പുഴ.കോം > നാട്ടറിവ് > കാട്ടറിവ് > കൃതി

കാട്ടുനായ്‌ക്കരുടെ ഭക്ഷണരീതി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

കാട്ടറിവ്‌

--- തയ്യാറാക്കിയത്‌ - നിർമ്മല കെ.കെ. ---

‘അതിഥികളെ തേൻകൊടുത്ത്‌ സ്വീകരിക്കുക ഇവരുടെ ഒരു രീതിയാണ്‌.’

വയനാട്ടിലെ ആദിവാസികളിൽ ജനസംഖ്യയിൽ മൂന്നാംസ്‌ഥാനത്തു നിൽക്കുന്ന വർഗ്ഗമാണ്‌ കാട്ടുനായ്‌ക്കർ. കൂട്ടംകൂട്ടമായി ജീവിക്കുന്ന ഇവരുടെ ഭക്ഷണരീതിയിൽ ഇതേ കൂട്ടായ്‌മകാണാം. ഒരു ജനസമൂഹം എന്തുഭക്ഷണം കഴിക്കുന്നു എന്നത്‌ ഏറിയകൂറും അവർക്ക്‌ എന്തു ഭക്ഷണമാണ്‌ എളുപ്പം ലഭ്യമായിട്ടുളളത്‌ എന്നതിനെ ആശ്രയിച്ചിരിക്കും. ജീവിതരീതിയ്‌ക്കനുസരിച്ചാണ്‌ ഭക്ഷണസമയവും ക്രമവും നിർണ്ണയിക്കപ്പെടുന്നത്‌. ഒരുസമൂഹം എങ്ങനെ ഭക്ഷണംകഴിക്കുന്നുവെന്നത്‌ അവരുടെ സംസ്‌ക്കാരസവിശേഷതയെ തുറന്നുകാട്ടുന്നു. കാലാവസ്‌ഥയും ജനതയുടെ ജൈവപരമായ സവിശേഷതകളുമാണ്‌ അവരുടെ രുചിസങ്കല്പത്തെ രൂപപ്പെടുത്തന്നത്‌.

കാടിനോട്‌ കൂടുതൽ ഇഴുകിജീവിക്കുന്ന കാട്ടുനായ്‌ക്കർ കാട്ടിൽനിന്നുതേൻ ശേഖരിച്ചും നായാടിയും മറ്റുമാണ്‌ ഉപജീവനം നടത്തുന്നത്‌. നെല്ല്‌, വാഴ, ഇഞ്ചി, കപ്പ എന്നിവയാണ്‌ ഇവർ കൃഷി ചെയ്യുന്നത്‌. സ്വന്തമായി സ്‌ഥലമുളളവരിൽത്തന്നെ വളരെക്കുറച്ചുപേർ മാത്രമേ കൃഷിചെയ്‌ത്‌ ജീവിക്കുന്നുളളൂ. മറ്റുളളവരെല്ലാം കൂലിപ്പണി ചെയ്‌ത്‌ ജീവിതം നയിക്കുന്നു. ഇവരുടെ പ്രധാന ഭക്ഷണം കാട്ടുകിഴങ്ങുകൾ, മാംസം, മുളയരിക്കഞ്ഞി, തേൻ ഇവയാണ്‌. പലതരത്തിലുളള ഇലകൾ മുളങ്കൂമ്പ്‌ ഇവയുപയോഗിച്ച്‌ കറികൾ ഉണ്ടാക്കുന്നു. തോട്ടങ്ങളിൽ പണിയില്ലാത്തസമയത്ത്‌ ഇവർ കൂട്ടത്തോടെ കാട്ടിലേയ്‌ക്ക്‌ കിഴങ്ങുകൾ ശേഖരിക്കാൻപോകുന്നു. മൊണ്ണി, നൂറ തുടങ്ങിയ കിഴങ്ങുകൾ ശേഖരിച്ച്‌ തീയീൽ ചുട്ടും പുഴുങ്ങിയും ഭക്ഷിക്കുന്നു. കാട്ടുകുരുമുളക്‌, കാട്ടിൽനിന്നുശേഖരിക്കുന്ന പുളി ഇവയുപയോഗിച്ച്‌ കൂട്ടാനോ ചമ്മന്തിയോ ഉണ്ടാക്കുന്നു.

