പുഴ.കോം > നാട്ടറിവ് > പാട്ട് > കൃതി

കുറിച്യരുടെ പാട്ടുകളിലെ മിത്തുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കുമാരൻ വയലേരി

‘നൂറ്റിയൊന്ന്‌ കല്ല്‌ ജപിച്ചെറിഞ്ഞ്‌ തച്ചോളിഒതേനൻ പാമ്പിനെ അടക്കുന്നു’

കേരളത്തിലെ ആദിവാസി വിഭാഗങ്ങളിലൊന്നാണ്‌ കുറിച്യർ. കണ്ണൂർ, വയനാട്‌, കോഴിക്കോട്‌ എന്നീ ജില്ലകളിലെ വനപ്രദേശങ്ങളിലും മറ്റുമായി അവർ അധിവസിക്കുന്നു. കണ്ണവം കുറിച്യരെന്നും വയനാടൻ കുറിച്യരെന്നുമുളള രണ്ടു വിഭാഗങ്ങളുണ്ട്‌. രണ്ടിടങ്ങളിലെയും കുറിച്യരുടെ സാമൂഹിക-ഭൗതിക സംസ്‌കാരങ്ങളിലും പ്രകടമായ വ്യത്യാസങ്ങൾ കാണാം. കണ്ണവം കുറിച്യരിൽ നിന്നും വയനാടൻ കുറിച്യരിൽനിന്നുമായി ശേഖരിച്ച കഥാഗാനങ്ങളും ലഘുഗാനങ്ങളുമാണ്‌ ഈ പഠനത്തിനാധാരം. കുറിച്യരുടെ കഥാഗാനങ്ങളിൽ കുംഭപാട്ട്‌, മരമായപ്പാട്ട്‌ എന്നീ അനുഷ്‌ഠാനഗാനങ്ങളൊഴികെ മറ്റുളളതെല്ലാം വടക്കൻപാട്ടുകൾ എന്ന വിഭാഗത്തിൽ പെടുത്താവുന്നവയാണ്‌. എം.ആർ.പങ്കജാക്ഷൻ സമാഹരിച്ച്‌ പ്രസിദ്ധീകരിച്ച വയനാടൻ കുറിച്യരുടെ പാട്ടുകൾ (വയനാട്ടിലെ ആദിവാസികളുടെ പാട്ടുകൾ, സാഹിത്യഅക്കാദമി, 1990) പഠനത്തിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്‌.

ലൗകിക ജീവിതത്തിന്റെ പരിധിയിൽ നിന്ന്‌ അകന്നു നിൽക്കുന്നവയാണ്‌ പുരാവൃത്തങ്ങൾ. ദേവീദേവൻമാരുടെയും മറ്റ്‌ അലൗകിക ശക്‌തികളുടെയും ഉത്‌ഭവം, ജീവിതം എന്നിവയുമായി ബന്ധപ്പെട്ടതാണ്‌ മിക്ക പുരാവൃത്തങ്ങളും. നാടോടിജീവിതത്തെ വളരെയധികം സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നാണിവ. സമൂഹമനസ്സിലേക്ക്‌ പുരാവൃത്തങ്ങളെ എത്തിക്കാൻ ഉചിതമായ മാധ്യമം താളപ്രധാനമായ ഗാനങ്ങളാണ്‌ എന്നതിനാലാവാം നാടോടിഗാനങ്ങളിൽ പുരാവൃത്തങ്ങളുടെ സ്വാധീനം കൂടുതൽ കാണുന്നത്‌. അമാനുഷികാംശങ്ങൾ കഥാഭാഗങ്ങളായി വരുന്ന നിരവധി ഗാനങ്ങൾ കുറിച്യർക്കിടയിലുണ്ട്‌. അലൗകികമെന്ന്‌ വിശേഷിപ്പിക്കാവുന്നവയെല്ലാം മിത്തുകളുടെ വിഭാഗത്തിൽ പെടുത്താവുന്നതാണല്ലോ. കുറിച്യരുടെ പാട്ടുകളിലാകട്ടെ അലൗകികാംശങ്ങൾക്ക്‌ വളരെ പ്രാധാന്യവുമുണ്ട്‌. അതിനാൽ പാട്ടുകളിൽ അവതരിപ്പിക്കപ്പെട്ടിട്ടുളള ദേവതകളുടെ പിറവി, കഥാപാത്രങ്ങളുടെ പിറവി, കഥാപാത്രങ്ങളുടെ മാന്ത്രിക പ്രവൃത്തികൾ, സ്വപ്നദർശനങ്ങൾ, ദേവതാസാന്നിദ്ധ്യം പ്രത്യക്ഷമാക്കൽ, തിര്യക്കുകൾക്ക്‌ മാനുഷികഭാവം നൽകൽ തുടങ്ങിയവയെല്ലാം മിത്തുകളെന്ന നിലയിൽ ഇവിടെ അപഗ്രഥിച്ചിരിക്കുന്നു.

ഉൽപത്തി പുരാവൃത്തംഃ ദേവതകൾ, കഥാപാത്രങ്ങൾ, പ്രകൃതിശക്തികൾ, പ്രകൃതിയിലെ മറ്റു വസ്‌തുക്കൾ എന്നിവയുടെ ഉത്ഭവങ്ങളെക്കുറിച്ച്‌ പലവിധത്തിലുളള കഥകൾ എല്ലാ ജനസമുദായങ്ങളിലും കണ്ടെത്താവുന്നതാണ്‌. ഇത്തരത്തിലുളള ഉൽപത്തിക്കഥകൾ മിത്തുകളുടെ ഒരു പ്രധാനവശവുമാണ്‌. ദേവതകളുടേയും ചില കഥാപാത്രങ്ങളുടെയും ഉത്‌ഭവങ്ങളെക്കുറിച്ച്‌ കുറിച്യർക്കുളള വിശ്വാസങ്ങൾ അവരുടെ പാട്ടുകളിൽ കാണാം.

