പുഴ.കോം > കുട്ടികളുടെ പുഴ > നോവല്‍‌ > ചെല്ലക്കിളി ചെമ്മാനക്കിളി > കൃതി

ചെല്ലക്കിളി ചെമ്മാനക്കിളി- അധ്യായം ആറ്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നൂറനാട് ഹനീഫ്

സുനിമോന്‍ എന്നും അതിരാവിലെ ഉണരുന്നതാണല്ലോ. രാത്രി പഠിച്ചതും എഴുതിവച്ചതും ഒന്നു ഓടിച്ചുനോക്കും. പക്ഷെ. ആറു മണി കഴിഞ്ഞിട്ടും ഇന്നു കിടന്നുറങ്ങുന്നതെന്ത്? സരസ്വതി മകനെ തട്ടി ഉണര്‍ത്തി. അവന്റെ മുഖം എന്നത്തെയും പോലെ പ്രസന്നമല്ലായിരുന്നു.

എന്തുപറ്റി, വല്ല അസുഖവും....

നെറ്റിയിലൂടെ വിരലോടിച്ച ശേഷം ചോദിച്ചു.' തലവേദന ഉണ്ടോ മോനേ..'

ഇല്ല എന്നര്‍ഥത്തില്‍ അവന്‍ തലയാട്ടി.

അവന്റെ ഉന്മേഷമെല്ലാം എവിടെപ്പോയി?.. ചിന്തിച്ചു തുടങ്ങിയപ്പോള്‍ മുറ്റത്ത് ഒരു കാല്‍പെരുമാറ്റം...

ഭര്‍ത്താവ് ഓടിച്ചെന്ന് കാറിന്റെ ഡോര്‍ തുറന്നിറങ്ങിവരുന്ന ചെറുപ്പക്കാരെ സ്വീകരിച്ചുകൊണ്ടു വന്നു മുറിയില്‍ ഇരുത്തുന്നത് കണ്ടപ്പോള്‍ സരസ്വതി ഊഹിച്ചു; വിസാ കച്ചവടമാണ്..

വന്ന നാലു ചെറുപ്പക്കാരില്‍ രണ്ടു പേര്‍ക്കു ഗള്‍ഫില്‍ പോകണം. ഇതേ ആവശ്യത്തിനു മുന്‍പ് രണ്ടു മൂന്നു തവണ വന്നതാണ്... ഇന്നു പണവുമായി എത്താം എന്നു സമ്മതിച്ചു പോയതല്ലേ?

സരസ്വതിക്കു വിഷമം തോന്നി. പൊട്ടക്കണ്ണന്റെ മാവിലേറു പോലെയാണ് വിസാക്കച്ചവടം എന്നു ഓര്‍മിച്ചു. കിട്ടിയാല്‍ കിട്ടി. അല്ലെങ്കില്‍ പോക്കുതന്നെ.

ഇതിനു തക്ക ആവശ്യം വല്ലതുമുണ്ടോ ഈ മനുഷ്യന്?

തരക്കേടില്ലാത്ത ഒരു കച്ചവടമുണ്ട്. അത് സൂക്ഷിച്ചു നോക്കി നടത്തിയാല്‍ പോരെ? മാത്രവുമല്ല. ഒരു ചിട്ടിയും നടത്തുന്നു. ആ പണമെടുത്തു കൊള്ളപലിശയ്ക്കു കൊടുക്കുന്നു. കടം വാങ്ങിയവരെല്ലാം തെണ്ടിയെന്നു നാട്ടുകാര്‍ പറയുന്നു. അവസാനം അവരുടെ സ്വത്തും കിടപ്പാടവും സ്‌കൂട്ടറും ബൈക്കുമൊക്കെ സ്വന്തം പേരിലാക്കുന്നു. ന്യായമല്ലാത്ത മാര്‍ഗത്തില്‍ ഇങ്ങനെ സമ്പാദിക്കുന്നതെന്തിനാണ്? ആര്‍ക്കാണ്? എല്ലാ ശാപവും ഒരുനാള്‍ തിരിഞ്ഞു നിന്നു കടന്നാക്രമിക്കില്ലേ..?

'സരസുവേ..'

