പുഴ.കോം > നാട്ടറിവ് > അന്നം > കാര്‍ഷിക നാട്ടറിവ് > കൃതി

കാര്‍ഷിക നാട്ടറിവ് - പലവക 3

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചാണ്ടി എബ്രഹാം

പത്തുഗ്രാം കൂവളത്തിന്റെ ഇല ഒരു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് തണുപ്പിച്ച് 200 മി. ലി പുതിയ ഗോമൂത്രവും 6 ലിറ്റര്‍ വെള്ളവും ചേര്‍ത്തു തളിച്ചാല്‍ പല കീടങ്ങളും നശിക്കും.

ആവണിക്കിന്‍ പിണ്ണാക്കും ഉപ്പും ചെറുനാരങ്ങാ നീരും ചൂടു വെള്ളത്തില്‍ ചേര്‍ത്ത് ചിതല്‍പ്പുറ്റിലൊഴിച്ചാല്‍ ചിതലിനെ നശിപ്പിക്കാം.

വെള്ള മന്ദാരന്റെ അഞ്ചു മി. ലി നീരില്‍ 90 ഗ്രാം ഗോതമ്പ് മാവ് ചേര്‍ത്തു കുഴച്ച് അതില്‍ രണ്ടു മില്ലി കടുകെണ്ണയും 2 ഗ്രാം ശര്‍ക്കരയും വെള്ളവും കൂട്ടി ഗുളികകള്‍ ഉണ്ടാക്കി എലി മാളങ്ങള്‍ക്കു മുമ്പില്‍ വയ്ക്കുക എലികള്‍ ഇതു തിന്നു ചത്തു കൊള്ളും.

കൃഷിയിടങ്ങളിലെ എലി മാളങ്ങള്‍‍ തുടലിമുളക് ഉള്ളില്‍ വച്ച് മണ്ണിട്ട് അടയ്ക്കുക. എലികള്‍ മാളം ഉണ്ടാക്കുന്നതു കുറയും.

വെന്ത ഉള്ളിക്കുള്ളിലോ കപ്പയ്ക്കകത്തോ സിങ്ക് ഫോസ്ഫൈഡ് വച്ച് അതു മാളത്തിനകത്തു വച്ചു കൊടുത്താല്‍ തുരപ്പനെലികള്‍‍ അത് തിന്ന് ചത്തു കൊള്ളും.

എലി നശീകരണം

കൂമന്‍ ( മൂങ്ങ) പ്രതിദിനം കുറഞ്ഞത് രണ്ട് എലികളെയെങ്കിലും കൊന്നൊടുക്കി ഭക്ഷണമാക്കും. അതിനാല്‍ മൂങ്ങയെ മിത്രമായി കരുതി പരിപാലിക്കുക.

ചേര നല്ലൊരു കര്‍ഷക മിത്രമാണ്, കാരണം, എലിയെ അവ ധാരാളമായി കൊന്നൊടുക്കുന്നു. അതിനാല്‍ ചേരയെ കൊന്ന് നശിപ്പിക്കാതിരിക്കുക.

കൊടുവേലി പോലുള്ള ഔഷധ ചെടികള്‍ കൃഷി ചെയ്യുന്ന പുരയിടങ്ങളില്‍ എലി പെരുച്ചാഴി എന്നിവയുടെ ആക്രമണം കുറയും.

ശീമക്കൊന്നയുടെ കുരുവും അരിയും ചേത്തു വേവിച്ച് പഞ്ചസാരയും വെളിച്ചണ്ണയും ചേര്‍ത്തു പൂപ്പല്‍ പിടിച്ചെടുത്താല്‍ ആ മിശ്രിതം എലി നശീകരണത്തിനു വളരെ ഫലപ്രദമാണ്.

ഉണക്കച്ചെമ്മീന്‍ വറുത്ത് പൊടിച്ച് സിമന്റ് പൊടിയുമായി കൂട്ടി ചേര്‍ത്തു ചെറിയ കടലാസുകളില്‍ വരമ്പുകളില്‍ വയ്ക്കുക എലി അവ തിന്ന് ചത്തു കൊള്ളും.

പൈനാപ്പിള്‍ തോട്ടത്തില്‍ ആഞ്ഞിലിയോ പ്ലാവോ മരങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ പഴങ്ങള്‍ പഴുത്ത് താഴെ വീണു കിടക്കാന്‍ അനുവദിക്കുക. എങ്കില്‍ എലി അവ തിന്നു കൊള്ളും. കൈതച്ചക്കയെ ആക്രമിക്കുകയില്ല.

ശീമകൊന്നയുടെ ഇലയും തൊലിയും ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ രണ്ടു തവണ പുഴുങ്ങിയ ശേഷം തണലില്‍ തോര്‍ത്തിയെടുത്ത നെല്ലും ഗോതമ്പും എലിവിഷമായി വളരെ പ്രയോജനപ്രദമാണ്.

മരച്ചീനി കൃഷി ചെയ്യുന്നിടത്ത് ചെത്തിക്കൊടുവേലി നട്ടുപിടിപ്പിച്ചാല്‍ തുരപ്പന്‍ ശല്യം കുറയും.

ചത്ത എലികളെ കാക്ക കൊത്തി വലിക്കത്ത വണ്ണം പറമ്പില്‍‍ തന്നെ ഇടുക. ദുര്‍ഗന്ധം നിലനില്‍ക്കുന്നിടത്തോളം മറ്റ് എലികള്‍ ആ പ്രദേശത്ത് അടുക്കുകയില്ല.

