പുഴ.കോം > നാട്ടറിവ് > പാട്ട് > കൃതി

പ്രാചിന മുസ്ലീം ജീവിതം ഓർമ്മകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബക്കർ എടക്കഴിയൂർ

‘കാനോത്ത്‌ കാലത്ത്‌ ഖൽബിന്റെ മാറത്ത്‌....’

(സ്‌ഥലം പഴയ പാലക്കാട്‌ ജില്ല / ഇപ്പോൾ മലപ്പുറം, തൃശൂർ ജില്ലകളുടെ തീരദേശം) കാലം 1965 തൊട്ട്‌ താഴോട്ട്‌

വിശ്വവിഖ്യാതനായ വൈക്കം ബഷീറിന്റെ ഒന്നുംഒന്നുംചേർന്ന ‘ഇമ്മിണി വല്ല്യെഒന്നി’നെ സൃഷ്‌ടിക്കുന്ന പ്രവർത്തിയാണു അറബിഭാഷാ ചിഹ്‌നത്തിലെ ‘സെദ്ദി’ന്ന്‌. അക്ഷരങ്ങളെ കൂട്ടക്ഷരങ്ങളാക്കി മാറ്റാൻ ‘സെദ്ദ്‌’ മതി. കുടുംബങ്ങളെ കൂട്ടിച്ചേർക്കുന്ന അഥവാ വിവാഹബന്ധത്തിൽ പെടുത്തുന്ന ആളെ (ദല്ലാളെ) ‘സെദ്ദ്‌’ എന്ന പേരിൽ മലബാറിൽ ചിലേടത്തു പറഞ്ഞു വന്നതിന്റെ യുക്തി ഇതാവാം. ‘സെദ്ദ്‌’ മുഖേനയുണ്ടായ അന്വേഷണം ‘പറഞ്ഞിച്ചയം’ (പറഞ്ഞു നിശ്ചയം) മുതലാണു ഔദ്യോഗികതലത്തിലെത്തുക. കാരണവന്‌മാർ എല്ലാവരേയും, ഏറ്റവും അടുത്ത മുതിർന്ന ബന്ധുക്കളേയും ഉൾപ്പെടുത്തി ‘പറഞ്ഞിച്ചയം’ നടത്തുന്നു. ‘പറഞ്ഞിച്ചയം’ വധൂഗൃഹത്തിലാണ്‌ പെണ്ണിനെ ‘അന്വേഷിച്ചു’ ചെന്നൂവെന്നാണു വ്യംഗ്യം. അതുകൊണ്ടുതന്നെ കാര്യങ്ങൾ പരസ്പരം പറഞ്ഞു നിശ്ചയമായല്ലാതെ ‘വല്ലവന്റേയും ഒരു തുളളി വെളളം പോലും കുടിക്കുന്നതെന്ത്‌ തറവാടിത്തം’? ആദ്യം അന്വേഷിക്കേണ്ടത്‌ തറവാട്‌ താവഴിയാണ്‌. തറവാടിൽ കുറവുളളവരോടു ബന്ധംവയ്യ. സാമ്പത്തികക്ലേശമനുഭവിക്കുന്നവർപോലും തറവാടിൽ കുറവു തോന്നുന്ന സമ്പന്നരുടെ അന്വേഷണം തിരസ്‌കരിക്കും.

‘എന്തൊക്കീ, കുട്ടിക്ക്‌ കൊട്‌ക്ക്വാ?’ വന്ന കാർന്നോമ്മാരിൽ നിന്നുളള ചോദ്യത്തിനു വധുവിനു ആഭരണങ്ങൾ കൊടുക്കാൻ ബാധ്യസ്‌തരായ അച്ഛനോ സഹോദരങ്ങളോ പെട്ടെന്നു ഉത്തരംപറയില്ല. പറയരുത്‌. പറഞ്ഞാൽ-‘പിന്നെന്തിന്‌ തങ്ങളെ വിളിച്ചു കൂട്ടിയെന്ന്‌?’ പരിഭവിച്ചിറങ്ങി പോയ്‌ക്കളയും, പെൺവീട്ടിലെ കാർന്നോവാർ. ആകയാൽ ‘പറഞ്ഞിച്ചയ’ത്തിൽ എല്ലാം ചോദിക്കുന്നതും പറയുന്നതും ഇരുഭാഗത്തേയും കാർന്നോമാരുടെ മാത്രം അധികാരമാണ്‌. ‘കടകം, കഴുത്തിൽ കെട്ട്‌, കൊടുക്കുമെങ്കിൽ’, അതിന്നപ്പുറം പണ്ടങ്ങൾ ചോദിക്കാനില്ല. കടകം (കൈമേൽ) കഴുത്തിൽ കെട്ട്‌ (പതിനാറോ ഇരുപത്തിനാലോ മുഴുവൻ പവൻ തന്നെ പിടിപ്പിച്ച വലിയ മാല) ഇതു രണ്ടും കൊടുക്കുമെന്നു ഇങ്ങോട്ടു പറഞ്ഞവരോട്‌ /അഥവാ ഇതു രണ്ടും കൊടുക്കാൻ കഴിവുളളവരോട്‌ കാതില, പൂക്കുത്തി തുടങ്ങിയവ വേറെ പറയുന്നതെന്തിന്‌!

