പുഴ.കോം > നാട്ടറിവ് > കുട്ടികളുടെ നാട്ടറിവ് > കൃതി

കളികളുടെ സാമൂഹികമാനങ്ങൾ -1

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി.എസ്‌ മനോജ്‌കുമാർ

സാമൂഹിക സ്ഥാപനങ്ങൾക്കേതിനും വ്യക്തമായ ഉദ്ദേശലക്ഷ്യങ്ങളും നിയമവ്യവസ്ഥയുമുണ്ട്‌. കളികൾ സാമൂഹിക സ്ഥാപനം തന്നെയാണ്‌. വ്യക്തമായ നിയമവ്യവസ്ഥയുള്ളവയാണേതു കളികളും. തലമുറകളിലൂടെ വ്യതിയാനമേതും കൂടാതെ കളികൾ അവയുടെ സ്ഥാപനരൂപവും നിയമസംഹിതയും നിലനിർത്തുന്നു. കളികൾ എങ്ങിനെ കുഞ്ഞുങ്ങളെ സാമൂഹികതകളിലേയ്‌ക്ക്‌ മെരുക്കിയെടുക്കുന്നു? വ്യക്തിസത്ത രൂപവത്‌ക്കരിക്കുന്നു? കളികളുടെ സാമൂഹികമാനങ്ങളെന്ത്‌? അന്വേഷണങ്ങൾ പ്രസക്തമാണ്‌.

കളികളിലെ ആൺ-പെൺ പിരിവുകൾ

കളികളെ, അവയെ മുഖ്യമായും കൈകാര്യം ചെയ്യുന്നവരുടെ ലിംഗത്തെ ആധാരമാക്കി, ഇനം തിരിയ്‌ക്കാം. ഓരോ ലിംഗത്തിലുള്ളവർ മാത്രം കളിയ്‌ക്കുന്നവയെന്ന അർത്ഥത്തിലല്ല. സാമൂഹിക സ്ഥാപനങ്ങളിൽ ഉരുക്കുകോട്ടകൾ ദർശിക്കുന്നത്‌ ശരിയായ രീതിയുമല്ല. ഭൂരിപക്ഷം പെൺകുട്ടികൾ പരിശീലിക്കുന്നതും, ന്യൂനപക്ഷം ആൺകുട്ടികൾ ഇടപെടുന്നതുമായ കളികളെ പെൺകളികളെന്നും; തിരിച്ചുള്ളവയെ ആൺകളികളെന്നും മനസ്സിലാക്കാം. ഇരു ലിംഗങ്ങളിലും പെട്ടവർ ഒരുപോലെ, ഒരുമിച്ച്‌ ഏർപ്പെടുന്ന കളികളുമുണ്ട്‌.

പെൺകളികൾ

പെൺകളികളിലെ ശാരീരിക നിലവുകളെ അടിസ്ഥാനമാക്കി അവയെ രണ്ടായി തരംതരിക്കാം. ഇരിപ്പിലും നിൽപ്പിലും. കല്ലുകളി (കൊത്തങ്കല്ല്‌, അഞ്ചുകല്ല്‌ തുടങ്ങിയവ) ആദ്യത്തെ ഇനത്തിലും; രണ്ടുപെട്ടി സമ്മാറസ്‌, ‘പൂ പറിയ്‌ക്കാൻ പോരണോ?’, ‘കോഴിയും കുറുക്കനും’ തുടങ്ങിയവ രണ്ടാമത്തെ ഇനത്തിലും വരും. നില്പുകളിൽ ചിലത്‌ സംഭാഷണാത്മകങ്ങളോ, ഗാനാത്മകങ്ങളോ ആണ്‌. ‘പൂ പറിയ്‌ക്കാൻ...’ എന്നത്‌ ബലപരീക്ഷണത്തിന്റെ കളിയാണെങ്കിലും, അതിനു മുന്നോടിയായ ഗാനാത്മകഭാഷണം ശ്രദ്ധേയം. ഭാഷണത്തോടൊപ്പമുള്ള മുന്നേറ്റങ്ങളും പിന്നിറക്കങ്ങളും ചേർന്ന ചലനരീതിയും ശ്രദ്ധേയം തന്നെ.