ദേവതകളുടെ പിറവിഃ പൊൻചൂരക്കോലും കൈമണിയുമായി പിറന്ന ഒരു ദേവതയെ ‘മേകുലം വാഴുന്ന തമ്പുരാൻ’ എന്ന കണ്ണവം കുറിച്യരുടെ കഥാഗാനത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഭൂമിയിൽ തേരുതാണ തമ്പുരാന്‌ കടവിൽ കുളിച്ചുകൊണ്ടിരുന്ന ഒരു കന്യകയിൽ താൽപര്യം തോന്നുകയും തമ്പുരാന്റെ ദിവ്യശക്‌തിയാൽ അവൾ ഗർഭിണിയായിത്തീരുകയും ചെയ്‌തു. അവളാണത്രേ മേൽപറഞ്ഞ രീതിയിലുളള ദേവശിശുവിനെ പ്രസവിച്ചത്‌. ഈ ദേവത കുറിച്യരുടെ ആരാധനയിലെങ്ങും കടന്നുവരുന്നില്ല. ഇടിമിന്നലുണ്ടായതിനെക്കുറിച്ചുളള അവരുടെ വിശ്വാസവും ഈ ദേവതയുമായി ബന്ധപ്പെട്ട്‌ ഈ പാട്ടിൽ കാണാം.

നാരായപ്പാട്ടിലെ (കണ്ണവം) നാരായി എന്ന ദേവതയും മേകൂലത്ത്‌ നിന്ന്‌ തേരുതാണ്‌ വന്നതത്രേ. മക്കളില്ലാതെ വിഷമിച്ച മേകൂലത്തെ തമ്പുരാനും തമ്പുരാട്ടിക്കും ദേവതാനുഗ്രഹത്താൽ ലഭിച്ചതാണ്‌ ‘നാരായി’ എന്ന്‌ പാട്ടിൽ പറഞ്ഞിരിക്കുന്നു. സാക്ഷാൽ മഹാവിഷ്‌ണുവിന്റെ സങ്കല്പമാണ്‌ കുറിച്യർ ‘നാരായി’യിൽ (നാരായണൻ) ആരോപിക്കുന്നതെങ്കിലും ഉന്നതപുരാവൃത്തവുമായി നാരായിയുടെ കഥയ്‌ക്ക്‌ യാതൊരു ബന്ധവും കാണുന്നില്ല. ഗണപതിപ്പാട്ടിൽ അവതരിപ്പിക്കപ്പെട്ടിട്ടുളള ശിവനും പാർവ്വതിയും ഉന്നതപുരാവൃത്തത്തെത്തന്നെ അനുസരിച്ചുളളതാണ്‌.

വയനാടൻ കുറിച്യർക്കിടയിൽ പ്രചാരത്തിലുളള ‘കുംഭപാട്ടി’ലാണ്‌ അവരുടെ മലക്കാരിദേവതയുടെ ഉത്ഭവകഥയുളളത്‌. അസംഖ്യം കലികളുടെ ദുഷ്‌ടപ്രവൃത്തിയാൽ ജനങ്ങൾ വലഞ്ഞുകൊണ്ടിരിക്കെ അവരെ രക്ഷിക്കാൻ പരമശിവന്റെ തൃക്കണ്ണിൽ നിന്ന്‌ തെറിച്ചുണ്ടായതാണത്രേ മലക്കാരിദേവത. ദുഷ്‌ടൻമാരായ കലികൾ അവരുടെ തോക്കുകൊണ്ടു വെടിവെച്ച്‌ സൂര്യന്റെ തേരിനെ നിശ്ചലമാക്കുകയും വെടിപ്പുക തേരിൻമേൽ കട്ടയായി നില്‌ക്കുകയും ചെയ്‌തതായി പാട്ടിൽ വർണ്ണിക്കുന്നു. അമ്പും വില്ലും ഉപയോഗിക്കുന്ന കുറിച്യർ അവരുടെ നവീന ആയുധമായ തോക്കുകൊണ്ട്‌ സൂര്യന്റെ തേരിനു വെടിവെച്ചു എന്നുളള കല്പന ശ്രദ്ധേയമാണ്‌. സമൂഹത്തിന്റെ മാറ്റത്തിനനുസരിച്ച്‌ തന്നെ ഫോക്‌ലോറിനുസംഭവിക്കുന്ന മാറ്റത്തേയാണ്‌ ഇത്‌ ഉദാഹരിക്കുന്നത്‌. പരമശിവന്റെ തൃക്കണ്ണിൽനിന്ന്‌ മലക്കാരി ജനിച്ചു എന്നത്‌ ഉന്നതപുരാവൃത്തവുമായി ബന്ധപ്പെടുത്തിക്കൊണ്ടുളള നാടൻപുരാവൃത്തത്തിന്റെ ആവിഷ്‌കരണമാണ്‌. മലക്കാരിയുടെ കഥതന്നെ പറയുന്ന ‘മരമായപ്പാട്ടി’ൽ ഭൂമിയിലേക്കെഴുന്നളളിയ മലക്കാരി മാവോതിയോട്‌ മൂന്നടി മണ്ണ്‌ ചോദിക്കുകയും രണ്ടടി അളന്നതിനുശേഷം മൂന്നാമത്തെ അടി അദ്ദേഹത്തിന്റെ മൂർദ്ധാവിൽ വയ്‌ക്കുകയും അദ്ദേഹത്തെ വടക്കൻ കടലിൽ താഴ്‌ത്തുകയും ചെയ്‌തു എന്ന്‌ അവതരിപ്പിച്ചു കാണുന്നു. മാവോതി മഹാബലിതന്നെ എന്നാണ്‌ ആവേദ്‌കർ പറയുന്നത്‌. എങ്കിൽ ഉന്നത പുരാവൃത്തത്തിൽ നിന്നുളള വ്യതിചലനം ഇതിൽ ദൃശ്യമാണ്‌. നിരവധി മുത്തപ്പൻമാരെയും കുലദേവതകളെയും ആരാധിക്കുന്നവരാണെങ്കിലും ഈ ദേവതകളുടെ പിറവിയെ സംബന്ധിക്കുന്ന പാട്ടുകളൊന്നും അവർക്കിടയിലില്ല.