കടകം, കഴുത്തിൽ കെട്ട്‌ ഉളള പെണ്ണിന്റെ കാതിൽ സാധാരണ ‘പൊഞ്ചിറ്റ്‌ ’ അല്ല ‘പെറചിറ്റ്‌ ’ തന്നെ ആവാതിരിക്കില്ല. പൊന്നരപ്പട്ടയും (ഒഡ്യാണം) ഉണ്ടായേക്കാം. മോതിരങ്ങൾ ‘ചെറുനാഴി’കൊണ്ട്‌ അളന്നുകണക്കാക്കേണ്ട അത്ര, എന്നുവരും. ഇതു വൻകിടയാണെങ്കിൽ ചെറുകിടക്കാർ പറയുന്നതിങ്ങനെ ഃ ചിറ്റും, കാതിലയും, കവുത്തിൽക്ക്‌ രണ്ടു കൂട്ടോം. കൊപ്രാ വ്യാപാരിയായ ഒരു വൻകിടക്കാരന്റെ ‘തുലാക്കല്ല്‌? (1 തുലാം = 32 റാത്തൽ. കരിങ്കല്ലുകൊണ്ടുളളതാണു ഒരു തുലാം തൂക്കക്കല്ല്‌). ആ കല്ലിന്റെ തൂക്കത്തിൽ മറ്റൊരു വ്യാപാരി സംശയം പ്രകടിപ്പിച്ചപ്പോൾ വൻകിട അകത്തേക്കു വിളിച്ചുപറഞ്ഞത്രെ ഃ ’ചെല്ലപ്പെട്ടീല്‌ ഇരിക്ക്‌ണെ മറ്റെ ‘കല്ല്‌’ ഇങ്ങോട്ടെടുക്ക്‌‘. അകത്തുനിന്നും കൊണ്ടു വന്നതു കട്ടി സ്വർണ്ണത്തിൽ തീർത്ത തുലാക്കല്ല്‌! ഇതു പക്ഷേ ചെറുകിടക്കാരുടെ സ്വപ്‌നത്തിൽ പോലും തെളിയുന്നതല്ല. നന്നെ ചെറുപ്രായത്തിൽ ഒരു ആഘോഷമായി ’കാത്‌ കുത്ത്‌ കല്യാണം‘ കഴിച്ചു തുളച്ചിട്ട ഇരുപത്തി ഒന്നോളം തുളകളിൽ ഇതുവരെ കറുപ്പ്‌ നൂൽ അയവിൽ കെട്ടി ഞാത്തി നടക്കയായിരുന്നു. ഏറെ വേദനകൾ സഹിച്ചും പഴുത്തുവീങ്ങിയും കൊല്ലങ്ങളായി സൂക്ഷിച്ചുപോരുന്ന ആ തുളകളിൽ ’പൊൻചിറ്റ്‌‘ ഇടീക്കണം. കുറഞ്ഞ സ്വർണ്ണത്തിൽ കുറേയേറെ ’അരക്കു‘ നിറച്ച ആഭരണമായ ’ചങ്കേലസ്‌‘ എങ്കിലും കഴുത്തിലേക്കും വേണം. ഇത്രയും ചുരുങ്ങിയ മോഹമെങ്കിലും സാധിക്കാൻ പണ്ടേ തുടങ്ങിയിരിക്കുന്നു പ്രയത്നം ഃ-

’തെക്കാം തെരുവിലെ തെരും തോട്ടത്തിലെ പുന്നാരം പൂത്ത്‌ രണ്ടോല വീണ്‌

ഓലക്കാർ പെണ്ണുങ്ങളൊത്തുകൂടി ഓലക്കാർ പെണ്ണുങ്ങളൊത്ത്‌ കൂടി

മുക്കാൽ പണത്തിനോരോലം വിറ്റ്‌ (2) മുക്കാപണത്തിന്‌ പൊന്ന്‌ട്‌ത്ത്‌ (2)

ഏതേത്‌ തട്ടാനെ വിളിക്കേണ്ടീ ഉമ്മാ (2) കേളുരെ തട്ടാനെ വിളിച്ചോ മോളേ (2)

കേളുരേ തട്ടാനും നാലാളും വന്ന്‌ (2) ‘എന്തെല്ലാം പണിവേണം ഉമ്മാച്ചുമ്മേ?’ (2)

‘കൈമേൽക്ക്‌ രണ്ടോളം കടകം വേണം (2) കാതിൽക്ക്‌ രണ്ടോളം കാതില വേണം 92)

കവുത്തിൽക്ക്‌ ചിറ്റത്തും ചങ്കേലസും പോരാ (2)

പ്രമാണി ഏലസും പൊളേള മണി വേണം’ (2) തട്ടാനും മുട്ടി പണി തുടങ്ങി‘ (2)

