പുഴ.കോം > കുട്ടികളുടെ പുഴ > നോവല്‍‌ > ചെല്ലക്കിളി ചെമ്മാനക്കിളി > കൃതി

അധ്യായം അഞ്ച്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നൂറനാട് ഹനീഫ്

തുള്ളിച്ചാടി പുഞ്ചിരിക്കുന്ന മുഖവുമായി മുറിയിലേക്കു കയറിവന്ന സുനി മോനോട് സരസ്വതി ചോദിച്ചു.

'എന്താ മോനേ ഇന്നിത്ര സന്തോഷം! ക്ലാസ് പരീക്ഷയ്ക്കു ഫസ്റ്റ് കിട്ടിയോ..'

അവന്‍ പറഞ്ഞു- ' മാര്‍ക്ക് നാളെ അറിയത്തൊള്ളമ്മച്ചീ..'

' പിന്നെ? എന്തൊ തക്കതായ കാര്യോണ്ടല്ലോ. പറ'

' കേട്ടോമ്മേ ' അവന്‍ അമ്മച്ചിയുടെ ഓരം ചേര്‍ന്നു നിന്നു പറഞ്ഞു. 'ഞാനും മണിക്കുട്ടനും കൂടെ ഇന്ന് ഒന്നിച്ചിരുന്നാ ഉണ്ടെ..?'

' അതെന്താ?' സരസ്വതിയുടെ മുഖം ചുളിഞ്ഞു. കെട്ട്യോനറിഞ്ഞാല്‍.. വിഷമം ഉള്ളില്‍ ഒളിച്ചുവച്ചു ചോദിച്ചു:' അവന്‍ കൊണ്ടുവന്ന ചോറോ..'

' അവന്‍ ചോറ് കൊണ്ടുവരൂല്ല. എന്നും പട്ടിണിയിരിക്കുവാ... ഇന്നു രാവിലെ അസംബ്ലിവച്ചു തലകറങ്ങി വീണു... സാര്‍ കാപ്പി വാങ്ങിക്കൊടുത്തു അതുകൊണ്ടാ..'

സരസ്വതിക്കു വാക്കുകള്‍ തടഞ്ഞു. ഇനിയെന്തു പറയും? ഇക്കാര്യം എങ്ങനെയെങ്കിലും അദ്ദേഹത്തിന്റെ ചെവിയില്‍ എത്തിയാല്‍..

'അമ്മേ എന്താ ഇങ്ങനെ നില്‍ക്കുന്നേ? അച്ഛനെപ്പോലെ ..'

'ഇല്ല മോനെ ...' അവര്‍ മകനെ വാരി ഉയര്‍ത്തി.. ' സന്തോഷം കൊണ്ടു മിണ്ടാന്‍ വയ്യാതെ നിന്നു പോയതാ... മോന്‍ ചെയ്തതു നല്ല കാര്യമാ..'

'അച്ഛനറിഞ്ഞാ..'

അവന്റെയും വിഷമം അതായിരുന്നു. സരസ്വതി ആശ്വസിപ്പിച്ചു.

'സാരമില്ല മോനേ... അമ്മച്ചി അച്ഛനെ പറഞ്ഞു മനസ്സിലാക്കാം...' അവന്റെ ചുണ്ടുകള്‍ വീണ്ടും പൂത്തു.

താന്‍ പറഞ്ഞ വാക്കുകള്‍ അര്‍ഥമില്ലാതാവുമെന്നു സരസ്വതിക്ക് അറിയമായിരുന്നു

മനുഷ്യപ്പറ്റില്ലാത്ത പ്രകൃതം.

വൈരാഗ്യം ഉണ്ടായാല്‍ വിഷപ്പാമ്പിനേക്കാള്‍ കഷ്ടമാണ് സുനിമോന്റെ അച്ഛന്‍.. എന്തുപറയാം, എന്തു പറഞ്ഞുകൂടാ എ്‌ന്നൊന്നുമില്ല. മനുഷ്യരല്ലേ, ചിലപ്പോള്‍ പിണങ്ങും ... പിന്നെ ഇണങ്ങും...

കാലം എല്ലാം മായ്ക്കും... വിട്ടുവീഴ്ചയാണ് ജീവിതത്തെ വിജയിപ്പിക്കേണ്ടത്. ഇതൊന്നും അദ്ദേഹത്തിനു മനസിലാവുകയില്ല. സ്വന്തം കാര്യസാദ്ധ്യം- ഈ ഒരു ചിന്തമാത്രം. എന്തു ചെയ്യാം? വിധി എന്നല്ലാതെ എന്തു പറയാന്‍?

സുനിമോന്‍ മണിക്കുട്ടനെ കൂടെയിരുത്തി ഊണുകൊടുത്തതു ഭര്‍ത്താവ് അറിയരുതേ എന്നു സരസ്വതി ഉള്ളിന്റെ ഉള്ളില്‍ ്പ്രാര്‍ഥിച്ചു.

