പുഴ.കോം > നാട്ടറിവ് > പാട്ട് > കൃതി

ഞാൻ, കോമപ്പൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മാങ്ങാട്‌ രത്നാകരൻ

നാടൻപാട്ടുകൾ

വീട്ടിൽ കൊളളാതെ, കല്ലില്ലാത്ത കുളിയനെപ്പോലെ ഞാൻ നടന്നിരുന്ന കാലത്ത്‌ ഒരു ദിവസം വീട്ടിലെത്തിയപ്പോൾ അമ്മ എന്നെ ഗുണദോഷിച്ചു. “നിന്നെപ്പെറ്റിറ്റെന്ത്‌ കൊണം കോമപ്പ മട്ട്‌ല്‌ തച്ചിറ്റെന്റെ പൊറവും പോയി കിണ്ണം മൂട്ടീറ്റെന്റെ കയ്യും പോയി” പാലാട്ട്‌ കോമന്റെ അമ്മ മകനെക്കുറിച്ച്‌ വേവലാതിപ്പെട്ടതാണ്‌ (വീട്ടിൽ ആൺകുഞ്ഞു പിറന്നാൽ തെങ്ങിന്റെ മടൽ കൊണ്ട്‌ മുറ്റത്ത്‌ അടിക്കും. പെൺകുട്ടിയാണെങ്കിൽ കിണ്ണത്തിൽ വടികൊണ്ട്‌ മുട്ടും. അങ്ങനെയാണ്‌ കുട്ടി ആണോ പെണ്ണോ എന്ന വിശേഷവും അറിയുക). കുട്ടിക്കാലത്ത്‌ കിണ്ണം മുട്ടുന്നതു കേട്ടതിന്റെ മുഴക്കം, നഗരത്തിന്റെ ഹുങ്കാരത്തിനിടയിലും എന്റെ ചെവിപ്പൂവിലുണ്ട്‌. അപ്പോൾ വലിയമ്മ പറഞ്ഞു. “അക്കരമെലെ നാരാണി പെറ്റു. പെങ്കുഞ്ഞി.‘

തോക്ക്‌ വന്നപ്പോൾ ഒതേനൻ മരിച്ചതുപോലെ കുഞ്ചാക്കോ വന്നപ്പോൾ എന്നും നാട്ടുകാരുടെ കൂടെയുണ്ടായിരുന്ന വീരപുരുഷൻമാരും വീരാംഗനമാരും മരിച്ചു. അവരെ ഉണർത്താൻ ഒരു യാങ്ങ്‌ചോ മലയാളസിനിമയിൽ അവതരിച്ചുമില്ല. സോഫിയ ലോറൻ ഉർസുലയായി വന്നാൽ അതോടെ ആ വലിയമ്മയുടെ അവസാനമായി എന്ന്‌ ’ഏകാന്തതയുടെ നൂറുവർഷങ്ങളു‘ടെ സിനിമാസാധ്യതകൾക്ക്‌ വിലങ്ങിട്ട മാർകോസ്‌ പറഞ്ഞുവല്ലോ. മലയാളത്തിൽ ഷീലയായും, ജയഭാരതിയായും പ്രേംനസീറായും അവർ അവസാനിച്ചു. ക്യാമറ ഒരു തോക്കാണ്‌ എന്നു പറഞ്ഞതാരാണ്‌?

ഇപ്പോൾ, ഞാറു നടുമ്പോൾ ’നീടുറ്റവാളിൻ നിണപ്പുഴക്കേളികൾ‘ കേൾക്കാനില്ല. തലപ്പത്തു കാറ്റുപിടിച്ച്‌ ഞാറുകൾ ഇളകിയ ഇടങ്ങളിൽ നെടുങ്ങനെ വളർന്ന്‌ മുടിയഴിച്ചിട്ടിളകുന്നു കവുങ്ങിൻ തലപ്പുകൾ. അവയിൽ, വടക്കൻപാട്ടുകളിലെ ഒരു കേന്ദ്രകഥാപാത്രമായ പഴുത്തടക്ക. ഞാൻ കോമപ്പൻ, മേലോട്ടുനോക്കി ചിരിച്ചു. അപ്പോൾ ഞാനൊരു പാട്ടിൽ മുങ്ങി. ’തച്ചോ-ള്യ-ല്ലോമ-നാ-കുഞ്ഞ്യേ-തേനൻ (...ൻ) ഊണുംക-ഴിഞ്ഞങ്ങു-റുക്ക-മായി‘ എന്റെ വീട്ടിനടുത്തുളള പാട്ടിയമ്മ പാടുകയാണ്‌. മറ്റുളള സ്‌ത്രീകൾ അതേറ്റുപാടുന്നു.

പാട്ടിയമ്മ വടക്കൻപാട്ടുകളുടെ ഒരു ഖനിയായിരുന്നു. അവരുടെ ശബ്‌ദത്തിൽ ആ പാട്ടുകൾ റെക്കോർഡ്‌ ചെയ്യണമെന്ന ആശയോടെ ഞാനൊരിക്കൽ കുറെ ടേപ്പുകളുമായി ദൽഹിയിൽ നിന്നു വന്നു. പാട്ടിയമ്മയുടെ പാട്ട്‌ ഒഴിഞ്ഞിരുന്നു. വളപ്പിന്റെ മൂലയിൽ ഒടട്ടിമ്മുപുതച്ച്‌ അവർ കിടക്കുന്നതു കണ്ടു. അവർ ഇപ്പോഴും അവിടെ പാടുന്നുണ്ടാകണം. തച്ചോളി ഒതേനനും ആരോമൽ ചേകവരും പാലാട്ട്‌ കോമനും ഉണ്ണിയാർച്ചയും മാത്രമായിരുന്നില്ല. തൃക്കണ്യാവമ്പലത്തിനടുത്ത്‌ പണ്ടു നടന്ന ഒരു മതലഹളയുടെ ചരിത്രം, പാണ്ഡ്യൻ കല്ലിന്റെ ഇതിഹാസം, അങ്ങനെ എന്തെല്ലാം. കൂടാതെ രതിയിൽ ചാലിച്ച കുസൃതികളും.

”കണ്ടമ്പരമ്പത്തെ ചിണ്ടൻ പോമ്പൊ എന്ത്യേന മാക്കേ നീ താണ്വേക്ക്‌ന്നേ

കോണം കറുത്തതും കൂട്ടാക്കണ്ട കുറിവെച്ച കോണോന്റെ പെട്ടില്‌ണ്ട്‌“

ഉറുമിയുടെ വായ്‌ത്തലപോലെ തിളങ്ങുന്ന നാടൻനർമ്മം. കന്നിക്കൊയ്‌ത്തിന്റെ കവി പാടിയതുപോലെ, ”ധീരം വായ്‌ക്കുന്ന കണ്ണുനീർക്കുത്തിൽ നേരമ്പോക്കിന്റെ വെളളിമീൻ ചാട്ടം“

മാങ്ങാട്‌ രത്നാകരൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.