വിളകളുടെ അരികില്‍ പാല്‍ക്കള്ളി നട്ടുവളര്‍ത്തിയാല്‍ എലികളില്‍ നിന്നും കൃഷിയെ രക്ഷിക്കാം.

പൈനാപ്പിള്‍ തോട്ടത്തില്‍ എലി ശല്യം ഒഴിവാക്കാനായി തോട്ടത്തിന്റെ അരികിലൂടെ കപ്പ നടുക. എലിക്ക് കപ്പയോടയിരിക്കും കൂടുതല്‍ താത്പര്യം.

ആമ്പല്‍ക്കായ എലിക്കിഷ്ടപ്പെട്ട തീറ്റയാണ്. അത് പിളര്‍ന്ന് അല്‍പ്പം വിഷം വച്ച് പാടത്തിന്റെ വരമ്പത്തു വയ്ക്കുക എലി അതു തിന്ന് ചത്തു കൊള്ളും.

ഉരുക്കിയ ശര്‍ക്കരയില്‍ അല്‍പ്പം പഞ്ഞിമുക്കി എടുക്കുക ഗോതമ്പ് മാവ്, പൊടിച്ച ഉണക്ക മത്സ്യം എന്നിവ ചേര്‍ത്ത് പൊടിയാക്കിയ ഖരമിശ്രിതത്തില്‍‍ കാപ്പിക്കുരുവിന്റെ വലിപ്പത്തിലുരുട്ടിയ പഞ്ഞി ഉരുളകള്‍ മുക്കി എടുക്കുക. ഈ ഉരുളകള്‍ പറമ്പില്‍ പല ഭാഗങ്ങളിലായി വയ്ക്കുക ഇതു തിന്നുന്ന എലി കുടല്‍ തടസ്സപ്പെട്ട് 10 - 12 ദിവസങ്ങള്‍ക്കകമായി ചത്തു കൊള്ളും.

പെട്ടിയില്‍ കുടുക്കിയ എലിയെ കൊല്ലുന്നതിന് പെട്ടിയോടെ 10 - 15 മിനിറ്റ് നേരം വെള്ളത്തില്‍ മുക്കി പിടിക്കുക.

എലിയുടെ മേല്‍ നല്ലവണ്ണം വെയില്‍ തട്ടത്തക്കവണ്ണം സൂര്യപ്രകാശത്തില്‍ എലിപ്പെട്ടി വച്ചിരുന്നാല്‍ അതില്‍ കുടുങ്ങിയിട്ടുള്ള എലി ചത്തു കൊള്ളും.

ശീമക്കൊന്നയുടെ വിത്ത് ഉണക്കിപ്പൊടിച്ചത് ശര്‍ക്കരയുമായി ചേര്‍ത്ത് കുഴച്ചു ചെറിയ ഉരുളകളാക്കി നെല്പാടങ്ങളില്‍ വിതറുക. അതു തിന്ന് എലി ചത്തു കൊള്ളും.

നല്ല വലിപ്പമുള്ള കുടത്തിലോ ബക്കറ്റിലോ അടിയില്‍ മാത്രം നില്‍ക്കത്തക്കവണ്ണം അല്‍പ്പം കള്ള് ഒഴിച്ചു വയ്ക്കുക. മണം പിടിച്ചെത്തുന്ന എലികള്‍ ഇതിനുള്ളില്‍ കടന്നാല്‍ പിന്നെ രക്ഷപ്പെടുകയില്ല. കള്ളിനു പകരം കഞ്ഞിവെള്ളം ഒഴിച്ചു വച്ചാലും ഫലപ്രദമാണ്.

എലിയെ പിടിച്ച് ബോധം കെടുത്തിയിട്ട് മലദ്വാരം സൂചിയും നൂലുമുപയോഗിച്ച് തുന്നി യോജിപ്പിക്കുക. ബോധം വീഴുമ്പോള്‍‍ എലിയെ തുറന്നു വിടുക. വേദനയും മലബന്ധവും മൂലം ഭ്രാന്തു പിടിക്കുന്ന എലി സ്വവര്‍ഗ്ഗക്കാരെയെല്ലാം കടിച്ചു കൊല്ലും.

എലികളെ കുടുക്കാനുള്ള കെണികള്‍ വൈകുന്നേരം തയ്യാറാക്കി കൃഷി സ്ഥലത്ത് പലയിടങ്ങളിലായി വയ്ക്കുക.

വേപ്പ് നില്‍ക്കുന്നിടത്ത് വൈറസ് രോഗങ്ങള്‍ ഉണ്ടാവുകയില്ല.

മിലിബഗ്ഗുകള്‍ വെളുത്ത് വൃത്താകൃതിയില്‍ പഞ്ഞി പോലെ കമ്പുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്നു. ഇവയെ കൈകൊണ്ട് പെറുക്കിയെടുത്ത് കത്തിച്ചു നശിപ്പിക്കാം.

പറമ്പില്‍ ഉറുമ്പു ശല്യം കൂടുതലായി കണ്ടാല്‍ കല്ലുപ്പ് ഇട്ട് അവയെ അകറ്റാം. പൊടിയുപ്പ് ഉപയോഗിച്ചാലും ഇതേ പ്രയോജനം കിട്ടും. ഉറുമ്പുള്ള തെങ്ങിന്റെയും വാഴയുടേയും ചുവട്ടിലും ഉറുമ്പിന്‍ കൂട്ടിലും ഉപ്പ് വിതറുക.

Previous Next

ചാണ്ടി എബ്രഹാം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.