വാസു മുതലാളി വിളിച്ചപ്പോഴാണ് സരസ്വതി നിനവുകളില്‍ നിന്നു ഉണര്‍ന്നത്. ഭാര്യ അടുത്തെത്തിയപ്പോള്‍ ആജ്ഞാപിച്ചു.

' എളുപ്പം ചായ കൊണ്ടുവാ..'

ചായ തയാറാക്കി എത്തിയപ്പോള്‍ നൂറിന്റെ നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു വാസു മുതലാളി.

ഇനിയും ആളുകള്‍ വന്നുകയറും. അതിനു മുന്‍പ് പൊന്നു മോനെ സ്‌കളൂളില്‍ പോകാന്‍ ഒരുക്കി നിര്‍ത്തണം.

മുമ്പായിരുന്നെങ്കില്‍ അവനെ സ്‌കൂളില്‍ കൊണ്ടുചെന്നു വിട്ടിട്ടേ എങ്ങോട്ടെങ്കിലും അദ്ദേഹം പോകുമായിരുന്നുള്ളൂ. ഇ്‌പ്പോള്‍ അതിനുവല്ലതും നേരമുണ്ടോ..?

വിസാ കച്ചവടത്തില്‍ എത്രപേര്‍ കണ്ണീരിലും കടത്തിലും പെട്ടു നാടുവിട്ടിരിക്കുന്നു? കേസില്‍ കുടുങ്ങുന്നു? ജയിലിലാകുന്നു? ആത്മഹത്യ ചെയ്യുന്നു?

ഇതൊക്കെ ആരോടു പറയാനാ.. പറഞ്ഞാല്‍ ആരു കേള്‍ക്കാന്‍.. ആരു വകവയ്ക്കാനാ... പുഴുത്ത ചീത്ത കേള്‍ക്കാം അത്രതന്നെ.

മുന്‍പ് പലപ്പോഴും ഉണ്ടായ കൈപ്പേറിയ അനുഭവങ്ങളെപ്പറ്റി സരസ്വതി ഓര്‍മിച്ചു.

വന്ന ആളുകളെ അയച്ചു കഴിഞ്ഞപ്പോള്‍ മണി എട്ട്.

ഉടനെ വേറെ രണ്ടു പേര്‍ വന്നു. ഒന്നൊരു നേതാവ് .. മറ്റേത് ആരെന്ന് അറിയില്ല. .. പെട്ടെന്നു കാര്‍ പുറത്തിറക്കി അവരോടൊപ്പം പോകാന്‍ ഭാവിച്ചപ്പോള്‍ സരസ്വതി ഓര്‍മിപ്പിച്ചു' കാപ്പി കുടിച്ചിട്ട്'

'വേണ്ട..' കാറിന്റെ ഡോര്‍ തുറന്നു പിടിച്ചുകൊണ്ടു വാസു മുതലാളി പറഞ്ഞു.' വഴിയില്‍ കുടിച്ചോളാം .. ഇന്നു വരുമ്പോള്‍ ഒത്തിരി ഇരുട്ടും.. ആരെങ്കിലും തിരക്കി വന്നാല്‍ നാളെ കാണാമെന്നു പറഞ്ഞേര്'

അകന്നകന്നു പോകുന്ന കാറിന്റെ ഇരമ്പം നേര്‍ത്തുവന്നപ്പോള്‍ മേഘങ്ങള്‍ കൂട്ടംകൂടാത്ത ആകാശത്തിന്റെ കീഴിലൂടെ കൊക്കുകള്‍ പറന്നുപോയി.. അങ്ങകലെയുള്ള ക്ഷേത്രത്തില്‍ നി്ന്നു വെടിയൊച്ച മുഴങ്ങി.

സുനിമോനെ ഒരുക്കാനായി തിടുക്കത്തില്‍ അകത്തേയ്‌ക്കോടി. രണ്ടുമൂന്നു മാസം മുന്‍പ് ഒരാള്‍ ടെമ്പോവാന്‍ വാടകയ്‌ക്കെടുത്തു സ്‌കൂള്‍ ബസ് ആക്കിയിരുന്നു. അന്നു മുതല്‍ അതിലാണ് സുനിമോനെ അയയ്ക്കുന്നത്. .. മുന്‍വശത്തെ റോഡില്‍ അതുവന്നു നില്‍്ക്കുന്നതിനു മുന്‍പ്. എല്ലാം തയാറായില്ലെങ്കില്‍..

