പുഴ.കോം > നാട്ടറിവ് > കുട്ടികളുടെ നാട്ടറിവ് > കൃതി

കളികളുടെ സാമൂഹികമാനങ്ങൾ - 2

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി.എസ്‌ മനോജ്‌കുമാർ

പെൺകളികളോടു തുലനപ്പെടുത്തുമ്പോൾ ആൺകളികളിൽ ദൃശ്യമാകുന്ന ഒരു പ്രത്യേകത, സംഭാഷണാത്മകമോ ഗാനാത്മകതമോ ആയവയുടെ അഭാവമാണ്‌. ലിംഗാധിഷ്‌ഠിത തൊഴിൽ വിഭജനം, ഗാർഹിക തൊഴിലുകളിൽനിന്നും പുരുഷന്മാരെ ഒഴിവാക്കുന്നതിനും, ശിശുപരിപാലനം പെൺതൊഴിൽ മേഖലയാക്കുന്നതിനും ദൃഷ്‌ടാന്തമായി ഇതിനെയെടുക്കാം.

കളികളിലെ പ്രായഭേദങ്ങൾഃ

പ്രായത്തിന്റെ വ്യതിയാനത്തിനനുസരിച്ച്‌ കുട്ടികളുടെ സ്വഭാവം മാറുന്നു. പാവകളെ ചുറ്റിപ്പറ്റിയുളള ശൈശവ-ബാല്യ കേളികളും, നിൽപ്‌- ഇരിപ്പിലെ ബാല്യ കൗമാര, യൗവ്വന കളികളും, ഇരിപ്പിലെ യൗവ്വനാനന്തര കേളികളും ശ്രദ്ധിക്കേണ്ടതാണ്‌.

പാവകൾഃ

മനുഷ്യചരിത്രത്തിലെമ്പാടും പാവകൾ അവയുടേതായ പങ്കു വഹിച്ചിട്ടുണ്ട്‌. പ്രാചീന നാഗരികതകളിൽനിന്നും, ഉദ്‌ഖനനം ചെയ്‌തെടുത്ത സാമഗ്രികളിൽ പാവകളും പെടുന്നു. ഹാരപ്പൻ പരിഷ്‌കൃതിയിൽ പാവകൾക്ക്‌ ഗണനീയമായ സ്ഥാനമുണ്ടായിരുന്നതായി പുരാതത്ത്വലക്ഷ്യങ്ങൾ വ്യക്തമാക്കുന്നു. കളിവണ്ടികൾ ധാരാളമായി ഇവിടുന്ന്‌ ലഭിച്ചിട്ടുണ്ട്‌. ശില്‌പങ്ങളും. ഇവയെല്ലാം തെളിയിക്കുന്നത്‌ പ്രാചീന നാഗരികതകളിൽ പാവകൾക്കുളള സ്ഥാനത്തെയാണ്‌. സമകാലിക സമൂഹം പാവകൾക്കു നൽകുന്ന പ്രാധാന്യം, അനുഭവമാണ്‌.

പാവകൾക്കിത്ര പ്രാധാന്യം ലഭിക്കുവാൻ കാരണമെന്ത്‌? അന്വേഷണങ്ങൾക്ക്‌ പ്രസക്തിയുണ്ട്‌. അവ കുഞ്ഞിൽ സാമൂഹികാവബോധം വളർത്തുന്നു. കുഞ്ഞു പരിചയപ്പെടുന്ന പരിമിതമുഖങ്ങളേക്കാൾ, ഇടങ്ങളേക്കാൾ വിശാലമാണ്‌ ലോകമെന്ന ബോധമുളവാക്കുകയാണ്‌ പാവകളുടെ ലക്ഷ്യം. കുഞ്ഞുങ്ങൾ സംസാരിക്കുവാനാരംഭിക്കുന്നതും പാവകളൊത്ത്‌ കളിക്കുന്നതും ഒരേ കാലയളവിലാണെന്നത്‌, അവയുടെ പ്രസക്തി വർദ്ധിപ്പിക്കുന്നു. സംഭാഷണത്തെ സഹായിക്കുന്ന ഉപാധികളാണ്‌ പാവകൾ. ആൾരൂപങ്ങൾ, വാഹന, മൃഗ-പക്ഷി രൂപങ്ങൾ എന്നിവയാവും അവയുടെ സ്വാഭാവികാകൃതി. അവയെ മാദ്ധ്യമമാക്കി രൂപവും, ഭാഷയിലവ എന്തെന്നും ഏകകാലത്ത്‌ അഭ്യസിക്കുകയാണ്‌ കുഞ്ഞ്‌. വസ്‌തുപ്രപഞ്ചവും, ശബ്‌ദപ്രപഞ്ചവും കുട്ടിയിൽ ഏക കാലത്തുറയ്‌ക്കുന്നു.