കഥാപാത്രങ്ങളുടെ പിറവിഃ മൃഗത്തിൽ നിന്നും കായൽത്തണ്ടിൽ നിന്നും പൂവിൽ നിന്നും കഥാപാത്രങ്ങൾ ഉത്ഭവിച്ചതായി ചില പാട്ടുകളിൽ കാണുന്നു. തനിക്കുകിട്ടിയ ഒരു മാൻകിടാവിനെ ഞാറമരത്തിന്റെ തണലത്ത്‌ കെട്ടി തമറ്‌ കൊയിലോത്തെ തമ്പുരാന്റെ മാളികയിൽ പോയി മടങ്ങിവന്നപ്പോൾ മാൻകിടാവ്‌ നിന്ന സ്ഥലത്ത്‌ കേളുവിന്‌ കാണാൻ കഴിഞ്ഞത്‌ ഒരു വലിയ മാളികയും ഒരു സുന്ദരിയായ പെൺകുട്ടിയെയും ആണ്‌(ഞാറപ്പെരും വീട്ടിൽ കുഞ്ഞിക്കേളുവിന്റെ പാട്ട്‌).

തനിക്കൊത്ത പെണ്ണിനെ ലഭിക്കാൻ അമ്മയുടെ നിർദ്ദേശപ്രകാരം കായമൊളനാട്ടിലെത്തിയ പൊമ്മ(ൻമ)കൻ കായലിന്റെ കീഴെ മെഴുകിത്തളിച്ച്‌ വിളക്കുവെച്ച്‌ ഏഴുദിവസം വ്രതമിരുന്നപ്പോൾ കായലിന്റെ അറ്റം താഴ്‌ന്നു വരികയുണ്ടായി. അറ്റത്തുനിന്ന്‌ താഴോട്ട്‌ പതിനാറ്‌ കമ്പ്‌ വരുന്ന രീതിയിൽ ആ കായൽ വെട്ടിയെടുക്കുകയും അരയാലിൻകൊമ്പിൽ ചാരിവെയ്‌ക്കുകയും ചെയ്‌തു. ദാഹം തീർക്കാൻ കുറച്ചകലെ പോയപ്പോൾ വലിയൊരു ശബ്‌ദം കേട്ട്‌ തിരിച്ചുവന്ന പൊമ്മകൻ കണ്ടത്‌ പിളർന്നുപോയ കായൽതണ്ടും അരയാലിന്റെ മുകളിൽ ഉടുവസ്‌ത്രമില്ലാതെ മുടികൊണ്ട്‌ നാണം മറച്ചിരിക്കുന്ന സുന്ദരിയായ പെൺകുട്ടിയെയുമാണ്‌ (പൊൻമകൻ പെണ്ണിനെ കാണാൻ പോയ പാട്ട്‌-കണ്ണവം).

മരിച്ചുപോയ ഒരു പെൺകുട്ടി പൂവിൽ നിന്ന്‌ പുനർജനിച്ചതായി മറ്റൊരു പാട്ടിൽ പറയുന്നു. പൂമിമലക്കോട്ടയിലെ ചക്കിപ്പെണ്ണ്‌ പൂമിമലക്കോട്ടയിലെ കന്നിയെ കുളത്തിൽ വീഴ്‌ത്തിക്കൊന്നു. അവളെ അടക്കംചെയ്‌ത സ്ഥലത്ത്‌ നിന്ന്‌ മൂന്നാം ദിവസം ‘തീക്കളളിയും പൂക്കളളിയും’ പൊഴിയാൻ തുടങ്ങി. പൂക്കളളിയിൽ നിന്ന്‌ ഒരു പൂവെടുത്ത്‌ തുണിയിൽകെട്ടി പൂമിമലക്കോട്ട കുഞ്ഞിക്കണ്ണൻ തന്റെ മുറിയിൽ വച്ചു. അടുത്ത ദിവസം നോക്കിയപ്പോൾ തുണിയിൽ നിന്ന്‌ ഒരു കുട്ടിയുടെ കരച്ചിൽ കേൾക്കുകയും കുട്ടി പെട്ടെന്ന്‌ വളർന്ന്‌ പൂമിമലക്കോട്ട കന്നിയായിത്തീരുകയും ചെയ്‌തുവത്രേ (പൂമിമലക്കോട്ടക്കുഞ്ഞിക്കണ്ണനെക്കുറിച്ചുളള പാട്ട്‌).

കഥാപാത്രങ്ങളുടെ മാന്ത്രികപ്രവൃത്തികൾഃ മന്ത്രവാദം, സ്വപ്നദർശനം, ദിവ്യശക്‌തിയുളള മരുന്നുകളുടെ പ്രയോഗം, പ്രകൃതിശക്‌തികളുടെ പെരുമാറ്റം എന്നിവ കുറിച്യരുടെ ഗാനങ്ങളിലെ കഥകളുടെ ഗതി നിർണ്ണയിക്കുന്ന മുഖ്യഘടകങ്ങളാണ്‌. സാധാരണവടക്കൻ പാട്ടുകളിലേത്‌ പോലെതന്നെ ഒരു രചനാതന്ത്രം എന്ന നിലയിലാണ്‌ ഇവ പ്രയോഗിച്ചിരിക്കുന്നത്‌. മന്ത്രപ്രയോഗങ്ങൾക്കും സ്വപ്നദർശനങ്ങൾക്കും ദിവ്യൗഷധപ്രയോഗങ്ങൾക്കും മറ്റും വടക്കൻ പാട്ടുകൾ നല്‌കിയിരിക്കുന്നതിലധികം പ്രാധാന്യം കുറിച്യർ നൽകിയിട്ടുണ്ട്‌. പലതരത്തിലുളള മാന്ത്രികവിദ്യകളെക്കുറിച്ചും പാട്ടുകളിൽ പരാമർശിക്കുന്നു. മാമിനി മന്ത്രം, അഗ്‌നിമന്ത്രം, പരുന്താവും വിദ്യ, ഇരുട്ടാവും വിദ്യ, കനകവിദ്യ, കാറ്റൊറവിദ്യ തുടങ്ങിയവ അത്തരം മന്ത്രങ്ങളിൽ ചിലതാണ്‌. മന്ത്രവാദികൾക്ക്‌ സമൂഹത്തിലുണ്ടായിരുന്ന സ്ഥാനവും അവരുടെ ശക്‌തികളെക്കുറിച്ച്‌ സാധാരണക്കാർക്കുണ്ടായിരുന്ന വിശ്വാസവും ഈ പാട്ടുകളിൽ പ്രതിഫലിക്കുന്നുണ്ട്‌.