‘പൂ പറിയ്‌ക്കാൻ പോരണോ,

പോരണോടി രാവിലെ?’

‘ആരെ നിങ്ങൾക്കാവശ്യം

ആവശ്യമെടി രാവിലെ?’

‘........ ഞങ്ങൾക്കാവശ്യം

ആവശ്യമെടി രാവിലെ.’

‘എന്നാലൊന്നു കാണട്ടെ

കാണട്ടെടി രാവിലെ’.

എന്ന സംഭാഷണാത്മകശീലുകൾപോലെ, ചോദ്യോത്തരങ്ങളെ ചുറ്റിയുള്ള കളിയാണ്‌. ‘കോഴിയും കുറുക്കനും’. ചോദ്യോത്തരങ്ങൾ ഗദ്യമാണെന്നു മാത്രം. സംഘങ്ങൾ തമ്മിലെ സംഭാഷണമാണാദ്യത്തെതിലെങ്കിൽ, രണ്ടാമത്തെ കളിയിൽ കുറുക്കൻ ഒറ്റയാനാണ്‌. ഒരു വരയ്‌ക്കപ്പുറമിപ്പുറം നിന്നുള്ള സംഘം ചേർന്നപിടിവലിയിൽ നിന്നും, ഒരു സംഘത്തോടേൽക്കുന്ന ഒറ്റയാളിന്റെ നിസ്സഹായതയുണ്ട്‌ കോഴിയും കുറുക്കനിലും ചോദ്യകർത്താവിന്‌.

രണ്ടുപെട്ടി, സമ്മാറസ്‌ തുടങ്ങിയവ ഞൊണ്ടിക്കളിയാണ്‌. പരന്ന കരു(അക്ക്‌, വട്ട്‌)വിനേയും, കളങ്ങളേയും കേന്ദ്രീകരിച്ചുകൊണ്ടുള്ളവ. കൊത്തങ്കല്ലും, അഞ്ചുകല്ലും കല്ലുകളെ കേന്ദ്രീകരിച്ചുള്ളവ. കാലുകളുടേയും കയ്യുകളുടേയും കൃത്യതയും, വേഗതയും ആണ്‌ ഇവയിൽ പ്രധാനം.

പെൺകുട്ടികളുടെ സ്വഭാവത്തെ വിശകലനം ചെയ്യുമ്പോൾ ചില കാര്യങ്ങൾ മനസ്സിലാക്കാനാവുന്നു. മേൽപ്പറഞ്ഞ കളികൾ മാനസികതലത്തിലും, ശാരീരികതലത്തിലും ഒരുപോലെ ചലനമുളവാക്കുന്നവയാണ്‌. സ്ര്തീകളുടെ പരമ്പരാഗത തൊഴിൽമേഖലയായ ഗാർഹിക വൃത്തികളിലെയും, കൃഷിപ്പണിയിലെയും വേഗതയും കൃത്യതയും കയ്യടക്കവും നേടിക്കൊടുക്കുന്നതാണ്‌ ഈ കളികൾ. കല്ലുകളിയ്‌ക്ക്‌ ഞാറു നടീലിന്റെയും കൊയ്‌ത്തിന്റെയും രീതിയുമായി ഏറെ ബന്ധമാണുള്ളത്‌. ഒരു കല്ല്‌ മേൽപോട്ട്‌ പോയ്‌വരുന്ന സമയത്തിനുള്ളിൽ ഒരു കൊത്ത്‌ കഴിഞ്ഞ്‌ താഴോട്ട്‌ വരുന്ന കല്ല്‌ കയ്യടക്കുവാനുള്ള വേഗവും, വാര ചിതറാതെ കല്ലൊതുക്കുവാനുള്ള വഴക്കവുമാണ്‌ ആർജ്ജിക്കുന്നത്‌, കല്ലുകളിയിൽ. ഒരു കാൽ പിന്നോട്ട്‌ വെയ്‌ക്കുന്നതിൻമുമ്പ്‌ ഒരു പിടി ഞാററുത്ത്‌ ഒതുക്കുവാനുള്ള വേഗം സിദ്ധിക്കുന്നതും ഈ കളരിയിൽനിന്നു തന്നെ. പിന്നിറക്കത്തിനും, മുന്നേറ്റത്തിനും (നടീലിലും, കൊയ്‌ത്തിലും) ചുവടുവേഗവും, ചുവടളവും സിദ്ധിക്കുന്നത്‌ “പൂ പറിയ്‌ക്കാൻ”ന്റെയും വട്ടുചാട്ടത്തിന്റെ കളരിയിൽ നിന്നും. കളികളിലൂടെ പെണ്ണുങ്ങളാർജ്ജിക്കുന്നത്‌ സംഘവേഗത്തോടും സംഘച്ചുവടുകളോടുമൊപ്പം നിൽക്കുവാനുള്ള കഴിവാണ്‌.

