പുഴ.കോം > നാട്ടറിവ് > പാട്ട് > കൃതി

കോയക്കുട്ടിയുടെ വർത്തമാനങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നാട്ടറിവു പഠനകേന്ദ്രം

‘ദുൽഖർ നൈനി രാജന്റെ തലയിൽ രണ്ട്‌ കൊമ്പുണ്ട്‌ ’

മാപ്പിളക്കലകളിൽ അതീവപാണ്‌ഡിത്യമുളള 70 വയസ്സ്‌ പ്രായമുളള ഗവേഷകനാണ്‌ കെ. കോയക്കുട്ടി. ഒരു പുസ്‌തകമിറക്കാനുളള ഒരുക്കത്തിലാണ്‌. അദ്ദേഹത്തിന്റെ മാപ്പിള അറിവുകൾ പകർത്തുന്നു.

വാർത്ത്യമുട്ട്‌ അഥവാ ചീനിമുട്ട്‌ ഃ ഏകദേശം 6000 കൊല്ലങ്ങൾക്കുമുമ്പ്‌ ദുൽഖർ നൈനി എന്ന രാജാവിന്റെ ശിരസ്സ്‌ ക്ഷൗരംചെയ്യുന്ന ക്ഷുരകൻ തന്റെ പ്രവൃത്തിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ, ‘മഹാരാജാവിന്റെ തലയിൽ രണ്ട്‌ കൊമ്പുപോലെ കാണുന്നുവല്ലൊ. ഇത്‌ ആശ്ചര്യകരമാണല്ലോ’ എന്നു പറഞ്ഞു. ഉടനെ ദുൽഖർ നൈനി രാജൻ ഉഗ്രസ്വരത്തിൽ അത്‌ പുറത്തുപറഞ്ഞാൽ അയാളുടെ ശിരസ്സിനെ ഛേദിച്ചുകളയുമെന്നു താക്കീത്‌ ചെയ്‌തു. പക്ഷേ ക്ഷുരകന്‌ അത്‌ പുറത്തറിയിക്കാൻ കഴിയാതെ വന്നതിനാൽ വളരെയധികം മനഃപ്രയാസം നേരിട്ടു. അങ്ങനെയിരിക്കെ ഒരിക്കൽ ക്ഷുരകൻ വഴിവക്കിൽ ഒരു പൊട്ടക്കിണർ കണ്ടു. അതിലേക്ക്‌ നോക്കിക്കൊണ്ട്‌ ദുൽഖർ നൈനി രാജന്‌ രണ്ട്‌ കൊമ്പുണ്ട്‌ എന്നു മാത്രം ഉരുവിട്ട്‌ തിരിച്ചുപോയി. കുറച്ചുകാലം കഴിഞ്ഞ്‌ ആ വഴി വന്ന ഒരാൾ കിണറ്റിൽനിന്ന്‌ ഉയർന്നുകണ്ട അമ എന്ന പുൽചെടിയിൽനിന്ന്‌ ഒരു കമ്പ്‌ തന്റെ അരവാളുകൊണ്ട്‌ വെട്ടി എടുത്തു. ആ കഷ്‌ണത്തിൽ ദ്വാരം കണ്ട്‌, രണ്ട്‌ തലയും മുറിച്ച്‌ കടൽപോലെ കാണുന്ന ആ കമ്പ്‌ വായിൽവെച്ച്‌ ഊതി. ഉടനെ അതിൽ നിന്ന്‌ ‘ദുൽഖർ നൈനി രാജന്റെ തലയിൽ രണ്ട്‌ കൊമ്പുണ്ട്‌ ’ എന്നു ശബ്‌ദമുയർന്നു. ഈ വാർത്ത നാടാകെ പരന്നു.

