പുഴ.കോം > നാട്ടറിവ് > പാട്ട് > കൃതി

മാപ്പിള ചൊല്ലുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി. സി. കർത്താ

‘മൊയില്യാർക്ക്‌ ഉറുക്കെഴുതേണ്ടാ’

‘പളളിയിലെ കാര്യം അളളാവിനറിയാം’ എന്നാണു പഴഞ്ചൊല്ല്‌. ‘പളളിക്കൂടത്തിലെ അറബി കർമ്മത്തിനു പോരാ’ എന്നും. പൊതുവേ മുസ്ലീങ്ങൾ അറിവിൽ പിന്നോക്കമായിരുന്നു പഴയകാലത്ത്‌. ആഡംബരപ്രിയത്വമായിരുന്നു അവരുടെ പ്രധാനസ്വഭാവം. ‘ഉണ്ടുമുടിക്കും പട്ടന്‌മാര്‌, ഉടുത്തുമുടിക്കും ജോനോന്‌മാര്‌, കൊടുത്തുമുടിക്കും നായന്‌മാര്‌, - വ്യത്യസ്‌തമായ ശീലങ്ങൾ. പക്ഷേ അവരിലുമുണ്ടായിരുന്നു വമ്പൻമാർ. മക്കത്തുപോയി തൊപ്പിയിട്ട പെരുമാളും അറയ്‌ക്കൽ ബീബിയും കുഞ്ഞായിൻ മുസലിയാരും അതിൽപ്പെടും. ചിറയ്‌ക്കൽ പകുതി അറയ്‌ക്കലാണ്‌. ’വാപ്പമാറിയാലും വാക്കുമാറരുത്‌‘ എന്ന നിർബന്ധബുദ്ധിയും അവർക്കുണ്ട്‌.

മുക്രി, മുസലിയാർ, തങ്ങൾ തുടങ്ങിയ കർമ്മികളെക്കുറിച്ചു ധാരാളം പഴഞ്ചൊല്ലുകളുണ്ട്‌. ’മുക്രിക്കാനെകാലുകഴുകിക്കേറ്റണോ‘. ’മൊയില്യാർക്ക്‌ ഉറുക്കെഴുതേണ്ടാ, ‘അരഹാജി ദീൻ കൊല്ലും’. ‘തങ്ങന്‌മാരെക്കൊണ്ടു കെട്ടെടുപ്പിക്കല്ലേ’ തുടങ്ങിയ ചൊല്ലുകൾ നോക്കുക. ‘പളളിക്കാട്ടിൽ ചുളളിക്കച്ചവടം’. ‘പളളിയിലെ കാര്യം അളളാവിനറിയാം’ തുടങ്ങി മുസ്ലിംപളളിയെക്കുറിച്ചുമുണ്ടു ചൊല്ലുകൾ. ‘അബ്‌ദുൾ ഖാദറിനെന്തമാവാസി’ എന്ന ചൊല്ലു തന്നെയല്ലേ ‘കാട്ടുകോഴിക്കെന്തുസംക്രാന്തി’യെന്നതും? ‘ബദർ മുഴുവൻ ചോല്ലിക്കേട്ടിട്ടും അബൂജാഹിൽ ദീനിൽ കൂടിയോ’ എന്നു മുസ്ലീംകൾ ചോദിക്കുമ്പോൾ ‘രാമായണം മുഴവൻ വായിച്ചിട്ട്‌ സീത രാമന്റെ ആരാ’ എന്നാണു ഹിന്ദുക്കൾ ചോദിക്കുന്നത്‌. ‘നിയ്യത്തുപോലെയാണു മയ്യത്ത്‌ ’, ‘മനം പോലെ മംഗല്യ’വും.