‘പൂപറിയ്‌ക്കാൻ....’ എന്ന കളി അതിന്റെ ഗാനാത്മകതയാൽ ശ്രദ്ധേയമാണ്‌. ഇത്തരം ഗാനാത്മക പശ്ചാത്തലമുള്ള കളികൾ പെണ്ണിനെ ഗാനങ്ങളിലേയ്‌ക്ക്‌ വഴക്കിയെടുക്കുന്നു. കളിയിടങ്ങളിലെ ഈ ഗാനപാഠങ്ങളിൽ നിന്നുമാണ്‌ തിരുവാതിരപ്പാട്ടുകളുടെ, ഊഞ്ഞാൽപ്പാട്ടുകളുടെ, വയൽപ്പാട്ടുകളുടെയൊക്കെ വികാസം. അനായാസം താരാട്ടുശീലുകൾ വഴക്കിയെടുക്കുന്നതിന്‌ ഇവ സഹായകമാവുന്നു. ശിശുപരിചരണത്തിലെ മുഖ്യഘടകമായ താരാട്ട്‌ സ്ര്തീയുടെ ഗാർഹികവൃത്തികളിൽ പ്രമുഖമാണ്‌. ഗാനങ്ങളിലേയ്‌ക്കും, താളങ്ങളിലേയ്‌ക്കും സ്ര്തീയെ ഒരുക്കിയെടുക്കുന്ന ഘടകങ്ങൾ ഇത്തരം കളികളിൽ കാണാനുണ്ട്‌.

‘കോഴിയും കുറുക്കനും’മെന്നതിൽ വൃത്തത്തിന്‌ (കോഴിക്കും കുറുക്കനുമിടയിലെ അതിര്‌) പുറത്തുള്ള ഏകാകി, പൊരുതുന്നത്‌ സംഘശക്തിയോട്‌. ഇവിടെ കുറുക്കന്റെ (അതിരിനു പുറത്തുള്ളവർ) വിജയം അസംഭാവ്യം. ഉണ്ടാകുന്നെങ്കിൽതന്നെ, സംഘത്തിന്റെ കയ്യബദ്ധംമൂലമുണ്ടാകുന്നത്‌. അതിനു സ്ഥിരത കമ്മി. തോറ്റുതൊപ്പിയിടൽ വൃത്തത്തിനു പുറത്തുള്ളവരുടെ കുത്തക. ഇത്തരം കളികൾ, മാനസികമായി, ‘പെണ്ണിനെ’ തോൽവികളോടു പൊരുത്തപ്പെടുവാനും, അതിരുകൾക്കകത്തു നിൽക്കുവാനും മാനസികമായി സജ്ജയാക്കുന്നു.

