പുഴ.കോം > കുട്ടികളുടെ പുഴ > കോളങ്ങള്‍ > അമ്മൂമ്മയുടെ കോഴി > കൃതി

നല്ലതുചെയ്‌താൽ നന്മ വരും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സത്യൻ താന്നിപ്പുഴ

മയിലാടും കുന്നിന്റെ ചരുവിൽ കുറ്റിക്കാടുകളുടെ നടുവിൽ ഒരു ചെറിയ കുടിലിൽ കോരനും നാലു മക്കളും താമസിച്ചിരുന്നു. അവർ മലയിൽ പോയി വിറകുവെട്ടി പട്ടണത്തിൽ കൊണ്ടുവന്ന്‌ വിറ്റ്‌ ഉപജീവനം കഴിച്ചു.

മൂന്നു മക്കളും വിവാഹശേഷം അച്ഛനോടവകാശം വാങ്ങി വേർപിരിഞ്ഞു താമസിച്ചു.

ഇളയ മകൻ കണ്ണനും കോരനും തനിച്ചായി. മലയിൽ പോകാൻ വയ്യാത്തവിധം വൃദ്ധനായ കോരൻ ഇളയ മകന്റെ സംരക്ഷണയിൽ കഴിഞ്ഞു.

കണ്ണന്‌ തന്റെ സ്വത്തുക്കളൊന്നും കൊടുക്കാൻ കഴിഞ്ഞില്ല. എല്ലാം മൂത്ത മക്കൾ അപഹരിച്ചെടുത്തു. കോരന്‌ അതിയായ ദുഃഖം തോന്നി, സമ്പാദ്യപ്പെട്ടി തുറന്നു നോക്കി. അതിൽ ഒരു ഒറ്റ രൂപ കിടപ്പുണ്ടായിരുന്നു. അതെടുത്ത്‌ ഇളയ മകന്‌ കൊടുത്തു.

“ഈ രൂപകൊണ്ട്‌ നിനക്ക്‌ ഇഷ്‌ടമുള്ളതു ചെയ്യുക. നിന്റെ നിത്യവൃത്തിക്കും വിവാഹച്ചെലവിനും ഇതുപകരിക്കും. നീ ഒരു കാലത്ത്‌ ചേട്ടന്മാരെക്കാൾ വലിയ പണക്കാരനാകും.” നാണയം കൊടുത്തുകൊണ്ട്‌ കോരൻ മകനെ അനുഗ്രഹിച്ചു.

കണ്ണൻ നാണയവും വാങ്ങി അച്‌ഛന്റെ പാദംതൊട്ട്‌ നമസ്‌ക്കരിച്ച്‌ കുലദൈവത്തെ ധ്യാനിച്ചുകൊണ്ട്‌ വീട്‌ വിട്ടിറങ്ങി. അവൻ അങ്ങനെ നടന്നു പോകുമ്പോൾ ഒരു കരുവാൻ ആലയിലിരുന്ന്‌ കത്തിയുണ്ടാക്കുന്നതു കണ്ടു. നാണയം കൊടുത്ത്‌ അവൻ കത്തി വാങ്ങി. കത്തി കൊണ്ടുപോകുമ്പോൾ ഒരു ചെത്തുകാരനെ കണ്ടു. ചെത്തുകാരൻ വിഷാദമഗ്നനായി തെങ്ങിന്റെ ചുവട്ടിൽ നില്‌ക്കുകയായിരുന്നു.

“എന്താ, ദുഃഖിച്ചിങ്ങനെ നില്‌ക്കുന്നത്‌?” കണ്ണൻ ചോദിച്ചു.

“എന്റെ കത്തി ഒടിഞ്ഞുപോയി. ചെത്താൻ കത്തിയില്ലാത്തതുകൊണ്ട്‌ നില്‌ക്കുകയാണ്‌. ചെത്തുകാരൻ പറഞ്ഞു.

”ഒരു കുടം കള്ളുതന്നാൽ കത്തി തരാം“ കണ്ണൻ പറഞ്ഞു.

ചെത്തുകാരൻ സമ്മതിച്ചു.

കത്തികൊടുത്ത്‌ കള്ളുംകുടം വാങ്ങി തലയിൽ വച്ചുകൊണ്ട്‌ പതിയെ നടന്നു. കുറേ ദൂരം ചെന്നപ്പോൾ റോഡരുകിൽ ഒരമ്മൂമ്മ ഇരുന്നു കരയുന്നതു കണ്ടു.