വിൽക്കാവുന്നതെല്ലാം / രണ്ടു മടൽ ഓല കൂടി വിറ്റു കിട്ടിയ കാശും ചേർത്തു പൊന്നെടുത്തു തട്ടാനെ വീട്ടിലിരുത്തി പണ്ടങ്ങൾ പണിയിക്കുകയാണ്‌. വെളളി കൊണ്ടുളള അരയിലെ ഏലസ്‌, പാദസരം എന്നിവയും കൊടുത്തേക്കാമെങ്കിലും സദസ്സിൽ സ്വർണ്ണാഭരണങ്ങളേ പറയൂ, പറയേണ്ടൂ. അതൊന്നുമല്ല കാര്യം ’സിറിതനം‘ (സ്‌ത്രീധനം) എന്താ കൊട്‌ക്ക്വാ?’ പിന്നെപ്പിന്നെ ഭൂമി പറച്ചിൽ കുറഞ്ഞു. വസ്‌തു വാങ്ങിക്കാനുളള പണം പറച്ചിലായി. പണ്ടവും ‘സിറിതനവും’ പെൺവീട്ടുകാർ പറഞ്ഞതു സമ്മതമായി. ഇനിയാണ്‌ അറിയാനുളളത്‌ ഃ എന്ത്‌ ‘താനം’ (സ്‌ഥാനം) ചെയ്യും? അതു വരൻ വധൂവീട്ടുകാർക്ക്‌ കൊടുക്കേണ്ട ‘താനപ്പണം’. വരന്റെ കുല മഹിമക്കനുസരിച്ച ഉറുപ്പിക ‘താനം’ കൊടുക്കുമെങ്കിലും അതു ‘പറഞ്ഞിച്ചയ’ സദസ്സിൽ പറയുകയും വധൂകാരണവന്‌മാർക്ക്‌ ബോധ്യപ്പെടുകയും വേണം. ഇതുവരെ ‘ഉറുപ്പിക’ രംഗത്തുവന്നിട്ടില്ല. കാരണം ‘ഉറുപ്പിക’ ഇല്ല. ഭൂമി ഉണ്ട്‌. വസ്‌തുവകകളുണ്ട്‌. പൂർവ്വീകമായ പല ഉരുപ്പടികളുടെ സ്വർണ്ണവും ഉണ്ട്‌. മറ്റു ചിലവിനു കൊയ്‌ത നെല്ല്‌ പത്തായപ്പെട്ടിയിലും വിളഞ്ഞ നെല്ല്‌ പാടത്തും ഉണ്ട്‌. അരക്കാൻ മാത്രമല്ല ആട്ടി വെളിച്ചെണ്ണ എടുക്കാനും തേങ്ങ ധാരാളം. വരട്ടോല (ഉണങ്ങി വീണ ഓല), കൊതുമ്പ്‌, അരിപ്പാക്കുടി, മടൽ കൊല്ലത്തോടുകൊല്ലം കത്തിക്കാനുളളത്‌. പാടത്തും പറമ്പിലും ഋതുഭേദങ്ങൾക്കൊത്ത കായ്‌ക്കറി നാലാൾ കയറി വന്നാലുടൻ കാണാവുന്ന ഉമ്മറക്കഴുക്കോലിൽ ഓരോന്നിലും ഈ രണ്ടു വെളളരിക്കയാണ്‌ കെട്ടിത്തൂക്കിയിരിക്കുന്നത്‌. അതു വർഷകാല ആവശ്യത്തിനാണ്‌. മത്തങ്ങയും സൂക്ഷിച്ചിട്ടുണ്ട്‌. കഴമ്പ്‌ അധികമുളള ‘കറുത്ത മൂവ്വാണ്ടൻ’ ഇനം മാങ്ങയാണ്‌ ‘പൂണ്ടു ഉണക്കുക’. അതും വർഷകാലത്തേക്കുളള സൂക്ഷിപ്പാണ്‌. ചുരുക്കത്തിൽ അല്പം ഉപ്പും പുകയിലയുമൊഴിച്ചെല്ലാം സമൃദ്ധം. വല്ലിക്കാർ എന്ന ജോലിക്കാർക്കും കാർഷികവിളകൾ തന്നെയേ കൂലി കൊടുക്കൂ. കൊയ്‌ത്‌ മെതിച്ച്‌ നെല്ലാക്കിയാൽ ആരു വടിപ്പൻ (പറ) ഇങ്ങോട്ട്‌ / ഉടമക്ക്‌ അളന്നാൽ ഒരു ഇടങ്ങഴി പണിക്കാരനു ‘പതമ്പ്‌’. ആറു തെങ്ങിൽ കയറിയാൽ ഒരു തേങ്ങ ‘പൊതിയൽ’. അങ്ങിനെയൊക്കെയാണ്‌ വ്യവസ്‌ഥ. ഇതിനിടയിൽ ‘ഉറുപ്പിക’ ഒരവശ്യവസ്‌തുവായി വരുന്നതിപ്പോഴാണ്‌. ‘താനപ്പണം’ കൊടുക്കാൻ പണത്തിന്റെ കാര്യം വളരെ സൂക്ഷിച്ചേ പറയൂ. കാരണം പണം അത്യപൂർവ്വവസ്‌തുവാണ്‌.

‘താനപ്പണം’ പറഞ്ഞിച്ചയസഭയിൽ കൊടുക്കുന്നതു അധിയോഗ്യതയാണ്‌. പിന്നെപ്പിന്നെ താനപ്പണത്തിന്‌ ഒരേകദേശ മാനദണ്‌ഡം ചിലേടങ്ങളിലുണ്ടായി. പവന്നു വില നൂറുറുപ്പിക. നാല്പതുപവനാണ്‌ വധുവിനുകൊടുക്കുമെന്നുപറയുന്നത്‌. നാലായിരം ഉറുപ്പികയുടെ സ്വർണ്ണം. അതിൽ പകുതി രണ്ടായിരം അഥവാ അതിനോടടുത്ത തുക ‘താനം’ ചെയ്യുക. അതൊരു ‘മര്യാദ’യായി. നിർബന്ധമല്ല, നിയമവുമല്ല. ഏകദേശം ധാരണക്കുതകുന്ന ഈ അനുപാതം അധികകാലം തുടർന്നില്ല ഃ ന്നാൽ താനപ്പണം വേണ്ടാ. കൊടുക്കുകയുമില്ല. കുറച്ചങ്ങോട്ടും കുറച്ചിങ്ങോട്ടും. ‘ഇങ്ങോട്ടു മാത്രം മതി’. ‘വിവാഹം കഴിക്കുക എന്നാൽ, അതിൽ വരാവുന്ന ചിലവുകളൊക്കെ വധുവിന്റെ വീട്ടുകാർക്കു മാത്രം’. ഈ ‘നില’ ഉടലെടുത്തിട്ട്‌ ഏറെ കാലമായില്ലെങ്കിലും ഈ ‘നില’ കാരണം ‘താനപ്പണ’മൊന്നും ഇന്നത്തെ വരന്റെ വിജ്ഞാനത്തിൽ പെടുന്നില്ല) ‘താനപ്പണ’വും പറഞ്ഞു തീർപ്പായാൽ ‘ഉറപ്പ്‌’ എല്ലാം ആയി. അഥവാ - ‘പറഞ്ഞിച്ചയം’ കഴിഞ്ഞു. ‘താനപ്പണം’ പറഞ്ഞിച്ചയത്തിൽ തന്നെ കൊടുക്കണമെന്നില്ലെങ്കിലും അഥവാ അതിന്നു കഴിഞ്ഞില്ല /കഴിവില്ല എങ്കിലും കല്യാണത്തിനുമുമ്പ്‌ ‘താനപ്പണം’ കൊടുക്കണം. പറഞ്ഞിച്ചയം കഴിഞ്ഞതാണെങ്കിൽ പിന്നെ ‘ദിഷ്‌ടതി’ (ഉത്‌സവാഘോഷം) ക്ക്‌ വരൻ ‘താനമാനങ്ങൾ’ (സ്‌ഥാനമാനങ്ങൾ) ചെയ്യണം. രണ്ടു പെരുന്നാൾ, ഓണം ഇവയാണു പ്രധാനം.

