പുഴ.കോം > നാട്ടറിവ് > കാട്ടറിവ് > കൃതി

കാട്ടുനായ്‌ക്കരും കാട്ടറിവുകളും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വി.എച്ച്‌. ദിരാർ

‘പ്രകൃതിയുമായി നടത്തിയ സംവാദങ്ങളുടെ അറിവ്‌’

വയനാട്ടിലും നിലമ്പൂർ കാടുകളിലും പാർത്തുപോരുന്ന ഒരു ആദിവാസി വിഭാഗമാണ്‌ കാട്ടുനായ്‌ക്കർ. കുടിയേറ്റത്തിന്റെയും നവനാഗരികതയുടെയും ആസുരതകളിൽ നിന്ന്‌ തീർത്തും ഒഴിഞ്ഞുനില്‌ക്കാൻ ശ്രമപ്പെടുന്നവരാണിവർ. കാടരിഞ്ഞ്‌, മലനിരത്തി കുടിയേറ്റങ്ങൾ പെരുകിയപ്പോൾ ശേഷിച്ച കാടുകളുടെ അന്തരാളങ്ങൾ നൂഴ്‌ന്നുപോയി കാട്ടുനായ്‌ക്കൻ. അതുകൊണ്ട്‌ മറ്റു ഗോത്രവിഭാഗങ്ങളെപ്പോലെ വയലിലും തോട്ടത്തിലും ഇവർ വിരളമാണ്‌. മുഖ്യമായ ജീവനോപാധി വനവിഭവശേഖരണവും വേട്ടയാടലും തന്നെ.

അതിജീവനത്തിനുവേണ്ട ജ്ഞാനപരിസരം ഏതൊരു ജനതക്കും കൈമുതലാണ്‌. കാട്ടുനായ്‌ക്കനും സ്വന്തമായ ഒരു ജ്ഞാനപാരമ്പര്യമുണ്ട്‌. കാലങ്ങളിലൂടെ, തലമുറകളിലൂടെ കാട്ടുനായ്‌ക്കൻ പ്രകൃതിയുമായി നടത്തിയ സർഗ്ഗസംവാദങ്ങളുടെ അടയാളങ്ങളാണ്‌ ഈ അറിവുകൾ. സംഗീതവും വൈദ്യവും കരകൗശലവിദ്യകളും ഈ ലളിതസത്യങ്ങൾ ധ്വനിപ്പിക്കുന്നു. കൂളൽ (കുഴൽ), മറെ (മര), തമ്പട്ട എന്നീ സംഗീതോപകരണങ്ങൾ ഇവർക്കുണ്ട്‌. രാത്രികളിൽ നായ്‌ക്കന്റെ ‘മെന’യിൽ സംഗീതം തളിർക്കുന്നു. ഇരുട്ടിൽ, ജന്‌മസഞ്ചാരങ്ങളുടെ ഉർവ്വരതടങ്ങളിലേക്കൂ, സംസ്‌കാരത്തിന്റെ രഹസ്യലിപികളിലേക്ക്‌ ഒരുപാട്‌ ഇടവഴികൾ തെളിയുന്നത്‌ കാണാം. അപമാനവീകരണവും ഹിംസോന്‌മുഖതയും സാക്ഷ്യപ്പെടുത്തുന്ന നവനാഗരികതയുടെ ധ്വജങ്ങൾക്കു കീഴിൽ ജീവിതത്തിന്റെ സ്പെക്‌ട്രം തൊടുന്ന അപൂർവ്വ മുഹൂർത്തമാണ്‌ ഇത്‌. ജീവിതം അനേകമാക്കുന്ന നിമിഷം.