ഊഞ്ഞാലിൽ നിന്ന്‌ വീണുമരിച്ച ആരിയ മലങ്കോട്ട്‌ കുഞ്ഞമ്മിണിയെ കാവും കറങ്കോട്ട്‌ കുഞ്ഞിക്കണ്ണൻ ‘ചീമുട്ടിക്കല്ലും ചാതമുട്ടിക്കല്ലും’ ഉപയോഗിച്ച്‌ ജീവനിടുവിച്ചു. കുഞ്ഞമ്മിണിയും കുഞ്ഞിക്കണ്ണനും കോഴിക്കോട്ടങ്ങാടിയിലെ ചെട്ടിമാരെ ‘മാമിനിമന്ത്രം’ പ്രയോഗിച്ച്‌ തമ്മിലടിപ്പിക്കുകയുണ്ടായി. കുഞ്ഞമ്മിണി ‘കനകവിദ്യ’ പ്രയോഗിച്ചപ്പോൾ ഇളനീരുമായി പോകുന്ന കാവുകാരന്റെ ഇളനീരിന്‌ ഭാരം വർദ്ധിച്ചു. കുഞ്ഞിക്കണ്ണനും കുഞ്ഞമ്മിണിയും ‘കാറ്റൊറ’ കെട്ടി വായുവിലൂടെ പറന്ന്‌ വടക്കൻകളരിയുടെ ഒരു തെങ്ങിന്റെ തലയിലിരുന്നു. കളരിയിൽ നിന്ന്‌ പട്ടാളക്കാർ വെടിയുണ്ടവർഷിച്ചപ്പോൾ കുഞ്ഞിക്കണ്ണൻ വെടിപ്പുകയിൽ അന്തം മറിയുകയും ഇരുപത്തിനാല്‌ വെടിയുണ്ട പിടിച്ചെടുത്ത്‌ മന്ത്രം ജപിച്ച്‌ അവർക്കെതിരെ പ്രയോഗിച്ച്‌ അവരെ വകവരുത്തുകയും അഗ്‌നിമന്ത്രത്താൽ കളരി അഗ്‌നിക്കിരയാക്കുകയും ചെയ്‌തു. ‘കാവുംകറങ്കോട്ട്‌ കുഞ്ഞികണ്ണൻ’ എന്ന പാട്ടിലാണ്‌ മേൽപറഞ്ഞ മാന്ത്രികവിദ്യകളൊക്കെ പ്രയോഗിച്ചതായി പറഞ്ഞിരിക്കുന്നത്‌.

‘ഞാറപെരുംവീട്ടിൽ കുഞ്ഞിക്കോളു’വിനെ ചതിയിൽ കൊല്ലാനായി വെളേളാട്‌ കൊണ്ടുളള അടപ്പ്‌ എടുക്കാനെന്ന വ്യാജേന ‘തമറ്‌കൊയിലോത്തെ തമ്പുരാൻ’കിണറ്റിലിറക്കുന്നു. അപകടം മുൻകൂട്ടി മനസ്സിലാക്കിയ കേളുവിന്റെ ഭാര്യ മാങ്കന്നി, കിണറ്റിന്റെ പാതിവഴിക്കെത്തിയാൽ കിണറ്റിലിടണമെന്ന്‌ നിർദ്ദേശിച്ചുകൊണ്ട്‌ ഏഴുകല്ലുകൾ മന്ത്രം ജപിച്ച്‌ കേളുവിന്‌ നല്‌കുന്നു. കിണറിന്റെ പാതിവഴിക്കെത്തിയ കേളു മേല്പറഞ്ഞ വിധം കല്ലുകൾ കിണറ്റിലിട്ടു. അടുത്ത നിമിഷം തന്നെ തമ്പുരാൻ കേളുവിനെ കയറോടെ കിണറ്റിലിട്ടുകളഞ്ഞു. നേരത്തെ കിണറ്റിലെറിഞ്ഞ കല്ലിന്റെ ശക്‌തിയാൽ കേളു കിണറ്റിനുളളിൽ ഒരു വഴി കണ്ടെത്തുകയും അതിലൂടെ സ്വന്തം കോട്ടയിലെത്തുകയും ചെയ്യുകയുണ്ടായി എന്നാണ്‌ പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്‌.

ഏലമലക്കണ്ണൻ തന്റെ മോതിരം തിരുമ്മി മന്ത്രം ജപിച്ചപ്പോൾ ഇരുളോംനാട്ടിലെ കുഞ്ഞന്തേയിയുടെയും തോഴിമാരുടേയും ഉടുവസ്‌ത്രം കയറിപ്പോയി. മോതിരം പഴയപടി തിരിച്ചുവെച്ചപ്പോൾ ആണ്‌ ഉടുവസ്‌ത്രം നേരെയായത്‌. കണ്ണൻ പൊന്നോലക്കോട്ടയിലെ കുഞ്ഞമ്മിണിയിൽനിന്ന്‌ രക്ഷപ്പെടാനായി മന്ത്രശക്‌തിയിൽ ഒരു കിളിയായി പറന്നപ്പോൾ കുഞ്ഞമ്മിണി തുമ്പിയായി പിന്നാലെ പറന്നു. കണ്ണൻ കൊതുകായി മാറിയപ്പോൾ അവൾ ഈച്ചയായിമാറി. ‘മാരിപ്പണക്കാരൻ കുഞ്ഞാമറു’ടെ നിർദ്ദേശപ്രകാരം കണിയാൻ കല്ല്‌ ജപിച്ചപ്പോൾ കിഴക്ക്‌ കരിമലയിൽ നിന്നും ഒരു കരിമൂർഖൻവന്ന്‌ ഏലമലക്കുമ്പയെ ദംശിച്ചു. കണ്ണൻ ‘ചെങ്കാറ്റും’ മന്ത്രം ജപിച്ചപ്പോൾ കുഞ്ഞാമറേയും കണിയാനേയും കാറ്റ്‌ ചുഴലിയെടുത്തുകൊണ്ടുവന്നു. ഒരു വെറ്റിലയിൽ മന്ത്രം ജനിച്ച്‌ ആ വെറ്റില രണ്ടാക്കി മുറിച്ചപ്പോൾ കണിയാനും കുഞ്ഞാമറും രണ്ടായി മുറിഞ്ഞുവീണുമരിച്ചു. ‘ഏലമലക്കണ്ണൻ’ എന്ന പാട്ടിലാണ്‌ മേൽപറഞ്ഞ മാന്ത്രിക വിദ്യകളെക്കുറിച്ച്‌ പരാമർശിക്കുന്നത്‌.