' വാ മോനേ... ഡൈനിംഗ് ഹാളില്‍ സുനിമോനെ കൊണ്ടുപോയി തീന്‍മേശയില്‍ വച്ചിരുന്ന പലഹാരപാത്രത്തിന്റെ മൂടി എടുത്ത് മാറ്റി പറഞ്ഞു : ' എളുപ്പം തിന്ന് ..ട്യൂഷന്‍ സാര്‍ ഉടനേ വരും..'

അവന്‍ ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ സരസ്വതി പലരും ഓര്‍മ്മിച്ചുപോയി.

പരമുവേട്ടനും വാസുവേട്ടനും കൂടി ഒരു പാത്രത്തില്‍ ഉണ്ടും ഒരു പായില്‍ ഉറങ്ങിയും ജീവിതം ആരംഭിച്ചവര്‍..

താഴോട്ടു നോക്കാന്‍ ഇഷ്ടപ്പെടുന്ന ആളല്ല വാസുവേട്ടന്‍... നേരെ മറിച്ചാണ് പരമുവേട്ടന്‍..

അക്കാലത്തും താന്‍ പാവപ്പെട്ടവനാണെന്നു മറ്റുള്ളവര്‍ക്കു തോന്നരുതെന്നു നിര്‍ബന്ധമുണ്ടായിരുന്നു വാസുവേട്ടന്. വലിയവലിയ കാര്യങ്ങളേ പറയുകയുള്ളൂ. കിട്ടുന്നതെല്ലാം സ്വന്തം കാര്യത്തിനു മാത്രം... എത്ര പാവങ്ങള്‍... സഹായിക്കണമെന്ന അപേക്ഷയുമായി വരും... തിരിഞ്ഞു നോക്കില്ല..

മുമ്പ് സുനിമോന്‍ മണിക്കുട്ടനെ കാറില്‍ കയറ്റി സ്‌കൂളില്‍ പോയതിന്റെ പേരില്‍ എന്തെല്ലാം വഴക്കായിരുന്നു.

അബദ്ധത്തില്‍ ഇടയ്ക്ക് താനൊന്നു പറഞ്ഞുപോയി..' നിങ്ങള്‍ അടുത്ത ചങ്ങാതിമാരല്ലായിരുന്നോ! പെണങ്ങിയതു പെണ്ണിന്റെ പേരില്‍. എന്നുവച്ച് നിങ്ങക്ക് അതിനേക്കാള്‍ കൊള്ളാവുന്ന ഒരു പെണ്ണിനെ കിട്ടീല്ലേ..?'

'സ്വയം പുകഴ്ത്തല്ലേടീ..'

'സ്വയം പുകഴ്ത്തുവല്ല... നിങ്ങള്‍ മനസിലാക്കാത്തതുകൊണ്ടു പറഞ്ഞതാ.. നിങ്ങള്‍ക്കിഷ്ടമാണെന്നു പറഞ്ഞപ്പോള്‍ അങ്ങേര് മാറിത്തന്നില്ല്യേ..? കല്യാണിക്കിഷ്ടം അയാളെയായിരുന്നു.. നിങ്ങള്‍ക്ക് ദൈവം വേണ്ടതെല്ലാം തന്നു. അവരു പട്ടിണിക്കാരായി.. പരമുവേട്ടന്‍ നിത്യരോഗിയായി.. ഇനിയെങ്കിലും പഴയ വൈരാഗ്യം മറന്നാട്ടേ..'.. സരസ്വതി പിന്നെയും തര്‍ക്കിച്ചു..

' ച്ഛീ... പോടീ നായേ..'

' നിങ്ങള് തമ്മീ വിരോധമാന്ന് തന്നെയിരിക്കട്ടേ.. അതിന് ഈ പുള്ളാരെന്തു പിഴച്ചു? അവരെങ്കിലും സ്‌നേഹത്തോടെ ..'

'നിന്റെ നാക്കു ഞാന്‍ അറുത്തു മാറ്റും' വാസു മുതലാളി അലറി..

പിന്നെ പറഞ്ഞതെല്ലാം...

അതോടെ ഉപദേശം മതിയാക്കിയതാണ്.. തുടര്‍ന്നെന്തെങ്കിലു പറഞ്ഞാല്‍ കൂടുതല്‍ ചൊടിപ്പിക്കാമെന്നേയുള്ളൂ. എന്നറിയാം. തല്ലു കിട്ടിയെന്നു വരും..

സുനിമോന്‍ കാപ്പികുടി കഴിഞ്ഞ് അടുത്തുവന്നപ്പോഴാണ് ചിന്തയില്‍ നി്ന്നുണര്‍ന്നത്.