വൈദ്യത്തിൽ ഇവർ ഒട്ടും പുറകിലല്ല. മരുന്നിന്റെയും മന്ത്രത്തിന്റെയും സംയോഗമാണ്‌ ഈ വൈദ്യം. വിഷ ചികിത്സ, ശിശു ചികിത്സ, പ്രസവചികിത്സ, സാമാന്യചികിത്സ എന്നിവ ഇതിൽ കാണാം. ഔഷധസസ്യങ്ങളെപ്പറ്റിയുളള ഇവരുടെ ബോധം അഗാധമാണ്‌. സസ്യനാമങ്ങൾ കന്നടയിലാണ്‌. കന്നടയും മലയാളവും ചേർന്ന ഭാഷയാണ്‌ നായ്‌ക്കരുടേത്‌. തമിഴ്‌നാട്‌ അതിർത്തിയിൽ ഈ ഭാഷയിൽ തമിഴും ചേരുന്നു. നായ്‌ക്കസംസ്‌കൃതിയുടെ വംശഭൂമിക കർണ്ണാടകയാണെന്നതിന്‌ ഇതും ദൃഷ്‌ടാന്തമാകുന്നു. കണ്ടും തൊട്ടും രുചിച്ചും പ്രയോഗിച്ചുമാണ്‌ ഇവരുടെ ഔഷധ-വൈദ്യ പഠനം. നായാട്ടിനും വനവിഭവശേഖരണത്തിനും വേണ്ട ഇവരുടെ സംഘസഞ്ചാരങ്ങൾ കുട്ടികൾക്ക്‌ പഠനയാത്ര കൂടിയാവുന്നു. മുതിർന്നവർ കാട്ടറിവുകൾ പകർന്നു നല്‌കുന്നു. മുളയിലും ചൂരലിലുമാണ്‌ ഇവരുടെ കൈവേലകൾ. പലതരം കുട്ടകളും മുറങ്ങളും ഇവർ പടുക്കുന്നു. കുരുത്തി, ചാട്ട എന്നീ മത്സ്യബന്ധനോപകരണങ്ങളും പക്ഷികെണികളും ഇവർക്കുണ്ട്‌. കൂടാതെ പാത്രങ്ങൾക്കും മാന്ത്രികാനുഷ്‌ഠാനത്തിനു വേണ്ട ‘ആടിയ്‌ക്കബുരുഡെ’ എന്ന ഉപകരണം ഉണ്ടാക്കാനും ചുരങ്ങയും ഉപയോഗിക്കുന്നു. കാട്ടുനായ്‌ക്കരുടെ സംഗീതോപകരണങ്ങൾ താഴെ കൊടുക്കുന്നു.

1. കൂളൽ

തേക്കിന്റെയോ പ്ലാവിന്റെയോ വേരിലാണ്‌ കൂളൽ തീർക്കുന്നത്‌. ഈ കൂളലിന്‌ ആറു സുഷിരങ്ങളെയുളളു. പണിയരുടെ ചീനിക്ക്‌ മറ്റു സുഷിരവാദ്യങ്ങളെപോലെ ഏഴെണ്ണമുണ്ട്‌.

2. മറെ (മര)

ഉലമരം ഏറ്റവും നല്ലത്‌. തേക്ക്‌, കുമിള്‌ എന്നീ മരങ്ങളും ഇതിനുപയോഗിക്കും. മരക്കുറ്റിയിലാണ്‌ ഈ വാദ്യോപകരണം രൂപകല്‌പന ചെയ്‌തിരുന്നത്‌. ഇപ്പോൾ തകരത്തിൽ തീർക്കുന്നു. മലമാന്റെ തോലാണ്‌ (കടവെസക്കാല) ചർമ്മം. ഈ ഉപകരണത്തിന്‌ പറയരുടെ ‘മര’യോട്‌ നല്ല സാദൃശം. തോലുകൊണ്ടുതന്നെ തീർത്ത വളളികളാണ്‌ മറെ മുറുക്കാൻ പ്രയോഗിക്കുന്നത്‌. അലവിന്റെ വളളിയും കെട്ടുവാൻ ഉപയോഗിക്കുന്നു. തോളിലിട്ട്‌ കൈകൊണ്ട്‌ കൊട്ടുന്നു (ഉയിത്‌). തമ്പട്ട കാണാൻ ഒത്തില്ല. വനത്തെ ഉപജീവിച്ചാണ്‌ ഈ ആദിവാസികൾ കഴിഞ്ഞിരുന്നത്‌. വനജീവിതത്തെപ്പറ്റിയുളള ജ്ഞാനം അവർക്കുണ്ടായിരുന്നു.

