പുഴ.കോം > കുട്ടികളുടെ പുഴ > നോവല്‍‌ > അദ്‌ഭുതലോകത്തില്‍ ആലീസിന്റെ സാഹസികകൃതൃങ്ങള്‍ > കൃതി

കോക്കസ്റേസും ഒരു നീണ്ടകഥയും (തുടര്‍ച്ച)

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ലൂയിസ്‌ കരോൾ

''അവള്‍ക്കും ഒരു സമ്മാനം കൊടുത്തേ മതിയാകൂ'' എലി അഭിപ്രായപ്പെട്ടു.

''തീര്‍ച്ചയായും,'' ഡോഡോ ഗൗരവത്തില്‍ മറുപടി പറഞ്ഞു. ''നിന്റെ കീശയില്‍ ഇനി എന്തുണ്ട്?'' ആലീസിനു നേരെ തിരിഞ്ഞ് ഡോഡോ ചോദിച്ചു.

''ഒരു വിരലുറ മാത്രം.''

''അതിങ്ങു തരു,'' ഡോഡോ പറഞ്ഞു.

ഒരിക്കല്‍ കൂടി അവരെല്ലാം ആലീസിനു ചുറ്റും നിരന്നു നിന്നു. ഈ മനോഹരമായ വിരലുറ സ്വീകരിക്കാന്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു. വെന്ന ചെറുപ്രസംഗത്തോടെ ഡോഡോ അത് ആലീസിനു സമ്മാനിച്ചു. പ്രസംഗം കഴിഞ്ഞപ്പോള്‍ എല്ലാവരും ആര്‍ത്തു വിളിച്ച് സന്തോഷിച്ചു.

ഇതെല്ലാം വെറും അസംബന്ധമാണെന്നു ആലീസിനു തോന്നിയത്. പക്ഷെ, മറ്റെല്ലാവരും വളരെ ഗൗരവത്തില്‍ നിന്നതിനാല്‍, ചിരിക്കാന്‍ ധൈര്യം വന്നില്ല. എന്തു പറയണമെന്നറിയാതെ കുഴങ്ങിയ ആലീസ് എല്ലാവരേയും താണു വണങ്ങി വിനയത്തോടെ വിരലുറ സ്വീകരിച്ചു.

അടുത്തയിനം മിഠായി തീറ്റയായിരുന്നു. മിഠായി തീറ്റ ചില്ലറ ബഹളങ്ങളും ആശയകുഴപ്പവുമുണ്ടാക്കി. മിഠായി തങ്ങള്‍ക്കു രുചിച്ചു നോക്കാന്‍ പോലും തികഞ്ഞില്ലെന്ന് വലിയ പക്ഷികള്‍ പരാതിപ്പെട്ടു. എന്നാല്‍ ചെറുപക്ഷികളുടെ തൊണ്ടയില്‍ മിഠായി കുരുങ്ങി. അവരുടെ പുറം തടവികൊടുക്കേണ്ടതായും വന്നു. അതെല്ലാമവസാനിച്ചപ്പോള്‍, അവര്‍ വീണ്ടും വട്ടമിട്ടിരുന്നു. തങ്ങള്‍ക്ക് കൂടുതലായെന്തെങ്കിലും പറഞ്ഞു തരാന്‍ അവര്‍ എലിയോടപേക്ഷിച്ചു.

''നിന്റെ കഥ പറയാമെന്ന് നീ എനിക്കു വാക്കു തന്നിരുന്നു,''

ആലീസ് പറഞ്ഞു.'' എന്തുകൊണ്ടാണ് ഡി.യേയും സി.യേയും വെറുക്കുന്നതെന്നും-'' എലിക്കു വീണ്ടും നീരസം തോന്നിയാലോ എന്നു ഭയന്ന് അവള്‍ തിടുക്കത്തില്‍ മന്ത്രിച്ചു.

''വളരെ നീണ്ടതും ദു:ഖകരവുമായ കഥയാണ് എന്റേത്. ''ആലീസിനു നേരെ തിരിഞ്ഞ്, നെടുവീര്‍പ്പിട്ട് എലി പറഞ്ഞു.