കളിവീടുകൾഃ

കുട്ടികൾ സംഘം ചേരുമ്പോൾ അവർക്കിടയിൽ രൂപപ്പെടുന്ന സംഘസ്വഭാവമുളള ആദ്യത്തെ കളി കുടുംബത്തിന്റെ അനുകരണമാണ്‌ (കുഞ്ഞിനിവെയ്‌ക്കൽ). അച്‌ഛനുമമ്മയുമായി കളിയ്‌ക്കുക. ‘ഒരുവൻ’ അച്ഛനും, ‘ഒരുവൾ’ അമ്മയുമാവുന്നു. ഇക്കാലയളവിൽ കുഞ്ഞുങ്ങളിൽ ലിംഗാവബോധം രൂപപ്പെട്ടുതുടങ്ങുന്നുണ്ട്‌. അമ്മ പെണ്ണാണെന്നും, അച്‌ഛൻ ആണാണെന്നുമുളള ബോധമാണ്‌ ‘ഒരുവൾ’ തന്നെ അമ്മയാവുന്നതും ‘ഒരുവൻ’ തന്നെ അച്ഛനാവുന്നതിനും പിന്നിൽ.

കളിവീടുകളെ കേന്ദ്രീകരിച്ച്‌ മറ്റു ചില കളികളും സജീവമാകുന്നു. അമ്പസ്ഥാനി (ഒളിച്ചുകളി), നിറനിറമേ (തീപ്പെട്ടിപ്പൊട്ടാമസ്‌), കളളനും പോലീസും തുടങ്ങിയവയാണ്‌ ചിലത്‌. മുഖ്യമായവയും. ഇവ, കുഞ്ഞിനെ സമൂഹത്തിന്റെ ജ്ഞാനവ്യവസ്ഥയിലേക്ക്‌ സുഗമമായി ആവാഹിക്കുന്നു. അമ്പസ്ഥാനി എണ്ണങ്ങളെ ചിട്ടയായി ഓർമ്മിപ്പിക്കുന്നു. ‘നിറനിറമേ’ എന്നത്‌ നിറങ്ങളെ പരിചയപ്പെടുത്തുന്നു. കളളനും പോലീസും കുറ്റം ശിക്ഷ എന്ന വ്യവസ്ഥയെ പരിചയപ്പെടുത്തുന്നു. കളളനെന്നും തുരത്തപ്പെടുന്നവനും, പോലീസ്‌ എന്നും തുരത്തുന്നവനുമാണ്‌. കുഞ്ഞുങ്ങളിൽ, കളവ്‌, ശിക്ഷിക്കപ്പെടുന്നതാണെന്ന ബോധമുറയ്‌ക്കുന്നു. നിയമവ്യവസ്ഥ ഭയപ്പെടുത്തുന്ന രീതിയിൽ ഇത്തരം കളികളിലൂടെ കടന്നുവരുന്നു.

