പുഴ.കോം > കുട്ടികളുടെ പുഴ > നോവല്‍‌ > ചെല്ലക്കിളി ചെമ്മാനക്കിളി > കൃതി

ചെല്ലക്കിളി ചെമ്മാനക്കിളി- അധ്യായം 10

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നൂറനാട് ഹനീഫ്

പരമുവേട്ടന്റെ മൂന്നു കടകളിലും തെരക്കു കൂടി. അതനുസരിച്ച് സൂഷ്മതയും കൂടി. പലചരക്കു കട ക്ഷീണം തീര്‍ത്തെന്നു മാത്രമല്ല, ചില പുതിയ മുന്നേറ്റങ്ങള്‍ കൂടി നടത്തി. ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ പറയുന്ന സമയത്ത് വീട്ടിലെത്തിച്ചു കൊടുക്കും. വളരെ കുറഞ്ഞ ചെലവില്‍, ആവശ്യപ്പെട്ടാല്‍ ചില്ലറക്കച്ചവടക്കാര്‍ക്ക് അവരുടെ കടകളിലും ചരക്കുകള്‍ എത്തിക്കും.

തന്റെ കടയില്‍ യഥാര്‍ഥ വിലയില്‍ കൂടുതല്‍ വാങ്ങിയെന്നു തോന്നിയാല്‍ പരാതിപ്പെടാം. ഉടന്‍ പരിഹാരം! പരാതിയുമായി വരുന്ന ആളിന്റെ യാത്രാച്ചെലവും കൊടുക്കും.

കച്ചവടം അടിക്കടി വളര്‍ന്നു. ചരക്കുകള്‍ എത്രയും വേഗം കടയിലെത്തിക്കാന്‍ ഒരു ലോറി വാങ്ങി. ചരക്കെടുക്കാന്‍ അന്യസംസ്ഥാനങ്ങളിലേക്കു ലോറിപോകുമ്പോള്‍ ഇവിടെ നിന്നും അങ്ങോട്ടു കൊണ്ടു്‌പോകാവുന്ന ചില ഇനങ്ങളുടെ കച്ചവടവും തുടങ്ങി.

പുതിയ പരിഷ്‌കാരങ്ങള്‍ ഒരു കുതിച്ചുച്ചാട്ടമായി.. അതോടെ ഒരു ലോറി പോരാതെ വന്നു. രണ്ട്.. മൂന്ന്.. നാല്

പിന്നെ രണ്ടു മിനി ലോറികള്‍ .. അഞ്ച് ലോറി ഓട്ടോകള്‍.. ഒരു കാര്‍...

കാറില്‍ കയറി ചുറ്റിക്കറങ്ങി സുഖിക്കാനല്ല, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍. അതില്‍ തനിച്ചാണു പോകുന്നതെങ്കില്‍ വഴിയില്‍ കാണുന്ന സുഹൃത്തുകളെയും കയറ്റും. ചേതമില്ലാത്ത ഉപകാരം. വെറുതെ ഒരാള്‍ക്കു വേണ്ടി ഡീസല്‍ ചെലവാക്കേണ്ടതില്ലല്ലോ.. ചിലര്‍ക്കു കൂടി അതു പ്രയോജനപ്പെടട്ടേ എന്ന വിചാരം. പക്ഷെ, പരിചയമുള്ളവരെ മാത്രമേ കയറ്റുകയുള്ളൂ. അല്ലാത്തവരെ കയറ്റാത്തത് അത്തരക്കാര്‍ പല സ്ഥലങ്ങളിലുമുണ്ടാക്കിയിട്ടുള്ള കുഴപ്പങ്ങളെപ്പറ്റി അറിയാവുന്നതിനാല്‍... കഴിവതും ആഹാരം വീട്ടില്‍ നിന്നു കഴിക്കുക എന്നത് നിഷ്ടയായി.. കല്യാണിയുടെ പാചകത്തിന്റെ സ്വാദ് നാവില്‍ നിന്നു മാറില്ല. വീട്ടിലെ എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധയാണ്..

ഇതിനിടെ ഉത്സവത്തിനും നാടകത്തിനും സിനിമയ്ക്കും സമ്മേളനത്തിനുമൊക്കെ കുറെ സമയം കണ്ടെത്തും..