മുന്തിയ കാർഷികവിളകൾ തന്നെയാണ്‌ ‘ദിഷ്‌ടതി’കൾക്കു ‘താനം’ (സ്‌ഥാനം) ചെയ്യുന്നതും. അഥവാ ‘ദിഷ്‌ടതി’ക്കു താനം ചെയ്‌തില്ലെങ്കിൽ ബന്ധം ഒഴിയുകയാണെന്ന സൂചനയുമാകുമത്‌. ‘നിക്കാഹ്‌’ കഴിഞ്ഞാലേ കല്യാണമാകൂ. ‘നിക്കാഹ്‌’ അറബി പദമാണ്‌. ‘നിക്കാഹ്‌’ എന്ന പ്രധാനചടങ്ങും മതശാസനയിൽ പെടുന്നു. ‘നിക്കാഹ്‌’ എന്നു പറഞ്ഞാൽ ആർക്കും അറിയാമെങ്കിലും മറ്റൊരു പദം അമ്പരപ്പിക്കും വിധം സാർവ്വത്രികമായിരുന്നു. ‘കാന്യേത്ത്‌!’ ‘കാനോത്ത്‌’ എന്നും ചിലേടങ്ങളിൽ പറയുന്നുണ്ടായിരുന്നു.

‘കാനോത്ത്‌ കാലത്ത്‌ ഖൽബിന്റെ മാറത്ത്‌....’ എന്നു തുടങ്ങുന്ന പാട്ടും -

‘പൂച്ചെടി പൂവിന്റെ മൊട്ട്‌ പറിച്ചു കാതിൽ കമ്മലിട്ട്‌

ഉച്ച വെയിലിൽ സാക്ഷിയായ്‌ കഴിഞ്ഞ കാനോത്ത്‌...’ എന്നു നാടകപ്പാട്ടുമുണ്ടായിരുന്നു.

കാനോത്ത്‌ എന്നും കാന്യേത്ത്‌ എന്നു പറഞ്ഞു കേട്ടെങ്കിലും രണ്ടും ഒന്നു തന്നെയെന്നു അറിയാം. പക്ഷെ, ‘നിക്കാഹ്‌’ തന്നെയാണോ ‘കാന്യേത്ത്‌ / കാനോത്ത്‌ ’ എന്നു സംശയിക്കും. ചടങ്ങിൽ പങ്കെടുക്കുന്ന ഖത്തീബ്‌ (പ്രദേശത്തെ പ്രധാനപണ്‌ഡിതനും ഉപദേഷ്‌ടാവും) അതേപോലെ മതശാസനകൾക്ക്‌ ഏറെ മാനീയരായവരും ‘നിക്കാഹ്‌’ എന്നുപറയുന്നതു കേൾക്കാമെങ്കിലും നാട്ടിലേറിയ കൂറും ‘കാന്യേത്ത്‌ / കാനോത്ത്‌ എന്നു തന്നെയാണു പറഞ്ഞിരുന്നത്‌.

കാന്യേത്ത്‌ കല്യാണദിവസം തന്നെയാകണമെന്നില്ല. ഇപ്പോഴും. കല്യാണദിവസത്തിനു മുമ്പു (ചിലപ്പോൾ വർഷങ്ങൾക്കു മുമ്പേയും കാനോത്ത്‌ കഴിച്ചിടാറുണ്ട്‌). കാനോത്ത്‌ കഴിച്ചാൽ പെണ്ണ്‌ ’ഒരുത്തന്റെ ബീടരായി.‘ മിക്ക കാനോത്തും വരന്റെ വീട്ടിലായിരിക്കും. ഖത്തീബും മറ്റു പണ്‌ഡിതന്‌മാർ ഉന്നതന്‌മാരും വധുവിന്റെ പിതാവും ഏറ്റവും അടുത്ത ബന്ധുക്കളും ഉപവിഷ്‌ടരായ പ്രത്യേകമൊരുക്കിയ വേദിയിലേക്കു പുതുവേഷമണിഞ്ഞ വരനും ചെന്നിരിക്കുന്നു. കാനോത്ത്‌ കഴിഞ്ഞതാണെങ്കിൽ പിന്നെ വധുവിന്റെ വീട്ടിൽ നിന്നു ’പുത്യാപ്ല‘യെ തേടിപോകലാണു കല്യാണത്തിന്റെ ആദ്യചടങ്ങ്‌.

കല്യാണം രാത്രിയിലാണ്‌. കാർഷികവൃത്തിയിലേർപ്പെട്ട അധികജനത്തിനും രാത്രിയിലേ സൗകര്യപ്പെടൂ. പുത്യാപ്ലയെ തേടി പോകുന്ന കൂട്ടത്തിൽ ഭാര്യാസഹോദരൻ (അളിയൻ) ഉണ്ടായിരിക്കണം. ചെന്ന്‌ ഭക്ഷണവും മറ്റുംകഴിഞ്ഞാൽ പുത്യാപ്ല ’മോത്താള‘ക്ക്‌ വന്നിരിക്കും. വധൂഗൃഹത്തിലേക്കു പുറപ്പെടാൻ മേയ്‌ക്കപ്പ്‌ ചെയ്യണം. അതാണ്‌ ’മോത്താള‘. സ്‌ഥലത്തെ ’ഒസ്സാൻ‘ (ബാർബർ) പന്തലിൽ സാധാരണവേഷത്തിൽ വന്നിരിക്കുന്ന പുത്യാപ്ലയുടെ താടി മീശ ശരിപ്പെടുത്തുന്നു. അതാണ്‌ ’മോത്താള‘. അതൊരു ആഘോഷചടങ്ങുമാണ്‌. പുത്യാപ്പ മോത്താളയ്‌ക്കിരുന്നാൽ വധൂവീട്ടിൽനിന്നു തേടിചെന്നവർ വരനേയും ബാർബറേയും വട്ടമിട്ടുനിന്നു പാട്ടുതുടങ്ങുന്നു. കൈകൊട്ടും. ഈ മുഹൂർത്തത്തിൽ സാർവ്വത്രികമായി ഉപയോഗപ്പെടുത്തിയിരുന്ന മാപ്പിളകലയാണ്‌ ’കൈമുട്ട്‌‘. ആണുങ്ങൾ കൈയടിച്ചുപാടുന്ന രംഗം. ഈ പാട്ടും കൊട്ടും വളരെ നീണ്ടുനില്‌ക്കും. അത്രയും സമയം പുത്യാപ്ലയും ഓസ്സാനും ’തൊട്ടും വടിച്ചും‘ ഇരിക്കണം.