‘പത്തിരി തിന്നാൽ പത്തുകാതം നടക്കാ’മെന്നാണു യാത്രക്കാരുടെ അഭിപ്രായം; വഴിവക്കിൽ ഉമ്മമാർ വില്‌ക്കാൻ വച്ചിരിക്കുന്ന ‘കലപ്പത്തിരി’യെപ്പറ്റി. കാറും ബസ്സുമില്ലാതിരുന്ന പഴയകാലത്ത്‌ കാൽനടക്കാരുടെ ക്ഷീണം മാറ്റിയിരുന്നത്‌ തണ്ണീർപ്പന്തലിലെ സംഭാരവും ഉമ്മമാരുടെ കലപ്പത്തിരിയുമായിരുന്നു. പല മുസ്ലീം ചൊല്ലിന്റേയും പിന്നിൽ രസകരങ്ങളായ കഥകളുണ്ട്‌. പ്രസിദ്ധനായ കുഞ്ഞായിൻ മുസ്‌ലിയാരെപ്പറ്റി പല ചൊല്ലുകളുമുണ്ട്‌. ‘തച്ചു കൊന്നു വടിയും ചാടി’. ‘കല്ലന്‌മാരിൽ മെച്ചംകുഞ്ഞായിൻ’ - എന്നു തുടങ്ങി. അതിനൊക്കെ കഥകളുമുണ്ട്‌. ‘ചംക്രാന്തീം ബാപ്പേം അവിടെക്കിട’ - മറ്റൊരു പഴഞ്ചൊല്ലാണിത്‌. ബാപ്പയും മകനും കാട്ടിലൂടെ യാത്ര പോകുമ്പോൾ വഴിക്കുമുന്നിൽ ചാടി വീണ പുലിയെപ്പറ്റിയാണിതിന്റെ കഥ. ഓണത്തെക്കുറിച്ചു പറയുകയാണു ബാപ്പ. കഥ പറഞ്ഞുകൊണ്ടു ബാപ്പ. കേൾവിക്കാരനായി മകൻ. ഓണത്തിനുമുമ്പുവരുന്ന സംക്രാന്തിയെപ്പറ്റി ബാപ്പ വിവരിക്കുമ്പോഴാണു മുമ്പിൽ പുലി ചാടിവീണത്‌. ‘മുമ്പിൽ വരുന്നതെന്താണെ’ന്നു മകന്റെ ചോദ്യം. കഥപറച്ചിലിന്റെ ഭാഗമായി ബാപ്പ പറഞ്ഞുഃ ‘മുമ്പിൽ (ഓണത്തിനുമുമ്പിൽ) വരുന്നതു ചംക്രാന്തി’, ‘എന്നാൽ ചംക്രാന്തീം ബാപ്പേം അവിടെക്കിടാ’ എന്നു പറഞ്ഞു മകൻ ഓടി രക്ഷപ്പെട്ടു. ശേഷം ചിന്ത്യം. മറ്റൊരു കഥ ഃ പന്നിയിറച്ചി വെറുക്കുന്ന വരും ‘ചുരയ്‌ക്കാ’ക്കറി ഇഷ്‌ടപ്പെടുന്നവരുമായ ഒരു കൂട്ടം മുസ്ലീങ്ങൾ ഒരിക്കൽ ജയിലിലകപ്പെട്ടു. അവിടെ അവർക്കു കഴിക്കാൻ കിട്ടിയതു പന്നിയിറച്ചിയാണ്‌. എന്തു ചെയ്യും? ‘അകപ്പെട്ടാൽ പന്നി ചുരയ്‌ക്കാ’ എന്നു ചിന്തിച്ചുകൊണ്ട്‌ തങ്ങൾ വെറുക്കുന്ന സാധനം കഴിക്കേണ്ടിവന്നു അവർക്ക്‌.

