പുഴ.കോം > നാട്ടറിവ് > നാട്ടറിവ് > കൃതി

പുരയും ജ്യോതിഷവും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വി.ആർ. മുരളീധരൻ

‘കാർത്തിക ഞാറ്റുവേല പുര ഉണ്ടാക്കുവാൻ ഒട്ടും നന്നല്ല’.

പുരയുണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട പലകാര്യങ്ങളെക്കുറിച്ചും ജ്യോതിഷത്തിൽ പരാമർശിക്കുന്നുണ്ട്‌. പലപ്പോഴും അപ്രസക്തമെന്നു തോന്നാവുന്ന പല നിർദ്ദേശങ്ങൾക്കു പിന്നിലും പ്രായോഗികബുദ്ധിയുടെ മിന്നലാട്ടം കാണാം. നമുക്കുചുറ്റുമായി വൃത്താകാരത്തിൽ കാണപ്പെടുന്ന രാശിചക്രത്തിൽ ചരം, സ്‌ഥിരം, ഉദയമെന്നിങ്ങനെ മൂന്നുവിഭാഗമുളളതിൽ ചരരാശികളിൽ പുര നിർമ്മിക്കുന്നതു നന്നല്ല. ചരത്തിന്റെ സ്വഭാവം ഇളക്കമാണല്ലോ. ഗൃഹനിർമ്മാണസംബന്ധമായ പല പദങ്ങളും ജ്യോതിഷത്തിൽ ഉപയോഗിക്കുന്നതും തികച്ചും നാടനായാണ്‌. പുര, കട്ടള, തെക്കിനി, പടിഞ്ഞാറ്റിനി, കഴുക്കൊൽ, അവിച്ചൽ, വാഗട, കയ്യാല, കണതീർക്കൽ, ചേതര മുതലായ പദങ്ങൾ എല്ലാവരും പൊതുവേ ഉപയോഗിക്കുന്നവയാണ്‌. നാട്ടറിവുകളെ പിന്നീട്‌ ശാസ്‌ത്രീയമാക്കുമ്പോൾ കൊഴിഞ്ഞുപോകാതിരുന്ന ചില ഉതിർമണികൾ ആണിവ. പുരപണി തുടങ്ങുമ്പോൾ കല്ലുവെട്ടാനും മരംമുറിക്കാനും തറവാങ്ങാനും കല്ലിടാനും കട്ടളവെയ്‌ക്കാനും ഉത്തരം വെയ്‌ക്കാനും കടന്നുപാർക്കാനുമെല്ലാം നല്ല സമയങ്ങളുണ്ട്‌. ഓരോ ദിക്കിലേക്കും അഭിമുഖമാക്കിയുളള വീടുകൾക്ക്‌ പ്രത്യേകസാഹചര്യങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിരവധിയാണ്‌. ദ്വിതീയ, ദ്വാദശി, സപ്‌തമി തിഥികൾക്ക്‌ ‘പന്ത’മെന്നും അപ്രകാരം ഒമ്പതു നാളുകൾക്ക്‌ ‘പാടുകാല്‌’ എന്നും സംജ്ഞകൊടുത്തിരിക്കുന്നു. മരംമുറി, കല്ലുവെട്ട്‌, മണ്ണുകൂക്കൽ, ചൂളവെയ്‌ക്കൽ മുതലായവയ്‌ക്കൊന്നും പന്തവും പാടുകാലും പാടില്ല. പുരയ്‌ക്ക്‌ ഏറ്റവും ഭയം അഗ്‌നിയിൽ നിന്നാകയാൽ അഗ്‌നിനക്ഷത്രമായ കാർത്തികയിൽ സൂര്യൻ നില്‌ക്കുമ്പോൾ അതായത്‌ കാർത്തികഞ്ഞാറ്റുവേല പുര ഉണ്ടാക്കുവാൻ ഒട്ടും നന്നല്ല. വ്യത്യസ്‌ത ഞാറ്റുവേലകൾ വിവിധതരം കൃഷികൾക്കും മറ്റും പറ്റുമോ ഇല്ലയോയെന്ന്‌ കൃഷിക്കാർക്കെല്ലാം തന്നെ നല്ല