പുഴ.കോം > കുട്ടികളുടെ പുഴ > നോവല്‍‌ > അദ്‌ഭുതലോകത്തിൽ ആലീസിന്റെ സാഹസികകൃതൃങ്ങൾ > കൃതി

മുയൽമാളത്തിലൂടെ താഴേക്ക്‌ (തുടർച്ച)

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ലൂയിസ്‌ കരോൾ

പെട്ടെന്ന്‌ അവൾ മൂന്നുകാലുള്ള ഒരു മേശയ്‌ക്കരികിലെത്തി. സ്‌ഫടികം കൊണ്ടുണ്ടാക്കിയതാണ്‌ മേശക്കാലുകൾ. ഒരു കൊച്ചു സ്വർണത്താക്കോൽ മാത്രമുണ്ട്‌ മോശപ്പുറത്ത്‌. ഹാളിലെ ഏതെങ്കിലും വാതിലിന്റെ താക്കോലായിരിക്കും. എന്നാൽ കഷ്‌ടം! ഒന്നുകിൽ പൂട്ടുകൾ താക്കോലിനെയപേക്ഷിച്ച്‌ വളരെ വലിയവയായിരുന്നു. അല്ലെങ്കിൽ താക്കോൽ പൂട്ടുകളെക്കാൾ ചെറുതും. എന്തായാലും സ്വർണ്ണത്താക്കോൽകൊണ്ട്‌ അവയിലൊന്നും തുറക്കാൻ കഴിഞ്ഞില്ല. വാതിൽ തുറക്കാൻ രണ്ടാം വട്ടവും ശ്രമിക്കുന്നതിനിടെ, അവൾ ഒരു കർട്ടൻ കണ്ടെത്തി. അത്ര ഉയരത്തിലല്ലാത്ത കർട്ടൻ നേരത്തേ അവളുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. കർട്ടനുപിന്നിൽ ഏകദേശം പതിനഞ്ച്‌ ഇഞ്ച്‌ ഉയരം വരുന്ന ഒരു വാതിലുണ്ടായിരുന്നു. സ്വർണത്താക്കോൽ അവൾ പൂട്ടിന്റെ പഴുതിലേക്കു കടത്തി നിഷ്‌പ്രയാസം അത്‌ ഉള്ളിൽക്കടന്നു.

ആലീസ്‌ വാതിൽ തുറന്നു. ഒരു എലിമാളത്തേക്കാൾ ഒട്ടും വലുതല്ലാത്ത ഇടനാഴിയിലേക്കുളളതാണ്‌ വാതിൽ. മുട്ടുകുത്തിനിന്ന്‌ അവൾ ആ ഇടനാഴിയിലൂടെ നോക്കി. ആലീസ്‌ കണ്ടിട്ടുള്ളതിൽവച്ച്‌ ഏറ്റവും മനോഹരമായ ഒരു പൂന്തോട്ടം! ഇരുട്ടു നിറഞ്ഞ ആ ഹാളിലൂടെ പുറത്തു കടക്കാനും തിളക്കമാർന്ന പൂക്കളുടെ കൂമ്പാരത്തിനും തണുത്ത ജലം ചിതറിക്കുന്ന ജലധാരയന്ത്രങ്ങൾക്കുമിടയിലൂടെ നടക്കാനും അവൾ എത്ര കൊതിച്ചുവെന്നോ! എന്നാൽ ആ വാതിലിലൂടെ തന്റെ തല കടത്താൻപോലും അവൾക്കു കഴിഞ്ഞില്ല. ‘എന്റെ തല കടത്താൻ കഴിഞ്ഞാലും,’ പാവം ആലീസ്‌ ചിന്തിച്ചു. ‘തോളുകൾകൂടി കടന്നില്ലെങ്കിൽ പിന്നെ അതുകൊണ്ടെന്തു പ്രയോജനം? ഒരു ദൂരദർശനിക്കുഴൽപോലെ ചുരുങ്ങാൻ കഴിഞ്ഞെങ്കിൽ!’ അസാധാരണമായ പല സംഗതികളും സംഭവിച്ചിരിക്കുന്നതിനാൽ, വളരെക്കുറച്ചു കാര്യങ്ങൾ മാത്രമേ യഥാർത്ഥത്തിൽ അസാധ്യമായിട്ടുള്ളൂ എന്നു വിചാരിച്ചുതുടങ്ങി ആലീസ്‌.