’മോത്താളപണിക്കൊരു വിടതരണേ മിക്കോർ ഒരുക്കം തന്നേ

തക്ക വരക്കും പൊന്നേ...‘ എന്നുമറ്റും പാടിയാടി തകർക്കുന്നതു നിറുത്താൻ കാരണവന്‌മാരാരെങ്കിലും സൗമ്യമായി അപേക്ഷിക്കണം. അല്ലെങ്കിൽ ഇനിമെത്ര ഇശൽ പാടാൻ കിടക്കുന്നു! താടിവടിച്ച്‌ ഓസ്സാന്‌ കാശുമാത്രമല്ല കൂലി, തേങ്ങ, തുണി, അരി ഇവയെല്ലാം താലത്തിൽ വെച്ചു ഒരവകാശമായി കിട്ടും. ഈ അവകാശം പുത്യേപ്ലയുടെ പ്രദേശത്തെ ഓസ്സാന്‌ കിട്ടുന്നതാണെങ്കിൽ ’പുത്യെണ്ണി‘ന്റെ പ്രദേശത്തെ ഓസ്സാനും കിട്ടും അവകാശം. അതു ’വിരുന്നു‘ (മധുവിധു) കഴിഞ്ഞു പുത്യെണ്ണിന്റെവീട്ടിൽ കഴിയുന്ന പുത്യേപ്ലയെ ’കണ്ണാടി കാണിക്കാൻ‘ പിറ്റേന്നു കാലത്തുചെല്ലുന്ന വധുവിന്റെ പ്രദേശത്തെ ബാർബർക്കാണ്‌.

പുത്യേപ്ല വസ്‌ത്രങ്ങൾ സഹോദരീ ഭർത്താവിന്റെ (അളിയന്റെ) ’വക‘യാണ്‌. ഒന്നിൽ കൂടുതൽ അളിയന്‌മാരുണ്ടെങ്കിൽ ’പങ്കിട്ട്‌ ‘ തുകയെടുത്തു (വീതമെടുത്തു) പുതുവസ്‌ത്രങ്ങൾ വാങ്ങിക്കും. ചമയിച്ചൊരുക്കിയ ’പുതുമാരനെ‘ തേടി വന്നിരിക്കുന്ന വധൂസഹോദരനായ അളിയൻ ഒരു പുത്തൻ കുടയും നിവർത്തി കൈപിടിച്ചിറക്കിക്കൊണ്ടു പുറപ്പെടുന്നു. ഒപ്പം ചെങ്ങായ്യേള്‌ (സുഹൃത്തുക്കൾ) ’നടപ്പാട്ടും‘ തുടങ്ങുന്നുഃ

’മതിമധുരാ പ്രിയ പുതുമാരൻ അഴകേറും ബാലൻ അരിമ സുശീലൻ

മഹിമ പുങ്കാവിലെ പുതുനാരിയോ-ടണയുവാൻ ഇതാ പോകുന്നേ.....‘

പത്തും ഇരുപതുംനാഴിക ദൂരം നടക്കുമ്പോൾ അത്രയും സമയം അതിശബ്‌ദത്തിൽ മനോഹരമായി, തളരാതെ പാടുന്ന നിരവധി പാട്ടുകാരുണ്ടായിരുന്നു. ഒന്നോ രണ്ടോ പേരാണു പാട്ടുകാരെങ്കിലും സംഘംമുഴുവൻ ’താനവട്ടം‘ (പല്ലവി) പാടും. വളരെ അകലെയുളളവരും പറയുംഃ ’ഒരു പുത്യാപ്ല പോക്ക്‌ കേക്ക്‌ണ്‌‘. പാടി ഉല്ലസിച്ചെത്തുന്ന ഈ പരിവാരം നേരെ ചെന്ന്‌ വധൂ വീട്ടിലെപന്തലിൽ പ്രവേശിക്കില്ല. കവാടത്തിൽ നില്‌ക്കണം. അളിയൻ കുടചൂടിച്ച കൈ പിടിച്ച പുത്യാപ്ല മദ്ധ്യത്തിൽ. അവരെ തൊട്ടു രണ്ടുവരിയായി സംഘാംഗങ്ങൾ.

വീണ്ടും പാട്ടും കൈമുട്ടും വീണ്ടും ഒരഭ്യർത്‌ഥന വരുന്നവരെ. പിന്നെ ആദ്യം സംഘാംഗങ്ങൾ പന്തലിൽ പ്രവേശിക്കും. അപ്പോഴേക്കും ആ കവാടത്തിൽ തയ്യാറാക്കി വെച്ചിരിക്കുന്ന ഒരു ’കിണ്ടി‘ വെളളമെടുത്തു അളിയൻ വരന്റെ കാൽ കഴുകിക്കും. കാൽ കഴുകിയതിന്നു അളിയന്‌ വരൻ സമ്മാനം കൊടുക്കും. പലപ്പോഴും കിണ്ടിയിൽ തന്നെ ഒരു സ്വർണ്ണമോതിരമോ നാണയമോ ഇട്ടുകൊടുക്കും. ചിലേടത്തു കാശു നിറച്ച ’കവറും‘ കൊടുക്കും. പിന്നെ പന്തലിലേയ്‌ക്ക്‌. പ്രത്യേക ചെങ്ങായ്യോളോടൊത്ത്‌ പന്തലിൽ പ്രത്യേകമൊരുക്കിയ വേദിയിൽ പുത്യാപ്ല ഉപവിഷ്‌ഠനാകുന്നു. പിന്നെ ഭക്ഷണമായി.

