പുഴ.കോം > കുട്ടികളുടെ പുഴ > നോവല്‍‌ > ചെല്ലക്കിളി ചെമ്മാനക്കിളി > കൃതി

ചെല്ലക്കിളി ചെമ്മാനക്കിളി- അധ്യായം 11

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നൂറനാട് ഹനീഫ്

പതിവുപോലെ മണിക്കുട്ടന്‍ നടന്നാണ് സ്കൂളിലേക്കു പോയത്. വൈകുന്നേരം
വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍‍ മനസ്സില്‍ വല്ലാത്ത ഭാരം.
വികാരങ്ങള്‍ക്കു വിങ്ങല്‍....

അതു വീണ്ടും വീണ്ടും ഓര്‍മ്മയുടെ കിളീവാതിലിലൂടെ ഒളിഞ്ഞു നോക്കുമ്പോള്‍
കണ്‍തടങ്ങളില്‍ നനവ്...

സുനിമോന്‍! പ്രിയപ്പെട്ട കൂട്ട്!!

അവന്റെ അച്ഛന്‍ ഒരിക്കലല്ല രണ്ടു തവണ നിരോധന ഉത്തരവു നല്‍കി. താനുമായി
കൂട്ടുകൂടരുതെന്ന് കൂടെ നടക്കരുതെന്ന് മറ്റു വഴികളൊന്നുമില്ലാത്തതിനാല്‍
അനുസരിച്ചു. അന്നു തോന്നിയ നിയന്ത്രണമില്ലാത്ത നിനവുകള്‍....

മാസങ്ങള്‍ പലതു കഴിഞ്ഞു. സുനിമോന്റെ അച്ഛന്‍ വലിയ തിരക്ക്. ബോംബേ
യാത്രയും ഡല്‍ഹി യാത്രയും ... വീട്ടിലുള്ള കാര്യങ്ങളൊന്നും
അന്വേഷിക്കാന്‍ സമയമില്ലാതായി. വീട്ടില്‍ വരുന്നതും വല്ലപ്പോഴും മാത്രം.


അതൊരു അവസരമാക്കി ചെയ്യുന്നത് തെറ്റല്ലന്നു ബോധ്യമുള്ളതുകൊണ്ട്
സ്കൂളിലെത്തിയാല്‍ സുനി മോനും മണിക്കുട്ടനും ഒരുമിക്കും. കളികും
സംശയങ്ങള്‍ ചോദിക്കും തമാശകള്‍ പറയും വീട്ടിലേക്കു ഒരുമിച്ചു നടക്കും .
ഹാ എന്തു രസം.!

അതിനു സ്കൂള്‍ ബസ്സിലെ ഡ്രൈവര്‍ ആദ്യം അനുവദിച്ചില്ല. എക്സ്ട്രാ
ക്ലാസ്സുണ്ടെന്ന കള്ളം പറഞ്ഞിട്ടു വിലപ്പോയില്ല . സത്യം തുറന്നു
പറഞ്ഞതുകൊണ്ടും ഫലമില്ലാതായി അവസാനം അമ്മച്ചിയോടു പറഞ്ഞു ഡ്രൈവരെകൊണ്ടു
സമ്മതിപ്പിക്കുകയായിരുന്നു.

പക്ഷെ അതു നീണ്ടു നിന്നില്ല.

ആരുടെയും എതിര്‍പ്പുകൊണ്ടല്ല തടസ്സപ്പെടുത്തല്‍ കൊണ്ടുമല്ല.

സ്കൂളിലേക്കു സുനിമോന്റെ വരവു നിന്നു പോയതുകൊണ്ടാണ്.

സുനിമോന്‍ എന്തുകൊണ്ട് സ്കൂളില്‍ വരുന്നില്ല?

വീണ്ടും മണിക്കുട്ടന്റെ ഉള്ളില്‍ വിങ്ങല്‍. സുനിമോന്‍ എന്തെങ്കിലും
സുഖക്കേടു പിടിപെട്ടു കിടക്കുകയാണൊ? രോഗവിവരമറിയാന്‍ അവിടെ ചെന്നാല്‍
അവന്റെ അച്ഛന്‍ വീട്ടിലുണ്ടെങ്കില്‍ .. ഇല്ല അസുഖമായിരിക്കുകയില്ല.