ചെറിയ വാതിലിനടുത്തു കാത്തുനിന്നിട്ട്‌ കാര്യമില്ലെന്നു തോന്നി അവൾ മേശയ്‌ക്കരികിലേക്കു നടന്നു. വേറൊരു താക്കോലോ, ആളുകളെ ദൂരദർശിനിക്കുഴൽ പോലെ ചുരുക്കി ഒതുക്കാനുള്ള മാർഗങ്ങൾ പ്രതിപാദിക്കുന്ന ഏതെങ്കിലും പുസ്‌തകമോ കിട്ടിയേക്കാം. ഇപ്രാവശ്യം മേശപ്പുറത്ത്‌ ഒരു ചെറിയ കുപ്പി ആലീസ്‌ കണ്ടെത്തി. ‘ഇത്‌’ നേരത്തേ ഇവിടെ ഉണ്ടായിരുന്നില്ല തീർച്ച.‘ കുപ്പിയുടെ കഴുത്തിൽ ഒരു കടലാസുതുണ്ട്‌ കെട്ടിയിരുന്നു. അതിൽ ഭംഗിയായി ഇങ്ങനെ എഴുതിയിരുന്നു. ’എന്നെ കുടിച്ചോളൂ.‘

’എന്നെ കുടിച്ചോളൂ‘ എന്നെഴുതിയിരിക്കുന്നതൊക്കെ കൊള്ളാം പക്ഷേ, ബുദ്ധിമതിയായ ആലീസ്‌ തിടുക്കത്തിൽ കുടിക്കില്ല. ’ഇല്ല, ആദ്യം അതിൽ ‘വിഷം’ എന്ന്‌ എഴുതിയിട്ടുണ്ടോയെന്ന്‌ നോക്കട്ടെ.‘ അവൾ പറഞ്ഞു. ആലോചിക്കാതെ പ്രവർത്തിച്ചതിനാൽ തീയിൽപ്പെട്ട്‌ വെന്തുമരിച്ചതോ, വന്യമൃഗങ്ങളാൽ ഭക്ഷിക്കപ്പെട്ടതോ ആയ കുട്ടികളെക്കുറിച്ചുള്ള നിരവധി ദാരുണങ്ങളായ കഥകൾ ആലീസ്‌ കേട്ടിട്ടുണ്ടായിരുന്നു. തങ്ങളുടെ കൂട്ടുകാർ പഠിപ്പിച്ച ലളിതമായ നിയമങ്ങൾ ഓർമ്മിക്കാഞ്ഞതുകൊണ്ടാണ്‌ അവർക്കെല്ലാം അപകടങ്ങൾ സംഭവിച്ചത്‌. തീയിളക്കുന്ന ചുവന്ന ലോഹക്കഷണം ഏറെ നേരം കയ്യിൽ പിടിച്ചാൽ പൊള്ളും; കത്തികൊണ്ട്‌ വിരൽ ആഴത്തിൽ മുറിച്ചാൽ ചോര വാർന്നു പോകും. അതുപോലെ ’വിഷം‘ എന്ന്‌ എഴുതിയിട്ടുള്ള കുപ്പിയിൽനിന്ന്‌ കുടിച്ചാൽ ഉടൻ തന്നെയോ, പിന്നീടോ മരിക്കും.