”എന്താ അമ്മൂമ്മ കരയുന്നത്‌“? അവൻ ചോദിച്ചു.

അമ്മൂമ്മ പറഞ്ഞു. ”അപ്പം ഉണ്ടാക്കി വില്‌ക്കലാണു മകനേ എന്റെ ജോലി. അപ്പം ഉണ്ടാക്കുവാനുളള കള്ളു വാങ്ങിക്കാൻ കാശില്ലാതെ വിഷമിക്കുകയാണ്‌. ഞാൻ പലരോടും കടം ചോദിച്ചു. ആരും തന്നില്ലാ“

കണ്ണൻ പറഞ്ഞുഃ ”ഒരു മുറം അപ്പം തരാമെങ്കിൽ ഒരു കുടം കള്ളുതരാം.“

അമ്മൂമ്മ സമ്മതിച്ചു. കണ്ണൻ കള്ളു കൊടുത്തു.

അമ്മൂമ്മ അരി ഇടിച്ച്‌ പൊടിച്ച്‌ കള്ളൊഴിച്ച്‌ നനച്ച്‌ അപ്പം ഉണ്ടാക്കി ഒരു മുറം അപ്പം കൊടുത്തു.

അപ്പവുംകെണ്ട്‌ അവൻ നടന്നു കുറേദൂരം ചെന്നപ്പോൾ കുറേ ആട്ടിടയന്മാരെ കണ്ടു. അവർ ആഹാരം കഴിക്കാതെ വിശന്ന്‌ തളർന്നിരുന്നു. അവർ ജീവൻ നിലനിർത്താൻ വേണ്ടി പച്ചിലകൾ പറിച്ചു ഭക്ഷിക്കുകയായിരുന്നു.

കണ്ണൻ ആട്ടിടയന്മാരോട്‌ ഇലകൾ ഭക്ഷിക്കുന്നതെന്തിനാണെന്ന്‌ ചോദിച്ചു. വിശന്നിട്ടാണെന്നവർ പറഞ്ഞു.

”ഒരു പെണ്ണാടിനെ തരാമെങ്കിൽ ഒരു മുറം അപ്പം തരാം.“ കണ്ണൻ പറഞ്ഞു

ഇടയന്മാർ അതു സമ്മതിച്ചു. പെണ്ണാടിനെ കൊടുത്തു. അപ്പം വാങ്ങി ഭക്ഷിച്ചു.

ആടിനേയുംകൊണ്ട്‌ കണ്ണൻ പോയി. ഗർഭിണിയായിരുന്ന ആട്‌ കുറച്ചുദിവസം കഴിഞ്ഞപ്പോൾ പ്രസവിച്ചു. ആട്ടിൻകുട്ടിയും തള്ളയുമായി പോകുമ്പോൾ വഴിയരികിൽ ഒരു വീടിന്റെ വരാന്തയിൽ ഒരമ്മയും മകളും ഇരുന്ന്‌ കരയുന്നത്‌ കണ്ടു.

”എന്തിനാണ്‌ കരയുന്നത്‌?“ കണ്ണൻ ചോദിച്ചു.

അമ്മ പറഞ്ഞുഃ ഞാനൊരു ആസ്‌മരോഗിയാണ്‌. വള്ളിപ്പാലയില ആട്ടിൻപാലിലരച്ച്‌ അതിരാവിലെ കഴിക്കാനാണ്‌ വൈദ്യൻ നിശ്ചയിച്ചിരിക്കുന്നത്‌ പാല്‌ കിട്ടാത്ത വിഷമംകൊണ്ട്‌ കരഞ്ഞുപോയതാണ്‌. ആടിനെ എനിക്ക്‌ തരാമോ?

”ഓഹോ! അതിനെന്താ, ആടിനെ തരാം. പകരം നിങ്ങളുടെ മകളെ എനിക്കു വിവാഹം ചെയ്‌തു തരണം“

അമ്മ സമ്മതിച്ചു. ആടിനെ മകളെ കണ്ണന്‌ വിവാഹം ചെയ്‌തുകൊടുത്തു.

അങ്ങനെ കോരന്റെ ഒറ്റരൂപ മകന്റെ കൈയിലും മകന്റെ കൈയിലെ രൂപ കരുവാന്റെ കൈയിലും കരുവാന്റെ കത്തി ചെത്തുകാരന്റെ കൈയിലും ചെത്തുകാരന്റെ കള്ള്‌ അമ്മൂമ്മയുടെ കൈയിലും അമ്മൂമ്മയുടെ അപ്പം ആട്ടിടയന്മാരുടെ കൈയിലും ആട്ടിടയന്മാരുടെ ആട്‌ അമ്മയുടെ കൈയിലുമായി. അമ്മയുടെ മകൾ കണ്ണന്റെ ഭാര്യയുമായി.