''തീര്‍ച്ചയായും അതൊരു നീണ്ട വാലാണ്. പക്ഷെ അതു ദു:ഖകരമാണെന്നു പറയുന്നത് എന്തിനാണ്?'' അത്ഭുതത്തോടെ എലിയുടെ വാലില്‍ നോക്കി കൊണ്ട് ആലീസ് ചോദിച്ചു. എലി പറയുന്നതു കേട്ടിരിക്കുമ്പോഴും അവള്‍ അതിനെക്കുറിച്ചുതന്നെ ആശ്ചര്യപ്പെട്ടിരിക്കുകയായിരുന്നു. എലിയെക്കുറിച്ചുള്ള അവളുടെ ധാരണ ഏതാണ്ട് ഇപ്രകാരമായിരുന്നു.

"വീട്ടില്‍ പതുങ്ങുന്ന മൂഷികന്‍ തന്നോടു

പട്ടി കുരച്ചു പറഞ്ഞിതേവം:

കോടതി കേറ്റി നിനക്കു ഞാന്‍ നല്‍കിടും

കൂടിയ ശിക്ഷയെന്നോര്‍മ്മവെച്ചോ.

ഒഴികഴിവൊന്നും പറയേണ്ട മൂഷികാ

ചെയ്യുവാനില്ലെനിക്കൊന്നുമിതല്ലാതെ-

യീ പ്രഭാതത്തിലെന്നോര്‍ക്ക വേണം.

മൂഷികന്‍ ചൊല്ലി: ശുനകവീര,

ജൂറിയും ജഡ്ജിയുമില്ലാ വിചാരണ

പാഴ്വേലയാണെന്നു നിനയ്ക്കുക നീ.

ശുനകന്‍ പറഞ്ഞൊരു പൊട്ടിച്ചിരിയോടെ

ജഡ്ജി ഞാന്‍ തന്നെ, മറ്റാരുമല്ല

നിന്നെ വിചാരണ ചെയ്തു ഞാന്‍

നല്‍കിടും തൂക്കുകയര്‍ തന്നെ ശങ്കവേണ്ട.''

''നീ ശ്രദ്ധിക്കുന്നില്ല,'' എലി ക്രുദ്ധനായി. ''നീയെന്താ ആലോചിക്കുന്നത്?''

''ക്ഷമിക്കണം,'' വളരെ വിനയത്തോടെ ആലീസ് പറഞ്ഞു'' നീ അഞ്ചാമത്തെ വളവ് വരെയെത്തി, അല്ലേ?'' '' ഇല്ല'' എലി ദേഷ്യപ്പെട്ടു.

''ഒരു കെട്ട്, ഞാനത് അഴിച്ചു തരട്ടെ?'' എന്തെങ്കിലും ഉപകാരംചെയ്യാന്‍ ഒരുക്കമായിരുന്ന ആലീസ് പറഞ്ഞു.

''ഞാന്‍ അങ്ങിനെയൊന്നും ചെയ്യില്ല,'' ചാടിയെഴുനേറ്റ്,നടന്നകന്ന് എലി പറഞ്ഞു. 'ഇത്തരം വിഡ്ഡിത്തങ്ങള്‍ പുലമ്പി നീയെന്നെ പരിഹസിക്കുകയാണ്. ''

''ഞാനങ്ങനെ ഉദ്ദേശിച്ചിട്ടില്ല!'' ആലീസ് വാദിച്ചു നോക്കി, "നീ പെട്ടന്ന് ക്ഷോഭിക്കുന്നു.''

മറുപടിയായി എലി ഒന്നു മുരണ്ടു.

''ദയവായി തിരിച്ചു വന്ന് കഥ മുഴുവനാക്കു!'' ആലീസ് വിളിച്ചു പറഞ്ഞു. സംഘം മുഴുവന്‍ കേണപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. അക്ഷമയോടെ തലയൊന്നു കുലുക്കി, എലി കുറച്ചുകൂടി വേഗത്തില്‍ നടത്തം തുടര്‍ന്നു.

''അവന്‍ നില്‍ക്കാഞ്ഞത് കഷ്ടമായിപ്പോയി!'' എലി കാഴ്ചയില്‍ നിന്നും മറഞ്ഞപ്പോള്‍ ലോറി പറഞ്ഞു. തള്ളഞണ്ട് ഈ അവസരം തന്റെ കുഞ്ഞിനെ ഉപദേശിക്കാന്‍ തക്ക സന്ദര്‍ഭമാക്കി, കുഞ്ഞേ, ഇതു നിനക്കൊരു പാഠമായിരിക്കട്ടെ, ഒരിക്കലും ക്ഷമ വിട്ടു പെരുമാറരുത്.''