ഈ കുപ്പിയിൽ ’വിഷം‘ എന്നെഴുതിയിട്ടില്ലായിരുന്നതിനാൽ അതു രുചിച്ചുനോക്കാൻ ആലീസിനു ധൈര്യം വന്നു. വളരെ രുചികരമായി തോന്നിയതുകൊണ്ട്‌ (വാസ്‌തവത്തിൽ ചെറി, പാലും, മുട്ടയും ചേർത്ത പലഹാരം, കൈതച്ചക്ക, മിഠായി, വെണ്ണ ഇവയെല്ലാം ചേർന്ന രുചിയായിരുന്നു അതിന്‌) അവളത്‌ വേഗം കഴിച്ചുതീർക്കുകയും ചെയ്‌തു.

’ഇതെന്താരു വിചിത്രാനുഭവം.....!‘ ആലീസ്‌ പറഞ്ഞു. ദൂരദർശനിക്കുഴൽപോലെ ഞാൻ ചുരുങ്ങാൻ തുടങ്ങിയിരിക്കുന്നു.’

വാസ്‌തവത്തിൽ അതുതന്നെയാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നതും. ഇപ്പോൾ ആലീസിന്‌ പത്ത്‌ ഇഞ്ച്‌ ഉയരമേയുള്ളൂ. ചെറിയ വാതിലിലൂടെ ആ മനോഹരമായ പൂന്തോട്ടത്തിൽ കടക്കാൻ കഴിയുമെന്നായപ്പോൾ അവളുടെ മുഖം സന്തോഷംകൊണ്ടു തിളങ്ങി. എങ്കിലും ഇനിയും ചുരുങ്ങുമോയെന്നറിയാൻ കുറച്ചുനേരം കൂടി കാത്തുനിന്നു. അല്‌പം പേടിയും തോന്നാതിരുന്നില്ല. ‘ഇതോടെ എല്ലാം അവസാനിച്ചേക്കും’, ആലീസ്‌ തന്നത്താൻ പറഞ്ഞു. ‘മെഴുകുതിരിപോലെ ഉരുകിത്തീർന്നാൽ എങ്ങനെ പുറത്തുപോകാൻ പറ്റും? അപ്പോൾ എന്റെ രൂപം എന്തായിരിക്കും?’ മെഴുകുമുഴുവൻ ഉരുകിത്തീർന്നാൽ മെഴുകുതിരിയുടെ ജ്വാല എങ്ങനെയിരിക്കുമെന്ന്‌ സങ്കല്‌പിക്കാൻ ശ്രമിച്ചു ആലീസ്‌. അങ്ങനെയൊന്ന്‌ കണ്ടിട്ടില്ല.

കുറച്ചുനേരം കഴിഞ്ഞ്‌, കൂടുതൽ മാറ്റമൊന്നും സംഭവിച്ചില്ലെന്നു കണ്ട്‌ അവൾ വേഗം പൂന്തോട്ടത്തിലേക്കു കടക്കാൻ തീരുമാനിച്ചു. പക്ഷേ, കഷ്‌ടം! പാവം ആലീസ്‌! വാതിലിനടുത്തെത്തിയപ്പോഴാണ്‌ സ്വർണ്ണത്താക്കോലെടുക്കാൻ മറന്ന കാര്യം ഓർമ്മിച്ചത്‌. മേശപ്പുറത്തു നിന്ന്‌ അത്‌ എടുക്കാൻ ശ്രമിച്ചപ്പോഴാകട്ടെ കയ്യെത്തുന്നില്ല. ചില്ലിലൂടെ താക്കോൽ നന്നായി കാണാനുണ്ട്‌. മേശയുടെ കാലിൽ പിടിച്ചു കേറാനൊരു ശ്രമം നടത്തി നോക്കി ആലീസ്‌. മേശക്കാൽ വല്ലാതെ വഴുക്കുന്നുണ്ടായിരുന്നു. ആ ശ്രമത്തിൽ തളർന്ന്‌ നിലത്തിരുന്ന്‌, അവൾ കരയാൻ തുടങ്ങി.