കനകമലക്കോട്ടയിലെ കുഞ്ഞിക്കുമ്പയെ കപ്പൽക്കാർ തട്ടിക്കൊണ്ടുപോയപ്പോൾ അവൾ ‘തെക്കനൊടിയും മറിയുമിട്ട്‌’ കപ്പലിലെ വിളക്കുകളെല്ലാം കെടുത്തുകയും കപ്പലിന്റെ മുന്നോട്ടുളള യാത്ര ഇല്ലാതാക്കുകയും ചെയ്‌തു. കുമ്പയെ രക്ഷിക്കാൻ സഹോദരനായ കണ്ണൻ മന്ത്രവിദ്യയാൽ പരുന്തിന്റെ രൂപം ധരിച്ചാണത്രേ കുമ്പയുടെ അരികിലെത്തിയത്‌. ‘പച്ചംകച്ചേരീ’ലെ കുഞ്ഞമ്മാതു പരുന്തിന്റെ രൂപം ധരിച്ച്‌ തമ്പുരാന്റെ ആൾക്കാരെ കൊന്നതായി ‘കായമൊളനാട്ടിൽ കുഞ്ഞിക്കണ്ണൻ’ എന്ന പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നു. (കണ്ണവം കുറിച്യരുടെ പാട്ട്‌).

മന്ത്രത്തെപ്പോലെതന്നെ ദിവ്യമായ മരുന്നുകളെക്കുറിച്ചും പാട്ടുകളിൽ പരാമർശങ്ങളുണ്ട്‌. ‘മരുന്നുംപരത്തെ കുഞ്ഞിസ്സൂപ്പി’ ദിവ്യശക്‌തിയുളള മരുന്നെടുത്ത്‌ ഉളളം കൈയിലെടുത്ത്‌ തിരുമ്മിയപ്പോൾ ആനയെപ്പോടെ തടിച്ചുവത്രെ (ഞാലുമ്മണിക്കോട്ടെ കുഞ്ഞന്തേയിയുടേയും കുമ്പയുടേയും പാട്ട്‌). ‘പൂമലക്കോട്ട കുഞ്ഞമ്മിണി’ ഏഴ്‌ ആനയുടെ ബലംകൂട്ടി അപ്പമുണ്ടാക്കുകയും ആ അപ്പം തിന്ന ‘ചീരിയനിളം കോട്ട കുഞ്ഞക്കേളുവിന്‌ ഏഴ്‌ ആനയുടെ ബലം ഉണ്ടാവുകയും ചെയ്‌തുവെന്നാണ്‌ വേറൊരു പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്‌.

മേൽപ്പറഞ്ഞ മന്ത്രവാദങ്ങൾക്കും മരുന്നുകൾക്കും സമാനമായ നിരവധി കഥാസന്ദർഭങ്ങൾ വടക്കൻ പാട്ടുകളിലും കാണാം. നൂറ്റിയൊന്ന്‌ കല്ല്‌ ജപിച്ചെറിഞ്ഞ്‌ തച്ചോളി ഒതേനൻ കാട്ടുകരിങ്കുറിഞ്ഞിപ്പാമ്പിനെ അടക്കുന്നതായും കുഞ്ഞമ്പാടി മന്ത്രം പ്രയോഗിച്ച്‌ പുലിയെ വശപ്പെടുത്തി പാലെടുക്കുന്നതായും കവിളിൽ മരുന്നുവെച്ച്‌ അരിങ്ങോടൻ മരപ്പാവയെപ്പോലും ഇണക്കുന്നതും വയനാടൻ കേളൂന്റെ കോട്ടയിൽ ബോധം കെട്ടുവീണ ചന്തുവിന്‌ ഒതേനൻ ബോധഗുളിക കൊടുത്ത്‌ ഉണർത്തിയതും കൊയിലേരിയിടത്തിലെ കുങ്കിയിൽ നിന്ന്‌ കിട്ടിയ പച്ചമരുന്ന്‌ കാട്ടി വയനാടൻ കേളൂന്റെ കോട്ടയുടെ തൊണ്ണൂറ്‌ വാതിലുകളും തുറന്നുപോകുന്നതും തച്ചോളികുഞ്ഞ്യോതേനൻ ഉറക്കുമരുന്ന്‌ ഉളളം കയ്യിലിട്ട്‌ തിരുമ്മിയപ്പോൾ കാവിലും ചാത്തോത്ത്‌ മാതേയിയും മറ്റുളളവരും ഉറങ്ങിപ്പോയതും മറ്റും വടക്കൻ പാട്ടുകളിൽ കാണാവുന്നതാണല്ലോ. മാന്ത്രിക ശക്തിയിലും മരുന്നിലും നാടോടിമനസ്സുകൾക്കുളള വിശ്വാസമാണ്‌ ഇത്തരം കഥാഗാനങ്ങളിൽ പ്രതിഫലിക്കുന്നത്‌.

