പുഴ.കോം > നാട്ടറിവ് > കാട്ടറിവ് > കൃതി

മുളയിലെ നിറപ്പണികൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സി. ഡി. സുനീഷ്‌

‘മുള അന്യാധീനപ്പെട്ടതോടെ.....’

ഒന്ന്‌ഃ ചക്ലിമാമന്റെ മുളപ്പണികൾ

കനവിലെ ഒരൊഴിഞ്ഞ ഭാഗത്തിരുന്ന്‌ ചക്ലിമാമൻ മുളയിൽ കരവിരുത്‌ തീർക്കുകയാണ്‌. സമ്പന്നമായ ഗോത്രസംസ്‌കാരത്തിന്റെ പ്രതിനിധിയാണ്‌ നെയ്‌ക്കുപ്പാപണിയ കോളനിയിലെ ചക്ലിമാമൻ. കുട്ടകൾ, കൊമ്പോറമ, മീൻപിടുത്തത്തിനായുളള കൂടകൾ. സംഗീത ഉപകരണങ്ങൾ തുടങ്ങി ജീവിതത്തിന്റെ സമസ്‌തമേഖലക്കും ആവശ്യമായ ഉൽപന്നങ്ങൾ ചക്ലിമാമന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്നു. കനവിലെ ഈ മനോഹരമായ കുടിലുകളുടെ ശില്‌പിയും ചക്ലിമാമനാണ്‌. ആദിവാസി വാസ്‌തുവിദ്യയുടെ സമ്പന്നതയും നവീന സൗന്ദര്യബോധവും കൂടിയിണങ്ങിയതിന്റെ സ്വരൂപങ്ങളാണ്‌ ഈ കുടിലുകൾ. മുളയും മണ്ണുമാണ്‌ ഇതിലെ പ്രധാന വിഭവങ്ങൾ. മേൽക്കൂരക്ക്‌ വൈക്കോലും ഉപയോഗിച്ചിരിക്കുന്നു. മുളകൾ കൊണ്ട്‌ നെയ്‌ത ഭിത്തികളിൽ ഇരുവശവും മണ്ണുതേച്ച്‌ ഭിത്തികൾക്ക്‌ കൂടുതൽ ഉറപ്പുവരുത്തുന്നു. കറുപ്പും ചുവപ്പും മൺചായം കൊണ്ട്‌ ഭിത്തികൾ മിനുക്കിയിരിക്കുന്നു. ചെറിയ ചിത്രങ്ങളും ഭിത്തികളിൽ വരഞ്ഞിട്ടുണ്ട്‌. സ്‌ത്രീകൾ ആണ്‌ മിനുക്കുപണികൾ ചെയ്യുക. ഒരു ഗോത്ര കൂട്ടായ്‌മയുടെ സംഭാവനയാണ്‌ ആദിവാസിപുരകൾ. ഗോത്ര ജനതയുടെ സർഗ്ഗാത്മകതയുടെ ചിഹ്‌നങ്ങളാണ്‌ അവരുടെ കുടിലുകളും മുളയുത്‌പ്പന്നങ്ങളും. മുള അന്യാധീനപ്പെട്ടതോടെ ഗോത്രജനതയുടെ ജീവിതത്തിന്റെ തണലാണ്‌ നഷ്‌ടപ്പെട്ടത്‌. വികസനസംസ്‌കാരത്തിന്റെ ഇരകളായി മാറിയ ആദിവാസികൾ സ്വന്തം വിഭവപരിസരത്ത്‌ നിന്നും പറിച്ചെറിയപ്പെട്ടു.

വീട്ടാവശ്യ ഉപകരണങ്ങൾ, പാത്രങ്ങൾ, ഭക്ഷണാവശ്യങ്ങൾ, മീൻപിടുത്ത ഉപകരണങ്ങൾ, സംഗീത ഉപകരണങ്ങൾ എന്നിവ ആദിവാസികൾ മുളയെ ആശ്രയിച്ചാണ്‌ നിറവേറ്റിയിരുന്നത്‌. പ്രകൃതിയുമായി താദാത്മ്യപ്പെട്ട്‌ ജീവിച്ചിരുന്ന ആദിവാസികൾക്ക്‌ മുള അന്യം വന്നതോടെ ജീവിതം താറുമാറായി. വർഷങ്ങൾക്കു മുമ്പ്‌ തന്നെ മാവൂർ ഗ്വാളിയോർ റയോൺസിന്‌ അവസാന മുളങ്കാടുകളും തീറെഴുതി കൊടുത്തതോടെ നമ്മുടെ തീവ്രവികസനം സാധ്യമായല്ലോ. ഒരു മുളലോറി വയനാടൻ ചുരമിറങ്ങുമ്പോൾ അവശേഷിക്കുന്ന പച്ചപ്പ്‌ മാത്രമല്ല, ആദിവാസി ജീവിതത്തിന്റെ അവസാന വിഭവങ്ങളാണ്‌ പടിയിറങ്ങുന്നത്‌.