ആൺകളികൾ

ആൺകളികളെ ശരീരത്തിന്റെ നിലവിന്റെ അടിസ്ഥാനത്തിൽ, പെൺകളികളിലേതെന്നപോലെ, രണ്ടായി തിരിക്കാം. ഇരിപ്പും നിൽപ്പും. ചൂത്‌ ഇരിപ്പിലും, പന്തുകളി, ഗോലികളി, പമ്പരംകൊത്ത്‌ തുടങ്ങിയവ നിൽപ്പിലും. ഇവയിൽ പെൺകളികളിലേതുപോലെ തോൽവിയല്ല പ്രോത്സാഹിപ്പിക്കപ്പെടുന്നത്‌. തോൽവി, വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്‌. സ്വഭാവപരമായി, ആൺകളികൾ ലാഭേച്ഛാധിഷ്‌ഠിതമോ, നശീകരണാത്മകമോ ആണ്‌. ‘പച്ചില പഴുത്തില’ (കുട്ടിയും കോലും) പോലെ ശാരീരിക ശിക്ഷകളിലധിഷ്‌ഠിതമായവയും കാണാം.

ഗോലികളി തന്നെയെടുക്കുക. പലവിധമാണത്‌. ഇട്ടുപിടുത്തം, കളംവര, മതിലടി, കുഴിയൊപ്പി (ശത്രു) - ഇവ പ്രധാന കളികൾ. ഗോലികളി തുടങ്ങുന്നത്‌ ഇട്ടുപിടുത്തത്തിൽ നിന്ന്‌, ഒന്നുരണ്ടാഴ്‌ചയ്‌ക്കുള്ളിൽ അത്‌ കളം വരയായി രൂപാന്തരപ്പെടുന്നു. കളംവര മതിലടിയ്‌ക്കും, മതിലടി കുഴിയൊപ്പിയ്‌ക്കും വഴിയൊഴിയുന്നു. ലാഭേച്ഛയും, നശീകരണാത്മകതയും ഈ കളികളുടെ പരിണാമദശകളിൽ കാണാം. ഇട്ടുപിടുത്തമായി തുടങ്ങുന്ന കളി, കളിക്കാരന്‌ ലാഭമോ നഷ്ടമോ വരുത്തുന്നു. ചാൺ പിടിച്ചാൽ ഒന്നും ‘ജില്ലടിച്ചാൽ’ (കൂട്ടിമുട്ടിച്ചാൽ) ഇരട്ടിയും ലാഭം. ലാഭം കൊയ്യുന്നവർ, സമ്പന്നരെന്ന നിലയിൽ കൂടുതൽ ലാഭം തേടുന്ന കളിയായ കളം വരയിലേക്കു തിരിയുന്നു. വീട്ടാക്കടങ്ങൾ വാങ്ങി, നഷ്ടം വന്നവരും. കളം വര പൂർണ്ണമായും കൃത്യതയുടെ കളിയാണ്‌. ഒരു നൂലിട തെറ്റിയാൽ കളി പോകയായ്‌. ലാഭത്തിന്റെ സാദ്ധ്യതയും. (പെൺകളികളിൽ കൊത്തങ്കല്ലും കൃത്യതയുടെ കളിയാണെങ്കിലും, കളം വരയിലാവശ്യമായ കൃത്യതയല്ല അത്‌. അവിടെ, മേൽപ്പറഞ്ഞതുപോലെ, കയ്യടക്കമാണാവശ്യം. ഇവിടെ ലക്ഷ്യവേധവും, ഉൾക്കൊള്ളലും, തുളച്ചുകയറലും തമ്മിലെ വ്യത്യാസമാണീ കൃത്യതകൾ തമ്മിലെ അന്തരം) മതിലടി നശീകരണത്തിന്റെ കളിയാണ്‌. ലാഭനഷ്ടങ്ങളുടെ കണക്കുകളില്ലിതിൽ. ജയപരാജയങ്ങൾ പ്രശ്നങ്ങളുമല്ല. ഒരു കളികാലത്തിലൂടെ സമ്പാദിച്ച ഗോലികൾ സമ്പാദിച്ച ഗോലികൾ മതിലിലെറിഞ്ഞുടയ്‌ക്കുന്ന ഹരമാണിവിടെ.