വിവരം ഗ്രഹിച്ച മറ്റൊരാൾ പരിശോധിക്കുന്നതിനായി പ്രസ്‌തുത കിണറ്റിൽനിന്ന്‌ ആ അമയുടെ ഒരു കമ്പ്‌ വെട്ടി എടുത്ത്‌ അതിൽ ഊതി. ഉടനെ ഒരു രാഗശബ്‌ദമാണ്‌ കേൾപ്പാൻ കഴിഞ്ഞത്‌. ആ കഷ്‌ണം അദ്ദേഹം സൂക്ഷിച്ചുവെച്ചു. ഒട്ടുനാൾ കഴിഞ്ഞ്‌ വീണ്ടും ആ അമക്കുഴൽ എടുത്തു. അന്നേരം അതിൽ ഒരു തുളയും കൂടി കാണ്‌മാൻ കഴിഞ്ഞു. അതിൽ ഊതിയപ്പോഴാകട്ടെ രണ്ടു സ്വരങ്ങൾ കേൾപ്പതായി. വൈകാതെ അയാൾ ആ കുഴലിന്‌ എട്ടു തുളകൾ നിർമ്മിച്ചു. ഇടത്തേ പെരുവിരൽ കൊണ്ടും വലത്തേ പെരുവിരൽകൊണ്ടും താങ്ങിപ്പിടിച്ച്‌, ഇടതു ചെറുവിരൽകൊണ്ട്‌ എട്ടാമത്തെ തുള അമർത്തിപിടിച്ച്‌ ശബ്‌ദം പുറപ്പെടുവിച്ചു. ഏഴു സ്വരങ്ങൾ ഉണ്ടായതായി അനുഭവപ്പെട്ടു. ഉടനേ ചില വരികൾ (നെശീതികൾ) പുറപ്പെടുവിച്ചപ്പോൾ കേട്ടവർ ചുറ്റിലും കൂടി. കൂട്ടത്തിൽ ഒരാൾ ചെറിയ ഒരു മരച്ചില്ലകൊണ്ട്‌ ഒരു ചെറുപാത്രത്തിന്‌മേൽ താള മടിച്ചു. അല്പം പിന്നിട്ട്‌ മറ്റൊരാൾ കുറച്ചുകൂടി വലിയ ഒരു കമ്പ്‌കൊണ്ട്‌ വലിയ ഒരു പാത്രത്തിന്‌മേൽ ഉച്ചത്തിൽ ഇടവിട്ട്‌ തട്ടി. ചുരുക്കത്തിൽ അങ്ങിനെ അവർ ഒരു പുതിയ വാദ്യഘോഷത്തിന്‌ രൂപം നല്‌കി. രണ്ട്‌ മുരസ്‌, ചെണ്ട, ഒരു ഒറ്റച്ചെണ്ട, ഒരു കുഴൽ, ഇങ്ങിനെ രൂപാന്തരപ്പെടുത്തി. പിന്നീട്‌ അതു ആളുകളെ ഒത്തുകൂട്ടുന്നതിനായി ഉപയോഗിച്ചു. ഇത്‌ യുദ്ധയാത്രയിലും മറ്റും ഉപയോഗിച്ചിരുന്നു എന്നാണ്‌ മോയീൻകുട്ടി വൈദ്യാരുടെ ഖിസ്സപ്പാട്ടിൽ കാണുന്നത്‌. (ഉദാ; ഒറ്റഡുണ്ടുഡുരിറ്റിരിരിവിളി രീരിവിളകുശാൽ...) ഇങ്ങനെ രൂപംകൊണ്ടതാകുന്നു വാർത്ത്യമുട്ട്‌ എന്ന ചീനിമുട്ട്‌ (വാർത്ത അറിയിക്കുന്നത്‌ വാർത്ത്യമുട്ട്‌)