ഒരു പക്ഷെ സുനിമോനെ വേറെ ഏതെങ്കിലു സ്കൂളില്‍ കൊണ്ടൂ പോയി
ചേര്‍ത്തതാവുമോ? ആവാം തന്നോടൊപ്പം നടക്കാതിരിക്കാന്‍
സംസാരിക്കാതിരിക്കാന്‍ ഈ അലവലാതി ചെക്കനുമായി കൂട്ടുകൂടാതിരിക്കാന്‍.

വിങ്ങിപ്പൊട്ടിപ്പോകുമെന്നായപ്പോള്‍‍ എല്ലാം അവന്‍ അമ്മച്ചിയോടു
പറഞ്ഞതിനു ശേഷം ചോദിച്ചു.

'' ഞാന്‍ സുനിമോന്റെ വീട്ടില്‍ പോയി നോക്കട്ടമ്മ?''

'' വേണ്ട മോനെ ..'' അമ്മച്ചിയുടെ തൊണ്ട ഇടറി. അകലെയെങ്ങോ
നോട്ടമുറപ്പിച്ച് അവര്‍ അവന്റെ ഇടതു ചുമലില്‍ തലോടി.

'' സുനിമോന്റെ അച്ഛന്‍ വീട്ടിലില്ലാത്തപ്പം പോകാമമ്മേ'

'' അതും വേണ്ടാ മോനെ...''

'' അവന്റെ അമ്മ നല്ല സ്നേഹോള്ള അമ്മയാണല്ലോ..''

'' ഊം....''

അവന്‍ ചിണുങ്ങിയപ്പോള്‍ ഒരു നെടു വീര്‍പ്പോടെ ആശ്വസിപ്പിച്ചു.

'' എന്നാലും മോന്‍ പോകണ്ട...''

'' അതെന്താമ്മേ?''

'' അമ്മച്ചി അന്വേഷിക്കാം മോനേ . മോന്‍ പോയാ ഓര്‍ക്കാപ്പുറത്ത്
സുനിമോന്റെ അച്ഛന്‍ വന്നാല്‍?''

'' എപ്പളാമ്മേ അന്വേഷിക്കുന്നേ?''

'' നാളത്തന്നെ''

മണിക്കുട്ടന്‍ തല്‍ക്കാലത്തേക്ക് പാടുപെട്ടു മനസ്സിനെ നിയന്ത്രിച്ചു ..
മകന്റെ ദുഖം കല്യാണി സ്വന്തം മനസ്സിലേക്ക് ഏറ്റു വാങ്ങി.

ഒരു സാഹസമല്ലേ താന്‍ ചെയ്തത്?

കല്യാണി സ്വയം ചോദിച്ചു.

ആരെ വിട്ടാണ് അന്വേഷിപ്പിക്കുന്നത്? ആരെങ്കിലും ഇവിടുത്തെ ദൗത്യവുമായി
അവിടെ ചെന്നാല്‍?
നാളെയും മണിക്കുട്ടന്‍ ആവശ്യമാവര്‍ത്തിക്കും അപ്പോള്‍‍ എന്തു പറയും?

അവന്‍ ആഗ്രഹിക്കുന്നതിനു നേരെ എതിരാണ് അന്വേഷണ ഫലമെങ്കിലൊ?

അനുമാനം തെറ്റിയില്ല . അടുത്ത ദിവസം സ്കൂളില്‍ നിന്നും വന്നപ്പോള്‍‍
ഏങ്ങലടിച്ചു കൊണ്ട് അവന്‍ അമ്മയോടു ചോദിച്ചു '' അമ്മച്ചി സ്കൂളില്‍
എല്ലാവരും പറയുന്നു സുനിമോനേയും അവന്റമ്മയേയും കാണാനില്ലെന്ന് പോലീസുകാരു
നാടു നീളെ തെരെക്കീട്ടും കാണാനില്ലന്ന് . ആരു പിടിച്ചുകൊണ്ടു
പോയതാമ്മേ?''

ഒട്ടു പ്രതീക്ഷിക്കാത്ത ചോദ്യം.

അത് അവനും അറിഞ്ഞിരിക്കുന്നു.

പാവം പൊന്നുമോന്‍.

എന്തു മറുപടി പറയും? പറയാതെ വയ്യല്ലോ.. കുട്ടി മനസ്സല്ലേ എന്തെങ്കിലും
പറഞ്ഞില്ലെങ്കില്‍ സംശയത്തിനു മേല്‍ സംശയമാകും അതുകൊണ്ടു പറഞ്ഞു.

