പുഴ.കോം > കുട്ടികളുടെ പുഴ > നോവല്‍‌ > അദ്‌ഭുതലോകത്തില്‍ ആലീസിന്റെ സാഹസികകൃതൃങ്ങള്‍ > കൃതി

രാജ്ഞിയുടെ ക്രോക്കേ മൈതാനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ലൂയിസ്‌ കരോൾ

പൂന്തോട്ടത്തിന്റെ പ്രവേശനകവാടത്തില്‍ ഒരു വലിയ പനിനീര്‍ച്ചെടി നിന്നിരുന്നു . മൂന്നു തോട്ടക്കാര്‍ തിര‍ക്കിട്ട് അതിലെ വെള്ളപ്പൂക്കളില്‍ ചുവന്ന ചായം തേക്കുകയാണ്. ഇതു വളരെ വിചിത്രമാണല്ലൊയെന്ന് ആലീസിനു തോന്നി . അവരെന്താണ് ചെയ്യുന്നതെന്നു നോക്കാന്‍ അവള്‍ അവരുടെ അടുത്തേക്കു ചെന്നു.

‘’ ശരിക്കു നോക്കി ചെയ്യു , അഞ്ചേ! എന്റെ മേല്‍ ഇങ്ങനെ ചായം വാ‍രിപ്പൂശല്ലേ !’‘ തോട്ടക്കാരിലൊരാള്‍ പറയുന്നത് അവള്‍ കേട്ടു.

‘’ ഞാനെന്തു ചെയ്യാന്‍ !’‘ മുഖം കോട്ടിക്കൊണ്ട് അഞ്ച് പറഞ്ഞു ‘’ ഏഴ് എന്റെ കയ്യില്‍ തട്ടി .’‘ ഏഴ് തലയുയര്‍ത്തി നോക്കി . ‘’അത് കൊള്ളാം അഞ്ചേ! എപ്പോഴും കുറ്റം മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കുക!’‘

‘’ നീ ഒന്നും പറയണ്ട. ’‘ അഞ്ച് പറഞ്ഞു . ‘’ നിന്റെ തലവെട്ടണമെന്ന് രാജ്ഞി ഇന്നലെ പറയുന്നത് ഞാന്‍ കേട്ടു .’‘

‘’ എന്തിന് നിന്റെ കാര്യമല്ല രണ്ടേ.’‘ ഏഴ് പറഞ്ഞു.

‘’ ഓ , അത് അവന്റെ കാര്യം തന്നെ '' അഞ്ച് പറഞ്ഞു ‘’ ഞാനത് അവനോട് പറയും. ഉള്ളിക്കു പകരം പൂവരശിന്റെ വേര് കൊണ്ടു പോയി കൊടുത്തതിനാ’‘

ഏഴ് തന്റെ കയ്യിലെ ബ്രഷ് വലിച്ചെറിഞ്ഞിട്ട് പറഞ്ഞു തുടങ്ങി:

''എല്ലാ അനീതി നിറഞ്ഞ കാര്യങ്ങളിലും -‘’ അപ്പോഴാണ് അവന്‍ ആലീസിനെ കണ്ടത് . അവരെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു അവള്‍ . അവന്‍ വേഗം സംഭാഷണം നിര്‍ത്തി. മറ്റുള്ളവര്‍ നാലുപാടും നോക്കി . എല്ലാവരും ചേര്‍ന്ന് അവളെ താണു വണങ്ങി.

‘’ നിങ്ങളെന്തിനാ ഈ പനിനീര്‍പൂവുകളില്‍ ചായം തേയ്ക്കുന്നത്?’ ‘ മടിച്ചു മടിച്ച് ആലീസ് ചോദിച്ചു.

അഞ്ചും ഏഴും ഒന്നും പറയാതെ രണ്ടിനെ നോക്കി . രണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു തുടങ്ങി ‘’ ഇവിടെ ചുവന്ന പൂക്കളുണ്ടാകുന്ന പനിനീര്‍ച്ചെടിയായിരുന്നു നടേണ്ടത്. ഞങ്ങള്‍ നട്ടത് വെള്ളയായിപ്പോയി . രാജ്ഞിയിതറിഞ്ഞാല്‍ ഞങ്ങളുടെയെല്ലാം തല പോയതു തന്നെ . അതുകൊണ്ട്, രാജ്ഞി വരും മുമ്പേ എല്ലാം ശരിയാക്കാനുള്ള ശ്രമത്തിലാണ്. ‘’ ഉത്കണ്ഠയോടെ അകലേക്കു നോക്കിയിരുന്ന അഞ്ച് അപ്പോള്‍ വിളിച്ചു പറഞ്ഞു : ‘’ രാജ്ഞി ! രാജ്ഞി വരുന്നു ‘’ മൂന്നു തോട്ടക്കാരും അടുത്ത നിമിഷം മുഖം തറയിലമര്‍ത്തി നിലത്തു കിടന്നു . ഒട്ടേറെപ്പേരുടെ കാലടി ശബ്ദം കേള്‍ക്കാമായിരുന്നു . രാജ്ഞിയെ കാണാനായി ആകാംക്ഷയോടെ ആലീസ് നാലുപാടും നോക്കി.