കോൽക്കളി ഃ കോൽക്കളിയുടെ ആരംഭം ഏകദേശം ആറായിരം കൊല്ലങ്ങൾക്കുമുമ്പ്‌ കൻആൻ എന്ന പ്രദേശത്താണ്‌. യഗ്‌ഖൂബ്‌ നെബിയുടെ സന്താനങ്ങളിൽ മൂത്ത ആൺമക്കൾ എട്ടുപേർ കാട്ടിൽ ആട്ടിൻപറ്റങ്ങളെ മേച്ച്‌ തീറ്റനല്‌കുന്നതിനിടയിൽ പിടിമൃഗങ്ങളെ ഓടിക്കുന്നതിനായി ശബ്‌ദം ഉണ്ടാക്കുവാൻ വിനോദമായി കോലടിച്ചു നൃത്തംവെച്ചു. ആടിപ്പാടിയും കളി നടത്തി. പിന്നീടത്‌ കാലക്രമേണ ഒരു കലയായി രൂപാന്തരപ്പെട്ടു. കളരി ഗുരുക്കന്‌മാരുടെ കലാനിലങ്ങളിൽ കോൽക്കളി രൂപപ്പെടുത്തി. പയറ്റിക്കോൽ താളം ചവിട്ടി ഈണത്തിൽ പാടി കോൽ പിണച്ചടിച്ചു കളിച്ചുതുടങ്ങി. ഇതുകണ്ട്‌ മറ്റു ഗുരുക്കന്‌മാർ ഇനം മാറ്റിയതും കോൽക്കളിതന്നെ. അതായത്‌, വടക്കൻ കളി, തെക്കൻ കളി, വയനാടൻ കളി, മുക്കുവൻ കളി എന്നിങ്ങനെ. അനവധി കളി ഇനങ്ങൾ മാറിയെങ്കിലും പഴയ പയറ്റിക്കോൽ എന്ന കളി ഇന്നും തനതായ രൂപത്തിൽ തന്നെ നടക്കുന്നു, നടത്തുന്നു. അതായത്‌, ഒന്നാമതായി വട്ടംവെട്ടുക. അല്പം കഴിഞ്ഞു താളം പറഞ്ഞു വട്ടം ചുറ്റുക. ഗുരുവിന്റെ താളം ശ്രദ്ധിച്ചു ഉളളും പുറവുമായ്‌ നിന്ന്‌, താളം കേട്ടാൽ കോൽപിണച്ചു തടുത്ത്‌ കയറിയും ഇറങ്ങിയും മറിഞ്ഞും തിരിഞ്ഞും ചരിഞ്ഞും വെട്ടിത്തടുത്ത്‌ കളിക്കുന്നതിനിടയിൽ കളിത്തളത്തിൽ മുന്നിലായി രണ്ടാം കളി നടത്തുകയും, അതല്ലാതെ അടക്കംവെച്ചു രണ്ടാം കളി മാറിക്കളിക്കുകയും അല്ലാത്തപക്ഷം തുടർന്ന്‌ നാലുവരെ ഒന്നിച്ചുകളിക്കുകയും ചെയ്യാറുണ്ട്‌. ഇങ്ങനെ ആറ്‌, എട്ട്‌, പത്ത്‌, പന്ത്രണ്ട്‌ വക കളികളും, താളക്കളി, ഒപ്പനക്കളി, ചരട്‌ കുത്തിക്കളി എന്നീ പ്രധാനകോൽക്കളിയും നടന്നിരുന്നതായി കാണുന്നു.

3. മുസൽമാന്‌ ‘മാപ്പിള’ എന്ന നാമത്തിന്റെ തുടക്കം ഃ 1921-ൽ മോങ്ങം പൊടിയാട്‌ എന്ന പ്രദേശത്ത്‌ റോഡരുകിൽ പഴയ മൺകലങ്ങളിൽ ചകിരിച്ചോറും തൂപ്പും നിറച്ച്‌ തീക്കനലിട്ട്‌ പുകപടലം സൃഷ്‌ടിച്ച്‌ ബ്രിട്ടീഷ്‌ പട്ടാളത്തെ ഭയവിഹ്വലരാക്കി അത്‌ഭുതം സൃഷ്‌ടിച്ച ഒരു വൃദ്ധനായ രസികൻ ഉണ്ടായിരുന്നു. അതു കണ്ട്‌ ഭയന്ന്‌ ബ്രിട്ടീഷ്‌ കുതിരപ്പട്ടാളം തിരിഞ്ഞോടി എന്നതാണ്‌ സംഭവം. പിന്നീടൊരിക്കൽ, 1922ൽ മോങ്ങം സ്വദേശിയായ ഒരു യുവാവിനെ കോഴിക്കോട്‌ പട്ടണത്തിൽ പിടിച്ചുനിറുത്തി അന്നത്തെ ജില്ലാ കലക്‌ടർ പുകയുടെ ചരിത്രം ചോദിച്ചറിഞ്ഞു.