ദേവതകളുടെ സാന്നിദ്ധ്യം പ്രത്യക്ഷമാകൽഃ കഥാപാത്രങ്ങൾ തങ്ങൾക്ക്‌ മുന്നിലുളള പ്രതിബന്ധങ്ങളെ തരണം ചെയ്യാനുളള മാർഗ്ഗമെന്ന നിലയിൽ ദേവതകളെ പ്രാർത്ഥിക്കുന്നതും ഉടൻതന്നെ ദേവതകളുടെ സാന്നിദ്ധ്യം ഉണ്ടാകുന്നതുമായുളള സന്ദർഭങ്ങൾ പാട്ടുകളിലുണ്ട്‌. ഞാലുംമണിക്കോട്ടെ കുഞ്ഞിക്കുമ്പ ദൈവത്തെ നിനച്ചപ്പോൾ ദൈവങ്ങൾ കാറ്റായിട്ടും മഞ്ഞനിറത്തിലും കാണുകയുണ്ടായത്രേ. (ഞാലുംമണിക്കോട്ടെ കുഞ്ഞിത്തേയിയും കുമ്പയും എന്ന പാട്ട്‌). ദൈവത്തെ നിനച്ച്‌ കൊണ്ട്‌ തണുത്ത ജലംമുറിവിൽ നനച്ചപ്പോൾ മുറിവിന്റെ അടയാളം പോലും ഇല്ലാതായി എന്ന്‌ ’ഞാനപ്പെരും വീട്ടിൽ കുഞ്ഞിക്കേളു‘വിന്റെ പാട്ടിൽ കാണുന്നു. ഉറുമിപരിചയുടെ നിറം മങ്ങാൻ ’കാവും കറങ്കോട്ട്‌ കുഞ്ഞിക്കണ്ണൻ‘ പ്രാർത്ഥിച്ചപ്പോൾ അപ്രകാരംതന്നെ സംഭവിക്കുകയുണ്ടായി എന്നാണ്‌ മറ്റൊരു പാട്ടിൽ പറയുന്നത്‌. ’പൂമലക്കോട്ടയിലെ കുഞ്ഞമ്മിണി‘ കാവിലെ കാളിദൈവത്തിന്‌ നേർച്ചനേർന്നപ്പോൾ വലപൊട്ടിയില്ലത്രേ (ചീരിയനിളം കോട്ട കുഞ്ഞിക്കേളുവിനെക്കുറിച്ചുളള പാട്ട്‌). ദൈവത്തെ മനസ്സിൽ വിചാരിച്ച്‌ ഭൂമിതൊട്ടാചാരം ചെയ്‌തപ്പോൾ അമ്പാടിക്കും തെക്കേന വീട്ടിൽ കുഞ്ഞിക്കണ്ണനും മുന്നിൽ വാതിൽ സ്വയം തുറക്കപ്പെടുകയും പിന്നീട്‌ അടയ്‌ക്കപ്പെടുകയും ചെയ്‌തു എന്ന്‌ ഒതേനന്റെ മകൻ അമ്പാടി, തെക്കേനവീട്ടിൽ കുഞ്ഞിക്കണ്ണൻ എന്നീ പാട്ടുകളിൽ കാണുന്നു. ദൈവത്തെ വിചാരിച്ച്‌ തെക്കേനവീട്ടിൽ കുഞ്ഞിക്കണ്ണൻ കിഴക്കൻ കടവിൽ കിടന്നുറങ്ങിയപ്പോൾ അവിടെ വന്ന പിശാചുക്കളെ അയാളുടെ വാൾ താനേ വകവരുത്തുകയുണ്ടായത്രേ.

സ്വപ്നദർശനംഃ പ്രാചീനജനതയ്‌ക്ക്‌ സ്വപ്നത്തിലുണ്ടായിരുന്ന വിശ്വാസം പ്രകടമാക്കുന്നതാണ്‌ മറ്റൊന്ന്‌. സ്വപ്‌നം കാണിക്കുന്നത്‌ ദൈവങ്ങളോ നെകലുകളോ ആണെന്നാണ്‌ പാട്ടുകൾ വെളിപ്പെടുത്തുന്നത്‌. വരാൻ പോകുന്ന കാര്യങ്ങളോ ഉടനെ ചെയ്യേണ്ട കാര്യങ്ങളോ ആണ്‌ സ്വപ്‌നത്തിലൂടെ കാണിച്ചുകൊടുക്കുക. പെങ്ങളെ കളളൻമാർ കൊണ്ടുപോയെന്നും അവളിപ്പോൾ കപ്പലിന്റെ കൊടിമരത്തിൻമേൽ ഇരിക്കുകയാണെന്നും ദൈവങ്ങളും നെകലുകളും കനകമലക്കോട്ടയിലെ കുഞ്ഞിക്കണ്ണനെ ഉറക്കത്തിൽ കാണിക്കുകയുണ്ടായി. ’മരിച്ച പൊറത്ത്‌‘ നിന്ന്‌ വന്ന ഒതേനൻ സ്വപ്‌നം കാണിച്ച്‌ അമ്പാടിയോട്‌ തെണ്ടയ്‌ക്ക്‌ (നികുതിപിരിവ്‌) പോവാൻ നിർദ്ദേശിക്കുന്നു. (ഒതേനന്റെ മകൻ അമ്പാടി). ’നിന്റെ ഏടത്തി കുഞ്ഞന്തേയി ഞാലുംമണിക്കോട്ട്‌ നിന്നിട്ടുണ്ട്‌ വേഗം അങ്ങോട്ട്‌ ചെല്ലണം‘ എന്ന്‌ ഞാലും മണിക്കോട്ട്‌ കുഞ്ഞിക്കുമ്പയെ ദൈവങ്ങൾ സ്വപ്‌നത്തിലൂടെയാണത്രേ അറിയിച്ചത്‌ (ഞാലും മണിക്കോട്ട്‌ കുഞ്ഞന്തേയിയും കുമ്പയും). ഭർത്താവായ കുഞ്ഞിക്കേളുവിനെ കാളിപ്പെണ്ണ്‌ കൊണ്ടുപോയി മുളളറയിലിട്ടിരിക്കുന്നുവെന്ന്‌ പൂമലക്കോട്ട കുഞ്ഞമ്മിണിയെ കാവിലമ്മ ഉറക്കത്തിൽ കാണിച്ചു (പൂമലക്കോട്ട കുഞ്ഞിക്കണ്ണൻ). കോഴിക്കോട്ടാലുങ്കിൽ ചെട്ടി ബാവലിക്കോട്ടയിലെ കുഞ്ഞനെ തട്ടിക്കൊണ്ടുപോയ കാര്യം തെക്കേനവീട്ടിലെ കുഞ്ഞിക്കണ്ണനെ ദൈവങ്ങൾ ഉറക്കത്തിൽ കാണിച്ചുകൊടുക്കുകയാണത്രേ ചെയ്‌തത്‌.