പുത്യാപ്ലയും ചെങ്ങായ്യേളും ഒരു പക്ഷെ താൽക്കാലികമായൊരുക്കിയ കട്ടിലിൽ ആയേക്കാം. ബാക്കി എല്ലാവരും (ചിലപ്പോൾ പുത്യാപ്ലയും) തറയിൽ വിരിച്ച പായയിലാണിരിക്കുക. എട്ടോപത്തോ പേർ വട്ടമിട്ടിരിക്കുന്ന ഒരു ’മുക്കാലി‘. മുക്കാലിക്ക്‌ നടുവിൽ ഇന്നത്തെ മേശവിരിക്കു തുല്യമായ ’സുപ്ര‘ വിരിക്കും. സുപ്ര വട്ടത്തിലാണുണ്ടാവുക. സുപ്രയുടെ നടുവിൽ വലിയ തളികയിൽ നിറച്ചും വിളമ്പിയ നെയ്‌ച്ചോറ്‌. ചുറ്റും ഇറച്ചി, പപ്പടപാത്രങ്ങളും. ചുറ്റുമിരിക്കുന്ന എല്ലാവരും ഒരു മുക്കാലിയിൽ / പാത്രത്തിൽ നിന്നു ഭക്ഷണം കഴിക്കുന്നു. മുക്കാലിയുടെ എണ്ണം നോക്കിയാണ്‌ പുത്യാപ്ലയുടെ സുഹൃവലയത്തിന്റെ പെരുപ്പം പറയുക. തളികയിൽ മൺകൂനപോലെ ഉയർത്തി വിളമ്പിയ നെയ്‌ച്ചോറിന്റെ ഉച്ചിയിൽ കോഴി പൊരിച്ചതു കുത്തി നിറുത്തും.

പുത്യേപ്ലയുടെ ഒപ്പമിരിക്കുന്നവൻ ’നന്നായി തിന്നുന്ന‘വരാകണം. ’പുത്യേപ്ല മുക്കാലി‘യാണ്‌ തിന്നെന്നു വരുത്തി ’തൊട്ട്‌ എണീറ്റാൽ‘ തിന്നാനുംകൂടി ’ആവതില്ലാത്ത വക‘ എന്ന പരിഹാസ്യത്തിന്നുടമകളാകും. (’തിന്നു പരിചയമില്ലാത്തവർ, തിന്നാൻ ഒന്നുമില്ലാതെ വളർന്നവർ എന്ന ദുസ്സൂചനയുമാകുമത്‌.) വിളമ്പി കൈകഴിപ്പിക്കുകയല്ല, വിഭവം ‘കഴിഞ്ഞെന്ന്‌’ പറയിക്കണം. അതാണ്‌ ‘പുത്യേപ്ല മുക്കാലി’ക്കാരുടെ ഉശിര്‌. പ്രകടനത്തിന്റെ ഏതെങ്കിലും സന്ധിയിൽ അവസാനിക്കുന്ന പ്രസ്‌തുത തീറ്റമേളക്കുശേഷം ‘അകം പൂകിക്കൽ’ ആണ്‌. വധുവിന്റെ ഗൃഹാങ്കണത്തിലേക്കു പുത്യാപ്ലയെ വിളിച്ചു കയറ്റുന്ന ചടങ്ങ്‌. വീടിന്റെ ‘സ്‌ഥിര മണിയറ’ അകമായ ‘മണ്ടകം’ പുത്യാപ്ലക്ക്‌ കിട്ടുന്ന (കൊടുക്കുന്ന) ചടങ്ങാണ്‌ ‘അകംപൂകിക്കൽ’.

ആ വീട്ടിൽ അതിനു മുമ്പ്‌ പുത്യാപ്ലയായി അവരോധിതനായിരുന്ന ആൾ പുതുമണവാളന്നു ‘മണ്ടകം’ ഒഴിഞ്ഞു കൊടുക്കുന്ന വ്യംഗ്യേന പുത്യാപ്ലയെ മണ്ടകത്തേക്കാനയിക്കുന്നു. പുത്യാപ്ല അകത്തുപോയാൽ ചെങ്ങായ്യേളും പാട്ടുകാരുംപുറത്ത്‌ ഉച്ചത്തിൽ പാടിത്തകർക്കുന്നു ഃ

‘മുത്തിനിലും തെളിവൊത്ത മികവുളള ചിത്തിര പൊൻ മോളേ - നിന്റെ

മൊഞ്ചേറിടും മാറും തഞ്ചമിൽ കാണുവാൻ കൊഞ്ചം ദിനമായേ...’