മുളയരിക്കഞ്ഞിയും പുട്ടും മുളയരികൊണ്ട്‌ ഇവർ കഞ്ഞിയും പുട്ടും ഉണ്ടാക്കാറുണ്ട്‌. മുളപൂത്ത്‌ അരിവയ്‌ക്കുന്ന കാലങ്ങളിൽ ഓരോ മുളങ്കൂട്ടത്തിന്റേയും ചുവട്‌ അടിച്ചു വൃത്തിയാക്കിയിടുന്നു. മൂത്തുകഴിഞ്ഞ മുളയരികൊഴിഞ്ഞുവീഴുന്നത്‌ അടിച്ചു വാരിയെടുത്ത്‌ കുത്തി ഉമി കളഞ്ഞ്‌ കഞ്ഞിയുണ്ടാക്കുന്നു. അരിനുറുക്ക്‌ (മുളയരി) കുതിർത്ത്‌ ആവിയിൽ വേവിച്ച്‌ പുട്ടുണ്ടാക്കുന്നു. മാളങ്കുറ്റിയിൽ ഉണ്ടാക്കുന്ന മുളയരിപ്പുട്ടിന്‌ പ്രത്യേക സ്വാദുണ്ടത്രേ.

മുളങ്കൂമ്പ്‌ ഉപ്പേരി മുളങ്കൂമ്പുകൊണ്ടുണ്ടാക്കുന്ന ഉപ്പേരി കാട്ടുനായ്‌ക്കരുടെ ഇഷ്‌ടഭോജ്യമാണ്‌. മാളങ്കൂമ്പ്‌ വെട്ടിയെടുത്ത്‌ ചെറുതായി അരിഞ്ഞ്‌ അടുപ്പത്തുവച്ച്‌ തിളപ്പിച്ച്‌ ഊറ്റുന്നു. മാളങ്കൂമ്പിന്റെ ‘കട്ട്‌ ’ കളയാനാണ്‌ ഇപ്രകാരം തിളപ്പിച്ച്‌ ഊറ്റുന്നത്‌. അതിനുശേഷം ചേരുവകൾ ചേർത്ത്‌ പാകംചെയ്‌ത്‌ ഉപ്പേരി ഉണ്ടാക്കുന്നു. കാട്ടുനായ്‌ക്കർ ഭക്ഷണം ശേഖരിക്കാൻ പോകുന്നത്‌ കൂട്ടത്തോടെയാണ്‌. വട്ടം കൂടിയിരുന്നാണ്‌ ഭക്ഷണം കഴിക്കുന്നത്‌. വീട്ടിൽ മാത്രമല്ല, നായാട്ടിനോ ഭക്ഷണശേഖരത്തിനോ പോകുമ്പോഴും ഇതേ രീതിതന്നെയാണ്‌. ഭക്ഷണപദാർത്‌ഥങ്ങളുടെ ലഭ്യത ഭക്ഷണശീലത്തേയും ക്രമത്തേയും നിർണ്ണയിക്കുന്നു. വിശക്കുമ്പോൾ ലഭ്യമായ ഭക്ഷണം കഴിക്കുക, ഇല്ലെങ്കിൽ ഭക്ഷണം കിട്ടുന്നതുവരെ വിശപ്പ്‌സഹിച്ചിരുന്ന്‌ ചെയ്യുന്ന ജോലിതീർക്കുക എന്നതാണ്‌ കാട്ടുനായ്‌ക്കരുടെ ശീലം. കൃത്യസമയത്ത്‌ ഇന്നയിന്ന ഭക്ഷണം എന്ന ക്രമമൊന്നും ഇവർക്കില്ല. ദാഹിക്കുമ്പോൾ കാട്ടിലാണെങ്കിൽ പുല്ലാഞ്ഞിയുടെ വളളി വെട്ടിയെടുത്ത്‌ അതിൽനിന്നിറ്റു വീഴുന്നവെളളം കുടിച്ച്‌ ദാഹംമാറ്റുന്നു. ചില ഭക്ഷണപദാർത്‌ഥങ്ങൾ ചിലർക്ക്‌ പ്രത്യേകാവസരങ്ങളിൽ വിലക്കപ്പെട്ടിരിക്കുന്നു. ആരോഗ്യസംബന്ധമായ തിരിച്ചറിവുകളോ പാരമ്പര്യവിശ്വാസങ്ങളോ ആകാം ഇതിന്‌ കാരണം. മിക്ക ആദിവാസിവിഭാഗങ്ങളും വിശേഷിച്ച്‌ കാട്ടുനായ്‌ക്കർ ഋതുമതികളാവുന്ന സമയത്ത്‌ പെൺകുട്ടികൾക്ക്‌ കൂടുതൽ എരിവുളള ഭക്ഷണപദാർത്‌ഥങ്ങൾ നൽകാറില്ല. ഗർഭിണികൾക്കും എരിവുളള ഭക്ഷണം വിലക്കപ്പെട്ടിരിക്കുന്നു. വിവാഹസദ്യയ്‌ക്ക്‌ മൽസ്യമാംസാദികൾ വർജ്ജ്യമാണ്‌. വൈദ്യൻമാർ മന്ത്രവാദികൾ, കോമരങ്ങൾ എന്നിവർക്ക്‌ മൽസ്യമാംസാദികൾ നിഷിദ്ധമാണ്‌. ദൈവികതയും പരിശുദ്ധിയും സംരക്ഷിക്കാനുളള മുൻകരുതലാവാം ഇതെല്ലാം.