ദേവതാനുഗ്രഹം ഉടൻ പ്രത്യക്ഷമാകുന്നതായും സ്വപ്‌നം കാണിച്ചുകൊടുക്കുന്നതായുമുളള കഥകൾ വടക്കൻ പാട്ടുകളിലും കാണാം. ഒലവണ്ണൂർകാവിൽ ഭഗവതിയും പൂക്കുട്ടിച്ചാത്തൻ പരദേവതയും ഒതേനനെ ഉറക്കിൽ അരിങ്കിനാവ്‌ കാണിക്കുന്നു’. തച്ചോളിച്ചന്തു വയനാടൻ കേളൂന്റെ കോട്ടയിൽ അപകടത്തിൽപ്പെട്ടിരിക്കുന്നു എന്ന കാര്യം ഒലവണ്ണൂർക്കാവിലെ ഭഗവതിയമ്മ ഒതേനനെ ഉറക്കത്തിൽ കാണിക്കുന്നു. ഒതേനനും കിഴക്കൻമലനായൻമാരും എന്ന പാട്ടുകഥയിൽ കിഴക്കൻ മലയാണകുഞ്ഞമ്മാതു മരിച്ച നിലയിലും തനിക്ക്‌ പൊറുതിയില്ലെന്ന്‌ അനുജത്തിയെ കിനാവിലൂടെ അറിയിക്കുന്നു. തുളുനാടൻ കോട്ടയുടെ ഒന്നാം വാതുക്കലും അഞ്ചാം വാതുക്കലും ചെന്ന തച്ചോളികുഞ്ഞിച്ചന്തുവിന്‌ കോട്ടയുടെ വഴി കാണാതെ വന്നപ്പോൾ മലങ്കുറത്തിയെ പ്രാർത്ഥിച്ച്‌ ഉറങ്ങിയതിനാൽ ചന്തുവിന്‌ മലങ്കുറത്തി സ്വപ്‌നം കാണിച്ചു. അമ്പാടിയും പാലായിക്കോട്ടയിൽ രാജാവും എന്ന പാട്ടിലും പാനൂർ മഠത്തിലെ കുഞ്ഞനന്തൻ എന്ന പാട്ടിലും ഇത്‌ പോലുളള സ്വപ്‌നദർശനകഥകളുണ്ട്‌.

വടക്കൻപാട്ടുകളുടെ മാത്രം സവിശേഷതയാണ്‌ ഇത്തരം സ്വപ്‌നദർശന കഥകൾ എന്ന്‌ പൂർണ്ണമായി പറയാൻ കഴിയില്ല. ‘അരിംകിനാവുക’ളും ‘പെരുംകിനാവു’കളും കാണുന്ന കഥാപാത്രങ്ങളെ എം.വി.വിഷ്‌ണുനമ്പൂതിരി ചൂണ്ടിക്കാണിക്കുന്നുണ്ട്‌.

തിര്യക്കുകൾക്ക്‌ മാനുഷികഭാവം നല്‌കൽഃ കുറിച്യരുടെ പാട്ടുകളിൽ തിര്യക്കുകൾക്ക്‌ മാനുഷികഭാവം കല്‌പിച്ചിട്ടുളള നിരവധി സന്ദർഭങ്ങൾ കാണാം. ഓന്തുകൾ സംസാരിക്കുന്നതായി കണ്ണവം കുറിച്യരുടെയും വയനാടൻ കുറിച്യരുടെയും ഓന്തുപാട്ടുകളിലും മയിലും പാമ്പും സംസാരിക്കുന്നതായി വയനാടൻ കുറിച്യരുടെ മയിൽപ്പാട്ടിലും പുലികൾ സംസാരിക്കുന്നതായി കുറിച്യരുടെ തന്നെ നരിപ്പാട്ടിലും ചിത്രീകരിച്ചിരിക്കുന്നു. കാള തന്റെ കൂട്‌ നശിപ്പിക്കുന്നത്‌ കണ്ടപ്പോൾ പക്ഷി ദേവതയോട്‌ പ്രാർത്ഥിക്കുന്നതായി പക്ഷിപ്പാട്ടിൽ കാണാം. ‘കാവുങ്കറക്കോട്‌ കുഞ്ഞിക്കണ്ണൻ’ എന്ന കുറിച്യരുടെ കഥാഗാനത്തിൽ തവളകൾ സംസാരിച്ചതായി പറയുന്ന ഒരു സന്ദർഭമുണ്ട്‌. കുളത്തിൽ പൊങ്ങിവന്നിരിക്കുന്ന തവളകളെ കണ്ണൻ അമ്പെയ്യാൻ ശ്രമിച്ചപ്പോൾ ‘വടക്കൻ പടയെത്തിപ്പോയി’ എന്ന്‌ പറഞ്ഞുകൊണ്ട്‌ തവളകൾ വെളളത്തിൽ മുങ്ങിക്കളഞ്ഞുവത്രേ. ഒരു കടിഞ്ഞൂൽ ഗർഭിണിയെ ഒരു മരം ചതിച്ചുകൊന്നു എന്ന അസാധാരണസംഭവമാണ്‌ കുറിച്യർ മരപ്പാട്ടിലെ ഇതിവൃത്തമാക്കിയിട്ടുളളത്‌.

മൃഗങ്ങളും പക്ഷികളും മരങ്ങളും മറ്റും മനുഷ്യരെപോലെ ചിന്തിക്കുകയും സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതായി സങ്കല്പിക്കപ്പെട്ടിട്ടുളള നാടൻപാട്ടുകളും നാടൻകഥകളും മറ്റുസമുദായങ്ങൾക്കിടയിലും കണ്ടുവരുന്നുണ്ട്‌.

മേൽലോക-കീഴ്‌ലോക സങ്കല്പംഃ മേൽലോകത്തുനിന്ന്‌ തേരുതാണുവരുന്ന ദേവതമാരെയും കഥാപാത്രങ്ങളേയും ചില പാട്ടുകളിൽ അവതരിപ്പിച്ചിട്ടുണ്ട്‌. ‘നാരായി’ മേൽലോകത്ത്‌ നിന്ന്‌ തേരുതാണ്‌ ഭൂമിയിലേക്ക്‌ വന്നതാണെന്ന്‌ നാരായപ്പാട്ടിൽ പറയുന്നു. മലക്കാരി ഭൂമിയിലേക്ക്‌ വന്നതും മേൽലോകത്തുനിന്നാണത്രേ.