അറിവുണ്ട്‌. പുരയുടെ നിരയതിക്കോണിൽ കയ്യാലപ്പുരയും വായുകോണിൽ ഉരപ്പുരയും ഈശാനകോണിൽ അടുക്കളയും അഗ്‌തികോണിൽ തൊഴുത്തും പണിയണം. ഇവിടെ പുരയെന്നത്‌ തളളപ്പുരയെ ആണ്‌ എന്നുപറയാം. തളളപ്പുര മിക്കവാറും അകായിയും മച്ചകവും അടങ്ങുന്ന ഉളളകങ്ങളാണ്‌. അതിനുചുറ്റും ചേർന്നോ വിട്ടുനിന്നോ മേൽപറഞ്ഞ ഭാഗങ്ങൾ ഉണ്ടാക്കുന്നതു നാടൻവിജ്ഞാനത്തിൽ നിഴലിക്കുന്ന ശാസ്‌ത്രീയതയുടെ സൂചനകൾ തരുന്നു. പഞ്ചാംഗമെന്നത്‌ നക്ഷത്രം (നാൾ), വാരം (ആഴ്‌ച) തിഥി (പക്കം), കരണം, നിത്യയോഗമെന്നീ അഞ്ചുകൂട്ടമാണ്‌. ഇതിലെല്ലാം ശുഭാശുഭഫലത്തെ തരുന്ന വിഭജനം നടക്കുന്നുണ്ട്‌. ഉദാഹരണത്തിനു തൊഴുത്തു പണിയുന്നത്‌ സിംഹക്കരണത്തിലോ പുലിക്കരണത്തിലോ ആകരുതെന്നുണ്ട്‌. പുരയ്‌ക്ക്‌ ജ്യോതിഷഭാഷയിൽ ‘നാലാമിടം’ എന്നു പറയാറുണ്ട്‌. നാലാമിടത്ത്‌ ഒരു ഗ്രഹം നില്‌ക്കുന്നതു നന്നല്ല. പ്രത്യേകിച്ചും പാപഗ്രഹങ്ങൾ ഒട്ടും തന്നെ ശുഭമല്ല. ചൊവ്വാഴ്‌ചയും ഞായറാഴ്‌ചയും പുര തുടങ്ങാനും പാർപ്പ്‌ തുടങ്ങാനും നന്നല്ല. പുരയുമായി ബന്ധമുളള കിണർ, കുളം എന്നിവ ഉണ്ടാക്കേണ്ടുന്നതിനെക്കുറിച്ചും വീടിനു നാലുവശത്തും ഉണ്ടാകേണ്ട വൃക്ഷവിശേഷങ്ങളെക്കുറിച്ചും പല ജ്യോതിഷഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നുണ്ട്‌. കിഴക്കുവശവും തെക്കുവശവും ഉയർന്നും പടിഞ്ഞാറും വടക്കും താഴ്‌ന്നും അല്പംചെരിവുളള ഭൂമിയിൽ പുരപണിയുമ്പോൾ കിഴക്കുനിന്നും മറ്റും വരുന്ന വെളളം പ്രദക്ഷിണമായി തിരിച്ചുവിട്ടാൽ പറമ്പാകെതന്നെ നനയാനും ധാരാളം വെളളം ഭൂമിയിൽ ആഴ്‌ന്നിറങ്ങുവാനും ഇടവരും. വടക്കുകിഴക്കുമൂലയിലുളള കിണറിൽ മണ്ണിലൂടെ അരിച്ചിറങ്ങുന്ന വെളളം പ്രാകൃതമായിത്തന്നെ ശുദ്ധമാക്കുകയും ചെയ്യും. പുര നിർമ്മാണത്തിൽ വായുസഞ്ചാരത്തിന്റെ പ്രാധാന്യവും ജ്യോതിഷഗ്രന്ഥങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്‌. തളളപ്പുരയിൽനിന്നും മറ്റുപുരകൾ ഉണ്ടാക്കുമ്പോൾ നാലുവശത്തും ഒരു ദണ്‌ഡെങ്കിലും (നാലുകോല്‌) ഒഴിച്ചിടാനും അതിലൂടെ ധാരാളം കാറ്റും വെളിച്ചവും കിട്ടുവാനും ഉളള പ്രായോഗിക നിർദ്ദേശങ്ങൾ കാണാനുണ്ട്‌.

