പുഴ.കോം > നാട്ടറിവ് > നാട്ടറിവ് > കൃതി

തേൻകുറുമരുടെ പുര

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി. ജി. പത്‌മിനി

‘ആദിവാസികൾ വീടുകൾ നിർമ്മിക്കാൻവേണ്ടി വൃക്ഷങ്ങളുപയോഗിച്ചിരുന്നില്ല.’

മന്ദിരവും മാളികയും ബംഗ്ലാവും വില്ലയും എട്ടുകെട്ടും നാലുകെട്ടും വസതിയും ഉണ്ടാക്കുന്ന അർത്ഥതലമല്ല പുര എന്ന വാക്ക്‌ തമ്മിലുണ്ടാകുന്നത്‌. ഈ വാക്കിന്‌ ആർഭാടത്തിന്റെ മുഖമുദ്രയല്ല, ലാളിത്യത്തിന്റേയും ആവശ്യകതയുടേയും പിൻബലമാണുളളത്‌. വനങ്ങളിലും വനപ്രാന്തങ്ങളിലും ജീവിക്കുന്നവരാണ്‌ തേൻകുറുമർ അഥവാ കാട്ടുനായ്‌ക്കർ. വെളളത്തിനും വിറകിനും ക്ഷാമമില്ലാത്ത സ്ഥലങ്ങളാണ്‌ ഇവർ പുരകളുണ്ടാക്കാൻ തെരഞ്ഞെടുക്കാറുളളത്‌. പണിയരെപ്പോലെ ഒരു മുറ്റത്തിനു ചുറ്റുമായി പുരകളുണ്ടാക്കുന്ന രീതി ഇവർക്കില്ല. അടുത്തടുത്തായി പുരകളുണ്ടാക്കുമെന്നുമാത്രം. വയനാട്ടിലെ ആദിവാസികളുടെ ഒരു പ്രത്യേകത കാടുകൾ അവർക്കന്യമല്ലാതിരുന്ന കാലത്തും വീടുകൾ നിർമ്മിക്കാൻവേണ്ടി വൃക്ഷങ്ങളുപയോഗിച്ചിരുന്നില്ല എന്നതാണ്‌. തങ്ങൾക്ക്‌ ചുറ്റുമായി വൻവൃക്ഷങ്ങൾ തലയുയർത്തി നില്‌ക്കുമ്പോഴും മുളയാണ്‌ കുടിലുകളുണ്ടാക്കാൻ ഉപയോഗിച്ചിരുന്നത്‌. അതുകൊണ്ട്‌ ഒരു മുള സംസ്‌കാരമാണ്‌ ഇവർക്കുളളതെന്ന്‌ പറയാം.