ആശയത്തിന്റേയും വികാരത്തിന്റേയും വിനിമയോപാധികൂടിയാണ്‌ ഭക്ഷണം. വിശേഷാവസരങ്ങളിൽ (തിരണ്ടുകല്യാണം, കാതുകുത്ത്‌, വിവാഹം, ഉൽസവങ്ങൾ, മരണാനന്തര ചടങ്ങുകൾ) വിശേഷ ഭക്ഷണങ്ങൾ ഉണ്ടാക്കി ബന്ധുക്കൾക്കും അയൽക്കാർക്കും കൊടുക്കുന്നു. ഇതിലൂടെ കുടുംബങ്ങൾ തമ്മിലും അയൽക്കാർ തമ്മിലും സ്നേഹബന്ധം സ്‌ഥാപിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്നു. അതിഥികളെ തേൻകൊടുത്ത്‌ സ്വീകരിക്കുക ഇവരുടെ ഒരുരീതിയാണ്‌. പരിഷ്‌കൃതരായ മറ്റ്‌ സമൂഹങ്ങളെപ്പോലെ ചായയും കാപ്പിയും സർവ്വസാധാരണമായി ഇവർ ഉപയോഗിക്കുന്നില്ല. പകരം കാപ്പിയിലയിട്ട്‌ തിളപ്പിച്ച പാനീയം ഉപയോഗിക്കുന്നു. ഓണം, വിഷു, തുലാപ്പത്ത്‌, പുത്തരിയുണ്ണൽ എന്നിവ പ്രധാന ആഘോഷങ്ങളാണ്‌. ഓണത്തിന്‌ സദ്യയുണ്ടാവും. തുലാപ്പത്തിന്‌ നായാട്ടുനടത്തുന്നു. പന്നി, മുയൽ, കാട്ടുകുരങ്ങ്‌ എന്നിവയെ നായാടിപിടിക്കുന്നു. വേട്ടയാടിക്കിട്ടിയത്‌ ബന്ധുക്കൾക്കും അയൽക്കാർക്കും പങ്കുവയ്‌ക്കുന്നു. നായാട്ടിനുശേഷം രാത്രി ദൈവത്തിനുകൊടുക്കുന്ന ചടങ്ങുണ്ട്‌. ചോറ്‌, ചാരായം, വെറ്റില, അടയ്‌ക്ക, നായാടിക്കിട്ടിയ മാംസം ഇവയാണ്‌ ദൈവത്തിനു നിവേദിക്കുക. എല്ലാ ഉൽസവാഘോഷവേളകളിലും ഈ ചടങ്ങ്‌ പതിവുണ്ട്‌. വിളവെടുപ്പിന്‌ ശേഷമുളള ആദ്യത്തെ സദ്യദൈവത്തിനുകൊടുക്കുന്ന ചടങ്ങാണ്‌ പുത്തരിയുണ്ണൽ. ഇതിനുശേഷംമാത്രമേ പുതിയധാന്യങ്ങൾ ദൈനംദിന ആവശ്യങ്ങൾക്കുപയോഗിക്കുകയുളളൂ.