പതിവിനു വിപരീതമായി സുനിമോന്റെ ഇരിപ്പു കണ്ടപ്പോള്‍ ഇന്നു അവധി ദിവസമാണോ എന്നു സംശയിച്ചു പോയി.. അല്ല്‌ല്ലോ... എന്നിട്ടും ഇന്നെന്താ സുനിമോന്‍ ഇങ്ങനെ?

എന്തോ അസുഖം തന്നെ..

പറയാത്തതാണ്. കുത്തിവയ്പ്പിനെ അത്ര ഭയമായതിനാല്‍...

'എന്താ മോനേ.?'

വീണ്ടും നെറ്റിയിലൂടെ സരസ്വതി വിരലുകളോടി.

'ഒന്നുമില്ല'

'പിന്നെ ?'

' ഒന്നുമില്ലമ്മേ..'

'മോന്‍ വെറുതെ പറയുകയാ.. എന്തോ സുഖക്കേടാ... എന്തു തോന്നുന്നെന്നു പറ മോനേ?'

'ഒന്നും തോന്നുന്നില്ലമ്മേ..'

'ഇന്നു പള്ളിക്കൂടത്തീ പോണ്ടായോ..?

'വേണ്ട...'

' ഒഴിവില്ലല്ലോ..'

' അല്ല..'

'ഒരു ദിവസം മൊടങ്ങിയാ ഒറക്കം വരാത്തവന്‍ .. ഇന്നു നെനക്കെന്തു പറ്റി..'

പരിഭവത്തോടെ സരസ്വതി അവന്റെ ദേഹത്തു തലോടിക്കൊണ്ടു പറഞ്ഞു.

'ഷര്‍ട്ടെടുത്തിട്.. നമുക്ക് ആശുപത്രിയില്‍ പോകാം.. ഡോക്റ്ററുടെ അഭിപ്രായം അറിഞ്ഞിട്ട് അമ്മച്ചി മോനെ സ്‌കൂളില്‍ കൊണ്ടു വിടാം..'

'എനിക്ക് സുഖക്കേട് ഒന്നുമില്ല'

അവന്‍ തീര്‍ത്തു പറഞ്ഞപ്പോള്‍ പേടി കൂടി...

അസുഖമില്ലെങ്കില്‍ പിന്നെ..?

സംശയമില്ല. തക്കതായ മറ്റു കാരണമെന്തോ ഉണ്ട്.. എത്രചോദിച്ചിട്ടും അവനത് പറയുന്നില്ല. സ്‌കൂളിലെ അധ്യാപകര്‍ ആരെങ്കിലും.. അല്ലെങ്കില്‍ വഴിയില്‍ വച്ച് ആരെങ്കിലും .. അതുമല്ലെങ്കില്‍ കൂട്ടുകാര്‍ ആരെങ്കിലും..

അങ്ങനെയൊന്നുമില്ലത്രേ.. എല്ലാം നിഷേധിക്കുന്നു.. ഇനി എന്തു ചെയ്യും.. കോടതിയില്‍ വക്കീലന്മാര്‍ വിസ്തരിക്കുന്നതു പോലെ തിരിച്ചു മറിച്ചും ചോദിച്ചു. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ അവന്‍ എല്ലാം തുറന്നു പറഞ്ഞു.

തലേന്നു വിശന്നു തളര്‍ന്നു വീണ് മണിക്കുട്ടനെ കൂടെയിരുത്തി ഊട്ടിയത്.. മേലില്‍ അതാവര്‍ത്തിച്ചാല്‍ തലകീഴാക്കി നിലത്തു കുത്തുമെന്ന് അച്ഛന്‍ പറഞ്ഞത്.. അവനു സഹിക്കുന്നില്ല..

മണിക്കുട്ടനോട് കൂട്ടുകൂടുകയോ മിണ്ടുകയോ ചെയ്യരുതെന്നു വിലക്കിയത്.. അവന് അതും സഹിക്കുന്നില്ല.