'അമ്മച്ചീ... ' അവന്‍ ചോദിച്ചു.. ' അങ്ങേലെ കൂട്ട്വോളുമായി ഇമ്മിണി നേരം കളിച്ചോട്ടെ....?

'എളുപ്പം വരണേ.. ഒത്തിരി പഠിക്കാനും എഴുതാനുമുണ്ടേ..' മനസില്ലാ മനസോടെയാണ് അനുവദിച്ചത്.

സുനിമോന്‍ സ്‌ന്തോഷത്തോടെ ബംഗ്ലാവിന്റെ കിഴക്കുവശത്തേയ്ക്ക് ഓടി.. ്അവനെ കാത്തുനില്‍ക്കുന്നത് അവന്റെ അച്ഛന്റെ ഭാഷയില്‍ അലവലാതികളാണ്... വായില്‍നോക്കികളാണ്...

കൊച്ചു കൂര... ഒരു മുറത്തോളം സ്ഥലം.. പ്രധാനപ്പെട്ട വാഹനം തുരുമ്പിച്ച സൈക്കിള്‍.. തൊഴില്‍ കൂലിവേല...

എതിര്‍വശത്തെ ബംഗ്ലാവില്‍ എല്ലാമുണ്ട്.. ഒരു കാറല്ല. രണ്ട്.. ഒരു കാര്‍ വിദേശ നിര്‍മിതം..

പക്ഷെ, അവര്‍ കുട്ടികളെ പുറത്തോട്ടുവിടുകയേ ഇല്ല.. അവരുടെ അന്തസിനിണങ്ങിയവനല്ല സുനിമോന്‍.. അവിടത്തെ കുട്ടികള്‍ വല്ലപ്പോഴുമോ വീട്ടിലുണ്ടാകൂ.. ഊട്ടിയിലാണ് അവര്‍ പഠിക്കുന്നത്...

വാസു മുതലാളി ഇരുട്ടിയേ വീ്ട്ടിലെത്തൂ എന്നു നിശ്ചയമുള്ളതുകൊണ്ടാണ് കളിക്കാന്‍ വിട്ടത്.

ട്യൂഷന്‍ മാസ്റ്റര്‍ എത്തിയപ്പോള്‍ കളി പൂര്‍ത്തിയാക്കാതെ സുനിമോന്‍ ഓടി വന്നു...

ഒമ്പതു മണിയോടെ വാസുമുതലാളി എത്തി...

'വാ മോനേ...' വാത്സല്യം തുളുമ്പുന്ന സ്വരത്തില്‍ വിളിച്ചപ്പോള്‍ അടുത്തു ചെന്നു മടിയിലില്‍ കയറിയിരുന്നു...

' എല്ലാം പഠിച്ചോ.'

' പഠിച്ചു..'

'എഴുതിയോ..?'

'എഴുതി.'

ഒരു കടലാസു പൊതി മകന്റെ കൈയില്‍ കൊടുത്തിട്ടു പറഞ്ഞു: ' ഇതു പുതിയ തരം പലഹാരമാ..'

സുനിമോന്‍ തുറന്നു നോക്കിയപ്പോള്‍ വീണ്ടും പറഞ്ഞു: ' മോനോടച്ഛന് എന്തിഷ്ടമാണെന്ന് അറിയാമോ..?'

അവന്റെ മനസു കുളിര്‍ത്തു...

സ്‌കൂളിലെ കാര്യങ്ങളൊന്നും അച്ഛനറിഞ്ഞിട്ടില്ല.. അറിഞ്ഞാലും അതില്‍ എതിരില്ല.. നാളെയും മണിക്കുട്ടനോടൊപ്പം ഇരുന്ന് ഉണ്ണാം...

' പിന്നെ ഒരു കാര്യം..' വാസുമുതലാളിയുടെ വാക്കുകള്‍ പരുക്കനായി.. ഭീതിയോടെ സുനിമോന്‍ അച്ഛന്റെ മുഖത്തു നോക്കിയപ്പോള്‍ അട്ടഹസിച്ചു:

' ഇന്നു നീയും മണിക്കുട്ടനും കൂടെ ഒരു പാത്രത്തീന്നാ ഉണ്ടേ അല്യോ?.. ഇപ്പളത്തേക്കും ഞാന്‍ ക്ഷമിച്ചു.. ഇനി ഇങ്ങനെ വല്ലോം ചെയ്താല്‍.. വേറൊന്നും നോക്കൂല്ല.. കാലേപ്പിടിച്ചു തലകീഴാക്കി ഞാന്‍ നിലത്തു കുത്തും..'

Previous Next

നൂറനാട് ഹനീഫ്

സൗഹൃദം

തിരുമുല്ല വാരം

കൊല്ലം - 691 012

ഫോണ്‍ - 0474 - 2792977

mob - 9447072979
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.