‘നിറനിറമേ’ പോലുളള കളികളും കളിവീടും ഗാഢബന്ധം പുലർത്തുന്നു. നിറാവബോധങ്ങൾ, വസ്‌തുവബോധങ്ങളായി പരിണമിക്കുന്നു. ചെങ്കല്ല്‌ (ഇഷ്‌ടികപ്പൊടി) മുളകും, മണൽ (ചരൽ, പൂഴി) അരിയുമൊക്കെയായി തിരിച്ചറിയപ്പെടുന്നു. കളിവീടുകളിലെ വാസം ഇലകൾ (മുഖ്യമായും പ്ലാവില) കോട്ടി പാത്രനിർമ്മിതിയും അടുപ്പിന്റെ വാസ്‌തുവിദ്യയും കുഞ്ഞുങ്ങളെ പരിചയപ്പെടുത്തുന്നു. ഇത്തരം ജ്ഞാനദാന സ്വഭാവം മാത്രമല്ല കളിവീടിനുളളത്‌. അച്‌ഛനുമമ്മയുമായി നിർണ്ണയിക്കപ്പെട്ടവർ തങ്ങളുടെ തൊഴിൽ മേഖലയും നിർണ്ണയിക്കുന്നു. കളിവീട്ടിന്നകം പെൺമേഖലയും, പുറം ആൺമേഖലയുമാകുന്നു. പാചകം, പെണ്ണിന്റേതും സമ്പാദനം ആണിന്റെതുമെന്ന ബോധമാണ്‌ കളിവീട്‌ കുഞ്ഞുങ്ങളിൽ പകരുന്നത്‌. കുടുംബവ്യവസ്ഥയെ സർവ്വവിധത്തിലും പരിചയപ്പെടുത്തുന്നു, ഈ കളി.

ലൈംഗികബോധത്തിൽനിന്ന്‌ ലൈംഗികാകർഷണത്തിലേക്ക്‌ ഃ

കളിവീടിന്റെ ഘട്ടം തരണം ചെയ്യുന്ന കുട്ടികൾ ഏർപ്പെടുന്ന കളികളിൽ പ്രധാനമായ മീനും വലയും, ഒളിച്ചുകളി, കോട്ട, കിളിമാസ്‌, ഞൊണ്ടൻ തുടങ്ങിയവയാണ്‌. കൂടുതലും ഏഴുമുതൽ പതിനഞ്ചു- പതിനാറു വയസ്സുവരെയുളള കുട്ടികൾ ലൈംഗിക വേർത്തിരിവില്ലാതെ ഏർപ്പെടുന്നവയാണിവ.

ലൈംഗിക വേർത്തിരിവില്ലാതെയുളള സഹവാസം കളിവീടിന്റെ പ്രായത്തിൽ തന്നെ, കുഞ്ഞുങ്ങളിൽ തെളിഞ്ഞുവരുന്ന ലൈംഗികബോധത്തെ രൂഢമൂലമാക്കുന്നു. ലൈംഗിക സ്വത്വത്തിന്റെ തിരിച്ചറിവിന്റേതാണിക്കാലം, ഒപ്പം, വിരുദ്ധ ലൈംഗികതയോടുളള ആകർഷണവും വികസിപ്പിക്കുന്നു. സ്വന്തം ശരീരത്തെ അറിയുകയും, ആ ശാരീരികതയിൽനിന്നും വിഭിന്നമായ ഒരു ശരീരത്തിന്റെ അസ്‌തിത്വം തിരിച്ചറിയുകയും ചെയ്യുന്നതാണ്‌ ലൈംഗികാകർഷണത്തിന്റെ അടിസ്ഥാനം.

കുട്ടികളിൽ സംജാതമാവുന്ന ലൈംഗികബോധത്തിന്റെ പരിണതിയെന്ന നിലയിൽ വേണം ആൺകളികളിലേയ്‌ക്കും, പെൺകളികളിലേയ്‌ക്കും അതതു ലൈംഗികതയിലുളള കുട്ടികൾ ആകൃഷ്‌ടരാവുന്നതിനെ നോക്കിക്കാണുവാൻ. ലൈംഗികതയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുളള കളികളിലെ ഇത്തരം വിഭജനങ്ങൾ, ലൈംഗികബോധമുളവായ, വിരുദ്ധ ലൈംഗികതയോട്‌ ആകർഷണം ജനിച്ച, കുട്ടികളെ തമ്മിലകറ്റുന്നതിനു സഹായകമാവുന്നു. അതോടൊപ്പംതന്നെ അതാതു ലിംഗത്തിൽപെട്ടവർ തമ്മിലെ ഇടപഴകലും കൂട്ടുകെട്ടുകളും വളർത്തുകയും ചെയ്യുന്നു.