മൊതലി (മൂപ്പൻ)യുടെ കാർമികത്വത്തിലാണ്‌ തിരണ്ടുകല്യാണം നടക്കുന്നത്‌. കല്യാണസദ്യയുടെ വിഭവങ്ങൾ പൊതിച്ചോറാക്കി പെൺകുട്ടിതന്നെ മൊതലിയുടെ വീട്ടിലെത്തിക്കുകയും അകത്തിട്ടിരിക്കുന്ന നാക്കിലയിൽ അത്‌ വിളമ്പുകയും ചെയ്യുന്നു. അതിനുശേഷം മാത്രമേ മറ്റുളളവർക്ക്‌ സദ്യനൽകൂ. പൊതിച്ചോറിന്‌ കാട്ടുനായ്‌ക്കരുടെ മരണാനന്തരച്ചടങ്ങിലും പ്രാധാന്യമുണ്ട്‌. ശവശരീരം മറവുചെയ്യുകയാണവരുടെ രീതി. മരണാനന്തര അടിയന്തിരമായ ‘പൊലവിളി’ നടത്തുന്ന അന്ന്‌ (പരേതന്റെ ആത്‌മാവിനെ ആവാഹിക്കൽ) മൊതലിയുടെ നേതൃത്വത്തിൽ മരിച്ചയാളുടെ മക്കൾ, തൂളക്കാരൻ (കോമരം) എന്നിവർ ഒരു പൊതിച്ചോറ്‌, അടയ്‌ക്ക, വെറ്റില, പച്ചഞ്ഞണ്ടും മഞ്ഞളും കൂട്ടിയരച്ച മിശ്രിതം എന്നിവയുമായി ചുടലയിലെത്തുകയും പൊതിച്ചോറ്‌ പരേതന്റെ തലഭാഗത്തുവച്ച്‌ ചില കർമ്മങ്ങൾ നടത്തുകയും ചെയ്യുന്നു. മരിച്ച വ്യക്തിയുടെ ആത്‌മാവിന്‌ അന്നംകൊടുക്കണമെന്ന സങ്കല്പമാവാം ഇതിന്‌ കാരണം. ആദിവാസികളിൽ വംശപരവും ജാതീയവുമായ സ്വത്വം തീരെനഷ്‌ടപ്പെട്ടിട്ടില്ലാത്ത വർഗ്ഗമാണ്‌ കാട്ടുനായ്‌ക്കർ. അതുകൊണ്ടുതന്നെ അവരുടെ അന്നസംസ്‌ക്കാരം വേറിട്ടുതന്നെനിലനിൽക്കുന്നുണ്ട്‌.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.