'' ആരും പിടിച്ചുകൊണ്ടു പോയതല്ല മോനെ ''

''എങ്കീ അവര്‍ എവിടെയിണ്ടമ്മേ?''


മറുപടിയില്ലാത്ത ചോദ്യം വീണ്ടും വീണ്ടും അതേ ചോദ്യം അവന്‍ ആവര്‍ത്തിച്ചു.
അതിനൊന്നും മറുപടി കിട്ടാഞ്ഞ് പല കുട്ടുകാരോടും അവനോട് പറഞ്ഞത്
സൂചിപ്പിച്ചിട്ട് പിന്നെയും ചോദിച്ചു.

'' സുനിമോനേം അവന്റെ അച്ഛനേയും അമ്മേം പോലീസുകാരു പിടിച്ചു ജയിലിടുമോ അമ്മേ?''

'' ഇല്ല മോനേ...''


അവന്റെ കണ്ണുകള്‍ തിളങ്ങി.

മോനോടു പറഞ്ഞത് പച്ചക്കള്ളമാണല്ലോ എന്നത് ഓര്‍മ്മിച്ചപ്പോള്‍‍
കല്യാണിയുടെ കണ്ണുകള്‍ കലങ്ങി ..
എപ്പോള്‍ വേണമെങ്കിലും അവര്‍ ജയിലിലാകും.

ഒരു തെറ്റും ചെയ്യാത്ത സരസ്വതിയും ജയിലിന്റെ ഇരുമ്പഴികള്‍ എണ്ണേണ്ടി
വരും. സുനിമോന്‍ മാത്രം ഒരു പക്ഷെ ഒഴിവായേക്കാം.

അത്ര വല്യ കുറ്റമാണ് അവര്‍ ചെയ്തിരിക്കുന്നത്.

നാട്ടുകാരെ പല പദ്ധതികള്‍ കാട്ടീ ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ട്
അതുംകൊണ്ടു രായ്ക്കു രാമാനം തടി തപ്പിയിരിക്കുന്നു. എവിടെയുണ്ടെന്ന്
എത്രയന്വേഷിച്ചിട്ടും കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. കൈക്കൂലി വാങ്ങി
പോലീസുകാര്‍ തന്നെ അവരെ രക്ഷിക്കുന്നു എന്നാണു നാട്ടുകാരുടെ ആവലാതി.

കുറ്റവാളികളെ ഉടന്‍ തന്നെ പിടികൂടണമെന്ന് ഐ ജിയും മന്ത്രിയും കല്പ്പന
പുറപ്പെടുവിച്ചിരിക്കുകയാണ്. ഇനി എത്ര നാള്‍ അവര്‍ക്ക് ഒളിവില്‍
കഴിയാന്‍ ആകും?

കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കകൂടി ചെയ്തിരിക്കുന്നു . ഇതിനേക്കാള്‍
കൊലകൊമ്പന്മാരായ കവര്‍ച്ചക്കാരേയും ഭീകരരേയും വരെ വലയിലാക്കുന്ന പോലീസിനു
ഇവര്‍ പ്രശ്നമാണൊ?

നൂറ്റമ്പതോളം ആളുകളില്‍ നിന്നാണ് ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത്
ലക്ഷക്കണക്കിനു രൂപാ വാങ്ങിയത്.

കിടപ്പാടവും കെട്ടുതാലിയും വരെ വിറ്റുണ്ടാക്കിയ പണം.

കൂടാതെ വലിയ പലിശ കൊടുക്കാമെന്ന കരാറില്‍ ബ്ലേഡു കമ്പനിയായ '
ഫൈനാന്‍സിയേഴ്സി' ന്റെ പേരില്‍ വാങ്ങിയ ലക്ഷങ്ങള്‍.

എല്ലാം വെള്ളത്തിലായി.

ഇടപാടുകാര്‍ കൂട്ടത്തോടെ വാസുമുതലാളിയുടെ കൂറ്റന്‍ മാളികയുടെ മുമ്പിലും
കമ്പനിയുടെ മുമ്പിലും തടിച്ചു കൂടി അവരെ നിയന്ത്രിച്ചു നിറുത്താന്‍
പോലീസ് പെടുന്ന പാട്.