‘ഓ, കരഞ്ഞതുകൊണ്ട്‌ യാതൊരു കാര്യവുമില്ല.’ കുറച്ച്‌ കർശനമായിത്തന്നെ ആലീസ്‌ പറഞ്ഞു. ഈ നിമിഷം തന്നെ കരച്ചിൽ നിർത്തണം.!‘ ഇങ്ങനെ സ്വയം ഉചിതമായ ഉപദേശം നൽകൽ ആലീസിന്റെ പതിവായിരുന്നു. (പക്ഷേ, പൊതുവേ അനുസരിക്കാറില്ലെന്നു മാത്രം) സ്വയം കരച്ചിൽ വരുത്തുമാറ്‌ അവൾ തന്നെ ശകാരിക്കാറുമുണ്ട്‌. ഒറ്റയ്‌ക്ക്‌ ക്രോക്കേ കളിക്കുമ്പോൾ തെറ്റുവരുത്തിയതിന്‌ സ്വന്തം ചെവിപിടിച്ചു തിരുമ്മിയത്‌ ആലീസ്‌ ഓർമ്മിച്ചു. സ്വയം രണ്ട്‌ വ്യക്തികളായി നടിക്കാൻ അവൾക്കു വളരെ ഇഷ്‌ടമായിരുന്നു. രണ്ടാളായി ഭാവിക്കുന്നതുകൊണ്ട്‌ പ്രയോജനമില്ല. ശരിക്കും ഒരൊറ്റ വ്യക്തിയാകാൻ പോലും ഇപ്പോൾ കഴിയില്ല!’ പാവം ആലീസ്‌ ചിന്തിച്ചു.

പെട്ടെന്ന്‌ മേശക്കടിയിലെ ചെറിയ ഭരണിയിൽ അവളുടെ കണ്ണുകൾ പതിഞ്ഞു. അതിൽ ഒരു ചെറിയ കേക്കുണ്ടായിരുന്നു. ‘എന്നെ തിന്നുകൊള്ളൂ’ എന്ന്‌ അതിൽ മനോഹരമായി എഴുതിയിരുന്നു. ‘കൊള്ളാം, ഞാനത്‌ തിന്നാം,’ ആലീസ്‌ പറഞ്ഞു. ‘അതെന്നെ വലുതാക്കിയാൽ എനിക്ക്‌ താക്കോൽ എടുക്കാം. അതല്ല, വീണ്ടും ചെറുതാകുകയാണെങ്കിൽ വാതിലിനടിയിലൂടെ പൂന്തോട്ടത്തിലേക്ക്‌ നുഴഞ്ഞുകേറാം. എങ്ങനെയായാലും എനിക്ക്‌ പൂന്തോട്ടത്തിലെത്താൻ കഴിയും. എന്തു വേണമെങ്കിലും സംഭവിച്ചോട്ടെ!’

കേക്കിന്റെ ഒരു ചെറിയ കഷണം ആലീസ്‌ തിന്നു. തലയ്‌ക്കു മുകളിൽ കൈ പിടിച്ച്‌ താൻ വളരുന്നുണ്ടോയെന്ന്‌ നോക്കി. മാറ്റമൊന്നും സംഭവിക്കാത്തതിലാണ്‌ അവൾക്കത്ഭുതം. കേക്ക്‌ കഴിക്കുന്നതുകൊണ്ട്‌ ആർക്കും മാറ്റമൊന്നുമുണ്ടാകാറില്ലെങ്കിലും വിചിത്രമായ സംഭവങ്ങൾ ഉണ്ടാകുമെന്നാണ്‌ ആലീസിന്റെ പ്രതീക്ഷ. സാധാരണഗതിയിലൂടെയുള്ള ജീവിതം വിരസവും ബുദ്ധിശൂന്യവുമാണെന്നതു തന്നെ കാരണം.

അവൾ വീണ്ടും കേക്ക്‌ തിന്നാനാരംഭിച്ചു. വേഗം തന്നെ അത്‌ തിന്നു തീർക്കുകയും ചെയ്‌തു.

Previous Next

ലൂയിസ്‌ കരോൾ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.