മുളളാൻ പിടുത്തം

ആദ്യം പൊത്തിൽ മുളളൻ പന്നിയുണ്ടോയെന്ന്‌ ഉറപ്പു വരുത്തണം. അതിന്‌ പൊത്തിന്റെ കവാടത്തിൽ മണലൊ ചാരമോ ചിക്കും. കാലടയാളം കിട്ടുമല്ലൊ. മുളളൻ ഉണ്ടെങ്കിൽ പൊത്തിനുളളിൽ ഉറുമ്പിൻ കൂട്‌ തളളും. പിന്നെ ഈട്ടിമരം കത്തിച്ച്‌ പൊത്തിൽ കയറ്റും. ഈട്ടി മരത്തിന്‌ പുക കൂടുതലത്രെ. പുകയും ഉറുമ്പും മുളളനെ ആക്രമിക്കുന്നു. നില്‌ക്കക്കളളിയില്ലാതെ മുളളൻ പുറത്തു ചാടും. പുറത്ത്‌ കാവലാളുന്ന നായ്‌ക്കർ ഈ സമയം മുളളനെ തല്ലികൊല്ലും.

തേൻ ശേഖരണം

തേനുകൾ നാലു തരമുണ്ടെന്ന്‌ നായ്‌ക്കർ. ഒരു വലിയ തേനും മൂന്നു ചെറുതേനുകളും. തറയിലും പുരയിലും കൊതുകുതേൻ. പൊത്തിൻ പുറ്റു തേൻ. കോലിൽ കോലുതേൻ. ഇവ മൂന്നുമാണ്‌ ചെറുതേനുകൾ. കൊച്ചിലുളളതാണ്‌ കൊച്ചുതേൻ.

പൂവത്തി, താന്നി, കരിമരുത്‌ എന്നിവ പുഷ്‌പിക്കുമ്പോൾ തേനിന്‌ കയ്‌പുരസം കാണുമത്രെ. തേനീച്ചകൾ ഈ പൂമ്പൊടികൾ എടുക്കുന്നതുകൊണ്ടാണ്‌ ഇത്‌.

രാത്രിയിലാണ്‌ നായ്‌ക്കർ തേനെടുക്കുക. പകൽ ഈച്ചകൾ ആക്രമിക്കും. ചൂട്ടും കയറും പാത്രവും കരുതിയിരിക്കും. എത്ര വമ്പൻ മരത്തിലും നായ്‌ക്കൻ നിഷ്‌പ്രയാസം കയറും. ഏണിയും ഉപയോഗിക്കും. ഒരാൾ മാത്രമേ കയറൂ. ബാക്കിയുളളവർ താഴെ നില്‌ക്കും. പച്ച ചപ്പുകൊണ്ടാണ്‌ ചൂട്ടു കെട്ടുക. പന്തം കത്തില്ല. പുകയുകയേയുളളു. കത്തിയാൽ വെളിച്ചപരിസരത്തുനിന്ന്‌ ഈച്ചകളൊഴിയില്ല. മാത്രമല്ല; ഈച്ചകൾ കൂട്ടത്തോടെ ചത്തടിയുകയും ചെയ്യും. പുക ഈച്ചകളെഅകറ്റും. തേനെടുത്ത മരത്തിൽ പിന്നെയും ഈച്ചകൾ കൂടുവെക്കും. തേൻ കൂടിന്‌ ‘ബര’ യെന്നു പേർ. ഒരു മരത്തിൽ 10-12 ബരകൾ വരെ കാണും. ഒരു വലിയ ബരയിൽ നിന്ന്‌ 30 ലിറ്ററോളം തേൻ ലഭിക്കും.

