പുഴ.കോം > നാട്ടറിവ് > അന്നം > കാര്‍ഷിക നാട്ടറിവ്‌ > കൃതി

പച്ചക്കറികള്‍ - 42

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചാണ്ടി എബ്രഹാം

ഭഷ്യയോഗ്യമായ കൂണുകള്‍ മണ്ണില്‍ നിന്നും ശേഖരിക്കുമ്പോള്‍ വളരെ ചെറിയ മൊട്ടുകള്‍ ഒഴിവാക്കുക. കാരണം വിഷക്കൂണുകളുടെ പ്രത്യേകതകള്‍ ഇവയില്‍ കാണാന്‍ പ്രയാസമായിരിക്കും.

മുറിക്കുമ്പോള്‍ പാലിന്റെ നിറത്തിലുള്ള ദ്രാവകം ഊറി വരികയും നീലനിറപ്പകര്‍ച്ച വരുന്നവയും ആയ കുമിളുകള്‍ വിഷമുള്ളവയാകാനിടയുണ്ട് അവ ഒഴിവാക്കാം.

മത്തന്‍ ചുരയ്ക്കാ ഇവ കൃഷി ചെയ്യുമ്പോള്‍‍‍ ആവശ്യത്തിനു വെള്ളമില്ലാതെ വന്നാല്‍ കായ് വിരിഞ്ഞു കഴിയുമ്പോള്‍ കായ് ഞെട്ടിനു താഴെ ഒരു പാത്രത്തില്‍ കുറച്ചു വെള്ളം വയ്കുക തുടര്‍ന്ന് വീതി കുറഞ്ഞ ഒരു തുണി നാടയെടുത്ത് ഒരറ്റം വെള്ളത്തില്‍ മുക്കിയിടുക. കായ് ഞെട്ടിന്റെ നടുവിലൂടെ ചെറുതായി കീറി തുണി നാടയുടെ മറ്റേ അറ്റം അതിലൂടെ കടത്തിയിടുക ഇത് ഒരു വിളക്ക് തിരിപോലെ പ്രവര്‍ത്തിച്ച് കായ്കള്‍ക്ക് ആവശ്യമുള്ള വെള്ളം എത്തിച്ചു കൊടുക്കുന്നു.

തേങ്ങാ വിള്ളത്തില്‍ പശുവിന്‍ പാല്‍ കലര്‍ത്തി തളിച്ചാല്‍ മുളകിലെ പൂവും കായും പൊഴിയുന്നത് ഒഴിവായി കിട്ടും.

പച്ചക്കറികളില്‍ തണ്ടു തുരപ്പന്റെ ഉപദ്രവം ഉണ്ടെങ്കില്‍ സോപ്പു വെള്ളത്തില്‍ മീനെണ്ണ കലര്‍ത്തി തളിക്കുക.

പച്ചക്കറി കൃഷി ചെയ്ത പാടത്ത് അടുത്ത കൃഷി നെല്ലാക്കുന്ന പക്ഷം വിളവ് കൂടിയിരിക്കും.

തക്കാളി , മുളക് , വഴുതന എന്നിവ്കയുടെ കായ്കള്‍ പൂര്‍ണ്ണമായും പഴുത്തതിനു ശേഷമേ വിത്തിനിനായി വിളവെടുക്കാവൂ

പീച്ചില്‍ ചുരയ്ക്കാ എന്നിവയുടെ കായ്കള്‍ നന്നായി ഉണക്കി വിത്ത് കായ്ക്കുള്ളില്‍ കിലുങ്ങാന്‍ തുടങ്ങുമ്പോള്‍ വിത്തിനായി വിളവെടുക്കാം.

ഏറ്റവും അവസാനമായുണ്ടാകുന്ന കായ്കള്‍ ഒരിക്കലും വിത്തിനെടുക്കരുത് അവ തികച്ചും ഉത്പാദനക്ഷമത കാണിക്കുകയില്ല.