പുര പണിയുന്നവന്റെ കാര്യത്തിലും ജ്യോതിഷം ശ്രദ്ധവെയ്‌ക്കുന്നു. ഭാര്യഗർഭിണിയായവനും അറുപതുകഴിഞ്ഞവനും സ്വന്തമായി പുര നിർമ്മിക്കരുത്‌ എന്നാണ്‌ നിയമം. ഈറ്റില്ലം, വിറകുപുര മുതലായ പുരകളുടെ നിർമ്മാണത്തെക്കുറിച്ചും പറയുന്നുണ്ട്‌. പലപ്പോഴും അടിസ്‌ഥാനരഹിതമെന്നുപോലും തോന്നുന്ന പല ജ്യോതിഷനിർദ്ദേശങ്ങൾക്കും അടിയിൽ നാട്ടറിവിന്റെ തിളക്കം കാണാനാകും. ഇത്തരം നാട്ടറിവുകൾ പിൻകാലത്തു ശാസ്‌ത്രങ്ങളായി മാറിയതാണല്ലോ ചരിത്രം പറഞ്ഞുതരുന്നത്‌. ശാസ്‌ത്രീയത നാട്ടറിവിനെ സാധാരണക്കാരിൽനിന്നും മെല്ലെമെല്ലെ അകറ്റികൊണ്ടിരിക്കുന്നു. പുരയെക്കുറിച്ചുളള ജ്യോതിഷചിന്തനങ്ങളിൽ കെട്ടിടനിർമ്മാണം മാത്രമല്ല ഉൾപ്പെടുന്നത്‌. പുര ഉണ്ടാക്കേണ്ട പറമ്പിനെക്കുറിച്ചും ജലസ്‌ഥാനങ്ങളെക്കുറിച്ചും കെട്ടിടത്തിനുളളിലെ പല കാര്യങ്ങൾക്കുമുളള മുറികളെക്കുറിച്ചും പ്രശ്‌നാനുഷ്‌ഠുനപദ്ധതി, മാനവീയം മുതലായ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്‌.

അധികം ആഴത്തിലല്ലാതെതന്നെ സുലഭമായി ജലംകിട്ടുന്ന ഭൂമിയെ അനൂപമെന്നും കുറ്റിക്കാടുകൾനിറഞ്ഞ ഭൂമിയെ ജാംഗലമെന്നും ജലം ദുർലഭമായ പ്രദേശത്തെ മരുവെന്നും തരംതിരിച്ചിരിക്കുന്നു. കെട്ടിടത്തിന്റെ നിർമ്മാണത്തിലെ ചില പ്രത്യേകഗ്രഹയോഗങ്ങൾ അനുസരിച്ച്‌ അഗ്‌നിഭയം, കലഹം, ശസ്‌ത്രപീഡ, ജീർണ്ണത, പുനരുദ്ധരിക്കേണ്ടിവരികയെന്നീ സംഗതികൾക്ക്‌ ഇടമുണ്ട്‌. ഗ്രഹങ്ങളുടെ ഇഷ്‌ടാനിഷ്‌ടസ്‌ഥിതിമൂലം പറയേണ്ട ഫലങ്ങളും നിരവധിയാണ്‌ ഉദാഃ ശനിക്കു പഴയപുര കേടുതീർത്ത്‌ പുത്തനാക്കിയത്‌, ചൊവ്വയ്‌ക്ക്‌ തീകത്തിയ പുര, ചന്ദ്രനു പുതിയ വീട്‌, സൂര്യനു തടി, മരം മുതലായവ ഉപയോഗിച്ച്‌ വേണ്ടവിധം രൂപപ്പെടുത്താതെ ഉണ്ടാക്കിയ വീട്‌, ബുധനു തച്ചുശാസ്‌ത്രവിദഗ്‌ദ്ധന്‌മാരാൽ കരകൗശലങ്ങളോടെ ഉണ്ടാക്കിയ വീട്‌, ശുക്രനു കാണാൻ മനോഹരമായ കൊത്തുപണികളുളള പുതിയ വീട്‌, വ്യാഴത്തിനു ഉറപ്പും ബലവും ഉളള നല്ല പുരയെന്നിങ്ങനെ പറയാം. ഗ്രഹങ്ങളുടെ ശുഭാശുഭസ്‌ഥിതിയും യോഗവും അനുസരിച്ച്‌ ഇതിനെല്ലാം ഏറ്റക്കുറച്ചിൽ വരാം. വീടിന്റെ വിവിധമുറികൾ വ്യത്യസ്‌ത ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുളളതാണല്ലോ. അടുക്കള, പഠനമുറി, കാര്യാലയം, പൂജാമുറി, തൊഴുത്ത്‌, മറപ്പുര മുതലായ മുറികളുടെ സവിശേഷതകളെക്കുറിച്ചും ഗ്രഷങ്ങളെ മുൻനിറുത്തി ജ്യോതിഷത്തിൽ പറയുന്നുണ്ട്‌.