രണ്ട്‌ഃ മുളയിലെ നിറപ്പണികൾ

മുള-ഈറ്റ ഉൽപ്പന്നങ്ങൾ നിർമ്മിച്ചിരുന്ന പറയ സമുദായക്കാർ (സാംബവർ) മുള-ഈറ്റ അലികളിൽ നിറം പകർത്താൻ ഉപയോഗിച്ചിരുന്ന പരമ്പരാഗത ചായ കൂട്ടുകൾ നിർമ്മിച്ചുപയോഗിച്ചിരുന്നു. ഏറെ കുറെ അസ്തമിച്ച്‌ കഴിഞ്ഞ ഈ നാട്ടറിവ്‌ ഒരു ജനത തലമുറ തലമുറയായി കാത്തു സൂക്ഷിച്ചു പോന്നവയായിരുന്നു. മുളയ്‌ക്കിന്ന്‌ വില കൂടുതലാണ്‌. ഈറ്റയാകട്ടെ ബാംബു കോർപ്പറേഷൻ റേഷനായാണ്‌ നല്‌കുന്നത്‌. കൊട്ടയും പനമ്പും മുറവും നെയ്യുന്നതിനുളള ഈറ്റ വരുന്നത്‌ പ്രധാനമായും പൂയംകുട്ടി മേഖലയിൽനിന്നാണ്‌. പൂയംകുട്ടി പദ്ധതി നിലവിൽ വരുന്നതോടെ 3 ലക്ഷം ഈറ്റത്തൊഴിലാളികളുടെ അസംസ്‌കൃത ഉല്‌പന്നമാണ്‌ നഷ്‌ടമാകുന്നത്‌. ഒപ്പം കൈത്തൊഴിലും. വികസനത്തിന്റെ ചാരന്‌മാർ കൈത്തൊഴിലും നാട്ടറിവും മുക്കിക്കൊല്ലാൻ അവസരം പാർത്തിരിക്കുകയാണ്‌. സ്വന്തം പരിസരത്ത്‌ നിന്നും ലഭിക്കുന്ന വിഭവങ്ങളെ അടിസ്ഥാനമാക്കിയാണ്‌ ചായങ്ങൾ ഉണ്ടാക്കിയിരുന്നത്‌. തൃശൂർ ജില്ലയിലെ പറയ സമുദായക്കാർ പറഞ്ഞ്‌ തന്നതാണ്‌ താഴെ ചേർക്കുന്ന ഈ ‘നാട്ടറിവുകൾ’ അവരെ നന്ദിപൂർവ്വം സ്‌മരിച്ചു കൊളളുന്നു.

ചുവന്ന നിറം പകർത്താൻഃ കാശാവിന്റെ ഇലയും പതിമുഖവും തിളപ്പിച്ചെടുക്കുക. തിളപ്പിച്ചാറിയ വെളളത്തിൽ അലികൾ മുക്കി ഉണക്കിയാൽ ചുവന്നനിറം പകർത്താം.

ചുവന്നനിറം പകർത്താനുളള മറ്റൊരുരീതിഃ മഞ്ഞളും ചുണ്ണാമ്പും നന്നായി പൊടിച്ചെടുത്ത്‌ ചാലിക്കുക. ഈ കൂട്ട്‌ തിളപ്പിച്ചെടുത്ത്‌ വെളളത്തിൽ അലികൾ മുക്കിയെടുത്താൽ ചുവന്ന നിറംപകർത്താം.

വൈലറ്റ്‌ നിറം പകർത്താൻഃ കണലി നന്നായി പൊടിച്ചെടുത്ത്‌ കാശാവിന്റെ ഇല കൂട്ടി തിളപ്പിച്ചെടുത്ത വെളളത്തിൽ അലികൾ മുക്കിയെടുത്താൽ വൈലറ്റ്‌ നിറം പകർത്താം.

കറുപ്പ്‌ നിറം പകർത്താൻഃ ചിന്നുമുക്കിയും കുരുവില്ല കടുക്കയും കൂടി തിളപ്പിച്ചെടുത്ത്‌ അലികൾ മുക്കിയെടുത്താൽ കറുപ്പ്‌ നിറം പകർത്താം.