വെള്ളരി, മത്തന്‍ , ചുര , പീച്ചില്‍ എന്നിവയുടെ വിളഞ്ഞ കായ്കള്‍ അങ്ങനെ തന്നെ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. കൃഷി ഇറക്കുന്നതിനു രണ്ടാഴ്ച മുമ്പ് , കായ് മുറിച്ച് , വിത്തെടുത്ത് തണലില്‍ ഉണക്കി ഉപയോഗിക്കാം.

പാവല്‍, പടവലം, കുമ്പളം, വെള്ളരി, മത്തന്‍ ഇവയുടെ പഴുത്ത കായ്കള്‍ മുറിച്ച് വിത്തടങ്ങിയ മാംസളഭാഗം ( ചോറ്) മാറ്റി പാത്രത്തിലാക്കി ഒരു രാത്രി പുളിക്കാന്‍ വയ്ക്കുക. പുളിച്ചു പതഞ്ഞ ദ്രാവകം പിറ്റേന്ന് നന്നായി കലക്കി , വെള്ളത്തില്‍ കഴുകി അടിയില്‍ അടിഞ്ഞ വിത്ത് ശേഖരിച്ച് ഉണക്കുക. കൂടുതല്‍ വിത്ത് വേണ്ടി വരുമ്പോള്‍ ഇപ്രകാരമാണ് ചെയ്യേണ്ടത്.

വീട്ടാവശ്യത്തിനു കുറച്ചു കായില്‍ നിന്നും വിത്തെടുക്കാന്‍ മാംസളഭാഗത്തു നിന്നു വിത്തു മാറ്റി ഉമിയോ അറക്കപ്പൊടിയോ ചേര്‍ത്തു തിരുമ്മി വിത്ത് എടുക്കാം പിന്നീട് അത് വെള്ളത്തില്‍ കഴുകി ചാരം പുരട്ടി തണലില്‍ ഉണക്കി സൂക്ഷിക്കുക.

പുറം തോടിനു കട്ടി കൂടുതലായതിനാല്‍ ആകാശ വെള്ളരിയുടെ വിത്ത് മുളയ്ക്കാന്‍ മൂന്നാഴ്ച വരെ സമയം എടുക്കും പത്തു മണിക്കൂറിലേറെയെങ്കിലും വെള്ളത്തിലിട്ടു കുതിര്‍ത്തിട്ടേ ഇതിന്റെ വിത്ത് പാകമാകു.

മുളകിന്‍ ചെടിക്ക് പാണല്‍ ഇല പുതയായി ചേര്‍ത്തു കൊടുക്കുക. മുളകിനു നല്ല എരിവും വീര്യവും ഉണ്ടാകും.

തകരയിലക്കഷായം തളീച്ചാല്‍ പച്ചക്കറികളെ ബാധിക്കുന്ന പുഴുക്കളേയും കീടങ്ങളേയും നിയന്ത്രിക്കാം

മധുരക്കിഴങ്ങ് വിളവെടുത്തതിനു ശേഷം പ്രാണികളുടെ ശല്യം കുറയ്ക്കാന്‍ അഞ്ചു സെ.മീ ഘനത്തില്‍ മണ്ണോ ചാരമോ കൊണ്ട് മൂടി സൂക്ഷിക്കുക.

ചേമ്പ്, ചേന, കാച്ചില്‍ എന്നിവ നന്നായി ചാരം പുരട്ടിയ ശേഷം ഈര്‍പ്പം കുറഞ്ഞതും വായു സഞ്ചാരമുള്ളതും ആയ മുറിയില്‍ കെട്ടിത്തൂക്കിയോ നിരത്തി വച്ചോ സൂക്ഷിക്കുക

പച്ചക്കറികളിലെ കീടബാധ ഒഴിവാക്കാന് നന്നായി പച്ചവെള്ളത്തില്‍ കഴുകുക. തുടര്‍ന്ന് രണ്ട് ശതമാനം വീര്യമുള്ള ഉപ്പു വെള്ളത്തിലോ വിനാഗിരിയിലോ കഴുകുക. തന്മൂലം വിഷാംശം 20- 60% കുറയ്ക്കാം.