ഓരോ ഗ്രഹത്തെകൊണ്ടും ഭൂപ്രകൃതിയെക്കുറിച്ചു വിലയിരുത്തുന്ന ഭാഗം ചുരുക്കി കാണിക്കാം. സൂര്യനെകൊണ്ട്‌ ചുവപ്പുമണൽ ഉളള വൃക്ഷങ്ങൾ കുറഞ്ഞ ഉറപ്പുളള പ്രദേശത്തെക്കുറിച്ചു ചിന്തിക്കണം. ചന്ദ്രനെകൊണ്ട്‌ വൃത്താകൃതിയിലുളള ധാരാളം വെളളവും കാറ്റും വെൺമണലും ഉളളതും ഫലഭൂയിഷ്‌ഠവുമായ ഭൂമിയെപ്പറ്റിപറയാം. ഉയർന്നുതാഴ്‌ന്ന നിരപ്പില്ലാത്ത നീരസമായ ഭൂമിയാണ്‌ ചൊവ്വയെക്കൊണ്ടു ചിന്തിക്കേണ്ടത്‌. കാറ്റുളളതും മരങ്ങളും പൂക്കളും കായ്‌കളും ഉളള സുഖകരമായ സ്‌ഥലമാണ്‌ ബുധനെകൊണ്ട്‌ പറയേണ്ടത്‌. വിശാലവും മനോഹരവും ഉറപ്പുളളതും വെളിച്ചമുളളതുമായ ഫലഭൂയിഷ്‌ഠമായ സ്‌ഥലം വ്യാഴത്തിന്റെ ഫലമാണ്‌. ജലവും ഫലങ്ങളും ധാരാളം പൂക്കളും മൃദുവായ മണ്ണുംമണലും ഉളളതും ആയ സ്‌ഥലം ശുക്രന്റെ സവിശേഷതയാണ്‌. കറുത്തപാറകളുളളത്‌ ജലം കുറഞ്ഞതും വിഷസർപ്പങ്ങളും മറ്റും നിറഞ്ഞ സ്‌ഥലമാണ്‌ ശനിയുടേത്‌.