വീടു നിർമ്മിക്കുന്ന വേളയിൽ ആദ്യം തറനിരപ്പിൽനിന്ന്‌ നാലഞ്ചടി ഉയരത്തിൽ മണ്ണിട്ടുയർത്തും. അതിന്റെ നാലുഭാഗത്തുമായി വലിയ മുളങ്കാലുകൾ കുഴിച്ചിടും. മുളയ്‌ക്കിവർ ‘ദട്ടെ’ എന്നാണ്‌ പറയുക. അതിനുമുകളിൽ മേൽപുരയുണ്ടാക്കുന്നതും നേരിയ മുളകളും, മുളകീറിയുണ്ടാക്കിയ അലകുമുപയോഗിച്ചാണ്‌. ‘അടുമ്പൻ വളളി’ എന്ന്‌ മറ്റുളളവർ പറയുന്ന കാട്ടുവളളി, ഇതിന്‌ തേൻകുറുമർ ‘കട്ടാവരെ അമ്പു’ എന്നാണ്‌ പറയുക. ഇതു കീറിയാണ്‌ കയറിനും ചൂടിക്കും പകരമായി ഉപയോഗിക്കുക. അലകുമെടഞ്ഞ്‌ കുടിലിന്റെ നാലുഭാഗത്തും ചുമരുണ്ടാക്കും. ഇതിനുമുകളിൽ ആദ്യം മണ്ണുതേച്ചുപിടിപ്പിക്കും. പിന്നീട്‌ ചാണകവും മെഴുകും മുകളിൽ ‘അട്ടാല്‌’ എന്ന്‌ തേൻകുറുമർ പറയുന്ന അട്ടവും മുളകീറി മെടഞ്ഞാണുണ്ടാക്കുക. വാതിലും അപ്രകാരം തന്നെ. അടുക്കള കൂടാതെ ഒന്നോ രണ്ടോ കൊച്ചുമുറികളുണ്ടാകും ഈ കുടിലുകൾക്കുളളിൽ. കാട്ടുപുല്ലോ വൈക്കോലോ ആണ്‌ പുരമേയാനുപയോഗിക്കുക. നമ്മുടെ അടുക്കള തേൻ കുറുമരുടെ ‘അസിഗമതെ’ ആണ്‌. ഇതിന്നകത്ത്‌ കുറച്ച്‌ മൺകലങ്ങളും ചിരട്ടത്തവികളും അലൂമിനിയപ്പാത്രങ്ങളും മുളങ്കുറ്റികളുമുണ്ടാകും. തേനും, അരിയും മുളയരിയുമെല്ലാം ഈ മുളങ്കുറ്റികളിലാണ്‌ സംഭരിച്ചുവെക്കാറുളളത്‌. കിടക്കാനുപയോഗിക്കുന്ന മുറികളിൽ ചിലർ മുളങ്കുറ്റികളിൽ ഉറപ്പിച്ച മുളന്തട്ടുകളുണ്ടാക്കിയിടാറുണ്ട്‌. ഇതിനുമുകളിൽ പായ വിരിച്ചാണുറങ്ങുക. വീടും മുറ്റവും വൃത്തിയാക്കാൻ ബറാള്‌ (കുറുന്തേട്ടിച്ചൂൽ) കാട്‌ലരച്ചൂല്‌ (മാനിപ്പുല്ലു കൊണ്ടുണ്ടാക്കിയ ചൂൽ) എന്നിവ ഉപയോഗിക്കും. ഏറ്റവും ലളിതമായി എങ്ങനെയാണ്‌ ഒരു മനുഷ്യൻ ജീവിക്കുക എന്നതിന്‌ തെളിവാണ്‌ തേൻകുറുമന്റെ വീടും ജീവിതവും. ഈ വീടു നിർമ്മിക്കാൻ അവരെ സംബന്ധിച്ചിടത്തോളം ഒന്നോ രണ്ടോ ദിവസത്തെ കായികാദ്ധ്വാനമല്ലാതെ മറ്റൊന്നും ആവശ്യമായി വരുന്നില്ല. ആദിവാസികളായതുകൊണ്ടും കാട്ടിൽത്തന്നെ താമസിക്കുന്നതുകൊണ്ടും മുളമുറിയ്‌ക്കാം. വിലയ്‌ക്കുവാങ്ങേണ്ടത്‌ മേൽക്കൂരമേയാനുപയോഗിക്കുന്ന വൈക്കോൽ മാത്രമാണ്‌. കാട്ടുപുല്ലുകൾ ശേഖരിച്ചിട്ടുണ്ടെങ്കിൽ അതിനും ചെലവു വരുന്നില്ല. ഒരു ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും സ്വരൂപിച്ചുവെച്ചാണ്‌ ഇന്നൊരു പരിഷ്‌കൃതൻ പ്രത്യേകിച്ചും ഉദ്യോഗസ്ഥൻ ആഡംബരങ്ങളോടുകൂടിയ തന്റെ വാസഗൃഹം ഉണ്ടാക്കുന്നത്‌. അതവന്റെ പ്രൗഢിയുടെ തെളിവായി കണക്കാക്കപ്പെടുന്നു എന്ന ധാരണകൊണ്ട്‌ അതിനുവേണ്ടി അനുഭവിക്കുന്ന കഷ്‌ടനഷ്‌ടങ്ങളുടേയും മാനസിക പിരിമുറുക്കങ്ങളുടേയും തൊഴിലാളികൾക്കുവേണ്ടിയുളള അലച്ചിലിന്റേയും കഥ വേറെയും.