ഗദ കയ്യിലേന്തിയ പത്തു പടയാളികളാണ് ആദ്യം വന്നത്. ആ മൂന്നു തോട്ടക്കാരേപ്പോലെ തന്നെ ദീര്‍ഘചതുരത്തിലും പരന്നുമായിരുന്നു അവരും. ചീട്ടിന്റെ നാലു മൂലകളിലുമായിരുന്നു അവരുടെയും കൈകാലുകള്‍ . രത്നങ്ങള്‍ ധരിച്ച പത്തു രാജ സദ്യസ്യരായിരുന്നു പിന്നീടു വന്നത്. പടയാളികളേപ്പോലെ ഈ രണ്ടു പേരായി . തുടര്‍ന്ന് രാജകുടുംബത്തിലെ കുട്ടികള്‍ . പത്തുപേരുണ്ടായിരുന്നു അവര്‍. ജോഡികളായി കൈകോര്‍ത്ത് സന്തോഷത്തോടെ തുള്ളിച്ചാടിക്കൊണ്ടാണ് അവര്‍ വന്നത്. അതിഥികളുടെ വരവായി പിന്നെ രാജാക്കന്‍മാരും രാജ്ഞിമാരുമായിരുന്നു അവരില്‍ ഭൂരിഭാഗവും . അക്കൂട്ടത്തില്‍ വെള്ളമുയലിനെ ആലീസ് തിരിച്ചറിഞ്ഞു . വലിയ തിടുക്കത്തിലായിരുന്നു അവന്‍. ഉത്കണ്ഠയോടെ പിറുപിറുക്കുകയും , തന്നോട് സംസാരിക്കുന്നവരുടെ നേരെ നോക്കി പുഞ്ചിരിക്കുകയും ചെയ്ത്, ആലീസിനെ ശ്രദ്ധിക്കുകപോലും ചെയ്യാതെ അവന്‍ കടന്നു പോയി. തുടര്‍ന്ന് കടും ചുവപ്പ് നിറത്തിലുള്ള വൈലറ്റ് കുഷ്യനില്‍ രാജാവിന്റെ കിരീടവുമേന്തി ഇസ്പേഡ് ഗുലാന്‍. ഈ മഹാഘോഷയാത്രയുടെ ഒടുവില്‍ ഇസ്പേഡ് രാജാവും രാ‍ജ്ഞിയും . ആ മൂന്ന് തോട്ടക്കാരേപ്പോലെ തറയില്‍ മുഖമമര്‍ത്തി കിടക്കണോയെന്ന് ആലീസ് ആദ്യം ആലോചിച്ചതാണ് . പക്ഷെ,എഴുന്നള്ളത്തിന് അത്തരമൊരു ആചാരമുള്ളതായി അവള്‍ കേട്ടിരുന്നില്ല . ‘’ ആളുകള്‍ ഇങ്ങനെ തറയില്‍ കമഴ്ന്നു കിടന്നാല്‍ പിന്നെന്തിനാണ് ഘോഷയാത്രകള്‍? അവര്‍ക്കിത് കാണാന്‍ പറ്റേണ്ടതല്ലേ?’‘ അവള്‍ ഇനിയെന്താണ് സംഭവിക്കുകയെന്ന് കാത്തുനിന്നു.

എഴുന്നള്ളത്ത് ആലീസിനടുത്തെത്തിയപ്പോള്‍ എല്ലാവരും നിന്നു. ‘’ ആരാണിവള്‍ ?’‘ ക്രുദ്ധയായി രാജ്ഞി ചോദിച്ചത്. ഭൃത്യന്മാരോടാണ് രാജ്ഞി ചോദിച്ചത് . ചോദ്യമാവര്‍ത്തിച്ചപ്പോള്‍ അവര്‍ തലകുനിക്കുകയും പുഞ്ചിരിക്കുകയും മാത്രം ചെയ്തു.