ക്ലാസില്‍ നല്ലപോലെ പഠിക്കുന്നവന്‍... ഏതെങ്കിലും വിഷയത്തില്‍ സംശയം വന്നാല്‍ പറഞ്ഞു തരുന്നവന്‍.. മറ്റു പലര്‍ക്കുമുള്ള ചീത്ത സ്വഭാവം ഇല്ലാത്തവന്‍. ടീച്ചര്‍മാര്‍ക്ക് ഏറ്റവും ഇഷ്ടമുള്ളവന്‍...

അവനോട് മിണ്ടിയാല്‍ എന്താണ് തെറ്റ്? അവനോട് കൂട്ടു കൂടിയാല്‍ എന്താണ് തകരാറ്? വിശപ്പുകൊ്ണ്ട് തളര്‍ന്നുവീണവന് അല്‍പം ആഹാരം കൊടുത്താല്‍ എന്താണ് കുഴപ്പം?

സരസ്വതി ഉത്തരംമുട്ടി നിന്നു..

മകന്റെ നല്ല മനസ് തുറന്നു കണ്ടപ്പോള്‍ പതിവുപോലെ ആനന്ദക്കണ്ണീരുണ്ടായി.. പക്ഷെ..

എങ്ങനെ അവനെ പരസ്യമായി അനുകൂലിക്കും? എങ്ങനെ അച്ഛനെതിരായി പറയും? താനും കൂടി സുനിമോന് അനുകൂലമാണെന്നറിഞ്ഞാല്‍... കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ടു തുപ്പാനും വയ്യ എന്ന പരുവത്തിലായി സരസ്വതി...

എല്ലാം മനസിലാക്കി വച്ചിട്ട് എല്ലാം നല്ലതാണെന്നു അറിഞ്ഞു കൊണ്ട് അവനെ എങ്ങനെ നന്മയില്‍ നിന്നു പിന്തിരിപ്പും? ശകാരിക്കും?

ഏറെ നേരം പലവിധ ആലോചനകളില്‍ മുഴുകിനിന്ന ശേഷം സാവധാനം മകന്റെ അടുത്തേയ്ക്കു കുറേക്കൂടി നീങ്ങിനിന്നു. കട്ടിലിലിരുന്ന് അവനെ മടിയില്‍ പിടിച്ചിരുത്തി... കാതില്‍ എന്തൊക്കെയോ വളരെ രഹസ്യമായി പറഞ്ഞു.

പിന്നെ ചോദിച്ചു.

' മതിയോ?'

'മതിയമ്മേ.'

ഉടനെ പറഞ്ഞു ' മോന്‍ ഒരു കാര്യം മറക്കരുത്'

അവന്‍ ചെവി കൂര്‍പ്പിച്ചപ്പോള്‍ ആ കാര്യം കൂടി അറിയിച്ചു. 'ഇതു വളരെ രഹസ്യമാ.. മോനും അമ്മേം മാത്രം അറിഞ്ഞാല്‍ മതി.. ഒരു കാരണവശാലും മറ്റാരെയും അറിയിക്കരുത്..'

അവന്‍ തലകുലുക്കി സമ്മതിച്ചു.. അവന്‍ തലകുലുക്കി സമ്മതിച്ചു... ആ ചുണ്ടുകള്‍ വിടര്‍ന്നു.. വീണ്ടും പറഞ്ഞു..

'എങ്കീ ചടാന്നൊരുങ്ങാം.. എണീക്ക്'

അവന്‍ ചാടി എഴുന്നേറ്റു... പെട്ടെന്ന് ഒരുങ്ങി... സ്‌കൂള്‍ ബസ് വരുന്നതിന് മുമ്പ് റോഡിലിറങ്ങി നിന്നപ്പോഴും അവന്റെ ചുണ്ടുകള്‍ വിടര്‍ന്നു നിന്നു.

Previous Next

നൂറനാട് ഹനീഫ്

സൗഹൃദം

തിരുമുല്ല വാരം

കൊല്ലം - 691 012

ഫോണ്‍ - 0474 - 2792977

mob - 9447072979
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.