നടക്കുന്നതാണ് ഏറെയിഷ്ടം.. കാറു വാങ്ങിയിട്ട് നടക്കുന്നതെന്തിനെന്നു ചോദിച്ചാല്‍ മറുപടി ഉടനെയെത്തും- ' എല്ലാം ആവശ്യത്തിനേ ഉപയോഗിക്കാവൂ.. രണ്ടു കാലു കൊണ്ട് നടന്നും ഓടിയും അത്ഭുതം കാണിക്കാനുള്ള കഴിവു ദൈവം നമുക്കേ തന്നിട്ടുള്ളൂ. അത് വേണ്ടെന്നു വയ്ക്കുന്നത് ഒരു മഹാഭാഗ്യം തൂത്തെറിയുന്നതു പോലെയല്ലേ..? നടക്കുന്നതിനു പകരം എപ്പോഴും ഇരിപ്പ് സഞ്ചരിക്കുന്ന കണ്ണാടിക്കൂട്ടിലാക്കിയാല്‍ ദേഹത്തിന്റെ അകത്തും പുറത്തും തീരാഗോഗങ്ങളെ അറിഞ്ഞുകൊണ്ടുതന്നെ വാരി അണിയുന്നുവെന്നാണ്'

സാമാന്യം തരക്കേടില്ലാത്ത ഒരു വീടു വച്ചുവെങ്കിലും പഴയ ചെറ്റക്കുടില്‍ ഇന്നും അതേപടി വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. മിക്കവാറും ഉച്ചയുറക്കം അതിനുള്ളിലാണ്. അതെന്തിനാണെന്നു ചോദിച്ചാലും മറുപടിയുണ്ട്: 'ഞാന്‍ നടന്നു നടന്നെത്തിയ വഴി മറക്കാതിരിക്കാന്‍.. ഇനി നടക്കേണ്ട വഴി തെറ്റാതിരിക്കാന്‍..'

കുറേക്കാലമായി പരമുവേട്ടന് ഒരു കാര്യത്തില്‍ വല്ലാത്ത ഒരു ദൗര്‍ബല്യം.. അതിന് അടിമയായതു പോലെ... പുസ്തക വായനയില്‍.

മുമ്പൊന്നും അതില്‍ ഒട്ടും താത്പര്യമില്ലായിരുന്നു. ജോലി ചെയ്തു മനസ് മുഷിയുമ്പോള്‍ ചിലപ്പോള്‍ ഒരു രസത്തിന് കൈയില്‍ കിട്ടുന്ന പുസ്തകത്തിന്റെ ചില താളുകള്‍ ഓന്നോടിച്ചു വായിച്ചു തുടങ്ങിയതാണ്. ഇപ്പോള്‍ വായനയില്‍ വല്ലാത്ത കമ്പം! ഇല്ലാസമയം ഉണ്ടാക്കിയുള്ള വായന! ഒരു ദിവസം ഒരു മണിക്കൂറെങ്കിലും വായിക്കാതെ വയ്യ!

'എന്തെല്ലാം.. എന്തെല്ലാമാണ് താളുകളില്‍.. മനുഷ്യന്‍ കാട്ടാളായി പിറന്നുവീണതുമുതല്‍ ഇന്നുവരെയുള്ള പടിപടിയായുള്ള വളര്‍ച്ചയുടെ കഥകള്‍! മുത്തുകള്‍! രത്‌നങ്ങള്‍! താന്‍ ആരാണെന്നു മനസിലാക്കാന്‍ ഇതല്ലാതെ വേറൊരു വഴിയില്ല ! ഇതൊക്കെ മനസിലാക്കാത്തവന്‍ മനുഷ്യനല്ല. മൃഗമാണ്. ഇതെല്ലാം മനസിലാക്കാത്തതു കൊണ്ടാണ് മൃഗങ്ങള്‍ പണ്ടത്തെപ്പോലെതന്നെ കാട്ടുകിഴങ്ങും പച്ചയിറച്ചിയും തിന്നു ഇന്നും ജീവിക്കേണ്ടി വരുന്നത്. ലോകത്തില്‍ ഒരു അത്ഭുതമേയുള്ളൂ.. അതാണ് പുസ്തകങ്ങള്‍! അവയ്ക്കുള്ളിലെ അറിവുകള്‍, കഥകള്‍, കവിതകള്‍, ഗാനങ്ങള്‍, കിളികള്‍, തമാശകള്‍... ശരീരം പുഷ്ടിപ്പെടുത്താന്‍ നാം കഴിക്കുന്ന ആഹാരം മതി. നടത്തുന്ന വ്യായാമം മതി. എന്നാല്‍ മനസും ആത്മാവും പുഷ്ടിപ്പെടുത്താന്‍ പുസ്തകങ്ങള്‍ തന്നെ വേണം..!'