‘’ വിഢ്ഡികള്‍ ! ‘’ അക്ഷമയോടെ തലകുലുക്കിക്കൊണ്ട് റാണി പറഞ്ഞു. അവള്‍ ആലീസിനു നേരെ തിരിഞ്ഞു. ‘’ നിന്റെ പേരെന്താണ് കുട്ടി?’‘

‘’ ആലീസ് എന്നാണ് എന്റെ പേര്‍, തമ്പുരാട്ടി !’‘ വളരെ മര്യാദയോടെ ആലീസ് പറഞ്ഞു. അതോടൊപ്പം സ്വയം ഇങ്ങനെ പറയുകയും ചെയ്തു: ‘’ ഓ, എത്രയായാലും അവര്‍ കൂട്ടം ചീട്ടുകള്‍ മാത്രമാണ് എനിക്കവരെ ഭയപ്പെടേണ്ട കാര്യമൊന്നുമില്ല.’‘

‘’ഇവരൊക്കെ ആരാണ്?’‘ പനിനീര്‍ച്ചെടികള്‍ക്കു ചുറ്റും നിരന്നു കിടക്കുന്ന മൂന്നു തോട്ടക്കാരേയും ചൂണ്ടി രാജ്ഞി ചോദിച്ചു . മുഖമമര്‍ത്തി കിടന്നിരുന്നതിനാല്‍ അവരുടെ പുറംഭാഗം മാത്രമേ കാണാനുണ്ടായിരുന്നുള്ളു. പുറം ഭാഗം സംഘത്തിലെ മറ്റുള്ളവരുടേതു പോലെ തന്നെയായിരുന്നതുകൊണ്ട് അവര്‍ തോട്ടക്കാരാണോ, പടയാളികളാണോ, രാജസദസിലെ അംഗങ്ങളാണോ അതോ തന്റെ തന്നെ മക്കളില്‍ മൂന്നുപേരാണോ എന്ന് രാജ്ഞിക്ക് അറിയാന്‍ കഴിഞ്ഞില്ല.

‘’ എനിക്കെങ്ങനെ അറിയാം ?’‘ താന്‍ കാണിക്കുന്ന ധൈര്യത്തില്‍ സ്വയം അത്ഭുതപ്പെട്ടുകൊണ്ടു തന്നെ ആലീസ് പറഞ്ഞു . ‘’ അത് എന്റെ കാര്യമല്ല.’‘

ദേഷ്യം കൊണ്ട് രാജ്ഞി ചുവന്നു. വന്യമൃഗത്തേപ്പോലെ ആലീസിനെ നോക്കി അവള്‍ അലറി : ‘’ അവളുടെ തല വെട്ട് ! വെട്ട്-‘’

‘’ വിഡ്ഡിത്തം ! ആലീസ് ഉച്ചത്തില്‍ ധൈര്യപൂര്‍വം പറഞ്ഞതോടെ രാജ്ഞി നിശബ്ദയായി.

രാജാവ് അവരുടെ കൈ പിടിച്ച് , സങ്കോചത്തോടെ പറഞ്ഞു.

‘’ പ്രിയേ , അവള്‍ കൊച്ചുകുട്ടിയല്ലേ!’‘

രാജ്ഞി ദേഷ്യപ്പെട്ട് അകന്നു മാറി , ഗുലാനോട് കല്‍പ്പിച്ചു : ‘’ അവരെ മറിച്ചിട്!’‘ ഗുലാന്‍ അവരെ കാലുകൊണ്ട് മറിച്ചിട്ടു.

‘’ എഴുന്നേല്‍ക്ക് !’‘ ചിലമ്പിച്ച സ്വരത്തില്‍ രാജ്ഞി അലറി. മൂന്നു തോട്ടക്കാരും ചാടിയെണീറ്റ് രാജാവിനേയും രാജ്ഞിയേയും രാജകുമാരന്മാരേയും കുമാരിമാരേയും മറ്റ് ഓരോരുത്തരേയും വണങ്ങാന്‍ തുടങ്ങി.

‘’ നിര്‍ത്ത് ! ‘’ രാജ്ഞി അലറി . ‘’ നിങ്ങള്‍ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു .’‘ പനിനീര്‍ച്ചെടിയുടെ നേരെ നോക്കി അവര്‍ തുടര്‍നു ‘’ നിങ്ങളിവിടെ എന്തു ചെയ്യുകയായിരുന്നു?’‘

Previous Next

ലൂയിസ്‌ കരോൾ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.