പക്ഷേ, അവിടെ വധുവിന്റെ മാതാവേ ഉണ്ടാകൂ. മണ്ടകത്ത്‌ പ്രവേശിച്ച പുത്യാപ്ലയുടെ കൈവിരലിൽ അമ്മായി (വധുവിന്റെ മാതാവ്‌) മോതിരമണീക്കുന്നു. ഒരു ഗ്ലാസ്‌ പാലും കൊടുക്കും. പുത്യാപ്ലക്കു മാത്രമായി ആ വീട്ടിൽ നിന്നു കിട്ടുന്ന ആദ്യത്തെ ഭക്ഷ്യപാനീയം. അമ്മായി അണീച്ച മോതിരത്തിന്‌ ‘അമ്മായി കമ്പി’ എന്നാണ്‌ പറയുക. അമ്മായി കമ്പി ഇട്ടു പാലും കുടിച്ചാൽ ‘അകം പൂകിക്കൽ’ കഴിഞ്ഞു. പുറത്ത്‌ ജിജ്ഞാസുക്കളായി പാടി നില്‌ക്കുന്ന കൂട്ടുകാരോടൊത്ത്‌ പുത്യാപ്ല ഇറങ്ങി പോരികയായി. അപ്പോഴേക്കും വരന്റെ സഹോദരിമാരുടെ നേതൃത്വത്തിലുളള പെൺസംഘം ‘പുത്യെണ്ണി’നെ തേടി എത്തിയിരിക്കും. അഥവാ എത്തുന്നുണ്ടാകും. അവരെ യഥോചിതം പെൺവീട്ടുകാർ സ്വീകരിച്ചു സൽകരിച്ചശേഷം വധുവിനെ പുതുവസ്‌ത്രം / വിവാഹവേഷമണീക്കുന്നു. വരന്റെ വീട്ടിൽനിന്ന്‌ കൊണ്ടുപോയവേഷങ്ങൾ വധുവിന്റെ നാത്തൂമാരാണ്‌ ധരിപ്പിക്കുന്നത്‌. അതോടൊപ്പം വധുവിന്റെ വീട്ടുകാർ കൊടുക്കുന്ന ആഭരണവും അണീക്കും.

‘കണ്ടോളീം കണ്ടോളീം പുതുനാരിനെ കണ്ടോളീം...’ ഇത്യാദി പാട്ടുകൾ പാടി നാത്തൂമാരാൽ അനുഗമിച്ചാഗതയാകുന്ന ‘പുത്യെണ്ണ്‌ ’, പുത്യേപ്ലയുടെ പന്തലിൽ കയറും മുമ്പ്‌ നാത്തൂൻ കാല്‌ കഴുകിക്കും. കാലു കഴികിയതിനു പുത്യേപ്ല കൊടുത്തതിന്റെ പകുതിയോളം വരുന്നതേ പുത്യെണ്ണ്‌ കൊടുക്കൂ. കൊടുക്കേണ്ടു. പന്തലിൽ പ്രവേശിച്ച്‌ സദ്യയും മറ്റും കഴിഞ്ഞശേഷം പുത്യെണ്ണിനെ വീട്ടിനകത്തേയ്‌ക്കാനയിച്ച്‌ അമ്മായിമ്മ (വരന്റെ ഉമ്മ) - വരന്നു കിട്ടിയതിന്റെ പകുതി തൂക്കം വരുന്ന ഒരു മോതിരം പുത്യെണ്ണിന്‌ അണീക്കും. ഇതിനും അമ്മായി കമ്പി എന്നു പറയും. വീണ്ടും ബന്ധു സ്നേഹിതകളോടൊന്നിച്ചു മടക്കം. ‘ഇല്ലം ചുട്ടിച്ച്‌ ’ മടങ്ങുകയെന്നാണിതിനു പേർ. പക്ഷേ, ഇതുവരെ ആ വധൂവരന്‌മാർ തമ്മിൽ കാണുകയുണ്ടായില്ലെന്നറിയണം. കല്യാണത്തിന്റെ സുപ്രധാനഘടകങ്ങളെല്ലാം കഴിഞ്ഞു ഇതിന്നകം. എന്നല്ല ‘നിക്കാഹ്‌ ’ കഴിഞ്ഞതോടെ ആ വിവാഹം ഔദ്യോഗികവുമായി. എന്നിട്ടും വധൂവരന്‌മാർ തമ്മിലൊന്നു കാണുകപോലുമുണ്ടായില്ലെന്ന യാഥാർത്‌ഥ്യം. ഗുരു കാരണവന്‌മാരെ അക്ഷരം പ്രതി അനുസരിക്കുന്ന - അവർ തങ്ങൾക്കുവേണ്ടി ചെയ്‌തതെന്തും ‘ഹൈറ്‌ ’ / നല്ലത്‌, നന്‌മ എന്നു മാത്രം വിശ്വസിച്ചു സായൂജ്യമടഞ്ഞിരുന്ന ഒരു തലമുറയെ അനാവരണം ചെയ്യുന്നു.

ഇനി ‘വിരുന്നാ’ണ്‌. കല്യാണത്തിരക്കെല്ലാം കഴിഞ്ഞ്‌ നാലോ അഞ്ചോ ദിവസമോ ആഴ്‌ച തന്നേയോ കഴിഞ്ഞാണ്‌ ‘വിരുന്ന്‌ ’. അന്നു വധുവിന്റെ സഹോദരൻ (അളിയൻ) വരനെ / അളിയനെ വിളിക്കാൻ വരും. നേരത്തേ ക്ഷണിച്ചതനുസരിച്ച്‌ വരന്റെ ഏറ്റം അടുത്ത സുഹൃത്തുക്കൾ വരന്റെ വീട്ടിൽ ഒത്തുചേരുന്നു. കാരണവന്‌മാർ ആരും വിരുന്നിനു വേണ്ടതില്ല. അവരുടെ സമ്മതം മതി. രാത്രിയാണ്‌ വിരുന്ന്‌. അളിയൻ ക്ഷണിച്ചതനുസരിച്ച്‌ വധൂഗൃഹത്തിലേയ്‌ക്ക്‌ സുഹൃസമേതം പുത്യേപ്ല പുറപ്പെട്ടു പോകുന്നു. ആചാരങ്ങളൊന്നുമില്ല. ആഹ്ലാദം മാത്രം. തിന്നുക, തിന്നുക, പലതും തിന്നുക, അധികം തിന്നുക, അതു തന്നെ വിരുന്ന്‌. അതിനൊത്ത വിഭവങ്ങൾ, പലഹാരങ്ങൾ എല്ലാം ഒരുക്കിയിരിക്കും. ‘ഒരുക്കിയതൊക്കെ തിന്നേഅടങ്ങൂ’ എന്നവാശിയിൽ ‘പുത്യേപ്ലയും കൂട്ടരും ഇവരെക്കൊണ്ട്‌ ’മതി‘ പറയിക്കുമെന്ന്‌ പുത്യെണ്ണിന്റെ വീട്ടുകാരും. വാശി ദുർവാശിയായി പപ്പടത്തിന്നിടെ പരുത്തി നൂൽ കടത്തി പൊരിച്ചെടുത്തതും, അരിമാവ്‌ മുക്കി പഴംപൊരിപോലെ ’മടൽ ചീന്ത്‌ ‘ പൊരിച്ചതുമൊക്കെ വിളമ്പിയെന്നു വരും. അതൊക്കെ സൂക്ഷിക്കണം. ഇളിഭ്യരാകരുത്‌. ലഘുവായ ഇത്തരം കുസൃതികൾ അതിരുവിട്ട്‌ കരള്‌ വറുത്തതിന്നിടെ കരിങ്കൽ ചീള്‌ കടിച്ച പുത്യേപ്ല അപ്പോൾ തന്നെ ’പല്ലുപോയി കിളവനായി‘ അതിനാൽ തന്നെ രായ്‌ക്കു രാമാനം ’മൊഴി ചൊല്ലൽ‘ (വിവാഹബന്ധം വേർപെടുത്തൽ) വരെ നടന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌.