ആ ചെറുപ്പക്കാരൻ എല്ലാ സത്യവും കളക്‌ടരോട്‌ വിവരിച്ചു. ഉടനേ കളക്‌ടർ ‘ഗുഢ്‌ മഹാപിളള, മഹാപിളള’ എന്ന്‌ വളരെ സന്തോഷപൂർവ്വം അവനെ കൈപിടിച്ച്‌ പുറത്ത്‌ തട്ടി സന്തോഷിപ്പിച്ചു. സമീപത്തുണ്ടായിരുന്നവർ ‘മഹാപിളള’, ‘മഹാപിളള’ എന്നുരുവിട്ട്‌, കാലക്രമേണ ആ വാക്ക്‌ ‘മാപ്പിള’ എന്നായി മാറി. ഇതേ കാലയളവിൽ കോഴിക്കോട്‌ പട്ടണത്തിൽനിന്ന്‌ പലതരം ചരക്കുകൾ കയറ്റിപോയിരുന്നത്‌ കാളവണ്ടിയിലായിരുന്നു. മലപ്പുറം, മോങ്ങം, പൊടിയാട്‌, കുണ്ടോട്ടി, രാമനാട്ടുകരയിലേക്കും അതുപോലെ രാമനാട്ടുകര വഴി ചേളാരി, വെളിമുക്ക്‌, കക്കാട്‌, വെങ്ങര, ചേറാര്‌, കണ്ണമംഗലം, തിരൂരങ്ങാടി, ചെമ്മാട്‌, പരപ്പനങ്ങാടി, താനൂര്‌, വെന്നിയൂര്‌, കോഴിച്ചെന, എടരിക്കോട്‌, കോട്ടയ്‌ക്കൽ, വൈലത്തൂര്‌, തലക്കടത്തൂര്‌ മുതലായ സ്‌ഥലങ്ങളിലേക്കും, തിരൂരിൽനിന്ന്‌ മറ്റു പല ഇടങ്ങളിലേക്കും ചരക്കുകൾ കാളവണ്ടി വഴി വരുന്ന സമയം. വണ്ടിക്കാർക്ക്‌ രാത്രികാലങ്ങളിൽ ഉറക്കം വരാതിരിയ്‌ക്കുന്നതിനായും ഭാരം വലിയ്‌ക്കുന്ന മൃഗങ്ങൾക്ക്‌ ഉന്‌മേഷം പകരുന്നതിനായും വണ്ടി തെളിയ്‌ക്കുന്നവർ വണ്ടിയുടെ അച്ചുതണ്ടിൽ ഇരുന്ന്‌ കെസ്സ്‌പാട്ട്‌, കത്തുപാട്ട്‌, ചരിത്രകാവ്യം മുതലായവ ആലപിക്കുക പതിവായിരുന്നു. ഒരു രാത്രിയിൽ രാമനാട്ടുകരയിലെ ഒരു വിദ്യാർത്‌ഥിനി പാട്ടുകേട്ട്‌ പെട്ടെന്നുണർന്ന്‌ തന്റെ അമ്മയോട്‌ ‘എന്താണ്‌ അമ്മേ ആ കേൾക്കുന്നത്‌ ’ എന്നന്വേഷിച്ചു. അമ്മ ‘മകളെ അതു മാപ്പിളപ്പാട്ടാണ്‌ ’ എന്നു മറുപടി പറഞ്ഞു. പിറ്റേന്നാൾ ആ പെൺകുട്ടി തന്റെ കൂട്ടുകാരികളോട്‌ ‘ഞാൻ ഇന്നലെ രാത്രിയിൽ അതിരസകരമായ മാപ്പിളപ്പാട്ടുകൾ കേട്ടു. നല്ല രസമുളള പാട്ട്‌ ’ എന്നറിയിച്ചു. സഹപാഠികൾ ‘ഞങ്ങൾ കേട്ടില്ല’ എന്നു പറഞ്ഞു.

എന്നും കേൾക്കാറുണ്ടെന്നും, രാത്രി ശ്രദ്ധിച്ചാൽ ആർക്കും കേൾക്കാമെന്നും അമ്മ പറഞ്ഞതായി അവൾ കൂട്ടുകാരികളോട്‌ മൊഴിഞ്ഞു. പിന്നീട്‌ കൂട്ടുകാരികളും ശ്രദ്ധാപൂർവ്വം കേട്ടറിഞ്ഞ്‌ പരത്തിയതാണ്‌ ‘മാപ്പിളപ്പാട്ട്‌’ എന്ന നാമം. ‘മാപ്പിള’ എന്ന നാമം എല്ലാ മതക്കാരും ഉപയോഗിക്കുന്നുണ്ട്‌. വിവാഹത്തോടനുബന്ധിച്ച്‌ ‘പുതുമാപ്പിള’ (അതിഥി) എന്ന നാമം എല്ലായിടത്തും, തമിഴകത്തിൽ പ്രത്യേകിച്ചും പ്രയോഗിക്കുന്നു. തമിഴ്‌നാട്ടിൽ ‘ഓമനൈവീ, മാപ്പിളൈ വരുകിനാർ’ എന്നാണ്‌ കുടുംബനാഥൻ അകത്തേക്ക്‌ അറിയിക്കാറുളളത്‌. ആയതിനാൽ ഇസ്ലാമിന്‌ മാത്രമായി ‘മാപ്പിള’ എന്ന നാമമില്ല.

നാട്ടറിവു പഠനകേന്ദ്രം

തൃശ്ശൂർ - 27
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.