''ഒന്നു മിണ്ടാതിരിക്കു അമ്മേ,'' ചെറിയ ഞണ്ട് ശുണ്ഠിയെടുത്തു. ''ഒരു മുത്തുച്ചിപ്പിയുടെ കൂടി ക്ഷമ പരീക്ഷിക്കാന്‍ പോരും നിങ്ങള്‍!''

''എന്റെ ദീനാ ഇവിടെ ഉണ്ടായിരുന്നെങ്കില്‍!'' ആലീസ് ആരോടെന്നില്ലാത ഉറക്കെ പറഞ്ഞു''....അവള്‍ എലിയെ പിടിച്ചു കൊണ്ടു വന്നേനെ!''

''ഞാനിങ്ങനെ ചോദിക്കുന്നതിന് ദേഷ്യപ്പെടുകയില്ലല്ലോ. ആരാണീ ദീനാ?'' ലോറി ചോദിച്ചു.

തന്റെ ഓമനയെക്കുറിച്ചു പറയാന്‍ അവള്‍ക്കുത്സാഹമാണ്. ആലീസ് ആവേശത്തോടെ തുടങ്ങി'' ദീനാ ഞങ്ങളുടെ പൂച്ചയാണ്. ഓ, എലികളെ പിടിക്കാന്‍ എന്തു സാമര്‍ഥ്യമാണ് അവള്‍ക്കെന്നോ! ഓ, അവള്‍ പക്ഷികളുടെ പിന്നാലെ കൂടുന്നത് നിങ്ങള്‍ കാണേണ്ടതു തന്നെയാണ്! ഒരു ചെറിയ പക്ഷിയെ കണ്ടു കിട്ടിയാല്‍ മതി, അവളതിനെ അകത്താക്കും.!''

ആലീസിന്റെ വാക്കുകള്‍ സംഘത്തില്‍ ഒരു ഭൂകമ്പം തന്നെയുണ്ടാക്കി. കുറെ പക്ഷികള്‍ വേഗം തന്നെ പറന്നകന്നു. ഒരു മാഗ്പൈ പക്ഷി സ്ഥലം വിടാന്‍ തയ്യാറെടുത്ത് പറഞ്ഞു: ''എനിക്ക് വീട്ടില്‍ പോയേ മതിയാകൂ. രാത്രിയിലെ തണുത്ത വായു എന്റെ തൊണ്ടക്ക് അസുഖമുണ്ടാക്കും.'' ഒരു കാനറി പക്ഷി വിറക്കുന്ന സ്വരത്തില്‍ കുഞ്ഞുങ്ങളെ വിളിച്ചു: വേഗം വരു, നിങ്ങളൊക്കെ ഉറങ്ങേണ്ട നേരം കഴിഞ്ഞല്ലോ.'' ഓരോരോ കാരണം പറഞ്ഞ് പക്ഷികളെല്ലാം സ്ഥലം വിട്ടു. അധികം താമസിയാതെ ആലീസ് തനിച്ചായി.

''ഞാന്‍ ദീനായെക്കുറിച്ചു പറയേണ്ടിയിരുന്നില്ല!'' വിഷാദത്തോടെ ആലീസ് തന്നത്താന്‍ പറഞ്ഞു. ''ഭൂമിക്ക് താഴെ ആര്‍ക്കും അവളെ ഇഷ്ടമല്ലെന്നു തോന്നുന്നു. ലോകത്തില്‍ വച്ച് ഏറ്റവും നല്ല പൂച്ചയാണ് അവളെന്ന് എനിക്കുറപ്പുണ്ട്. ഓ എന്റെ പ്രിയപ്പെട്ട ദീനാ! നിന്നെയിനി എന്നെങ്കിലും എനിക്ക് കാണാന്‍ കഴിയുമോ!'' തനിച്ചായതോടെ ദു:ഖിതയായിത്തീര്‍ന്ന പാവം ആലീസ് വീണ്ടും കരയാന്‍ തുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോള്‍ അകലെ നിന്ന് വീണ്ടും കാല്പ്പെരുമാറ്റം കേട്ടു. എന്താണെന്നറിയാനുള്ള ആകാംക്ഷയോടെ അവള്‍ തലയുയര്‍ത്തി. എലി മനസ്സുമാറി തിരിച്ചുവരികയാവാം. കഥ പൂര്‍ത്തിയാക്കാന്‍.

Previous Next

ലൂയിസ്‌ കരോൾ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.