പുഴ.കോം > നാട്ടറിവ് > നാട്ടറിവ് > കാർഷിക നാട്ടറിവ്‌ > കൃതി

തെങ്ങ്‌ - 6

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചാണ്ടി എബ്രഹാം

തെങ്ങിന്റെ ചുവട്ടിൽ നിന്നും രണ്ടു മീറ്റർ അകലെ നാലു മൂലയിലും നാലു വാഴ വയ്‌ക്കുക. സെപ്‌റ്റംബറിൽ നടന്ന വാഴകൾ വേനൽക്കാലമാകുമ്പോഴേക്കും ശരിക്കും വളർന്ന്‌ തെങ്ങിന്റെ കടയ്‌ക്കൽ വെയിലേല്‌ക്കാതെ സംരക്ഷിക്കും. വാഴവെട്ടുമ്പോൾ പിണ്ടി വെട്ടിനുറുക്കി തെങ്ങിന്റെ ചുവട്ടിലിട്ടാൽ വളം ലഭിക്കും. മണ്ണിലെ ജലാംശവും നിലനിർത്താം.

തെങ്ങിന്റെ ചെന്നീരൊലിപ്പ്‌ ബാധിച്ച ഭാഗം ചെത്തി മാറ്റിയ ശേഷം, തടിയിൽ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം പുരട്ടുക. ഒപ്പം തേങ്ങ്‌ ഒന്നിന്‌ 5 കിലോഗ്രാം വേപ്പിൻ പിണ്ണാക്ക്‌ വളമായും നൽകുക. പുറമെ കാലിക്‌സിൻ എന്ന മരുന്ന്‌ ഒരു ശതമാനം വീര്യത്തിൽ കലക്കി തെങ്ങൊന്നിന്‌ 25 ലി. വീതം തെങ്ങിൻ ചുവട്ടിലൊഴിച്ച്‌ മണ്ണ്‌ കുതിർക്കുക.

തെങ്ങിൻ തോപ്പുകളിൽ വെറ്റില കൃഷി ചെയ്‌താൽ തെങ്ങിന്റെ ഉല്‌പാദന ക്ഷമത വർദ്ധിക്കും.

തെങ്ങിലെ പൂക്കൾ അമിതമായി പൊഴിയുന്നത്‌ തടയാൻ മണ്ടയിലും പൂങ്കുലകളിലും ഉപ്പു ലായനി തളിക്കുക. കൂടാതെ ഉപ്പു ചേർന്ന വെള്ളം കൊണ്ട്‌ ചുവട്‌ നനയ്‌ക്കുകയും ചെയ്യുക.

കൊമ്പൻ ചെല്ലികളെ നിഷ്‌ക്രിയരാക്കാൻ തെങ്ങിന്റെ മണ്ടയ്‌ക്കടുത്തുള്ള മടലുകൾക്കിടയിൽ തലമുടി പന്തുപോലെ ചുരുട്ടി വയ്‌ക്കുക. മുടി ചെല്ലിയുടെ കാലുകളിൽ ചുറ്റിപ്പിണഞ്ഞ്‌ അതിനെ നിഷ്‌ക്രിയമാക്കും.

തെങ്ങിൻ തോപ്പിൽ കൃഷി ചെയ്യുന്ന ഇഞ്ചിക്ക്‌ പൊതുവേ രോഗബാധകൾ കുറവാണ്‌.

തെങ്ങിൻ തോട്ടത്തിലുള്ള ഫലവൃക്ഷങ്ങൾ തെങ്ങിനേക്കാൾ ഉയരത്തിൽ വളർന്നാൽ തെങ്ങിന്റെ വിളവ്‌ കുറയും.

ചെമ്പൻ ചെല്ലിയുടെ ആക്രമണത്തിന്‌ വിധേയമായിട്ടുള്ള തെങ്ങുകളുടെ അടിപ്പട്ടയോടു തൊട്ടുചേർന്ന്‌ തെങ്ങിൻ തടിയിൽ ആഴത്തിലൊരു ദ്വാരമുണ്ടാക്കുക. ഈ ദ്വാരത്തിൽ യൂക്കാലിപ്‌റ്റസ്‌ എണ്ണയിൽ കുതിർത്ത പഞ്ഞി നന്നായി തിരുകിക്കയറ്റുക. തുടർന്ന്‌ സിമന്റ്‌ ഉപയോഗിച്ച്‌ ദ്വാരം അടയ്‌ക്കുക. ചെമ്പൻ ചെല്ലിയുടെ പുഴുക്കൾ ചത്തൊഴിഞ്ഞുകൊള്ളും.

പഴുത്ത്‌ പാകമായ നാലു മരോട്ടിക്കായ ചതച്ച്‌ ,രണ്ടു ലിറ്റർ വെള്ളത്തിൽ കലക്കി, വാവട്ടമുള്ള ഒരു കലത്തിലോ അലുമിനിയ പാത്രത്തിലോ ഒഴിച്ച്‌, രണ്ടോ മൂന്നോ വർഷം പ്രായമുള്ള തെങ്ങിൻതൈയുടെ മണ്ടയിലോ, അല്ലെങ്കിൽ അധികം പൊക്കമില്ലാത്ത മാവിന്റെ കൊമ്പത്തോ കെട്ടി ഉറപ്പിച്ച്‌ വയ്‌ക്കുക. മഴയില്ലാത്ത ദിവസങ്ങളിലാണ്‌ ഇപ്രകാരം ചെയ്യേണ്ടത്‌. മരോട്ടിക്കായുടെ മണവും രുചിയും കൊമ്പൻ ചെല്ലിക്ക്‌ പ്രിയങ്കരമാണ്‌. രണ്ടുദിവസത്തേക്ക്‌ കലം അവിടെത്തന്നെ വയ്‌ക്കുക. ഏതാണ്ട്‌ ആറു കിലോമീറ്റർ ചുറ്റളവിലുള്ള കൊമ്പൻ ചെല്ലികൾ, ഇതിന്റെ മണത്താൽ ആകൃഷ്‌ടരായി അവിടെയത്തി, കലത്തിലെ മരോട്ടിക്കാ വെള്ളം കുടിച്ച്‌ മത്തരായും, ചിലത്‌ ചത്തും കലത്തിൽ ഉണ്ടാകും. ഇവയെ വാരിയെടുത്ത്‌ നശിപ്പിക്കുകയേ വേണ്ടൂ.