ഗ്രന്ഥങ്ങളെപ്പറ്റി എത്ര പറഞ്ഞാലും പരമുവേട്ടന് മതിവരില്ല. നമുക്ക് എന്തു സംശയമുണ്ടായാലും പരിഹാരം പുസ്തകങ്ങളില്‍ മാത്രമേയുള്ളു.. മഹാത്മാക്കള്‍ക്കു പോലും ഇല്ലാത്ത സിദ്ധി! മാന്ത്രിക സിദ്ധി!!

റേഡിയോയിലും ടിവിയിലും സിനിമയിലെയും ചലനങ്ങളും ശബ്ദങ്ങളും മറ്റും കണ്ടു മറന്ന സ്വപ്‌നങ്ങള്‍ പോലെ!

പിന്നെയും പിന്നെയും ഒത്തിരിയൊത്തിരി പറയണമെന്നുണ്ട് പരമുവേട്ടന്.. പക്ഷെ സമയംവേണ്ടേ..?

മനസിന്റെ ഭാരം ചിലപ്പോള്‍ കൂടും.. ആശ്വാസത്തിനായി അപ്പോഴൊക്കെയും മറ്റാരെയും ആശ്രയിക്കാറില്ല.. പുസ്തകങ്ങളെയല്ലാതെ..

ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വാര്‍ത്ത കാതുകളില്‍ കടന്നപ്പോള്‍ പരമുവേട്ടന്‍ ഞെട്ടി! ഞെട്ടിലിനൊപ്പം വിസ്മയവും.. ഇതെങ്ങനെ സംഭവിച്ചു.. ആരു കാരണം?

വിശ്വാസം വരുന്നില്ലല്ലോ.. കാതുകളെ അവിശ്വസിക്കേണ്ടി വരുന്നല്ലോ..!

സ്വപ്‌നമാണോ..?

അല്ല.. അല്ല..

യാഥാര്‍ഥ്യം!!

ഉച്ച കഴിഞ്ഞു...

ഇതുവരെ വാസു മുതലാളിയുടെ ചിട്ടിക്കമ്പനിയും വിസാക്കടയും ഫൈനാന്‍സിയേഴ്‌സും തുറന്നിട്ടില്ല..

ഈ സ്ഥാപനങ്ങളില്‍ അനേകരുടെ ലക്ഷക്കണക്കിന് രൂപ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. കേട്ടാല്‍ വിശ്വസിക്കാനാവാത്ത കൂടിയ പലിശ നിരക്കില്‍..

വാസു മുതലാളിയുടെ സ്ഥാപനങ്ങള്‍ക്കു മുന്നില്‍ വമ്പിച്ച ആള്‍ക്കൂട്ടം. അവര്‍ മുതലാളിയുടെ താമസസ്ഥലത്തേക്കു നീങ്ങി..

ഗേറ്റ് അകത്തുനിന്നും വലിയ താഴിട്ടു പൂട്ടിയിട്ടിരിക്കുന്നു. ചിലരത് ചവിട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു.. ചിലര്‍ തീവയ്ക്കാന്‍..

ആരോ ഫോണ്‍ ചെയ്തതനുസരിച്ച് പൊലീസുവാനും ഫയര്‍ഫോഴ്‌സും എത്തി.. പൊലീസ് പൂട്ടുപൊളിച്ച് മുറ്റത്തേയ്ക്കു കടന്നു...

അവിടെ കാവല്‍ക്കാരന്‍ മാത്രം..

വേറെ ആരുമില്ല വീട്ടില്‍..

എന്തു സംഭവിച്ചു..?

എവിടെപ്പോയി എല്ലാവരും..?

സ്ഥാപനങ്ങള്‍ തുറക്കാതിരുന്നത് എന്തുകൊണ്ട്..?

Previous Next

നൂറനാട് ഹനീഫ്

സൗഹൃദം

തിരുമുല്ല വാരം

കൊല്ലം - 691 012

ഫോണ്‍ - 0474 - 2792977

mob - 9447072979
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.