ഇപ്രകാരം തന്നെ മേടം മുതലായ രാശികളുടെ സ്വഭാവമനുസരിച്ചും ഭൂമിയുടേയും പുരകളുടേയും സവിശേഷതകൾ കാണാവുന്നതാണ്‌. മേടം രാശി ആടിനെപ്പോലെ ആകയാൽ കുറ്റിക്കാടുകൾ നിറഞ്ഞ സ്‌ഥലത്തെ പറയാം. എടവം രാശി പുൽനിറഞ്ഞ ഗ്രാമപ്രദേശങ്ങളേയും മിഥുനം തുലാം രാശികൾക്ക്‌ പട്ടണപ്രദേശങ്ങളേയും ചിന്തിക്കാം. അല്പകാലം മുമ്പുവരെ മിക്കപുരകളും പുല്ലോ വയ്‌ക്കോലോ ഉപയോഗിച്ച്‌ വർഷം തോറുംമേയുന്ന പതിവാണ്‌ ഉണ്ടായിരുന്നത്‌. ഇപ്പോഴും പാലക്കാട്ടും മറ്റും കരിമ്പനയുടെ ഓലയും മറ്റും ഉപയോഗിച്ച്‌ മേയ്യുന്നത്‌ കാണാം. ഇത്തരം മേച്ചിൽ മിക്കവാറും കുംഭത്തിലോ മീനത്തിലോ കഴിഞ്ഞിരിക്കും. വർഷാരംഭത്തിനുമുമ്പേ തന്നെ പണിതീർന്നിരിക്കണമെന്ന ഉദ്ദേശമാണ്‌ ഇതിനുപിന്നിൽ. ഇതോടനുബന്ധിച്ച്‌ ഉച്ചയ്‌ക്കു പുഴുക്കും കഞ്ഞിയും രാത്രി സദ്യയും ഉണ്ടാകും. ഇക്കാര്യങ്ങൾക്കെല്ലാം തന്നെ പുര മേയാനും മറ്റും നല്ല സമയം നോക്കുന്നതിനെക്കുറിച്ച്‌ മാധവീയമെന്ന മുഹൂർത്തഗ്രന്ഥത്തിൽ പറയുന്നുണ്ട്‌. മുൻപറഞ്ഞ രീതിയിൽ പുരമേയുമ്പോഴും പുതുതായി പുര പണിയുമ്പോഴും സമയം ശുഭമാണോ എന്നു ചിന്തിക്കുന്നതിനുപുറമേ അതെല്ലാം ഏതുസ്‌ഥാനത്തുനിന്നാരംഭിക്കണമെന്നും ഏതുദിശയിൽ പണി നീങ്ങണമെന്നും ജ്യോതിഷം സൂചന തരുന്നുണ്ട്‌. വടക്കിനി പുരയ്‌ക്കു മാത്രമാണ്‌ തെക്കോട്ടു വാതിൽ വെയ്‌ക്കാവൂ. പടിഞ്ഞാറ്റിനിപുര എത്ര വേണമെങ്കിലും ഉയർത്താവുന്നതാണ്‌. പല ചുറ്റളവുകളിലുളള മുറികൾക്ക്‌ ഉത്തമാധമമദ്ധ്യമഭേദങ്ങളും പറയപ്പെടുന്നുണ്ട്‌. സിംഹയോനി, ഗജയോനി, ഖരയോനി മുതലായ പദങ്ങൾ ജ്യോതിഷത്തിലും തച്ചുശാസ്‌ത്രത്തിലും ഒരേ പോലെ പ്രയോഗിക്കുന്നവയാണ്‌. ആദ്യമായി കല്ല്‌ ഇടുമ്പോഴും കട്ടളവെയ്‌ക്കുമ്പോഴും പൂജ നടത്തുന്നതും വാസ്‌തുബലി അർപ്പിക്കുന്നതും ശോഭനമാണ്‌. പുരയുടെ ഓരോ ഭാഗത്തിനും സൂര്യാദിഗ്രഷങ്ങളുമായുളള ബന്ധം സൂചിപ്പിക്കുന്ന ഒരു ഭാഷാശ്ലോകം ജ്യോതിഷത്തിൽ പ്രയോഗിക്കാറുളളത്‌ ഉദ്ധരിക്കാം.