പക്ഷിപിടുത്തം

പക്ഷികളെ പിടിക്കാൻ ഇവർ ‘പശക്കോർ’ പ്രയോഗിക്കുന്നു. പശതേച്ച ഒരു കൂട്ടം മുളന്തണ്ടുകളൊ ഓടകഷ്‌ടങ്ങളൊ ആണ്‌ ഇത്‌. ഈ കോലുകളിൽ കോളിയുടെ ഛറമാണ്‌ തേച്ചു പിടിപ്പിക്കുന്നത്‌. പഴങ്ങൾ നിറഞ്ഞ വൃക്ഷകൊമ്പുകളിൽ ഈ പശകോൽ വെക്കും. പക്ഷികളുടെ കാലൊ മറ്റു ശരീരഭാഗങ്ങളൊ ഇതിൽ തട്ടിയാൽ കുടുങ്ങിയതു തന്നെ. മുൻപ്‌ പശക്കോൽ വെച്ച ചില്ലയ്‌ക്കടിയിൽ. ഇലക്കൂട്ടത്തിൽ മറഞ്ഞിരുന്ന്‌ നായ്‌ക്കൻ പക്ഷിശബ്‌ദം അനുകരിച്ച്‌ പക്ഷികളെ വിളിച്ചു വരുത്തിയിരുന്നു. ആ വൈദഗ്‌ധ്യം നഷ്‌ടപ്പെടുന്നതുകൊണ്ടാകാം പക്ഷികൾ വരുന്ന സ്ഥലങ്ങളിൽ പശക്കോൽ വെക്കേണ്ടിവരുന്നത്‌. പക്ഷിപിടുത്തത്തിനുളള മറ്റൊരു വിദ്യ കല്ലേറുതന്നെ. ലക്ഷ്യത്തിൽ കല്ലു കൊളളിക്കാനുളള ഇവരുടെ നിപുണത വിസ്‌മയകരമാണ്‌.

നായ്‌ക്കരുടെ ഔഷധബോധം

1. മദ്ദമരംഃ ഈ വൃക്ഷത്തിന്റെ വേര്‌ നല്ലവണ്ണം കഴുകുക. ചതച്ചെടുക്കുക. ഉളുക്കു പറ്റിയ ശരീരഭാഗങ്ങളിൽ തേച്ചു പിടിപ്പിക്കുക. രണ്ടു പ്രാവശ്യം ചെയ്‌താൽ മതി. രോഗം ഭേദമാകുമത്രെ.

2. എട്ടിച്ചുക്കഃ ഈ വൃക്ഷത്തിന്റെ തോൽ പച്ചവെളളത്തിൽ അരച്ച്‌ ഒരു സ്‌പൂൺ കഴിക്കുക. വയറുവേദന ഉടൻ ശമിക്കും.

3. സെളിലമരത്തിന്റെ തോൽ, എരികനമുദ്ദിന്റെ തോൽ, കാടെമ്പിയുടെ തോൽ എന്നിവ ചൂടുവെളളത്തിൽ അരച്ചെടുക്കുക. ഈ വെളളം അരഗ്ലാസ്‌ എടുക്കുക. രണ്ടു പളളയിലും തേക്കുക. സുഖപ്രസവമുണ്ടാകും.

4. ചിക്കെഃ കുട്ടികൾക്കു പൊക്കിൾ വീർത്താൽ ഈ സസ്യത്തിന്റെ കിഴങ്ങുനീര്‌ പൊക്കിളിൽ ഇറ്റിക്കുക.

5. മണ്ടലാവ്‌ഃ മണ്ടെലി എന്ന വിഷപാമ്പു കടിച്ചാൽ ഈ സസ്യത്തിന്റെ വേര്‌ തുടച്ചു വൃത്തിയാക്കി ചവക്കുക. നീർ ഇറക്കണം. വേരിന്റെ ചണ്ടി ഇരു ചെവികൾക്കും താഴെ തേച്ചു പിടിപ്പിക്കണം. നിറുകയിലും ഇടണം. വിഷം ഇറങ്ങും.

6. തിമ്പുവേര്‌ഃ ഭക്ഷണത്തോടൊപ്പം അകത്തു ചെന്ന വിഷാംശം കളയാൻ ഈ സസ്യത്തിന്റെ വേര്‌ ഉപയോഗിക്കുന്നു. വേര്‌ ചവച്ചിറക്കിയാൽ മതി. വിഷം ഛർദ്ദിച്ചുപോകും.