ബോംബയിലെ വിസാ കച്ചവടക്കാരായ അധോലോക നായകന്‍മാര്‍ കബളിപ്പിച്ചതാണു പോലും
! മഷിയിട്ടു നോക്കിയാല്‍ പോലും ഇനി അവരെ കാണാനോ കൊടുത്തതു തിരിച്ചു
വാങ്ങാനോ സാദ്ധ്യമല്ലത്രെ !! അവരെ വല്ല വിധേയനേയും കണ്ടു പിടിച്ചു
കൊടുത്തതെല്ലാം തിരിച്ചു വാങ്ങാന്‍ ശ്രമിച്ചാല്‍ മുതലാളിയുടെ ശരീരം പോലും
തിരിച്ചു കിട്ടുക പ്രയാസം ...

ബ്ലേഡു കമ്പനിയിലെ പണവും വിസാക്കു വേണ്ടി മുടക്കിയതാണ്.

ആകപ്പാടെ കുഴപ്പം തന്നെ.

കൊടുത്തവരും കൊടുപ്പിച്ചവരുമെല്ലാം വലച്ചിലിന്റെ നടുക്കയത്തില്‍ പെട്ടു
കഴിഞ്ഞു. വാസുമുതലാളിക്ക് ഇതെല്ലാം സംഭവിച്ചതില്‍ ആര്‍ക്കും വിഷമമില്ല.
ഇത്രയും വന്നാല്‍ പോര അവന്‍ നരകി‍ക്കണം എല്ലാവരും ഒരേ അഭിപ്രായക്കാര്‍.

പക്ഷെ അയാളുടെ കെണിയില്‍ വീണു പോയ പാവങ്ങള്‍ അവര്‍ എങ്ങനെ രക്ഷപ്പെടും?
ആരു രക്ഷപ്പെടുത്തും?

കഷ്ടം എന്ന ഒരു സഹതാപ വാക്കിന് അവരെ രക്ഷപ്പെടുത്താന്‍ സാധിക്കുമോ?

എല്ലാം കേട്ട് എല്ലാം അറിഞ്ഞ് അന്തിച്ചു നിന്നു കല്യാണി.

മണിക്കുട്ടന്‍ തോരാത്ത കണ്ണീരൊഴുക്കി.

സുനിമോനും അവന്റമ്മച്ചിയും...

സുനിമോന്റെ മാത്രം അമ്മച്ചിയല്ല അത് ...തന്റെ കൂടിയാണ് .. അവര്‍
സഹിക്കേണ്ടി വരുന്ന ദുരിതം .,..അപമാനം...

ഹോ!മണിക്കുട്ടന്‍ തേങ്ങിക്കരഞ്ഞു.

ഒരു ഭാവഭേദവുമില്ലാത്തതു പരമുവേട്ടനു മാത്രം.

പരമ ദുഷ്ടന്‍.

അല്പ്പനു ഐശ്വര്യം വന്നപ്പോള്‍‍ അര്‍ദ്ധരാത്രിക്കു കുട പിടിച്ചു
നടക്കുന്നതുപോലെ ആയിരുന്നു അയാളുടെ ജീവിതം.

അതിനു ഇത്രയും പോരാ.

ഇങ്ങനെയുള്ള വിചാരമല്ലേ പരമുവേട്ടന്റുള്ളില്‍.

കല്യാണിക്കതു സഹിച്ചില്ല.

മനുഷ്യത്വമില്ലാത്ത കരുണയില്ലത്തവന്‍

വയ്യ എങ്ങനെ സ്വന്തം ഭര്‍ത്താവിന്റെ മുഖത്തു നോക്കി പറയും? കുറ്റപ്പെടുത്തും?

കല്യാണിയുടെ മനസ്സ് കലങ്ങി.

ഭര്‍ത്താവിന്റെ നിസ്സംഗഭാവത്തിലുള്ള നോട്ടം ആവര്‍ത്തിച്ചു കണ്ടപ്പോള്‍
എന്തൊക്കെയോ വിളിച്ചു പറയാന്‍ ആ ചുണ്ടുകള്‍ തുടിച്ചു.

Previous Next

നൂറനാട് ഹനീഫ്

സൗഹൃദം

തിരുമുല്ല വാരം

കൊല്ലം - 691 012

ഫോണ്‍ - 0474 - 2792977

mob - 9447072979




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.