ആരൂഢം രവി, ചന്ദ്രനുത്തരമതും, ഭൗമന്നടിസ്‌ഥാനവും,

സൂമ്യന്നുളളറ, ജീവനുളളകമതും, ശുക്രനുശയ്യാഘൃഹം

മരുന്നാകിലടുക്കളയ്‌ക്കുമുചിതം, കാലും കഴുക്കോൽ ഫണീ

വാരിക്കെക്കു വളയ്‌ക്കു വാമട ശിശീ, മാന്ദിക്കു മർമ്മം പുനഃ

ഭൗമൻ ചൊവ്വയാണ്‌. അടിസ്‌ഥാനം അടിത്തറയാണ്‌. സൂമയൻ ബുധൻ. ജീവൻ വ്യാഴം. മന്ദൻ ശനി. ഫണീ രാഹു. ശിഖീ കേതു. മാന്ദി ഗുളികൻ. ഇവിടെ ദോഷങ്ങൾക്കു പരിഹാരമായി സ്വർണ്ണംകൊണ്ടുവിധിപ്രകാരം പോത്ത്‌, സിംഹം, ആന, ആമ, പന്നി എന്നിവയുടെ ശിരസ്സുണ്ടാക്കി ഭൂമിയിൽ സ്‌ഥാപിക്കണമെന്നും പ്രായശ്ചിത്തവിധിയിൽ കാണുന്നു. ഇതിനെ പഞ്ചശിരസ്‌ഥാപനം എന്നു പറയുന്നു. ശ്‌മശാനമോ അതു പോലുളള സ്‌ഥലമോ ആണെങ്കിൽ പുര പണിതാൽതന്നെ അസ്വസ്‌ഥതയ്‌ക്കിടവരും. തന്‌മൂലം അത്തരം സ്‌ഥാനങ്ങൾ ഒഴിവാക്കുകയൊ നിലമുഴുതു സ്‌ഥലത്തുളള അസ്‌തികഷണങ്ങളും മറ്റും പെറുക്കിക്കളഞ്ഞ്‌ ശുദ്ധികലശം നടത്തി വൃത്തിയാക്കിവേണം പുര നിർമ്മിക്കുവാൻ. മാനസികമായ കാഴ്‌ചപ്പാടിലാണ്‌ ജ്യോതിഷം ഇവിടെ ഗൃഹനിർമ്മിതിയെ വിലയിരുത്തുന്നത്‌. ഇപ്രകാരമെല്ലാമ ചിന്തിക്കുമ്പോൾ നമ്മുടെ പൂർവ്വികന്‌മാരായ വിദ്വാന്‌മാർ പുര നിർമ്മാണത്തെക്കിറിച്ച്‌ എത്രകണ്ട്‌ ചിന്തിച്ചിരുന്നുവെന്ന്‌ മനസ്സിലാക്കാൻ കഴിയും. പുര കേവലം ഭൗതികമായ ആവാസകേന്ദ്രം മാത്രമല്ലയെന്നും അതിന്റെ അടിത്തറതൊട്ട്‌ മേൽക്കൂരവരെ ചൈതന്യം വ്യാപിച്ചുനില്‌ക്കുന്നുണ്ടെന്നും കണ്ടെത്തി മനുഷയനു ജന്‌മാധാനകാലം മുതൽക്കേ ഗ്രഷങ്ങളിലൂടെ വന്നുചേരുന്ന അവസ്‌ഥകൾ പുരയിലേയ്‌ക്കും വ്യാപിപ്പിക്കാൻ ആ മനീഷികൾ അങ്ങേയറ്റം ശ്രമിച്ചിട്ടുളളതായി കാണാമ. മുൻകാലങ്ങളിൽ ഗൃഹം ഏറ്റവും ശുദ്ധമായ ക്ഷേത്രമായാണ്‌ കണക്കാക്കിയിരുന്നത്‌. അന്ന്‌ കുളിമുറി, മറപ്പുര മുതലായവ വീടിനോടു ചേർത്ത്‌ ഉണ്ടാക്കാറില്ല. ഉണ്ടാക്കില്ലെന്നു മാത്രമല്ല ഉണ്ടാക്കുന്നത്‌ തെറ്റാണെന്ന ധാരണ ഇരുപതുകൊല്ലത്തിനിപ്പുറം വരെ നിലനില്‌ക്കുകയുമുണ്ടായി. ഇപ്പോഴും അമ്പലങ്ങളിൽ മറപ്പുരയും മറ്റും മതിൽക്കുപുറത്താണല്ലോ. അപ്രകാരം നമ്മുടെ വീടും വിശുദ്ധമായ, നമ്മെയെല്ലാം സംരക്ഷിക്കുന്നതും നമുക്ക്‌ ഐശ്വര്യം നൽകുന്നതുമായ ദേവാലയം തന്നെയാണ്‌ എന്ന്‌ സങ്കല്പിച്ചിരുന്നതിനാലാകണം പുര നിർമ്മിക്കുമ്പോൾ മറ്റു പല കാര്യങ്ങളിലുമെന്ന പോലെ ജ്യോതിഷത്തിന്റെ സഹായം നിർലോഭമായിത്തന്നെ സ്വീകരിച്ചത്‌.

വി.ആർ. മുരളീധരൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.