കറുപ്പ്‌ നിറം പകർത്താൻ മറ്റൊരു രീതിഃ അന്നവേര്‌, കടുക്ക, ചെറുനാരങ്ങ, ചെറിയ ഇരുമ്പിൻ തുണ്ട്‌ എന്നിവ തിളപ്പിച്ചെടുത്ത വെളളത്തിൽ അലികൾ മുക്കിയെടുത്താൽ കറുപ്പ്‌ നിറം പകർത്താം.

പച്ചനിറം പകർത്താൻഃ കൃഷ്‌ണപ്പൊടിയും (ഉമിക്കരി) നല്ല തവിടും കലർത്തിയാൽ പച്ചനിറം കിട്ടും. ഈ മിശ്രിതം തിളപ്പിച്ചെടുത്ത വെളളത്തിൽ അലികൾ മുക്കിയെടുത്താൽ പച്ചനിറം പകർത്താം.

പച്ചിലക്കറുപ്പ്‌ നിറം പകർത്താൻഃ കൃഷ്‌ണപ്പൊടിയും (ഉമിക്കരി) നല്ല തവിടും വെളളപ്പൊടി കൂട്ടി കലർത്തുക. ഈ മിശ്രിതം തിളപ്പിച്ചെടുത്ത വെളളത്തിൽ അലി മുക്കിയെടുത്താൽ പച്ചിലക്കറുപ്പ്‌ നിറം പകർത്താം.

മഞ്ഞനിറം പകർത്താൻഃ മഞ്ഞൾപൊടി തിളപ്പിച്ചെടുത്ത വെളളത്തിൽ അലികൾ മുക്കിയെടുത്താൽ മഞ്ഞനിറം പകർത്താം.

മുള കുത്താതിരിക്കാൻ കാലവും പരിചരണവും പറയ സമുദായക്കാർക്കുണ്ടായിരുന്നു. മുളയും ഈറ്റയും അന്യമായി തുടങ്ങിയതോടെ സമ്പന്നമായിരുന്ന കുലത്തൊഴിലും കുറെ നാട്ടറിവുകളും കൂടിയാണ്‌ മാഞ്ഞുപോകുന്നത്‌. മുള കുത്താതിരിക്കാൻ ഇവരുപയോഗിച്ച്‌ പോന്നിരുന്ന ഏതാനും മാർഗ്ഗങ്ങളുണ്ട്‌.

മുളയ്‌ക്ക്‌ ഒരു മധുര രസമുണ്ട്‌. ഈ മധുരരസം ഇല്ലാതാക്കിയാൽ മുള കുത്തില്ലാ എന്ന്‌ പറയ മൂപ്പന്മാർ സ്ഥാപിക്കുന്നു. ‘ഇരുട്ടത്ത്‌ വെട്ടിയാൽ മുള കുത്തില്ലാ’ എന്ന്‌ ഒരു ചൊല്ല്‌ തന്നെയുണ്ട്‌. മുള കുത്താതിരിക്കണമെങ്കിൽ കറുത്തവാവുനാൾ നോക്കി ഇരുട്ടത്ത്‌ വെട്ടണമെന്നാണ്‌ പ്രമാണം. കാരം വെളളത്തിൽ തിളപ്പിച്ചെടുത്ത്‌ അതിൽ മുള മുക്കിയെടുത്താൽ മുള കുത്താതിരിക്കും. തുരിശ്‌ വെളളത്തിൽ ലയിപ്പിച്ചെടുത്ത്‌ മുള മുക്കിയെടുത്താൽ കുത്താതിരിക്കും. മഞ്ഞൾ പൊടിയും തുരിശും കലക്കിയ വെളളവും മുളയിൽ തെളിച്ചാൽ മുള കുത്താതിരിക്കും. ഉപ്പുവെളളം ചൂടാക്കി തെളിച്ചാൽ മുള കുത്താതിരിക്കും. ഇഞ്ഞിൾവെളളം കുട്ടകൾ നെയ്‌ത്‌ കഴിഞ്ഞ്‌ തെളിച്ചാൽ കുട്ടകൾക്ക്‌ ദീർഘായുസ്സുണ്ടാകും. മുറവും കുട്ടയും നെയ്‌ത്‌ ചാണകം മെഴുകിയെടുത്താലും നീണ്ടകാലം നില്‌ക്കും.

സി. ഡി. സുനീഷ്‌

നാട്ടറിവു പഠനകേന്ദ്രം 680027
E-Mail: nattariv@puzha.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.