മൂപ്പെത്തുന്നതിനു മുമ്പു തന്നെ വെണ്ടയ്ക്കാ പറിച്ചെടുക്കേണ്ടതാണ്. എന്നാല്‍ വേഗത്തില്‍ മൂപ്പെത്തുന്നതു തടയാന്‍ പറിച്ചെടുക്കേണ്ട പരുവത്തിലായയുടനെ കായ്കള്‍ ഞെട്ടില്‍ നിന്നും വേര്‍പെടുത്താതെ ചെടിയില്‍ തന്നെ ഒടിച്ചിടുക. നാലഞ്ചു ദിവസം വരെ കായ്കള്‍ മൂത്തു പോകാതെ സൂക്ഷിക്കാം.

വിളവെടുത്ത പച്ചക്കറികള്‍ ചന്തയിലേക്കു അയക്കുന്നതിനു മുമ്പ് വെള്ളം തളിച്ച് വാഴയില കൊണ്ട് മൂടി സൂക്ഷിക്കുക.

പച്ചക്കറി സസ്യങ്ങള്‍ പൂവണിഞ്ഞതിനു ശേഷം കീടനാശിനികള്‍ കഴിവതും ഒഴിവാക്കുക.

ഇലകളില്‍ മഞ്ഞു തുള്ളികള്‍ ധാരാളമായി കാണപ്പെടുന്ന അവസരങ്ങളിലും കാറ്റ് ശക്തിയായി വീശുന്ന അവസരങ്ങളിലും മരുന്ന് തളിക്കാതിരിക്കുക.

പച്ചക്കറി തോട്ടങ്ങളിലെ കളകള്‍ പിഴുതു മാറ്റി പുത ഇടുക. വേരില്‍ നിന്നും പൊട്ടിക്കിളിര്‍ക്കാതിരിക്കാന്‍ കളകള്‍ നിന്നിടത്ത് തുരിശിന്റെ ഒരു ഗാഢ ലായനി ഒഴിക്കുക .

സൂര്യ കാന്തി വിത്തുകള്‍ നടുന്നതിനു മുമ്പ് വിത്തുകള്‍ പുളിച്ച മോരില്‍ ഒരു രാത്രി ഇട്ടു വച്ചതിനു ശേഷം ഉണക്കുക തന്മൂലം വിതച്ചു കഴിഞ്ഞാല്‍ വിത്തുകള്‍ ദ്രുതഗതിയില്‍ മുളച്ച് കരുത്തോടെ വളരുന്നു. വിളവും മികച്ചതായിരിക്കും.

പയര്‍ വിത്ത് സംഭരിക്കുമ്പോള്‍ കശുവണ്ടിയുടെ പൊളിച്ച തോടുകള്‍ കൂടി വിത്തിനോടൊപ്പം ഇട്ടുവയ്ക്കുക. കശുവണ്ടി തോടിലുള്ള എണ്ണയുടെ ഗന്ധം കീടങ്ങള്‍ക്ക് അരോചകമാണ്. അവ വിത്തിനെ ബാധിക്കാതെ ഒഴിഞ്ഞു കൊള്ളും

പച്ചക്കറികളില്‍ കായീച്ച കയറുന്നതു തടയാന്‍ മുളകിന്റെ അരി കത്തിച്ച് പുകച്ചാല്‍ മതി.

കായം വെളുത്തുള്ളി കാന്താരിമുളക് ഇവ തുല്യ അളവിലെടുത്ത് അരച്ച് വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് പച്ചക്കറികളില്‍ തളിക്കുന്നത് പല പ്രാണികളുടെയും ഉപദ്രവം കുറയ്ക്കാന്‍ സഹായിക്കും.

Previous Next

ചാണ്ടി എബ്രഹാം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.