യൗവ്വനം, അനന്തരം ഃ

യൗവ്വനത്തോടെ, പെണ്ണുങ്ങളിൽ കളി ഗണ്യമായി കുറയുന്നു. ആഘോഷങ്ങളോടോ, വിശേഷാവസരങ്ങളോടോ അനുബന്ധിച്ചുളള തിരുവാതിരക്കളികളിലും, ഊഞ്ഞാലാട്ടങ്ങളിലും അവ ഒതുങ്ങുന്നു. ചിലപ്പോൾ തായം (കവിടിയോ, പനങ്കുരുവോ ഉപയോഗിച്ച്‌) കളിയിലുമവർ ഏർപ്പെടുന്നു. എന്നാൽ പലപ്പോഴും കളികൾക്കവസരം ലഭിക്കാത്ത തരത്തിൽ അവർ ഗാർഹികതകളിലേയ്‌ക്ക്‌ ഒതുക്കപ്പെടുന്നു. ഇതല്ല, ആണുങ്ങളുടെ അവസ്ഥ. മുമ്പു സൂചിപ്പിച്ചതുപോലെ സമ്പാദനത്തിലും ലാഭേച്ഛയിലുമൂന്നിയ അനേകം കളികൾ അവർ യൗവ്വനത്തിൽ തുടരുന്നു. വാർദ്ധക്യത്തിൽ ഇരിപ്പുകളികളും.

കാലാവസ്ഥാസ്വാധീനങ്ങൾഃ

മഴയെയും അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ്‌ കളി വിഭജനങ്ങൾ. കല്ലുകളി പുരയിടത്തിനു പുറത്താണ്‌. കൊത്തങ്കല്ല്‌ അശ്രീകരമാണെന്ന ചൊല്ലുമുണ്ട്‌. വീട്ടുദോഷം; ഇരുന്നു കളിയ്‌ക്കുന്നിടം മുടിയുമെന്നു പ്രമാണം. കളംവരച്ചുളള കുന്തൽ കളികൾക്കീ വിലക്കില്ല. മുറ്റത്ത്‌ കളം വരച്ചു കളിയ്‌ക്കാവുന്നതിനാൽ മഴക്കാലത്ത്‌ ഇത്തരം കളികളാണ്‌ വ്യാപകം. മഴ ഒഴിയുന്നതോടെ ‘കല്ലുകളികൾ’ സജീവമാകുന്നു.

ആൺകളികളിൽ ഇടവം മുതൽ കർക്കിടകം വരെയുളള കാലത്ത്‌ പ്രചാരം നേടുന്നത്‌ ഗോലികളിയാണ്‌. കല്ലും ഗോലിയ്‌ക്കു പകരമായി ഉപയോഗിക്കുന്നു. ഏതു ഘട്ടത്തിലും കളി നിർത്താവുന്ന സൗകര്യമുണ്ട്‌ ഇതിൽ. ഓണക്കാലത്തോടെ ഗോലികളി സജീവമാകുന്നു. അത്‌ വിവിധ രീതികളിൽ തുലാം കഴിയുംവരെ നീളുന്നു. തുലാം ഒടുവോടെ പമ്പരംകൊത്തിന്റെ കാലമാവുകയായി. ധനു-മകരംവരെ ഇത്‌ തുടരുന്നു. ഇക്കാലം ലൈംഗിക വിഭജനങ്ങളില്ലാത്ത കളികളുടേതുകൂടിയാണ്‌. തുലാമാസാവസാനത്തോടെ ഉത്സവങ്ങൾ ആരംഭിക്കുന്നു. കളികൾ സജീവമാകുമെങ്കിലും, ഉത്സവാഘോഷങ്ങൾക്ക്‌ സമയം നീക്കുന്നത്‌ സ്വാഭാവികം. സാമൂഹികമായ പല കലാരൂപങ്ങളെയും കുട്ടികൾ പരിചയപ്പെടുന്നത്‌ ഇക്കാലത്താണ്‌. കളികളിലൂടെത്തന്നെ. പൊയ്‌ക്കോലങ്ങളിലൂടെയും. കുതിരക്കളി, കാളക്കളി, ഭഗവതിയിറക്കം തുടങ്ങിയവയ്‌ക്കും, പളളിപ്പെരുന്നാളുകൾക്കും, കുട്ടികളിൽ സാമൂഹികബോധമൊരുക്കുന്നതിൽ സവിശേഷ പങ്കാണുളളത്‌.