തേൻകുറുമർക്ക്‌ ഘട്ടങ്ങളിൽ തങ്ങളുടെ കുടിലിനോട്‌ ചേർന്ന്‌ മറ്റൊരു കുടിൽ കൂടി നിർമ്മിക്കേണ്ടി വരും. പെൺകുട്ടികളുണ്ടെങ്കിൽ അവർ ഋതുമതികളായാൽ മാറ്റിപ്പാർപ്പിക്കുന്നതിനു വേണ്ടിയാണിത്‌. പുരുഷൻമാരെ കാണാതെ, പകൽവെളിച്ചം ദർശിക്കാതെ, തെരണ്ടുകല്യാണം നടക്കുന്നതുവരെ പെൺകുട്ടി ഇതിന്നകത്ത്‌ അടച്ചുപൂട്ടി ഇരിക്കും. ചടങ്ങുനടത്താനുളള പണം രക്ഷിതാക്കൾ സംഭരിക്കാൻ വൈകിയാൽ രണ്ടും മൂന്നും മാസം കുട്ടികൾക്ക്‌ കുടിലിനുളളിൽ കഴിയേണ്ടിവരാറുണ്ട്‌. അതുപോലെ കുടിലുകൾക്ക്‌ സമീപത്തായി ഏറുമാടങ്ങളും ഉണ്ടാക്കേണ്ടതുണ്ട്‌. ചെറുപ്പക്കാരുടെ താവളമാണിത്‌. രാത്രികാലങ്ങളിൽ അവർ ഉറങ്ങിയും ഉറങ്ങാതെയും കഴിച്ചുകൂട്ടുന്ന സ്ഥലം. ആദിവാസികൾ അട്ടളെ, അട്ടണെ, പൊല്ലി, വളളി എന്നെല്ലാം ഇവയെ വിളിച്ചുപോരുന്നു. വൃക്ഷങ്ങളുടെ തായ്‌ത്തടിയോടു ചേർന്നു കാണുന്ന വലിയ കവരങ്ങളുടെ കോണുകളിലാണ്‌ ഇവ ഉണ്ടാക്കാറുളളത്‌. ഊന്നു നല്‌കാൻ മുളങ്കമ്പുകൾ ഉപയോഗിക്കും. മുകളിൽ കയറിപ്പറ്റാൻ മുളയേണികളാണുപയോഗിക്കുന്നത്‌. വനവാസികളായ ഇവരുടെ കുടിലുകൾക്കടുത്തേക്ക്‌ കാട്ടാനകൾ വന്നാൽ ഏറുമാടങ്ങൾക്കു മുകളിലിരിക്കുന്ന ചെറുപ്പക്കാർ പാട്ടകൊട്ടി ഇവയെ ഓടിക്കും. അതൊന്നും വകവെയ്‌ക്കാതെ മുന്നേറുന്ന കാട്ടുകൊമ്പന്‌മാരെ തീപ്പന്തങ്ങളെറിഞ്ഞ്‌ വിരട്ടും. തേൻകുറുമരുടെ കുടിലുകൾ ശക്തങ്ങളായ താവളങ്ങളല്ലാത്തതുകൊണ്ട്‌ ചില സന്ദർഭങ്ങളിൽ അവർക്ക്‌ കാട്ടുമൃഗങ്ങളിൽനിന്ന്‌ ആക്രമണങ്ങൾ നേരിടേണ്ടിവരാറുണ്ട്‌. എന്നാലും കാട്ടുവാസികളായ ഇവർ കാട്ടുമൃഗങ്ങളുമായി ഇണങ്ങിയും പിണങ്ങിയും ഒഴിഞ്ഞുമാറിയും അങ്ങനെ ജീവിക്കും.

പി. ജി. പത്‌മിനി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.