കണ്ണനും ഭാര്യയും വനത്തിൽ പോയി വിറകുവെട്ടിക്കൊണ്ടുവന്ന്‌ വിറ്റ്‌ നിത്യവൃത്തി കഴിച്ചു. ഒരു ദിവസം ഇരുവരുമൊരുമിച്ച്‌ വനത്തിൽ ചെന്നപ്പോൾ ഒരു മലവേടൻ അവശനായി വീണുകിടക്കുന്നതു കണ്ടു. അവർ അടുത്തു ചെന്നപ്പോൾ കുടിക്കാൻ വെള്ളം വേണമെന്നയാൾ ആവശ്യപ്പെട്ടു. കണ്ണൻ അടുത്തുള്ള തടാകത്തിൽ നിന്ന്‌ ഒരിലക്കുമ്പിളിൽ ജലം കൊണ്ടുവന്ന്‌ കൊടുത്തു.

വെള്ളം കുടിച്ചെഴുന്നേറ്റിരുന്ന മലവേടൻ കണ്ണനും ഭാര്യയും കാട്ടിൽ വരാനുണ്ടായ കാരണം തിരക്കി.

വിറകുവെട്ടി വില്‌പനക്കു വേണ്ടി പട്ടണത്തിലേക്കു കൊണ്ടുപോകാൻ വന്നവരാണ്‌ എന്നറിയിച്ചു.

ജീവിക്കാൻ വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന ആ ദമ്പതികളോട്‌ മലവേടന്‌ അനുകമ്പ തോന്നി.

തടാകത്തിന്റെ അരികിൽ നിന്ന മരത്തിൽ പടർന്നു കയറാൻ ശ്രമിക്കുന്ന ഒരു ചെടി വേരോടെ പറിച്ച്‌ മണ്ണ്‌ കളയാതെ എടുത്ത്‌ ഭദ്രമായി കാട്ടിലകളിൽ പൊതിഞ്ഞു കൊടുത്തു. വീട്ടിൽ കൊണ്ടുപോയി ചട്ടിയിൽ നട്ടുപിടിപ്പിച്ച്‌ മുറിയിൽ സൂക്ഷിച്ചു കൊള്ളുവാൻ പറഞ്ഞു.

”രൂപക്ക്‌ ആവശ്യം വരുമ്പോൾ ഇരുമ്പു കഷ്‌ണങ്ങളെടുത്ത്‌ ചെടിയുടെ ഇല പറിച്ച്‌ തേച്ചതിനുശേഷം നേരത്തോടുനേരം തീയിലിട്ടിരുന്നാൽ സ്വർണ്ണമായി കിട്ടും. പോയിവരൂ. ഇനി നിങ്ങൾ വിറകുവെട്ടി കഷ്‌ടപ്പെടണ്ട. ഇതു നീലക്കൊടുവേലിയാണ്‌! മലവേടൻ ദമ്പതികളെ അനുഗ്രഹിച്ചയച്ചു.

കണ്ണനും ഭാര്യയും മലവേടൻ പറഞ്ഞ രീതിയിൽ ചെയ്‌തു സ്വർണ്ണം വിറ്റ്‌ പണക്കാരായി. കുടിലിന്റെ സ്‌ഥാനത്ത്‌ വലിയ മാളിക പണിയിച്ചു. കോരൻ മകന്റെ ഭാഗ്യം കണ്ട്‌ സന്തോഷിച്ചു. ഭാര്യയുടെ അമ്മയും അവരോടൊപ്പം വന്നു താമസിച്ചു.

പണം വർദ്ധിച്ചപ്പോൾ ലോഹ്യം പറഞ്ഞ്‌ ജ്യേഷ്‌ഠന്മാരും അടുത്തുകൂടി.

നല്ലതു ചെയ്‌താൽ നന്മവരുമെന്ന്‌ ജ്യേഷ്‌ഠന്മാർക്ക്‌ ബോദ്ധ്യം വന്നു.

Previous Next

സത്യൻ താന്നിപ്പുഴ

തൂമ്പായിൽ,

ഒക്കൽ പി.ഒ.,

പിൻ - 683 550.


Phone: 0484-2462084




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.