കുംഭം മൂക്കുന്നതോടെ, പാടങ്ങളും, വെളളമൊഴിഞ്ഞ മറ്റിടങ്ങളും കളിക്കളങ്ങളാകുന്നു. പന്തുകളി (അവയുടെ രൂപമേതാണെങ്കിലും) സജീവമാകുന്നു. മീനം അവസാനമാവുമ്പോഴേക്ക്‌ ‘കശുവണ്ടി’ കളിക്കരുവാക്കി, കളികൾ തുടങ്ങുകയായി. ഗോലികളികളിലെ ഇട്ടുപിടുത്തത്തിന്റെയും, കളം വരയുടെയും നിമയങ്ങൾക്കനുസരിച്ചാണ്‌ കളികൾ.

കാലാവസ്ഥാനുബന്ധിയായി, കളികൾക്ക്‌ ചാക്രികസ്വഭാവമുണ്ട്‌. ഇന്നിന്ന മാസങ്ങളിൽ അതതു കളികൾ തുടങ്ങുന്നു; അവസാനിക്കുന്നുവെന്നല്ല. ഓരോ കളികളും ഏകദേശം അക്കാലത്തു തുടങ്ങുന്നു; അവസാനിക്കുന്നുവെന്നുമാത്രം. മഴയും വെയിലും നിയന്ത്രിക്കുന്നു എന്നു സാരം.

നിയമവ്യവസ്ഥഃ

കളികൾ, ഏതുമാവട്ടെ, കൃത്യമായ നിയമങ്ങളുളളതാണ്‌. കുട്ടികൾ കളികളിലേർപ്പെടുമ്പോൾ, നിയമങ്ങൾ സ്വമേധയാ അനുസരിയ്‌ക്കുവാനുളള പരിശീലനമാണ്‌ നേടിയെടുക്കുന്നത്‌. കളികളുടെ നിയമം വ്യക്തമായും പാലിയ്‌ക്കപ്പെടുന്നെന്ന്‌ കളിയിലേർപ്പെടുന്നവർ ഉറപ്പുവരുത്തുന്നു. മറ്റുളളവരുടെ തെറ്റുകളും തോൽവികളും കണ്ടെത്തുന്നവർ, സ്വന്തം തെറ്റുകളും തോൽവികളും അംഗീകരിക്കുക സ്വാഭാവികം. കളികളിൽ വെറുക്കുകൾ സ്വാഭാവികം. അതിനെ ഒതുക്കുവാൻ കളിക്കളം തന്നെ പഠിപ്പിക്കുന്നു. ഒതുക്കലുകളെ ഈശ്വരഹിതമാക്കുന്നു. (വെറുക്കിനീശ്വരൻ തലയ്‌ക്കുമീതെ. മൊഴിപ്രസക്തം).

പുരുഷകേന്ദ്രിത സ്വഭാവംഃ

കളിക്കളം പുരുഷാധിപ-പുരുഷകേന്ദ്രിത വ്യവസ്ഥയിലേയ്‌ക്കാണ്‌ കുട്ടികളെ ഉപനയിക്കുന്നത്‌. കളികളെക്കുറിച്ചുളള വിശകലനം, അവയിലൂടെ പരിചിതമാക്കപ്പെടുന്ന സാമൂഹികതയുടെ സ്വഭാവം വ്യക്തമാക്കുന്നു. കളി ഉദ്ദേശലക്ഷ്യങ്ങളുളള വലിയ സാമൂഹികസ്ഥാപനമാവുന്നത്‌, അതിന്റെ വിശകലന വിധേയവമായ സ്വഭാവങ്ങളാലാണ്‌. കുഞ്ഞിനെ സാമൂഹികനാക്കിയെടുക്കുന്ന ഇടമാകയാലാണ്‌. ‘കളിച്ചുവളരുന്ന കുട്ടി, പഠിച്ചുയരും.’ മുതുമൊഴി പ്രസക്തമാവുന്നത്‌ കളികളുടെ ഈ ദൃശമാനങ്ങളാലാണ്‌.

പി.എസ്‌ മനോജ്‌കുമാർ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.