്റെ സന്തോഷത്തിന് അതിരില്ലാതാകുന്നത്..

അപ്പോള്‍ അവന്‍ മനസുകൊണ്ട് മൗനമായി പ്രാര്‍ഥിക്കും.

'ദൈവമേ, മുത്തശ്ശി പറഞ്ഞുതന്ന കച്ചവടക്കാരന്റെ കഥയിലേതു പോലെ മണിക്കുട്ടന്റച്ഛന്‍ കോടീശ്വരനാകണേ... വലിയ ബംഗ്ലാവ പണിയിക്കണേ..!.. വലിയ കാറ് വാങ്ങിക്കണേ..! ഇങ്ങന നടന്നാല്‍ മണിക്കുട്ടനോടു കൂട്ടുകൂടിയാല്‍ അച്ഛന്‍ കണ്ണുരുട്ടുകയില്ല. ശകാരിക്കുകയുമില്ല. തല്ലു കൂടുകയില്ല. എന്നു മാത്രമല്ല. മണിക്കുട്ടന്റെ അച്ഛനുമായി അടുക്കാന്‍ പഠിച്ച പണികളെല്ലാം നോക്കുകയും ചെയ്യും..'

വീട്ടിലെത്തിയാല്‍ അമ്മയോടു മണിക്കുട്ടനെപ്പറ്റി പറയാനേ നേരമുള്ളൂ സുനിമോന്.. അതു കേള്‍ക്കുന്നത് സരസ്വതിക്ക് വലിയ ഇഷ്ടമാണ്..

വാസു മുതലാളിയുടെ തലവെട്ടം കാറിന്റെ മുന്‍ചില്ലിലൂടെ അകലെ കാണുമ്പോള്‍ അവര്‍ മകന്റെ വായ പൊത്തും.. പിന്നെ ഒരു നെടുവീര്‍പ്പില്‍ ആ രംഗം അവസാനിക്കും...

അന്നു രാത്രി പന്ത്രണ്ടു മണി കഴിഞ്ഞു വാസു മുതലാളി വന്നപ്പോള്‍... പിന്നാലേ വന്ന കാറില്‍ നിന്നും ഇറങ്ങിയവരുമായി ഏറെ നേരം മുറ്റത്തു നിന്നു രഹസ്യമായി എന്തെല്ലാമോ സംസാരിച്ചു. തിരിച്ചു നടന്നപ്പോള്‍ കാറിന്റെ ഡോര്‍ തുറന്ന് അകത്തു കയറാന്‍ ഭാവിച്ച സുഹൃത്തുക്കളോട് കൈവീശി അറിയിച്ചു..

'ഓ..കെ.. ഗുഡ്‌നൈറ്റ് .. വെളുപ്പിന് നാലരയ്ക്കു മുന്‍പു ഞാനവിടെ എത്തും..'

പതിവില്ലാത്ത ഒരന്വേഷണവുമായാണ് അദ്ദേഹം വരാന്തയിലേക്കു കയറിയത്..

'മോനുറങ്ങിയോ?'

'ഉം..'

എന്തുപറ്റി മോനെ സംബന്ധിച്ച് ഈ തെരക്കിനിടയില്‍ ഓര്‍മിക്കാന്‍ എന്നു സരസ്വതി സ്വയം ചോദിച്ചു..

ഇന്നു പോയ കാര്യങ്ങളെല്ലാം സാധിച്ചു കാണും. ഒത്തിരി പണം നേടാനുള്ള പുതിയ വഴികള്‍ കണ്ടെത്തുകയും ചെയ്തു കാണും. നാളെ വെളുപ്പിന് നാലരമണിവരേയ്ക്കും അലട്ടുന്ന പ്രശ്‌നങ്ങളൊന്നുമില്ലെന്നു തീര്‍ച്ച.

അസമയമായിട്ടും ചൂടുമാറാത്ത വിഭവങ്ങള്‍ തീന്‍മേശയില്‍ നിരത്തുന്നതു നോക്കുകപോലും ചെയ്യാതെ മുതലാളി പറഞ്ഞു..

' എനിക്കൊന്നും വേണ്ട..'