തനതായി പഴഞ്ചൊല്ലുകളും ഫലിതകഥകളും മാപ്പിളസാഹിത്യത്തിലുണ്ട്‌, നമ്പൂതിരിസാഹിത്യത്തിലെന്നപോലെ. അവയെ തരം തിരിച്ചു പഠിക്കുന്നതു പലതുകൊണ്ടും പ്രയോജനകരമാണ്‌ ഃ

1. അകപ്പെട്ടാൽ പന്നിചുരയ്‌ക്കാ

2. അടുക്കളവിട്ടു പോയീല്ല, അറിവുളളവരെ കണ്ടില്ല, കിത്താബൊന്നും ഓതീല്ല, ഫത്ത്‌വയ്‌ക്കൊന്നും മുട്ടില്ല. (ഫത്ത്‌വ = മതവിധി)

3. അധികം ശർത്തുളള അമ്മായി പാത്തിയാൽ കഴുകൂല്ല. (ഫർത്‌ = നിബന്ധന)

4. അബ്‌ദുൾ ഖാദറിനെന്തമാവാസി !

5. അമ്മ പോറ്റിയ മകളും ഉമ്മ പോറ്റിയ കോഴിയും.

6. അരഹാജി ദീൻ കൊല്ലും

7. അളള വേണ്ടി വച്ചു പളളയുണ്ടെങ്കിൽ ഇഞ്ഞു ഞമ്മളു പെറ്റോളാം.

8. അറയ്‌ക്കൽ ബീബിയെക്കെട്ടാൻ അരസ്സമ്മതം.

9. അറിയാത്ത ഉമ്മയും വരാഹൻ കണ്ടാലറിയും.

10. ഇതിലും വലിയ വെളളിയാഴ്‌ച വന്നിട്ടും വാപ്പ പളളിക്കു പോയിട്ടില്ല.

11. ഇപ്പഴും ഞമ്മന്റെ കാലാണു മീതെ.

12. ഉണ്ടുമുടിക്കും പട്ടന്‌മാര്‌, ഉടുത്തുമുടിക്കും ജോനോന്‌മാര്‌, കൊടുത്തുമുടിക്കും നായന്‌മാര്‌.

13. ഉപ്പു പുളിക്കൂലും മൊട്ട ചതിക്കും.

14. എല്ലാക്കാര്യവും മൊല്ലായ്‌ക്കറിയാം, മൊല്ലാക്കാര്യം അളളായ്‌ക്കറിയാം

15. ഏലായ്‌ക്കൊരു മേത്തനും വിളയ്‌ക്കൊരു പറങ്കിമാവും മതി.

16. ഒക്കത്ത ബുദ്‌ധ്‌ വീഴാനും പാടില്ല സമിയളളാക്ക്‌ കൈ പൊക്കേം വേണം.

17. ഒന്നേ കുതിര ഒന്നേറാവുത്തർ.

18. ഓതിയ കിതാബിലേ ഓതു.

19. കല്ലന്‌മാരിൽ മെച്ചം കുഞ്ഞായിൻ.

20. കളിയിൽ ബാപ്പ മകൻ.

21. ചിറയ്‌ക്കൽ പകുതി അറയ്‌ക്കൽ.

22. തങ്ങമ്മാരെക്കൊണ്ടു കെട്ടെടുപ്പിക്കല്ലേ.

23. തങ്ങളബർക്കത്തു കൊണ്ടു മതിലു പൊളിഞ്ഞില്ല.

24. തങ്ങളബർക്കത്തും പിന്നെ കടത്തുകൂലീം ബേണം.

25. തച്ചുകൊന്നു വടിയും ചാടി.

26. തണ്ടാൻ ദഹണ്‌ഡിക്ക മാപ്പിള ഭക്ഷിക്ക.

27. നിയ്യത്തു പോലെ മയ്യത്ത്‌.

28. പത്തിരി തിന്നാൽ പത്തുകാതം നടക്കാം.

29. പളളിക്കാട്ടിൽ ചുളളിക്കച്ചവടം.

30. പളളിക്കാര്യം അളളാവേക്കാൾ ലബ്ബയ്‌ക്കറിയാം.

31. പളളിക്കൂടത്തിലെ അറബി കർമ്മത്തിനു പോരാ.

32. പളളിയിലിരുന്നാൽ പളേളപ്പോവില്ല.