ഒടുവിൽ, കുഴിയൊപ്പി. കളികാലം ഊട്ടിയെടുത്ത ലക്ഷ്യബോധം പരീക്ഷിയ്‌ക്കയാണിതിൽ. മൂന്നു കുഴികളെച്ചുറ്റിയുള്ള കളി. 1, 5, 9 എന്നിവ ആദ്യത്തെ കുഴിയിലും; 2, 4, 6, 8 എന്നിവ മദ്ധ്യത്തിലും; 3, 7 എന്നിവ അവസാനത്തേതിലും. ജയം ഇതിൽ പിടിച്ചുവാങ്ങലാണ്‌. തന്ത്രങ്ങളുടെ അഭ്യാസമുണ്ടിതിൽ. ഈ കളിയിലെ ജയത്തിനുള്ള കുറുക്കുവഴി “ഒമ്പതാം കുഴിയ്‌ക്കു ശത്രുവെയ്‌ക്കുന്ന സമദ്രോഹികളെ” ഭാഷയിലെ ചൊല്ലുകൾക്കു നൽകി. പെൺകളികളിൽ ജയത്തിന്‌ ഇത്തരം കുഴുക്കുവഴികൾ കാണാനില്ല. ജയം അവിടെ അദ്ധ്വാനപൂർണ്ണതയുടെ ഫലമാണ്‌.

കയ്യൂക്കിന്റെയും കൃത്യതയുടെയും കളിയാണ്‌ പമ്പരംകൊത്ത്‌. മത്സരാധിഷ്‌ഠിതവും (ലാഭേച്ഛയുമില്ലാത്ത), നശീകരണാത്മകവുമായ തലങ്ങളാണ്‌ അതിനുള്ളത്‌. മെട്ട (കളം കൊത്ത്‌)യിൽ തുടങ്ങി, ഗുമ്മിൽ (ചീളു ചീന്തൽ) അവസാനിയ്‌ക്കുന്ന പമ്പരംകളി നശീകരണാത്മകം തന്നെ. വേഗതയും ലക്ഷ്യവും. കളിയുടെ വിജയത്തെയൊരുക്കുന്നു. വിജയി(കൾ), പരാജിതനുമേൽ നേടുന്നത്‌, വിജയത്തിന്റെ ക്രൂര സ്വാധീനമാണ്‌. ഗോലി, സമ്പത്തിന്റെ ചിഹ്‌നമാണെങ്കിൽ; പമ്പരം, വ്യക്തിയുടെ പ്രതിരൂപം തന്നെ. ചീളെടുക്കലോ, കളത്തിൽ പമ്പരം, പൊളിയുന്നതോ, അപമാനകരമാവുന്നത്‌ ഇത്തരം വ്യക്ത്യാധിഷ്‌ഠിത ഭാവങ്ങളാലാണ്‌. വീറും വാശിയും വിജയതൃഷ്ണയുമാണിതിന്റെ രൂപാന്തര പ്രാപ്തി.

ചൂതിന്റെ അംശങ്ങൾ ആൺകളികളിലെല്ലാത്തിലുമുണ്ട്‌. പെൺകളികളികളിൽ തോൽവിയെയും, ഒതുങ്ങലിനെയും ലക്ഷ്യംവെയ്‌ക്കുമ്പോൾ ആൺകളികൾ വിജയതൃഷ്ണയും പ്രദർശനാത്മകതയെയും, സമ്പാദനത്തെയും പരിശീലിപ്പിക്കുന്നു. പന്തുകളിയിലുമുണ്ട്‌ ഈ ഘടകങ്ങൾ. തോൽവി, അതിലും വിജയത്തിന്റെ ചവിട്ടുപടിതന്നെ.

പി.എസ്‌ മനോജ്‌കുമാർ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.