തെങ്ങിൻ തോട്ടത്തിൽ ആവണക്കു പിണ്ണാക്കു നന്നായി ഒരു പാത്രത്തിൽ കലക്കി തുറന്നു വയ്‌ക്കുക. കൊമ്പൻചെല്ലി അതിലേക്ക്‌ ആകർഷിക്കപ്പെട്ട്‌ അതിൽ ചാടി ചത്തുകൊള്ളും.

തെങ്ങുകൾക്കിടയിൽ നെടുകെയും കുറുകെയും ചാലുകീറി അതിൽ നിറച്ച്‌ ചകിരി അടുക്കി മണ്ണ്‌ മുകളിലിട്ട്‌ ബണ്ടു പോലെ രൂപപ്പെടുത്തക വേനലിൽ ഓല ഒടിഞ്ഞു തൂങ്ങുന്ന രോഗം ഉണ്ടാവുകയില്ല.

ചുവന്ന ഉള്ളിയും കാരവും അരച്ച്‌ കൂമ്പിൽ പുരട്ടിയാൽ കാറ്റുവീഴചയുടെ ആരംഭഘട്ടത്തിൽ നിയന്ത്രിക്കാനാവുന്നതാണ്‌.

തെങ്ങിന്റെ മണ്ട തെളിച്ച്‌ ഉപ്പും തുരിശും ചാരവും കൂട്ടിയിളക്കി മണ്ടയ്‌ക്കു തൂകുന്നത്‌ കേര രോഗങ്ങൾ നിയന്ത്രിക്കാൻ നല്ലതാണ്‌.

തെങ്ങിന്റെ മടൽ തടിയോടു ചേർത്തു വെട്ടിയാൽ ചെമ്പൻ ചെല്ലിയുടെ ശല്യം കൂടാനിടയുണ്ട്‌. അതുകൊണ്ട്‌ മടൽ നീട്ടി വെട്ടാൻ ശ്രദ്ധിക്കണം.

തെങ്ങിനു ചുറ്റും ചവറിട്ടു ചുട്ടാൽ പുകയേറ്റ്‌ തെങ്ങിൽ ധാരാളം മച്ചിങ്ങാ പിടിക്കാൻ ഇടയാകും.

തെങ്ങിലെ പോടുകൾ അടയ്‌ക്കാൻ കീല്‌, മണൽ ഇവ ചേർത്ത്‌ നന്നായി ഉരുട്ടി അടുത്ത ദിവസം ഉരുളകളായി പോടുകൾക്ക്‌ ഉള്ളിൽ തിരുകിക്കയറ്റുക. പോട്‌ പൂർണ്ണമായും നിറയത്തക്കവണ്ണം മിശ്രിതം അതിൽ നിറയ്‌ക്കണം. പോടുകൾക്കുള്ളിലെ തടി കുറേശ്ശേ വളരുന്നതനുസരിച്ച്‌ കീൽ-മണൽ മിശ്രിതം പുറത്തേയ്‌ക്കു തള്ളിവരും. ആറുദിവസം കൊണ്ട്‌ പോട്‌ മുഴുവനായും വളർന്ന്‌ നികരുകയും കീല്‌ മുഴുവനായും പുറത്തു വരികയും ചെയ്യുന്നു.

തെങ്ങിൻ തടിക്കുള്ളിൽ കാണുന്ന ചെല്ലിയുടെ പുഴുക്കളെ നശിപ്പിക്കാൻ മരം കൊത്തിപ്പക്ഷികൾക്കു കഴിയും. മരം കൊത്തികളുടെ വംശവർദ്ധനയ്‌ക്ക്‌ ശ്രമിക്കുക.

തെങ്ങോലയിൽ കുമിൾ ബാധ കണ്ടു കഴിഞ്ഞാൽ നീളമുള്ള കമ്പിയിന്മേൽ പന്തം കത്തിച്ച്‌ ഇടയ്‌ക്കു വാട്ടം തട്ടാതെ വീശുക. കുമിളുകൾ നശിച്ചു കൊള്ളും.

തെങ്ങിന്മേൽ ഓല, മുളമുള്ള്‌ ഇവകൊണ്ട്‌ പൊത്തു കെട്ടുക. എലി, കള്ളൻ ഇവയുടെ ശല്യം കുറയും.

കായ്‌ക്കാത്ത തെങ്ങുകൾ ആനയെക്കൊണ്ട്‌ തള്ളി ഉലയ്‌ക്കുക. താമസിയാതെ ചൊട്ട പൊട്ടാനിടയാകും.

ചെന്നീരൊലിപ്പ്‌ എന്ന കേര രോഗം ടാർ പുരട്ടി നിയന്ത്രിക്കാവുന്നതാണ്‌.

Previous Next

ചാണ്ടി എബ്രഹാം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.