കല്യാണത്തിൽ സദ്യയാണ്‌. വിരുന്നിൽ സൽക്കാരവും. പൊടി പൊടിച്ച സൽക്കാരത്തിനുശേഷം പുത്യാപ്ലയെ അവിടെ ഏൽപ്പിച്ചു പ്രതിഫലമായി കുറച്ചു മുറുക്കാനും വാങ്ങി കൂടെ പോയിരുന്ന ചങ്ങാതിമാർ മടങ്ങുന്നു. അകലെ ദേശങ്ങളിലുളളവർ തമ്മിലായിരുന്നു കല്യാണമെങ്കിൽ തീർത്തും-അന്ന്‌ ആയിരിക്കും ആ ചെക്കനും പെണ്ണും ആദ്യമായി കാണുന്നത്‌. ആ രാത്രിയിൽ. കല്യാണം കഴിഞ്ഞും ദിവസങ്ങൾക്കുശേഷമുണ്ടായ വിരുന്നു രാത്രിയിൽ, മണ്ടകത്തുനിന്നും ഓക്കാനിക്കുന്ന / ഛർദിക്കുന്ന ശബ്‌ദം കേട്ടു ഞെട്ടിയുണർന്നു പരസ്പരം തുറിച്ചു നോക്കുന്ന കുടുംബാംഗങ്ങൾക്കു പക്ഷെ - മണ്ടകവാതിലിൽ മുട്ടിവിളിക്കാനുളള ആവത്‌ (ശക്തി) ഇല്ല. ’ഈ പഹച്ചി ഇതും ഒപ്പിച്ചീക്ക്‌ണോ പടച്ചോനേ.....‘ അപമാനം അടുത്തു കണ്ട വിഭ്രാന്തിയുടെ നിശ്ശബ്‌ദ വിലാപത്തിന്നിടെ ’ഉമ്മാ, ഒര്‌ പടിക്കം‘ (കോളാമ്പി) കൂടി ഇങ്ങ്‌ണ്ട്‌ ഇട്‌ക്കീ’ എന്നു പറഞ്ഞു മണ്ടകവാതിൽ പാതി തുറന്ന പുത്യേണ്ണിനോട്‌ ‘എന്തിനെന്ന്‌’? ആരും ചോദിച്ചില്ല. ചോദിക്കാതെത്തന്നെ മനസ്സിലായി. ‘ഛരദിക്കുന്നതു പുത്യേപ്ലയാണ്‌’. വാഷ്‌ബേസിന്റെ ജോലികൾ ഏകദേശം നിർവ്വഹിച്ചിരുന്ന വലിയ ‘പടിക്കത്തിലേയ്‌ക്ക്‌’ (കോളാമ്പിയിലേക്ക്‌) തൊണ്ട വരെ വിരൽ കടത്തി പുത്യേപ്ല വയറൊഴിക്കുന്നതു കണ്ട കുടുംബാംഗങ്ങൾ ചെറുപുഞ്ചിരിയോടെ രംഗമൊഴിഞ്ഞു.

ഇതൊക്കെയാണു വിരുന്നു രാത്രി. പുത്യേപ്ലയും പുത്യെണ്ണും ആദ്യമായി കാണുന്ന അർഹതയോടെ കാണാവുന്ന, അതെ, പരപുരുഷനെ / സ്‌ത്രീയേയും നോക്കുന്നതു പാപമാണെന്ന ശാസനക്കുവിധേയരായി ദശാബ്‌ദങ്ങൾ അദബോടെ (അച്ചടക്കത്തോടെ) താണ്ടിയവർ അന്യോന്യം കാണാൻ മാത്രമല്ല ഇണകളായി ഇഴുകിച്ചേരാനും പൂർണ്ണ അർഹത അംഗീകരിച്ചു കിട്ടുന്ന ഈ രാത്രി ആ ദമ്പതികളുടെ മധുവിധു ആരംഭവുമാകുന്നു. കല്യാണത്തിന്റെ ‘എല്ലാം’ ഏറെ തിളക്കമാർന്നിരിക്കണമെന്നാശിച്ചിരുന്ന അന്നത്തെ കല്യാണത്തിൽ പാടികേട്ട മൂന്നു വരികൾ ഃ

‘നെറം കത്തിത്തുളങ്കുന്ന നെടും പാന്നുസാ !

നെയിച്ചോറ്‌ ബെയിക്ക്‌ണ പിഞ്ഞാണങ്ങാ

പുത്യേപ്ലടെ തൊപ്പിമ്മേന്ന്‌ ഒളിവിളങ്കുന്നേ.....’

ബക്കർ എടക്കഴിയൂർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.