33. പളളിയിലെ കാര്യം അളളാവിനറിയാം.

34. പിന്നേം പറയും മാപ്പിള തൊളളകൊണ്ട്‌.

35. പെഞ്ചൊല്ലു കേട്ട പെരുമാളേ മക്കത്തുപോയി തൊപ്പിയിട്‌.

36. ബദർ മുഴുവൻ ചൊല്ലിക്കേട്ടിട്ടും അബു ജാഹീൽ ദീനിൽ കൂടിയോ എന്നു ചോദിക്കും.

37. ബബറയിലേയ്‌ക്ക്‌ ഈന്തപ്പഴം കയറ്റണ്ടാ.

38. ബഹീലിന്റെ കാശ്‌ വൈദ്യന്‌ (ബഹീൽ = പിശുക്കൻ)

39. ബർക്കത്തു കെട്ടവൻ തൊട്ടതെല്ലാം വിലക്ക്‌

40. ബൈച്ചോനറിയില്ല പൈച്ചോന്റെ വിശപ്പ്‌.

41. മയ്യത്തു സുബർക്കത്തിൽ പോയാലെന്ത്‌ ജഹന്നത്തിൽ പോയാലെന്ത്‌ മുക്രിക്കു കാശുകിട്ടണം.

42. മരുങ്ങാനും സുഖിക്കാനും മാളോര്‌, ഉറക്കമൊഴിക്കാനും പാടുവെടാനും മക്കാരാക്ക.

43. മാപ്പിള തൊട്ടുതിന്നും മാക്രി കുടിച്ചും ചത്തും കേട്ടിട്ടുണ്ടോ.

44. മാപ്ലേന്റെ വാക്കും പഴഞ്ചാക്കും ഒരു പോലെ.

45. മു അമിന്നായ വീടുണ്ട്‌, മൂക്കിൽ തുരുമ്പിടാൻ ആളില്ല.

46. മുക്കിലിരുന്ന ബീപാത്തു മൂന്നുപെറ്റു.

47. മുക്രിക്കാനെ കാലുകഴുകി കേറ്റണോ.

48. മുക്രിക്കാന്റെ മോറു കണ്ടാൽ നിക്കരിക്കാനേ തോന്നൂ.

49. മുസ്‌ല്യാരുടെ കുന്തം ചാച്ചും ചരിച്ചും വയ്‌ക്കാം.

50. മുസ്‌ല്യാരു നിന്നു പാത്തുമ്പം കുട്ട്യോള്‌ നടന്നു പാത്തും.

51. മുസ്‌ല്യാർക്കു ഏറെ, തങ്ങൾക്കു പോരാ.

52. മുസീബത്തിന്റെ നായ മൂത്താപ്പേനേം കടിച്ചു.

53. മൊയില്യാർക്ക്‌ ഉറുക്കെഴുതേണ്ട

54. മുറി വൈദ്യൻ ആളെക്കൊല്ലും മുറി മുസ്‌ല്യാർ മതത്തെക്കൊല്ലും.

55. രണ്ടു കെട്ട മാപ്പിളയ്‌ക്കു മുണ്ടം വടി

56. വാപ്പമാറിയാലും വാക്കുമാറരുത്‌.

57. വാപ്പ മുക്കാടിക്കുപോയാലുമുണ്ടൊരു വാലും തലേം, ഇല്ലെങ്കിലുമുണ്ടൊരു വാലും തലേം.

58. ഹക്ക്‌ ഹക്ക്‌ പോലെ വരും.

59. ഹയാ കെട്ടവൻ എന്തു കോലവും കെട്ടും.

60. ഹലാക്കിന്റെ അവിലും കഞ്ഞി.

61. ഹറാം പിറന്നോൻ എവിടെ ചെന്നാലും പറേപ്പിക്കും.

62. ഹംക്ക്‌ വാക്ക്‌ ചെവിക്കുപുറത്ത്‌.

പി. സി. കർത്താ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.