നിര്‍ബന്ധിച്ചാല്‍ പെട്ടെന്നു ചൂടാകുമെന്ന അനുഭവം ഉള്ളതിനാല്‍ പിന്നെ ഒന്നും പറഞ്ഞില്ല.

ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞാണ് മുതലാളിയും സരസ്വതിയും കിടന്നത്...

മൂന്നരയ്ക്കു എഴുന്നേറ്റതിനു ശേഷം ഭാര്യയോട് നിര്‍ദേശിച്ചു..

'സുനിമോനെ വിളിച്ചോണ്ടു വാ..'

'അവന്‍ നല്ല ഉറക്കമാ..' -സരസ്വതി പറഞ്ഞു

'എണീപ്പിച്ചോണ്ടു വരാനല്യോ നിന്നോട് പറഞ്ഞത്..'

ഭര്‍ത്താവിനെ മൂശാട്ട പിടിപ്പിക്കേണ്ട എന്ന വിചാരത്തില്‍ സുനിമോനെ ഉണര്‍ത്തി എഴുന്നേല്‍പ്പിച്ചു കൊണ്ടു വന്നു.

രാത്രി കയറിവന്നപ്പോള്‍ കൈയില്‍ ഒരു പൊതി ഇരിക്കുന്നതു കണ്ടു.. മോനു വേണ്ടി കൊണ്ടുവന്ന ഏതോ വിശേഷ സാധനമാണ്...

അതു കിട്ടുമ്പോള്‍ സുനിമോന്റെ ചുണ്ടുകള്‍ വിടരുന്നത് സരസ്വതിയുടെ മനസില്‍ തെളിഞ്ഞു..

'ഇങ്ങോട്ടു മാറി നില്ലെടാ..'

അവന്‍ മുമ്പിലെത്താത്ത താമസം, വാസു ആക്രോശിച്ചു..

ഉറക്കം തെളിഞ്ഞുണരാത്ത അവന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു...

' പറഞ്ഞാല്‍ നിനക്കു മനസിലാകൂല്ല .. അല്ല്യോടാ?'- കുറെക്കൂടി ഉച്ചത്തിലുള്ള ചോദ്യം..

അവന്‍ ഞെട്ടി.. എന്തിനെപ്പറ്റിയാണ്? സുനിമോന്‍ ആലോചിച്ചു നോക്കി...

'ആ അലവലാതി ചെക്കനുമായി നടക്കരുതെന്നു ഞാന്‍ നിന്നോടു പറഞ്ഞിട്ടില്ലേ..?'

അവന്‍ ശിരസു കുനിച്ചു നിന്നപ്പോള്‍ വീണ്ടും.. 'എന്താടാ കള്ളനെപ്പോലെ മുഖത്തു നോക്കാതെ നില്‍ക്കുന്നത്.. അസത്ത്..'

ഇനി എന്താണു സംഭവിക്കാന്‍ പോകുന്നതെന്നു സരസ്വതി ഊഹിച്ചു..

'ആ.. ഹാ..' സരസ്വതി മുമ്പോട്ടു നീങ്ങി നിന്ന് അവന്റെ കൈയില്‍ പിടിച്ചു വലിച്ചിഴച്ചു കൊണ്ട് അടുത്ത മുറിയിലേക്കു നടക്കുന്നതിനിടയില്‍ കര്‍ക്കശ സ്വരത്തില്‍ പറഞ്ഞു..

'ഇവന് ഒരു ചുക്കും മനസിലാവൂല്ല... നല്ല തല്ലു കിട്ടിയാലേ മനസിലാവോള്ളൂ.. അച്ഛന്‍ ഒരിടത്തു പോകാന്‍ അത്യാവശ്യമായി നില്‍ക്കുന്നേനക്കൊണ്ട് നിന്നെ തല്ലിക്കൊന്നില്ല.. അതു ഞാന്‍ തന്നെ ചെയ്‌തോളാം.. അധികപ്രസംഗി.. നിന്നെ ഞാന്‍...'

തുടര്‍ന്ന് അടിയൊച്ച .. വാസു മുതലാളി കുറേശ്ശെ തണുത്തു....

Previous Next

നൂറനാട് ഹനീഫ്

സൗഹൃദം

തിരുമുല്ല വാരം

കൊല്ലം - 691 012

ഫോണ്‍ - 0474 - 2792977

mob - 9447072979
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.