‘പാതാളക്കോട്ടേലെ അരച്ചൂതരോല്‌ (അസുരൻമാർ)

പൂമി(ഭൂമി) പൊളന്നങ്ങനെ പൊന്ത്വല്ലോല്‌’ എന്ന കുംഭപ്പാട്ടിലെ ഈരടിയിൽ കീഴ്‌ലോകസങ്കല്പമാണ്‌ അടങ്ങിയിട്ടുളളത്‌. മരമായപ്പാട്ടിൽ ഭൂമിയെ കീഴ്‌ലോകമായിട്ടാണ്‌ സങ്കല്പിച്ചിരിക്കുന്നത്‌. മേൽലോക കീഴ്‌ലോക സങ്കല്പങ്ങൾ ഉന്നത പുരാവൃത്തങ്ങളുടെ ഒരു സവിശേഷതയാണല്ലോ. അതേ സമയം നാടൻപുരാവൃത്തങ്ങളിൽ ഈ സങ്കല്പങ്ങൾ താരതമ്യേന കുറഞ്ഞാണിരിക്കുന്നത്‌.

സാങ്കല്പികക്കോട്ടകൾഃ കോട്ടകളെക്കുറിച്ചുളള വർണ്ണനകൾ പുരാവൃത്തങ്ങളുടെ ഭാഗമാണ്‌. കുറിച്യരുടെ കഥാഗാനങ്ങളിലും അനുഷ്‌ഠാനഗാനങ്ങളിലും നിരവധി കോട്ടകളുടെ പേരുകൾ പരാമർശിച്ചുകാണുന്നുണ്ട്‌. അവ എവിടെയാണെന്ന്‌ വ്യക്തമായ സൂചന കാണുന്നില്ല. മാമുനിക്കോട്ട, ഉമ്മിറുമ്പും കോട്ട, കപ്പിത്താൻകോട്ട, കന്നടിയൻകോട്ട, പാതാളക്കോട്ട എന്നിവ കുംഭപ്പാട്ടിൽ അവതരിപ്പിക്കപ്പെട്ട കോട്ടകളുടെ പേരുകളാണ്‌. ഇതിൽ മാകയിലം കോട്ട, ചീവോതിക്കോട്ട, തിരുവാവും കോട്ട, താച്ചാല്‌ കോട്ട എന്നിവ കുറിച്യരുടെ മേൽലോക സങ്കൽപ്പത്തിന്റെയും പാതാളക്കോട്ട കീഴ്‌ലോക സങ്കൽപ്പത്തിന്റെയും ഭാഗങ്ങളായി വരുന്നതാണ്‌. കഥാഗാനങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുളള കോട്ടകൾ, കഥാപാത്രങ്ങളുടെ വീട്‌ എന്ന അർത്ഥത്തിലാണ്‌ പ്രയോഗിച്ചിരിക്കുന്നത്‌ എന്ന്‌ പാട്ടുകളിൽ തന്നെ സൂചനയുണ്ട്‌.

അമാനുഷികശക്‌തികളെ സന്ദേശവാഹകരാക്കൽഃ അമാനുഷികശക്‌തികളെ പ്രയോജനപ്പെടുത്തിക്കൊണ്ട്‌ സന്ദേശമയക്കുന്നതായുളള കല്പനകൾ കുറിച്യരുടെ പല പാട്ടുകളിലും കാണുന്നുണ്ട്‌. വടക്കൻ കളരിയിലെ ‘കളിക്കുട്ടികൾ’ ഓലയിൽ സന്ദേശമെഴുതി ചെങ്കാറ്റും പുറത്തേക്ക്‌ എറിയുന്നതായും ഇത്‌ ബെതുരുമണിക്കോട്ടെ കേളുവിന്റെ മടിയിലിടണമെന്ന്‌ കാറ്റിനോട്‌ അപേക്ഷിക്കുന്നതായും കാറ്റ്‌ അപ്രകാരം ചെയ്യുന്നതായും കാവുംകറങ്കോട്ട്‌ കുഞ്ഞിക്കണ്ണന്റെ പാട്ടിൽ കാണാം. ഞാലും മണിക്കോട്ടെ കുഞ്ഞന്തേയി തമ്പുരാന്‌ എഴുത്തയ്‌ക്കുന്നതും ചെങ്കാറ്റിന്റെ സഹായത്തോടെയാണ്‌. തെക്കേന വീട്ടിലെ കുഞ്ഞികണ്ണന്‌ ബാവലിക്കോട്ടയിലെ കുഞ്ഞന്റെ വിശ്വാസം കിട്ടി എന്ന്‌ കോഴിക്കോട്ട്‌ ഞാലുങ്കീഴിൽ ചെട്ടി അറിയുന്നത്‌ കാറ്റിലൂടെയാണത്രേ. ഇതേ കല്പനകൾ വടക്കൻപാട്ടുകളിലും കാണാവുന്നതാണ്‌. ‘മടേനപളളിയിലെ കുഞ്ഞുചിരുത’ കാക്കക്കഴുത്തിൽ കെട്ടിയാണ്‌ പൊന്നരമാൻ കോട്ടയിലെ കുഞ്ഞിക്കണ്ണന്‌ എഴുത്തോല അയ്‌ക്കുന്നത്‌. തൊണ്ണൂറാം വീട്ടിലെ ഉണ്ണിയമ്മ താൻ വളർത്തുന്ന തത്തയുടെ കൊക്കിൽ എഴുത്തോലവെച്ച്‌ കപ്പുളളിപ്പാലാട്ടെ കോമന്‌ കൊടുക്കാൻ ആവശ്യപ്പെടുന്നു. മണിയൂരിടം വാഴും കുഞ്ഞിമങ്ക തന്റെ തത്തയെ പിടിച്ച്‌ ചെവിയിൽ പറഞ്ഞ്‌ കഴുത്തിൽ ഒരോല എഴുതിത്തൂക്കിയാണ്‌ കച്ചൂരം കണിയിൽ കുഞ്ഞിക്കണ്ണന്‌ സന്ദേശമയക്കുന്നത്‌. ഇവിടെ കുറിച്യർ അമൂർത്തശക്തികളേയും വടക്കൻപാട്ടുകാർ മൂർത്തശക്തികളേയും സന്ദേശവാഹകരായി സ്വീകരിച്ചിരിക്കുന്നു എന്ന വ്യത്യാസം കാണുന്നുണ്ട്‌.

കുമാരൻ വയലേരി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.