7. കാടല്‌ജീരകെഃ ഇതിന്റെ ഇലകൾ ശരീരത്തിൽ തേച്ചാൽ തേനീച്ച കുത്തില്ല.

8. കെത്തി മുദ്ദ്‌ഃ ഇതിന്റെ ഇലകൾ മുറിവിൽ അരച്ചുതേക്കുക. പഴുക്കില്ല. വേഗം ഉണങ്ങും.

9. കെളുക്കുറ്റിമരംഃ ഇതിന്റെ ഇലകൾ ചൂടുവെളളത്തിൽ തിളപ്പിച്ച്‌ ആവികൊളളുക പനി, തലവേദന, കഫം എന്നിവ ശമിക്കും.

10. എല്ല്‌ന്നൂസ്‌മുദ്ദ്‌ഃ ഈ കുറ്റിച്ചെടി പല്ലുവേദനക്ക്‌ കൈക്കൊണ്ട ഔഷധമാണ്‌. ഇതിന്റെ വേര്‌ കഴുകിവെളളത്തിലിട്ട്‌ ആവികൊളളുക. വായിലെ പുഴുക്കൾ വരെ പുറത്തു പോകുമത്രെ.

11. തലതിരിക്കഃ ഈ കുറ്റിച്ചെടിയുടെ ഇളങ്കൂമ്പ്‌ പച്ചവെളളത്തിൽ അരക്കുക. ഈ ഔഷധജലത്തിൽ പഴുത്ത ഇരുമ്പ്‌ മുക്കുക. ഈ വെളളം കുടിച്ചാൽ വയറിളക്കം ശമിക്കും.

12. ദൊണ്‌ഠമുദ്ദ്‌ഃ ഈ കുറ്റിച്ചെടിയെ ഒരു സർവ്വരോഗസംഹാരിയായി നായ്‌ക്കർ പ്രയോഗിക്കുന്നു. ഇതിന്റെ വേര്‌ കൈയ്യിൽ കരുതിയാൽ മൃഗങ്ങൾ ആക്രമിക്കില്ലെന്നും വിശ്വസിക്കുന്നു. ഇതിന്റെ ഇലകൾ പച്ചവെളളത്തിൽ അരച്ചു പുരട്ടിയാൽ മുറിവുകൾ ഭേദമാകും. ഇലകൾകൊണ്ട്‌ ആപാദചൂഢം ആവികൊണ്ടാൽ പനി വിട്ടുപോകും. വാതത്തിനും ഈ ഇല ആവികൊളളാം. ഉളുക്കിന്‌ ഇല അരച്ചു തേക്കും. ശരീരത്തിൽ പുണ്ണും ചൊറിയും വന്നാൽ വേരെടുത്ത്‌ പച്ചവെളളത്തിൽ അരച്ചുപുരട്ടും. മൂന്നു ദിവസം കൊണ്ട്‌ ഭേദമാകുമത്രെ.

13. എണ്ണ്‌മുദ്ദ്‌ഃ ഇത്‌ ഗർഭനിയന്ത്രണത്തിനുളള ഔഷധമാണ്‌. എണ്ണ്‌ എന്ന വാക്കിന്‌ തന്നെ സ്‌ത്രീ എന്ന അർത്ഥം. മരുന്ന്‌ എന്ന അർത്ഥത്തിലാണ്‌ മദ്ദ്‌, മുദ്ദ്‌ എന്ന്‌ പ്രയോഗിക്കുന്നത്‌. എണ്ണ്‌മദ്ദിന്റെ പടിഞ്ഞാറ്‌ ഭാഗത്തേക്ക്‌ പോകുന്ന വേര്‌ കഴുകിയെടുക്കുക. സംഭോഗത്തിന്‌ മുമ്പ്‌ ചവച്ചിറക്കുക. ഗർഭം ധരിക്കില്ലത്രെ. ഈ കുറ്റിച്ചെടി കാട്ടിൽ അത്ര സുലഭമല്ല. ഇത്തരം നൂറുകണക്കിന്‌ ഔഷധസസ്യങ്ങൾ കാട്ടുനായ്‌ക്കനറിയാം.

വി.എച്ച്‌. ദിരാർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.